Begin typing your search above and press return to search.
proflie-avatar
Login

ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ഇരട്ടത്താപ്പുകൾ

vidya krishnan on indian diasporas hypocrisy
cancel

ഇന്ത്യൻ പ്രവാസി സമൂഹങ്ങൾ ഉള്ളിടങ്ങളിലൊക്കെ ദക്ഷിണേഷ്യൻ മുസ്ലിംകൾക്കെതിരിൽ ഭീഷണിയുയർത്താനായി തങ്ങളുടെ സകല സംവിധാനങ്ങളും അവർ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ വിതച്ചിരിക്കുന്ന വിദ്വേഷത്തിന്റെ വിത്ത് ഒരു അർബ്ബുദം കണക്കേ ഇന്ത്യക്കാർ വസിക്കുന്ന ലോകത്തിന്റെ എല്ലാ മുക്കുമൂലകളിലേക്കും പടർന്നിരിക്കുകയാണ്.

2022 ഒക്ടോബർ മാസം ആദ്യത്തിൽ യുഎന്നിന്റെ ഗുഡ് വിൽ അംബാസിഡറും ഇന്ത്യൻ അഭിനേതാവുമായ പ്രിയങ്ക ചോപ്ര, ഇറാനിൽ ഡ്രസ് കോഡ് ലംഘിച്ചതിന്റെ പേരിൽ മഹ്സ അമീനിയെന്ന 22 വയസ്സുകാരി മരണപ്പെട്ടതിനെ തുടർന്ന് ഹിജാബ് അഴിക്കുകയും ‘ഏകാധിപതി മരിക്കട്ടെ’ എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തുകൊണ്ട് പ്രതിഷേധിച്ച ഇറാനിയൻ സ്ത്രീകൾക്ക് പിന്തുണയുമായി രംഗത്ത് വരികയുണ്ടായി. നിലവിൽ അമേരിക്കയിൽ താമസിക്കുന്ന ചോപ്ര, ഭരണകൂടത്തിനെതിരെ പോരാടുന്ന ഈ സ്ത്രീകളോട് തനിക്ക് അങ്ങേയറ്റത്തെ ‘ആദരവാണുള്ളത്’ എന്നാണ് പറഞ്ഞത്. ഒരു ഹിജാബ് ധരിച്ചതിന്റെ പേരിൽ മാത്രം മോദി ഭരണകൂടത്തിൽ നിന്നും മോറൽ പോലീസിങ് നേരിടുന്ന ഇന്ത്യയിലെ മുസ്ലിം സ്ത്രീകളുടെ സമാനമായ ആത്മാഭിമാന പ്രതിരോധങ്ങൾക്ക് നേരെ അവർ കൈക്കൊള്ളുന്ന നിശബ്ദതയെ മുൻനിർത്തി അവരുടെ ഇരട്ടത്താപ്പിനെയും സെലക്ടീവായ രോഷപ്രകടനത്തെയും തുറന്നുകാട്ടികൊണ്ട് ധാരാളം വിമർശനങ്ങളും ഇതേതുടർന്ന് പുറത്തു വന്നിരുന്നു.

ഈ സംഭവം ഇത്തരക്കാരുടെ സൗകര്യത്തിന്റെ രാഷ്ട്രീയത്തെ (politics of convenience) തുറന്നുകാട്ടുന്നുണ്ട്. പക്ഷേ അവരുടെ അന്താരാഷ്ട്രീയമായ വളർച്ചയ്ക്ക് സമാന്തരമായി അവരെങ്ങനെ മാറുന്നു എന്നതാണ് അതിലും വിശാലമായ പ്രശ്നം. സാമ്പത്തികമായി അഭിവൃദ്ധരും ശക്തരും ബൗദ്ധികമായി ഒരുതരം വ്യാധിയുമുള്ള ഇന്ത്യൻ കുടിയേറ്റക്കാരുടെ മനസിലേക്കുള്ള ഒരു എത്തിനോട്ടം കൂടിയാണിത്; ഇന്ത്യയുടെ കാര്യത്തിൽ ഇരട്ടത്താപ്പുകാണിക്കുകയും കപടരുമാവുകയും ഒരു അന്താരാഷ്ട്ര വിമാനം കയറുമ്പോഴേക്കും ജനാധിപത്യത്തിന്റെ കാവലാളുകളായി മാറുകയും ചെയ്യുന്നവരാണവർ.

2016 മുതൽ യുനിസെഫിന്റെ ഇന്ത്യയിൽ നിന്നുള്ള ഗുഡ്‌വിൽ അംബാസഡറാണ് പ്രിയങ്ക ചോപ്ര

വിഷലിപ്തമായ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ചുഴലിക്കാറ്റിൽ നിന്ന് സുരക്ഷിതമായ അകലംപാലിക്കുമ്പോൾ തന്നെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ പ്രവാസം ഏറെ രാഷ്ട്രീയവൽക്കരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഭാഗമായ ബൂർഷ്വാ കാപട്യത്തിന്റെ ഒരു പുരോഹിത മാത്രമാണ് പ്രിയങ്ക ചോപ്ര. ചോപ്രയെപ്പോലെ തന്നെ അമേരിക്കയിലും യു.കെയിലും വ്യാപിച്ചു കിടക്കുന്ന ഇന്ത്യൻ കുടിയേറ്റക്കാർ എന്തൊക്കെ അംഗീകരിക്കുന്നു, എന്തിനെയൊക്കെ അവഗണിക്കുന്നു എന്നതു മുൻനിർത്തി അവർ ഒരു വാർത്താ വിഷയമായി മാറിയിട്ടുണ്ട്. ഇന്ത്യൻ സ്വാതന്ത്രത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായ ആഘോഷ റാലിയിൽ ഇന്ത്യയിലെ നിലവിലെ മുസ്ലിം വിരുദ്ധ വിദ്വേഷത്തിന്റെ ചിഹ്നമായി മാറിക്കഴിഞ്ഞിരിക്കുന്ന ബുൾഡോസർ ഉൾപ്പെടുത്തിയതിന്റെ പേരിൽ ന്യൂജേഴ്സിയിലെ ഇന്ത്യക്കാർക്ക് അടുത്തിടെ മാപ്പുപറയേണ്ടി വന്നിരുന്നു. “കുക്ലക്സ് ക്ലാൻ റാലികളിൽ കാണാവുന്ന തൂക്കുകയറിനും കത്തുന്ന കുരിശിനെയും ഓർമ്മിപ്പിക്കുന്ന തരത്തിൽ പാരുക്കനും പൈശാചികവുമായ ഒന്നായിരുന്നുവെന്ന് ഈ പ്രതീകാത്മകതയെ മനസിലായവർക്കറിയാം” എന്നാണ് ന്യൂയോർക്ക് ടൈംസ് ഇതേപ്പറ്റി എഴുതിയത്. സെപ്റ്റംബറിൽ ലെസ്റ്ററിലെയും ബെർമിങ്ഹാമിലെയും കുടിയേറ്റക്കാർ ആ പ്രദേശത്തെ മുസ്ലിംകൾക്കെതിരെ ഭീഷണിയുയർത്തിക്കൊണ്ട് ഒരു വിദ്വേഷ മാർച്ച് നടത്തുകയുണ്ടായി. പ്രവാസി സമൂഹങ്ങൾ ഉള്ളിടങ്ങളിലൊക്കെ ദക്ഷിണേഷ്യൻ മുസ്ലിംകൾക്കെതിരിൽ ഭീഷണിയുയർത്താനായി തങ്ങളുടെ സകല സംവിധാനങ്ങളും അവർ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ വിതച്ചിരിക്കുന്ന വിദ്വേഷത്തിന്റെ വിത്ത് ഒരു അർബ്ബുദം കണക്കേ ഇന്ത്യക്കാർ വസിക്കുന്ന ലോകത്തിന്റെ എല്ലാ മുക്കുമൂലകളിലേക്കും പടർന്നിരിക്കുകയാണ്.

മറ്റു പ്രവാസികളെപ്പോലെ തന്നെ ചോപ്രയും അവരുടെ വഞ്ചനാത്മകമായ ഈ സ്വയം ആഖ്യാനത്തിൽ നിന്ന് എളുപ്പത്തിൽ രക്ഷപ്പെടുന്നു എന്നതാണ് എന്നെ സംബന്ധിച്ച് യഥാർഥ പ്രശ്നം. ഒരു യുഎൻ അംബാസഡർ എന്ന നിലക്ക് നരേന്ദ്ര മോദിയെ തന്റെ വിവാഹത്തിന് ക്ഷണിക്കുമ്പോൾ തന്നെയാണ് ജോർജ്ജ് ഫ്ലോയ്ഡ് മുതൽ ഇറാനിയൻ സ്ത്രീകൾ വരെയുള്ളവർക്ക് വേണ്ടി അവർ നിലകൊളളുന്നത്. ധാർമികാപചയം സംഭവിച്ച ഇന്ത്യൻ അഭിനേതാവ് എന്ന നിലക്ക് ഈ വിഷയത്തിൽ അവർ ഒറ്റക്കല്ല; ഹിന്ദു വലതുപക്ഷത്തിന്റെ പ്രചരണ യന്ത്രമെന്ന നിലയിലുള്ള ബോളിവുഡിന്റെ പങ്കിനെ കുറിച്ച് അടുത്തിടെ ഒരു ലേഖനം ന്യൂയോർക്കറിൽ വന്നിരുന്നു. ഒരു [വലതുപക്ഷ] പ്രചാരകയിൽ നിന്ന് പൗരാവകാശത്തിന്റെ വക്താവായി എളുപ്പത്തിൽ നിറംമാറാൻ കെല്പുള്ള, ഇരട്ട യാഥാർഥ്യത്തിൽ ജീവിക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. ടിവി ചാനലുകളിൽ മാത്രമല്ല, നമ്മുടെ വീട്ടകങ്ങളിലും തീൻമേശകളിലും സുഹൃത്തുക്കൾക്കിടയിലും സംഭവിക്കുന്ന ഇരട്ടത്താപ്പാണ് ഇന്ത്യയെ - മുഴുവൻ ലോകത്തെ സംബന്ധിച്ചും വലിയ ആശങ്ക. ഇന്ത്യയിൽ ജീവിക്കുന്നവർ ധൈര്യപൂർവം ചെയ്യുന്നതു പോലെ നിലകൊള്ളുന്നതിന് വേണ്ടി വിലനൽകാൻ തയ്യാറാവുക എന്നത് സാമാന്യ മര്യാദയാണ്. ഇതിനു വിരുദ്ധമായ ഇന്ത്യൻ പ്രവാസികളുടെ ഇരട്ട യാഥാർഥ്യത്തിനകത്ത് വളരെ നേർത്ത സഭ്യതയാണ് അവശേഷിക്കുന്നത്. പാശ്ചാത്യം ലോകം നോക്കിനിൽക്കേ തങ്ങൾ വളരെ പരിഷ്കൃതരാണെന്ന് നടിക്കുകയും ആഭ്യന്തരകാര്യം വരുമ്പോൾ നിഷ്കളങ്കമായി വിദ്വേഷം വമിക്കുകയും ചെയ്യും. വാക്കുകളും അവയുടെ അർത്ഥവും തമ്മിൽ കേൾവിക്കാർക്കനുസരിച്ച് മാറ്റാനാവുന്ന തരത്തിൽ ലോലമായ ഒരു ബന്ധമാണ് ഇപ്പോഴുള്ളത്.

ന്യൂജേഴ്സിയിലെ സ്വാതന്ത്ര്യദിനാഘോഷ റാലിയിൽ ബുൾഡോസർ

വെള്ള അധീശത്വത്തെ കുറിച്ച സങ്കീർണമായ സംഭാഷണങ്ങൾ നടത്തുക, അതേസമയം തങ്ങളും കുടുംബങ്ങളും തങ്ങളംഗീകരിക്കുന്ന രാഷ്ട്രീയക്കാരും നടത്തുന്ന അന്യായങ്ങളെ പാടേ അവഗണിക്കുക എന്നു തുടങ്ങി സമൂഹങ്ങളിലെ എല്ലാ അവസരങ്ങളെയും ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യൻ കുടിയേറ്റക്കാർ സാമൂഹിക ചലനാത്മകത കൈവരിച്ചിരിക്കുന്നത്. ഈ പ്രക്രിയയിൽ മർദ്ദിതരുടെ ഭാഷയെ എങ്ങനെ അനുകരിച്ച് ഉപയോഗിക്കാമെന്ന് പ്രിയങ്ക ചോപ്രയെപ്പോലുള്ളവർ കൃത്യമായി പഠിച്ചെടുത്തിട്ടുണ്ട്. അതേസമയം ഈ ഭാഷയെ തങ്ങളുടെ നാട്ടിലെ അടിച്ചമർത്തലുകൾക്കെതിരെ ഒരു ഘട്ടത്തിലും അവർ ഉപയോഗിക്കുകയുമില്ല. സ്വയം ഇരുട്ടിലാക്കുന്ന ഈ പ്രവണത അപകടകരമായ ഒരു ബൗദ്ധിക രോഗമാണ്.

മെക്സിക്കക്കാർ കഴിഞ്ഞാൽ അമേരിക്കയിൽ താമസിക്കുന്ന വിദേശ വംശജരായ രണ്ടാമത്തെ ഏറ്റവും വലിയ കുടിയേറ്റ ജനതയാണ് 2.7 മില്ല്യനോളം വരുന്ന അമേരിക്കയിലെ ഇന്ത്യക്കാർ. യുകെയിലെ യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള വലിയൊരു കുടിയേറ്റ വിഭാഗമാണ് ഇന്ത്യക്കാർ. അവർ നാടായി തിരഞ്ഞെടുത്തത് എവിടെയായാലും വിദ്യാസമ്പന്നരും വലിയ ശമ്പളം വാങ്ങുന്ന - ചുരുങ്ങിയത് മാനേജർ തസ്തികയിലെങ്കിലും, ജോലി ചെയ്യുന്നവരുമാണ് മിക്കവാറും ഇന്ത്യക്കാർ. കമല ഹാരിസിനെയും ഋഷി സുനകിനെയും പോലുള്ള ചിലർ അവരവരുടെ നാടുകളിലെ ഉന്നത സ്ഥാനങ്ങൾ വരെ എത്തിപ്പിടിക്കാൻ സ്വന്തം പ്രിവിലേജിനെ ഉപയോഗിച്ചിട്ടുമുണ്ട്. ഈ പ്രവാസി സമൂഹത്തിനിടയിലെ ദാരിദ്ര്യത്തിന്റെയും സുരക്ഷിതത്വമില്ലായ്ടെയും കുറഞ്ഞ അളവ് അവരെ ഒരു മാതൃകാ ന്യൂനപക്ഷമാക്കിയും മാറ്റുന്നുണ്ട്. എന്റെ കുടുംബവും സുഹൃത്തുക്കളും ഉൾപ്പെടെയുള്ള കുടിയേറ്റക്കാരിൽ മിക്കവരും ഗവണ്മെന്റ് ആനുകൂല്യങ്ങളോടെ എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നും മെഡിക്കൽ കോളേജുകളിൽ നിന്നും ബിരുദമെടുത്തവരും ശേഷം പുതിയ മേച്ചിൽപുറങ്ങൾ തേടിപ്പോയവരുമാണ്. എന്നിരുന്നാലും, സ്വാതന്ത്ര്യം എല്ലാവരുടെയും സാമൂഹിക പരിവർത്തനത്തിന് കാരണമാകണം എന്ന ആത്മാർത്ഥമായ ആഗ്രഹത്തെ അടിസ്ഥാനമാക്കിയുള്ള നെഹ്‌റുവിയൻ സോഷ്യലിസത്തിൽ നിന്ന് പ്രയോജനം നേടിയ ശേഷം ഇവർ മറ്റുള്ളവർക്ക് വാതിൽ തുറക്കാനുള്ള തങ്ങളുടെ സാമൂഹിക ഉത്തരവാദിത്തത്തെ ഉപേക്ഷിക്കുന്നതായി കാണാം. പ്രവാസികളായ എന്റെ മിക്ക ബന്ധുക്കളും സുഹൃത്തുക്കളും അമേരിക്കൻ ഇലക്ഷനിൽ എലിസബത്ത് വാറനെ പോലുള്ള പുരോഗമനകാരികളായ സ്ഥാനാർത്ഥികളെ പിന്തുണക്കുകയും അതേസമയം തന്നെ ഇന്ത്യയിലെ മോദിയെയും ആദിത്യനാഥിനെയും പോലുള്ള പിന്തിരിപ്പന്മാരായ രാഷ്ട്രീയക്കാരെയും പിന്തുണക്കുന്നവരാണ്. ഒപ്പം ജാതി വിവേചനമെന്ന ജഡത്തെ അവർ പോകുന്നിടത്തൊക്കെ വലിച്ചുകൊണ്ടുപോവുകയും ചെയ്യുന്നു.

നമ്മുടെ സമ്പന്നരും പ്രബലരുമായ പ്രവാസി സമൂഹം പാശ്ചാത്യരേക്കാൾ ഭീകരമായ ഓറിയന്റലിസ്റ്റ് നോട്ടമാണ് ഇന്ത്യയോട് വെച്ചുപുലർത്തുന്നത് എന്ന സത്യം അനിഷേധ്യമാണ്. ബോളിവുഡ്, വിവാഹ വിപണി, ഷോപ്പിങ്, സ്ട്രീറ്റ് ഫുഡ് തുടങ്ങി നാലു പ്രധാന ലക്ഷ്യങ്ങൾ മാത്രമുള്ള ഒരു സമൃദ്ധ വിദൂര ദേശമാണ് ഇവരെ സംബന്ധിച്ചെടുത്തോളം ഇന്ത്യ. ഈ നാല് കാര്യങ്ങൾ മാറ്റിവെച്ചാൽ പിന്നെയാ രാജ്യത്ത് ബാക്കിയുണ്ടാവുക അരാജകത്വവും, ദുരിതവും, അഴിമതിയും, വിദ്വേഷവും മാത്രമാണ്. ഈ കുടിയേറ്റക്കാരാവട്ടെ ഇതിൽ നിന്നൊക്കെ രക്ഷപ്പെട്ടവരുമാണ്. അവർക്ക് വേണ്ടതൊക്കെ അവിടെ നിന്ന് എടുക്കുകയാണ് അവർ ചെയ്യുന്നത്. ഇന്ത്യ ആഗോള പട്ടിണി സൂചികയുടെ ഏറ്റവും താഴെ എത്തുകയും സ്വയം പോറ്റാൻ പ്രയാസപ്പെടുകയും ചെയ്യുന്നിടം വരെ ഈ ബന്ധം തുടരുന്നു.

ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികൾ

ചോപ്രയെപ്പോലുള്ള പ്രവാസികളാവട്ടെ അന്താരാഷ്ട്ര തലത്തിൽ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തിരിക്കുന്നു. അതൊരു സന്തോഷകരമായ കാര്യം തന്നെയാണ്. ഒരു മാതൃകാ ന്യൂനപക്ഷമായി, സ്പെല്ലിങ് ബീ ചാമ്പ്യന്മാരുടെയും യോഗാ ഗുരുക്കരുടെയും സാങ്കേതിക വിദ്വാൻമാരുടെയും ഒരു രാഷ്ട്രമായി മാറാൻ അവർക്ക് കഴിയുന്നു. അതിൽ എനിക്ക് പ്രശ്നവുമില്ല. പക്ഷേ നാട്ടിലെ പ്രശ്നങ്ങളെ കാണാൻ വിസമ്മതിക്കുന്നത് തീർത്തും വഞ്ചനാപരമാണ്. അതിന്റെ ഭാഗമായുണ്ടാവുന്ന കാപട്യം അതിലും വലിയ പ്രശ്നമാണ്. ഈ ഇരട്ട നിലപാടും കാപട്യവും നാട്ടുകാരായ ആളുകളിൽ വലിയ ആഘാതമുണ്ടാക്കുന്നുണ്ട്. നമ്മെ നല്ലൊരു ഭാവിയിലേക്ക് കൊണ്ടുപോകേണ്ട ഇന്ത്യയുടെ സ്ഥാപനങ്ങൾ നുണയിലൂടെയും ബുൾഡോസർ റാലിയിലൂടെയും, തകർക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കോടതികൾ നീതിരഹിതമായിരിക്കുന്നു. മാധ്യമങ്ങൾ വസ്തുതാരഹിതമായിരിക്കുന്നു. ക്ഷേത്രങ്ങൾ ദയാരഹിതവും ഭരണകൂടം ഉപയോഗശൂന്യവുമായിരിക്കുന്നു. ഇതിനൊക്കെയിടയിലും, ഗവണ്മെന്റിന്റെ പിഴവുകൾ വരുത്തിവെച്ച അനന്തരഫലങ്ങളെയൊക്കെ, തങ്ങൾ ദേശവിരുദ്ധരല്ലെന്ന് തെളിയിക്കാനുള്ള തന്ത്രപ്പാടിന്റെ ഭാഗമായി റോസാപ്പൂവിന്റെ ഗന്ധമുള്ള മഹത്തരമായ എന്തോ ഒന്നാണ് അവയെന്ന രീതിയിൽ, നാം അതിജീവിവിക്കുമെന്ന പ്രതീക്ഷ സൃഷ്ടിക്കുകയാണ് പ്രവാസികളുടെ ഈ അബദ്ധ വാചാടോപങ്ങൾ ചെയ്യുന്നത്.

അതിനാൽ ചോപ്രയോടും അവരുടെ സഹദേശക്കാരോടും ഒരു എളിയ അപേക്ഷയുണ്ട്; അതിഭാവുകത്വമുള്ള ഇന്ത്യൻ സ്മരണികകൾ കൊണ്ട് നിങ്ങളുടെ സ്യൂട്കേസുകൾ നിറച്ചുകഴിഞ്ഞാൽ, വിസ അപ്ഡേറ്റ് ചെയ്തുകഴിഞ്ഞാൽ, സ്ട്രീറ്റ് ഫുഡിനോടും ബോളിവുഡ് സിനിമകളോടുമുള്ള നിങ്ങളുടെ വിശപ്പടങ്ങി ബന്ധുക്കളിൽ നിന്നും ഇന്ത്യയിലെ അരാജകത്വങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ വഴിയൊരുങ്ങിയാൽ, അന്താരാഷ്ട്ര വിമാനം കയറാൻ നിൽക്കുന്നതിന് തൊട്ടുമുൻപ്, എയർപോർട്ടിലേക്കുള്ള വഴിമധ്യേയെങ്കിലും നിങ്ങളുടെ നാടിന്റെ ചില അപ്രിയ യാഥാർഥ്യങ്ങളിലേക്കൊന്ന് കണ്ണുപായിക്കുക, തെരുവുകളിൽ ഭക്ഷണത്തിന് വേണ്ടി യാചിക്കുന്ന കുട്ടികൾ, അവിശ്വസനീയമാംവിധം ലൈംഗികാതിക്രമങ്ങളുമായി ജീവിക്കുന്ന സ്ത്രീകൾ, ജയിലിലടയ്ക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾ, കൊല്ലപ്പെടുന്ന മാധ്യമപ്രവർത്തകർ തുടങ്ങിയ ചില യാഥാർഥ്യങ്ങൾ നിങ്ങൾക്ക് കാണാം. അടുത്ത തവണ, സമുദ്രാന്തരങ്ങൾക്കപ്പുറത്ത് നിന്ന്, ടിവി പരിപാടികൾ കാണുന്നപോലെ ദൗർഭാഗ്യം ഇന്ത്യക്കുമേൽ വന്നു പതിക്കുന്നത് കാണുമ്പോൾ, നിങ്ങളപ്പോഴുള്ള നാടുകളിൽ നിങ്ങൾ വാദിക്കുന്നത് പോലെത്തന്നെ അബലർക്കുമേൽ പതിക്കുന്ന ദൗർഭാഗ്യങ്ങളുടെ ഉത്തരവാദിത്തം പ്രബലരുടേതാണെന്ന് തിരിച്ചറിയുക. ഇതൊരു വലിയ ആവശ്യമാണെന്ന് തോന്നുന്നുവെങ്കിൽ കുറഞ്ഞത് ഈ ചെറിയ കാര്യമെങ്കിലും ചെയ്യുക: ദയവ് ചെയ്ത് ഒന്നും മിണ്ടാതിരിക്കുക. കപടരുടെ പ്രകടനപരമായ ധാർമികോപദേശങ്ങൾ ഞങ്ങൾക്കാവശ്യമില്ല. ഇറാനിലെ സ്ത്രീകൾക്കും അതാവശ്യമില്ല.



ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു ഗ്ലോബൽ ഹെൽത്ത് റിപ്പോർട്ടറാണ് വിദ്യാ കൃഷ്ണൻ. 2022ലാണ് അവരുടെ 'ഫാന്റം പ്ലേഗ്: ഹൌ ടൂബർ കുലോസിസ് ഷേപ്പ്ഡ് ഹിസ്റ്ററി' (Phantom Plague: How Tuberculosis Shaped History) എന്ന ആദ്യ പുസ്തകം പുറത്തിറങ്ങിയത്.

കടപ്പാട്: ദി കാരവൻ

സ്വതന്ത്ര വിവർത്തനം: മൻഷാദ് മനാസ്

Show More expand_more
News Summary - vidya krishnan on indian diaspora's hypocrisy