''ജയ് ഭീം' കഥാപരിസരം ഒറ്റപ്പെട്ട സംഭവമല്ല' -സിനിമക്ക് ഒരു ആസ്വാദനം
ടി.ജെ. ജ്ഞാനവേല്‍ സംവിധാനംചെയ്ത ജയ് ഭീം എന്ന സിനിമ രാഷ്ട്രീയ, സാമൂഹിക വൃത്തങ്ങളിൽ പലതരം ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്. സിനിമയിലെ സൂക്ഷ്മ രാഷ്ട്രീയവും പലതരത്തിൽ സംവാദവിഷയമായി. സിനിമക്ക് ഒരു ആസ്വാദനം.
മുഖ്യധാരാ ചരിത്രരചനയില്നിന്നും/ജീവിതത്തില്‍നിന്നും ബഹിഷ്കൃതരാക്കപ്പെട്ട ജനതയാണ് ഇന്ത്യയിലെ ഗോത്രസമൂഹം. 1857ലെ 'ഒന്നാം സ്വാതന്ത്ര്യസമര'ത്തിനു മുമ്പ് കൊളോണിയല്‍ ആധിപത്യത്തിനെതിരെ നൂറ്റാണ്ടുകള്‍ നീണ്ട പോരാട്ടമാണ് ആദിവാസി ജനത നടത്തിയിട്ടുള്ളത്. എന്നാല്‍, ദേശീയ/ബ്രിട്ടീഷ് ചരിത്രനിർമിതികളില്നിന്നും ഒരേപോലെ തമസ്കരിക്കപ്പെട്ടതാണ് ഗോത്രജനതയുടെ ജീവിതം. ആദിവാസി സമൂഹങ്ങള്‍ നടത്തിയ ചെറുത്തുനില്‍പ്പുകളെക്കുറിച്ച് ഇവിടെ പരിശോധിക്കാനാകില്ല.
കൊളോണിയല്‍ ഭരണത്തിനെതിരായി 1774 മുതല്‍ 1947 വരെ ഇന്ത്യയില്‍ നടന്ന വിവിധങ്ങളായ ആദിവാസി പ്രക്ഷോഭങ്ങളെ മൂന്നു ഘട്ടങ്ങളായി തിരിക്കാവുന്നതാണ്. അതില്‍ ആദ്യഘട്ടം 1774 തൊട്ട് 1860 വരെയുള്ള കാലയളവില്‍ നടന്നതാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിെൻറ ഉദയവും അതിെൻറ വ്യാപനവും ഈ കാലയളവിലായിരുന്നുവെന്നത് യാദൃച്ഛികതയല്ല. വ്യാപാരത്തിനായി കടന്നുവന്നവര്‍ ഇന്ത്യയുടെ ദൈനംദിന ഭരണവ്യവസ്ഥയില്‍ ഇടപെടുകയും തങ്ങളുടേതായ നീതിന്യായ സംവിധാനങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്പ്പിക്കാനാരംഭിച്ചതും ഈ കാലയളവില്തന്നെയായിരുന്നു. സാമ്രാജ്യത്വ വിപുലീകരണത്തിന് ആവശ്യമായ പ്രകൃതിവിഭവങ്ങള്‍ കൈയടക്കാനുള്ള ശ്രമത്തിെൻറ ഭാഗമായി അതിനാവശ്യമായ നിയമനിർമാണങ്ങള്‍ രൂപപ്പെടുത്തുകയും തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ അവ നിര്‍ബന്ധപൂർവം അടിച്ചേല്‍പ്പിക്കാനും ആരംഭിച്ചപ്പോള്‍ അതിനെതിരെയുള്ള പ്രതിരോധമെന്ന നിലക്കാണ് ആദിവാസി പ്രക്ഷോഭങ്ങള്‍ ഇന്ത്യയിലെ വനമേഖലയില്‍ ശക്തിപ്പെട്ടതെന്ന് കാണാം.
1860 മുതല്‍ 1920 വരെയുള്ള ആറു ദശകക്കാലം, ഒരേസമയം ബ്രിട്ടീഷ് സാമ്രാജ്യത്വ വിപുലീകരണവും അതിനെതിരെയുള്ള ആദിവാസി-ഗോത്രജനതയുടെ പ്രതിരോധവും ഏറ്റവും ശക്തിയാര്‍ജിച്ച കാലയളവായിരുന്നു. 1920 മുതല്‍ 1947 വരെയുള്ള കാലഘട്ടം ആദിവാസി പ്രക്ഷോഭങ്ങള്‍ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെടാന്‍ ആരംഭിച്ച കാലവുമായിരുന്നു.1 ഇത്തരത്തില്‍ പോരാട്ടങ്ങളുടെ നീണ്ട ചരിത്രമാണ് ആദിവാസി ജനതക്കുള്ളത്. സമകാലിക അവസ്ഥയില്‍ അന്യാധീനപ്പെട്ട ഭൂമിക്കു വേണ്ടിയും തങ്ങള്‍ക്കെതിരായ വ്യത്യസ്തമായ ചൂഷണങ്ങള്ക്കെതിരെയുമാണ് ഗോത്രജനത പോരാടുന്നത്.
അധിനിവേശ ഭരണകൂടം (ബ്രിട്ടീഷുകാര്‍) കുറ്റവാളി ഗോത്രങ്ങള്‍ (Criminal Tribes) എന്ന് ആക്ഷേപിച്ച സമൂഹത്തിന് സമകാലിക ഇന്ത്യയിലും (ആഭ്യന്തര കൊളോണിയലിസം) ആ വിളിപ്പേരുതന്നെയാണുള്ളത്. തദ്ദേശീയരായിരുന്നിട്ടും ആ വിളിയില്‍നിന്നും മോചനം നേടാന്‍ ഈ ജനതക്കു സാധിച്ചിട്ടില്ല. ബ്രിട്ടീഷ് കാലഘട്ടത്തില്‍ ദേശീയ നേതൃത്വവുമായി ബന്ധപ്പെടാതിരിക്കുന്നതിന് ബ്രിട്ടീഷുകാര്‍ പല തരത്തിലുള്ള വഴികളും സ്വീകരിച്ചിരുന്നു. അതുകൊണ്ടാണ് ആദിവാസി മേഖലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ആദിവാസി-ഗോത്രജനതയെ ക്രിമിനല്‍ സ്വഭാവമുള്ളവരാക്കി മുദ്രകുത്തുകയും ചെയ്തത്. ആദിവാസി സമൂഹം താമസിക്കുന്ന മേഖലകളെ നിയമരാഹിത്യമേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു. തനതായ സാംസ്കാരിക ജീവിതമുള്ളവരെ അപരിഷ്കൃതര്‍ എന്നാണ് ഇന്നും മുഖ്യധാരാ സമൂഹം വിശേഷിപ്പിക്കുന്നത്. ഇത്തരമൊരു ചരിത്രവായനയെ മുന്‍നിര്‍ത്തി മാത്രമേ 'ജയ് ഭീം' പോലുള്ള സിനിമകളെ വിശകലനംചെയ്യാന്‍ കഴിയൂ.
'ജയ് ഭീം' എന്ന സിനിമക്ക് പശ്ചാത്തലമായ കഥാപരിസരം ഭാവനാത്മകമായ ലോകത്തിേൻറതോ അവിടെയുണ്ടാകുന്ന ഒറ്റപ്പെട്ട സംഭവമോ അല്ല. ദ്രാവിഡ ഭൂമികയായ തമിഴ്നാട്ടിലെ ഗ്രാമശരീരങ്ങളില് ജാതിമേല്‍ക്കോയ്മ ഏല്‍പ്പിക്കുന്ന കീഴാളവിരുദ്ധ മുറിവുകളാണ്. ഇരുള സമുദായത്തില്‍പ്പെട്ട രാജാക്കണ്ണും അയാളുടെ കുടുംബവും മുഴുവന്‍ ഗോത്രസമൂഹങ്ങളുടെയും പ്രതിനിധാനമാണ്. നൂറ്റാണ്ടുകളായി തങ്ങള്‍ നേരിടുന്ന വിവേചനത്തിെൻറ അടയാളങ്ങളാണ് ഈ സിനിമ വെളിപ്പെടുത്തുന്നത്. ജനാധിപത്യത്തെ കൂടുതല്‍ അപകടത്തിലാക്കുന്നതരത്തില് ഇന്ത്യന്‍ രാഷ്ട്രീയം ആധിപത്യത്തിേൻറതായ അവസ്ഥയിലേക്ക് നീങ്ങുമ്പോള്‍ വര്‍ഗ-സ്വത്വ സംഘര്‍ഷങ്ങള്‍ ഏത് തരത്തിലാണ് ഗോത്ര ജനതയെ ബാധിക്കുന്നത് എന്ന അന്വേഷണവും സിനിമ നടത്തുന്നുണ്ട്. ജാതി, ഭരണകൂടം, കോടതി, പൊലീസ്, പൊതുസമൂഹം തുടങ്ങിയ വിഷയങ്ങളെ പ്രശ്നവത്കരിക്കുന്നു എന്നതാണ് 'ജയ് ഭീമി'െൻറ പ്രത്യേകത.
തമിഴ്നാട്ടിലെ കീഴാള അടിച്ചമര്‍ത്തലുകള്‍
പെരിയോറിെൻറ പുരോഗമന ചിന്തകള്‍ സ്വാധീനം ചെലുത്തുന്ന ദേശത്താണ് ജാതിമതിലുകളും ദുരഭിമാനക്കൊലകളും നിത്യസംഭവമാകുന്നത്. ജാതിതന്നെയാണ് ഇതിെൻറയെല്ലാം അടിസ്ഥാന കാരണം. ഇതിനെതിരെ പല കോണുകളില്‍നിന്നും പ്രതിഷേധമുണ്ടാകുന്നുണ്ടെങ്കിലും കോടതി ഉള്‍പ്പെടെ നീതി നല്‍കേണ്ട ഇടങ്ങള്‍ ഉയര്‍ന്ന ജാതി വിഭാഗങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ഉന്നത നീതിപീഠങ്ങളില്‍ കീഴാള സമൂഹങ്ങളുടെ സാന്നിധ്യമില്ലായ്മയാണ് നിയമപോരാട്ടങ്ങളില്പോലും ദൃശ്യത ഇല്ലാതാക്കുന്നത്. തമിഴ്നാട്ടില്‍ നടന്ന/നടക്കുന്ന കീഴാളവിരുദ്ധതയെ തുറന്നുകാട്ടുന്ന നിരവധി പഠനങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്ദസാമിയെപ്പോലുള്ളവര് നടത്തുന്ന അന്വേഷണങ്ങള്‍/ഇടപെടലുകള്‍ വളരെ പ്രധാനമാണ്. 44 പേര് കൊല്ലപ്പെട്ട കീഴ്വെണ്മണി സംഭവത്തെ മുന്‍നിര്‍ത്തി തമിഴ്നാട്ടില്‍ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് മീന നടത്തുന്ന നിരീക്ഷണങ്ങള്‍ പൊലീസും ഭരണകൂടവും കോടതിയുമെല്ലാം എങ്ങനെയാണ് ദലിത് വിരുദ്ധതയുടെ ഭാഗമാകുന്നത് എന്നതിെൻറ പ്രത്യക്ഷ ഉദാഹരണമാണ്. നീതിന്യായ വ്യവസ്ഥയെയാണ് മീന കന്ദസാമി കൂടുതല്‍ വിമര്‍ശനത്തിന് വിധേയമാക്കുന്നത്.
കീഴ്വെണ്മണി കൊലയാളി സംഘങ്ങളായ ജാതി ഹിന്ദുക്കളെ ശക്തിപ്പെടുത്തുക മാത്രമല്ല, സമാനമായ നിരവധി സംഭവങ്ങളില്‍ കോടതിയും ഭരണസംവിധാനവും മുന്‍പറഞ്ഞ ജാതി ഭൂപ്രഭുത്വതാൽപര്യം സംരക്ഷിക്കുകയും കുറഞ്ഞത് സമാനമായ അര ഡസന്‍ സംഭവങ്ങളിലെങ്കിലും മദ്രാസ് ഹൈകോടതിയുടെ 'നീതി നിര്വഹണത്തിെൻറ മാതൃകയിലൂടെ' ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയും ഭരണക്രമവും ഫ്യൂഡല്‍ ജാതി മേധാവിത്വത്തിെൻറ താൽപര്യത്തിലാണെന്ന് മനസ്സിലാക്കാന്‍ കഴിയും. നീതിനിർവഹണം നടത്തിക്കൊണ്ടാണ് അതിെൻറ 'ജന്മവാസനയുടെ രാഷ്ട്രീയദൗത്യം' അവര്‍ നിർവഹിക്കുന്നത്. കാര്യങ്ങള്‍ വിശദീകരിക്കുന്നതിനും ഉദാഹരണങ്ങള്‍ നിരത്തുന്നതിനും അവകാശവാദങ്ങള്‍ക്കും മുമ്പ്, ഈ കൂട്ടക്കൊലകള്‍ സംബന്ധിച്ച് നീതിന്യായവ്യവസ്ഥയുടെ അഭിപ്രായങ്ങളും അവയെ പൊതുവില്‍ ഒന്നിപ്പിക്കുന്ന താൽപര്യങ്ങളും പരിശോധിക്കേണ്ടതുണ്ട്. കോടതികളും നീതിന്യായവ്യവസ്ഥയും ഇത്തരത്തില്‍ നിയമവ്യവഹാരത്തില്‍ നടത്തുന്ന നീതിനിഷേധങ്ങളുടെ പരമ്പരതന്നെ കാണാന്‍ കഴിയും. നീതിന്യായവ്യവസ്ഥ എന്ന കണ്ണുകെട്ടിക്കളിയുടെ നടപടികളില്‍ ഇരകളായ ദലിതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകളും പോരായ്മയുമാണ് ഇതിനെല്ലാം കാരണമെന്ന വാദത്തില്‍ തുടങ്ങി, സാക്ഷിമൊഴികളില്‍ കൃത്രിമമായ വിശദീകരണം നല്‍കുക, കൊലയാളികളുടെ വിവരങ്ങള്‍ കേസ് ഫയലില്‍ ഉള്‍പ്പെടുത്തുന്നതില്‍ വീഴ്ചകള്‍ വരുത്തുക, വാദിഭാഗം സാക്ഷികള്‍ എതിര്‍പക്ഷത്തേക്ക് കൂറുമാറ്റം നടത്തുന്നതില്‍ ആശങ്കയില്ലാതിരിക്കുക, സാക്ഷികളായവര്‍ക്ക് സ്വാധീനമുള്ള എതിര്പക്ഷത്തിെൻറയും മറ്റു ഭീഷണിയില്‍നിന്നും ദുഃസ്വാധീനത്തില്നിന്നും നിയമപരമായ സംരക്ഷണം നല്‍കാതിരിക്കുക, കൂട്ടക്കൊലകളുടെ ജാതീയ പശ്ചാത്തലം അവഗണിക്കുക, ജാതീയ പീഡനവും അതിക്രമവും എന്ന നിലയില്‍ പട്ടികജാതി പീഡനം/കൂട്ടക്കൊലയായി ഈ കേസിനെ കണക്കാക്കാതിരിക്കുക, കൂലിക്കൂടുതലിെൻറയും തൊഴിലവകാശങ്ങളുടെയും മറ്റും ഉള്ളടക്കവും വര്‍ഗപരമായ അതിെൻറ പശ്ചാത്തലങ്ങളും കണക്കിലെടുക്കാതിരിക്കുക, ആത്യന്തികമായി ദലിതര്‍ക്ക് (സ്ത്രീകള്‍ക്കും ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ദരിദ്രര്‍ക്കും) അവര്‍ നേരിടുന്ന കിരാതമായ പ്രശ്നങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കുന്ന, പതിവ് ഭരണപരവും-നിയമാനുസൃതവുമായ നടപടി മാത്രമായി ഇതിെൻറ സാമൂഹിക-രാഷ്ട്രീയ പ്രശ്നത്തെ ചുരുക്കിക്കാണുകയും അപ്രസക്തമാക്കുകയും ചെയ്യുക എന്നിങ്ങനെ നീതിനിഷേധത്തിെൻറ പട്ടിക നീണ്ടതാണ്.
മാത്രമല്ല, തീക്ഷ്ണമായ യഥാർഥ പ്രശ്നങ്ങളെ തികച്ചും 'സ്വാഭാവിക'മെന്ന നിലയില്‍ കണക്കാക്കിക്കൊണ്ട് കേവലം 'പ്രതിഫലത്തിെൻറ' മാത്രം തലത്തിലേക്ക് ദലിത് ജീവിതത്തെ ചുരുക്കിക്കാട്ടി അതിന് വിലയിടുന്ന പ്രവണത ശക്തമാണ്. ഇതിലൂടെ ഒരു ബലിയാടെന്ന നിലയില്‍ മാത്രം ഇരയെ ചിത്രീകരിച്ചുകൊണ്ട് രാഷ്ട്രീയവും സാമൂഹികവും നിയമപരവും പ്രചാരണപരവുമായി ഭൂരിപക്ഷ മനോഘടനയുടെയും ആധിപത്യശക്തികളുടെ താൽപര്യത്തെ ഉറപ്പിച്ചെടുക്കുന്ന സാഹചര്യം സൃഷ്ടിച്ചെടുത്തുകൊണ്ട് ഭരണകൂട സംവിധാനം അനീതിയുടെ സ്വാഭാവികമായ നടത്തിപ്പുകാരായിത്തീരുന്നു. ഇത് കോടതിയുടെ മാത്രം പ്രശ്നമല്ല, മറിച്ച് ഇത്തരം സംഭവങ്ങളില്‍ സ്വതന്ത്രമായ അന്വേഷണത്തിന് നിയോഗിക്കപ്പെടുന്ന ജുഡീഷ്യല്‍ കമീഷനുകളും ഇതില്‍നിന്നും ഒട്ടും വിഭിന്നമല്ല.2 മീനയുടെ ഈ നിരീക്ഷണങ്ങള്‍ വളരെ കൃത്യമാണെന്നു തിരിച്ചറിയുന്ന നിരവധി രംഗങ്ങള്‍ ഈ സിനിമയിലുണ്ട്. കീഴാള സമൂഹങ്ങള്‍ക്ക് എതിരായ കേസുകളില്‍ കോടതി വിചിത്രമായ വ്യാഖ്യാനങ്ങളുമായി രംഗത്തു വരുന്നത് കാണാനാകും.
'പരുത്തിവീരനി'ല്‍നിന്നും 'ജയ് ഭീമി'ലേക്കുള്ള ദൂരം
വരേണ്യ പൊതുമണ്ഡലത്തിെൻറ കാഴ്ചകളെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമകളുടെ നീണ്ടനിരതന്നെ ആദ്യകാലത്തെ തമിഴ്സിനിമകളില്‍ കാണാനാകും. അന്ധവിശ്വാസങ്ങളും കെട്ടുകാഴ്ചകളുംകൊണ്ട് പൂര്‍ണമായും യാഥാർഥ്യത്തില്‍നിന്നും മാറി നില്ക്കുന്ന സ്വഭാവമാണ് അത്തരം സിനിമകള്‍ പുലര്‍ത്തിയത്. തമിഴ്നാടിെൻറ ഗ്രാമജീവിതങ്ങളെയോ ജാതിയെയോ ഒരിക്കല്‍പോലും അടയാളപ്പെടുത്താന്‍ അക്കാലത്തെ സിനിമകള്‍ക്ക് കഴിഞ്ഞിട്ടില്ല. അതിന് അനുസൃതമായ താരനിർമിതിയിലൂടെ പുതിയൊരു പരിവേഷത്തെ നിർമിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ബോധപൂർവം നടക്കുന്നുമുണ്ട്. തദ്ദേശീയ ജനതയെ അപരരാക്കിക്കൊണ്ട് അധീശത്വ ആശയക്കാര്‍ കപടമായി ദേശീയതയെ ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ അന്ധമായി അതിനോട് ചേര്ന്നുനില്ക്കാനാണ് ചലച്ചിത്രപ്രവര്‍ത്തകര്‍ ശ്രമിച്ചത്. ഈ സന്ദര്‍ഭത്തില്‍ ദേശീയതയെ മഹത്ത്വവത്കരിക്കുന്ന നിരവധി സിനിമകളുണ്ടായി. കാളിദാസില്നിന്നാണ് (1932) ഇത് ആരംഭിക്കുന്നത്. അനസൂയ (1937), നവീന സാരംഗതാര (1936) തുടങ്ങിയ സിനിമകള്‍ ദേശീയതയോട് സന്ധി ചെയ്യുന്നതാണ്. മണ്ഡല് കമീഷെൻറ വരവും ബാബരി മസ്ജിദിെൻറ തകര്‍ച്ചയും സൃഷ്ടിച്ച അലയൊലികള്‍ ഇന്ത്യന്‍ സിനിമയുടെ കാഴ്ചയെയും ആഖ്യാനത്തെയുമെല്ലാം പുനര്‍നിർമിച്ചു. തമിഴ്സിനിമയില്‍ ഈ മാറ്റം ദൃശ്യമായി തുടങ്ങുന്നത് രണ്ടായിരത്തോടെയാണ്. താരങ്ങള്‍ സജീവമായി രംഗത്തുള്ളപ്പോള്തന്നെ താരപരിവേഷം എന്ന ബോധത്തെ മറികടക്കുന്നത് കാണാനാകുന്നുണ്ട്.
താരസങ്കൽപങ്ങളിലും ജനപ്രിയതയുടെ പരമ്പരാഗത ചേരുവകളിലും അധികനാള്‍ തുടരാനാവാത്തതിെൻറ സ്വാഭാവികമായ പ്രതികരണങ്ങളായിരുന്നില്ല തമിഴ്സിനിമകളില്‍ അടുത്തകാലത്തുണ്ടായ മാറ്റങ്ങളെന്നു 2016ല്‍ ഇറങ്ങിയ ചില ചലച്ചിത്രങ്ങളെ മുന്‍നിര്‍ത്തി ആലോചിക്കാവുന്നതാണ്. ഒരുപക്ഷേ, തമിഴ്നാട്ടില്‍ രൂപപ്പെടുന്ന അധികാരസംബന്ധിയായ വിമര്‍ശനങ്ങളും വിവിധ സാമൂഹികവിഭാഗങ്ങളുടെ പ്രത്യക്ഷതകളും അതിലുപരി ഇവയൊക്കെ തമ്മില്‍ നിലനിൽക്കുന്ന അധീശത്വവും കീഴായ്മയുമൊക്കെ പ്രതിഫലിക്കുന്ന ചിത്രങ്ങളാണ് പൊതുവേ കണ്ടുവരുന്നത്. പലരും ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ കാൽപനിക ഗ്രാമങ്ങളും മധ്യവര്‍ഗ നഗരങ്ങളുമെന്ന വിരുദ്ധ ദ്വന്ദ്വത്തില്‍നിന്നും മാറി അകാൽപനിക നഗരങ്ങളും ഗ്രാമങ്ങളുമെന്നതിലേക്ക് തമിഴിലെ ദൃശ്യാവിഷ്കാരങ്ങള്‍ ചുവടുറപ്പിക്കുന്നതായി കരുതാം. താരാവേശങ്ങളുടെ യഥാർഥ ശക്തിയായ ബഹുജനസാന്നിധ്യം നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും അതിരുകളില്‍നിന്നും ഉയര്ന്നുവരുന്നതിെൻറ സൂചനകള്‍ ഈ ചുവടുമാറ്റത്തില്നിന്നും മനസ്സിലാക്കാം.3 ഇത്തരമൊരു മാറ്റത്തിെൻറ പ്രതിഫലനമാണ് 'പരുത്തിവീരന്' (2007), 'സുബ്രഹ്മണ്യപുരം' (2008) എന്നീ സിനിമകള്‍. അതില്‍നിന്നും മാറുന്ന തമിഴ്സിനിമയുടെ പുതുലോകമാണ് തുടര്‍ന്നുണ്ടാകുന്നത്. കീഴാള രാഷ്ട്രീയത്തെ സൂക്ഷ്മമായി അവതരിപ്പിക്കുന്ന സിനിമകൾ കടന്നുവരുന്നത് നാളിതുവരെയുള്ള തമിഴ് സിനിമയുടെ ആഖ്യാനത്തെയും കാഴ്ചയെയും പുതുക്കിപ്പണിതു. പാ. രഞ്ജിത്തിെൻറ 'അട്ടകത്തി' (2012), 'മദ്രാസ്' (2014), 'കബാലി' (2016), 'കാല' (2018), 'സര്‍പ്പാട്ട പരമ്പരൈ' (2021), ലെനിന് ഭാരതി സംവിധാനംചെയ്ത 'മെര്‍ക്ക് തോടര്ച്ചിമലൈ' (2018) തുടങ്ങിയ സിനിമകള്‍ അതിന് ഉദാഹരണമാണ്. കമേഴ്സ്യൽ സിനിമയുടെ ഭാഗമായി നിന്നുകൊണ്ട് ദലിത് രാഷ്ട്രീയത്തെ ആവിഷ്കരിക്കാന്‍ പാ. രഞ്ജിത്ത് ശ്രമിക്കുമ്പോള്‍ സമാന്തരധാരയിലൂടെ പുതു പരീക്ഷണം നടത്തിക്കൊണ്ട് തെൻറ രാഷ്ട്രീയത്തെ ആവിഷ്കരിക്കാനാണ് 'പരിയേരും പെരുമാള്‍' (2018), 'കര്ണന്' (2021) എന്നീ സിനിമകളിലൂടെ മാരിശെല്വരാജിെൻറ ശ്രമം. വെട്രിമാരെൻറ 'വടചെന്നൈ'യും (2018) 'ആടുകള'വും (2011) 'അസുരനും' (2019) തമിഴ്സിനിമയുടെ മാറ്റത്തിെൻറ ഭാഗമാണ്.
ടി.ജെ. ജ്ഞാനവേല്‍ സംവിധാനംചെയ്ത 'ജയ് ഭീം' എന്ന സിനിമയും കമേഴ്സ്യൽ ചേരുവകളാല്‍ നിർമിക്കപ്പെട്ടതാണ്. സൂര്യയെപ്പോലുള്ള താരത്തിെൻറ സാധ്യതകളെയാണ് ഈ സിനിമയും മുന്നോട്ടുവെക്കുന്നത്. സൂര്യയുടെ പതിവ് ശരീരകാഴ്ചയെ മറികടക്കാന്‍ സിനിമക്ക് സാധിക്കുന്നത് അതുയര്‍ത്തുന്ന രാഷ്ട്രീയംതന്നെയാണ്. സവിശേഷമായ തൊഴില്‍ ചെയ്ത് ജീവിക്കുന്ന സമൂഹത്തെ ഭരണകൂടവും അതിെൻറ ഉപകരണങ്ങളും എങ്ങനെയാണ് വേട്ടയാടുന്നതെന്ന് തുറന്നുകാട്ടുകയാണ് സിനിമ. സിനിമ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം പൊതുബോധത്തിന് എത്രമാത്രം അസ്വസ്ഥതയുണ്ടാക്കുന്നതാണ് എന്നതിെൻറ തെളിവാണ് സൂര്യക്കെതിരെയും സിനിമക്കെതിരെയും ഉയരുന്ന പ്രതിഷേധങ്ങള്‍.
വിമോചിക്കപ്പെടേണ്ട സമൂഹം
'ജയ് ഭീം' ആരംഭിക്കുന്നതുതന്നെ ഇന്ത്യന്‍ ജയിലുകളിലെ ജാതീയ മേല്‍ക്കോയ്മയെ അടയാളപ്പെടുത്തിക്കൊണ്ടാണ്. ശിക്ഷ കഴിഞ്ഞിറങ്ങുന്നവരോട് പുറത്തുനില്‍ക്കുന്ന പൊലീസുകാരന് അവരുടെ ജാതി ചോദിക്കുന്നു. താഴ്ന്ന ജാതിയില്‍പ്പെട്ടവരാണെങ്കില്‍ അപ്പുറത്തേക്ക് മാറ്റിനിര്‍ത്തുകയും വീണ്ടും ജയിലില്‍ അടയ്ക്കുകയുമാണ്. ഹാബിച്ചല്‍ ഒഫേൻറഴ്സ് എന്നാണ് ഇവരെ സിനിമയില്‍ വിശേഷിപ്പിക്കുന്നത്. കുറ്റം ചെയ്താലും ഇല്ലെങ്കിലും ശിക്ഷ കഴിഞ്ഞാലും ജയിലില്‍തന്നെ കിടക്കേണ്ടി വരുന്ന അവസ്ഥ. ഇന്ത്യന്‍ ജയിലുകളില്‍ വിചാരണയില്ലാതെ കഴിയുന്ന തടവുകാരില്‍ അധികം ദലിത്-ആദിവാസി സമൂഹങ്ങളില്നിന്നുള്ളവരോ ന്യൂനപക്ഷ സമൂഹങ്ങളില്പ്പെട്ടവരോ ആണ്. ഈ യാഥാർഥ്യത്തെ തുറന്നുകാട്ടുന്ന രംഗമാണിത്. ചന്ദ്രു എന്ന ജഡ്ജിയുടെ/ആക്ടിവിസ്റ്റിെൻറ ജീവിതത്തെ മുന്‍നിര്‍ത്തിയാണ് 'ജയ് ഭീം' ഒരുക്കിയിരിക്കുന്നത്. പുരോഗമന പ്രസ്ഥാനത്തിെൻറ ഭാഗമായിരുന്ന ചന്ദ്രു നടത്തിയ ഇടപെടലുകള്‍ ജാതിമേല്‍ക്കോയ്മക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നുണ്ട്. അദ്ദേഹം ഏറ്റെടുത്ത കേസുകളുടെ ഭാഗമായി അറിഞ്ഞ കാര്യങ്ങള്‍ സിനിമയുടെ കഥാനിർമിതിക്ക് കാരണമാകുന്നുണ്ട്. ചന്ദ്രു അടുത്ത സമയത്ത് വ്യത്യസ്ത മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖങ്ങളില്‍ ഇത് സൂചിപ്പിക്കുന്നുണ്ട്. 'ജയ് ഭീമി'െൻറ കഥതന്നെ നടന്ന സംഭവത്തെ മുന്‍നിര്‍ത്തി എഴുതപ്പെട്ടതാണ്. നിരപരാധിയായ ഇരുള സമുദായത്തില്‍പ്പെട്ട രാജാക്കണ്ണ് (കെ. മണികണ്ഠന്) പൊലീസ് കസ്റ്റഡിയില്‍ മരിക്കുന്നതും അതിനെ ആത്മഹത്യയാക്കി മാറ്റാന്‍ പൊലീസിെൻറ ശ്രമവും അഡ്വ. ചന്ദ്രുവിെൻറ (സൂര്യ) ഇടപെടലിലൂടെ അയാളുടെ കുടുംബത്തിന് നീതി ലഭിക്കുന്നതുമാണ് 'ജയ് ഭീമി'െൻറ ഇതിവൃത്തം.
ജന്മിമാരുടെ കൃഷിയിടങ്ങളിലെ എലികളെയും പാമ്പുകളെയും പിടിക്കുന്ന ജോലിയാണ് രാജാക്കണ്ണും അയാളുടെ സമുദായവും ചെയ്യുന്നത്. ചെറിയ ജോലി ചെയ്ത് കുടുംബവുമായി സ്നേഹത്തോടെ ജീവിക്കുന്ന രാജാക്കണ്ണ് വലിയൊരു സമൂഹത്തിെൻറ പ്രതിനിധാനമായാണ് സിനിമയില്‍ അടയാളപ്പെടുന്നത്. സ്വന്തമായി ഭൂമിയും ഉറപ്പുള്ള വീടുമില്ലെങ്കിലും രാജാക്കണ്ണും ഭാര്യ സെങ്കനിയും (ലിജോമോള്‍ ജോസ്) മകളും നയിക്കുന്ന സന്തോഷകരമായ ജീവിതം അയാളുടെ മരണത്തോടെ തകരുകയാണ്. ജാതി എന്ന ഇന്ത്യന്‍ യാഥാർഥ്യത്തെ ഇനിയും തിരിച്ചറിയാത്ത സമൂഹത്തിനുനേരെയുള്ള നിരവധി ചോദ്യങ്ങളാണ് ഈ സിനിമ മുന്നോട്ടുവെക്കുന്നത്. കതിര്‍വേല്‍ എന്ന മുതലാളിയുടെ വീട്ടില്‍ കയറിയ പാമ്പിനെ അവിടെനിന്നും പിടിച്ച് കാട്ടിലുപേക്ഷിച്ച് അവരെ രക്ഷിക്കുന്ന രാജാക്കണ്ണിന് ജാതി ആക്ഷേപം കേൾക്കേണ്ടിവരുന്നു. പ്രതിഫലം വാങ്ങാതെ ചെയ്യുന്ന ജോലികള്‍ക്കുപോലും പഴി കേള്‍ക്കേണ്ടി വരുന്ന അവസ്ഥ ഇന്ത്യയില്‍ മറ്റൊരു സമൂഹത്തിനും നേരിടേണ്ടിവരുന്നില്ല എന്നതാണ് കതിര്വേലിെൻറ ഭാര്യയിലൂടെ തിരിച്ചറിയാനാകുന്നത്.
പഠിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കാത്തവരാണ് ആദിവാസി സമൂഹങ്ങളിലധികവും. സിനിമയില്‍ ഇവര്‍ രാത്രിയില്‍ പഠിക്കുന്ന രംഗമുണ്ട്. കൂട്ടംകൂടി ഇരിക്കുന്ന രാജാക്കണ്ണിനും കൂട്ടര്‍ക്കും മൈത്ര (രജിഷ വിജയന്) ആദ്യം പഠിപ്പിക്കുന്നത് പട്ടയം എന്ന വാക്കാണ്. സ്വന്തമായി ഭൂമിയും താമസിക്കുന്ന ഭൂമിക്ക് പട്ടയവുമില്ലാത്ത ജനതയുടെ നേര്ജീവിതത്തെയാണ് ഈ രംഗത്തിലൂടെ തുറന്നുവെക്കുന്നത്. ജാതി സര്‍ട്ടിഫിക്കറ്റിനായി ഇവര്‍ വില്ലേജ് ഓഫിസിലെത്തുമ്പോള്‍ മതിയായ രേഖകളില്ലാത്തതിനാല്‍ നല്‍കാനാകില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. അതേസമയം എല്ലാ രംഗത്തും അവഗണനയും ആക്ഷേപവും കേള്‍ക്കേണ്ടിവരുന്ന രാജാക്കണ്ണിന് പിന്നീട് നേരിടേണ്ടിവരുന്നത് അതിലും വലിയ ദുരന്തമാണ്. സെങ്കനി വീണ്ടും ഗര്‍ഭിണിയായ സമയത്താണ് രാജാക്കണ്ണ് മറ്റൊരു ദേശത്ത് കട്ടക്കളത്തില്‍ ജോലിക്ക് പോകുന്നത്. ഈ സമയത്ത് രാജാക്കണ്ണിനെതിരെ കള്ളക്കേസ് ചമച്ച പൊലീസ് രാത്രി അയാളുടെ വീട്ടിലെത്തി സെങ്കനിയെയും മകളെയും ഉപദ്രവിക്കുന്നുണ്ട്. ജോലിസ്ഥലത്തുനിന്നും രാജാക്കണ്ണ് തിരിച്ചെത്തുമ്പോഴേക്കും അയാള്‍ പൊലീസ് കസ്റ്റഡിയിലാകുന്നു. സബ് ഇന്‍സ്പെക്ടര്‍ ഗുരുസ്വാമിയില്നിന്നും ക്രൂരമായി മർദനമേല്‍ക്കുന്ന രാജാക്കണ്ണ് കസ്റ്റഡിയില്‍ മരിക്കുകയാണ്. ഇയാളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് സെങ്കനി പഞ്ചായത്ത് പ്രസിഡൻറിനെ സമീപിച്ചെങ്കിലും അയാളും കൈയൊഴിയുകയാണ്. ഒടുവില്‍ അഡ്വ. ചന്ദ്രുവിനെ കണ്ടെത്തുന്നതും ഭര്‍ത്താവിനെ കാണുന്നില്ലെന്നു കാട്ടി ഹേബിയസ് കോർപസ് ഹരജി നല്‍കുന്നതോടെയാണ് സെങ്കനിക്ക് നീതി ലഭിക്കുന്നത്. കേസ് പരാജയപ്പെടുമെന്ന അവസ്ഥയിലെത്തുമ്പോള് ചന്ദ്രു തന്നെ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിക്കുകയും കോടതിയില്‍ അഡ്വക്കറ്റ് ജനറലിെൻറ വാദങ്ങളെ പൊളിക്കുകയുമാണ്. ഐ.ജി പെരുമാള്‍ സ്വാമിയുടെ (പ്രകാശ് രാജ്) അന്വേഷണവും രാജാക്കണ്ണിെൻറ ഇളയ സഹോദരന് ഇരുട്ടപ്പെൻറയും മരുമകന് മോസക്കുട്ടിയുടെയും വെളിപ്പെടുത്തലുകളും കേസിന് ബലമാകുന്നു. 'ജയ് ഭീം' എന്നു സിനിമയില്‍ ഒരിടത്തും മുഴങ്ങുന്നില്ലെങ്കിലും അംബേദ്കര്‍ രാഷ്ട്രീയത്തിെൻറ സാധ്യതകള്‍ ഇന്ത്യന്‍ രാഷ്ട്രീയം കണ്ടെത്തേണ്ടതുണ്ട് എന്ന പാഠമാണ് സിനിമയിലൂടെ തുറക്കപ്പെടുന്നത്.
ചന്ദ്രുവിെൻറ പുരോഗമന കാഴ്ചപ്പാടുകള്‍ തിരിച്ചറിയണമെങ്കില്‍ അദ്ദേഹത്തിെൻറ ഓഫിസിലെ ഫോട്ടോ ശ്രദ്ധിച്ചാല്‍ മതി. ഭിത്തിയില്‍ കാണുന്ന മാര്‍ക്സ്, അംബേദ്കര്‍, പെരിയോര്‍ എന്നിവരുടെ ചിത്രങ്ങള്‍ ഇടക്കിടെ സ്ക്രീനില്‍ തെളിയുന്നുണ്ട്. സംഘ്പരിവാര്‍ ഉയര്‍ത്തുന്ന ഫാഷിസ്റ്റ് രാഷ്ട്രീയത്തിനെതിരെ നീല്‍സലാം ലാല്‍സലാം എന്ന മുദ്രാവാക്യം ഉയര്ന്നുവന്നതിെൻറ പ്രതീകമായി ഈ കാഴ്ചയെ കാണാവുന്നതാണ്. ഇന്ത്യയുടെ വിമോചനം അടിസ്ഥാന സമൂഹങ്ങളിലൂടെയാണ് സാധ്യമാകുന്നത് എന്ന് തെളിയിക്കുന്നതാണ് സിനിമയുടെ ക്ലൈമാക്സ്. ചന്ദ്രു കാലിന്മേല് കാലെടുത്തുവെച്ച് പത്രം വായിക്കുന്നത് അനുകരിക്കുന്ന രാജാക്കണ്ണിെൻറ മകളെ ചിരിച്ചുകൊണ്ട് അതു കൊള്ളാം എന്നു സമ്മതിക്കുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്. വിപണി വിജയത്തിെൻറ ഫോര്‍മുലകളെല്ലാം സ്വീകരിക്കുമ്പോഴും അതില്‍നിന്നും കുതറിക്കൊണ്ട് എല്ലാകാലത്തും മറ്റുള്ളവരുടെ അടിമകളായി കഴിയേണ്ടവരല്ല കീഴാളസമൂഹങ്ങള്‍ എന്നും അവരുടെ മുന്നേറ്റമാണ് ഇന്ത്യ ആവശ്യപ്പെടുന്നതെന്നും പറയാനുള്ള ശ്രമമാണ് 'ജയ് ഭീം'.