'ഖത്തർ ലോകകപ്പിനെ ബ്രിട്ടീഷ് മാധ്യമങ്ങൾ ഇകഴ്ത്തിക്കാട്ടുന്ന വിധം?'; തെളിവുകൾ സഹിതം വിശദീകരിക്കുന്നു
ജൂലൈ 21 2022. ബ്രിട്ടീഷ് ദിനപത്രം 'ദി ഗാർഡിയൻ' പ്രസിദ്ധീകരിച്ച ഒരു വാർത്ത ഇങ്ങനെ ''ലോകകപ്പിന് തയ്യാറെടുക്കുന്നതിനിടെ 29 നായ്ക്കളെ വെടിവെച്ചുകൊന്ന സംഭവത്തിൽ ഖത്തറിൽ രോഷം പുകയുന്നു'. ഒരു ബന്ധവുമില്ലാത്ത രണ്ടുസംഭവങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു തലക്കെട്ടാണിത്. 29 നായ്ക്കളെ കൊന്ന ക്രൂരകൃത്യമാണോ അതോ 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്താണ് സംഭവമെന്നതാണോ പ്രശ്നമെന്ന് വാർത്ത വ്യക്തമാക്കുന്നില്ല.
യൂറോപ്പിലോ അമേരിക്കയിലോ ആസ്ട്രേലിയയിലോ (Global North) ആണ് ഇത്തരമൊരു സംഭവമെങ്കിൽ വരാനിരിക്കുന്ന കായിക മേളയുമായി ബന്ധിപ്പിച്ച് ഇങ്ങനൊരു വാർത്ത നൽകുമോ?. ഒരു ഉദാഹരണം പറായം. 2002ൽ യു.കെ ആണ് കോമൺവെൽത്ത് ഗെയിംസിന് വേദിയൊരുക്കിയത്. കുളമ്പുരോഗവും വായിലുള്ള വ്യാധിയും കാരണം 60 ലക്ഷം കന്നുകാലികളാണ് അതേ സമയം അവിടെ ചത്തൊടുങ്ങിയത്. പക്ഷേ ഇവ രണ്ടും ചേർത്ത് ഒരു തലക്കെട്ടും ഒരിക്കലും വന്നില്ല.
ഖത്തറിൽ സംഭവിക്കുന്നത് എന്താണെങ്കിലും അത് ലോകകപ്പിനോട് ചേർത്താൽ വലിയ പ്രാധാന്യമുള്ളതാകുന്നു!. ഖത്തറിൽ സംഭവിക്കുന്ന എന്തുമാകട്ടെ, അത് ലോകകപ്പിനോട് ചേർത്ത് പ്രശ്നവൽക്കരിക്കുന്ന സമാനമായ ഒരുപാട് തലക്കെട്ടുകൾ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ കണ്ടെത്താനാകും.
തൊഴിലാളികളുടെയും എൽ.ജി.ബി.ടി വിഭാഗങ്ങളുടെയും അവകാശങ്ങളെക്കുറിച്ചുള്ള വാർത്തകൾ പ്രധാന്യമുള്ളതുതന്നെയാണ്. പക്ഷേ ഈ ലേഖനത്തിൽ ഞാൻ പറയാനുദ്ദേശിക്കുന്നത് അതല്ല. ഖത്തറിനെ മാധ്യമങ്ങൾ, പ്രത്യേകിച്ചും ബ്രിട്ടീഷ് മാധ്യമങ്ങൾ 'പ്രത്യേകമായാണ്' പരിഗണിക്കുന്നത്. എന്തുകൊണ്ടാണത്?
തലക്കെട്ടുകളെ അളക്കുമ്പോൾ
മാധ്യമങ്ങളുടെ വിലയിരുത്തലുകളിലൂടെയും ഖത്തർ ലോകകപ്പിന്റെ കവറേജുകളിലൂടെയും പരതുമ്പോൾ മറ്റുലോകകപ്പുകളിൽ നിന്നും ഖത്തറിനെ 'പ്രത്യേകമായി' പരിഗണിക്കുന്നത് കാണാം.
2010ൽ ലോകകപ്പ് വേദിയായി ഖത്തറിനെ തെരഞ്ഞെടുത്തത് മുതലുള്ള വാർത്തകൾ പരിശോധിക്കാം. The Guardian, The Times, Daily Express, The Sun, Daily Mail, The Telegraph, Metro UK എന്നീ ബ്രിട്ടീഷ് പത്രങ്ങൾ ഖത്തർ തലക്കെട്ടായുള്ള 1735 വാർത്തകളാണ് നൽകിയത്. ഇതിൽ 40 ശതമാനം (685 എണ്ണം) ലോകകപ്പിനെക്കുറിച്ചാണ്. ഖത്തറിനെക്കുറിനെക്കുറിച്ചുള്ള വാർത്തകളിലേറെയും ലോകകപ്പിനെക്കുറിച്ചുള്ളതാണെന്നർഥം. ലോകകപ്പ് ആതിഥേയരായതോടെ ഖത്തർ ബ്രിട്ടീഷ് മാധ്യമങ്ങൾക്ക് പ്രാധാന്യമുള്ളതായി. ഇനി ഖത്തറിനെക്കുറിച്ച് പ്രസിദ്ധീകരിച്ച വിഷയങ്ങൾ നോക്കാം.
1- തൊഴിലാളി പ്രശ്നങ്ങളും മനുഷ്യാവകാശങ്ങളും
2- സ്പോർട്സ്
3- 2017ലെ ഗൾഫ് പ്രതിസന്ധി
4) അഴിമതിയും കൈക്കൂലിയും
5) വ്യോമ ഗതാഗതം
ഖത്തർ, ഫിഫ, ലോകകപ്പ് എന്നീ സ്ഥിരം വാക്കുകൾ മാറ്റി നിർത്തിയാൽ തലക്കെട്ടുകളിൽ ഏറ്റവും പൊതുവായുള്ളത് 'തൊഴിലാളികൾ' എന്ന വാക്കാണ്. ഖത്തറിലെ അടിസ്ഥാന സൗകര്യവികസനങ്ങൾക്ക് വേണ്ടി നിർമാണ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് നേരിടേണ്ടിവരുന്ന 'ദുരവസ്ഥകളെയാണ്' ഈ വാക്ക് സൂചിപ്പിക്കുന്നത്. 2017ൽ ഖത്തറിനെതിരെ ഗൾഫ് രാഷ്ട്രങ്ങൾ ഉപരോധം പ്രഖ്യാപിച്ചതോടെ വാർത്തകളിൽ ലോകകപ്പ് അപൂർവ്വമായിരുന്നു. ആ സമയത്ത് 9% മാണ് ലോകകപ്പിനെക്കുറിച്ചുള്ള വാർത്തകൾ വന്നത്.
ഖത്തറിനെക്കുറിച്ച് പ്രസിദ്ധീകരിച്ച വാർത്തകളിലേറെയും മോശം സ്വഭാവത്തിലുള്ളതാണെന്ന് കണക്കുകൾ നോക്കുമ്പോൾ മനസ്സിലാകും. ലോകകപ്പിനെക്കുറിച്ച് 685 വാർത്തകൾ പ്രസിദ്ധീകരിച്ചതിൽ 66%വും (454 എണ്ണവും) വിമർശനങ്ങളാണ്. 29% (201) വാർത്തകൾ നിക്ഷ്പക്ഷത പുലർത്തുന്നു. പോസിറ്റീവ് എന്നുവിളിക്കാവുന്ന വാർത്തകൾ 5% (33) എണ്ണം മാത്രം.
മോശം സ്വഭാവത്തിലുള്ള വാർത്തകളിൽ 36%വും മനുഷ്യാവകാശങ്ങളെച്ചൊല്ലിയുള്ളതാണ്. തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചാണ് ഇതിൽ ഭൂരിപക്ഷവും. 25% അഴിമതിയെയും കൈക്കൂലിയെയും പ്രതിപാദിക്കുന്നു. 9% ഖത്തറിൽ നിന്ന് ലോകകപ്പ് തിരിച്ചെടുക്കുന്നതിനെക്കുറിച്ചായിരുന്നു. 4% എൽ.ജി.ബി.ടി അവകാശങ്ങളെക്കുറിച്ചും പറയുന്നു. ഈ വാർത്തകൾ കൂടുതലായും ട്വിറ്ററിലാണ് ഷെയർ ചെയ്തത്.
റഷ്യൻ ലോകകപ്പുമായി ഇവയെ താരതമ്യം ചെയ്തുനോക്കം. റഷ്യ ലോകകപ്പ് വേദിയായി തെരഞ്ഞെടുത്തതിന് ശേഷമുള്ള 15000 വാർത്തകളിൽ 492 എണ്ണം (3%) മാത്രമാണ് ലോകകപ്പിനെക്കുറിച്ചുള്ളത്.
റഷ്യയെക്കുറിച്ചുള്ള വാർത്തകളിലും മഹാഭൂരിപക്ഷവും നെഗറ്റീവ് സ്വഭാവത്തിലുള്ളതാണ്. മലേഷ്യൻ വിമാനം വെടിവെച്ചിട്ടതുമായ സംഭവങ്ങൾ, ക്രൈമിയക്ക് മേലുള്ള റഷ്യൻ അധിനിവേശം, സിറിയയിലെ ബോംബാക്രമണം, ഒറ്റപ്പെട്ട എൽ.ജി.ബി.ടി.ക്യൂ പ്രശ്നങ്ങൾ എന്നിവയാണ് കാര്യമായും വാർത്തകളിലിടം പിടിച്ചിട്ടുള്ളത്.
എന്നാൽ ഈ വാർത്തകളിൽ ലോകകപ്പുമായി ബന്ധിപ്പിച്ച് നൽകിയിട്ടുള്ളത് വിരലിലെണ്ണാവുന്നത് മാത്രം. ബ്രിട്ടന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് മുന്‍ റഷ്യന്‍ സൈനികന്‍ സെര്‍ജി സ്‌ക്രിപാല്‍, മകള്‍ യൂലിയ എന്നിവരെ വിഷം നല്‍കി വകവരുത്താന്‍ ശ്രമിച്ചതിതെത്തുടർന്ന് ഇംഗ്ലണ്ട് ലോകകപ്പ് ബഹിഷ്കരിക്കാനൊരുങ്ങിയതാണ് ലോകകപ്പുമായി ചേർത്തുള്ള കാര്യമായ മോശം വാർത്ത. ലോകകപ്പുമായി ചേർന്ന് യുക്രൈൻ എന്ന പദം ഉപയോഗിച്ചത് മൂന്നുവട്ടം മാത്രം.
തലക്കെട്ടുകൾ വായിക്കുമ്പോൾ
റഷ്യയെക്കുറിച്ചുള്ള വാർത്തകൾ പരിശോധിക്കുമ്പോൾ ആ രാജ്യത്തിലെ ഭരണവിഷയങ്ങളും ആഭ്യന്തര കാര്യങ്ങളും ലോകകപ്പുമായി ബന്ധിപ്പിക്കുന്നില്ലെന്ന് വ്യക്തം. എന്നാൽ ഖത്തറിന്റെ കാര്യത്തിലേക്ക് വരുമ്പോൾ ഇവ രണ്ടും ഒന്നാകുന്നു. എന്താകാം കാരണം?.
പലകാരണങ്ങൾ പറയാം. ഉദാഹരണമായി മാധ്യമങ്ങളുടെ കവറേജുകൾ വാർത്താ പ്രാധാന്യത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ഒരു മാധ്യമ പ്രവർത്തകന്റെ വാർത്താ തെരഞ്ഞെടുപ്പിനെ വാർത്താപ്രാധാന്യം (news value) സ്വാധീനിക്കുന്നു. ബ്രിട്ടനിൽ ഫുട്ബാൾ പ്രാധാന്യമുള്ള വാർത്തയാണ്. ലോകകപ്പെന്ന മഹാമഹം അതിനേക്കാൾ വാർത്താപ്രാധാന്യം ഉള്ളതും. മനുഷ്യാവകാശവും ചില പത്രങ്ങൾക്ക് വലിയ വാർത്തയാണ്. ബ്രിട്ടീഷ് പത്രങ്ങൾ പൊതുവിൽ വിമർശനാത്മകമായാണ് കാര്യങ്ങളെ വിലയിരുത്താറുള്ളത്. ഇവയെല്ലാം കാരണമാകാമെന്ന് വാദത്തിന് സമ്മതിക്കാം.
എന്നാൽ റഷ്യയുടെ കാര്യത്തിലേക്ക് വരുമ്പോൾ ഈ വാദം നിലനിൽക്കുന്നില്ല. കാരണം റഷ്യയുടെ ഭരണകൂട നടപടികളും ലോകകപ്പും ബന്ധിപ്പിച്ച് വാർത്തകളൊന്നുമില്ല. റഷ്യയുടെ 'സോഫ്റ്റ് പവർ' ഇതിന് ഒരു കാരണമായേക്കാം. റഷ്യയുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർ റഷ്യയെക്കുറിച്ചുള്ള പോസിറ്റീവ് ഇമേജ് വർധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചെന്ന് ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. 2018, 2022 ലോകകപ്പ് ആതിഥേയരെ 2010ൽ ഒരുമിച്ചാണ് പ്രഖ്യാപിച്ചത്. അതുകൊണ്ടുതന്നെ വാർത്തകളിൽ നിറഞ്ഞുനിൽക്കാൻ റഷ്യയേക്കാൾ 4 വർഷം അധികം സമയം ഖത്തറിന് ലഭിച്ചിട്ടുണ്ട്.
എന്നാൽ ഇതു മാത്രമൊന്നുമല്ല, മറ്റുപലകാരണങ്ങളുമുണ്ട്. ചെറുതും ശക്തി കുറഞ്ഞതുമായ രാജ്യങ്ങളെക്കുറിച്ച് നെഗറ്റീവ് പ്രചരിപ്പിക്കാനുള്ള തിടുക്കം പശ്ചാത്യമാധ്യമങ്ങൾക്കുണ്ട്. തെക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവയെക്കുറിച്ചെല്ലാം നെഗറ്റീവായ ഓറിയന്റലിസ്റ്റ് കാഴ്ചപ്പാടുകളാണ് പ്രചരിപ്പിക്കുന്നത്.
2010ലെ ദക്ഷിണാഫ്രിക്കൻ ഫുട്ബാൾ ലോകകപ്പിനെക്കുറിച്ചും 1996ൽ ഇന്ത്യയിൽ നടന്ന ക്രിക്കറ്റ് ലോകകപ്പിനെക്കുറിച്ചുമുള്ള പഠനങ്ങൾ ഇതാണ് സൂചിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ സർക്കാർ തന്നെ ബ്രിട്ടീഷ് മാധ്യമങ്ങളെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. ലോകകപ്പിന് പ്രതീക്ഷിച്ച ആളുകൾ വന്നുചേരാത്തതിനുള്ള കാരണങ്ങളിലൊന്ന് ബ്രിട്ടീഷ് മാധ്യമങ്ങളുടെ കവറേജാണെന്നായിരുന്നു ദക്ഷിണാഫ്രിക്കയുടെ ആരോപണം. പശ്ചിമേഷ്യയിലേക്ക് വരുമ്പോൾ ബ്രിട്ടീഷ് മാധ്യമങ്ങൾക്ക് മുസ്‍ലിംകളെയും അറബുകളെയും മോശമായി ചിത്രീകരിക്കാനുള്ള പ്രവണതയുണ്ടെന്നും ചില പഠനങ്ങൾ കണ്ടെത്തുന്നു.
അയൽ രാജ്യങ്ങളിൽ നിന്നും ലഭിച്ച ബഹിഷ്കരണവും ഖത്തറിന് വിനയായിട്ടുണ്ട്. 2017 മുതൽ 2021 വരെയുള്ള കാലയളവിൽ ലോകകപ്പ് വാർത്തകളേക്കാൾ നിറഞ്ഞത് ബഹിഷ്കരണ വാർത്തകളായിരുന്നു.
റഷ്യൻ ലോകകപ്പ് യു.കെ എന്തുകൊണ്ട് ബഹിഷ്കരിക്കരുത് എന്ന വിഷയത്തിൽ സ്പോർട്സ് ജേണലിസ്റ്റ് ബാണി റോണേ എഴുതിയത് ഇങ്ങനെ. '' ക്രൂരപ്രവർത്തികളുടെ കാര്യത്തിൽ ഒരു രാജ്യത്തിനും കുത്തവകാശമില്ല. ചരിത്രം സൂപിപ്പിക്കുന്നത് എല്ലാവരും അത് തുല്യമായി പങ്കിടുന്നുവെന്നാണ്''. എന്നാൽ ഈ ധാർമികമായ തുല്യത ബ്രിട്ടീഷ് മാധ്യമങ്ങൾ ഖത്തർ ലോകകപ്പിന്റെ കാര്യത്തിൽ മറക്കുന്നു.
ലോകകപ്പ് കവറേജുകൾ ഖത്തറിനെ ഒരു കോമാളിയാക്കി മാറ്റിരിക്കുന്നു. തീർത്തും ഏകശിലാത്മകമായ വക്രീകരിക്കപ്പെട്ട ഒരുസ്ഥലമായാണ് അവർ ഖത്തറിനെ മനസ്സിലാക്കിയിരിക്കുന്നത്. ' The Guardian' ന്റെ വാദങ്ങൾ മുഖവിലക്കെടുക്കുകയാണെങ്കിൽ ഖത്തർ രണ്ട് കാര്യങ്ങൾക്കാണ് അറിയപ്പെടുന്നത്. ഒന്ന് ഭീമമായ ഓയിൽ ശേഖരത്തിനും മറ്റൊന്ന് കൊടിയ മാനുഷിക അവകാശ ലംഘനങ്ങൾക്കും!.
ഖത്തറിലെ ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസർ ആണ് ലേഖകൻ.
കടപ്പാട്: ന്യൂ അറബ്
സ്വതന്ത്ര വിവർത്തനം: മാധ്യമം ആഴ്ചപ്പതിപ്പ് വെബ്സീൻ ഡെസ്ക്