അസഹിഷ്ണുതയെ തിരുത്തുന്ന പ്രവാസം
വർഗീയവിദ്വേഷം പരത്തുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളോടും വ്യക്തികളുടെ ഇടപെടലുകളോടും എങ്ങനെയാണ് പ്രവാസിസമൂഹം പ്രതികരിക്കുന്നത്? പ്രവാസം രാജ്യം നേരിടുന്ന അവസ്ഥകളെപ്പറ്റി ജാഗ്രത പുലർത്തുന്നുേണ്ടാ?
അഭയാർഥിത്വവും പ്രവാസവും മലയാളിയെ സംബന്ധിച്ച കാഴ്ചയുടെയും വായനയുടെയും അനുഭവ പരിസരങ്ങളിൽ മാത്രം നിലനിൽക്കുന്നതാണ്. എന്നാൽ കുടിയേറ്റം അങ്ങനെയല്ല. അതിന് ദേശീയവും അന്തർദേശീയവുമായ ജീവിതപ്രയാണത്തിന്റെ കഥ പറയാനുണ്ട്. എസ്.കെ. പൊെറ്റക്കാട്ടിന്റെ 'വിഷകന്യക' എന്ന നോവലിൽ മലയാളിയുടെ ആഭ്യന്തര പ്രാദേശിക ജീവിതത്തിന്റെ പൊള്ളുന്ന അനുഭവങ്ങളുണ്ട്. 1950കൾക്ക് മുമ്പുള്ള മലയാളിയുടെ കുടിയേറ്റമാണ് എസ്.കെ. പൊറ്റെക്കാട്ട് പറഞ്ഞത്. അതാകട്ടെ പച്ചയായ ജീവിതമാണ്.
മലയാളിയെ സംബന്ധിച്ച് ആധുനിക പ്രവാസമെന്ന അനുഭവം രൂപപ്പെടുന്നത് ഗൾഫ് തൊഴിൽ കുടിയേറ്റത്തിലൂടെയാണ്. അതിനു മുമ്പ് സിംഗപ്പൂരും ബർമയും സിലോണും അതിനെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഗൾഫ് കുടിയേറ്റം 1970കളിൽ പതുക്കെ തുടങ്ങി 1980 മുതൽ ശക്തമാണ്. ലോകത്തുണ്ടായ നാഗരിക മാറ്റങ്ങൾക്കൊപ്പം 1972നു ശേഷം പശ്ചിമേഷ്യൻ രാജ്യങ്ങളിലെ പുരോഗതി അതിവേഗത്തിലായിരുന്നു. അപ്പോഴും ഇപ്പോഴും അതിന്റെ ഗുണഭോക്താക്കൾ ആ രാജ്യങ്ങളിലെ മനുഷ്യരേക്കാൾ കൂടുതൽ ലോകത്തിലെ ദരിദ്രരാജ്യങ്ങളിലെ മനുഷ്യരാണ്. ഇന്ത്യയുൾപ്പെടെ മൂന്നാം ലോക രാജ്യത്തിലെ അടുക്കള അതിന്റെ അനുഭവം സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞതാണ്. ഇത് കേരളത്തിൽ ഉണ്ടാക്കിയത് ദാരിദ്ര്യത്തിന്റെ പരിഹാരം മാത്രമല്ല, അതിനപ്പുറം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി നേരത്തേയുണ്ടായ നവോത്ഥാന മൂല്യങ്ങളെ ഭൗതികമായി വളർത്തിയെടുത്തു എന്നതുകൂടിയാണ്. വിദ്യാഭ്യാസമേഖലയിൽ ഉണ്ടാക്കിയ പുരോഗമനാത്മക ഇടപെടൽ കേരളത്തെ ഇന്ത്യക്ക് മാതൃകാ സംസ്ഥാനമായി രൂപപ്പെടുത്തിയതിൽ ഗൾഫ് പണം നിർണായക ഘടകമാണ്. ഗൾഫ് ഇത്രമാത്രം മലയാളിയുടെ നിത്യജീവിതത്തെ തൊട്ടുനിൽക്കുമ്പോൾ വെറും തൊഴിൽകുടിയേറ്റമായി അതിനെ കാണാൻ കഴിയില്ല.
അതേസമയം ഒന്നാം തലമുറ പ്രവാസം എങ്ങനെയാണ് ഗൾഫ് ജീവിതത്തെ ഭൗതികമായും ആത്മീയമായും മനസ്സിലാക്കിയത് അതേ രീതിയിൽ രണ്ടാം തലമുറക്ക് പ്രവാസത്തെ മനസ്സിലാക്കാൻ കഴിയുന്നില്ല. അത് യാഥാർഥ്യമാണ്. ഗൾഫ് രാജ്യങ്ങളിൽ താമസിക്കുകയും നാനാതരം സാംസ്കാരിക വിനിമയവും സാമ്പത്തിക ഇടപെടലുകളും സ്വതന്ത്രമായി പ്രയോജനപ്പെടുത്തുന്നവരാണ് പ്രവാസികൾ. അവരിൽ ചിലരെങ്കിലും അന്ധമായ മതവിശ്വാസി എന്നർഥത്തിൽ അതിനൊക്കെ അവമതിപ്പ് ഉണ്ടാക്കുന്ന രീതിയിലുള്ള വിചാരങ്ങളിൽ ബന്ധിതരാണ്. ഇത് നേരത്തേ അടക്കിപ്പിടിച്ച വർത്തമാനം ആണെങ്കിൽ ഇപ്പോൾ ലോകത്തിനു മുമ്പിൽ തുറന്നു പറയാൻ മാത്രം അത്തരക്കാർ ശക്തരായിരിക്കുന്നു. ഇത് തികച്ചും അപകടകരമായ അവസ്ഥയാണ്. ഏറ്റവുമൊടുവിൽ കേരളത്തിൽ നടന്ന ഹിന്ദു മഹാസമ്മേളനത്തിൽ പ്രവാസിയായ ദുർഗാദാസ് നടത്തിയ തുറന്നുപറച്ചിൽ തികച്ചും തെറ്റാണ്. അതിനെതിരെയുള്ള പ്രതിഷേധം കേരളത്തിൽ മാത്രം ഒതുങ്ങേണ്ടതല്ല. അതിനെ തിരുത്തേണ്ടത് രാഷ്ട്രത്തിന്റെ തന്നെ ഉത്തരവാദിത്തമായി കാണേണ്ടതുണ്ട്. കാരണം, ആ രീതിയിലുള്ള ബന്ധമാണ് ഇന്ത്യക്ക് ഗൾഫ് രാജ്യങ്ങളുമായി ഉള്ളത്. അത് അറിയാൻ അത്ര വലിയ പഠനം ഒന്നും ആവശ്യമില്ല.
മലയാളിയുടെ ഗൾഫ് പ്രവാസത്തിന് ഏറ്റവും കൂടുതൽ പരിക്കേൽപ്പിച്ച കാലമായിരുന്ന കോവിഡിന്റേത്. അതിന്റെ ഭയച്ചുഴിയിൽപെട്ട് ആകസ്മികമായി പ്രവാസം അവസാനിപ്പിക്കേണ്ടി വന്നവർ തിരിച്ച് തങ്ങളുടെ സ്വപ്നഭൂമിയിലേക്ക് വരുന്ന കാലംകൂടിയാണിത്. നാട്ടിൽ പല രീതിയിലും പിടിച്ചു നിൽക്കാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ടവരാണ് ഇങ്ങനെ തിരിച്ചുവരാൻ തിടുക്കം കൂട്ടുന്നത്. അവർ പഴയതുപോലെ സന്ദർശക വിസക്ക് വേണ്ടി പ്രിയപ്പെട്ടവരെ വിളിക്കുകയാണ്. ആ വിളി കുടുംബക്കാരോടല്ല, സുഹൃത്തുക്കളോടാണ്. ആ വിളിയിൽ മതമോ, ജാതിയോ ഇല്ല. അതിനു കാരണം പ്രവാസം നൽകിയ അനേകം സമ്പാദ്യങ്ങളിൽ ഏറ്റവും വലുതാണ് മതേതര സൗഹൃദം. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതിനെ സാക്ഷ്യപ്പെടുത്തുന്നുണ്ട് ബാബു ഭരദ്വാജിന്റെ പ്രവാസിയുടെ കുറിപ്പുകൾ. അത്തരം അനുഭവകുറിപ്പിൽ മൊയ്തീൻക്ക എന്ന മനുഷ്യസ്നേഹിയെക്കുറിച്ചുള്ള വിവരണമുണ്ട്. 1978ലെ അനുഭവമാണത്. പ്രവാസത്തിൽനിന്നും അതി ദേശാടനത്തിലേക്ക് വഴിമാറിപ്പോയ വ്യക്തിയാണ് അദ്ദേഹം. അപ്പോഴും മൊയ്തീൻക്ക സന്തോഷം കണ്ടെത്തിയത് അപരനെ സ്നേഹിച്ചും ചേർത്തുപിടിച്ചുമാണ്. അയാൾ ഒരു സാധാരണ മനുഷ്യനാണ്. അയാളെക്കുറിച്ച് ബാബു ഭരദ്വാജ് ഇങ്ങനെ എഴുതുന്നുണ്ട്: ''ഞാനീ കുറിപ്പെഴുതിക്കൊണ്ടിരിക്കുമ്പോൾ മൊയ്തീൻക്ക തന്റെ കുടിയിൽ പൊരുതി നേടിയ വാസുദേവനും ജോസഫിനും ഹുസൈനും വേണ്ടി കഫീലിനെ (sponsor) തേടി അലയുകയാവണം, അല്ലെങ്കിൽ കപ്പലണ്ടി ടിന്നുമായി തെരുവുകളിലൂടെ ഓടുകയാവണം. അതുമല്ലെങ്കിൽ നാട്ടിലേക്ക് തിരിച്ചു പോകുന്ന ഏതെങ്കിലും മലയാളിയുടെ പെട്ടി നിറയ്ക്കാൻ ലൊട്ടുലൊടുക്ക് വാങ്ങാൻ വാണിഭക്കടകൾ തോറും അലയുകയാവണം. അറേബ്യയിൽവന്ന് ഒന്നുമൊന്നുമാവാതെ തിരിച്ചുപോവുന്ന ഒരുപാടു പേരുണ്ട്. അവിടെയൊക്കെ 'ദൈവദൂതനെപ്പോലെ' മൊയ്തീൻക്ക പ്രത്യക്ഷപ്പെടുന്നു.''
ഈ കുറിപ്പിന്റെ ആമുഖമായി ഇത് ചേർത്തത് ഇത്തരം മൊയ്തീൻക്കമാർ പ്രവാസ ലോകത്ത് അന്യംനിന്നു എന്നു പറയാനല്ല. പല പേരിൽ ഇത്തരം മനുഷ്യർ ഇന്നും പ്രവാസലോകത്ത് ജീവിച്ചിരിപ്പുണ്ട്. കേരളത്തിലെ, ലോകത്തിലെ ദുരന്തകാലത്താണ് ഇത്തരം മനുഷ്യർ തങ്ങളുടെ ഇടപെടൽ നടത്താറ്. ഇന്ന് അതിനെ നിലനിർത്താൻ നല്ല സംഘടനകൾ പ്രവാസലോകത്തുണ്ട്. അന്ന് - 1978ൽ- മൊയ്തിൻക്ക ഒറ്റ മനുഷ്യനായിരുന്നു. അയാളിൽ മനുഷ്യനന്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വാസുദേവനും ജോസഫും വെറും മനുഷ്യരായിരുന്നു. അവരുടെ മതം മൊയ്തീനിക്കക്ക് ഒന്നിനും തടസ്സമായിരുന്നില്ല. പ്രവാസികളെക്കുറിച്ച് ഇത്തരം കഥകൾ കേട്ടാണ് കേരളം വളർന്നത്. മൂസയും കുഞ്ഞമ്മദും കണ്ണന്റെയും കണാരന്റെയും ഗോപിനായരുടെയുമൊക്കെ മകന് വിസ കൊടുക്കുമ്പോൾ ജാതിയും മതവും നോക്കിയിരുന്നില്ല. മനുഷ്യത്വത്തിന്റെ ആ തണലിലാണ് കേരളം വളർന്നത്. 2022ൽ എത്തുമ്പോൾ ബാബു ഭരദ്വാജ് പറഞ്ഞ മൊയ്തീൻക്കയിൽനിന്ന് ദുർഗാദാസിലേക്കുള്ള കാലദൂരം 44 വർഷങ്ങളാണ്. അതായത് നാലര പതിറ്റാണ്ട്. ഇതിനിടയിൽ എങ്ങനെയാണ് ഇത്രമാത്രം അപകടകരമായ അവസ്ഥയിലേക്ക് പ്രവാസി മലയാളികൾക്കിടയിൽ അപരമതവിദ്വേഷം വളർന്നത്. ഖത്തറിൽ ജോലിയുള്ള പ്രവാസി കേരളത്തിൽ എത്തി ഹിന്ദുമഹാസമ്മേളനത്തിൽ ഉന്നയിച്ച ചോദ്യത്തിന്റെ യുക്തി എന്തുമാവട്ടെ, അതിന്റെ സാംസ്കാരിക പരിസരം, സാമ്പത്തിക പ്രത്യാഘാതം, രാജ്യങ്ങൾ തമ്മിലുള്ള സഹിഷ്ണുത എന്നീ തലങ്ങളിൽ അതുണ്ടാക്കുന്ന അപകടങ്ങളെ സൂക്ഷ്മമായി പരിശോധിക്കേണ്ടത് ഒരേസമയം പ്രവാസികളുടെയും കേരളത്തിന്റെയും ആവശ്യകതയാണ്.
കേരളീയനായ ഒരു പ്രവാസി അദ്ദേഹം വിശ്വസിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ബോധ്യത്തിൽ ഉന്നയിച്ച വിഷയം മാത്രമാണോ ഇത്? അങ്ങനെ നിസ്സാരമായി തള്ളിക്കളയാൻ ശ്രമിക്കുന്നവർ ഗൾഫ് രാജ്യങ്ങളിൽ തൊഴിൽജീവിതം നയിക്കുന്ന 35 ലക്ഷത്തോളം വരുന്ന മലയാളികളുടെ ഭാവിയെക്കൂടി പരിഗണിച്ചായിരിക്കണം നിസ്സാരവത്കരണത്തിലേക്ക് എത്തേണ്ടത്. അതല്ല പ്രവാസലോകത്ത് മതപരമായ അസഹിഷ്ണുത നിലനിൽക്കുന്നത് സത്യമല്ലേ എന്നൊരു ചോദ്യത്തെക്കൂടി സാന്ദർഭികമായി ബോധപൂർവം അവതരിപ്പിക്കുകയാണ്. മതാന്ധതയിൽ ജീവിച്ച മനുഷ്യർക്ക് സ്വർഗം (വിശ്വാസപരമായി അങ്ങനെ കിട്ടില്ല എന്നു കരുതാം) കിട്ടിയാലും അവിടെയും അവർക്ക് സഹിഷ്ണുതയോടെ ജീവിക്കാൻ കഴിയില്ല. പിന്നെയല്ലേ പ്രവാസലോകത്ത്! എന്നാൽ ഇവിടെ വിഷയം പൂർണമായും തന്റെ മതബോധത്തിൽ ഉറച്ചുനിന്ന് അതേ മതം അതിന്റെ വിദ്വേഷപരമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നിടത്ത് ഉന്നയിക്കുന്ന പരാമർശങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. എന്താണ് അതിന്റെ പ്രാധാന്യം എന്ന് അറിയണമെങ്കിൽ ഗൾഫ് പ്രവാസം മലയാളികളുടെ ദൈനംദിന ജീവിതത്തെയും കേരളത്തിന്റെ വികസനത്തെയും എത്രമാത്രം മുന്നോട്ട് നയിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കണം. ഇത് അരി ആഹാരം കഴിക്കുന്ന ഏതൊരാൾക്കും ബോധ്യമുള്ള കാര്യമാണ്. എന്നിട്ടും എന്തുകൊണ്ട് ഇയാൾക്ക് ഏറ്റവും കൂടുതൽ മതപരിവർത്തനവും തീവ്രവാദികളുടെ ലൈംഗികാവശ്യങ്ങൾക്കാണ് നഴ്സുമാരെ ഉപയോഗിക്കുന്നത് എന്ന പരാമർശവും ഉന്നയിക്കാൻ കഴിയുന്നത്? ഇത് പരിശോധിക്കുമ്പോഴാണ് ഒരു പൗരൻ എന്ന അർഥത്തിൽ സ്വന്തം രാജ്യത്ത് നടക്കുന്ന ന്യൂനപക്ഷ മതവേട്ടയും അതിലേക്ക് നയിക്കുന്ന തീവ്രഹിന്ദുത്വത്തിന്റെ ഹൈന്ദവ വംശീയതാബോധവും, ഇതര ദേശമനുഷ്യരോടുള്ള വെറുപ്പും വിദ്വേഷവും ഉൽപാദിപ്പിക്കുന്നതിന്റെ രീതിയെ തിരിച്ചറിയാൻ കഴിയുക.
ഗൾഫ് രാജ്യത്ത് എന്ന പ്രയോഗം കൃത്യമായി ഒരു മതത്തെ മുൻനിർത്തിയാണ്. എന്നാൽ ഇതേ ഗൾഫ് രാജ്യങ്ങളിൽ പലയിടത്തും ഹിന്ദുക്കൾക്ക് ക്ഷേത്രങ്ങൾ ഉണ്ട്. അവർ ആചാരങ്ങൾ അനുഷ്ഠിക്കുന്നുണ്ട്. ആഘോഷിക്കുന്നുണ്ട്. ചില ദിവസങ്ങളിൽ യു.എ.ഇ ബർദുബൈയിലെ ക്ഷേത്രത്തിലെ തിരക്ക് കണ്ടാൽ ഗുരുവായൂരിൽ ദർശനത്തിന് നിന്നതുപോലെ തോന്നും. എന്നു മാത്രമല്ല മതപരിവർത്തനം നടക്കുന്നു എന്നു പറയുന്ന രാജ്യങ്ങളിൽപെട്ട യു.എ.ഇയിൽ ഇപ്പോൾ ഹിന്ദുക്ഷേത്രത്തിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്. 13.5 ഏക്കർ സ്ഥലത്താണ് അത് നടക്കുന്നത്. യു.എ.ഇ ഭരണകൂടമാണ് രാജ്യതലസ്ഥാനമായ അബൂദബിയിൽ സ്ഥലം നൽകിയത്. 55,000 സ്ക്വയർ ഫീറ്റ് ചുറ്റളവിൽ പണിയുന്ന ക്ഷേത്രം 2023ൽ പൂർത്തിയാവും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത്തരമൊരു ശ്രമത്തെ വിജയത്തിൽ എത്തിച്ചത്. എന്നിട്ടും ആ മതത്തിൽ വിശ്വസിക്കുന്ന ഒരാളിൽ അപരമത വിശ്വാസം ഇത്രമാത്രം ശക്തമാണെങ്കിൽ അതിൽ ഹിന്ദുത്വത്തിന്റെ വർണാടിസ്ഥാന മതചിന്തയും വംശീയ ഉന്മൂലന തിയറിയും ശക്തമായി പ്രവർത്തിക്കുന്നുണ്ട്. ഇത് തീവ്ര വിശ്വാസിയിൽനിന്ന് സമൂഹത്തിലെ ഇതര മനുഷ്യരിലേക്ക് വ്യാപിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അപകടം ഒരിക്കലും വ്യക്ത്യധിഷ്ഠിത മതബോധത്തിൽ ഒതുങ്ങിനിൽക്കുന്നില്ല. അതിന്റെ തെളിവാണ് ഇയാളുടെ ജോലി നഷ്ടമായതുൾപ്പെടെയുള്ള കാര്യങ്ങൾ. വ്യക്തിപരമായി അത് അയാൾ അർഹിക്കുന്ന ശിക്ഷയാണെങ്കിലും അതിനപ്പുറം എന്തൊക്കെ പ്രതിസന്ധികളാണ് ഇന്ത്യക്കാരായ പ്രവാസികളിൽ ഇത്തരം പരാമർശങ്ങൾ ഉണ്ടാക്കുക എന്ന് ചിന്തിക്കേണ്ടതുണ്ട്.
സാംസ്കാരികപ്രതിസന്ധികൾ
മതസ്പർധ പരത്തുന്ന പരാമർശങ്ങൾ നടത്തിയ ദുർഗാദാസ് എന്ന വ്യക്തി കേരള സർക്കാറിന്റെ ഗൾഫ് രാജ്യത്തിന്റെ മലയാളം മിഷൻ ഖത്തർ ചാപ്റ്ററിന്റെ അധ്യക്ഷനാണ്. ഇയാൾ പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയവും അതിലൂടെ അയാൾ നിർവഹിക്കുന്ന സാംസ്കാരിക ഇടപെടലും അറിയാതെയാണ് ഇത്തരമൊരു സ്ഥാനം നൽകിയത് എന്ന് വിശ്വസിക്കാൻ കഴിയില്ല. എന്നിട്ടും എന്തുകൊണ്ട് ആ സ്ഥാനത്ത് എത്തിപ്പെട്ടു എന്നതിന് ഉത്തരം നൽകേണ്ടത് സർക്കാറാണ്. ഇതേ സർക്കാർതന്നെയാണ് സർക്കുലർ വഴി ആ സ്ഥാനത്തുനിന്ന് അയാളെ മാറ്റുന്നതായി സമൂഹത്തെ അറിയിച്ചത്. മലയാളം മിഷന്റെ ഡയറക്ടർ കവി മുരുകൻ കാട്ടാക്കട ഒപ്പിട്ട ലെറ്റർ ഹെഡ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചാണ് വേണ്ടപ്പെട്ടവർ ആ തെറ്റ് തിരുത്തിയത്.
മലയാളം മിഷൻ ഗൾഫ് രാജ്യങ്ങളിൽ നിർവഹിക്കുന്ന കാര്യങ്ങൾ ശ്രദ്ധേയമാണ്. അത്തരം സാംസ്കാരിക ഇടപെടലുകൾ വഴിയാണ് ഗൾഫ് രാജ്യങ്ങളിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ തങ്ങളുടെ മാനസിക പിരിമുറുക്കങ്ങളെ മാറ്റിയെടുക്കുന്നത്. അവിടെയൊന്നും സ്വജാതിയിലോ മതത്തിലോ പെട്ടവർ മാത്രമല്ല ഒന്നിക്കുന്നത് (അങ്ങനെയുള്ള വേദികൾ ഇല്ല എന്നല്ല പറഞ്ഞത്). മറിച്ച് മറ്റൊരിടത്തും കാണാത്തവിധം ബഹുസ്വരതയാർന്ന ഒത്തുചേരലാണവ. അതുകൊണ്ടാണ് ഓണവും വിഷുവും ക്രിസ്മസും ആറ് മാസത്തോളം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളായി നീളുന്നത്. കോവിഡിനു ശേഷം വന്ന റമദാൻ മാസത്തിൽ ഉണ്ടായ സമൂഹ നോമ്പുതുറയിൽ ഒരു മതക്കാർ മാത്രമായിരുന്നില്ല. ഇതൊന്നും അറിയാത്ത വ്യക്തിയല്ല വിദ്വേഷ പരാമർശങ്ങൾ നടത്തിയത്. എന്നു മാത്രമല്ല മലയാളം മിഷൻ അഡ്രസ് ചെയ്യുന്നത് കേരളത്തിന്റെ സാംസ്കാരിക പരിസരത്തെയാണ്. ആ പരിസരം നവോത്ഥാന മൂല്യങ്ങളിലൂടെ രൂപംകൊണ്ടതാണ്.
പല ഗൾഫ് രാജ്യങ്ങളിലും വിദേശികളുടെ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. അങ്ങനെ പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾ വിരലിൽ എണ്ണാവുന്നവയാണ്. എന്നാൽ വാർഡ് തലം മുതൽ ആഗോള മലയാളി അസോസിയേഷൻ വരെയും കുടുംബവേദികൾ മുതൽ നാട്ടുകൂട്ടങ്ങൾവരെ നൂറുകണക്കിന് സാംസ്കാരിക വേദികൾ ഗൾഫിൽ പ്രവർത്തിക്കുന്നുണ്ട്. ഇതൊന്നും അറിയാത്തവരല്ല അതത് രാജ്യത്തെ ഭരണസംവിധാനങ്ങൾ. എന്നിട്ടും മൗനാനുവാദത്തോടെ അങ്ങനെ ഒന്നിക്കാൻ കഴിയുന്നത് മലയാളികൾ കുഴപ്പക്കാർ അല്ല എന്ന ധാരണയിലാണ്. ആ ധാരണ തിരുത്താൻ ആയിരക്കണക്കിന് പ്രവാസികൾ വേണ്ട ഒരു പ്രവാസി മതി എന്ന് മലയാളി തന്നെ തെളിയിച്ചുകൊടുത്തു. ഇത്രമാത്രം വിദ്വേഷം മനസ്സിൽ സൂക്ഷിച്ചാണ് പ്രവാസികളിൽ ചിലരെങ്കിലും രാജ്യത്ത് താമസിക്കുന്നത് എന്ന് ഗൾഫ് രാജ്യത്തെ സംവിധാനങ്ങൾ ചിന്തിച്ചാൽ തെറ്റില്ല.
സാമ്പത്തിക പ്രതിസന്ധികൾ
കോവിഡിന് മുമ്പ് ചില ഗൾഫ് രാജ്യങ്ങൾ അവിടെ എത്തിയ ഒരു വിദേശ രാജ്യത്തെ പൗരന്മാരിൽ ക്രമാതീത രീതിയിൽ നിയമലംഘനം കണ്ടപ്പോൾ അവർക്ക് വിസ അനുവദിക്കുന്നതിൽ മാനദണ്ഡങ്ങൾ പ്രഖ്യാപിക്കുകയുണ്ടായി. അടിസ്ഥാനമേഖലയിൽ ജോലി ചെയ്യുന്ന പാവങ്ങളെയാണ് അത് ബാധിച്ചത്. ഗൾഫ് രാജ്യത്തെ നിയമലംഘനത്തിന് എതിര് നിന്നത് വിലക്ക് ഉണ്ടായ രാജ്യത്തെ മുഴുവൻ പ്രവാസികളുമല്ല. പക്ഷേ, തീരുമാനം ബാധിച്ചത് മുഴുവൻ പേരെയുമാണ്. ഇത് വ്യക്തിപരമായി, പ്രവാസികളായ കുടുംബങ്ങളിലാണ് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയത്. അധികം വൈകാതെ അത് ആ രാജ്യത്തെ സാമൂഹിക ജീവിതത്തെയും ബാധിക്കും. മൂന്നാം ലോകരാജ്യങ്ങളിലെ അടിസ്ഥാന ജീവിതത്തെ അത്രമാത്രം ഗുണകരമായി ഗൾഫ് പ്രവാസം മാറ്റിയിട്ടുണ്ട്. ലോകത്ത് ഒരിടത്തും കാണാത്തവിധം കേരളത്തിൽ ഗ്രാമങ്ങൾ നഗരവത്കരിക്കപ്പെടാൻ കാരണം, പ്രവാസികളുടെ വരുമാനമാണ്. അതിന്റെ ഗുണദോഷങ്ങളെക്കാൾ അടിസ്ഥാന മേഖലയിലെ സാമ്പത്തിക അസമത്വങ്ങളുടെ ആഘാതത്തെ കുറച്ച് കൊണ്ടുവരാൻ ഗൾഫ് പണത്തിന് കഴിഞ്ഞിട്ടുണ്ട്. അതിന് സഹായകരമായിത്തീർന്ന ഗൾഫ് രാജ്യങ്ങളെയാണ് ഇപ്പോൾ മതവിദ്വേഷം ജനിപ്പിക്കാൻ തിരഞ്ഞെടുത്തത്. അത് പറയാൻവേണ്ടി തന്നെയാണ് ഗൾഫിൽ നിന്ന് താൻ വന്നത് എന്ന് അയാൾ പറയുന്നുണ്ട്. അപ്പോൾ എന്തുമാത്രം ആസൂത്രിതമായിട്ടാണ് ഇത്തരം വിഷയങ്ങളെ വസ്തുതാവിരുദ്ധമായി പ്രചരിപ്പിക്കുന്നത്.
മതവും വിശ്വാസവും വ്യക്തിസ്വാതന്ത്ര്യമായി അനുഭവിക്കാനുള്ള സ്പേസ് നിലവിൽ ഗൾഫ് രാജ്യങ്ങളിൽ ഉണ്ട്. എന്നാൽ അതിനെ അപരവിദ്വേഷമായി ഉൽപാദിപ്പിക്കാനോ പ്രചരിപ്പിക്കാനോ അനുവദിക്കുന്നില്ല. അതുകൊണ്ടാണ് തൊഴിൽ ഇടത്തിൽ മതാതീത ജീവിതം നയിക്കാൻ കഴിയുന്നത്. മാനേജ്മെന്റ് മതം നോക്കി തൊഴിലാളികളെ നിയമിക്കുന്ന രീതിയല്ല ഗൾഫിൽ. അവിടെ പരിഗണന കഴിവ് മാത്രമാണ്. അതിനെ തകർക്കുന്ന വിധം വിഭാഗീയത വളർന്നാൽ നഷ്ടമാകുന്നത് പാവപ്പെട്ടവരുടെ ജീവിതമായിരിക്കും.
രാജ്യങ്ങൾ തമ്മിലുള്ള ബന്ധം
ഇന്ത്യൻ രൂപ തങ്ങളുടെ സാമ്പത്തിക ക്രയവിക്രയങ്ങൾക്ക് ഉപയോഗിച്ച പാരമ്പര്യമുണ്ട് യു.എ.ഇക്ക്. അത്രമാത്രം ആത്മബന്ധമുണ്ട് ഇരു രാജ്യങ്ങളും തമ്മിൽ. ഗൾഫ് എന്ന പരിസരത്തുനിന്ന് കേരളത്തിന് പ്രളയകാലത്ത് കിട്ടിയ സഹായങ്ങൾ ഒന്നുകൂടി ഓർക്കേണ്ടതുണ്ട്. ഇത്തരം അനുഭവങ്ങളെ നിവർത്തിപ്പിടിച്ച് വായിച്ചുകൊണ്ടേ ഇങ്ങനെയുള്ള വിദ്വേഷപ്രചാരണങ്ങളെ മറികടക്കാൻ കഴിയൂ. വ്യക്തിയാണ് പറഞ്ഞതെങ്കിലും പരാമർശങ്ങൾ മറ്റൊരു രാജ്യത്തിന്റെ സഹിഷ്ണുതാ പാരമ്പര്യത്തെ റദ്ദ് ചെയ്യുന്നതാണ്. അതാകട്ടെ വംശീയപരമായി മത ജീവിത സ്വാതന്ത്ര്യത്തെ നിരാകരിക്കുന്നതാണ്. ഇനി അങ്ങനെ തനിക്ക് ആവശ്യപ്രകാരമുള്ള മതജീവിതം പാലിക്കാൻ കഴിയാത്തിടത്തുനിന്ന് മാറുക എന്നതാണ് ഇത്തരം ഘട്ടങ്ങളിൽ പ്രവാസികൾക്ക് ചെയ്യാനുള്ളത്. കാരണം, ഗൾഫ് രാജ്യങ്ങളിൽ വ്യക്തികൾ സ്വമേധയാ ജോലി അന്വേഷിച്ച് പോകുന്നതാണ്. മറിച്ച് ആ രാജ്യം അടിമകളായി നമ്മെ പിടിച്ചുകൊണ്ടു പോകുന്നതല്ല. അതുകൊണ്ടുതന്നെ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തിന് തണലായി അഞ്ച് പതിറ്റാണ്ടിലേറെ നിലനിൽക്കുന്ന രാജ്യങ്ങളെ ഇങ്ങനെ നോക്കിക്കാണാൻ പാടില്ല.
പരാമർശത്തിലേക്കുള്ള പ്രചോദനം
എന്തുകൊണ്ടാണ് ഇത്തരം പരാമർശങ്ങൾ നടത്താൻ കഴിയുന്നത്? അതിനു പ്രേരകമായ കാരണങ്ങൾ എന്താണ്? ഈ ചോദ്യങ്ങൾ നൽകുന്ന ഉത്തരമാണ് ഇന്ന് രാജ്യത്ത് കാണുന്ന മത വിഭാഗീയത. ഒരു രാജ്യത്ത് മുളച്ച് പൊങ്ങുന്ന അസഹിഷ്ണുത അവിടെയുള്ള മനുഷ്യരുടെ ചിന്താമണ്ഡലത്തെ ബാധിക്കും എന്നത് വസ്തുതയാണ്. 2014നു ശേഷം ഇന്ത്യയിൽ വർധിച്ചുവരുന്ന ഇസ്ലാം വിരുദ്ധത അതിന്റെ ഏറ്റവും ഉയരത്തിൽ എത്തിനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന് വേരോട്ടം സാധ്യമാകാത്ത കേരളത്തിൽ അതിനുള്ള വിവിധ സാധ്യതകൾ പരീക്ഷിക്കപ്പെടുന്നത്. അത് കൃത്യമായി അപരനെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ്. ഹിന്ദുമഹാസഭയുടെ അജണ്ട സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ പ്രഖ്യാപിക്കപ്പെട്ടതാണ്. അതിന് ആക്കം കൂട്ടുന്ന രീതിയിൽ ഇന്ത്യൻ ഭരണം നേടിയ മേൽക്കോയ്മ അധികാരം ഹിന്ദുത്വവാദികൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. തങ്ങൾ നിയമപരമായും വ്യക്തിപരമായും സുരക്ഷിതരാണ് എന്ന ആത്മധൈര്യം ഇത്തരക്കാരെ എന്തും പറയാനും ചെയ്യാനും പ്രാപ്തരാക്കിക്കഴിഞ്ഞു. അതിന്റെ ബലത്തിലാണ് ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ആശ്രയമാകുന്ന ഗൾഫ് രാജ്യങ്ങളെക്കുറിച്ച് ഹിന്ദുത്വവാദിക്ക് ഇങ്ങനെ പറയാൻ കഴിഞ്ഞത്.
പ്രവാസികൾ എന്തുചെയ്യണം?
ഈ സാഹചര്യത്തിൽ പ്രവാസികൾ എന്തു ചെയ്യണം എന്നത് പ്രധാന ചോദ്യമാണ്. എല്ലാ മതവിശ്വാസികളിലും മതത്തിന്റെ ആത്മീയത അതേ അർഥത്തിൽ പ്രവർത്തിക്കാറില്ല. അതിനെ ഭാഗികമായി അറിഞ്ഞ് ജീവിക്കുന്നവരുണ്ട്. അവരാണ് മതത്തിന്റെ പേരിൽ മനുഷ്യരെ കൊന്നുതള്ളുന്നത്. ഇത്തരം മനുഷ്യർപോലും പ്രവാസലോകത്ത് അത്തരം വിദ്വേഷമനസ്സുകളെ നിയന്ത്രിച്ചാണ് ജീവിക്കുന്നത്. കാരണം, അതത് രാജ്യത്തെ നിയമവ്യവസ്ഥ ഒരിക്കലും ഇത്തരം സാമൂഹിക വിരുദ്ധ നിലപാട് പ്രകടിപ്പിക്കാനുള്ള സ്പേസ് അനുവദിക്കുന്നില്ല. അതേസമയം സോഷ്യൽ മീഡിയയിൽ ഇത്തരം വിദ്വേഷ, വിഭാഗീയത അഴിച്ചുവിടുന്നത് പ്രവാസികളാണ് എന്ന പരാതിയും നിലനിൽക്കുന്നുണ്ട്. അത് ശരിയാണെങ്കിൽ അതിന്റെ കാരണം, ഇങ്ങനെയുള്ള മനുഷ്യർക്ക് തങ്ങളുടെ കറപുരണ്ട മനസ്സിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല എന്നതാണ്. അത്തരക്കാരിൽ കാണുന്ന മാനസികാവസ്ഥയാണ് തങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ കിട്ടുമ്പോൾ ഇങ്ങനെ പുറത്ത് വരുന്നത്.
ന്യൂനപക്ഷമായ ഇത്തരം മനുഷ്യരെ ഒറ്റപ്പെടുത്താൻ പ്രവാസലോകത്തെ കൂട്ടായ്മകൾക്ക് കഴിയും. മതവും ജാതിയും നോക്കാതെയുള്ള സാംസ്കാരിക സംഗമങ്ങൾ സംഘടിപ്പിച്ച് മനുഷ്യത്വത്തിന്റെ വിളംബരഭൂമിയായി പ്രവാസലോകത്തെ എന്നും നിലനിർത്താൻ കഴിയണം. പ്രവാസ സാഹിത്യത്തിലും പഠനങ്ങളിലും നാം വായിച്ച സഹിഷ്ണുതയുടെ പാഠങ്ങൾ പുതിയ പ്രവാസി തലമുറകൾക്ക് പറഞ്ഞുകൊടുക്കണം. ഒന്നാം തലമുറ പ്രവാഹം എങ്ങനെ പൂർണമായും മതവിശ്വാസികളായി ജീവിച്ചപ്പോഴും മനുഷ്യത്വത്തിന്റെ മഹത്തായ അടയാളങ്ങളായി എന്ന് പഠിപ്പിക്കണം. എക്കാലത്തും അതിന്റെ തെളിവായി നിൽക്കുന്ന ബാബു ഭരദ്വാജിന്റെ പ്രവാസി കുറിപ്പുകൾ രണ്ടാം തലമുറ പ്രവാസികൾ വായിക്കണം. എന്നിലൂടെ എന്റെ കുടുംബവും നാടും സുഖമായി ജീവിക്കുമ്പോൾ അതിന് കാരണമായ ഗൾഫ് രാജ്യങ്ങളെ മാറോട് ചേർത്തുപിടിക്കാൻ കഴിയാത്തവർ ആ രാജ്യങ്ങളെ നിന്ദിക്കാതിരിക്കാനുള്ള മനസ്സെങ്കിലും കാണിക്കണം. ഗൾഫ് പ്രവാസം ഇതുവരെ നടത്തിയ എല്ലാ ഇടപെടലുകളും അസഹിഷ്ണുതയെ തിരുത്തിക്കൊണ്ടാണ്. അതിന്റെ തുടർച്ച സാധ്യമാക്കേണ്ടത് എണ്ണത്തിൽ കൂടുതലുള്ള മലയാളികളാണ്. ഇന്ത്യക്കാരാണ്. ''ലോകാ സമസ്താ സുഖിനോ ഭവന്തു'' എന്നാണല്ലോ ഓരോ ഭാരതീയന്റെയും ചുണ്ടിൽ വിരിയേണ്ട മന്ത്രം.