'മോദിയുഗത്തിൽ ഗാന്ധി ഉണ്ടായിരുന്നെങ്കിൽ മരണമാഗ്രഹിച്ചേനെ'; ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി എഴുതുന്നു
മോദിയുഗത്തിൽ ഗാന്ധിജി ഉണ്ടായിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? അദ്ദേഹം എങ്ങനെയാണ് രാജ്യത്തിെൻറ സമകാലിക യാഥാർഥ്യങ്ങളോട് ഇടപെടുക? -ഗാന്ധിജിയുടെ പ്രപൗത്രൻ എഴുതുന്നു.
ബാപ്പു ഒരിക്കലും ഒരു അശുഭാപ്തിവിശ്വാസിയായിരുന്നില്ല. പക്ഷേ, മോദിയുഗം ഇന്ത്യയോട് ചെയ്ത കാര്യങ്ങൾ അദ്ദേഹത്തിൽ മരണവാഞ്ഛ ഉണർത്തിയേനെ. വെറുപ്പും ഹിംസയും നിറഞ്ഞ വിഷലിപ്തമായ നാടും വളച്ചൊടിക്കപ്പെട്ട ജനാധിപത്യവുമായി ജനവിരുദ്ധ ഏകാധിപത്യത്തിന് വഴിമാറിയ ഇൗ ഇന്ത്യക്കെതിരെ കലാപത്തിനിറങ്ങണമെന്ന് അദ്ദേഹം പറയും. രാജ്യദ്രോഹം നന്മയാണെന്നും േപാരാട്ടമാണ് വഴിയെന്നുമായിരിക്കും അദ്ദേഹത്തിെൻറ വാക്കുകൾ.
''നമ്മുടെ ഭരണാധികാരികൾ, നിങ്ങളുടെ അഭിപ്രായത്തിൽ, തെറ്റിെൻറ വഴിയിലാകുകയും അവർ നമ്മുടെ വാക്കുകൾക്ക് ചെവിേയാർക്കണമെന്ന് നിങ്ങൾക്ക് തോന്നുകയും ചെയ്തുവെങ്കിൽ, നിങ്ങളുടെ വാക്കുകൾ രാജ്യദ്രോഹമായാണ് പരിഗണിക്കപ്പെടുന്നതെങ്കിലും അതുതന്നെ പറയുക. പക്ഷേ, വഴിയേ വരുന്നത് സഹിക്കാൻകൂടി ഒരുങ്ങിയിട്ടാകണം'' ^ഗാന്ധി (Writings and Speeches of Mahatma Gandhi. P. 311).
മോദി ഭരണത്തിെൻറ എതിർപക്ഷത്ത് നിൽക്കുന്നവർക്ക് അദ്ദേഹത്തിെൻറ സന്ദേശമായിരിക്കും ഇത്. അദ്ദേഹം സ്വയം ഇതുതന്നെ ചെയ്യുകയും ചെയ്യും.1992നുശേഷം ഗാന്ധി പൊരുതുക രാജ്യത്തും ജനങ്ങൾക്കിടയിലും വർഗീയവിഷം കുത്തിവെക്കാനുള്ള ഇൗ ശ്രമങ്ങൾക്കെതിരെയാകും. 2002െൻറ മുറിവുകൾ ശമിപ്പിക്കാനായിരിക്കും അദ്ദേഹത്തിെൻറ കർമങ്ങൾ. പാവപ്പെട്ടവെൻറ ജീവിതം അപകടത്തിലാക്കിയ വീണ്ടുവിചാരമില്ലാത്ത നടപടിയാണ് നോട്ടുനിരോധനമെന്നാകും അദ്ദേഹത്തിെൻറ പക്ഷം. രാജ്യത്തിെൻറ ഫെഡറൽ സംവിധാനത്തിന് ഭീഷണിയാണ് ജി.എസ്.ടിയെന്ന് അദ്ദേഹം ഉറക്കെ പറയും.
മുത്തലാഖ് നിയമം മുസ്ലിം സ്ത്രീകൾക്ക് വിനാശകരമാണെന്ന് വിമർശിക്കും. കാരണം, ഒരു തെറ്റായ ആചാരം നിയമവിരുദ്ധമാക്കുേമ്പാൾ ഭർത്താവിെൻറ അടിമത്തത്തിൽനിന്ന് സ്ത്രീയെ രക്ഷിക്കാൻ ബദൽ വഴി അത് നിർദേശിക്കുന്നില്ല. ഇപ്പോഴും മുത്തലാഖ് ചൊല്ലുന്ന സാഹചര്യങ്ങളിൽ അവർക്ക് ജീവനാംശം നൽകാനും അതിൽ വ്യവസ്ഥകളില്ല.
കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങൾക്കായി ഗാന്ധി പൊരുതുമായിരുന്നു. രാജ്യം കാത്തുപോരുന്ന പാർലമെൻററി ജനാധിപത്യ സംവിധാനത്തെ അപായപ്പെടുത്തി 370ാം വകുപ്പ് പാർലമെൻറ് എടുത്തുകളഞ്ഞ രീതിയെയും വിമർശിക്കും. മോദി ഭരണത്തിൽ തുടർന്ന് നാം കാണുന്നത്, പാർലമെൻററി ജനാധിപത്യ സംവിധാനവും നടപടിക്രമങ്ങളും എത്ര കണ്ട് ദൂഷിതമായെന്നാണ്. ഭൂരിപക്ഷ ജനാധിപത്യത്തിൽനിന്ന് ഭൂരിപക്ഷാധിപത്യത്തിലേക്ക് വഴിമാറിയതാണ്. ദുസ്സൂചനകൾ നേരത്തേ ദർശിച്ച് ജനാധിപത്യം ഏകാധിപത്യമായി ദുഷിച്ചുപോകുന്ന അപകടത്തെ കുറിച്ച് അദ്ദേഹം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുമായിരുന്നു.
പൗരത്വ ബില്ലിനെതിരെ പൊരുതിയ ശാഹീൻബാഗിലെ ദാദിമാർക്കൊപ്പമായിരിക്കും ഗാന്ധി നിലയുറപ്പിക്കുക. സി.എ.എക്കും സി.ആർ.ബിക്കുമെതിരെ അക്രമരാഹിത്യവും സജീവമായ ചെറുത്തുനിൽപും നടത്തുന്ന െജ.എൻ.യുവിലെയും ജാമിഅ മില്ലിയ്യയിലെയും രാജ്യം മുഴുക്കെയുള്ള പ്രക്ഷോഭകർക്കുമൊപ്പവുമാകും അദ്ദേഹമുണ്ടാവുക.
ഉപഭൂഖണ്ഡത്തെ മുൾമുനയിൽ നിർത്തുന്ന ആയുധപ്പന്തയത്തിനെതിരാകും ഗാന്ധിയുടെ പ്രചാരണം. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ തുല്യ പ്രാതിനിധ്യത്തിനാകും അദ്ദേഹത്തിെൻറ സമരം. സ്വച്ഛ് ഭാരത് അഭിയാെൻറ പ്രധാന ദൗത്യം അകമേ വിശുദ്ധമാക്കലാണെന്ന് അദ്ദേഹം ഉപദേശിക്കും. ഉദ്ദേശ്യശുദ്ധിയും കർമങ്ങളിലെ ധാർമികതയും ലക്ഷ്യത്തെക്കാൾ മാർഗം പ്രധാനമാകലും അദ്ദേഹം പറഞ്ഞുനൽകും.
മഹാമാരി നേരിടുന്നതിൽ കാണിച്ച അലംഭാവത്തെ വിമർശിക്കും. ദരിദ്രരിൽ ദരിദ്രരായവരുടെ ശുശ്രൂഷക്കും ആശ്വാസത്തിനും ആദ്യം ഇറങ്ങുന്നയാളാകും. അരികുവത്കരിക്കപ്പെട്ടവനു മേൽ ഇടിത്തീയായി പെയ്ത ദുരന്തങ്ങളെ മുൻകൂട്ടി കാണാതെ ലോക്ഡൗൺ അടിച്ചേൽപിച്ചതിനെ വിമർശിക്കും. നഗരങ്ങളിൽ വഴിമുട്ടി സ്വന്തം ഗ്രാമങ്ങളിലേക്ക് ഒാടിപ്പോയ അഭയാർഥികൾക്ക് സമാധാനവും ആശ്വാസവും പകർന്ന് മുന്നിൽ നിൽക്കും. വഴിയരികിൽ അവർക്ക് അത്താണിയാകും. അനുതാപവും സഹാനുഭൂതിയും പകരും.
മോദിസർക്കാറിലെയും ഭരണകക്ഷിയിലെയും പ്രതിനിധികളും കൂടെ നിൽക്കുന്ന മാധ്യമങ്ങളും നടത്തുന്ന വെറുപ്പിെൻറ കാമ്പയിനുകൾക്കെതിരെ സമരമുഖത്ത് മുന്നിലുണ്ടാകും. ദുർബലമായ രാജ്യത്തിെൻറ ചട്ടക്കൂടിനു മേൽ അവർ ഏൽപിക്കുന്ന ആഘാതങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകും. കർഷകരുടെ അവകാശങ്ങൾ, പിന്നാക്കക്കാരന് തുല്യ പ്രാതിനിധ്യം, ലിംഗസമത്വം, എല്ലാവർക്കും നീതി എന്നിവക്കായി വാദിക്കും. ആൾക്കൂട്ടക്കൊലകൾക്കെതിരെ കരുത്തോടെ പട നയിക്കും.
സത്യമായും മോദിഭരണം ഇന്ത്യക്കു മേൽ ഏൽപിച്ച വലിയ നാശങ്ങൾക്ക് സാക്ഷിയായിരുന്നുവെങ്കിൽ ഗാന്ധി ശരിക്കും ഖിന്നനായിരിക്കും. വിഭജനമേൽപിച്ച മഹാകെടുതികളിൽനിന്ന് രക്ഷിക്കാനായി സ്വന്തം ജീവൻ ബലി നൽകിയ അതേ ഇന്ത്യ. കോളനിഭരണം സമ്മാനിച്ച നിർദയമായ അടിമത്തത്തിൽനിന്ന് മോചനം നൽകിയ ഇന്ത്യ. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷവും അത് അംഗീകരിക്കാൻ മടിക്കുകയും അദ്ദേഹം പൂർണസ്വരാജിനായി അധ്വനിക്കുകയുംചെയ്തു. മോദികാലത്ത് ഗാന്ധി രണ്ടാം സ്വാതന്ത്ര്യ സമരത്തിന് തുടക്കം കുറിക്കും.
മൊഴിമാറ്റം: കെ.പി. മൻസൂർ അലി