കുടിയേറ്റക്കാർ മാറ്റിയെഴുതിയ ഫ്രഞ്ച് ഫുട്ബാളും ഇനിയും ദഹിക്കാത്ത തീവ്രവലത് പക്ഷവും
കുടിയേറ്റക്കാർ ഫ്രഞ്ച് ഫുട്ബാളിനെ എങ്ങനെയാണ് സ്വാധീനിച്ചത്?. ഫ്രാൻസിലെ തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന് അത് രസിക്കുന്നുണ്ടോ? - വിശകലനം
ജൂലൈ 12, 1998. ചരിത്രത്തിലാദ്യമായി ഫ്രാൻസ് ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടു. റൊണാൾഡോ, റിവാൾഡോ, റോബർട്ടോ കാർലോസ് എന്നിവരടങ്ങുന്ന ബ്രസീലിന്റെ വിഖ്യാത നിരയെയാണ് പാരിസിൽ നടന്ന ഫൈനലിൽ ഫ്രാൻസ് തകർത്തുവിട്ടത്. കിരീട വിജയം ആഘോഷിക്കാൻ പാരിസിലെ വിഖ്യാതമായ ഷോസെലീസെ (Champs lysées) അവന്യൂവിൽ ആരാധകർ ഒരുമിച്ചുകൂടി. മേഴ്സി സിസോയെന്ന് അവർ സ്നേഹപൂർവ്വം വിളിക്കുന്ന സിദാന്റെ കൂറ്റൻ ചിത്രങ്ങളും 'സിദാനെ പ്രസിഡന്റ്' എന്നെഴുതിയ ബാനറുകളും ആഘോഷത്തിൽ നിറഞ്ഞു.
ആഫ്രിക്കൻ അറബ് രാജ്യമായ അൾജീരിയയിൽ നിന്നും എത്തിയ രണ്ടാംതലമുറ കുടിയേറ്റ കുടുംബത്തിൽ നിന്നായിരുന്നു സിദാന്റെ വരവ്. തൊഴിലാളി മേഖലയായ മാഴ്സെയിലായിരുന്നു സിദാന്റെ കുടുംബം പുതുജീവിതം കെട്ടിപ്പടുത്തത്. അർമീനിയ, ഘാന, സെനഗാൾ, ഗ്വഡലെപ ( Guadeloupe) അടക്കമുള്ളവിടങ്ങളിൽ നിന്നുള്ളവരും ആ ഫ്രഞ്ച് ടീമിൽ അടങ്ങിയിരുന്നു. മഹത്തായ ആ ലോകകപ്പ് വിജയം ഫ്രാൻസ് പതാകക്ക് കീഴിൽ വിഭിന്ന സംസ്കാരങ്ങളെ ഏകോപിപ്പിക്കുന്നതിന് വഴിതുറന്നു. കൊളോണിയൽ ഭൂതകാലത്തിൽ നിന്നും പുറത്തുകടന്നിട്ടില്ലാത്ത ഫ്രാൻസിനുള്ള മറുമരുന്നായിക്കൂടിയാണ് ഈ വിജയം ആഘോഷിക്കപ്പെട്ടത്.
1998 ലോകകപ്പ് ടീമിനെ Black, Blanc, Beur (കറുപ്പ്, വെളുപ്പ്, അറബ്) എന്ന ഓമനപ്പേരിലാണ് ഫ്രഞ്ച് മാധ്യമങ്ങൾ വിളിച്ചത്. ഫ്രഞ്ച് ദിനപത്രം ലെ മോണ്ടേ ഫ്രഞ്ച് ഫുട്ബാൾ ടീമിനെ രാജ്യത്തെ വൈവിധ്യങ്ങളുടെയും ഐക്യത്തിന്റെയും പ്രതിരൂപമാക്കി. ഫ്രാൻസിന്റെയും അത് പുലർത്തുന്ന മാനവിക മൂല്യങ്ങളുടെയും മഹത്തായ പ്രതിരൂപമായാണ് ഈ മൾട്ടി കളർ ടീമിനെ ഫ്രഞ്ച് പ്രസിഡന്റ് ജാക്വിസ് ഷിറാക് വിലയിരുത്തിയത്. രണ്ടുവർഷങ്ങൾക്ക് ശേഷം അഭിമാനകരമായ യൂറോകപ്പ് കൂടി മാറോടണക്കി ഫ്രാൻസ് ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി തിളങ്ങി. 98ലെ ഹീറോ സിനദിൻ സിദാൻ തന്നെയായിരുന്നു യൂറോകപ്പിലും വീരനായകൻ.
ഒരുവശത്ത് ഫ്രഞ്ച് ടീം കുതിച്ചുപായുമ്പോൾ സമാന്തരമായി മറുവശത്ത് വംശീയ അസ്വാരസ്യങ്ങളും ഉയർന്നുതുടങ്ങി. 1998ലെയും 2000ത്തിലെയും വിജയങ്ങൾ ഫ്രാൻസിലെ തീവ്രദേശീയ പാർട്ടിയായ നാഷനൽ ഫ്രണ്ടിന് വല്ലാത്ത ചൊറിച്ചിലുണ്ടാക്കി. നാഷനൽ ഫ്രണ്ട് നേതാവ് ജീൻ ലെ പെൻ 1996ൽ തന്നെ ഫ്രഞ്ച് ടീമിനെതിരെ വെടിപൊട്ടിച്ചിരുന്നു. വെള്ളക്കാരല്ലാത്തവരാൽ നിറഞ്ഞ സംഘത്തെ കൃത്രിമ ടീമെന്നായിരുന്നു ജീൻ ലെ പെൻ വിശേഷിപ്പിച്ചത്. മറ്റൊരിക്കൽ ഫ്രഞ്ച് ദേശീയ ഗാനത്തിലെ വാക്കുകൾ പോലുമറിയാത്ത അനർഹരാണ് ടീമിലുള്ളതെന്നും ജീൻ ലെ പെൻ പരിഹസിച്ചു. 2000ത്തിൽ ഫ്രാൻസിൽ നടന്ന സർവേയിൽ 36 ശതമാനം പേരും വിദേശകളിക്കാരുടെ ആധിക്യം ദേശീയ ടീമിലുണ്ടെന്ന അഭിപ്രായക്കാരായിരുന്നു.
2001 പാരിസിൽ വെച്ച് ഫ്രാൻസും അൾജീരിയയും തമ്മിൽ ഏറ്റുമുട്ടി. 1962ൽ ഫ്രാൻസിന് കീഴിൽ നിന്നും സ്വാതന്ത്ര്യം നേടിയ ശേഷം ആദ്യമായായിരുന്നു അൾജീരിയയും ഫ്രാൻസും കളത്തിൽ ഏറ്റുമുട്ടിയത്. മത്സരത്തിന് മുന്നോടിയായി ഫ്രഞ്ച് ദേശീയ ഗീതം മുഴങ്ങിയപ്പോൾ വലിയ കൂക്കി വിളികൾ ഉയർന്നു. അനുരഞ്ജത്തിന്റെ പുതിയ പാത പണിയുമെന്ന് കരുതിയ മത്സരം യഥാർഥത്തിൽ വലിയ കുഴപ്പമാണ് ഉണ്ടാക്കിയതെന്ന് ഫ്രഞ്ച് ഫുട്ബാൾ ടീമിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന സ്പോർട്സ് ജേണലിസ്റ്റ് തിമോത്തി മേമോൻ അഭിപ്രായപ്പെടുന്നു. 4-1ന് ഫ്രാൻസ് മുന്നിട്ടുനിൽക്കേ അൾജീരിയൻ കാണികൾ മൈതാനം കൈയ്യേറിയതിനാൽ തന്നെ 76ാം മിനിറ്റിൽ മത്സരം റദ്ദാക്കി സംഘാടകർ രക്ഷപ്പെട്ടു. തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ ഫുട്ബാൾ മത്സരങ്ങൾ തന്നെ വേണ്ടെന്നുവെച്ചു.
''1998ലെയും 2000ത്തിലെയും വിജയങ്ങൾ പുതിയ ഫ്രാൻസിനെ സൃഷ്ടിച്ചുവെന്ന് ഞങ്ങൾ കരുതി. വംശീയതയെ പുറത്തുനിർത്തി ഒരുമിച്ച് കളിക്കുകയും ഒരുമിച്ച് ജയിക്കുകയും ചെയ്യുന്ന ഒരു പുതിയ ഫ്രാൻസ്. പക്ഷേ ആ മത്സരത്തിലെ സംഭവങ്ങൾ അത് ഒരു മരീചികയാണെന്ന് തെളിയിച്ചു. യഥാർഥത്തിൽ ഫ്രഞ്ച് രാഷ്ട്രീയത്തിന്റെ ഇരുവശങ്ങളിലുമായി ദേശീയ ഫുട്ബാൾ ടീമിനെ ചൂണ്ടിക്കാട്ടി കുടിയേറ്റ പ്രശ്നങ്ങളെച്ചൊല്ലിയുള്ള വലിയ സംവാദങ്ങളാണ് രൂപപ്പെട്ടത്'' -മേമോൻ പറയുന്നു. 2002ലെ തെരഞ്ഞെടുപ്പിൽ ലേ പേൻ നയിച്ച ഫ്രഞ്ച് തീവ്രദേശീയ പാർട്ടി അപ്രതീക്ഷിതമായി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സീറ്റുകൾ നേടി.
''ടീമിൽ വെള്ളക്കാരായ താരങ്ങളിലെന്നായിരുന്നു തീവ്രദേശീയ പാർട്ടി പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ യഥാർഥത്തിൽ വെള്ളക്കാരായ താരങ്ങളെ വെച്ചുകൊണ്ട് മാത്രമാണ് ഇറങ്ങിയിരുന്നതെങ്കിൽ 1998ലോ 2018 ലോ ഫ്രാൻസിന് ജേതാക്കളാകാൻ കഴിയുമായിരുന്നില്ല. ബാലൻ ഡി ഓർ വിജയികളെ നോക്കൂ. ഈ പുരസ്കാരം നേടിയ അഞ്ചു ഫ്രഞ്ച് താരങ്ങളിൽ നാലുപേരും ഫ്രഞ്ച് പശ്ചാത്തലമുള്ളവരല്ല. റേമണ്ട് കോപ്പ പോളിഷ് കുടിയേറ്റ കുടുംബത്തിൽ നിന്നുള്ളയാളാണ്. തുടർച്ചയായി മൂന്നുതവണ വിജയിച്ച മിഷേൽ പ്ലാറ്റിനി ഇറ്റാലിയൻ വംശജനാണ്. സിനദിൻ സിദാനും കരിംബെൻസിമയും അൾജീരിയൻ വംശജരും'' -മേമോൻ കൂട്ടിച്ചേർത്തു.
2022 ഖത്തർ ലോകകപ്പിന്റെ ഫൈനലിലെത്തിയ ഫ്രഞ്ച് ടീമും കുടിയേറ്റക്കാരാൽ നിറഞ്ഞതാണ്. ആദ്യ ഇലവനിൽ കളിക്കുന്നതിലും ബെഞ്ചിലിരിക്കുന്നവരിലും നല്ലൊരു ശതമാനവും വൈവിധ്യമായ വേരുകളിൽ നിന്നും വന്നണഞ്ഞവരാണ്.
കുടിയേറ്റം ഫ്രഞ്ച് ഫുട്ബാളിന്റെ ഗതി മാറ്റുന്നു
20 നൂറ്റാണ്ടിന്റെ മധ്യത്തിൽ രൂപം കൊണ്ട ഫുട്ബാൾ ക്ലബുകളിലൂടെയാണ് ഫ്രഞ്ച് ഫുട്ബാളും കുടിയേറ്റവും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. ആർ.സി. ലെൻസും എസ്.സെന്റ് എതീനും അടക്കമുള്ള പോളിഷ്-ഇറ്റാലിയൻ വംശജരാൽ നിർമിതമായ ക്ലബുകളാണ് ഇതിന് നിമിത്തമായത്. പോളിഷ് വേരുകളുള്ള സ്റ്റെഫൻ ഡെംബിക്കിയെപ്പോലുള്ള താരങ്ങൾ ഉയർന്നുവന്നത് ആർ.എസ് ലെൻസിലൂടെയാണ്. 1942ലെ കോപ്പ ഡെ ഫ്രാൻസ് ടൂർണമെന്റിൽ ഡെംബിക്കി തകർത്താടി. ആർ.സി ലെൻസിനായി ഒരു മത്സരത്തിൽ തന്നെ 16 ഗോളുകൾ ലെംബിക്കി അടിച്ചുകൂട്ടി. 1938ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിലാണ് ഒരു കറുത്ത വംശജൻ ആദ്യമായി ഫ്രഞ്ച് ജഴ്സിയണിയുന്നത്. ബ്ലാക് സ്പൈഡർ എന്നുവിളിപ്പേരുണ്ടായിരുന്ന റിയോൾ ഡയാഗ്നെയായിരുന്നു അത്. ഫ്രഞ്ച് ഗയാനയിൽ ജനിച്ച ഡയാഗ്നെ സെനഗാൾ വംശജനായിരുന്നു.
അതേവർഷം തന്നെ മൊറോക്കോയിൽ ജനിച്ചുവളർന്ന ലാർബി ബെൻബറക് മൊറോക്കൻ കാസബ്ലാങ്ക ക്ലബിൽ നിന്നും ട്രാൻസ്ഫറിലൂടെ ഫ്രഞ്ച് ക്ലബായ ഒളിമ്പിക് മാഴ്സെക്ക് വേണ്ടി കളിക്കാനിറങ്ങി. ആദ്യ സീസണിൽ തന്നെ പത്തുഗോളുകളാണ് താരം കുറിച്ചത്. വൈകാതെ താരം ഫ്രാൻസ് ടീമിനായും അരങ്ങറി. 19 മത്സരങ്ങളിൽ ഫ്രഞ്ച് ജഴ്സിയണഞ്ഞ താരം സ്പാനിഷ് ക്ലബ് അത്‍ലറ്റികോ മഡ്രിഡിനായി 113 മത്സരങ്ങളിലും കളത്തിലിറങ്ങി. ദൈവത്തിന്റെ പാദുകമുള്ളവൻ എന്ന വിളിപ്പേരും അവിടെ നിന്നും ബെൻബറകിന് ലഭിച്ചു. താരത്തെക്കുറിച്ച് സാക്ഷാൽ പെലെ ഒരിക്കൽ പറഞ്ഞതിങ്ങനെ -''ഞാൻ ഫുട്ബാളിന്റെ രാജാവാണെങ്കിൽ ബെൻബറക് അതിലെ ദൈവമായിരിക്കും''.
1950 കളിലും 60കളിലും വടക്കൻ ആഫ്രിക്കയിലെ മഗ്രിബ് രാഷ്ട്രങ്ങളിൽ നിന്നെത്തിയവർ ഫ്രഞ്ച് ഫുട്ബാളിനെ വൻതോതിൽ സ്വാധീനിച്ചുതുടങ്ങി. റാഷിദ് മഖ്‍ലൂഫിയയായിരുന്നു അതിൽ പ്രധാനി. എ.എസ്. സെന്റ് എതീനെ ക്ലബിനൊപ്പം ഫ്രഞ്ച് ലീഗ് ജേതാവായ താരം ഫ്രാൻസിന്റെ ലോകകപ്പ് ടീമിലും ഇടംനേടി. പക്ഷേ ലോകകപ്പ് ഒരുക്കങ്ങളുടെ മധ്യത്തിൽ വെച്ച് അൾജീരിയൻ വംശജരായ താരങ്ങൾക്കൊപ്പം അദ്ദേഹം ഒളിച്ചോടി. ഫ്രഞ്ച് അധിനിവേശത്തിനെതിരെ അൾജീരിയൻ സ്വാതന്ത്ര്യ പോരാട്ടങ്ങൾ കൊടുമ്പിരികൊണ്ട സമയമായിരുന്നു അത്. അൾജീരിയൻ നാഷനലിസ്റ്റ് മൂവ്മെന്റിന്റെ സായുധവിഭാഗമായ നാഷനൽ ലിബറേഷൻ ഫ്രണ്ട് രൂപീകരിച്ച ഫുട്ബാൾ ടീമിനായി അദ്ദേഹം പന്തുതട്ടുകയും ചെയ്തു. പക്ഷേ 1962ൽ അദ്ദേഹം ഫ്രാൻസിലേക്ക് മടങ്ങിയെത്തിയപ്പോഴും പഴയ ക്ലബായ സെന്റ് എതീനെയിൽ അദ്ദേഹത്തിന് രാജകീയ വരവേൽപ്പാണ് ലഭിച്ചത്.
''ഞാൻ പിന്തുണക്കുന്ന ക്ലബാണ് സെന്റ് എതീനെ. കുടിയേറ്റത്തിന്റെ പ്രാധാന്യം സ്വന്തം അനുഭവങ്ങളിലൂടെ മനസ്സിലാക്കിയ ക്ലബാണ് അത്. മഖ്‍ലൂഫി അദ്ദേഹത്തിന്റെ രാജ്യത്ത് സ്വാതന്ത്ര സമര സേനാനിയായപ്പോൾ തന്നെ ജേതാവായ ഒരു കുടിയേറ്റക്കാരൻ കൂടിയായി ''- മേമോൻ പറയുന്നു.
തുടർച്ചയായ പതനകാലങ്ങൾക്ക് ശേഷം 1970കളിൽ ഫ്രാൻസ് തങ്ങളുടെ ഫുട്ബാൾ വികസനത്തെ കാര്യമായി പരിഗണിച്ചു. കുടിയേറ്റക്കാരായ യുവതാരങ്ങളെക്കൂടി ഉൾകൊള്ളിച്ചാണ് അക്കാദമികൾ രൂപം കൊണ്ടത്. അത് വലിയ ഫലമുണ്ടാക്കി. പഴയ ഫ്രഞ്ച് കോളനികളിൽ നിന്നും നിരവധി താരങ്ങൾ ഫ്രാൻസ് ജഴ്സിയിൽ കളിച്ചുതുടങ്ങി. എക്കാലത്തേയും മികച്ച ഡിഫൻഡർമാരിലൊരാളായ മാരിയസ് ട്രെസറും മധ്യനിര താരമായ അമാഡോ തിഗാനയുമെല്ലാം അതിലുൾപ്പെടും.
1990കളോടെ കുടിയേറ്റ പശ്ചാത്തലത്തിലുള്ള നിരവധി താരങ്ങൾ ഫ്രാൻസിൽ വേരുറപ്പിച്ചുതുടങ്ങി. ഫ്രാൻസിന്റെ ഇതിഹാസ താരമായ തിയറി ഹെന്റിയടക്കമുള്ളവർ അതിലുൾപ്പെടും. നിലവിൽ ഫ്രാൻസിനായി 100 മത്സരങ്ങൾ കളിച്ച 9 താരങ്ങളിൽ അഞ്ചുപേരും യൂറോപ്പിന് പുറത്ത് വേരുകളുള്ളവരാണ്.
''ഇരുപതാം നൂറ്റാണ്ടിലുണ്ടായ കുടിയേറ്റങ്ങൾ ഫ്രഞ്ച് ഫുട്ബാൾ ക്ലബുകളിൽ സഹിഷ്ണുത വളർത്തിയെന്ന് പറയാം. ഫ്രാൻസിന്റെ തെക്കേ തീരത്തുള്ള തുറമുഖ നഗരമായ മാഴ്സെയായിരുന്നു അതിൽ പ്രധാനികൾ. ആദ്യം ഇറ്റാലിയൻ കുടിയേറ്റക്കാരെയും പിന്നീട് അൾജീരിയ, തുനീഷ്യ, മൊറോക്കോ എന്നിവിടങ്ങളിൽ നിന്നെത്തിയവരെയും ഇ നഗരം ഉൾകൊണ്ടു. ഈ സ്വാധീനം ഒളിമ്പിക് മാഴ്സെ ഫുട്ബാൾ ക്ലബിനെയും രൂപപ്പെടുത്തിയെടുക്കുന്നതിൽ വലിയ പങ്കുവഹിച്ചു. അതുനിങ്ങൾക്ക് അവരുടെ ഗാലറിയിൽ നിന്നും തന്നെ അനുഭവിക്കാം. അവിടെനിന്നും വംശീയച്ചുവയുള്ള വാർത്തകൾ ഒരിക്കലും കേട്ടിട്ടില്ല'' -മേമോൻ പറയുന്നു.
ഇതേ സമയം മറ്റുക്ലബുകൾ വംശീയ പ്രശ്നങ്ങളാൽ നീറിപ്പുകയുകയായിരുന്നു. 1970ൽ രൂപീകരിച്ച പി.എസ്.ജിയുടെ (പാരിസ് സെന്റ് ജർമൻ) പ്രസിദ്ധമായ കോപ് ഓഫ് ബൂൾഗ്നെ സ്റ്റാൻഡുകളിൽ വംശീയ ഹൂളിഗൻ ഗ്രൂപ്പുകളായിരുന്നു അരങ്ങുവാണിരുന്നത്. 2010ൽ സ്റ്റേഡിയത്തിൽ നിന്നും അവരെ നിരോധിക്കുന്നത് വരെ അത് തുടർന്നു. പി.എസ്.ജിയുടെ ഹോം ഗ്രൗണ്ടായ പാരിസ് സ്റ്റേഡിയം കറുത്തവർഗക്കാരായ കളിക്കാരെ പലകുറി മുറിവേൽപ്പിച്ചു. സെനഗാൾ വംശജനായ ഫ്രഞ്ച് ഇതിഹാസ താരം പാട്രിക്ക് വിയേര പാരിസ് സ്റ്റേഡിയത്തിൽ കളിക്കണമോ എന്ന് ചിന്തിക്കേണ്ടി വരുമെന്നുപോലും പറഞ്ഞു. സ്വന്തം അനുഭവങ്ങളായിരുന്നു താരത്തെ അതിന് പ്രേരിപ്പിച്ചത്.
വംശീയതയെ ചെറുക്കുന്ന ഫുട്ബാൾ
Black, Blanc Beur (കറുപ്പ്, വെളുപ്പ്, അറബ്) ടീമിന്റെ വിജയകരമായ വർഷങ്ങൾക്ക് ശേഷം ഫ്രഞ്ച് ടീമിന് മോശം കാലവും വന്നെത്തി. 2010 ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിനിടയിലുണ്ടായ ടീമംഗങ്ങൾക്കിടയിലെ ആഭ്യന്തര കലഹവും ഇതിലുൾപ്പെടും. ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ ഫ്രാൻസ് പുറത്തായിരുന്നു. 2016 യൂറോകപ്പിലായിരുന്നു ഫ്രഞ്ച് ടീം ശക്തമായ തിരിച്ചുവരവ് നടത്തിയത്. ഫൈനലിൽ പോർച്ചുഗലിനോട് നിർഭാഗ്യത്തിന് പരാജയപ്പെട്ട ഫ്രഞ്ചുകാർ റഷ്യൻ ലോകകപ്പ് കിരീടത്തിൽ ആധികാരികമായി മുത്തം ചാർത്തി.
നിലവിലുള്ള ഫ്രഞ്ച് ടീം വൈവിധ്യങ്ങളുടെ കൂമ്പാരമാണ്. 23 അംഗ ടീമിൽ 17 പേരും മറ്റുരാജ്യങ്ങൾക്ക് കൂടി പന്തുതട്ടാൻ യോഗ്യതയുള്ളവർ. കിലിയൻ എംബാപ്പേയും ഒസ്മാനെ ഡെംബലെയും ഇബ്രാഹീം കൊനോട്ടെയുമെല്ലാം അതിലുൾപ്പെടും. പരിക്ക് മൂലം പുറത്തിരിക്കുന്ന ബെൻസേമയും പോൾ പോഗ്ബയും എൻഗോളോ കാന്റെയുമടക്കമുള്ള സൂപ്പർ താരങ്ങളും അങ്ങനെത്തന്നെ.
2018 ലോകകപ്പ് ഫ്രാൻസ് വിജയിച്ചതിന് പിന്നാലെ യു.എസ് ടി.വി അവതാരകനും കൊമേഡിയനുമായ ട്രെവർ നോഹ് പറഞ്ഞതിങ്ങനെ '' ആഫ്രിക്കയിതാ, ലോകകപ്പ് വിജയിച്ചിരിക്കുന്നു' '. ഈ വാക്കുകൾക്കെതിരെ ഫ്രഞ്ച് അംബാസഡർ ജെറാർഡ് അറോഡ് ശക്തമായ ഭാഷയിൽ രംഗത്തെത്തി. ''അവരെ ആഫ്രിക്കൻ ടീമെന്ന് വിളിക്കുന്നതിലൂടെ അവരുടെ ഫ്രഞ്ച് സ്വത്വത്തെ നിങ്ങൾ നിരാകരിക്കുകയാണ്. മാത്രമല്ല, ഫ്രഞ്ചുകാരനാകാൻ വെളുത്തവർഗക്കാരനാകണമെന്ന വാദത്തിന് താങ്കൾ സാധൂകരണം നൽകുക കൂടിയാണ്''- അറോഡ് തിരിച്ചടിച്ചു.
യഥാർഥത്തിൽ ഫ്രാൻസിലെത്തിയ മൂന്നാം തലമുറ കുടിയേറ്റക്കാരിൽ നിന്നും ഗുണം കൊയ്യുന്നത് ഫ്രഞ്ച് ടീം മാത്രമല്ല. ഈ ലോകകപ്പിൽ മറ്റുടീമുകൾക്കായി കളിക്കുന്ന 28 താരങ്ങൾ ഫ്രാൻസിൽ ജനിച്ചവരും പരിശീലിച്ചവരുമാണ്. ഈ വർഷമാദ്യം ഫ്രാൻസിൽ പ്രസിഡന്റ് സ്ഥാനത്തിനായി ഇഞ്ചോടിച്ച് രാഷ്ട്രീയപ്പോരാട്ടമാണ് നടന്നത്. സെൻട്രിസ്റ്റ് ഇമ്മാനുവൽ മാക്രോണും തീവ്രദേശീയവാദിയായ മരിനെ ലേ പെനും തമ്മിൽ ഫ്രഞ്ച് ചരിത്രത്തിലെത്തന്നെ ഏറ്റവും ആവേശകരമായ പോരാട്ടമാണ് നടത്തിയത്. കുടിയേറ്റവും ഇസ്ലാമോഫോബിയയുമായിരുന്നു മരിനെയുടെ പ്രധാന പ്രചാരണ ആയുധം. ശിരോവസ്ത്ര നിരോധനമുൾപ്പെടെയുള്ളവയും അതിലുൾപ്പെടും. മാക്രോൺ ജയിച്ചുകയറിയെങ്കിലും ലേ പെനിന്റെ നാഷനൽ റാലി പാർട്ടി (മുമ്പ് നാഷനൽ ഫ്രണ്ട്) നാഷനൽ അസംബ്ലിയിൽ 89 സീറ്റുകളുമായി ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായി. ലോകകപ്പിലെ ഫ്രഞ്ച് മുന്നേറ്റം പ്രസിഡന്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാജ്യത്ത് തിളപ്പിച്ച വംശീയ സംഘർഷങ്ങളെ തണുപ്പിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
ബ്രിട്ടീഷ്-സ്വീഡിഷ് മാധ്യമപ്രവർത്തകനും സോഷ്യൽ ആന്ത്രപ്പോളജിസ്റ്റുമാണ് ലേഖകൻ.
കടപ്പാട്: അൽ ജസീറ
വിവർത്തനം: മാധ്യമം ആഴ്ചപ്പതിപ്പ് വെബ്സീൻ ഡെസ്ക്