മുലായം സിങ് യാദവ്: യാദവ-മുസ്‍ലിം ഗോദയിലെ 'സോഷ്യലിസ്റ്റ്' ഫയൽവാൻ
ഉത്തർപ്രദേശ് പോലൊരു സങ്കീർണമായ രാഷ്ട്രീയ ഭൂപ്രദേശത്ത് നിന്ന് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയ നേതാവെന്ന നിലയിൽ മുലായം സിങ് യാദവിനെ ചരിത്രം അടയാളപ്പെടുത്താതിരിക്കില്ല. 80കളിലെയും 90കളിലെയും മണ്ഡൽ തരംഗമാണ് ഒ.ബി.സിക്കാരനായ ഈ മുൻ ഗുസ്തി താരത്തിന് ഹിന്ദി ഹൃദയഭൂമി വാഴാനുള്ള വഴിയൊരുക്കിയത്. മണ്ഡലിലൂടെ സംജാതമായ പിന്നാക്ക നവജാഗരണം മറികടക്കാൻ ബി.ജെ.പി മന്ദിർ രാഷ്ട്രീയം കളിച്ചത് മറുഭാഗത്ത് മുലായത്തിന് അനുഗുണമായി എന്നതാണ് സത്യം. പിന്നാക്ക യാദവരെ മുസ്‍ലിം വോട്ടുബാങ്ക് ഉപയോഗിച്ച് ഉത്തർപ്രദേശിന്റെ അധികാര രാഷ്ട്രീയത്തിലെത്തിച്ചത് തന്നെയാണ് മുലായത്തിന്റെ മിടുക്ക്. സവർണരുടെ ബി.ജെ.പിക്ക് യു.പിയിൽ യാദവരെയും മറ്റു ഒ.ബി.സി വിഭാഗങ്ങളെയും പരിഗണിക്കേണ്ട സാഹചര്യം തീർത്തത് മുലായം മാത്രമാണ്.
രാം മനോഹർ ലോഹ്യയുടെയും ജയപ്രകാശ് നാരായണന്റെയും സോഷ്യലിസ്റ്റ് ആശയങ്ങളാണ് തന്നെ നയിക്കുന്നതെന്ന് പറഞ്ഞുകൊണ്ടുതന്നെ മുസ്‍ലിം -യാദവ രാഷ്ട്രീയത്തിലൂടെയായിരുന്നു അധികാരത്തിലേക്കുള്ള മുലായത്തിന്റെ കടന്നുകയറ്റം. രാമക്ഷേത്ര പ്രസ്ഥാനം രഥമായുരുണ്ട് സൃഷ്ടിച്ച അരക്ഷിതാവസ്ഥയിൽ മുസ്‍ലിംകൾക്ക് രക്ഷയായി തങ്ങളുണ്ട് എന്ന് സ്ഥാപിക്കുന്നതിൽ മുലായം നേടിയ വിജയമാണ് ഏറ്റവും വലിയ ന്യൂനപക്ഷ സമുദായത്തെ സമാജ്‍വാദി പാർട്ടിയുടെ വോട്ടുബാങ്കാക്കി മാറ്റിയത്. ഭരണ പങ്കാളിത്തത്തിലും അധികാര സ്ഥാനങ്ങളിലും യാദവരുടെ നാലയലത്ത് പോലും എത്താതിരുന്നിട്ടും മുസ്‍ലിംകൾ മുലായത്തിനൊപ്പം നിന്നു. തന്നെ പിന്തുണച്ചില്ലെങ്കിൽ ഹിന്ദുത്വ ശക്തികൾ അധികാരത്തിലെത്തുമെന്ന് മുസ്‍ലിംകളെ പേടിപ്പിച്ചുനിർത്തി വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയായിരുന്നു മുലായം എന്ന് എതിരാളികൾ കുറ്റപ്പെടുത്തി. മൗലാന മുലായം സിങ് എന്നവർ പരിഹാസപ്പേരുമിട്ടു.
ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ മുസ്‍ലിം - യാദവ വോട്ടുബാങ്ക് രാഷ്ട്രീയം സമർഥമായി പയറ്റുകയായിരുന്നു മുലായം. ഡൽഹി ജമാ മസ്ജിദ് ശാഹി ഇമാമിനെ ആദ്യം ചേർത്തു നിർത്തിയ മുലായം പിന്നീട് അഅ്സം ഖാനെ തന്റെ വലംകൈയും സമാജ്‍വാദി പാർട്ടിയുടെ മുസ്‍ലിം മുഖവുമായി പ്രതിഷ്ഠിച്ചു. മുഖ്യമന്ത്രി പദത്തിൽ ആദ്യമായി എത്തിയ 1990ൽ തന്നെയായിരുന്നു ബാബരി മസ്ജിദിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച കർസേവകരെ വെടിവെക്കാൻ മുലായം ഉത്തരവിട്ടത്. 16 കർസേവകരാണ് അന്ന് കൊല്ലപ്പെട്ടത്.
യു.പിയിൽ അധികാരത്തിലെത്തിയതോടെ സമാജ്‍വാദി രാഷ്ട്രീയത്തിന്റെ എതിർചേരിയിൽ നിലകൊണ്ട ബഹുജൻ രാഷ്ട്രീയവുമായി കൈകോർത്തുള്ള പരീക്ഷണത്തിനും മുലായം തയാറായി. ബദ്ധവൈരിയായ മായാവതിയുമായി സഖ്യമുണ്ടാക്കിയാണ് 1993ൽ മുലായം അധികാരത്തുടർച്ചക്ക് ശ്രമിച്ചത്. മൂന്ന് വർഷം കഴിഞ്ഞപ്പോഴേക്കും ദേശീയ രാഷ്ട്രീയ മോഹവുമായി മുലായം ഡൽഹിയിലെത്തി. എച്ച്.ഡി ദേവഗൗഡ പ്രധാന മന്ത്രിയായ ഐ ക്യമുന്നണി സർക്കാറിൽ പ്രതിരോധ മന്ത്രിയായി മുലായം സിങ്ങ് സത്യപ്രതിജ്ഞചെയ്തു.
1999ൽ വാജ്പേയി സർക്കാർ വീണപ്പോൾ ആദ്യം സോണിയ ഗാന്ധിക്ക് പിന്തുണ അറിയിച്ചത് മുലായമാണ്. ദേശീയ രാഷ്ട്രീയ പരീക്ഷണം അവസാനിപ്പിച്ച് മൂന്നാമത്തെ തവണ യു.പി മുഖ്യമന്ത്രിയായി മുലായം 2003ൽ ലഖ്നോവിലേക്ക് വീണ്ടും മടങ്ങി. അവിടുന്നങ്ങോട്ടാണ് അധികാര ഇടനാഴികളിലെ ദല്ലാളായി കയറിവന്ന അമർ സിംഗുമായുള്ള ചങ്ങാത്തം തുടങ്ങുന്നത്. ബോളിവുഡിനെയും കോർപറേറ്റ് ലോകത്തെയും കൊണ്ട് നടക്കുന്ന മുലായമിനെയും സമാജ്‍വാദി പാർട്ടിയെയും തുടർന്ന് രാജ്യം കണ്ടു. അമേരിക്കയുമായുള്ള ആണവകരാറിനെ ചൊല്ലി ഇടതുപക്ഷം പിന്തുണ പിൻവലിച്ചിട്ടും പിന്തുണ നൽകി യു.പി.എയെ രക്ഷിക്കാൻ ചരട് വലിച്ചതും മുലായമിന്റെ വലം കൈയായി മാറിയ അമർ സിങ്ങായിരുന്നു.
2012ൽ വീണ്ടും അധികാരത്തിലെത്തിയ മുലായം മകൻ അഖിലേഷ് യാദവിന് ബാറ്റൺ കൈമാറിയത് തീരാത്ത തലവേദനയായി മാറി. മുലായത്തിന്റെ പാർട്ടിയെ പുതിയൊരു സമാജ്‍വാദി പാർട്ടിയാക്കി പ്രതിഛായ മാറ്റാൻ അഖിലേഷ് നടത്തിയ ശ്രമങ്ങൾ ഭിന്നിപ്പിനും വഴക്കിനും കാരണമായി. സഹോദരൻ രാം ഗോപാൽ യാദവ് അഖിലേഷിന്റെ ശത്രുവായി മാറി. ബ്രാഹ്മണ സമുദായത്തിൽ നിന്ന് വിവാഹം കഴിച്ച അഖിലേഷ് മുസ്‍ലിം -യാദവ പാർട്ടി എന്ന പ്രതിഛായ മാറ്റാൻ നടത്തിയ ശ്രമം അഖിലേഷിനെ അഅ്സം ഖാനുമായും ഉടക്കിലാക്കി. യാദവർക്കുള്ള അധികാര പങ്കാളിത്തവും പരിഗണനയും തങ്ങൾക്ക് നൽകുന്നില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു മറ്റുള്ളവരേക്കാൾ ഭേദം എന്ന നിലയിൽ യാദവരേക്കാൾ വാശിയിൽ മുസ്‍ലിംസമുദായം മുലായത്തിനൊപ്പം ഉറച്ചുനിന്നിരുന്നത്. എന്നാൽ 40,000 മുസ്‍ലിംകളുടെ പലായനത്തിൽ കലാശിച്ച മുസഫർ നഗർ കലാപവേളയിലെ അഖിലേഷിന്റെ പിടിപ്പുകേടും ഇരകളോടു കാണിച്ച അന്യായവും സമാജ്‍വാദി പാർട്ടിയോടുള്ള മുസ്‍ലിം സമുദായത്തിന്റെ വിധേയത്വത്തിൽ വിള്ളലുണ്ടാക്കി.
2016ലെ തെരഞ്ഞെടുപ്പ് വേളയിൽ അഖിലേഷിനെ പാർട്ടിയിൽ നിന്ന് പിടിച്ച് പുറത്താക്കി മുലായം ഞെട്ടിച്ചു. മുസഫർ നഗർ കലാപം നേരിടുന്നതിൽ അഖിലേഷിനുണ്ടായ പരാജയം യു.പി കണ്ട ഏറ്റവും വലിയ വർഗീയ ധ്രുവീകരണത്തിലേക്കാണ് നയിച്ചത്. 2014ലെ പൊതുതെരഞ്ഞെടുപ്പും 2017ലെ നിയമസഭാ തെരഞ്ഞെടുപ്പും ധ്രുവീകരണത്തിന്റെ ഫലപുഷ്ടിയിൽ ബി.ജെ.പി ജയിച്ചുകയറി. 2017ലെ തെരഞ്ഞെടുപ്പിൽ പാർട്ടി തോറ്റെങ്കിലും മുലായവുമായി അടുപ്പത്തിലായി അഖിലേഷ് പാർട്ടി നിയന്ത്രണത്തിലാക്കി. പിതാവിന്റെ പാർട്ടി പൂർണമായും കൈപ്പിടിയിലായിട്ടും മുസ്‍ലിം - യാദവ മുഖം മാറ്റാൻ കിണഞ്ഞു ശ്രമിച്ചിട്ടും അധികാരം അകന്ന് തന്നെ നിന്നു.
മുലായം ആകട്ടെ, യു.പി രാഷ്ട്രീയത്തിന്റെ കേന്ദ്ര സ്ഥാനം നഷ്ടപ്പെട്ടുപോയിട്ടും താൻ അരങ്ങൊഴിഞ്ഞിട്ടില്ലെന്ന് പാർലമെന്റിന് അകത്തും പുറത്തുമുള്ള സാന്നിധ്യങ്ങളിലൂടെ കാണിച്ച് കൊണ്ടിരുന്നു. ഏറ്റവുമൊടുവിൽ ആശുപത്രിക്കിടക്കയിലും മുഴുസമയ രാഷ്ട്രീയക്കാരനായി കഴിഞ്ഞുകൂടാനായിരുന്നു മുലായമിന്റെ മോഹം.