ഫാഷിസ്റ്റ് കാലത്ത് ചരിത്രത്തിന്റെ പരിമിതികൾ
ചരിത്രം, കെട്ടുകഥ എന്നീ രണ്ടു പ്രധാന സങ്കൽപങ്ങളാണ് ഈ ലേഖനത്തിൽ ചർച്ചചെയ്യുന്നത്. ചരിത്രം എന്നതിന് പല അർഥങ്ങൾ ഉണ്ടെങ്കിലും, ഈ ലേഖനത്തിൽ അത് ഉപയോഗിക്കുന്നത്, ഭൂതകാലത്തെ കുറിച്ചുള്ള അക്കാദമിക പഠനം (Disciplinary History) എന്ന അർഥത്തിൽ ആണ്. കെട്ടുകഥ എന്നത് രണ്ട് അർഥത്തിൽ ഉപയോഗിക്കുന്നു: പുരാണങ്ങളും മറ്റും ഉൾപ്പെടുന്ന മിത്തോളജി എന്ന നിലയിലും, സാഹിത്യപരമായി ഫിക്ഷൻ എന്ന നിലയിലും. ചരിത്രത്തെ കെട്ടുകഥകൾകൊണ്ട് പകരംെവച്ചാണ് സംഘ്പരിവാർ ഹിന്ദുത്വ...
Your Subscription Supports Independent Journalism
View Plansചരിത്രം, കെട്ടുകഥ എന്നീ രണ്ടു പ്രധാന സങ്കൽപങ്ങളാണ് ഈ ലേഖനത്തിൽ ചർച്ചചെയ്യുന്നത്. ചരിത്രം എന്നതിന് പല അർഥങ്ങൾ ഉണ്ടെങ്കിലും, ഈ ലേഖനത്തിൽ അത് ഉപയോഗിക്കുന്നത്, ഭൂതകാലത്തെ കുറിച്ചുള്ള അക്കാദമിക പഠനം (Disciplinary History) എന്ന അർഥത്തിൽ ആണ്. കെട്ടുകഥ എന്നത് രണ്ട് അർഥത്തിൽ ഉപയോഗിക്കുന്നു: പുരാണങ്ങളും മറ്റും ഉൾപ്പെടുന്ന മിത്തോളജി എന്ന നിലയിലും, സാഹിത്യപരമായി ഫിക്ഷൻ എന്ന നിലയിലും. ചരിത്രത്തെ കെട്ടുകഥകൾകൊണ്ട് പകരംെവച്ചാണ് സംഘ്പരിവാർ ഹിന്ദുത്വ രാഷ്ട്രീയം പ്രചരിപ്പിക്കുന്നത് എന്നും അതുകൊണ്ടുതന്നെ വസ്തുനിഷ്ഠ ചരിത്രം പ്രചരിപ്പിച്ചാണ് ഇതിനെ ചെറുക്കേണ്ടത് എന്നും ഉള്ള അഭിപ്രായത്തെ വിലയിരുത്തുകയാണ് ഈ ലേഖനത്തിൽ.
ഹിന്ദുത്വശക്തികൾ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മറ്റൊരു മുസ്ലിം പള്ളിയെ കൂടി വിവാദസ്ഥലമാക്കി ഇന്ത്യൻ പൊതുബോധത്തിൽ എത്തിച്ചു. ദിവസങ്ങൾക്കുള്ളിൽതന്നെ മാധ്യമങ്ങളുടെ സഹായത്തോടെ ഗ്യാൻവാപി പള്ളിയെ ക്ഷേത്രധ്വംസനങ്ങളെ കുറിച്ചുള്ള ഹിന്ദുത്വ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റാൻ, അവർക്കു കഴിഞ്ഞു. ബാബരി മസ്ജിദ് വിരുദ്ധ പ്രചാരണം ഒരു ദേശീയ വിഷയമാക്കാൻ വർഷങ്ങളുടെ പ്രചാരണം ആവശ്യമായിരുന്നെങ്കിൽ, ഗ്യാൻവാപിയെ മണിക്കൂറുകൾകൊണ്ട് അവർ വിവാദവിഷയമാക്കി. ബാബരി മസ്ജിദിന്റെ കാലത്തുനിന്നു വ്യത്യസ്തമായി സമൂഹമാധ്യമങ്ങളുടെ സാന്നിധ്യമാണ് ഇത്ര വേഗത്തിൽ ഇത് സാധ്യമാക്കിയതിന് പിറകിൽ ഉള്ള ഒരു കാരണം. ഇന്ത്യൻ പൊതുബോധത്തിൽ വന്ന മാറ്റമാണ് മറ്റൊരു പ്രധാന കാരണം. കൊളോണിയൽ ചരിത്രകാരന്മാരുടെ വ്യാഖ്യാനങ്ങളെ പിൻപറ്റി, മുസ്ലിം രാജാക്കന്മാരുടെ ക്ഷേത്രധ്വംസന കഥകൾ ഏതു പള്ളിയിലേക്കും വ്യാപിപ്പിക്കാവുന്ന വിധം ഇന്ന് പൊതുബോധം രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
സ്വാഭാവികമായും ഇതിനെ കുറിച്ച് വളരെ വ്യത്യസ്തമായ പ്രതികരണങ്ങളാണ് ഹിന്ദുത്വ രാഷ്ട്രീയത്തെ എതിർക്കുന്നവരിൽനിന്നും ഉണ്ടായത്. സമൂഹമാധ്യമങ്ങളിൽ പലതരത്തിൽ ഉള്ള മീമുകൾ, കുറിപ്പുകൾ എന്നിവയിലൂടെ പലരും ഇതിനെ കുറിച്ചു പ്രതികരിച്ചു. ശിവലിംഗത്തെ കുറിച്ചുള്ള നിരവധി മീമുകളിലൂടെ ഹിന്ദുത്വ പ്രചാരണത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടാൻ ആയിരുന്നു ഒരുവിഭാഗം ആളുകളുടെ ശ്രമം. ഐതിഹ്യത്തെയും കഥകളെയും ചരിത്രം എന്ന പേരിൽ അവതരിപ്പിച്ചാണ് ഹിന്ദുത്വ രാഷ്ട്രീയം ഇത് സാധ്യമാക്കിയത് എന്നാണ് ഇതിനെ കുറിച്ചുള്ള മറ്റൊരു വീക്ഷണം. ശാസ്ത്രീയ ചരിത്രത്തിലൂടെ ഇതിനെ നേരിടാം എന്നാണ് ഈ വീക്ഷണത്തിന് പിന്നിലെ അനുമാനം. മതം രാഷ്ട്രീയത്തിൽ ഇടപെട്ടാലുള്ള അപകടങ്ങളെ കുറിച്ചാണ് മറ്റു ചിലർ ആശങ്കപ്പെട്ടത്. സെക്കുലറിസത്തിന്റെ പുനഃസ്ഥാപനമാണ് അവരെ സംബന്ധിച്ചിടത്തോളം ഇതിനുള്ള പരിഹാരം. ഈ വീക്ഷണങ്ങൾ എല്ലാം തന്നെ പ്രധാനമായിരിക്കെതന്നെ അവയുടെ പരിമിതികൾ എന്തൊക്കെ എന്നതാണ് ഇവിടെ പരിശോധിക്കുന്നത്. അതിൽതന്നെ സംഘപരിവാരത്തിന്റെ രാഷ്ട്രീയം പ്രതിരോധിക്കുന്നതിൽ സെക്കുലർ/ ശാസ്ത്രീയ ചരിത്രങ്ങൾക്കുള്ള പരിമിതിയിലാണ് ഈ ലേഖനത്തിന്റെ ഊന്നൽ.
ഭൂതം, വർത്തമാനം, ഭാവി എന്നിങ്ങനെ മാത്രമായി കാലഗതിയെ കാണുന്ന നേർരേഖാ ചരിത്രം യൂറോപ്യൻ കൊളോണിയൽ കാലത്തെ പുതിയതരം അറിവുൽപാദന പ്രക്രിയകളുടെ ഭാഗമാണെന്ന് ഇന്ന് മിക്ക ചരിത്രകാരന്മാരും അംഗീകരിക്കുന്ന ഒരു കാര്യമാണ്. അത്തരമൊരു സമയസങ്കൽപത്തെ ആധാരമാക്കിയാണ്, ചരിത്രം എന്നത് ഒരു പഠനവിഭാഗമായി മാറുന്നതും, ചരിത്രകാരന്മാർ ഭൂതകാലത്തിന്റെ ഔദ്യോഗിക വക്താക്കൾ ആയി മാറുന്നതും. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ശക്തമാകുന്നതും യാന്ത്രിക വസ്തുനിഷ്ഠതാ സങ്കൽപങ്ങളിൽ അടിസ്ഥാനപ്പെടുത്തി ഉള്ളതുമായ ശാസ്ത്രത്തെ കുറിച്ചുള്ള പോസിറ്റിവിസ്റ്റ് ചിന്തകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ശാസ്ത്രീയ ചരിത്ര സങ്കൽപം ഉണ്ടായി വരുന്നത്. കൊളോണിയൽ കാലത്ത് ഇതിന്റെ പ്രതിഫലനങ്ങൾ പലതരത്തിൽ ആയിരുന്നു. ഇന്ത്യയിൽ ആദിമകാലം മുതൽതന്നെ സമയത്തെക്കുറിച്ചുള്ള സങ്കൽപം വർത്തുളവും സംഭവങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുന്ന ഒന്ന് എന്ന നിലയിലുള്ളതുമാണെന്ന് യൂറോപ്യൻ ചരിത്രകാരന്മാരും കൊളോണിയൽ ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടു. ഇതിൽനിന്നും ഇന്ത്യക്ക് എഴുതപ്പെട്ട ചരിത്രം ഇല്ല എന്നു മാത്രമല്ല, ഇന്ത്യൻ സാമൂഹികവ്യവസ്ഥ ആയിരക്കണക്കിന് കൊല്ലങ്ങളായി മാറ്റമില്ലാതെ തുടരുന്നത് ആണെന്നും കാൾ മാർക്സ് ഉൾപ്പെടെ ഉള്ളവർ വിലയിരുത്തി. അത്തരമൊരു അഭാവത്തെ നികത്തൽ തങ്ങളുടെ ഉത്തരവാദിത്തമാണ് എന്നായിരുന്നു, ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി യൂറോപ്യൻ അറിവു നിർമാണവുമായി പരിചയപ്പെട്ട ആദ്യകാല ദേശീയവാദികൾ കരുതിയിരുന്നത്. അക്കാലത്തെ യൂറോപ്യൻ ചരിത്രകാരന്മാരെയും ചരിത്രത്തെയും അനുകരിച്ച് ഇന്ത്യക്ക് ഒരു നേർരേഖാചരിത്രം ഉണ്ടാക്കുന്നതിന് അവർ ശ്രമിച്ചു. പുരാതനം, മധ്യകാലം, ആധുനികം എന്ന യൂറോപ്യൻ കാലഗണന ഇവിടെ ഹിന്ദു, മുസ്ലിം, ബ്രിട്ടീഷ് എന്ന രീതിയിൽ പുനരാഖ്യാനം ചെയ്യപ്പെട്ടു. ഇതോടുകൂടി ഹിന്ദു എന്നത് ഒരു മതമായി സങ്കൽപിക്കാൻ തുടങ്ങുകയും ഹിന്ദുക്കൾ ദേശവാസികളും മുസ്ലിംകൾ വിദേശികളും ആവുകയും ചെയ്തു.
ഇന്ത്യൻ ചരിത്രത്തെ കുറിച്ചുള്ള ഈ കൊളോണിയൽ ദേശീയ ധാരണകൾ പിന്നീട് പല ചരിത്രകാരന്മാരും ചോദ്യം ചെയ്തു. ഇന്ത്യയിൽ വർത്തുളമായ കാലത്തെക്കുറിച്ചുള്ള സങ്കൽപത്തോടൊപ്പം തന്നെ നേർരേഖാ സമയത്തെക്കുറിച്ചുള്ള സങ്കൽപവും ഉണ്ടായിരുന്നു എന്ന് പ്രശസ്ത ചരിത്രകാരി റോമില ഥാപ്പർ ചൂണ്ടിക്കാട്ടി. പുരാതന ഇന്ത്യയിൽ ആത്മീയവും മതപരവുമായ സമയം ചാക്രികമായിരിക്കെതന്നെ രാഷ്ട്രീയമായ സമയം രേഖീയമായിരുന്നു എന്ന് അക്കാലത്തെ സംസ്കൃത കൃതികളെ വിശകലനം ചെയ്ത് അവർ വാദിച്ചു. തെളിവുകൾ സ്വയം സംസാരിക്കുന്നവ അല്ല എന്നും അവയെ യുക്തിസഹമായ വ്യാഖ്യാനങ്ങളിലൂടെ വായിച്ചെടുക്കുക എന്നതാണ് ചരിത്രകാരന്മാർ ചെയ്യേണ്ടത് എന്നും ഥാപ്പർ പ്രസ്താവിച്ചു. കീഴാളപഠന പദ്ധതിയുടെ (Subaltern Studies Project) ഭാഗമായിരുന്ന ചരിത്രകാരന്മാർ കൊളോണിയൽ ദേശീയ കാല സങ്കൽപത്തെ മാത്രമല്ല ചരിത്രപഠനത്തിന്റെ രീതിശാസ്ത്രത്തെതന്നെ പുനർവ്യാഖ്യാനിച്ചു. ഔദ്യോഗികമായതോ അല്ലെങ്കിൽ ആധിപത്യം പുലർത്തിയവർ എഴുതിയതോ ആയ രേഖകൾ മാത്രമല്ല, വാമൊഴികളും ഓർമയും, അനുഭവസാക്ഷ്യങ്ങളും ഒക്കെ ചരിത്രരചനക്ക് ആധാരമാക്കാമെന്ന് ഇവർ അനുമാനിച്ചു. ഇതോടുകൂടിതന്നെ എഴുതപ്പെട്ട ചരിത്രങ്ങളിൽനിന്നും പുറത്തുനിർത്തിയ സ്ത്രീകൾ, ആദിവാസികൾ, ദലിതർ തുടങ്ങി നിരവധി സമുദായങ്ങൾക്ക് ചരിത്രത്തിലുള്ള കർത്തൃത്വം വെളിവാക്കുന്ന നിരവധി രചനകൾ എഴുതപ്പെട്ടു. കൊളോണിയൽ-ബ്രാഹ്മണ്യവാദ ചരിത്രങ്ങൾ മുസ്ലിംകളെക്കുറിച്ച് ഉണ്ടാക്കിയ വാർപ്പ് മാതൃകകളും ഇതോടൊപ്പം ചോദ്യം ചെയ്യപ്പെട്ടു.
എന്നാൽ, ചരിത്രരചനയുടെ ഉള്ളടക്കത്തെക്കുറിച്ചും രീതിശാസ്ത്രത്തെ കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങൾ പുലർത്തുമ്പോൾതന്നെ ഈ ചരിത്രകാരന്മാരെല്ലാം ചില നിഗമനങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒന്നാമതായി, ചരിത്രം കെട്ടുകഥയിൽനിന്നും വ്യത്യസ്തമാണ്. അത് ഉപന്യാസരൂപത്തിൽ (prose) എഴുതപ്പെടേണ്ട ഒന്നാണ്; പദ്യം, സംഭാഷണം, കഥ പറച്ചിൽ, ശാരീരിക അവതരണങ്ങൾ എന്ന രീതിയിൽ വിനിമയം ചെയ്യേണ്ട ഒന്നല്ല. രണ്ടാമതായി സത്യത്തെക്കുറിച്ചുള്ള ഒരു പ്രത്യേക അവകാശവാദമാണ് ചരിത്രം. അത് സ്ഥാപിക്കുന്നത് തെളിവുകളുടെ വ്യാഖ്യാനത്തിലൂടെയാണ്. രണ്ടാമതായി രാഷ്ട്രീയത്തിന്റെ ചരിത്രം നേർരേഖയിൽ ഉള്ളതും സെക്കുലറുമാണ്. ഈ നിഗമനങ്ങളുടെ അനന്തരഫലങ്ങൾ എന്താണെന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. ഈ നിഗമനങ്ങൾ അനുസരിച്ച് കൂടുതൽ കൂടുതൽ തെളിവുകളുടെ ബലത്തിൽ ഭൂതകാലത്ത് യഥാർഥത്തിൽ എന്തു സംഭവിച്ചു എന്നു വ്യാഖ്യാനിക്കലാണ് ചരിത്രകാരന്റെ ദൗത്യം. എന്താണ് തെളിവ്, വ്യാഖ്യാനം എന്നീ കാര്യങ്ങളിൽ പോസിറ്റിവിസ്റ്റ് ചരിത്രത്തിൽനിന്ന് വിടുതൽ പ്രഖ്യാപിക്കുമ്പോഴും കെട്ടുകഥയുമായി വേർപിരിയൽ തുടരുന്നതോടെ, സത്യത്തെ കുറിച്ച് പോസിറ്റിവിസ്റ്റ് ചരിത്രത്തിന് സമാനമായ അവകാശവാദം തന്നെ ഇവിടെയും ഉന്നയിക്കപ്പെടുന്നു. ഇതോടുകൂടി, വിശ്വാസം എന്നത് ചരിത്രത്തിന് പുറത്തുനിൽക്കുന്ന, സാമൂഹികപരമായി മാത്രം അന്വേഷിക്കാൻ കഴിയുന്ന ഒരു പ്രതിഭാസമായി മാറുന്നു. ഉദാഹരണത്തിന് ഈ സങ്കൽപം അനുസരിച്ച് മരിച്ചുപോയവരുടേത് ഭൂതകാലമാണ്. അവർ വർത്തമാനത്തിൽ ഇടപെടുന്നുണ്ടെങ്കിൽ, അത് ജീവിച്ചിരിക്കുന്നവരുടെ ഓർമകൾ ആയോ അവർ സൃഷ്ടിക്കുന്ന കഥകളിലെ കഥാപാത്രമായോ ആണ്. അവർക്ക് വർത്തമാനത്തിൽ നേരിട്ട് ഇടപെടാനുള്ള കർത്തൃത്വം ഇല്ല. മരിച്ചവർ നേരിട്ട് വർത്തമാനത്തിൽ ഇടപെടുന്നു എന്നു ആരെങ്കിലും വിശ്വസിക്കുന്നു എങ്കിൽ ആ വിശ്വാസത്തെക്കുറിച്ച്, അല്ലെങ്കിൽ വിശ്വാസിയെക്കുറിച്ച് പരിശോധിക്കാം എന്നല്ലാതെ ആ വിശ്വാസം തന്റെ രചനയിൽ ഏറ്റെടുക്കാൻ ചരിത്രകാരിക്ക് കഴിയില്ല. അതുപോലെ തന്നെ കലണ്ടർ ബന്ധിതമായ നേർരേഖാ കാലഗണനയിലും പോസിറ്റിവിസ്റ്റ് ചരിത്രത്തിന്റെ അതേ കാലസങ്കൽപംതന്നെയാണ് ഇവിടെയും തുടരുന്നത്. ഉദാഹരണത്തിന്, ഇന്ത്യ ചരിത്രത്തിൽ ഹിന്ദു, മുസ്ലിം, ബ്രിട്ടീഷ് എന്ന രീതിയിൽ കാലഘട്ടങ്ങളെ രേഖപ്പെടുത്തുന്നതിനെ ചോദ്യം ചെയ്യുന്ന ചരിത്രങ്ങൾതന്നെ ബി.സി.ഇ (Before Common Era), എ.സി.ഇ (After Common Era) എന്നിങ്ങനെ ഉള്ളതും കലണ്ടർ അടിസ്ഥാനമാക്കി ഉള്ളതുമായ നേർരേഖാ കാലത്തിൽ സംഭവങ്ങളെ രേഖപ്പെടുത്തുന്നു.
ഇത്തരം ഒരു ചരിത്രത്തിന്റെ മാനദണ്ഡങ്ങൾക്ക് പുറത്താണ് ഭൂരിപക്ഷം ജനങ്ങളുടെയും ഭൂതകാലവുമായി ഉള്ള ഇടപെടൽ. ഒരു അർഥത്തിൽ റോമില ഥാപ്പർ പുരാതന ഇന്ത്യയെക്കുറിച്ച് പറഞ്ഞത് വർത്തമാനകാലത്തിനും ബാധകമാണ്. ഇവിടെ നേർരേഖാ കാലവും വർത്തുളമോ പിരിയനോ (spiral) ആയ കാലങ്ങളും കൂടിക്കലർന്നാണ് പൊതുവായുള്ള കാലസങ്കൽപങ്ങൾ രൂപപ്പെടുന്നത്. എന്നാൽ ഥാപ്പർ പറയുന്നതുപോലെ, ഇത് രണ്ടും വ്യത്യസ്ത മേഖലകളിൽ അല്ല സ്ഥിതിചെയ്യുന്നത്. ഉദാഹരണത്തിന്, വിശ്വാസത്തിന്റെ കാലം വർത്തുളം, രാഷ്ട്രീയത്തിന്റേത് നേർരേഖ എന്ന ഒരു വേർതിരിവ് ഇവിടെ ഇല്ല. അതുകൊണ്ടുതന്നെ അക്കാദമിക് ചരിത്രങ്ങൾക്ക് ഈ മേഖലയിൽ (പ്രത്യേകിച്ചും രാഷ്ട്രീയത്തിൽ) ഇടപെടാൻ ഉള്ള കഴിവ് വളരെ പരിമിതമാണ്. യഥാർഥ ചരിത്രം തങ്ങൾ എഴുതുന്നതാണെന്നും, ആ ചരിത്രം ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കലാണ് വ്യാജ ചരിത്രനിർമിതിക്ക് എതിരായ പ്രവർത്തനം എന്നുമാണ് സംഘ്പരിവാർ വിരുദ്ധ ചരിത്രകാരന്മാർ കരുതുന്നത്. അക്കാദമിക് ചരിത്രം ഒരു വിദഗ്ധ അറിവ് എന്നനിലയിൽ രൂപപ്പെട്ട് അതിന്റെ ലഘൂകരിക്കപ്പെട്ട പതിപ്പുകൾ ജനങ്ങളിൽ എത്തിക്കുക എന്ന തരത്തിലാണ് ചരിത്രകാരന്മാരുടെ രാഷ്ട്രീയത്തെ ഇവിടെ സങ്കൽപിക്കുന്നത്. ഇതിലെ ഏറ്റവും പ്രധാന പ്രശ്നം ഭൂതകാലവുമായുള്ള ശരിയായ ഇടപെടൽ ചരിത്രത്തിലൂടെ മാത്രമേ സാധ്യമാകൂ എന്നും, അല്ലാത്തതരം ഇടപെടലുകളാണ് സംഘ്പരിവാർ രാഷ്ട്രീയത്തെ സഹായിക്കുന്നത് എന്നുമുള്ള സങ്കൽപമാണ്. ഇത് അറിവിനെക്കുറിച്ചുള്ള സങ്കൽപത്തിലും രാഷ്ട്രീയത്തെക്കുറിച്ചുള്ള സങ്കൽപത്തിലുമുള്ള പ്രശ്നംകൂടിയാണ്. അറിവുകൾ വൈവിധ്യമായ രീതിശാസ്ത്രത്തിലൂടെ രൂപപ്പെടുന്നു എന്നും വിവിധ രൂപത്തിലും ഭാവത്തിലും ഉപഭോഗം ചെയ്യപ്പെടുന്നു എന്നും അവയിൽ ഏതെങ്കിലും ഒന്നിനുമാത്രം ആധികാരികതയില്ല എന്നും മനസ്സിലാക്കുന്നതിന് മേൽപറഞ്ഞ സങ്കൽപങ്ങൾ തടസ്സമാണ്. ഭാവിയിൽ ഒരു നല്ല സമൂഹം കെട്ടിപ്പടുക്കുന്നതിന് ഇന്ന് ചെയ്യുന്ന പ്രവൃത്തിയായി രാഷ്ട്രീയത്തെ കാണുന്നതും ഇതിന്റെ ഭാഗമാണ്.
സംഘ്പരിവാർ ഭൂതകാലവുമായി എങ്ങനെയാണ് ഇടപെടുന്നതെന്ന് ആദ്യം പരിശോധിക്കാം. ചരിത്രത്തെ തെറ്റായി വ്യാഖ്യാനിച്ച് അല്ലെങ്കിൽ വ്യാജ ചരിത്രം നിർമിച്ച് എന്നതാണ് ഏറ്റവും ലളിതമായ ഉത്തരം. ഈ ചരിത്രത്തിന്റെ മൂലകഥ ഇന്ന് പ്രചുരപ്രചാരമുള്ള, മുമ്പേ തീരുമാനിക്കപ്പെട്ട ഒരു ആഖ്യായികയാണ്. ഇതിൽ ഇന്ത്യൻ ദേശരാഷ്ട്രമാണ് നായകൻ. ആ നായകന്റെ ചരിത്രം ഹിന്ദു സുവർണകാലത്തിന്റെയും വിദേശ (മുസ്ലിം, ബ്രിട്ടീഷ്) ആക്രമണത്തിലൂടെ നടന്ന ആ സുവർണകാലത്തിന്റെ തകർച്ചയുടെയും ചരിത്രമാണ്. ഈ മൂലകഥക്ക് ചേരുന്ന കഥാപാത്രങ്ങളെയും കഥാ സന്ദർഭങ്ങളെയും തുടർച്ചയായി സൃഷ്ടിച്ചുകൊണ്ടിരിക്കുക എന്നതാണ് സംഘ്പരിവാർ ചെയ്തുകൊണ്ടിരിക്കുന്നത്. ഈ മൂലകഥ സൃഷ്ടിക്കുന്നതിൽ അക്കാദമിക് ചരിത്രകാരന്മാർക്ക് പങ്കുണ്ടെങ്കിലും അത് പ്രചുരപ്രചാരം നേടിയത് ദേശീയ സ്വാതന്ത്ര്യ സമരത്തിലൂടെയാെണന്നത് പ്രധാനമാണ്. ചരിത്ര വിദഗ്ധർക്കിടയിൽ ഈ ചരിത്രത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കപ്പെടുന്നത് ചരിത്രനിർമിതിയുടെ നിയമങ്ങൾപാലിക്കാത്തതുകൊണ്ട് ഇത് വ്യാജ ചരിത്രമാണ് എന്ന രീതിയിലാണ്. എന്നാൽ, ഇത്തരം ചരിത്രം നിർമിക്കുന്നവർ മാത്രമല്ല അതിന്റെ ഉപഭോക്താക്കളും അത്തരം നിയമങ്ങളെ ഗൗനിക്കുകയോ അതിൽ വിശ്വസിക്കുകയോ ചെയ്യുന്നില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ 'ചരിത്രപരമായ വസ്തുത' അല്ല 'ചരിത്ര പ്രതീതി' ആണ് ഇവിടെ മാനദണ്ഡം. ചുരുക്കത്തിൽ അക്കാദമിക ചരിത്രവും സംഘ് ചരിത്രവും ഒരേ മാനദണ്ഡങ്ങൾ ഉപയോഗിച്ച് താരതമ്യംചെയ്യാൻ ആകില്ല എന്നതാണ് ഇവിടത്തെ പ്രശ്നം. അതുകൊണ്ടുതന്നെ ഈ വ്യാജചരിത്രങ്ങൾ വസ്തുതാപരം അല്ല എന്നു വീണ്ടും വീണ്ടും തെളിയിക്കുന്നതിൽ പ്രത്യേകിച്ച് ഫലമൊന്നുമില്ല. മാത്രവുമല്ല, ചരിത്രരചനയിൽ വ്യത്യസ്ത വ്യാഖ്യാനങ്ങൾക്ക് പ്രസക്തിയുണ്ടെന്ന് അംഗീകരിക്കുന്നതോടെ, സംഘ്പരിവാർ വ്യാഖ്യാനം എന്തുകൊണ്ട് അംഗീകരിക്കാൻ ആവില്ല എന്നത് ചരിത്രരചനാ നിയമങ്ങൾക്കും രീതിശാസ്ത്രത്തിനും പുറത്തുെവച്ച് വിശദീകരിക്കേണ്ടിവരും. അതല്ലെങ്കിൽ, തെളിവുകൾ വ്യാഖ്യാനങ്ങളുടെ സഹായം ഇല്ലാതെതന്നെ സ്വയം സംസാരിക്കും എന്ന പോസിറ്റിവിസ്റ്റ് സമീപനം സ്വീകരിക്കേണ്ടി വരും. ഗൗരവമായി ചരിത്ര രചനയെ സമീപിക്കുന്ന ആരും ഇന്ന് അത്തരം ഒരു പോസിറ്റിവിസ്റ്റ് സമീപനം കൈക്കൊള്ളുമെന്നു തോന്നുന്നില്ല. കൂടാതെ ഹിന്ദുത്വ ചരിത്രരചനകൾ ലക്ഷ്യം വെക്കുന്നത് മിക്കവാറും വിദഗ്ധ വായനക്കാരനെയല്ല, 'സാധാരണ' വായനക്കാരനെയാണ്. ഇതിനെ വിമർശിക്കുന്ന ചരിത്രരചനയാകട്ടെ സാധാരണ വായനക്ക് അപ്രാപ്യവുമാണ്. സംഘ്പരിവാർ ചരിത്രരചനയെ ഫലപ്രദമായി എതിർക്കുന്നതിന് അക്കാദമിക ചരിത്ര മേഖലയിലെ വിമർശനങ്ങൾ പര്യാപ്തമാകാത്തത് എന്തുകൊണ്ട് എന്നതിനുള്ള ഉത്തരം മേൽപറഞ്ഞ വിശദീകരണത്തിൽനിന്നും ഊഹിക്കാം. ഭൂതകാലത്തെ കുറിച്ചുള്ള ഒരു സവിശേഷ അറിവ് നിർമാണരീതി എന്ന നിലയിൽ ചരിത്രത്തിന് പ്രസക്തിയില്ല എന്നല്ല പറഞ്ഞുവരുന്നത്. അത്തരം ഒരു അറിവിന് ഫാഷിസ്റ്റ് കാലത്തെ രാഷ്ട്രീയത്തിൽ വളരെ പരിമിതമായ പേങ്ക വഹിക്കാമുള്ളൂ എന്നതാണ്.
സംഘ്പരിവാർ ചരിത്രം ആസ്പദമാക്കുന്ന (ഹിന്ദു ദേശരാഷ്ട്രം നായകനും വിദേശ മുസ്ലിം അധിനിവേശം വില്ലനും ആയ) മൂലകഥയെ പൊതുബോധത്തിൽ എങ്ങനെ ചോദ്യംചെയ്യും എന്നതാണ് ഏറ്റവും ആദ്യമായി ഉന്നയിക്കേണ്ട ചോദ്യം. ഈ മൂലകഥ പാഠപുസ്തകങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനെ കുറിച്ച് ചർച്ചകൾ ധാരാളം ഉണ്ടാകുന്നുണ്ട്. സാമൂഹിക രാഷ്ട്രീയ പ്രവർത്തനത്തിലൂടെ, അമർചിത്രകഥകളിലൂടെ, സമൂഹമാധ്യമങ്ങളിലൂടെ, സിനിമകളിലൂടെയൊക്കെ കൂടിയാണിത് പ്രചാരം നേടുന്നതും പുനരുൽപാദിപ്പിക്കപ്പെടുന്നതും എന്നതും പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, പലപ്പോഴും ഈ കഥയുടെ അവതരണത്തെ വിമർശിക്കുന്നത് ബദൽ കഥകൾ കൊണ്ടല്ല, ഈ കഥകളിൽ പറയുന്ന ചരിത്രത്തിന്റെ വാസ്തവവിരുദ്ധതയെ ചോദ്യംചെയ്താണ്. ഒരു കഥ അല്ലെങ്കിൽ സിനിമ വായനക്കാരിൽ/കാണിയിൽ ഉണ്ടാക്കുന്ന അവബോധത്തെ ആ കഥയുടെയോ സിനിമയുടെയോ വിമർശനത്തിലൂടെ മാറ്റാമെന്ന ധാരണയിൽനിന്നാണ് ഈ പ്രതികരണം ഉണ്ടാകുന്നത്. ഉദാഹരണത്തിന് പദ്മാവത്, പൃഥ്വിരാജ് തുടങ്ങിയ സിനിമകൾ ജനങ്ങളിലേക്ക് പകരുന്നത് ദേശത്തിന്നുവേണ്ടി പോരാടുന്ന ഹിന്ദുവും അതിനെതിരെ നിൽക്കുന്ന വിദേശിയും ആക്രമിയുമായ മുസ്ലിമും എന്ന മൂലകഥയുടെ അതേ മതിപ്പാണ്. ആ സിനിമകൾ ചരിത്രത്തോടു നീതിപുലർത്തുന്നില്ല എന്ന വിമർശനം കാണിയെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ല, ദേശസ്നേഹമാണ് ഇവിടെ ഇന്ദ്രിയവത്കരിക്കപ്പെടുന്നതും ആസ്വദിക്കപ്പെടുന്നതും. അത്തരം ആസ്വാദനപ്രക്രിയയിൽ ഇടെപടുന്നതിൽ ചരിത്രവസ്തുതകൾക്കുള്ള പങ്ക് തുലോം കുറവാണ്. ചിന്തയെയും വികാരത്തെയും വേർതിരിക്കുകയും ആശയങ്ങളെ ഇന്ദ്രിയാനുഭവങ്ങളുടെ ലോകത്തുനിന്നും മാറ്റിനിർത്തി യുക്തിഭദ്രതയുടെ വരണ്ട ഭൂമികയിൽ പ്രതിഷ്ഠിക്കുകയും ചെയ്യുന്നതോടെ, ചരിത്രം എന്നത് 'ആസ്വദിക്കപ്പെടാൻ' സാധ്യതയില്ലാത്ത 'മനസ്സിലാക്കപ്പെടാൻ' മാത്രം കഴിയുന്ന ഒന്നായി മാറുന്നു. എന്നാൽ കെട്ടുകഥകൾ ഈ രണ്ടു പ്രക്രിയയെയും വേർതിരിക്കാതെ, ആശയങ്ങൾ കൈമാറുന്നു. ഇങ്ങനെയിരിക്കെ നേരത്തേ സൂചിപ്പിച്ച ദേശത്തെ ആസ്പദമാക്കിയുള്ള അല്ലെങ്കിൽ ദേശത്തിനു പകരം മറ്റു സമയസ്ഥലങ്ങൾ ഭാവനയിൽ കാണുന്ന ബദൽ കെട്ടുകഥകൾ, കഥപറച്ചിലുകൾ എങ്ങനെ സംവേദനം ചെയ്യാം എന്നുള്ളതാണ് ഇന്നത്തെ വെല്ലുവിളി. കഥക്ക് ബദൽ മറ്റൊരു കഥ എന്നത് വളരെ പ്രധാനമാണ്. എന്നാൽ അതിലുമപ്പുറം കഥയെയും ചരിത്രത്തെയും തീർത്തും വ്യത്യസ്തമായ രണ്ട് ഗണങ്ങളായി കണക്കാക്കാത്ത ബദൽ രൂപങ്ങളെ (format) കുറിച്ചുകൂടി ആലോചിച്ചുകൊണ്ടു മാത്രമേ വ്യാജചരിത്ര നിർമിതിയെ നേരിടാൻ ആവൂ.
ചരിത്രം വർത്തമാനത്തെ എത്ര മാത്രം ന്യായീകരിക്കുന്നുണ്ട് എന്നതാണ് അടുത്ത ചോദ്യം. ചരിത്രപരമായി സംഭവിച്ച തെറ്റുകളെ തിരുത്തുകയാണ് തങ്ങൾ ചെയ്യുന്നത് എന്നതാണ് സംഘ്പരിവാറിന്റെ ഒരു അവകാശവാദം. ഉദാഹരണത്തിന് മുഹമ്മദ് ഗസ്നി മുതൽ ഔറംഗസേബ് വരെയുള്ള ഭരണാധികാരികൾ അമ്പലങ്ങൾ തകർത്ത് പള്ളികൾ പണിതു എന്നും അതെല്ലാം തിരിച്ചുപിടിക്കണമെന്നും ഉള്ളത് ഇവരുടെ പ്രധാനപ്പെട്ട ഒരു അവകാശവാദമാണ്. ഇതിൽ ബാബരി മസ്ജിദ് തകർത്ത് അമ്പലം പണിയുന്നതിൽ അവർ വിജയിക്കുകയും ചെയ്തു. കോടതി, പട്ടാളം, കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങൾ എന്നിവക്ക് ഇതിനുള്ള പങ്ക് വ്യക്തമാണ്. എന്നാൽ, ഇത്തരം ഒരു ഫാഷിസ്റ്റ് ആക്രമണത്തിന് എങ്ങനെയാണ് പൊതുജന പിന്തുണ ലഭിക്കുന്നത്, അതിൽ സംഘ്പരിവാർ ചരിത്രത്തിന്റെ പങ്കെന്ത് എന്ന ചോദ്യവും വളരെ പ്രധാനപ്പെട്ടതാണ്. ഇവിടെ പുരാണ കഥാപാത്രമായ ശ്രീരാമൻ അയോധ്യയിൽ ജനിച്ചു എന്ന വിശ്വാസം ചരിത്രപരമായി തെളിയിക്കുന്നതിനോ ബോധ്യപ്പെടുത്തുന്നതിനോ വേണ്ടിയുള്ള ശ്രമമല്ല ഉണ്ടായത്. ശ്രീരാമനെ ദേശീയ ഹിന്ദു ദേശീയതയുടെ പ്രതീകം ആക്കുകയും അതിനെ ഇസ്ലാം ഭരണാധികാരിയായ ബാബർക്ക് വിരുദ്ധമായി പ്രതിഷ്ഠിക്കുകയും ചെയ്താണ് ജനങ്ങളെ സംഘടിപ്പിച്ചത്. അതുകൊണ്ടുതന്നെ ശ്രീരാമൻ ചരിത്രപുരുഷൻ അല്ല പുരാണ കഥാപാത്രം ആണെന്ന വാദമോ, ബാബർ യഥാർഥത്തിൽ അമ്പലം പൊളിച്ചാണോ പള്ളി പണിതത് എന്ന ചോദ്യമോ, ഈ സംഘാടനത്തിന് വെല്ലുവിളിയായില്ല. ആവർത്തിച്ചു പറഞ്ഞാൽ ഹിന്ദു ദേശീയ വികാരത്തിന് ബദലായ വികാര-വിചാരമായി മാറുന്നതിന് ചരിത്രം സഹായകമായില്ല എന്നർഥം. ബാബരി മസ്ജിദിന് അടിയിൽ ക്ഷേത്രത്തിന്റെ അവശിഷ്ടമല്ല ഉള്ളതെന്നു തെളിയിക്കാൻ പുരാവസ്തു ഗവേഷകർക്ക് ആയെങ്കിലും ആ ശ്രമത്തിനും പ്രത്യേക ഫലമൊന്നും ഇല്ലാതിരുന്നതിന് കാരണവും ഇതുതന്നെയാണ്. കോടതികളിൽപോലും വസ്തുനിഷ്ഠ ചരിത്രത്തിന് പ്രത്യേക സ്വാധീനമൊന്നും ഉണ്ടാക്കാൻ ആയില്ല. എന്നാൽ, ഇതിനെ യഥാർഥ ചരിത്രത്തിന് മുകളിൽ പുരാണത്തിനും കെട്ടുകഥക്കും ഉണ്ടായ വിജയം എന്ന രീതിയിൽ അല്ല മറിച്ച് ബദലായ പുരാണങ്ങളും കെട്ടുകഥകളും ഉണ്ടായിരുന്നില്ല എന്ന നിലയിലാണ് വായിക്കേണ്ടത്.
ഇവിടെയാണ് ചരിത്രം ന്യായീകരണമാവുന്നതിനെ കുറിച്ച് വീണ്ടുവിചാരം ആവശ്യമായി വരുന്നത്. ഭൂതം കാരണവും, വർത്തമാനം അതിന്റെ ഫലവും ആണ് എന്ന രീതിയിൽ കാലത്തെ മനസ്സിലാക്കുമ്പോൾ ആണ് ഇന്നിനെ ഇന്നലെയുടെ തുടർച്ചയായി കണക്കാക്കുന്നത്. ബാബർ അമ്പലം പൊളിച്ചാണ് പള്ളി പണിതതെങ്കിൽ, ബാബരി മസ്ജിദ് തകർത്തത് ന്യായീകരിക്കാം എന്ന നിഗമനത്തിൽ എത്തുന്നത് ഇത്തരം ഒരു കാലഗണനയിലാണ്. അതുപോലെതന്നെ ഇന്ന് ജീവിക്കുന്ന മുസ്ലിംകൾ നൂറ്റാണ്ടുകൾ മുമ്പുള്ള മുസ്ലിം ഭരണാധികാരികൾ ചെയ്ത കാര്യങ്ങൾക്കെല്ലാം ഉത്തരവാദികളാണ് എന്ന വിശ്വാസവും ഇതിൽനിന്നുതന്നെയാണ് രൂപം കൊള്ളുന്നത്. ന്യായത്തിനും അന്യായത്തിനും ചരിത്രപരമായ തുടർച്ചയുണ്ട് എന്ന വിശ്വാസം പലപ്പോഴും പുരോഗമന രാഷ്ട്രീയത്തിന്റെകൂടി ഭാഗം ആകാറുണ്ട്; മറ്റൊരുതരത്തിൽ പറഞ്ഞാൽ തുടർച്ച എന്നത് എപ്പോഴും ചരിത്രത്തിന്റെ സ്വഭാവമാണെന്ന വിശ്വാസം. ഉദാഹരണത്തിന് കേരളത്തിൽ നടന്ന കീഴാള സാമൂഹിക പരിവർത്തന പ്രക്ഷോഭങ്ങളിൽ പ്രത്യേക പങ്കൊന്നും ഇല്ലെങ്കിലും, അതിന്റെ ആശയങ്ങളുമായി പ്രത്യേക യോജിപ്പ് ഒന്നും ഇല്ലെങ്കിലും, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ അവയുടെ തുടർച്ചയാണെന്ന വാദം തുടർച്ചയെ കുറിച്ചുള്ള ഈ സങ്കൽപത്തിൽ നിന്നാണ് ഉണ്ടാകുന്നത്. കാലത്തിലുള്ള വിച്ഛേദങ്ങളെ കാണാൻ ഇത് തടസ്സമാകുന്നു. ഇന്ന് ജാതി അതിക്രമങ്ങളുണ്ട് എന്നു പറയുന്നതിനെക്കാൾ ആയിരക്കണക്കിന് കൊല്ലങ്ങളായി ജാതി അതിക്രമം നടക്കുന്നു എന്നു പറയുമ്പോൾ അതിന് കൂടുതൽ വിശ്വാസ്യത കൈവരിക്കുന്നതും തുടർച്ചക്ക് സമൂഹത്തിലുള്ള പ്രാധാന്യം കൊണ്ടാണ്.
സ്വതന്ത്ര ഇന്ത്യയെയും ഭരണഘടനയെയും ഇന്ത്യൻ സംസ്കാരത്തിന്റെ തുടർച്ചയായി കാണാനാണ് നെഹ്റു അടക്കമുള്ള ദേശീയ നേതാക്കൾ ശ്രമിച്ചത്. പഴമയിൽനിന്നു വിട്ടുപോരാനും പുതിയത് സൃഷ്ടിക്കാനും ഉള്ള നിരവധി പ്രവൃത്തികൾക്ക് തുടക്കം കുറിച്ചപ്പോഴും അവയെ പഴയതിന്റെ തുടർച്ചയായി വ്യാഖ്യാനിക്കാൻ നെഹ്റു ശ്രമിച്ചു. അണക്കെട്ടുകൾ പുതിയ അമ്പലങ്ങളാണെന്ന നെഹ്റുവിന്റെ സുപ്രസിദ്ധമായ വ്യാഖ്യാനം ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. എന്നാൽ, പഴമയിൽനിന്നുള്ള സമ്പൂർണ വിച്ഛേദമായി ഭരണഘടനയെ മാറ്റാനാണ് അംബേദ്കർ ശ്രമിച്ചത്. ഈ വിച്ഛേദനത്തിന്റെ ആവശ്യം ബോധ്യമാക്കാനുള്ള അന്വേഷണമാണ് അംബേദ്കറുടെ ചരിത്രരചനകൾ എല്ലാം. വസ്തുനിഷ്ഠ ചരിത്രത്തിന്റെ അളവുകോലിൽ അതിനെ വിലയിരുത്തിയാൽ ആ ചരിത്രത്തിൽ പല പ്രശ്നങ്ങളും കാണും. എന്നാൽ, തികച്ചും പുതിയ ഒരു സമൂഹം വർത്തമാന കാലത്ത് നിർമിക്കാൻ, തുടർച്ചയല്ല വിടുതിയാണ് ആവശ്യമെന്ന് അംബേദ്കർ ഉറച്ചു വിശ്വസിച്ചു. അതുകൊണ്ടാണ് സാമൂഹിക വിപ്ലവം ഇല്ലാത്ത രാഷ്ട്രീയ വിപ്ലവം ജാതിമർദനത്തിന്റെ കാര്യത്തിൽ ഒരു തുടർച്ച മാത്രമാകുമെന്ന് അദ്ദേഹം കരുതിയത്. അതുപോലെതന്നെ ആരാധനാലയങ്ങളുടെ കാര്യങ്ങളിൽ എല്ലാ അവകാശവാദങ്ങളും 1947 ആഗസ്റ്റ് 15ന്റെ തൽസ്ഥിതിയിൽ ആയിരിക്കുമെന്ന നിയമം ഉണ്ടാക്കുന്നത്, അതുവരെയുള്ള ചരിത്രത്തിൽനിന്നും വിച്ഛേദം നേടുന്നതിനാണ്. ബാബരി മസ്ജിദിന്റെ കാര്യത്തിൽ ഇത് മറികടന്നുകൊണ്ട് ചരിത്രപരമായ തുടർച്ച ഉണ്ടാക്കുകയാണ് സുപ്രീംകോടതി ചെയ്തത്.
ചരിത്രത്തിന് തുടർച്ചകൾ ഇല്ല എന്നല്ല ഇതിനർഥം. ഉദാഹരണത്തിന് കൊളോണിയൽ കാലഘട്ടത്തിലെ നിയമാവലികൾ സ്വതന്ത്ര ഇന്ത്യയിലും അതുപോലെ തുടരുന്നുണ്ട്. ഇന്നുള്ള അറിവുൽപാദന സ്ഥാപനങ്ങൾ കൊളോണിയലിസത്തിന്റെ തുടർച്ചയാണ്. കൊളോണിയലിസംതന്നെ തുടർച്ചകളും വിച്ഛേദങ്ങളും കൂടിക്കലർന്നതാണ്. പക്ഷേ, തുടർച്ച എന്ന പ്രക്രിയ ഒരു ന്യായീകരണം ആകുമ്പോഴാണ് പ്രശ്നം. അത് മാറ്റത്തിന് തടസ്സമാവുകയും അധികാര ബന്ധങ്ങളെ ഉറപ്പിക്കുകയും ചെയ്യുന്നു. അതിലുപരി, തുടർച്ചയില്ലാത്തതെല്ലാം ആധികാരികത ഇല്ലാത്തതാണെന്ന ഒരു നിഗമനത്തിനും ഇത് കാരണമാകുന്നു. ഔറംഗസേബ് ക്ഷേത്രം പൊളിച്ചാണോ ഗ്യാൻവാപി പള്ളി പണിതത് എന്ന ചോദ്യം ഉന്നയിക്കുന്നതോട് കൂടി സംഘ്പരിവാർ അതിന്റെ ആദ്യത്തെ യുദ്ധം വിജയിച്ചുകഴിഞ്ഞു. ആ ചോദ്യം പ്രസക്തമല്ലെന്നും, അങ്ങനെയാണെങ്കിൽപോലും ഭരണഘടന എന്ന വിച്ഛേദം കണക്കിലെടുത്ത്, അവിടെ തൽസ്ഥിതി തുടരണം എന്നുമാണ് ജനാധിപത്യപരവും നിയമപരവുമായുള്ള വാദമായി മാറേണ്ടത്. ഓർമകൾ മാത്രമല്ല, മറവിയും ജീവിതത്തെ സംബന്ധിച്ച് അതിപ്രധാനമാണെന്ന് നീത്ഷെ ഓർമിപ്പിക്കുന്നു. മറവിയില്ലാത്ത വ്യക്തിക്കോ സമൂഹത്തിനോ ആരോഗ്യകരമായി ജീവിക്കാൻ ആകില്ല. തന്നെയുമല്ല ഓർമകൾതന്നെ തുടർച്ചക്കുവേണ്ടിയുള്ള ന്യായീകരണമാകണമെന്നില്ല. ഉദാഹരണത്തിന് പ്രത്യക്ഷരക്ഷാ ദൈവസഭ മുൻകാല അടിമജീവിതത്തെ ഓർമിപ്പിക്കുന്ന ചടങ്ങുകൾ എല്ലാ കൊല്ലവും നടത്താറുണ്ട്. ഈ ഓർമപ്പെടുത്തൽ തുടർച്ചക്കുവേണ്ടിയുള്ള വാദമല്ല, വിടുതിയുടെ പ്രസക്തി ഊന്നിപ്പറയുന്ന ഒന്നാണ്.
ഭൂതകാലവുമായുള്ള പലതരം ഇടപെടലുകളിൽ ഒന്ന് മാത്രമാണ് അക്കാദമിക് ചരിത്രം എന്നതും മറ്റുതരം ഇടപെടലുകൾക്ക് ആധികാരികത കുറവില്ലെന്നും പറയുന്നത് സംഘ്പരിവാറിനെ സഹായിക്കുമെന്ന ഭയം എല്ലാവർക്കുമുണ്ട്. എന്നാൽ, ചരിത്രം അല്ല കെട്ടുകഥകളുടെ വിനിമയ ആസ്വാദനശേഷിയാണ് സംഘ്പരിവാർ സൃഷ്ടിക്കുന്ന ഭൂതകാലത്തിന് സ്വീകാര്യത ഉണ്ടാക്കുന്നത് എന്നതുകൊണ്ട് ആ ഭൂമികയിൽതന്നെ അതിനെ ചെറുക്കുക എന്നതായിരിക്കും കൂടുതൽ ഫലപ്രദമെന്നു വേണം അനുമാനിക്കാൻ. രണ്ടാമതായി, കെട്ടുകഥ ചരിത്രമാണെന്ന് അവർ വാദിക്കുന്നത്, ചരിത്രത്തിന് ഭൂതകാലത്തിൽ ഇടപെടാനുള്ള ആധികാരിക സ്ഥാനം നൽകുന്നതുകൊണ്ടാണ്. അറിവിന്റെ കുത്തകശാസ്ത്രത്തെ ഏൽപിക്കുമ്പോൾ എല്ലാം ശാസ്ത്രീയമാണെന്ന് വാദിക്കുന്നതുപോലെതന്നെയാണിത്. ഒന്നിനെ തെറ്റോ ശരിയോ ആക്കുന്നത് ഈ ആധികാരികതയല്ല എന്നും ജനാധിപത്യം, തുല്യത, വ്യത്യാസങ്ങളുടെ സഹവർത്തിത്വം തുടങ്ങി നമ്മുടെ ഭരണഘടനയിൽ പറയുന്ന മൂല്യങ്ങൾ അനുസരിച്ചുള്ള വിലയിരുത്തലാണെന്നുമുള്ള കെട്ടുകഥയുടെ പ്രചാരണമാണ് ഫാഷിസ്റ്റ് രാഷ്ട്രീയത്തെ ചെറുക്കുന്നതിനുള്ള ആദ്യപടി.