Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPremiumchevron_rightWeb Exclusivechevron_rightഗൗള്‍: ഭീതിയുടെ...

ഗൗള്‍: ഭീതിയുടെ രാഷ്ട്രീയവും സമഗ്രാധിപത്യത്തിന്‍റെ കൊലകളും

text_fields
bookmark_border
ഗൗള്‍: ഭീതിയുടെ രാഷ്ട്രീയവും സമഗ്രാധിപത്യത്തിന്‍റെ കൊലകളും
cancel

പാട്രിക്ക് ഗ്രഹാം സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സ് സീരീസായ ഗൗൾ ഇന്ത്യൻ ഹൊറർ യോണറില്‍ ഒരു പുതിയ ജാലകം തുറക്കുകയാണ്. ഹൊറർ ചിത്രീകരണത്തെ സ്ത്രീശരീരത്തില്‍ നിന്ന് വേര്‍പെടുത്തുന്നതിലൂടെയും ഉള്ളടക്കത്തിൽ രാഷ്ട്രീയവശം ഉള്‍പ്പെടുത്തുന്നതിലൂടെയും ഗൗൾ ഒരുക്കുന്നത് ഒരു നവീന അനുഭവമാണ്. ആരാണ് യഥാർഥത്തിൽ പൈശാചികരെന്നതും ഭീകരതയെ നാം എങ്ങനെ മനസിലാക്കുന്നു എന്നതും സീരീസിന്‍റെ കേന്ദ്രപ്രമേയമായി നിലകൊള്ളുന്നു.മനുഷ്യലോകവും അതിമാനുഷിക ലോകവും തമ്മിലുള്ള ബന്ധം ചിത്രീകരിക്കുന്ന ഹൊറര്‍ യോണറിൽ എല്ലായ്പോഴും രാഷ്ട്രീയം പ്രകടമാണ്. എങ്കിലും, ഹൊറർ സിനിമകളെ അപൂർവമായി മാത്രമേ രാഷ്ട്രീയ...

Your Subscription Supports Independent Journalism

View Plans

പാട്രിക്ക് ഗ്രഹാം സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സ് സീരീസായ ഗൗൾ ഇന്ത്യൻ ഹൊറർ യോണറില്‍ ഒരു പുതിയ ജാലകം തുറക്കുകയാണ്. ഹൊറർ ചിത്രീകരണത്തെ സ്ത്രീശരീരത്തില്‍ നിന്ന് വേര്‍പെടുത്തുന്നതിലൂടെയും ഉള്ളടക്കത്തിൽ രാഷ്ട്രീയവശം ഉള്‍പ്പെടുത്തുന്നതിലൂടെയും ഗൗൾ ഒരുക്കുന്നത് ഒരു നവീന അനുഭവമാണ്. ആരാണ് യഥാർഥത്തിൽ പൈശാചികരെന്നതും ഭീകരതയെ നാം എങ്ങനെ മനസിലാക്കുന്നു എന്നതും സീരീസിന്‍റെ കേന്ദ്രപ്രമേയമായി നിലകൊള്ളുന്നു.

നുഷ്യലോകവും അതിമാനുഷിക ലോകവും തമ്മിലുള്ള ബന്ധം ചിത്രീകരിക്കുന്ന ഹൊറര്‍ യോണറിൽ എല്ലായ്പോഴും രാഷ്ട്രീയം പ്രകടമാണ്. എങ്കിലും, ഹൊറർ സിനിമകളെ അപൂർവമായി മാത്രമേ രാഷ്ട്രീയ ലെൻസിലൂടെ പഠനവിധേയമാക്കാറുള്ളൂ. ഈ യോണറില്‍ തന്നെ, ബാധയുടെയും ഭയത്തിന്റെയും കേന്ദ്രമായി സ്ത്രീകളെ ചിത്രീകരിക്കാനാണ് ഇന്ത്യൻ സിനിമ എല്ലായ്പ്പോഴും ശ്രമിച്ചിട്ടുള്ളത്. സ്ത്രീ കഥാപാത്രങ്ങളെ പൊതുവില്‍ ആത്മാക്കളുടെ പരകായപ്രവേശത്തിനായി ഉപയോഗിക്കുന്നതിനാല്‍ തന്നെ എല്ലായ്പ്പോഴും ഭീതിയെയും ഭയത്തേയും സ്ത്രീശരീരങ്ങളുമായി ബന്ധപ്പെടുത്തിയാണ് വിലയിരുത്തുക. എന്നിരുന്നാലും, പാട്രിക്ക് ഗ്രഹാം സംവിധാനം ചെയ്ത് 2018 ഓഗസ്റ്റ് 24ന് പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സ് സീരീസായ ഗൗൾ ഇന്ത്യൻ ഹൊറർ യോണറില്‍ ഒരു പുതിയ ജാലകം തുറക്കുകയാണ്. ഹൊറർ ചിത്രീകരണത്തെ സ്ത്രീശരീരത്തില്‍ നിന്ന് വേര്‍പെടുത്തുന്നതിലൂടെയും ഉള്ളടക്കത്തിൽ രാഷ്ട്രീയവശം ഉള്‍പ്പെടുത്തുന്നതിലൂടെയും ഗൗൾ ഒരുക്കുന്നത് ഒരു നവീന അനുഭവമാണ്.

‘സമീപഭാവിയിലെ’ ഒരു സമഗ്രാധിപത്യലോകമാണ് ഗൗളിന്റെ കഥാപരിസരം. വർധിച്ചു വരുന്ന ‘വംശീയ അതിക്രമങ്ങളുടെയും’ ഉയരുന്ന തടങ്കൽപാളയങ്ങളുടെയും പശ്ചാത്തലത്തിലാണ് ഗൗൾ ഒരു വിദൂര ഭാവിയിലേക്ക് കാമറ തിരിക്കുന്നത്. ചുറ്റുമുള്ള മനുഷ്യരിൽ ഭരണകൂടവിരുദ്ധരോ രാജാദ്രോഹികളോ ഉണ്ടായിരിക്കാമെന്നും അവരെ ചോദ്യം ചെയ്യാനോ തടവിലാക്കാനോ ഉള്ള അവകാശം ഭരണകൂടത്തിനുണ്ടെന്നും ആ നഗരത്തിലെ ചുവർചിത്രങ്ങൾ ജനങ്ങളോട് വിളിച്ചുപറയുന്നുണ്ട്. ദുരധികാരത്തിന്റെ ആ ചുവർച്ചിത്രങ്ങൾക്ക് മുകളിൽ ചെറുത്തുനിൽപ്പിന്റെ പ്രതീകങ്ങളും ചിത്രങ്ങളും ദൃശ്യമാണ്. അത്തരം പ്രതിഷേധ ചിഹ്നങ്ങളിൽ ഒന്ന് ചിത്രീകരിക്കുന്നത് ഗൗൾ എന്ന പൈശാചിക ജിന്നിനെ വിളിച്ചുവരുത്തുന്ന പ്രക്രിയയാണ്. ആ സാഹചര്യത്തിലാണ് ഒരു അച്ഛനെയും മകളെയും സിരീസില്‍ അവതരിപ്പിക്കുന്നത്. ഭരണകൂടത്തിനെതിരെ നിലയുറപ്പിച്ച ഒരു ബുദ്ധിജീവിയായാണ് അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിരോധിത പുസ്തകങ്ങളും കുറിപ്പുകളും കൈവശം സൂക്ഷിച്ചതിന് രാജ്യദ്രോഹിയാക്കപ്പെട്ട വ്യക്തിയാണ് അയാൾ. എന്നാൽ മകളാവട്ടെ പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട സൈനിക ഉദ്യോഗസ്ഥയാണ്. ഭരണകൂടത്തിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാത്ത മകൾ തന്റെ അച്ഛനെ കാണുന്നത് രാഷ്ട്ര താല്‍പര്യങ്ങൾക്കെതിരായി നിലകൊള്ളുന്ന വ്യക്തിയായാണ്. പരിശീലന സമയത്ത് കിട്ടിയ നിർദേശങ്ങളെല്ലാം നിദ കൃത്യമായി ഉൾക്കൊണ്ടിരുന്നു. തന്റെ പിതാവിന്റെ വിശ്വാസങ്ങളിൽ നിന്നും വ്യത്യസ്തമായി ഭരണകൂടത്തിലായിരുന്നു അവര്‍ക്ക് വിശ്വാസം. തന്റെ മത സ്വത്വം രാജ്യത്തിനോടുള്ള കൂറ് തെളിയിക്കുന്നതില്‍ അവൾക്ക് തടസമായി നിലകൊള്ളുന്നുണ്ട്. തന്റെ കൂറ് തെളിയിക്കുന്നതിനായി അവള്‍ക്ക് സ്വന്തം പിതാവിനെ ഭരണകൂടത്തിന് ഒറ്റുകൊടുക്കേണ്ടതായി വരുന്നു. തീവ്രവാദിയുടെ രൂപത്തിലെത്തുന്ന ജിന്നുമായി തടങ്കൽ പാളയത്തിൽവെച്ച് ഇടപെടുമ്പോഴാണ് അവളുടെ കാഴ്ചപാടുകൾക്ക് വ്യതിചലനം സംഭവിക്കുന്നത്.

അറേബ്യൻ മിത്തോളജിയിലും ഇസ്‍ലാമിലും ഗൗളിനെ അഗ്നിയിൽ നിന്നുയർന്നു വരുന്ന ജിന്നായാണ് ചിത്രീകരിക്കുന്നത്. ഗൗളുമായി ബന്ധപ്പെട്ട ചിഹ്നങ്ങളോ പ്രതീകങ്ങളോ സ്വന്തം ചോര കൊണ്ട് വരച്ചാണ് മനുഷ്യര്‍ ആ ജിന്നിനെ പ്രത്യക്ഷപ്പെടുത്തുന്നത്. മറ്റ് ആത്മാക്കളിൽ നിന്നും വ്യത്യസ്തമായി ഗൗളിനെ വിളിച്ചു വരുത്തുന്നത് എന്തെങ്കിലും കാര്യസാധ്യത്തിനായാണ്. അറേബ്യൻ പുരാണങ്ങളിലും ഇസ്‍ലാമിലും മനുഷ്യേതര ആത്മാക്കളാണ് ജിന്നുകൾ പരിഗണിക്കപ്പെടുന്നത്. പൊതുവിൽ ഭീതിജനകമായ കഥകൾ മരിച്ചുപോയ മനുഷ്യരുടെ ആത്മാക്കളെ ചുറ്റിപ്പറ്റിയുള്ളവയാണ്. എന്നാൽ ഇവിടെ നാം കണ്ടുമുട്ടുന്നത് ഒരുകാലത്തും മനുഷ്യനായിരുന്നിട്ടില്ലാത്ത ജിന്നിനെയോ ആത്മാവിനെയോ ആണ്. ഗൗളിന്റെ ഈ മനുഷ്യാതീയ സ്വഭാവം പ്രകടമാകുന്നത് ആത്മാക്കളേപോലെ ശരീരത്തിൽ ഭാഗികമായി ആവേശിക്കുന്നതിനപ്പുറം അവരുടെ രൂപത്തെ ആകമാനം കീഴ്പ്പെടുത്തുമ്പോഴാണ്. ഗൗള്‍ മനുഷ്യരെ ഭക്ഷിക്കുകയും, ഒടുവിൽ ഭക്ഷിക്കുന്ന മനുഷ്യരുടെ രൂപം പ്രാപിക്കുകയുമാണ് ചെയ്യുന്നത്. അതിനാൽ തന്നെ നമ്മൾ ഗൗളിനെ എപ്പോഴും കാണുന്നത് മനുഷ്യ രൂപത്തിലാണ്. അറേബ്യന്‍ കഥകളിൽ ഗൗളിനെ ‘വഞ്ചകരായ’ വേഷംമാറി മനുഷ്യരെ കബളിപ്പിക്കുന്ന ജീവികളായാണ് ചിത്രീകരിച്ചിരിക്കുന്നത് (അൽ-റാവി, 2019)). ഗൗളിനെ ചുറ്റിപ്പറ്റിയുള്ള ഭയവും ദുരൂഹതയും അതിന്റെ രൂപത്തെ കുറിച്ചുള്ള അനിശ്ചിതത്വം മൂലമാണെന്നാണ് അൽ-റാവി പറഞ്ഞുവെക്കുന്നത്. ഗൗളിനെ പൈശാചികമായ ആഭിചാരത്തിലൂന്നിയ ജിന്നായോ ആത്മാവായോ ആണ് അൽ-റാവി വിവരിക്കുന്നത്. ഗൗൾ ഒരിക്കലും അതിനെത്തന്നെ വെളിപ്പെടുത്തുകയോ അതിന്റേത് മാത്രമായ ഒരു സ്വത്വത്തിൽ ഊന്നിനിൽക്കുകയോ ചെയ്യുന്നില്ല. മറിച്ച് ഗൗളിന്റെ സ്വത്വം നിലകൊള്ളുന്നത് അത് ഭക്ഷിക്കുന്ന മനുഷ്യരുമായി ബന്ധപ്പെട്ടാണ്. ഓരോ തവണയും ഗൗൾ പ്രേക്ഷകന് മുന്നിലെത്തുന്നത് അതിന്റെ അവസാന ഇരയുടെ രൂപത്തിലാണ്.

പേർഷ്യൻ ഗ്രന്ഥത്തിലെ ഗൗളിന്റെ ചിത്രീകരണം

പേർഷ്യൻ ഗ്രന്ഥത്തിലെ ഗൗളിന്റെ ചിത്രീകരണം

പൊതുവിൽ അമാനുഷിക ശക്തികളെ മനോനിലയുടെ വ്യാപാരങ്ങളിലേക്കും പ്രതീകാത്മക അർഥങ്ങളിലേക്കുമായി ചുരുക്കുന്ന പ്രവണതയുണ്ട്. ഉദാഹരണത്തിന്, ഗൗളിന്റെ രൂപത്തെ മനുഷ്യന്റെ കുറ്റബോധത്തിന്റെ പ്രതീകമായി വായിക്കാവുന്നതാണ്. അതൊരു സാധ്യതയായിരിക്കെത്തന്നെ തന്റെ ഇരകളിലേക്ക് പരകായപ്രവേശം നടത്തുന്ന അതിമാനുഷികതയായി തന്നെയാണ് ഞാൻ ഗൗളിനെ കണക്കാക്കുന്നത്. അമാനുഷികതയുടെ മാനസിക തലങ്ങളെയോ മറ്റ് തലങ്ങളെയോ തള്ളിക്കളയുന്നതിനപ്പുറം മനുഷ്യേതര ലോകത്ത് തന്നെ നിലനിൽക്കുന്ന ജിന്നായാണ് ഞാൻ ഗൗളിനെ കണക്കാക്കുന്നത്. മനുഷ്യലോകത്തിനും അമാനുഷികലോകത്തിനും ഇടയിലെ ഈ കൊടുക്കൽവാങ്ങലുകളാണ് ഹൊറർ യോണറില്‍ രാഷ്ട്രീയവായന സാധ്യമാക്കുന്നത്.

ചരിത്രപരമായി, ഹൊറർ ദൃശ്യാവിഷ്കാരങ്ങൾ മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുന്ന ദുഷ്ടാത്മാക്കളെ കേന്ദ്രീകരിച്ചാണ് കഥ പറഞ്ഞിരുന്നത്. ഇവിടെ ‘ബാധകേറൽ’ നടക്കുന്നത് മറ്റൊരു രീതിയിലാണ്. ഗൗള്‍ ശരീരത്തിലേക്കല്ല, മറിച്ച് മനുഷ്യ മനസിലേക്കാണ് ആവേശിക്കുന്നത്. അതിലൂടെ ആളുകളിൽ മിഥ്യാബോധം സൃഷ്ടിക്കുന്നു. ഉദാഹരണത്തിന്, ഒരു തടവുകാരൻ തങ്ങളുടെ അധികാരത്തിന് കീഴില്‍ വരുന്നത് കണ്ട് ക്യാമ്പിനുള്ളിലെ സൈനിക സേന ആഹ്ലാദിക്കുന്നുണ്ട്. എന്നാല്‍, അത് സൈന്യത്തിനെതിരെയുള്ള ഒരു കെണിയായിരുന്നുവെന്ന് പിന്നീട് വെളിപ്പെടുന്നു. തടവുകാരന്റെ വേഷം ധരിച്ച ഗൗൾ, നിസഹായതയുടെ ഒരു മിഥ്യാധാരണ അവിടെ സൃഷ്ടിക്കുന്നു. ചോദ്യംചെയ്യുമ്പോള്‍ ഭരണകൂട ശക്തികളെ തന്‍റെ മേൽ ശക്തി ഉപയോഗിക്കാൻ അനുവദിക്കുന്നത് അതിനെ കീഴ്മേല്‍ മറിക്കാന്‍ മാത്രമായാണ്. ഇത് നടപ്പിലാക്കുന്നത് അക്രമത്തിലൂടെയോ ഭീഷണിയിലൂടെയോ അല്ല. മറിച്ച്, അവരുടെ ഗൂഢ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതിലൂടെയും കുറ്റബോധത്തെ ഉണര്‍ത്തുന്നതിലൂടെയുമാണ്. ഈ രഹസ്യങ്ങളാകട്ടെ, അവര്‍ ചെയ്ത ദുഷ്പ്രവൃത്തികളെയും അവയെ ചുറ്റിപറ്റി വരുന്ന കുറ്റബോധത്തെയും കുറിച്ചുള്ളതാണ്. ഗൗൾ അവരുടെ മനസുകളിൽ സ്ഥാപിച്ച നിയന്ത്രണം മൂലമാണ് ഇത് സാധ്യമാകുന്നത്. ആവേശിച്ച വ്യക്തിയെ നശിപ്പിക്കുന്നതിന് മുമ്പായി ദുഃസ്വപ്നങ്ങളിലൂടെ അയാളുടെ മനസിലേക്ക് പ്രവേശിക്കുകയും അയാളുടെ വലയത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, വളരെക്കാലമായി തടങ്കൽപ്പാളയത്തിൽ ചോദ്യം ചെയ്യപ്പെടുന്ന തീവ്രവാദി ആ വേഷമണിഞ്ഞ ഗൗളാണെന്ന് അവിടെ കഴിയുന്ന ആളുകൾ തിരിച്ചറിയുന്നില്ല. ഇതിലൂടെ ഗൗൾ ഈ ആളുകളുടെ മനസ് ഏറ്റെടുത്ത്‌ അവരുടെ വിവേകത്തെ ചോദ്യം ചെയ്യുന്നു.

അലി സഈദായി മഹേഷ് ബൽരാജ്
അലി സഈദായി മഹേഷ് ബൽരാജ്

ചോദ്യം ചെയ്യാൻ വരുന്ന കേണൽ ഡാകുൻഹയോട് അയാളും ഭാര്യയും തമ്മിലുള്ള സ്വകാര്യ സംഭാഷണവും അതിലൂടെ അധഃപതിച്ച സ്വഭാവവും ഗൗള്‍ വെളിപ്പെടുത്തുന്നു. ക്ഷുഭിതനാകുന്ന ഡാകുൻഹ അക്രമാസക്തനാകുന്നത് കാണാം. തന്നെ ചോദ്യംചെയ്ത രണ്ട് പേരില്‍ ഒരാള്‍ മറ്റൊരു തടവുകാരന്റെ കുട്ടിയെ കൊന്നുവെന്ന രഹസ്യം ഗൗള്‍ അതേ രീതിയിൽ വെളിപ്പെടുത്തുന്നുണ്ട്. അതിനെചൊല്ലി, സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയും അതില്‍ ഒരാൾ മരണപ്പെടുകയും, കൊലയാളി സ്വന്തം അതിക്രമത്തിൽ അതിശയിച്ച് പോകുകയും ചെയ്യുന്നു.

കേണൽ ഡാകുൻഹയായി മാനവ് കൗൾ

കേണൽ ഡാകുൻഹയായി മാനവ് കൗൾ

പ്രേതങ്ങളെയും ആത്മാക്കളെയും സാധാരണയായി ചിത്രീകരിച്ചിരുന്നത് ഇരകളുടെ മേൽ കടന്നുകയറി അവരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന അമാനുഷിക ശക്തികളായാണ്. എന്നാൽ ഇവിടെ ഗൗളിനെ ചിത്രീകരിച്ചിരിക്കുന്നത് ഏകാധിപത്യ ഭരണകൂടത്തെ ചെറുക്കാനായി വരുന്ന അമാനുഷിക ശക്തിയായാണ്. ഭരണകൂടത്തിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കുന്ന ഒരു ഏകാധിപത്യ ഘടനയിൽ രക്ഷക്കായി ഗൗളിനെ വിളിച്ചു വരുത്തുന്നത് നിദയുടെ അച്ഛൻ തന്നെയാണ്. ഗൗള്‍ ഭീതി പടർത്തുന്ന രീതി വ്യത്യസ്തവും അതിന്റെ തന്നെ മറ്റൊരു വശത്തെ ചിത്രീകരിക്കുന്നതുമാണ്. അത് പടർത്തുന്ന ഭീതി വ്യത്യസ്തമാകുന്നത് അത് ന്യായത്തിനായി നിലകൊള്ളുന്നിടത്താണ്. പൈശാചികമായി അവതരിക്കപ്പെടുമ്പോഴും ഗൗളിന്റെ പൈശാചികതയെ നമ്മുടെ തന്നെ ഇരുണ്ട വശമായി കാണാവുന്നതാണ്. ഗൗളിന്റെ പൈശാചികത മനുഷ്യരുടെ തെറ്റുകളിലേക്ക് വിരൽചൂണ്ടാനും കുറ്റബോധം ജനിപ്പിക്കാനുമുള്ളതാണെന്ന് സീരീസ് പറഞ്ഞുവെക്കുന്നു. തെറ്റ് ചെയ്യുന്നവരെ ഗൗൾ കൊല്ലുന്നത് അവരുടെ തന്നെ ചിന്തകളും ഭയവും കുറ്റബോധവും ഉപയോഗിച്ചാണ്. മനുഷ്യരുടെ തെറ്റുകൾ മനസിലാക്കിക്കൊടുത്തതിന് ശേഷം ഗൗൾ അവരുടെ മാംസം ഭക്ഷിക്കുന്നതിനും മറ്റൊരു മാനം നൽകാവുന്നതാണ്. അകമേനിന്ന് മനുഷ്യരെ കാർന്നുതിന്നുന്ന കുറ്റബോധമായി നമുക്ക് ഇതിനെ വായിക്കാം. ഉദാഹരണത്തിന് സ്വന്തം പിതാവിനെ തടവിലാക്കുന്ന നിദയാകട്ടെ നിരപരാധിയായ തടവുകാരന്റെ ഭാര്യയെയും മകളെയും കൊല്ലുന്ന രണ്ടു പോലീസുകാരാവട്ടെ, ഭാര്യയെ ചൂഷണം ചെയ്യുന്ന കേണൽ ഡാകുൻഹയാവട്ടെ - എല്ലാവരും ഈ പാപബോധത്തിന്‍റെ ഇരകളാണ്. ഗൗള്‍ ഇവരുടെ കുറ്റബോധത്തെ ഉണർത്തുകയും ഓരോരുത്തരെയായി കൊല്ലുകയും ചെയ്യുന്നു. എന്നാൽ അനാവശ്യമായി തടവിലാക്കപ്പെട്ട നിരപരാധിയായ ഒരു ചായ വിൽപ്പനക്കാരനെ ഗൗൾ വെറുതെ വിടുകയും ചെയ്യുന്നു. തെറ്റ് ചെയ്യുന്നവരെ മാത്രം വേട്ടയാടുന്ന രീതിയാണ് ഗൗളിന്‍റേത് എന്ന് ഈ രംഗം അടിവരയിടുന്നുണ്ട്.

നിദാ റഹീമായി രാധികാ ആപ്തേ

നിദാ റഹീമായി രാധികാ ആപ്തേ

തടങ്കൽ പാളയത്തിൽ നിന്ന് നിന്ന് അവസാനമായി ജീവനോടെ പുറത്തുവന്ന വ്യക്തിയാണ് ഡാകുൻഹ. എന്നാല്‍ അദ്ദേഹം യഥാർഥത്തില്‍ അതിജീവിച്ചുവോ അതോ രൂപം മാറിയ ഗൗളാണോ എന്നത് ചോദ്യമായി ഉയരുന്നു. എന്നിരുന്നാലും, താൻ പിശാച് (ഗൗൾ) അല്ല, യഥാർഥത്തില്‍ യുദ്ധനായകൻ ആണെന്ന് അവകാശപ്പെട്ട് അഭിമാനത്തോടെ സംസാരിക്കുമ്പോൾ, നിദ അയാളെ വെടിവെക്കുന്നു. നിദയുടെ പിതാവുൾപ്പെടെയുള്ള നിരപരാധികളെ കൊന്നൊടുക്കിയ ഡാകുന്‍ഹയെപ്പോലുള്ള ഭരണകൂടത്തിന്‍റെ മര്‍ദ്ദകരാണോ അതോ ഗൗളാണോ യഥാർഥ പിശാചെന്ന ചോദ്യമാണ് സീരീസ് ഉയര്‍ത്തുന്നതെന്ന് അവസാന രംഗം വ്യക്തമാക്കുന്നു. ആരാണ് യഥാർഥത്തിൽ പൈശാചികരെന്നതും ഭീകരതയെ നാം എങ്ങനെ മനസിലാക്കുന്നു എന്നതും ഗൗള്‍ എന്ന സിരീസിന്‍റെ കേന്ദ്രപ്രമേയവും രാഷ്ട്രീയവുമായി നിലകൊള്ളുന്നു.

നിരപരാധിത്വം തെളിയിക്കുന്നതിൽ പരാജയപ്പെട്ട നിദാ റഹീം തടവിലാക്കപ്പെടുന്നതോടെയാണ് സീരീസ് അവസാനിക്കുന്നത്. ഒരു ഏകാധിപത്യ ഭരണത്തിനെതിരെ പോരാടി പരാജയപ്പെടുന്നതിനപ്പുറം മനുഷ്യാതീതമായ ഒരു പ്രത്യാശ പങ്കുവെക്കുന്നതിലൂടെ ഗൗളിന്‍റെ ക്ലൈമാക്സ് വ്യത്യസ്തമാകുന്നു. ഒടുവിൽ പിതാവിനോട് സാദൃശ്യമുള്ള ഗൗളിനെ വിളിച്ചുവരുത്തുന്ന നിദയെ നമുക്ക് കാണാം. അപ്രതീക്ഷിതമായ ഒരു അവസാനത്തിലേക്ക് കൊണ്ടുപോകുന്ന കഥ നമ്മൾ പൊതുവെ വിശ്വസിച്ചു പോന്ന ഭീകരതയുടെ അര്‍ഥതലങ്ങളെ മാറ്റിയെഴുതുന്നു. പിശാചിനെയോ ദുരാത്മാവിനെയോ നശിപ്പിക്കുന്നതിനുപകരം ഗൗളിനെ വിളിച്ചുവരുത്തുന്നതിലൂടെയാണ് സീരീസ് അവസാനിക്കുന്നത്. ആ ഇടപെടലിന്‍റെ രാഷ്ട്രീയം വെളിപ്പെടുത്തുന്നത് യഥാർഥത്തിൽ പിശാചിനെക്കാൾ ഭയാനകമായ ഒരു ഭരണവ്യവസ്ഥയെയാണ്. ഈ ഏകാധിപത്യഭരണത്തിൽ, മനുഷ്യരുടെ ഇടപെടലുകൾക്കപ്പുറത്ത് മനുഷ്യാതീത അവതാരങ്ങളെയാണ് രക്ഷക്കായി ചിത്രീകരിക്കുന്നത്. മനുഷ്യന്റെ ചെറുത്തുനില്‍പ്പുകള്‍ നിലക്കുന്ന ഒരു സ്ഥലത്തെയും സമയത്തെയുമാണ് ഗൗള്‍ അടയാളപ്പെടുത്തുന്നത്.

സൂചനകൾ

Al-Rawi, A. (2009). ‘The Mythical Ghoul in Arabic Culture’. Cultural Analysis 8. 45-69

Graham, P. (2018). Ghoul [Web Series]. Netflix.

യാദവ്പൂർ സർവകലാശാലയിലെ സോഷ്യോളജി വിഭാഗം ഗവേഷകയാണ് ലേഖിക. യോഗേഷ് ചന്ദ്ര ചൌധരി കോളേജിലെ അധ്യാപകയുമാണ് അവർ.

കടപ്പാട്: കഫേ ഡിസ്സെൻസസ്

വിവർത്തനം: അഹമദ് ഇർഫാൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jinntotalitarianismmurderMadhyamam Weekly Webzineghoul miniserieshorror
News Summary - reading Ghoul's take on totalitarian politics
Next Story