ഹിന്ദി അടിച്ചേൽപ്പിക്കൽ: ഉണരുന്നു തമിഴകം
''ഹിന്ദി അടിച്ചേൽപിക്കാൻ മോദി സർക്കാർ ശ്രമിച്ചാൽ തമിഴകത്തുനിന്ന് ഒറ്റ മറുപടി മാത്രമാണുണ്ടാവുക. 'ഹിന്ദി തെരിയാത്..., പോടാ...'' (ഹിന്ദി അറിയില്ല,...പോടാ..). ഡി.എം.കെ യൂത്ത്വിങ് ചെന്നൈ വള്ളുവർകോട്ടത്ത് സംഘടിപ്പിച്ച ഹിന്ദിവിരുദ്ധ പ്രക്ഷോഭ പരിപാടിയിൽ സംസാരിക്കവേ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും എം.എൽ.എയുമായ ഉദയ്നിധി സ്റ്റാലിൻ പ്രഖ്യാപിച്ചതാണിത്. തമിഴ്നാട് ഭരിക്കുന്നത് അണ്ണാ ഡി.എം.കെയിലെ എടപ്പാടി കെ. പളനിസാമിയോ ഒ. പന്നീർസെൽവമോ അല്ലെന്നും മുത്തുവേൽ കരുണാനിധി സ്റ്റാലിനാണെന്നും മോദിയും അമിത് ഷായും ഓർക്കുന്നത് നന്നായിരിക്കുമെന്നും ജൂനിയർ എം.കെ. സ്റ്റാലിൻ പറഞ്ഞുവെച്ചു. 'ഉടൽ മണ്ണുക്ക് ഉയിർ തമിഴുക്ക്-ഇതൈ ഉറക്കച്ചൊൽവോം ഉലകുക്ക്' (ശരീരം ഭൂമിക്കും ജീവിതം തമിഴകത്തിനുമായി സമർപ്പിക്കൂ, ഇത് ലോകത്തോട് അഭിമാനപുരസ്സരം വിളിച്ചുപറയൂ) എന്ന കലൈജ്ഞർ കരുണാനിധിയുടെ ഐതിഹാസിക മുദ്രാവാക്യം തമിഴ്നാട്ടിൽ വീണ്ടും മുഴങ്ങുമെന്ന് സാരം.
മുഴുവൻ കേന്ദ്ര സർവകലാശാലകളിലും ഇംഗ്ലീഷിനുപകരം ഹിന്ദി പഠനമാധ്യമമായി ഉൾപ്പെടുത്താൻ ഔദ്യോഗിക ഭാഷ സംബന്ധിച്ച പാർലമെന്ററി സമിതി ശിപാർശ ചെയ്ത സാഹചര്യത്തിലാണ് ഈ നീക്കത്തിൽനിന്ന് പിന്മാറണമെന്ന ആവശ്യവുമായി കേരള, തമിഴ്നാട് മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ഭരണഘടനയുടെ ഫെഡറൽ തത്ത്വങ്ങൾക്ക് വിരുദ്ധമാണിതെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയ എം.കെ. സ്റ്റാലിൻ, രാജ്യത്തിന്റെ ബഹുഭാഷ സംസ്കാരം ജനാധിപത്യത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണെന്നും വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന മുഴുവനാളുകൾക്കും തുല്യാവസരം ലഭ്യമാക്കണമെന്നും ഓർമപ്പെടുത്തി.
ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കുമുമ്പെ ആരംഭിച്ചതാണ് ഹിന്ദി അടിച്ചേൽപിക്കലിനെതിരായ തമിഴക മക്കളുടെ ചെറുത്തുനിൽപ്. 1937ൽ മദ്രാസ് പ്രസിഡൻസി മുഖ്യമന്ത്രിയായിരുന്ന സി. രാജഗോപാലാചാരിയാണ് ആദ്യമായി ഹിന്ദി നിർബന്ധമാക്കാൻ ശ്രമിച്ചത്. ദ്രാവിഡ സംസ്കാരത്തിനുമേൽ ബ്രാഹ്മണത്വം അടിച്ചേൽപിക്കാനുള്ള നീക്കമായാണ് സമരക്കാർ ഹിന്ദിയുടെ കടന്നുവരവിനെ കണ്ടത്. ഇതിനെതിരെ പെരിയോർ ഇ.വി. രാമസാമി നായ്ക്കരുടെ നീതികക്ഷി നടത്തിയ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നാട് സാക്ഷ്യംവഹിച്ചു. ഈ നീതികക്ഷിയാണ് പിന്നീട് 'ദ്രാവിഡർ കഴക'മായി പരിണമിച്ചത്.
സ്വാതന്ത്ര്യാനന്തരം 1963ൽ പ്രാബല്യത്തിലായ ഔദ്യോഗികഭാഷ നിയമമാണ് അടുത്ത ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിന് കളമൊരുക്കിയത്. അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഇംഗ്ലീഷ് സ്ഥിരം ഔദ്യോഗിക ഭാഷയായി തുടരുമെന്ന് പ്രഖ്യാപിച്ചതോടെ പ്രതിഷേധം ഒതുങ്ങുകയായിരുന്നു.
പിന്നീട് '64ൽ കോൺഗ്രസ് നേതാവ് എം. ഭക്തവത്സലത്തിന്റെ നേതൃത്വത്തിലെ തമിഴ്നാട് സർക്കാർ നടപ്പാക്കിയ ത്രിഭാഷ നയം (ഇംഗ്ലീഷ്, ഹിന്ദി, തമിഴ്) വമ്പിച്ച ജനകീയ പ്രക്ഷോഭത്തിന് കാരണമായി. ഡി.എം.കെയുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ സംസ്ഥാനത്ത് അരങ്ങേറിയ ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു. അണ്ണാദുരൈ ഉൾപ്പെടെ നൂറുകണക്കിന് ഡി.എം.കെ പ്രവർത്തകരെ ജയിലിലടച്ചു. തമിഴ്നാട്ടിൽനിന്നുള്ള കേന്ദ്രമന്ത്രിമാരായ സി.സുബ്രമണ്യം, അളകേശൻ എന്നിവർ രാജിവെച്ചു. തുടർന്ന് 1965 ഫെബ്രുവരിയിൽ അന്നത്തെ പ്രധാനമന്ത്രി ലാൽബഹാദൂർ ശാസ്ത്രി റേഡിയോ പ്രസംഗത്തിലൂടെ പ്രതിഷേധക്കാരുടെ ആവശ്യം അംഗീകരിച്ചതോടെയാണ് പ്രക്ഷോഭം കെട്ടടങ്ങിയത്.
ഈ പ്രക്ഷോഭമാണ് തമിഴകത്ത് ദേശീയകക്ഷികളുടെ ആധിപത്യം അവസാനിക്കാൻ മുഖ്യകാരണമായത്. '68ൽ ഡി.എം.കെ അധികാരത്തിലേറിയ ഉടൻ സംസ്ഥാനത്ത് ഹിന്ദിയെ മാറ്റിനിർത്തി തമിഴും ഇംഗ്ലീഷും മാത്രമായി ദ്വിഭാഷ വിദ്യാഭ്യാസ നയം നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര് സംസാരിക്കുന്ന ഭാഷയെന്ന നിലയില്‍ ഹിന്ദി രാഷ്ട്രഭാഷയാവണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ സി.എന്‍. അണ്ണാദുരൈ പ്രതികരിച്ചത്, അങ്ങനെയെങ്കിൽ മയിലിനുപകരം കാക്കയാവണം ഇന്ത്യയുടെ ദേശീയ പക്ഷിയെന്നാണ്. ഇതൊക്കെയാണെങ്കിലും തമിഴകത്ത് 'ദക്ഷിണഭാരത ഹിന്ദി പ്രചാര സഭ'യുടെ പ്രവർത്തനം സജീവമാണ്. ഹിന്ദി ഭാഷയോടല്ല, അതിനെ അടിച്ചേൽപിക്കുന്നതിനോടാണ് തമിഴന്റെ എതിർപ്പ്.
കേന്ദ്ര സർക്കാറിന്റെ ഹിന്ദിനയം ഏറെ പ്രതിസന്ധിയിലാക്കുന്നത് തമിഴ്നാട്ടിലെ ബി.ജെ.പി നേതൃത്വത്തെയാണ്. തീവ്ര ഹിന്ദുത്വ വികാരമുയർത്തി സ്വരൂപിക്കാൻ ശ്രമിക്കുന്ന പിന്തുണപോലും തീവ്ര ഹിന്ദിനയം മുന്നോട്ടുവെക്കുന്നതോടെ നഷ്ടമാകുമെന്ന് അവർക്കറിയാം. ആകയാൽ, ഹിന്ദി അടിച്ചേൽപിച്ചത് കോൺഗ്രസാണെന്നും അവരുമായി സഖ്യം നടത്തുന്ന ഡി.എം.കെയുടെ സമരം പുകമറ മാത്രമാണെന്നും ആരോപിക്കുന്നു തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ. യു.പി.എ ഭരണകാലത്ത് ഡി.എം.കെ, ദയാനിധി മാരനെ മന്ത്രിയായി നിയമിച്ചതിന് കാരണമായി കലൈജ്ഞർ പറഞ്ഞത്, ദയാനിധിക്കുമാത്രമേ ഹിന്ദി അറിയൂവെന്നായിരുന്നുവെന്നും അണ്ണാമലൈ ചൂണ്ടിക്കാട്ടി. ഏഴുപതിറ്റാണ്ടായി ഡി.എം.കെ തുടരുന്ന കപട രാഷ്ട്രീയനാടകത്തെ തുറന്നുകാട്ടാൻ ജില്ല ആസ്ഥാനങ്ങളിൽ പ്രക്ഷോഭങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട് ബി.ജെ.പി. എന്നാൽ, ഡി.എം.കെയെയും സ്റ്റാലിൻ സർക്കാറിനെയും നിശിതമായി വിമർശിക്കുന്ന അണ്ണാ ഡി.എം.കെയും പാട്ടാളി മക്കൾ കക്ഷിയും മറ്റും ഭാഷാപ്രശ്നത്തിൽ ജാഗ്രതയോടെയാണ് നീങ്ങുന്നത്. ഹിന്ദി അടിച്ചേൽപിക്കുന്നതിനെ പിന്തുണക്കുന്നത് സംസ്ഥാനത്തെ ജനവികാരത്തിന് എതിരാവുമെന്നത് മറ്റാരേക്കാളും അണ്ണാ ഡി.എം.കെക്ക് ബോധ്യമുണ്ട്.
ആകാശവാണിയിൽ തമിഴ്ഭാഷാ പ്രോഗ്രാമുകൾ വെട്ടിക്കുറച്ചതിനെതിരെ എം.ഡി.എം.കെ ജനറൽ സെക്രട്ടറിയും രാജ്യസഭാംഗവുമായ വൈകോ പ്രതിഷേധിച്ചതും ശ്രദ്ധേയമാണ്. 2019 ലോക്സഭ പൊതുതെരഞ്ഞെടുപ്പിലും 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും ഒരുമിച്ചുപോരാടിയ ബി.ജെ.പി-അണ്ണാ ഡി.എം.കെ സഖ്യത്തിന്റെ ഭാഗമായ പാട്ടാളി മക്കൾ കക്ഷി, ആകാശവാണി സംപ്രേഷണത്തിൽ ഏകീകൃത ഫോർമാറ്റ് കൊണ്ടുവരാനുള്ള നടപടികളെ ഹിന്ദി അടിച്ചേൽപിക്കാനുള്ള മറ്റൊരു നീക്കമായാണ് വിശേഷിപ്പിച്ചത്.
തമിഴ്നാട്ടിൽ മാത്രമല്ല അയൽ സംസ്ഥാനമായ കർണാടകയിലും ഹിന്ദി നിർബന്ധമാക്കലിനെതിരായ എതിർപ്പുകൾ ശക്തിപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ തദ്ദേശീയർക്ക് ജോലിയിൽ സംവരണം, വിദ്യാഭ്യാസത്തിൽ കന്നട നിർബന്ധമാക്കൽ തുടങ്ങിയ പ്രഖ്യാപനങ്ങൾവഴി ഹിന്ദിവിരുദ്ധ വികാരത്തെ തണുപ്പിക്കാനാണ് അവിടത്തെ ബി.ജെ.പി സർക്കാറിന്റെ ശ്രമം.