നൈജീരിയയിലെ കടൽക്കൊള്ളക്കാരും കരളുലക്കുന്ന ‘ഹൈനമൻ’ ആചാരവും -ഷിപ്പ് ഓഫീസറും കഥാകൃത്തുമായ ഗോവിന്ദൻ എഴുതുന്നു
മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച ‘കപ്പൽപാടകലെ’ യാത്ര പരമ്പരയിൽ നിന്ന്
ലോകംചുറ്റുന്ന ചരക്ക് കപ്പലിൽനിന്നുള്ള കാഴ്ചകളാണ് ഇൗ യാത്രാനുഭവത്തിലുള്ളത്. നൈജീരിയൻ തീരത്തെ അനുഭവങ്ങൾ കപ്പലിലെ ഫസ്റ്റ് ഒാഫിസറും കഥാകൃത്തുമായ ലേഖകൻ എഴുതുന്നു.
നൈജീരിയയിൽ എത്തും മുൻപുതന്നെ കടൽക്കൊള്ളക്കാരുടെ സാന്നിധ്യമറിയിച്ച് ഹോങ്കോങ് ഓഫിസിൽനിന്നും സന്ദേശമെത്തിയിരുന്നു. ബോണീ റിവറിന്റെ തീരം, കടൽക്കൊള്ളക്കാർക്ക് വളക്കൂറുള്ള മണ്ണാണ്. ഹൈനമെൻ എന്ന വിചിത്ര സംസ്കാരത്തിൽ വിശ്വസിച്ചിരുന്ന നാടോടികളായിരുന്നു അവിടെ കൂടുതലും. ഫ്ലാക്കപോലത്തെ കൂടിയ ഇനം ലഹരി ഉപയോഗിക്കുന്നവർ. വൂഡൂ ആഭിചാര ക്രിയയിൽ നിപുണരായവർ. വന്യജീവികളാണ് കൂട്ട്. ഹൈന, പാമ്പ്, ബബൂൺ കുരങ്ങ് അങ്ങനെ വന്യജീവികളുമായിട്ടാണ് സംസർഗം. കാടിറങ്ങിവരുന്ന ദിവസങ്ങളിൽ അവർ മീൻപിടിത്തക്കാരുടെ ബോട്ടുകളിൽ ബോണീ റിവറിലെത്തും. തരപ്പെടുന്ന കപ്പലിൽക്കയറും. അവരുടെ ഇടപെടലുകൾ അവിടെ സജീവമായിരുന്നു. നൈജീരിയൻ തീരത്തേക്ക് ദൂരം കുറയുന്നതനുസരിച്ച് ഓഫിസിൽ ഉള്ളവരുടെ അസ്വസ്ഥതകൾ വളരെ വ്യക്തമാക്കുന്നതായിരുന്നു ഓരോ ഇ- മെയിലുകളും.
ഡെക്കിലെ ജോലികൾ താൽക്കാലികമായി നിർത്തിവെക്കാനും സ്വയരക്ഷക്കുള്ള മുൻകരുതലുകൾ എടുക്കാനും ഫസ്റ്റ്ഓഫിസർ എല്ലാവരെയും വിളിച്ചുകൂട്ടിയ ശേഷം പറഞ്ഞു. ആ മീറ്റിങ്ങിനെ അത്ര കാര്യമായി എടുക്കാതിരുന്ന തുടക്കക്കാരനായ എന്നെ വിളിച്ച് മാറ്റി നിർത്തിയ ശേഷം ക്യാപ്റ്റൻ അദ്ദേഹത്തിെൻറ പ്രവൃത്തിപരിചയത്തിലുണ്ടായിരുന്ന സംഭവം വിവരിച്ചു. നിയമപരമായ കാരണങ്ങൾകൊണ്ട് അദ്ദേഹത്തിെൻറ പേരു വെളിപ്പെടുത്തുന്നില്ല. സംഭവം ഏകദേശം ഇങ്ങനെയായിരുന്നു:
നൈജീരിയയിലെ ബോണീ റിവറിെൻറ വാവക്കിനുള്ള പോർട്ടിൽ ചരക്കുമായി പോയ കപ്പലിലാണ് ഇത് നടന്നത്. രണ്ടു മണിക്കൂർ നങ്കൂരമിട്ടു കിടന്ന കപ്പലിെൻറ നങ്കൂരച്ചങ്ങലകളിൽ പിടിച്ചുകയറി കപ്പലിലെത്തിയ കടൽക്കൊള്ളക്കാർ അലക്ഷ്യമായി നടന്ന ഒരു ജീവനക്കാരനെ ഫോർ കാസിൽ ഡെക്കിൽ കെട്ടിയിട്ട ശേഷം തല്ലി അവശനാക്കി. അവെൻറ വേദന ഇരട്ടിപ്പിക്കാൻ കൈവിരലുകളിലെ നഖം ഇരുമ്പുവടിക്ക് കുത്തി ഞെരിച്ചു. അത് മറ്റൊന്നിനുമായിരുന്നില്ല. അവെൻറ നിലവിളി കേട്ട് ഓടിവരുന്ന ഓരോ ജീവനക്കാരനെയും അടിച്ചുവീഴ്ത്താനായിരുന്നു. അതിനുശേഷം കപ്പലിലെ താമസസ്ഥലത്തേക്ക് കയറിയ അവർ ഓരോ മുറിയിലും കയറിയിറങ്ങി. ജോലിക്കാരുടെ നീക്കിയിരിപ്പുകൾ കൈക്കലാക്കി അവർ ഒരു ജീവനക്കാരനെ തോക്കിൻ മുനയിൽ നിർത്തി കപ്പിത്താെൻറ മുറിയിലേക്ക് നടന്നു. മുറി അകത്തുനിന്ന് പൂട്ടിയിരുന്നു എങ്കിലും പുറത്തുള്ള ആളുടെ നിലവിളി കേട്ട ക്യാപ്റ്റൻ മുറി തുറക്കാൻ നിർബന്ധിതനായി. അവർ മുറിയിലേക്ക് ഇരച്ചുകയറുകയും പണം സൂക്ഷിച്ചിരുന്ന സേഫ് മുഴുവനായി അപഹരിക്കുകയും ചെയ്തു. പോകും മുൻപ് ക്യാപ്റ്റെൻറ മുട്ടിനു കീഴെ വെടിയുതിർത്ത ശേഷം അവരിൽ ഒരാൾ കപ്പലിെൻറ വയർലസ് സെറ്റിെൻറ ബാറ്ററികളും, ആശയവിനിമയ ഉപകരണങ്ങളുടെ കേബിളുകളും മുറിച്ചു. മിനിറ്റുകൾക്കകം അവർ അവിടെനിന്ന് രക്ഷപ്പെട്ടു. കപ്പലുമായി ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ പോർട്ട് അതോറിറ്റി കപ്പലിൽ എത്തുമ്പോഴാണ് കടൽക്കൊള്ളക്കാർ നടത്തിയ ഈ അക്രമം പുറംലോകമറിയുന്നത്. പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റി, സംഭവം അന്വേഷണവിധേയമാെയങ്കിലും കേസ് ഇതുവരെ ആരും പിടിക്കപ്പെട്ടിട്ടില്ല എന്നു പറഞ്ഞ് സ്വന്തം യൂനിഫോം പാൻറ് സ്വൽപം പൊക്കി മുറിവുണങ്ങിയ പാടു കാണിച്ച ക്യാപ്റ്റൻ തിരിഞ്ഞു നടക്കും മുൻപ് ഒരു കാര്യം കൂടെ പറഞ്ഞു: ‘‘ഒരാളുടെ പിഴവുകൊണ്ട് ബാക്കിയുള്ള ഇരുപത്തിമൂന്നുപേരുടെ ജീവൻ കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ശ്രദ്ധിക്കണം. ഇത് നൈജീരിയ ആണ്.’’
യുദ്ധസന്നാഹംപോലെയായിരുന്നു പിന്നെയുള്ള ദിവസങ്ങൾ. കപ്പലിെൻറ റെയിലിങ്ങിനു ചുറ്റും മുള്ളുകമ്പികൾ കെട്ടുക. പോർട്ട് ഹോളുകൾ ഇരുമ്പ് പ്ലെയിറ്റ് വെച്ച് അടക്കുക. വീൽ ഹൗസ് ഗ്ലാസിനു മുന്നിൽ ഇരുമ്പ് വല വിരിക്കുക. എല്ലാ വാതിലുകളും രണ്ടിലധികം താഴിട്ട് അകത്തുനിന്നും പൂട്ടുക. അങ്ങനെയങ്ങനെ നീണ്ടുപോയി ഒരുക്കങ്ങൾ. കപ്പലിനു ചുറ്റും മുള്ളുകമ്പികൾ കെട്ടിക്കൊണ്ടിരിക്കുന്നതു കണ്ട ഞാൻ ഫസ്റ്റ് ഓഫിസറോടു ചോദിച്ച സംശയം, നമ്മൾ ഇങ്ങനെ ചെയ്താൽ അവർ ആക്രമിക്കില്ലേ എന്നായിരുന്നു.
ആക്രമിച്ചാൽ, ആക്രമിച്ചുകയറിയാൽ അവരുടെ പിടി നമ്മളുടെ മേൽ വീഴുന്നത് കഴിവതും താമസിപ്പിക്കുക എന്നതാണ് ഇതുകൊണ്ടുള്ള ലക്ഷ്യമെന്ന് മറുപടി കേട്ട എനിക്ക് വയറ്റിൽ കത്തൽ തോന്നിത്തുടങ്ങി. അങ്ങനെ കപ്പൽ നൈജീരിയയുടെ ഇരുനൂറ് നോട്ടിക്കൽ മൈൽ അകലെ നിർത്തി ഞങ്ങൾ പോർട്ടിെൻറ സന്ദേശത്തിനായി കാത്തിരുന്നു.
കൂട്ടത്തിലെ ഗുജറാത്തി ജീവനക്കാർ ചൂണ്ടയുണ്ടാക്കി കൊളുത്തെറിഞ്ഞു. കണവകൾ... എണ്ണമറ്റ കണവകൾ. കപ്പലിെൻറ വെട്ടത്തിൽ ആകൃഷ്ടരായ അവറ്റകൾ പറ്റമായി എത്തി. മിനിറ്റിനൊന്ന് എന്ന രീതിയിൽ ജീവനക്കാർ അതിനെ കൊരുത്തു പൊക്കി. ആ ഉത്സാഹം പിന്നീട് ഞങ്ങളുടെ ആഹാരമായി. കാരണം അവിചാരിതമായി പോർട്ടിലുണ്ടായ ആക്രമണത്തിൽ പോർട്ട് അടച്ചു. അനിശ്ചിതകാലത്തേക്ക് ഒരു കപ്പലും അവിടെ വരേണ്ട എന്ന തീരുമാനം കപ്പലിൽ ഒരു വലിയ ഞെട്ടലുണ്ടാക്കി. ആഹാരം പതിനഞ്ച് ദിവസത്തേക്ക് മാത്രമേയുള്ളൂ എന്ന് മനസ്സിലാക്കിയ കുക്ക് വല്ലാതെ പരിഭ്രമിച്ചു. കുടിവെള്ളം തീരുമെന്നും ശേഷിക്കുന്നത് മുപ്പത് ടൺ വെള്ളം മാത്രമാണ് എന്ന് ഫസ്റ്റ് ഓഫിസർ പരാതിപ്പെട്ടു. നടുക്കടലിൽ നിർത്തിയിട്ട കപ്പലിൽ കുടിവെള്ളം വളരെ കുറഞ്ഞ തോതിൽ മാത്രമേ ഉൽപാദിപ്പിക്കാൻ സാധിക്കുകയുള്ളൂ. ഇതൊക്കെ വലിയ കപ്പലിൽ വലിയ മുറുമുറുപ്പുകൾ ഉണ്ടാക്കി. പക്ഷേ ക്യാപ്റ്റന് ഒരു കുലുക്കവുമില്ലായിരുന്നു. അദ്ദേഹം വീൽ ഹൗസിലെ പൈലറ്റ് ചെയറിൽ ഇരുന്ന് ശാന്തനായി ചുരുട്ട് വലിച്ചുകൊണ്ടിരുന്നു.
ദിവസങ്ങൾ മുന്നോട്ടുപോയി. കുടിവെള്ളം തീരാറായിരുന്നു. ഭക്ഷണം മൂന്നു ദിവസത്തേക്ക് മാത്രം ശേഷിക്കുന്നു. സ്റ്റോറിൽ അരിയും പരിപ്പും മാത്രം ശേഷിക്കുന്നു. അതും വളരെ കുറച്ച് നാളത്തേക്ക് മാത്രം. ഒരു കൂസലുമില്ലാതെ മെസ്സിലെത്തിയ ക്യാപ്റ്റൻ ആഹാരം കഴിക്കുന്നതിനിടെയാണ് സംഭവം നടന്നത്. ഇടിമുഴക്കം കേട്ട പാടെ അദ്ദേഹം ഭക്ഷണം മതിയാക്കി ഫസ്റ്റ് ഓഫിസറെ വിളിപ്പിച്ചു. കുടിവെള്ള സംഭരണ ടാങ്കുകളുടെ മാൻഹോളുകൾ തുറന്ന് മുകളിൽ കട്ടിയുള്ള പ്ലാസ്റ്റിക്ക് ഷീറ്റുകൾ അയച്ചുകെട്ടാൻ ആരാഞ്ഞ ശേഷം മഴക്കായി കാത്തിരിക്കാൻ പറഞ്ഞു. മഴ പെയ്ത് തുടങ്ങുമ്പോൾ മാൻഹോളിെൻറ മുകളിലുള്ള ഭാഗം കത്തിക്ക് കീറണമെന്നും അതിലൂടെ കുടിവെള്ളം ടാങ്കിൽ സംഭരിക്കാനാവുമെന്നും പറഞ്ഞ ശേഷം അദ്ദേഹം ഗുജറാത്തി ജീവനക്കാരെ വിളിപ്പിച്ചു. രാത്രികാലങ്ങളിൽ കപ്പലിനു ചുറ്റും വെട്ടമിട്ട് ചൂണ്ടയെറിയാൻ അവരോട് അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടു ദിവസംകൊണ്ട് കുടിവെള്ള ടാങ്കുകൾ നിറഞ്ഞുകവിഞ്ഞു. ക്ലോറിൻ ഗുളികകൾ ടാങ്കിെൻറ വലുപ്പമനുസരിച്ച് ചേർത്തു. കണവയുടെ കൂടെ പോം ഫ്രെട്ടും, മറ്റു കുറച്ചിനം മീനുകളും ചൂണ്ടയിൽ കൊത്തി ഡക്കിലെത്തി. മഴയൊഴിഞ്ഞ് വെയിലു തെളിഞ്ഞ ദിവസങ്ങളിൽ കുക്ക് അവയെ വൃത്തിയാക്കി. കോൾഡ് സ്റ്റോറേജിൽ ആവശ്യത്തിനു ആഹാരം നിറഞ്ഞു. കുറച്ചു മീൻ വെയിലിൽ ഉണക്കി ദീർഘകാല സൂക്ഷിപ്പിനായി തയാറായി. അരിയും പരിപ്പും പിന്നെ പല മീനുകൾകൊണ്ടുള്ള വിഭവങ്ങളാലും സമൃദ്ധമായിരുന്നു ഞങ്ങളുടെ അതിജീവനം.
പക്ഷേ, പ്രശ്നങ്ങൾ അവിടെ തീരുന്നതായിരുന്നില്ല. മഴക്കാറിനൊപ്പം ചക്രവാളം ചാര നിറമായി. വൈകീട്ട് കടലും ആകാശവും കൂടുന്ന ഇടത്ത് ചാരനിറം കണ്ടതോടെ കപ്പിത്താെൻറ ഭാവം മാറി. പിറ്റേന്ന് കടൽക്ഷോഭം ഉണ്ടാവുമെന്നും കപ്പൽ ക്ഷോഭാകുലമായ കാലാവസ്ഥയിലേക്ക് തയാറാക്കാനും അദ്ദേഹം പറഞ്ഞു. ഡെക്കിലുള്ള എല്ലാ സാധനങ്ങളും കെട്ടിമുറുക്കി. സ്റ്റോറുകൾക്കുള്ളിലെ ഭാരമുള്ള സാധനങ്ങൾ -പെയിൻറ് പാട്ടകൾ, മദ്യക്കുപ്പികൾ എല്ലാം നൈലോൺ സ്ട്രാപ്പിട്ട് മുറുക്കി. ഡ്രമ്മുകൾ, ബാക്കി സാധനങ്ങൾ അവയെല്ലാം കയറിനാൽ ബന്ധിച്ചു. ഇരുട്ട് വീണു. പിറ്റേന്ന് ഉച്ചയായിട്ടും വട്ടപ്രപഞ്ചത്തിൽ മാറ്റം കാണാതിരുന്ന ആളുകൾ പരസ്പരം നോക്കി. വീൽ ഹൗസിൽ നിന്നിരുന്ന കപ്പിത്താൻ കോംപസിൽ കാറ്റിെൻറ ദിശ നോക്കി. കാറ്റിെൻറ ഗതി പതിയെ മാറിത്തുടങ്ങി, വേഗം കൂടി വന്നു. ആകാശത്ത് മേഘം ഉരുണ്ടുകൂടി. കാറ്റിനൊപ്പം വെള്ളത്തുള്ളികൾ ചാട്ടവാറുപോലെ ഡെക്കിൽ പതിച്ചു. കാതടപ്പിക്കുന്ന മൂളൽ ശബ്ദം. കപ്പൽ പതിയെ ആടിയുലഞ്ഞുതുടങ്ങിയപ്പോൾ എൻജിൻ തയാറാക്കിയ ചീഫ് എൻജിനീയർ വിവരമറിയിച്ചു. വലിയ കുലുക്കത്തോടെ കപ്പൽ നീങ്ങിത്തുടങ്ങി. സമയം മുൻപോട്ടു പോകുംതോറും തിരമാലകളുടെ വലുപ്പം കൂടി വന്നു. ആറു മീറ്റർ പൊക്കത്തിലുള്ള തിരമാലയിൽ, കപ്പൽ ഉലഞ്ഞു. വീൽ ഹൗസിലെ കോംപസിൽ നോക്കി അദ്ദേഹം തിരമാലകളുടെ ശക്തമായ പ്രഹരങ്ങൾ കപ്പലിെൻറ മുൻഭാഗത്തിനും വലതു വശത്തിനും (സ്റ്റാർ ബോർഡ് സൈഡ്) ഇടയിലായി വരുത്തി അദ്ദേഹം ഗതി നിയന്ത്രിച്ചു. മുപ്പതു ഡിഗ്രിവരെ ഇരുവശങ്ങളിലേക്കും കപ്പൽ ആടി. തിരമാലകളിൽ ഉയർന്നു കുത്തി... പെെട്ടന്നായിരുന്നു, വലിയ ശബ്ദത്തോടെ കപ്പലിെൻറ എൻജിൻ നിന്നു. പരിഭ്രാന്തനായ ചീഫ് എൻജിനീയർ ക്യാപ്റ്റനെ വിളിച്ചു. അദ്ദേഹം പബ്ലിക്ക് സിസ്റ്റത്തിൽ പറഞ്ഞു:
‘‘സ്ഥിതി നിയന്ത്രണത്തിലാണ്. ഭയക്കണ്ട’’, ഉറച്ച ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു.
വടക്കുനോക്കിയിൽ നോക്കിനിൽക്കെ അദ്ദേഹം ‘ഡെസ്റ്റിനി’ എന്നു പതുക്കെ സ്വയം പറഞ്ഞുകൊണ്ടിരുന്നതായി സുഡാനി പിന്നീട് പറഞ്ഞു. ഒരു രാത്രി. നാൽപതു ഡിഗ്രി വരെ കപ്പൽ വശങ്ങളിലേക്ക് ആടിയുലഞ്ഞു. ഗതി നഷ്ടപ്പെെട്ടങ്കിലും കടൽ ചതിച്ചില്ല. ആ രാത്രി തള്ളിനീക്കുക എന്നത് വളരെ ദുഷ്കരമായിരുന്നു. അലങ്കോലപ്പെട്ട മുറികൾ. കെട്ടുകൾ പൊട്ടിച്ച പാട്ടകൾ. റാക്കു വിട്ട് പുറത്തു വന്ന ഫയലുകൾ. ഛർദിച്ച് അവശരായ സഹജീവനക്കാർ. ജീവൻ മുറുക്കിപ്പിടിച്ച രാത്രി. അത് മെല്ലെ വെളുത്തു തുടങ്ങി... വീൽ ഹൗസിൽ, ഒരു മൂലക്ക് അവശനായിരുന്ന എനിക്കു മുന്നിൽ ഒരു രൂപം മായാതെ നിന്നു. ക്യാപ്റ്റൻ!!. തളരാതെ നിന്ന അദ്ദേഹം വടക്കുനോക്കിയുടെ ഇരുവശത്തുമുള്ള ഹാൻഡ് റെയിലിൽ പിടിച്ച്, ഡെക്കിലൂടെ ആർത്തലറിക്കയറുന്ന തിരമാലകളെക്കണ്ട് പതറാതെ കപ്പലിെൻറ ഗതി നഷ്ടപ്പെടുന്നതും കണ്ടുകൊണ്ട് ഭയക്കാതെ നിന്ന കാഴ്ച! ഒരു ക്യാപ്റ്റൻ ആകുമ്പോൾ എങ്ങനെ ആയിരിക്കണം എന്നതിനുള്ള ഉദാഹരണമായിരുന്നു അദ്ദേഹം.
പിറ്റേന്നു രാവിലത്തെ പുലരി ചുവന്നു തുടുത്തു. കാറ്റൊടുങ്ങി. ചെറിയ നാശനഷ്ടങ്ങൾ മാത്രമായി ഞങ്ങൾ രക്ഷപ്പെട്ടു. ആളുകൾ സമാധാനമായി ഉറങ്ങാൻ പറഞ്ഞ ക്യാപ്റ്റൻ കറുപ്പ് നിഴലിച്ച കണ്ണുകളോടെ വീൽ ഹൗസിൽ നിന്നും മുറിയിലേക്ക് പോയി. നാലു ദിവസത്തിനു ശേഷം കപ്പൽ നൈജീരിയയിൽ അടുക്കാൻ തയാറാകണം എന്ന് പോർട്ട് അറിയിച്ചതോടെ തീപിടിച്ച ജോലികൾക്ക് തുടക്കമാവുകയായിരുന്നു.
ഹൈനമാൻ
ഒരു രാത്രിയും പകലും മുഴുവനെടുത്തു കപ്പലിെൻറ എൻജിൻ ശരിയാകാൻ. ദേഹം മുഴുവൻ കരിയുമായി വന്ന എൻജിനീയർമാരുടെ മുഖത്തെ നിർവികാരത, സിനിമയിൽ കാണുന്ന സോംബികളെ ഓർമപ്പെടുത്തി. സ്റ്റോറുകളും മറ്റും ഡെക്കിലെ ജീവനക്കാർ ചേർന്നു വൃത്തിയാക്കി. കടലിരമ്പലിൽ വിട്ടുപോയ; ആൻറി പൈറസി മെഷേഴ്സിൽ ഉൾപ്പെട്ട മുള്ളുകമ്പികൾ വീണ്ടും ചേർത്തു കെട്ടി. കപ്പൽ ലാഗോസിലേക്ക് പോകാൻ തയാറായി. നാലാം ദിവസം രാവിലെ തന്നെ കപ്പിത്താൻ യൂനിഫോമിൽ വീൽ ഹൗസിലെത്തി. ഡ്യൂട്ടി ഓഫിസർ തയാറെടുപ്പുകൾ പൂർത്തിയാക്കി. ഉറച്ച ശബ്ദത്തിലുള്ള കമാൻഡ് കേട്ട് ടെലഗ്രാഫിൽ ഡെഡ് സ്ലോ എഹഡ് കൊടുത്തു. വലിയ മുഴക്കത്തോടെയും കുലുക്കത്തോടെയും എൻജിൻ സ്റ്റാർട്ടായി. പ്രൊപ്പല്ലർ വലിയ ഓളങ്ങൾ തീർത്തു. കപ്പൽ പതിയെ കടലിനെ കീറി മുറിച്ച് ലാഗോസ് പോർട്ടിലേക്ക് ഗതി തിരിച്ചു.
കപ്പലിലെ സകല ആളുകളും കാവലിനായി സജ്ജരായിരുന്നു. ചെറിയ ഫിഷിങ് ബോട്ടുകൾ മുതൽ ബോണീ റിവറിൽനിന്നും ഒഴുകിവരുന്ന മരക്കഷണങ്ങൾവരെ കണ്ണിലുടക്കി. അതീവ ജാഗ്രതയോടെ കപ്പൽ പ്രയാണം തുടർന്നു. വഴിക്കുവെച്ച് ഒരു നേവൽ കപ്പൽ അകമ്പടി വന്നു. പിന്നാലെ ഡോക്ക് പൈലറ്റ് വന്നു. ടഗ് ബോട്ടുകൾ വന്നു. എങ്ങും നിർത്താതെ കപ്പൽ ലാഗോസിലെ ബർത്തിലേക്ക് ചെറിയ വേഗതയിൽ നീങ്ങി. കപ്പൽ ജെട്ടിയിൽ കെട്ടിയ ശേഷം പൈലറ്റ് യാത്രയായി. ചരക്കിറക്കാനായി കപ്പലിൽ വന്ന സ്റ്റീവ്ഡോഴ്സ് പലരും മുറിവേറ്റവരായിരുന്നു. ആഭ്യന്തര യുദ്ധത്തിെൻറ യഥാർഥ ഇരകൾ എന്നും പൊതുജനമാണ്. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാത്തവർ. കഥയറിയാതെ പെട്ടുപോകുന്നവർ. അവരുടെ ജീവിതം... അത് കണ്ടുനിൽക്കുന്നവരുടെ ചങ്കാണ് പിടയുന്നത്. അവർ ഒരു ചിരിയോടെ നമ്മളെ കടന്നുപോകും. ഞൊണ്ടിയും ഏന്തിയും അവരുടെ ജോലി ചെയ്യും. തുച്ഛമായ ശമ്പളം വാങ്ങും. കപ്പലിൽനിന്നു കൊടുക്കുന്ന മിച്ചഭക്ഷണം കഴിക്കും. ഡെക്കിൽ ഒരു മൂലക്ക് കിടന്ന് ഉറങ്ങും. ഉറങ്ങുന്ന അവരുടെ വ്രണങ്ങളിൽ ഈച്ചയാർക്കും. അവരിൽ ഒരാൾപോലും ഈച്ചയെ ഓടിക്കുന്നത് കണ്ടിട്ടില്ല. ഡ്യൂട്ടിക്കിടെ ഡെക്കിലിരുന്ന് പേപ്പർ മടക്കി ഈച്ചയെ വീശിയടിച്ചു കൊന്നുകൊണ്ടിരുന്ന എന്നെ ഒരു സ്റ്റീവ്ഡോർ തടഞ്ഞു. എന്നെ രൂക്ഷമായി നോക്കിയ ശേഷം ആ സ്റ്റീവ്ഡോർ പറഞ്ഞതോർക്കുന്നു. ‘‘ഇവിടെ വളർത്തുന്നതല്ല, തന്നെ വരുന്നതാണ്. യുദ്ധത്തിൽ മരിച്ച കുഞ്ഞുങ്ങളുടെ ജീവൻ ഈച്ചയായി വരുന്നതാണ്. ഞങ്ങൾ അതിനെ ഓടിക്കാറില്ല. ഓടിച്ചാൽ ദൈവം പൊറുക്കില്ല.’’
എത്ര തരം വിശ്വാസങ്ങൾ. എെന്തല്ലാം ജീവിതങ്ങൾ. അന്ന് ഓഫിസിനുള്ളിൽ ചെന്ന് അറിയാതെ വിതുമ്പിപ്പോയ എെൻറ തോളിൽ തട്ടിക്കൊണ്ട് ഫസ്റ്റ് ഓഫിസർ പറഞ്ഞു: ‘‘ഹൃദയം എത്ര കഷണങ്ങളായി നുറുങ്ങിയാലും എത്ര ഉറക്കെ ഉള്ളിൽക്കരഞ്ഞാലും അതൊന്നും പുറത്തു കാണിക്കാതെ നിൽക്കുന്നോരാണ് യഥാർഥ സീമാൻമാർ. ഇതെല്ലാം ഈ ജോലിയുടെ ഭാഗമാണ്. മേന്മയായോ കുറവായോ കരുതാം. മേന്മയായി കരുതിയാൽ കൂടുതൽ കാലം ജോലി ചെയ്യാം.’’ അതിനു ശേഷം വിഷമിപ്പിക്കുന്ന സംഭവങ്ങളെ, ജീവിതത്തിെൻറ മേന്മ കൂട്ടാനുള്ള ഒരു തരം അനുഭവ ശ്രേണിയിൽ ഉൾപ്പെടുത്താൻ ഞാൻ പഠിക്കുകയായിരുന്നു. ഇന്നും അത് തുടരുന്നു. അതിനുശേഷം ഞാൻ ലാഗോസിൽ വെച്ച് ഈച്ചകളെ ഓടിക്കാൻ ശ്രമിച്ചിട്ടില്ല. എെൻറ മാറ്റം കണ്ട പഴയ സ്റ്റീവ്ഡോറുമായി ഞാൻ പരിചയപ്പെട്ടു. ചിമ്പുക്കെ എന്ന അയാളുടെ കുടുംബം പോർട്ടിനടുത്താണ് താമസിക്കുന്നത്. ഒരുപാട് വർഷങ്ങൾക്കു മുൻപ് മലാവി എന്ന രാജ്യത്തുനിന്നും കുടിയേറി പാർത്തവരാണ് അയാളുടെ പൂർവികർ. ചിമ്പുക്കെക്ക് നാലു ഭാര്യമാരും ഒൻപത് കുട്ടികളുമുണ്ട്.
നാലു ഭാര്യ എന്നൊക്കെ ആദ്യമായി കേട്ടപ്പോൾ എനിക്ക് ഒരു വല്ലായ്മ തോന്നി. ആദ്യ ഭാര്യയുടെ സ്വന്തം സഹോദരിമാരാണ് ബാക്കി മൂന്നും. അതു കൂടെ കേട്ടപ്പോൾ പെെട്ടന്നുള്ള ദേഷ്യത്തിൽ മുഖം വെട്ടിച്ചു. ദേഷ്യഭാവം കണ്ട അയാൾ എെൻറ കൈയിൽ മുറുക്കെപ്പിടിച്ചുകൊണ്ടു പറഞ്ഞു: ‘‘അവരെ ഞാൻ സംരക്ഷിച്ചില്ല എങ്കിൽ റിബൽസ് അവരെ കൊണ്ടുപോകും. ഇവിടെ ഇത് വളരെ സാധാരണമായ കാര്യമാണ്. അവർ വളരെ സ്നേഹത്തോടെ ഒരു വീട്ടിൽ ജീവിക്കുന്നു. ഒൻപതു കുട്ടികളും എന്നെ ദാദാ എന്നു വിളിക്കുന്നു.’’ ആ ദിവസം കഴിഞ്ഞു. പിറ്റേന്ന് ഞാൻ ചിമ്പുക്കെയെ ഡെക്കിൽ കണ്ടുമുട്ടി. അയാൾ വളരെ സന്തോഷവാനായിരുന്നു. അതിരുകളില്ലാത്ത അയാളുടെ സന്തോഷത്തിെൻറ കാരണം കേട്ട എെൻറ തല പെരുത്തുപോയി. ഉൾക്കിടിലങ്ങൾ പുറത്തു കാണിക്കാതെ ബലം സംഭരിച്ചുകൊണ്ട് ഞാനിരുന്നു. സംഭവം ഇങ്ങനെയായിരുന്നു:
ചിമ്പുക്കൈയുടെ രണ്ടാം ഭാര്യയിലെ മൂന്നാമത്തെ കുട്ടിക്ക് പതിനൊന്ന് വയസ്സാണ്. കുടുംബത്തിലെ ആദ്യത്തെ പെൺകുഞ്ഞ്. നാലാംനാൾ അവൾ ഋതുമതിയായ കാര്യം വലിയ സന്തോഷത്തോടെ അയാൾ പറഞ്ഞു. ഋതുമതിയായ പെൺകുഞ്ഞിനെ മൂന്നാം പക്കം ഹൈനമാൻ എന്ന ഗണത്തിൽപ്പെടുന്ന ആളെക്കൊണ്ട് നിർബന്ധിത വേഴ്ച നടത്തിക്കും. അതോടെ അവൾ അനുഗ്രഹിക്കപ്പെടുമെന്നും ജീവിതത്തിൽ ഒരു തരത്തിലുള്ള അസുഖങ്ങളും അവളെ ബാധിക്കില്ല എന്നും പറഞ്ഞ് അയാൾ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടിരുന്നു. ഇന്നലെ രാത്രിയായിരുന്നു ആ ചടങ്ങ് എന്നു പറഞ്ഞ് അയാൾ കഴുത്തിൽ ലോക്കറ്റാക്കി ഇട്ടിരുന്ന മൂങ്ങയുടെ നഖത്തിൽ ഉമ്മവെച്ചുകൊണ്ടിരുന്നു.
ഹൈനമാൻ ദൈവമാണ് അവർക്ക്. സ്വന്തം കുഞ്ഞിനെ അന്ധവിശ്വാസങ്ങൾക്കു മുന്നിലേക്ക് എറിഞ്ഞു കൊടുത്ത ചിമ്പുക്കെയെ ഞാൻ അടിമുടി നോക്കി. കുറച്ചു നേരം ആ കുട്ടിയുടെ അവസ്ഥയോർത്ത് മിണ്ടാതെ ഇരുെന്നങ്കിലും, എനിക്കയാളോട് ചോദിക്കാനുള്ളത് ഹൈനമാൻ ഗണത്തിനെ കുറിച്ചായിരുന്നു.
കഴിഞ്ഞ അധ്യായത്തിൽ പറഞ്ഞിരുന്നതുപോലെ ഹൈനമാൻ വൂ ഡോ എന്ന ആഭിചാര ക്രിയ ചെയ്യുന്നവരാണ്. അവർ ദൈവങ്ങളാെണന്നും, പ്രകൃതിയെയും മനുഷ്യനെയും മൃഗങ്ങളെയും വരുതിയിൽ നിർത്താൻ പറ്റുന്നത്ര ശക്തരാണ് അവരെന്നും അവിടത്തുകാർ കരുതുന്നു. അവരുടെ ജീവിതം നൈജീരിയയിലെ ഉൾവനങ്ങളിലാണ്. ചെറിയ മൺകുടിലുകളിൽ താമസിക്കും. അവരുടെ ആചാരങ്ങൾ മുഴുവനായും പറയാൻ ചിമ്പുക്കെ തയാറായില്ല. കഴുതപ്പുലികൾക്കൊപ്പം ജീവിക്കുന്ന; വിഷപ്പാമ്പുകളെയും, ബബൂണുകളെയും വീട്ടിൽ വളർത്തുന്ന ഹൈനമാനെക്കുറിച്ച് ചിമ്പുക്കെയെക്കൊണ്ട് പറയിപ്പിക്കാൻ മുപ്പതു ഡോളറും നെസ് കോഫി ബോട്ടിലും കൊടുക്കേണ്ടി വന്നു.
വലിയ സന്തോഷത്തോടെ അയാൾ വീട്ടിലേക്ക് പോയി. ദിവസം രണ്ടു കഴിഞ്ഞിട്ടും ചിമ്പുക്കെ തിരികെ കപ്പലിൽ വന്നില്ല. പിറ്റേന്ന് കപ്പൽ അടുത്ത തുറമുഖത്തേക്ക് യാത്രയാകേണ്ടതാണ്. അയാളുടെ കൂട്ടാളികളോട് ചോദിച്ചു. എങ്കിലും അവർ പരസ്പരം നോക്കി ചിരിക്കുന്നതു കണ്ട എനിക്ക് കാര്യം വ്യക്തമായി. വെറും ട്രെയിനി ആയ എെൻറ കൈയിൽനിന്നും മുപ്പതു ഡോളർ പോയ വ്യഥയിൽ ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങാൻ കിടന്ന എനിക്ക് ഒരു ഫോൺ വന്നു. നഗരത്തിൽ നടന്ന വംശീയഹത്യയെത്തുടർന്ന് പോർട്ട് അടയ്ക്കാനുള്ള സാധ്യതയുള്ളതിനാൽ, ബാക്കി ചരക്ക് മഡഗാസ്കർ എന്ന സ്ഥലത്തെ പോർട്ടിൽ ഇറക്കാൻ കപ്പൽ യാത്ര തിരിക്കുന്നു എന്ന സന്ദേശം പറഞ്ഞ് ഫോൺ കട്ടായി. കപ്പൽയാത്രക്ക് തയാറെടുത്തു. ഇറക്കിയ കാർഗോ കണക്കുകൾ നോക്കി ഫസ്റ്റ് ഓഫിസറും ക്യാപ്റ്റനും പേപ്പറുകൾ ഒപ്പിട്ടു. നിശ്ചിത സമയംകൊണ്ട് ഡെക്കും പരിസരവും വൃത്തിയാക്കി ബോസണും കൂട്ടാളികളും ഡിപ്പാർച്ചർ സ്േറ്റഷനു തയാറെടുത്തു. കപ്പൽ നൈജീരിയ വിടാൻ തയാറായിരുന്നു. കപ്പൽവിട്ടിറങ്ങിയ അവസാന കരക്കാരനോടും ഞാൻ ചിമ്പുക്കയെക്കുറിച്ച് ചോദിച്ചു. അയാൾ ഒന്നും പറഞ്ഞില്ല. പറ്റിക്കപ്പെട്ടു എന്ന് മനസ്സിലായി. ചിമ്പുക്ക എന്ന ആൾ ഒരു പുകപോലെ മുന്നിൽനിന്നും മാഞ്ഞു മറയുന്നു. കപ്പൽ യാത്രയായി. മഡഗാസ്കറിലേക്ക്. കപ്പൽ പിന്നാക്കം തള്ളിയ തിരമാലകൾക്കൊപ്പം ചിമ്പുക്കയെ എനിക്ക് മറന്നേ പറ്റൂ എന്ന സാഹചര്യം വന്നതോടെ പതിയെ അയാളെ മറന്നു.
കുറച്ചു നാളുകൾക്ക് മുൻപ് ‘സ്കാം’ എന്ന വെബ് സീരീസ് കണ്ടുകൊണ്ടിരുന്നപ്പോഴാണ് ചിമ്പുക്കയെ വീണ്ടും ഓർത്തത്. ചിമ്പുക്ക പറഞ്ഞ കെട്ടുകഥകളിൽ കേട്ട ഹൈനമാനെക്കുറിച്ച് ഞാൻ ഇൻറർനെറ്റിൽ തിരഞ്ഞു തുടങ്ങി. ഒരുപാട് വാർത്തകൾ പ്രത്യക്ഷപ്പെട്ടെങ്കിലും 2016ൽ ബി.ബി.സി റിപ്പോർട്ട് ചെയ്ത ഒരു വാർത്ത കണ്ണിലുടക്കിയതോടെ എെൻറ തിരച്ചിൽ അവസാനിച്ചു. മലാവി എന്ന സ്ഥലത്തെ വാർത്തയായിരുന്നു അത്. മാതാപിതാക്കൾ, മകളുടെ ലൈംഗിക ശുദ്ധീകരണം എന്ന ആചാരത്തിന് അങ്ങോട്ട് കാശു കൊടുത്ത് ഹൈനമാൻ എന്നു പേരുള്ള ആളുകളെ ഉപയോഗിക്കുന്ന വാർത്ത മുഴുവനും വായിച്ചു. നാൽപതിനു മുകളിൽ കുഞ്ഞുങ്ങളെ ലൈംഗിക ശുദ്ധി വരുത്താനുപയോഗിച്ച ആൾ HIV പോസിറ്റിവ് ആയിരുന്നു എന്ന വരികൂടി വായിച്ചതോടെ ഞാൻ വിൻഡോ ക്ലോസ് ചെയ്തു.
ചിമ്പുക്കയെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം ഹൈനമാനെക്കുറിച്ചും മതത്തിെൻറ പേരിൽ ലോകത്തിൽ പലയിടത്തും വേരാഴ്ത്തി നിൽക്കുന്ന ദുരാചാരങ്ങളെക്കുറിച്ചുമൊക്കെ ഓർത്തുപോകും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇതിനൊക്കെ ഇരയാകുന്നത് കൊച്ചുകുട്ടികളാണ് എന്ന സത്യം ഓർക്കുമ്പോൾ വല്ലാതെ അമർഷം തോന്നാറുണ്ട്. കുടുംബത്തിനെ ചേർത്തുപിടിച്ച് വിശ്വാസങ്ങൾ ശവംതീനികളല്ല എന്ന് ശബ്ദം താഴ്ത്തി ആണയിട്ടു പറയാറുണ്ട്. ഉറക്കെ വിളിച്ചു പറഞ്ഞാൽ ചിലപ്പോൾ അതേ വിശ്വാസങ്ങൾ എന്നെയും വേട്ടയാടിയെങ്കിലോ?..
ഭയത്തോടെ ചിമ്പുക്കയെ ഇവിടെ വെക്കട്ടെ.