''അന്ന്, ഞാൻ പോകേണ്ടെന്ന് പറഞ്ഞിരുന്നുവെങ്കിൽ ജയൻ ജീവിക്കുമായിരുന്നു'' -സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജൻ ഓർമിക്കുന്നു
text_fields
39 വർഷങ്ങൾക്കു മുമ്പ്... നവംബർ 15ലെ മഴ നനഞ്ഞ ആ മധ്യാഹ്നത്തിൽ ജയൻ എന്നോടു പറഞ്ഞു: ''മാസ്റ്റർ ഇന്ന്... ഇന്നത്തേക്ക് ഒരു ദിവസം എന്നെ പോകാനനുവദിക്കണം. നാളെ സന്ധ്യയാകുമ്പോഴേക്കും തിരിച്ചെത്താം.''പീരുമേട്ടിൽ 'അറിയപ്പെടാത്ത രഹസ്യ'ത്തിെൻറ ലൊക്കേഷനിലായിരുന്നു ഞങ്ങൾ. നസീർ സാറും ജോസ്പ്രകാശ് സാറും ജയഭാരതിയും ജനാർദനനുമെല്ലാം ലൊക്കേഷനിലുണ്ടായിരുന്നു. ഒരു സംഘട്ടനരംഗം കൂടി ചിത്രീകരിക്കാനുണ്ടായിരുന്നു ഞങ്ങൾക്ക്. അതിനിടയിലാണ് ജയെൻറ ഈ അഭ്യർഥന....
Your Subscription Supports Independent Journalism
View Plans39 വർഷങ്ങൾക്കു മുമ്പ്... നവംബർ 15ലെ മഴ നനഞ്ഞ ആ മധ്യാഹ്നത്തിൽ ജയൻ എന്നോടു പറഞ്ഞു: ''മാസ്റ്റർ ഇന്ന്... ഇന്നത്തേക്ക് ഒരു ദിവസം എന്നെ പോകാനനുവദിക്കണം. നാളെ സന്ധ്യയാകുമ്പോഴേക്കും തിരിച്ചെത്താം.''
പീരുമേട്ടിൽ 'അറിയപ്പെടാത്ത രഹസ്യ'ത്തിെൻറ ലൊക്കേഷനിലായിരുന്നു ഞങ്ങൾ. നസീർ സാറും ജോസ്പ്രകാശ് സാറും ജയഭാരതിയും ജനാർദനനുമെല്ലാം ലൊക്കേഷനിലുണ്ടായിരുന്നു. ഒരു സംഘട്ടനരംഗം കൂടി ചിത്രീകരിക്കാനുണ്ടായിരുന്നു ഞങ്ങൾക്ക്. അതിനിടയിലാണ് ജയെൻറ ഈ അഭ്യർഥന. മദ്രാസിൽ 'കോളിളക്കം' എന്ന സിനിമയുടെ ക്ലൈമാക്സ് രംഗത്തിലഭിനയിക്കാൻ വേണ്ടിയാണ് ഒരു ദിവസത്തേക്ക് ഒഴിവ് തരണമെന്ന് ജയൻ പറഞ്ഞത്. മധു, ബാലൻ കെ. നായർ, എം.എൻ. നമ്പ്യാർ, സോമൻ, സുകുമാരൻ തുടങ്ങിയവരെല്ലാം ആ ക്ലൈമാക്സ് രംഗത്തിൽ അഭിനയിക്കാൻ എത്തുന്നുണ്ട്.
ഏറ്റവും പ്രധാനം ജയനും ബാലൻ കെ. നായരും ചേർന്ന് ഹെലികോപ്ടറിൽ വെച്ചുള്ള ഫൈറ്റ് സീനായിരുന്നു. അതിനായി വാടകക്കെടുത്ത ഒരു ഹെലികോപ്ടർ മദ്രാസിൽ റെഡിയായിരുന്നു. 'കോളിളക്ക'ത്തിെൻറ യൂനിറ്റംഗങ്ങൾ മുഴുവൻ ജയനുവേണ്ടി കാത്തിരിക്കുകയാണ്. ഈ അവസ്ഥയിൽ ജയനെ പോകാൻ അനുവദിക്കുകയല്ലാതെ മറ്റ് വഴിയുണ്ടായിരുന്നില്ല. ജയെൻറ തിരക്ക് നന്നായി അറിയാവുന്ന നസീർ സാർ പറഞ്ഞു: ''ജയാ പോകുന്നതിൽ വിരോധമില്ല. പക്ഷേ, ഹെലികോപ്ടറിൽവെച്ചുള്ള സ്റ്റണ്ടുരംഗമാണ് സൂക്ഷിക്കണം. ഡ്യൂപ്പിനെയിട്ടു ചെയ്താൽ മതി.'' ജോസ്പ്രകാശ് സാറും ഇതേ അഭിപ്രായം പറഞ്ഞു. എത്ര അപകടകരമായ സാഹസികരംഗങ്ങളും ജയൻ സ്വയം ചെയ്യുമായിരുന്നു. ജയെൻറ ഈ സ്വഭാവം നന്നായി അറിയുന്നതുകൊണ്ടുതന്നെയാണ് അവർ ജയനെ ഉപദേശിച്ചത്. അവരുടെ വാക്കുകൾക്ക് പുഞ്ചിരിച്ചുകൊണ്ട് ജയൻ നൽകിയ മറുപടി: ''ശ്രദ്ധിച്ചോളാം'' എന്നായിരുന്നു. എത്ര റിസ്ക് എടുത്താലും ഡ്യൂപ്പിനെ വെക്കില്ല എന്നായിരുന്നു ആ ചിരിയുടെ അർഥം.

പുറപ്പെടും മുമ്പ് ജയഭാരതിയും ഓർമിപ്പിച്ചു: ''ബേബി അണ്ണാ (ജയെൻറ അമ്മാവെൻറ മകളായിരുന്നു ജയഭാരതി. കുടുംബക്കാർക്ക് ജയൻ ബേബിയായിരുന്നു) നസീർ സാറും മറ്റും പറഞ്ഞതുകേട്ടില്ലേ, ഡ്യൂപ്പിനെക്കൊണ്ട് ചെയ്യിച്ചാൽ മതി.'' ഒടുവിൽ ജയൻ എെൻറ അരികിൽ വന്നു. ഞാൻ പറഞ്ഞു: ''ജയനുവേണ്ടിയാണ് ഞങ്ങൾ കാത്തിരിക്കുന്നത്. ഒരു കാരണവശാലും വൈകരുത്.''
''ഇല്ല മാസ്റ്റർ. ഞാൻ നാളെ എത്തും. തീർച്ച.''
''ഇല്ലെങ്കിലോ?''
''ഇല്ലെങ്കിൽ ജയെൻറ ബോഡി ഇവിടെയെത്തും.'' എടുത്തടിച്ചപോലെയായിരുന്നു ജയെൻറ മറുപടി.
''പോടാ...പോടാ... പോയ് വാടാ മോനേ...'' എന്നുപറഞ്ഞ് സ്നേഹത്തോടെ പിടിച്ചുതള്ളി ഞാനവനെ യാത്രയാക്കി.
തൊഴിലിനോട് അങ്ങേയറ്റം ആത്്മാർഥതയായിരുന്നു ജയന്. താൻ കാരണം ഒരാൾക്കും നഷ്ടമുണ്ടാകരുതെന്ന് അവന് നിർബന്ധമായിരുന്നു. മതിയായ ഉറക്കംപോലുമില്ലാതെ പീരുമേട്ടിൽനിന്നും മദ്രാസിലേക്കു പുറപ്പെടാൻ അവൻ തീരുമാനിച്ചതും അതുകൊണ്ടായിരുന്നു. പിറ്റേന്ന് സന്ധ്യക്ക് ജയെൻറ വരവും പ്രതീക്ഷിച്ചിരുന്ന ഞങ്ങളെത്തേടിയെത്തിയത് അവെൻറ മരണവാർത്തയായിരുന്നു. മദ്രാസിൽനിന്ന് നസീർ സാറിെൻറ മകൻ ഷാനവാസാണ് വിളിച്ചത്. ഞങ്ങളെല്ലാവരും ഞെട്ടിത്തരിച്ചുപോയി. ആർക്കും ആരെയും സമാധാനിപ്പിക്കാനായില്ല. ഒടുവിലത്തെ ആ യാത്ര പറച്ചിൽ മരണത്തിലേക്കായിരുന്നോ? ജയനെ ഞാൻ പോകാനനുവദിച്ചില്ലായിരുന്നെങ്കിൽ ആ ദുരന്തം വഴിമാറി പോകുമായിരുന്നില്ലേ? ഇങ്ങനെ ഒരുപാട് ചിന്തകൾ ആ രാത്രി എെൻറ മനസ്സിനെ കുത്തിനോവിച്ചു. അവെൻറ വാക്കുകൾ വീണ്ടും വീണ്ടും എെൻറ കാതുകളിൽ മുഴങ്ങി. ''മാസ്റ്റർ ഞാൻ വരും. ഇല്ലെങ്കിൽ എെൻറ ബോഡി എത്തും.''
ഗോവയിൽെവച്ച് 'ചന്ദ്രഹാസ'ത്തിെൻറ ക്ലൈമാക്സ് ചിത്രീകരിക്കുമ്പോൾ എല്ലാവരെയും അമ്പരപ്പിച്ച ഒരു പ്രകടനം ജയൻ കാഴ്ചവെക്കുകയുണ്ടായി. നങ്കൂരമിട്ടു കിടക്കുന്ന കപ്പലിെൻറ െക്രയിനിൽ തൂങ്ങി മുന്നൂറോളം അടി ഉയരത്തിലേക്ക് പോകുന്ന ഒരു രംഗം. ഡ്യൂപ്പിനെ വെക്കാം എന്ന് ഞങ്ങൾ പലതവണ പറഞ്ഞു. പക്ഷേ, ജയൻ സമ്മതിച്ചില്ല. െക്രയിനി
െൻറ യുവിക്ലാമ്പിൽ തൂങ്ങുംമുമ്പ് ജയൻ കുറച്ചു മണലെടുത്ത് കൈവെള്ളയിൽ ഉരസി. ''ഓക്കെ മാസ്റ്റർ'' എന്നു പറഞ്ഞ് ഭയം അൽപംപോലുമില്ലാതെ െക്രയിനിൽ തൂങ്ങി. ചിത്രത്തിെൻറ സംവിധായകൻ ബേബിയടക്കം പകച്ചുപോയ നിമിഷമായിരുന്നു അത്. െക്രയിൻ ജയനുമായി ഉയരങ്ങളിലേക്ക് പോയി. സാഹസികതയുടെ ഉയരങ്ങളിലേക്കുള്ള അവെൻറ യാത്രയിൽ ഇതുപോലെ എത്രയോ സംഭവങ്ങൾ. ഒടുവിൽ അതുപോലെ ഒരു ഉയരത്തിൽവെച്ച് അവനെ നമുക്ക് നഷ്ടപ്പെടുകയും ചെയ്തു.

ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയിൽനിന്നും മുന്നോട്ടുകുതിക്കാനും കുതിരയുമായി ഗ്ലാസ് ഹൗസ് തകർത്തുവരാനും ഉയരത്തിൽനിന്ന് താഴേക്ക് എടുത്തുചാടാനും അഗ്നിക്കിടയിൽ കിടന്ന് സ്റ്റണ്ട് ചെയ്യാനും ജയന് ഒട്ടും മടിയുണ്ടായിരുന്നില്ല. ആ സാഹസിക മനോഭാവം അഭിനയജീവിതത്തിൽ ഉടനീളം ജയൻ സൂക്ഷിച്ചു. തുടർച്ചയായി സാഹസങ്ങൾ ചെയ്യാനായിരുന്നു അവന് താൽപര്യം. സംഘട്ടനസംവിധായകൻ എന്ന നിലയിൽ എന്നെ അത്ഭുതപ്പെടുത്തിയ നടനായിരുന്നു ജയൻ. ആ സാഹസികമായ സംഘട്ടനരംഗങ്ങളിലൂടെ മലയാളത്തിൽ ഒരു തരംഗം സൃഷ്ടിക്കാൻ ജയന് കഴിയുകയും ചെയ്തു. പിന്നീട് ജയനെ അനുകരിക്കാൻ ശ്രമിച്ചവർക്കൊന്നും ആ പെർഫക്ഷെൻറ അടുത്തെത്താൻ കഴിഞ്ഞിട്ടില്ല.
'അറിയപ്പെടാത്ത രഹസ്യ'ത്തിൽ ജയൻ കാട്ടാനയിൽനിന്നും ജയഭാരതിയെ രക്ഷിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. പ്രത്യക്ഷത്തിൽത്തന്നെ അപകടം നിറഞ്ഞ രംഗം. അത് ചിത്രീകരിക്കുമ്പോൾ രണ്ടോ മൂന്നോ തവണ ആന ജയനെ കുത്താനോങ്ങി. അത്ഭുതകരമായി അവൻ രക്ഷപ്പെടുകയായിരുന്നു. ഷൂട്ടിങ് കാണാൻ വലിയൊരു ആൾക്കൂട്ടംതന്നെയുണ്ടായിരുന്നു. മൂന്നാമതും ആന കുത്താനോങ്ങിയപ്പോൾ പാപ്പാെൻറ സമർഥമായ ഇടപെടലാണ് അപകടത്തിൽനിന്നും ജയനെ രക്ഷിച്ചത്. ഷൂട്ടിങ് കണ്ടുനിന്ന ഒരു കുട്ടി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: ''ഇത് ജയെൻറ അവസാനത്തെ ആനപിടിത്തമാണ്.'' അപ്പോഴും ജയൻ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു: ''അതെ മോനേ, ഇത് ജയെൻറ അവസാനത്തെ ആനപിടിത്തമാണ്.'' ഷൂട്ടിങ് കഴിഞ്ഞപ്പോൾ പാപ്പാൻ എെൻറ അടുത്ത് വന്നു. ജയന് എന്തോ അപകടം സംഭവിക്കാൻ സാധ്യതയുണ്ട് എന്ന് അയാൾ വളരെ സ്വകാര്യമായി എന്നോട് പറഞ്ഞു. ആന പലതവണ ജയനെ കുത്താൻ ശ്രമിച്ചത് കണ്ട് പപ്പാൻ വല്ലാതെ പേടിച്ചിരുന്നു. ജയന് എന്തെങ്കിലും സംഭവിക്കാൻ ഇടയുണ്ടെന്ന ആ ഭീതി പാപ്പാെൻറ വിശ്വാസമായി മാത്രമേ അന്നു തോന്നിയുള്ളൂ. പക്ഷേ, മൂന്നു നാളുകൾക്കകം അതു സംഭവിക്കുകയും ചെയ്തു.
സിനിമയിൽ കത്തിക്കയറിയ നാളുകളിൽ കുടുംബജീവിതത്തെക്കുറിച്ച് ജയനും ചില സ്വപ്നങ്ങൾ നെയ്തിരുന്നു. നടി ലതയുമായുള്ള പ്രണയം അതിലൊന്നായിരുന്നു. ജയനും ലതയും വിവാഹിതരാകാൻ തീരുമാനിച്ചതാണ്. പക്ഷേ, ഒരുപാട് എതിർപ്പുകൾ മദ്രാസിൽനിന്നുമുണ്ടായി. ജയൻ താമസിച്ചിരുന്നു പംേഗ്രാവ് ഹോട്ടലിൽവെച്ച് എം.ജി.ആറിെൻറ ആളുകൾ ജയനെ ഭീഷണിപ്പെടുത്താൻ നോക്കി. അതൊന്നും ജയൻ കാര്യമാക്കിയില്ല. ഒടുവിൽ ഞാൻ ജയനോട് പറഞ്ഞു: ''മോനേ ഈ ബന്ധം വേണ്ട, നിനക്ക് പിന്നെ മദ്രാസിൽ കാലുകുത്താനാകില്ല.'' പക്ഷേ, എല്ലാം തീരുമാനിച്ചുറപ്പിച്ച തരത്തിലായിരുന്നു ജയെൻറ മറുപടി: ''പറ്റില്ല മാസ്റ്റർ. ഞാൻ ലതക്ക് വാക്കുകൊടുത്തു. മാത്രമല്ല, ഞാൻ ഇനി മദ്രാസിൽ നിൽക്കുന്നില്ല. കേരളത്തിൽ താമസിക്കാനാണുദ്ദേശിക്കുന്നത്.'' അതിനുശേഷം ജയൻ മദ്രാസിലെത്തിയത് 'കോളിളക്ക'ത്തിെൻറ ഷൂട്ടിങ്ങിനായിരുന്നു. അത് മദ്രാസിലേക്കുള്ള അവസാനത്തെ വരവായിരുന്നു. കേരളത്തിലേക്ക് തിരിച്ചെത്തിയത് ചേതനയറ്റ ശരീരവും. പീരുമേട്ടിൽ നിന്നും ഞങ്ങൾ ജയെൻറ ജന്മനാടായ കൊല്ലത്തേക്ക് തിരിച്ചു. ഇങ്ങനെയൊരു അന്ത്യയാത്ര കേരളത്തിൽ മറ്റൊരു നടനും ലഭിച്ചിട്ടുണ്ടാവില്ല. ഞാൻ സഞ്ചരിച്ചിരുന്ന കാർ കൊല്ലത്തെത്തിയപ്പോൾ ആരൊക്കെയോ വിളിച്ചു പറഞ്ഞു: ''അതാ... ത്യാഗരാജൻ, അവനാണ് ജയനെ കൊന്നത്. കൊല്ലെടാ അവനെ.'' ആൾക്കൂട്ടം ശക്തിയോടെ കാറിനിടിക്കാൻ തുടങ്ങി. ചിലർ കാറിന് മുകളിലേക്ക് കയറി. അതോടെ പൊലീസ് ലാത്തി വീശി. ഞങ്ങളോട് തിരിച്ചു പോകാൻ പറഞ്ഞു. ജയെൻറ മുഖം അവസാനമായൊന്നു കാണാൻപോലും കഴിഞ്ഞില്ല. പക്ഷേ, വശ്യമായ പുഞ്ചിരിയോടെ നെഞ്ചുവിരിച്ചു നിൽക്കുന്ന അവെൻറ രൂപം മരണം വരെ എെൻറ മനസ്സിലുണ്ടാകും.
(മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1126 പ്രസിദ്ധീകരിച്ചത്)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.