Begin typing your search above and press return to search.
proflie-avatar
Login

'ലക്ഷക്കണക്കിന് പേരുടെ അടുപ്പിലെ തീ അണക്കരുത്'; മതഭ്രാന്തൻമാരോട് ഒരു പ്രവാസിക്ക് ചിലത് പറയാനുണ്ട്

ലക്ഷക്കണക്കിന് പേരുടെ അടുപ്പിലെ തീ അണക്കരുത്; മതഭ്രാന്തൻമാരോട് ഒരു പ്രവാസിക്ക് ചിലത് പറയാനുണ്ട്
cancel

ന്ത്യയിലെ ഒരു കോടിയോളം ജനങ്ങൾ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ജീവിക്കുന്നുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ വിദേശ നാണ്യം ഇന്ത്യയിൽ എത്തുന്നത് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നായിരിക്കും. അതിനു കാരണം, ഗൾഫ് രാജ്യങ്ങളിൽ നിന്ന് കിട്ടുന്ന തൊഴിൽ വരുമാനം നാട്ടിലേക്ക് അയക്കാനുള്ള നിയമപരമായ സൗകര്യമാണ്. എന്നാൽ പല യുറോപ്യൻ രാജ്യങ്ങളിലും ഇതിനുള്ള അനുവാദമില്ല. മാത്രമല്ല, ഗൾഫ് രാജ്യങ്ങളിൽ ഏതൊരാൾക്കും അയാളുടെ നൈപുണ ശേഷികൊണ്ടോ ദേഹാധ്വാനം കൊണ്ടോ തൊഴിൽ ചെയ്ത് കുടുംബത്തെ പോറ്റാൻ കഴിയും. അതിന്റെ ഗുണങ്ങൾ ഇന്ത്യ അനുഭവിക്കാൻ തുടങ്ങിയിട്ട് 5 പതിറ്റാണ്ട് കഴിഞ്ഞു. അതിനൊപ്പം വളർന്ന അറബ് രാജ്യങ്ങളുമായി ഇന്ത്യക്കുള്ള ആത്മബന്ധം വെറും നയതന്ത്രപരമല്ല.

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായതിനു ശേഷം ആ ബന്ധം പല മേഖലകളിലൂടെ വികസിച്ചു. അതിന് കാരണം, ഇന്ത്യയിലെയും അറബ് രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ആത്മബന്ധമാണ്. അവിടെ മതം ഒന്നിനും തടസ്സമായില്ല. ലോകത്തിലെ വൈവിധ്യമായ മനുഷ്യരേയും സംസ്കാരങ്ങളേയും ഉൾക്കൊള്ളാൻ അറബ് രാജ്യങ്ങൾ കാണിക്കുന്ന ഹൃദയവിശാലത അനുഭവിക്കാത്തവരല്ല ഇവിടെ ജീവിക്കുന്ന മനുഷ്യർ. അവിടെ സംസ്കാരികമായും സാമ്പത്തികമായും ഇപ്പോഴും അവികസിത രാജ്യങ്ങളിൽ നിന്ന് എത്തിയവരും നവ നാഗരികതയുടെ അനുഭവങ്ങളുമായി എത്തുന്നവരെയും ഒരേ പോലെയാണ് സ്വീകരിക്കുന്നത്.

രാജ്യം, മതം, വംശീയത, ദേശീയത എന്നിവ മാനദണ്ഡങ്ങളായി ഈ രാജ്യങ്ങൾ പരിഗണിക്കുന്നില്ല. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ മുസ്ലീം രാജ്യങ്ങളായ ഗൾഫിൽ രാജ്യത്തിന് പുറത്ത് നിന്ന് എത്തുന്ന മുസ്ലിങ്ങൾക്ക് യാതൊരു പ്രത്യേക പരിഗണനയും ലഭിക്കുന്നില്ല. എന്നു മാത്രമല്ല, മുസ്ലിം ഇതര മതസ്ഥർക്ക് അവരുടെ വിശ്വാസങ്ങൾ ആചരിക്കാനും അനുഷ്ഠിക്കാനുമുള്ള സ്വാതന്ത്ര്യവുമുണ്ട്. അതേ സമയം മതപരമായ വിദ്വേഷ പ്രകടനങ്ങൾക്ക് അവസരം തരിമ്പും നൽകുന്നില്ല. 1991ൽ ബാബരി മസ്ജിദ് ധ്വംസനം നടന്നപ്പോൾ ഗൾഫ് രാജ്യങ്ങളിലെ വിദേശികൾ പ്രതിഷേധിച്ചപ്പോൾ നിമിഷ നേരം കൊണ്ടാണ് അതിനെ രാജ്യത്തെ നിയമത്തിന് എതിരായ പ്രവർത്തനമായി കണ്ട് പ്രതിരോധിച്ചത്. അപ്പോഴും അന്യമതസ്ഥരുടെ വിശ്വാസത്തെ ഒരു രീതിയിലും നിഷേധിച്ചില്ല. എന്തിനധികം ഇന്ത്യൻ മുസ്ലിംങ്ങളുടെ ആരാധാനാലയമായിരുന്ന ബാബരി മസ്ജിദ് കോടതി വിധിയിലൂടെ അവർക്ക് നഷ്ടമായപ്പോഴും യു എ ഇ യിലെ രാജ്യ തലസ്ഥാനമായ അബുദാബിയിൽ ഹിന്ദുക്കളുടെ ആഗ്രഹസാഫല്യമായി ക്ഷേത്ര നിർമ്മാണം നടന്നു വരുന്നു. കൂടാതെ സഹിഷ്ണുതയും സഹവർത്തിത്വവും നിറയുന്ന ലോകത്തിനായി സഹിഷ്ണുതാ വർഷം തന്നെ യു.എ.ഇ ആചരിച്ചു. ഇതൊന്നും ആർക്കും അറിയാത്ത വിഷയങ്ങളല്ല. എന്നാൽ പലരും ബോധപൂർവ്വം മറക്കുന്നു എന്നതാണ് സത്യം.

അബൂദബിയിൽ നിർമിക്കുന്ന ഹിന്ദുക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ നിന്ന്

ഇത്രയും ആമുഖമായി പറഞ്ഞത് കഴിഞ്ഞ രണ്ട് ദിവസങ്ങൾക്ക് മുമ്പ് പ്രവാചകൻ മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട് ബി.ജെ.പി വക്താവ് നൂപുർ ശർമയും നവീൻ ജിൻഡാലും അടക്കമുള്ളവർ നടത്തിയ വിദ്വേഷ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ്. അതിനെതിരെ ഒ.ഐ.സി നടത്തിയ പ്രതികരണം പ്രവാസികളെ ഏറെ ആശങ്കപ്പെടുത്തുന്നതാണ്. അതാകട്ടെ ഗൾഫ് രാജ്യത്ത് ജീവിക്കുന്ന ഞാൻ അടക്കമുള്ള ആയിരക്കണക്കിന് മതവിശ്വാസികളാല്ലാത്തവരെ പോലും അത് അസ്വസ്ഥപ്പെടുത്തുന്നു. തങ്ങൾ ഇന്ത്യക്കാരായി ജീവിക്കുന്ന അന്യരാജ്യം സ്വന്തം രാജ്യത്തോട് മുഖം കറുപ്പിക്കുമ്പോൾ അത് ഓരോ ഇന്ത്യക്കാരന്റെയും സാംസ്കാരികവും മതപരവുമായ ജീവിത പരിസരങ്ങളെ സംശയത്തിന്റെ നിഴലിലാക്കുന്നു. അവിടെ ഏത് മതം എന്നതല്ല ചോദ്യം. രാജ്യം എന്നതാണ്. ഇക്കാലമത്രയും ഇന്ത്യ ലോകരാജ്യങ്ങൾക്കിടയിൽ അതിന്റെ ആത്മാഭിമാനത്തെ ഉയർത്തിപ്പിടിച്ചത് നാനാത്വത്തിലെ ഏകത്വം കൊണ്ടും ബഹുസ്വര സംസ്കൃതിയിലെ മഹത്തായ മാനവികത കൊണ്ടുമാണ്. എന്നാൽ അത്തരം ഭരണഘടനാപരമായ സാമൂഹിക ക്രമീകരണത്തിന് കാര്യമായ പരിക്ക് പറ്റുന്നത് 2014- ലെ ഭാരതീയ ജനതാ പാർട്ടിയുടെ അധികാര സ്ഥാനോഹരണത്തോടെയാണ്.

ഇന്ത്യൻ ഭരണഘടനയുടെയും രാജ്യത്തിന്റെയും അടിസ്ഥാന മൂല്യങ്ങളെ പൂർണ്ണമായി നിരാകരിച്ച് കൊണ്ടുള്ള ഹിന്ദുത്വവൽക്കരണത്തിന് ആധുനിക ലോക ഘടനയിൽ നിലനിൽക്കുന്ന പരസ്പര ബന്ധങ്ങളുടെ ആഴത്തെ തിരിച്ചറിയാൻ കഴിയുന്നില്ല. അത്രമാത്രം വംശീയവും ദേശീയവുമായ അജണ്ടയിലേക്ക് ഇന്ത്യയിലെ ഹിന്ദുത്വ ഭരണകൂടം എത്തിക്കഴിഞ്ഞിരിക്കുന്നു. മാത്രമല്ല, അത് കൃത്യമായ അജണ്ടകൾ പ്രഖ്യാപിച്ചുകൊണ്ടാണ് നടപ്പാക്കുന്നത്. പ്രധാനമായും അതിന്റെ ഇരകൾ മത ന്യൂനപക്ഷങ്ങളും ദലിത് സമൂഹവുമാണ്. എന്നാൽ ദലിതുകളെ സംബന്ധിച്ച് അതിന്റെ അസ്തിത്വം ഇന്ത്യൻ ജാതി ഘടനയുമായി ബന്ധപ്പെട്ടതായതു കൊണ്ട് അത് രാജ്യത്തിന് പുറത്ത് പൗരാവകാശ പ്രശ്നങ്ങളായാണ് പരിഗണിക്കപ്പെടുന്നത്. ന്യൂനപക്ഷമായ മുസ്‍ലിംകളെ അപരവൽക്കരിക്കുന്ന നീക്കങ്ങൾ രാജ്യത്തിന്റെ ആഭ്യന്തര കാര്യമായിട്ടാണ് ലോകത്തെ മുസ്‍ലിം രാജ്യങ്ങൾ ഇതുവരെ കണ്ടത്. പൗരത്വ നിയമത്തെ പോലും ഇസ്‍ലാമിക രാജ്യങ്ങൾ കാര്യമായി ഗൗനിച്ചില്ല. എന്നാൽ പ്രവാചകനെക്കുറിച്ചുള്ള മോശം പരാമർശങ്ങൾ വലിയ ഗൗരവത്തോടെയാണ് അറബ് സമൂഹവും ഭരണകൂടങ്ങളും പരിഹരിക്കുന്നത്. ഈ കാര്യം അറിയാത്തവരോണോ ഇപ്പോൾ വിവാദപരമായ പരാമർശനങ്ങൾ നടത്തിയത്. അല്ല എന്നു മനസ്സിലാക്കുമ്പോഴാണ് അതിലേക്ക് നയിച്ച കാരണങ്ങൾ പരിശോധിക്കേണ്ടത്.

വിവാദ പരാമർശനങ്ങളെ രാജ്യാന്തര സമൂഹം എതിർക്കുന്നതിനെ രണ്ട് രീതിയിലാണ് നിരീക്ഷിക്കപ്പെടുന്നത്. ഒന്ന് വിശ്വാസപരമായിട്ടാണ്. ഒരാളിന്റെ മതവിശ്വാസം അയാളുടെ വ്യക്തിപരമായ അവകാശമാണ്. എന്നാൽ അയാൾ അപരമത വിശ്വാസത്തെ കടന്നാക്രമിക്കുന്നത് അസഹിഷ്ണുത കൊണ്ടാണ്. ഈ അസഹിഷ്ണുതയുടെ ഇന്ത്യൻ രൂപം അധികാരഘടനയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. 2014 നു ശേഷം രാജ്യത്തെ ഭരണകൂടം തുടരുന്ന നിലപാടുകളിലേറെയും ന്യൂനപക്ഷങ്ങളുടെ അസ്ഥിത്വവും മൗലിക അവകാശങ്ങളും നിഷേധിക്കുന്നതാണ്. ഡൽഹിയിൽ ബുൾഡോസർ വെച്ച് നടത്തിയ വംശീയ ഉന്മൂലനം ഏറ്റവും പുതിയ ഉദാഹരണം മാത്രം. ഇതിന്റെയെല്ലാം ഏക കാരണം മതപരമായ അസഹിഷ്ണുതയാണ് എന്ന് നിരന്തരം രാജ്യത്തെയും ലോകത്തെയും ബോധ്യപ്പെടുത്തുന്ന രീതിയിലാണ് ബി.ജെ.പി ജനപ്രതിനിധികളുടെ പ്രകോപനപരമായ പ്രസ്താവനകൾ. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ രാജ്യത്തിന്റെ അഭ്യന്തര സമൂഹത്തിൽ നിന്നും അന്തർദേശീയതയിലേക്ക് വികസിക്കുമ്പോൾ അതിനൊരു ആഗോള പ്രതികരണ സ്വഭാവം വരിക സ്വഭാവികമാണ്. കാരണം, വിശ്വാസികൾ എവിടെ ജീവിച്ചാലും അതിന്റെ ആത്മീയ പരിസരം ഒന്നാണ്. അതു കൊണ്ട് തന്നെയാണ് ഈ വിഷയത്തിൽ ഒ.ഐ.സി അടക്കമുള്ളവർ രൂക്ഷഭാഷയിൽ പ്രതികരിക്കുന്നത്.

കഴിഞ്ഞ കുറെ വർഷങ്ങളായി ഇന്ത്യയെക്കുറിച്ച് വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതികരണങ്ങളുടെ പൊതു സ്വഭാവം ഇന്ത്യയിൽ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു എന്നതാണ്. ആ തരത്തിലുള്ള പല പഠനങ്ങളും പുറത്ത് വന്നത് അന്താരാഷ്ട്ര സമൂഹം ഗൗരവത്തോടെ വീക്ഷിക്കുന്നുണ്ട്. പ്രസ്തുത വിഷയത്തിൽ അമേരിക്കൻ ഭരണകൂടം പോലും പലകുറി പ്രസ്താവനകൾ പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യം ഭരിക്കുന്നവരുടെ മതപരമായ അസഹിഷ്ണുത അറബ് രാജ്യങ്ങളിൽ തൊഴിൽ ജീവിതം നയിക്കുന്ന ലക്ഷകണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തെ ഗുരുതര സാഹചര്യത്തിലേക്ക് തള്ളിവിടുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ വൈസ്​ പ്രസിഡൻറും ​ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിനൊപ്പം

ഗൾഫ് രാജ്യങ്ങളുമായി നാം ഹൃദയബന്ധം പങ്കുവെക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അതിനെയെല്ലാം തരിപ്പണമാക്കുന്ന പുതിയ സാഹചര്യങ്ങൾ ഇരുണ്ടുകൂടുമ്പോൾ അതുണ്ടാക്കുന്ന ഭവിഷത്തുകളെ ആ രാജ്യങ്ങളിൽ ജീവിക്കുന്ന ഇന്ത്യക്കാർ മനസ്സിലാക്കുന്നുണ്ട്. ഗൾഫ് ഭരണകൂടങ്ങൾക്ക് കീഴിൽ ജീവിക്കുമ്പോൾ പോലും മതത്തിന്റെ പേരിലുള്ള വേർതിരിവുകൾ അവർ അനുഭവിച്ചിട്ടില്ല. യു.എ.ഇ യിൽ മുത്തപ്പൻ ക്ഷേത്രം ഉണ്ടാക്കി ആചാരങ്ങൾ അനുഷ്ഠിക്കാൻ പോലും അധികാരികൾ അനുവാദം നൽകുന്നു. ഭരണാധികാരികൾക്ക് അതിനെ വേണമെങ്കിൽ അനുവദിക്കാതിരിക്കാനുള്ള സാഹചര്യമുണ്ട്. ജോലി വിസയിൽ വരുമ്പോൾ തങ്ങളുടെ മത ആചാരങ്ങൾ ഒഴിവാക്കണം എന്നു പറഞ്ഞാൽ ആർക്കും ഒന്നും പറയാൻ കഴിയില്ല. ഓരോ ഇന്ത്യക്കാരനും ഗൾഫ് രാജ്യത്തേക്ക് വന്നത് തൊഴിൽ ചെയ്യാനാണ്. അവിടെ തൊഴിലന്വേഷകർക്ക് മതം നോക്കി ജോലി നൽകുന്ന സംവിധാനമില്ല. എന്നിട്ടും ദീർഘകാലം പ്രവാസിയായ ചില മനുഷ്യർ തങ്ങളുടെ പ്രവാസം മതിയാക്കി വിശ്രമജീവിതം നയിക്കുമ്പോൾ നടത്തുന്ന വിദ്വേഷ പ്രചാരണത്തെ മനുഷ്യത്വ വിരുദ്ധം എന്നെ പറയാൻ പറ്റൂ.

പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട് ഒ.ഐ.സിയുടെ പ്രതികരണത്തോട് സമൂഹമാധ്യമങ്ങളിൽ കാണുന്ന പ്രതികരണങ്ങളിൽ പലതും ചില കാര്യങ്ങൾ അടയാളപ്പെടുത്തുന്നുണ്ട്. കേരളത്തിൽ അടുത്ത കാലത്തായി സംഭവിച്ചു കൊണ്ടിരിക്കുന്ന വർഗീയതയുടെ പൊതു സ്വഭാവം അതിൽ പ്രകടമാണ്. ഹിന്ദുത്വവർഗ്ഗീയതയോട് ക്രിസ്ത്യൻ വർഗീയതയും ഐക്യപ്പെടുന്നു. ഇത് ഇതുവരെ നിലനിന്ന സൗഹാർദപരമായ സാമൂഹിക ജീവിതാന്തരിക്ഷത്തെ തകർക്കും എന്നതിൽ സംശയമില്ല. ദീർഘകാലം ഗൾഫിൽ ജോലി​ ചെയ്ത പ്രവാസികളും തങ്ങൾ ദീർഘകാലം ജീവിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയ രാജ്യത്തെ നിന്ദിക്കുന്ന പ്രവണതയുണ്ട്. ഞങ്ങൾ ജോലി ചെയ്താണ് ശമ്പളം വാങ്ങിയത് എന്നു പറയുന്നവർ ആ രാജ്യത്ത് തൊഴിൽ ജീവിതം നയിക്കുമ്പോൾ ഇത്തരം പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. കാരണം അന്ന് സാമ്പത്തികവും നിലനിൽപ്പുമായിരുന്നു പ്രധാനം. അത്തരം മനുഷ്യർ ഇപ്പോഴെങ്കിലും മനസ്സിലാക്കേണ്ടത് ഇന്ത്യയിലെ, കേരളത്തിലെ ലക്ഷക്കണക്കിന് പാവങ്ങളുടെ അടുക്കളയിൽ പുകയുണ്ടാകുന്നത് ഗൾഫ് രാജ്യത്തെ തൊഴിൽ ജീവിതം നിലനിൽക്കുന്നതിനാലാണ്. അതുകൊണ്ട് മാത്രമാണ്. മതഭ്രാന്ത് മൂത്ത് സ്ഥലകാലബോധമില്ലാത്തവരേ.. നിങ്ങൾ ആ അടുപ്പിൽ വെള്ളം ഒഴുക്കി തീ അണക്കരുത്. പ്രത്യാഘാതങ്ങൾ ഭീകരമായിരിക്കും.

Show More expand_more
News Summary - Why the Gulf matters for India