ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും മതവൈര ചിന്തകളും
സമൂഹത്തിൽ കൃത്യമായ മതധ്രുവീകരണം ലക്ഷ്യമിടുന്ന വർഗീയ പരാമർശങ്ങളാണ് ഇപ്പോൾ ക്രിസ്ത്യൻ മതമേലധ്യക്ഷരിൽനിന്ന് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അവർ നിരത്തുന്ന 'ലവ് ജിഹാദ്', 'നാർക്കോട്ടിക് ജിഹാദ്', 'ഇൗഴവ ജിഹാദ്' ആരോപണങ്ങൾ ആരെയാണ് സഹായിക്കുക?
എവിടെനിന്നോ വന്ന ഒരു ചാക്കോ ഉപദേശി വീടും കൃഷിഭൂമിയും വാഗ്ദാനം ചെയ്തപ്പോള്‍ അയാളുടെ ആഗ്രഹപ്രകാരം തൊട്ടടുത്ത വയലിലൂടെ ഒഴുകുന്ന കലക്കവെള്ളത്തില്‍ ''ജ്ഞാനസ്നാനം ചെയ്ത് രക്ഷിയ്ക്കപ്പെട്ട'' മുപ്പതോളം കാട്ടുനായ്ക്കരാണ് കൊന്നമ്പറ്റ കാട്ടുനായ്ക്ക കോളനിയിലെ താമസക്കാര്‍. മൂന്നു വര്‍ഷം മുന്‍പ് ക്രിസ്തുമതത്തിലേക്ക് രക്ഷിക്കപ്പെട്ട അവരിപ്പോള്‍ അതില്‍നിന്നും ഒട്ടൊക്കെ രക്ഷപ്പെട്ട മട്ടാണ്. ആർ.എസ്.എസ് ഉള്‍പ്പെടെ ചില ഹൈന്ദവ സംഘടനകള്‍ ഇടപെട്ട് ക്രിസ്ത്യാനികളായി മാറിയ നായ്ക്കരെ ഹിന്ദുക്കളാക്കികൊണ്ടിരിക്കുകയാണ്. അവരുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ കോളനി. ഹൈന്ദവ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് ഉപദേശി ഒളിച്ചോടിയത്രെ. കുടിലുകളുടെ മുന്നില്‍ അയാളുടെ മുൻകൈയില്‍ നിര്‍മിച്ച പള്ളി ഇപ്പോള്‍ ഒരമ്പലമാണ്. ചുവരില്‍ വരച്ച കുരിശു രൂപം പച്ചിലകൊണ്ട് മായ്ച്ചുകളഞ്ഞിട്ടുണ്ട്. തങ്ങള്‍ക്ക് ഒട്ടും യോജിക്കാത്തതും നാവിനു വഴങ്ങാത്തതും ആയ ക്രിസ്ത്യാനി പേരുകളില്‍ നിന്നും അവര്‍ 'മോചിത'രായി. ജോസപ്പിനും അഗ്നസിനും മാര്ഗരീറ്റക്കും ആണ്ട്രൂസിനും എല്ലാം മൂന്നു വര്‍ഷത്തിനു ശേഷം അവരുടെ പഴയ ആദിവാസി പേരുകള്‍ തിരിച്ചുകിട്ടി. കൂടെ അവര്‍ക്ക് ചില പുതിയ ഹിന്ദു ദൈവങ്ങളെയും കിട്ടി. കാട്ടുകല്ലുകളെ ആരാധിച്ചിരുന്നവര്‍ ഇപ്പോള്‍ ഗുരുവായൂരപ്പനെ പ്രാർഥിക്കുകയും ശബരിമല തീർഥാടനത്തിനു പോവുകയും ചെയ്യുന്നുണ്ട്.
വെയില് കാഞ്ഞിരിക്കുന്ന നായ്ക്ക കാരണവരോട് പേര് ചോദിച്ചാല്‍ അയാള്‍ക്ക് പരിഭ്രമമാണ്. ഏതു പേര് പറയണം. ആരെയും പിണക്കേണ്ട എന്ന് കരുതിയാവണം അയാള്‍ പറഞ്ഞു: ''ബൊമ്മന് ജൊസഫ്.''
ബൊമ്മന് ജോസഫിെൻറ ഭാര്യ വെള്ളച്ചിയുടെ പേര് ഏലമ്മയെന്നായിരുന്നു. ''ഇപ്പൊ കൂടിയ കൂട്ടര്'' വെള്ളച്ചി എന്നാണ് വിളിക്കുന്നത് എന്നല്ലാതെ അതാണ് തെൻറ പേരെന്ന് ഉറപ്പിച്ചു പറയാന്‍ അവര്‍ക്ക് മടിയുള്ളത് പോലെ. അപരിചിത സന്ദര്‍ശകര്‍ ഏതു കൂട്ടരാണ് എന്നറിയാത്തതുകൊണ്ട് കൂടിയാകാം ഈ സന്ദിഗ്ധത.
''ആദ്യം കൂടിയ കൂട്ടര് ഗോതമ്പും പാല്പൊടിയും തരുമായിരുന്നു. വയല്‍ തരാമെന്നു പറഞ്ഞു. കിട്ടിയില്ല. ഇപ്പോള്‍ കൂടിയ കൂട്ടര് ഓണത്തിന് ഒരു കുപ്പായവും അഞ്ചു രൂപയും തന്നു. പിന്നൊന്നുമില്ല. പൂജയുണ്ട്'', ബൊമ്മന് ജോസഫ് തെൻറ ആത്മീയ യാത്രയുടെ ഭൗതിക നേട്ടം ഇങ്ങനെ സംഗ്രഹിച്ചു. ഒരഭ്യർഥനയും: ''ഇനിയൊന്നും വേണ്ട. തടി രച്ച കിട്ടിയാല്‍ മതി.''
(ഒ.കെ. ജോണി എഴുതിയ 'വയനാട് രേഖകള്‍' എന്ന പുസ്തകത്തില്‍നിന്ന്)
ഏതാണ്ട് കാൽനൂറ്റാണ്ടുകൾ മുൻപൊരു ദിവസം. രൂപതാ തലത്തിൽ കേരള കാത്തലിക് യൂത്ത് മൂവ്മെൻറിെൻറ ഒരു ക്യാമ്പ്. അതിൽ മുഖ്യപ്രഭാഷകനായി വന്ന ബിഷപ് പ്രധാനമായും ചൂണ്ടിക്കാട്ടിയത് ദലിത് ക്രിസ്ത്യാനികളുടെ സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയും അവർക്ക് ജാതിസംവരണം ഉറപ്പുവരുത്തേണ്ടതിെൻറ ആവശ്യകതയും ആയിരുന്നു. മതം മാറി വരുന്ന ദലിതർക്ക് സംവരണം നിഷേധിക്കുന്നത് കടുത്ത ക്രൂരതയാണ് എന്ന് ബിഷപ് തീർത്തു പറഞ്ഞു.
സംശയം ചോദിക്കേണ്ട ഘട്ടമെത്തിയപ്പോൾ ആരോ ഒരാൾ ചോദിച്ചു: ദലിത് ക്രൈസ്തവർക്ക് സംവരണം കൊടുക്കണം എന്ന് നമ്മൾ പറയുന്നതിൽ ഒരു ശരികേടില്ലേ. ഹിന്ദുമതത്തിലെ ജാതിവിവേചനവും സാമൂഹിക അടിച്ചമർത്തലും ഭയന്നല്ലേ അവർ ജാതിഘടനയില്ലാത്ത നമ്മുടെ കത്തോലിക്കാ സഭയിലേക്കു വരുന്നത്. ക്രിസ്ത്യൻ മതത്തിനുള്ളിലും പിന്നാക്കക്കാർ എന്നും പിന്നാക്കക്കാരായി തുടരുമെന്നും അവരെ മുഖ്യധാരയുടെ ഭാഗമാകാൻ നമ്മൾ അനുവദിക്കില്ല എന്നുമുള്ള ഒരു ധ്വനികൂടിയില്ലേ ഈ സംവരണ വാദത്തിൽ?
ദലിത് ക്രിസ്ത്യാനികൾക്ക് സംവരണം കൊടുക്കണം എന്നതാണ് എന്നത്തെയും ഇന്നത്തെയും നിലപാട് എങ്കിലും ആ ചോദ്യത്തിന് ബിഷപ് കൊടുത്ത മറുപടി വല്ലാതെ ഞെട്ടിച്ചു: ''കണ്ട പുലയനും പറയനും മതം മാറി വന്നു എന്ന് കരുതി അവരുടെ ജാതി ഇല്ലാതാകുമോ? അവരെ നമ്മൾ നമ്മുടെ കൂട്ടത്തിൽ ചേർക്കുന്നു എന്നതൊക്കെ ശരി. എന്നാൽ അവർ എങ്ങനെയാണ് സമുദായത്തിലെ മറ്റ് അംഗങ്ങൾക്ക് തുല്യരാകുന്നത്? മതം മാറിയാലും ഇല്ലെങ്കിലും പുലയനും പറയനും അവർ തന്നെയാണ്. മതം മാറി എന്നുെവച്ച് അവർ നമ്മുടെ വീടുകളിൽ കല്യാണം ആലോചിച്ചു വന്നാൽ നമ്മൾ സമ്മതിക്കുമോ? അവർ അവർക്കിടയിൽനിന്നും വേണ്ടവരെ കണ്ടെത്തിക്കോളണം. പിന്നെ അവർക്കൊക്കെ വേണ്ടിക്കൂടിയാ ലത്തീൻ സഭ. മീൻപിടിത്തക്കാർക്ക് വേണ്ടി മാത്രമല്ല. അവരവിടെ നിന്നോളും. തോമാശ്ലീഹാ നേരിൽ വന്നു മതംമാറ്റിയെടുത്ത പൂർവിക പാരമ്പര്യമുള്ള നമ്മുടെ സഭ ഒരു ദലിത് ക്രിസ്ത്യാനിയെയും ഇതിൽ ചേർക്കുന്നില്ല. ലത്തീനിൽ ചേർന്നവർക്ക് വേണ്ടി മാനുഷിക പരിഗണനയിൽ നമ്മൾ സംവരണം ആവശ്യപ്പെടുന്നതാണ്.''
കേരളത്തിലെ ക്രൈസ്തവ മതമേലധ്യക്ഷന്മാർക്കിടയിൽ നിലനിൽക്കുന്ന ജാതി-മത-വർണ വെറികളുടെ അത്ര പരസ്യമായ വെളിെപ്പടുത്തൽ ആദ്യമായി കേൾക്കുകയായിരുന്നു. അതുണ്ടാക്കിയ ഷോക്കും വിവരിക്കാവുന്നതിന് അപ്പുറമായിരുന്നു. അന്ന് വെറുതെയാഗ്രഹിച്ചിരുന്നു: ഒരു വിഡിയോ കാമറ ഉണ്ടായിരുന്നു എങ്കിലെന്ന്.
ഇന്നിപ്പോൾ ക്രൈസ്തവ മത നേതൃത്വങ്ങൾക്കിടയിലെ മുസ്ലിം വിരോധവും ദലിത് വിരോധവും സ്ത്രീ വിവേചനവുമെല്ലാം പഴയതിലും വലിയ ഭീകരതയായി മാറുമ്പോൾ പ്രകടമാകുന്ന മാറ്റം ഇതെല്ലാം അപ്പോഴപ്പോൾ സഭക്കുള്ളിൽനിന്നും വെളിപ്പെട്ട് പൊതുസമൂഹത്തിെൻറ വിചാരണക്ക് എത്തുന്നു എന്നതാണ്.
സഭയും സഭയുടെ വർഗീയവാദി പണ്ഡിതരും അവർക്ക് പശ്ചാത്തല സൗകര്യമൊരുക്കുന്ന ഇടതുപക്ഷത്ത് നിൽക്കുന്നു എന്നവകാശപ്പെടുന്ന വലതുപക്ഷ നിരീക്ഷകരും മറന്നുപോകുന്ന രണ്ടു കാര്യങ്ങളുണ്ട്: കഴിഞ്ഞ കാൽനൂറ്റാണ്ടിൽ ടെക്നോളജിയിൽ ഉണ്ടായ വളർച്ചയാണ് ഒന്ന്. രണ്ടാമത്തേത് തങ്ങളുടെ വിഷലിപ്ത പ്രസംഗങ്ങൾ മിണ്ടാതെ കേട്ടിരിക്കുന്ന സ്വസമുദായത്തിലെ യുവത വെറുതെ മിണ്ടാതിരിക്കുകയല്ല എന്നതാണ്. അവർ സ്വന്തം ഫോണുകളിൽ നിങ്ങളുടെ വർഗീയ, വംശീയ, മനുഷ്യവിരുദ്ധ പരാമർശങ്ങൾ അപ്പോഴപ്പോൾ റെക്കോഡ് ചെയ്യുകയാണ്. പൊതുസമൂഹത്തെ കേൾപ്പിക്കാൻ. നിങ്ങൾക്കെതിരെ ജനങ്ങളെ മതാതീതമായി സംഘടിപ്പിക്കാൻ. കാലം വൈകിപ്പോയി എന്നും കേവലം ആചാര നൂലുകൾ എല്ലാം പഴകിപ്പോയി എന്നും പഴയ കയറുകളിൽ ജനങ്ങൾ നിൽക്കില്ലെന്നും വിവരസാങ്കേതികതയുടെ യുഗത്തിൽ കാര്യങ്ങൾ പറയുമ്പോൾ വിവേകവും സൂക്ഷ്മതയും വേണമെന്നും കത്തോലിക്കാ ബിഷപ്പുമാരിലെ പണ്ഡിതർ ഇപ്പോൾ മനസ്സിലാക്കിവരുകയാണ്. ഇത് കത്തോലിക്കാ സഭക്ക് മാത്രമുള്ള വെല്ലുവിളിയല്ല, മറ്റെല്ലാ സംഘടിത മതങ്ങളിലും ഉള്ള യാഥാസ്ഥിതികരും വർഗീയവാദികളും മനുഷ്യവിരുദ്ധരും നേരിടുന്ന വെല്ലുവിളിയാണ്. നിങ്ങൾ ഓരോ നിമിഷവും റെക്കോഡ് ചെയ്യപ്പെടുന്നുണ്ട്. നിങ്ങളുടെ വിഷം പുരട്ടിയ വാക്കുകൾ അതിനിശിതമായി വിചാരണചെയ്യപ്പെടാൻ പോവുകയാണ്.
നാർക്കോട്ടിക് ജിഹാദിെൻറ ഇല്ലാത്ത മുസ്ലിം വിരുദ്ധ കഥകൾ പറഞ്ഞ പാലാ ബിഷപ്പും ഈഴവ ജിഹാദ് കണ്ടെത്തിയ ദീപികയുടെ യുവജന നേതാവ് പുരോഹിതനും എന്നല്ല മിശ്രവിവാഹിതരെയും എസ്.എൻ.ഡി.പിക്കാരെയും ഓട്ടോറിക്ഷക്കാരെയും കത്തോലിക്കാ യുവതികളുടെ ഭീഷണിയായി അവതരിപ്പിച്ച ഇടുക്കിയിലെ പഴയ ബിഷപ് ആനിക്കുഴിക്കാട്ടിലും ഇതൊന്നും സംസാരിച്ചത് ഏതെങ്കിലും പൊതുവേദികളിൽ ആയിരുന്നില്ല. സ്വന്തം വിശ്വസ്തരായ കുഞ്ഞാടുകൾക്ക് മുന്നിലായിരുന്നു. കുഞ്ഞാടുകളുടെ മൗനത്തെ അവർ വിധേയത്വമായി തെറ്റിദ്ധരിച്ചു.
ബഹുസ്വരതയിലും മതേതരത്വത്തിലും സാമൂഹിക സൗഹാർദത്തിലും വിശ്വസിക്കുന്ന കത്തോലിക്കാ സഭയിലെ ചെറുപ്പക്കാർ അവ റെക്കോഡ് ചെയ്ത് സമൂഹത്തെ കാണിച്ചു. സ്വന്തം കാൽക്കീഴിലെ മണ്ണാണ് ഊർന്നുപോകുന്നത് എന്ന് തിരിച്ചറിയുകയാണ് സഭ ഇപ്പോൾ ചെയ്യേണ്ടത്.
വാസ്തവത്തിൽ ഇതര മതവിദ്വേഷവും പച്ചയായ വർഗീയതയും കത്തോലിക്കാ പുരോഹിതന്മാർ പറയാൻ തുടങ്ങിയിട്ട് ഒരുപാട് കാലങ്ങളായി. സീറോ മലബാർ, മലങ്കര റീത്തുകളാണ് അത് പറയുന്ന വിഭാഗങ്ങൾ. കത്തോലിക്കർ അല്ലാത്തവരിൽ ഓർത്തഡോക്സ്, മാർത്തോമാ, യാക്കോബായ വിഭാഗങ്ങളിലെ അപൂർവം ചിലരുമുണ്ട്. എന്നാൽ കൃത്യമായ മതേതര-ജനാധിപത്യ-ബഹുസ്വര നിലപാടുകൾ പരസ്യമായി പറയുന്ന നിരവധി പുരോഹിതർ യാക്കോബായ, ഓർത്തഡോക്സ്, മാർത്തോമാ വിഭാഗങ്ങളിൽ ഉണ്ട്. ലത്തീൻ കത്തോലിക്കർ സാമൂഹികമായും ചരിത്രപരമായും പിന്നാക്കാവസ്ഥ നേരിടുന്നവരായതിനാൽ മലീമസമായ വർഗീയ പ്രസ്താവനകൾ അവരുടെ ബിഷപ്പുമാരിൽനിന്നും പുരോഹിതരിൽനിന്നും പൊതുവിൽ വരാറില്ല.
എക്കാലത്തും സീറോ മലബാർ, സീറോ മലങ്കര വിഭാഗങ്ങളെ അടക്കിഭരിക്കുന്ന ഒരു വികാരമാണ് അവരുടെ വംശശുദ്ധി. സവർണ നായന്മാരും നമ്പൂതിരിമാരും സെൻറ് തോമസിനാൽ നേരിട്ട് മതംമാറ്റം ചെയ്യപ്പെട്ടുണ്ടായവരാണ് തങ്ങളുടെ പൂർവികർ എന്നവർ പറയുന്നു. ഇല്ലാത്ത കുലമഹിമകളിൽ ഊറ്റംകൊള്ളുന്നു.
ലവ് ജിഹാദ് പോലുള്ള ഇല്ലാക്കഥകൾ കെട്ടിയെഴുന്നള്ളിക്കുന്നതിനും എത്രയോ മുൻപ് തുടങ്ങിയതാണ് ഇവരുടെ മിശ്രവിവാഹങ്ങളോടുള്ള അതൃപ്തി. മതം മാറി വിവാഹം ചെയ്തവരെ സഭ എന്നും കണ്ടിട്ടുള്ളത് അങ്ങേയറ്റം വെറുപ്പോടും അനിഷ്ടത്തോടുംകൂടിയാണ്. മിശ്രവിവാഹങ്ങൾക്ക് എതിരെ രോഷാകുലനായ ഒരു ബിഷപ്പിനെ ഒരിക്കൽ നിശ്ശബ്ദനാക്കിയത് നിങ്ങൾ എങ്ങനെയാണ് മതം മാറി വിവാഹം കഴിച്ച സോണിയ ഗാന്ധിയെ കാണാനും അവരിലൂടെ സഭക്ക് ആവശ്യമുള്ള കാര്യങ്ങളിൽ ഇടപെടലുകൾ നടത്തിക്കുകയും ചെയ്യുന്നത് എന്ന് ചോദിച്ചാണ്.
കേരളത്തിലെ കത്തോലിക്കാ സഭയുടെ നിലപാടുകൾ എന്നും അഴകൊഴമ്പൻ ആണ്. നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകളോട് ഇലക്ഷൻകാലത്ത് കുരിശുയുദ്ധം പ്രഖ്യാപിക്കും. ഇടതുപക്ഷം ജയിച്ചാൽ നേട്ടങ്ങൾക്കായി പിന്നാലെ പോകും. പള്ളിയിൽ പോകാത്ത എ.കെ. ആൻറണി അധികാര രാഷ്ട്രീയത്തിെൻറ ഭാഗമായിരിക്കുന്നിടത്തോളം അദ്ദേഹത്തിന് പ്രശ്നം ഒന്നുമില്ല. അദ്ദേഹം അതിൽനിന്നും ഒരു ദിവസം പുറത്തുവന്നാൽ അന്ന് മതവിരുദ്ധൻ ആയിത്തീരും. സഭയുടെ നിലപാടുകളും സമീപനങ്ങളും എന്നും അധികാരവും പദവികളും സ്വാധീനവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് എന്ന് ചുരുക്കം.
സ്വാതന്ത്ര്യത്തിനു മുൻപ് കേരളത്തിൽ സഭ കൊളോണിയൽ വാഴ്ചക്കാർക്ക് ഒപ്പമായിരുന്നു. സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് വലിയ ശക്തിയായപ്പോൾ സഭ അതിനൊപ്പമായി. ഇന്ന് കേന്ദ്രത്തിലും സംസ്ഥാനത്തിലും കോൺഗ്രസ് ക്ഷയിച്ചപ്പോൾ സഭ ത്രിശങ്കുവിലാണ്. കേന്ദ്രത്തിൽ ബി.ജെ.പി സർക്കാറിനൊപ്പം നിൽക്കാൻ സംഘ്പരിവാർ അജണ്ടകളെ തുണയ്ക്കാതെ വയ്യ. കേരളത്തിൽ ഇടതുപക്ഷവുമായി വിലപേശാൻ ജോസ് കെ. മാണിയും കേരള കോൺഗ്രസ് അവശിഷ്ടങ്ങളും മാത്രം പോരാ. ഹിന്ദുത്വത്തെ കണ്ണുമടച്ചു പിന്തുണക്കുകയും മുസ്ലിം വിരോധത്തെ ആളിക്കത്തിക്കുകയും ചെയ്യുമ്പോൾ ശരാശരി വിശ്വാസികൾ കൂടെ നിൽക്കുമെന്ന് ഉറപ്പില്ല. മിണ്ടാതെയും ഉരിയാടാതെയും സഭയുടെ കീഴിൽ വിധേയത്വത്തോടെ ഓച്ചാനിച്ചു നിന്നിരുന്നവരുടെ കാലം പോയി. റെബലുകൾ എങ്ങും തലപൊക്കുന്നു. കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത ബിഷപ്പിെൻറ കാര്യത്തിലായാലും ഭൂമിവിൽപനയിൽ കൃത്രിമം കാണിച്ച കർദിനാളിെൻറ കാര്യത്തിലായാലും മുസ്ലിം വിരോധത്തിെൻറ കാര്യത്തിലായാലും സാധാരണ ക്രൈസ്തവ വിശ്വാസികൾ വ്യാപകമായി മൗനം വിട്ട് പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.
സംഘ്പരിവാറിനെ പ്രീണിപ്പിക്കാൻ ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും എടുത്തു വീശുന്ന ബിഷപ്പുമാർ ചെയ്തുവെക്കുന്ന മറ്റൊരു അപകടംകൂടിയുണ്ട്. തങ്ങളുടെ സമൂഹത്തിലെ സ്ത്രീകളെ അവർ എത്ര വിലകുറച്ചാണ് കാണുന്നത് എന്ന് സഭാംഗങ്ങൾ മനസ്സിലാക്കിതുടങ്ങിയിരിക്കുന്നു.
കേരളത്തിലെ ഇതര മതവിഭാഗങ്ങളെ െവച്ചുനോക്കുമ്പോൾ സ്ത്രീ ശാക്തീകരണം വലിയ തോതിൽ നടന്നിട്ടുള്ളത് കത്തോലിക്കാ സമുദായ അംഗങ്ങൾക്കിടയിലാണ്. വിദ്യാഭ്യാസപരമായും സാമൂഹികമായും തൊഴിൽപരമായും ഇച്ഛാശക്തികൊണ്ടും ഈ സ്ത്രീകൾ വളരെ മുന്നിലാണ്. അവരെയാണ് മറ്റു മതങ്ങളിലെ തീവ്രവാദികൾക്ക് എളുപ്പത്തിൽ കറക്കിയെടുക്കാവുന്നവരായി സഭാ നേതൃത്വം ചിത്രീകരിക്കുന്നത്.
പാലാ ബിഷപ്പും ദീപികയുടെ ഈഴവ വിരുദ്ധ പുരോഹിതനുമൊക്കെ ചരിത്രത്തിെൻറ ചവറ്റുകുട്ടയിലേക്ക് വീണുപോയേക്കാം. ഇവർ ആഗ്രഹിക്കുന്ന തരത്തിൽ സംഘ്പരിവാർ അനുകൂലമായ ധ്രുവീകരണമൊന്നും കേരളസമൂഹത്തിൽ സംഭവിച്ചു എന്നുമിരിക്കില്ല. എന്നാൽ കേരളത്തിലെ സാമൂഹികാന്തരീക്ഷത്തിൽ അവിശ്വാസത്തിെൻറയും പകയുടെയും വെറുപ്പിെൻറയും അശാന്തിയുടെയും വിത്തുകൾ ചെറിയ തോതിലെങ്കിലും പാകാൻ അവർക്കായിട്ടുണ്ട്. മുൻപൊരിക്കലും ഇല്ലാത്തവിധം ഇസ്ലാമോഫോബിയ കേരളസമൂഹത്തിൽ പ്ലാൻറ് ചെയ്യാനും അവർക്കാകുന്നു.
ഇനി വി.എൻ. വാസവൻ മന്ത്രിയെപ്പോലെ ഈ വിഷയത്തിൽ ഇടപെട്ട പ്രഖ്യാപിത മതേതരക്കാരിലേക്ക് വരാം. അദ്ദേഹത്തിെൻറ അഭിപ്രായത്തിൽ പാലാ ബിഷപ്പിനെ എതിർക്കുന്നവർ എല്ലാം തീവ്രവാദികളാണ്. പാലാ ബിഷപ് ആകട്ടെ മഹാപണ്ഡിതനും.
ബിഷപ്പിെൻറ പാണ്ഡിത്യത്തിലേക്ക് ഒന്ന് പാളിനോക്കാം. അദ്ദേഹം പറയുന്നതനുസരിച്ച് കടുത്ത ജിഹാദികൾ കേരളത്തിൽ വ്യാപകമായി ജ്യൂസ് ഷോപ്പുകളും ഹോട്ടലുകളും ഐസ്ക്രീം പാർലറുകളും നടത്തുന്നുണ്ട്. അവിടെ വരുന്ന മുസ്ലിം ഇതര ഇടപാടുകാർക്ക് ഭക്ഷ്യവസ്തുക്കളിൽ മയക്കുമരുന്ന് ചേർത്ത് നൽകിയാണ് നാർക്കോട്ടിക് ജിഹാദ് നടത്തുന്നത്.
എന്തുതരം പാണ്ഡിത്യമാണിത്? ഭക്ഷ്യവസ്തുക്കളിൽ നാർക്കോട്ടിക്സ് കലർത്തി കൊടുത്താൽ ആളുകൾ ഏതെങ്കിലും ഒരു മതത്തിെൻറ അടിമയാകുമെങ്കിൽ ലോകത്ത് ഇത്രയധികം മതപ്രഭാഷകരും പ്രചാരകരും പണിയെടുക്കേണ്ട കാര്യം ഉണ്ടോ? ഇത്ര വലിയതോതിൽ കേരളത്തിൽ ജിഹാദികൾ ഹോട്ടൽ ബിസിനസ് നടത്തുന്നുവെങ്കിൽ ആ വിവരം പണ്ഡിതനായ ബിഷപ് കേന്ദ്ര സർക്കാറിനെയും ആഭ്യന്തര മന്ത്രി അമിത്ഷായെയും അറിയിക്കേണ്ടതല്ലേ. സഭയുടെ ഡൽഹിയിലെ കുഞ്ഞാടായ അൽഫോൻസ് കണ്ണന്താനത്തെ അക്കാര്യത്തിൽ സഹായത്തിനു വിളിക്കുകയുമാകാമായിരുന്നു. രണ്ടാമതായി, കേരളത്തിൽ ഇത്രയധികം നാർക്കോട്ടിക്സ് വിതരണ ചെയിനുകൾ ഉണ്ടെങ്കിൽ അവ ഇല്ലാതാക്കാൻ പൊലീസിനോടും ആഭ്യന്തര വകുപ്പിെൻറ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനോടും ബിഷപ്പിന് ആവശ്യപ്പെടാമായിരുന്നു. മയക്കുമരുന്നുകളുടെ വ്യാപനം കുറയ്ക്കാൻ ആഭ്യന്തരവകുപ്പ് സ്വന്തം പാർട്ടിയായ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിെൻറ നോമിനിയെ ഏൽപിക്കാനും ആവശ്യപ്പെടാമായിരുന്നു. ഇതൊന്നും ചെയ്യാതെയാണ് പണ്ഡിതൻ എളുപ്പത്തിൽ മുസ്ലിം വിരോധം വാരിയെടുത്തു ചുഴറ്റിയത്.
പിണറായി വിജയൻ പറയുന്നത് ബിഷപ് സംസാരിച്ചത് മയക്കുമരുന്നുകൾക്ക് എതിരെ ആണെന്നാണ്. മയക്കുമരുന്നുകൾക്കെതിരായ പോരാട്ടം ഏതെങ്കിലും സഭയോ അതിെൻറ നേതാവോ സമുദായസ്പർധ വളർത്തി ചെയ്യേണ്ടതല്ല, കേരളസമൂഹം കൂട്ടായി ചെയ്യേണ്ടതാണ്. ബിഷപ് പറയുംപോലെ കേരളത്തിലെ ഭക്ഷണശാലകളിൽ ജിഹാദികൾ മയക്കുമരുന്ന് ചേർത്ത വിഭവങ്ങൾ വിളമ്പുന്നു എങ്കിൽ അത് ആഭ്യന്തര മന്ത്രിയുടെയും പൊലീസിെൻറയും പരാജയംതന്നെയാണ്. ഇത്ര ഗുരുതരമായി ആരോപണം ഉന്നയിക്കുകയും മുഖ്യമന്ത്രിയുടെ പൊലീസിനെ പരോക്ഷമായി പ്രതിസ്ഥാനത്ത് നിർത്തുകയും ചെയ്ത ബിഷപ്പാണ് വാസവൻ മന്ത്രിയുടെ പണ്ഡിതൻ.
ലവ് ജിഹാദ് വിഷയത്തിൽ പ്രധാനമന്ത്രിക്കും ദേശീയ വനിതാ കമീഷനും ദേശീയ ന്യൂനപക്ഷ കമീഷനും പരാതി നൽകിയതാണ് സീറോ മലബാർ സഭ. കേരള പൊലീസ് മാത്രമല്ല എൻ.ഐ.എ വരെ വിഷയത്തിൽ അന്വേഷണം നടത്തിയതുമാണ്. ലവ് ജിഹാദിന് തെളിവില്ലെന്നാണ് കേന്ദ്രസർക്കാർ ലോക്സഭയിൽ വ്യക്തമാക്കിയത്. എന്നിട്ടും ആ നുണയോടൊപ്പം ഇപ്പോൾ നാർക്കോട്ടിക്സ് ജിഹാദ് എന്ന പെരും നുണകൂടി ബിഷപ് എഴുന്നള്ളിക്കുമ്പോൾ എന്തെങ്കിലും തെളിവുകൾ കൈയിലുണ്ടോ എന്ന് ചോദിക്കുകയാണ് ഭരണകൂടം ആദ്യം ചെയ്യേണ്ടത്. തെളിവ് ഒന്നും കൈയിലില്ലെന്ന് ബിഷപ്പിെൻറ അനുയായികൾപോലും വ്യക്തമാക്കികഴിഞ്ഞു.
അൽപം വൈകിയാണെങ്കിലും ബിഷപ്പിെൻറ പ്രസ്താവനയെ തള്ളിപ്പറയാൻ ക്ലീമീസ് കർദിനാളിനെപോലെ ചിലർ തയാറായിട്ടുണ്ട്. എന്നാൽ കാതലായ ചോദ്യം സീറോ മലബാർ സഭയുടെ സംഘ്പരിവാർ ദാസ്യവും മുസ്ലിം വിരോധവും ഈഴവ വിരോധവും ഇവിടംകൊണ്ട് അവസാനിക്കുമോ എന്നതാണ്. ഈഴവർക്കെതിരെ തുള്ളിയുറയുന്ന ഒരു പുരോഹിതനും നാളിതുവരെ നായർ സമൂഹത്തിനോ നമ്പൂതിരി സമൂഹത്തിനോ ഇതര സവർണ ഹിന്ദുവിഭാഗങ്ങൾക്കോ എതിരെ സമാനമായ ഒരു ആരോപണവും ഉയർത്തിയിട്ടില്ല. നായർ സർവിസ് സൊസൈറ്റി ആകട്ടെ സഭയുടെ ആരോപണങ്ങളുടെ കാര്യത്തിൽ ഒരേ തൂവൽപക്ഷികളുമാണ്. തീവ്ര ഹിന്ദുത്വവുമായി സന്ധി ചെയ്ത വിശാലമായ ഒരു നായർ കത്തോലിക്കാ ഐക്യം ഇവരിൽ പലരും സ്വപ്നം കാണുന്നുണ്ട്. വിമോചനസമരം നടത്തി ആദ്യ ഇ.എം.എസ് മന്ത്രിസഭയെ മറിച്ചിട്ട മാതൃകയിൽ കേരളത്തിൽ അതുവഴി സംഘ്പരിവാറിനെ കുടിയിരുത്താം എന്നാകും അവരുടെ സമീപനം.
താൽക്കാലികമായ നടപടികൾകൊണ്ട് മാത്രം ഈ പ്രശ്നം പരിഹരിക്കാൻ ആകില്ല. സഭാ നേതൃത്വം സംഘ്പരിവാറിനോടുള്ള സമീപനത്തിൽ വ്യക്തത വരുത്തിയില്ലെങ്കിൽ സമാനമായ സംഭവവികാസങ്ങൾ ഇനിയും മുന്നോട്ട് സംഭവിച്ചുകൊണ്ടിരിക്കും. ബിഷപ് കെ.പി. യോഹന്നാെൻറ സ്ഥാപനങ്ങളിൽ കേന്ദ്ര ഏജൻസികൾ റെയ്ഡ് നടത്തി അനധികൃത പണം പിടിച്ചെടുത്തത് കേരളത്തിലെ കത്തോലിക്കാ സഭയിലെ ബിഷപ്പുമാർക്കുകൂടിയുള്ള ഒരു മുന്നറിയിപ്പായിരുന്നു. കർദിനാൾ അടക്കമുള്ള പല സഭാ നേതാക്കളും സാമ്പത്തിക ക്രമക്കേടുകളുടെ ആരോപണം നേരിടുന്ന അവസ്ഥയിൽ പ്രത്യേകിച്ചും. ബി.ജെ.പിയുമായി ചേർന്നുനിന്നില്ലെങ്കിൽ അപകടമാണ് എന്ന് ധരിച്ചുെവച്ചിരിക്കുന്ന നിരവധി കത്തോലിക്കാ പുരോഹിതരുണ്ട്. സ്വന്തം സഭയിലെ കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തതിന് വിചാരണ നേരിടുന്ന ബിഷപ് ഫ്രാങ്കോ അടക്കം.
സംസ്ഥാനത്തെ ജനസംഖ്യയുടെ ഏതാണ്ട് ഇരുപത്തേഴ് ശതമാനം വരുന്ന മുസ്ലിംകളെ ഒറ്റപ്പെടുത്തിയും മാറ്റിനിർത്തിയുമുള്ള താൽക്കാലിക ലാഭങ്ങൾക്കുള്ള രാഷ്ട്രീയ പരീക്ഷണങ്ങൾക്ക് മുതിർന്നാൽ അത് ആത്യന്തികമായി തങ്ങൾക്കുതന്നെ ദോഷമാകുമെന്നാണ് ക്രൈസ്തവ സഭകൾ മനസ്സിലാക്കേണ്ടത്. മുസ്ലിംകൾ എന്നപോലെ ഈഴവരെയും ശത്രുപക്ഷത്താക്കുന്ന സമീപനം തീകൊണ്ട് തലചൊറിയലാണ്. ന്യൂനപക്ഷ പിന്നാക്ക മത ജാതി വിഭാഗങ്ങൾ മതനിരപേക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്ക് ഒപ്പം ഉറച്ചുനിന്നാൽ മാത്രമേ ഒരു ബഹുസ്വര മതേതര സമൂഹം എന്ന നിലയിൽ കേരളത്തിന് മുന്നോട്ടു പോകാനാവൂ. ഇല്ലെങ്കിൽ വളരെ വൈകാതെ കേരളം യോഗിയുടെ ഉത്തർപ്രദേശ് പോലെ ആയിത്തീരും.
വെള്ളാപ്പള്ളി നടേശനെയും മകൻ തുഷാറിനെയും കൂടെ നിർത്തി ശ്രീനാരായണ ഗുരുവിെൻറ മതനിരപേക്ഷ പുരോഗമന പാരമ്പര്യത്തെ ഇല്ലാതാക്കി ഈഴവരെ കാവിയുടുപ്പിക്കാൻ ശ്രമിക്കുന്ന ബി.ജെ.പി എന്തുകൊണ്ടാണ് തങ്ങളുടെ കൂടെ നിൽക്കുന്ന ക്രിസ്ത്യൻ നേതാക്കളെക്കൊണ്ട് ആ സമൂഹത്തെ അവഹേളിപ്പിക്കുന്നത് എന്നതും വലിയൊരു ചോദ്യമാണ്. സംഘ്പരിവാറിെൻറ അപ്രീതി വരുന്നത് ഒന്നും പാലാ മെത്രാനും ദീപികയിലെ പുരോഹിതനും ചെയ്യില്ല എന്ന യാഥാർഥ്യവും കണക്കിലെടുക്കണം. രണ്ടുകൂട്ടരേയും ഒന്നിപ്പിക്കുന്ന പ്രധാന ഘടകം സവർണ ഐക്യമാണ് എന്നത് ഇവിടെയാണ് പ്രസക്തമാകുന്നത്. ജാതിവെറിയിലും തങ്ങൾ ഒട്ടും പിന്നിലല്ല എന്നാണ് സഭാ നേതാക്കൾ വെളിപ്പെടുത്തുന്നത്.
ഏതെങ്കിലും ഒരു ബിഷപ്പിെൻറ ഒറ്റപ്പെട്ട പ്രസ്താവനയല്ല ഇപ്പോൾ വിവാദമായിരിക്കുന്നത്. സഭയിലെ വിഭിന്ന ഘടകങ്ങൾ നാളുകളായി ആലോചിച്ചു രൂപപ്പെടുത്തിയതുതന്നെയാണ്. എന്നാൽ അത് പുറത്തറിഞ്ഞപ്പോൾ പ്രതീക്ഷിച്ചതിലും അധികം എതിർപ്പ് ഉയരുകയും അജണ്ടകൾ തൽക്കാലം പെട്ടിയിൽ െവച്ച് പൂട്ടുകയും ചെയ്യുന്നു എന്ന് മാത്രം.
ആഗോളതലത്തിലുള്ള ഇസ്ലാം-ക്രിസ്ത്യൻ വൈരങ്ങൾ കേരളത്തിലും നടപ്പാക്കപ്പെടണം എന്ന് വിചാരിക്കുന്ന നിരവധി വൈദികരെയും അല്മായരെയും സോഷ്യൽ മീഡിയയിൽ കാണാം. പലരും അമേരിക്കയിലും യൂറോപ്പിലും ജീവിക്കുകയും അവിടത്തെ അസഹിഷ്ണുതാ ഗ്രൂപ്പുകളിൽനിന്നും പ്രബോധനം ഉൾക്കൊണ്ടവരുമാണ്.
ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയെ രക്ഷകനും പ്രതീക്ഷയുമായി കാണുന്ന കത്തോലിക്കാ സഭ മനസ്സിലാക്കാത്തത് ഒരു ബഹുസ്വര മതേതര ജനാധിപത്യ ഭരണ സംവിധാനത്തിന് കീഴിൽ മാത്രമേ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ സുരക്ഷിതരായിരിക്കൂ എന്നതാണ്. സ്റ്റാൻ സ്വാമിയുടെ അറസ്റ്റും കസ്റ്റഡി മരണവും ഏറ്റവും ഒടുവിലെ ഉദാഹരണം. രാജ്യവ്യാപകമായി പള്ളികൾ പൊളിച്ചും പുരോഹിതന്മാരെയും കന്യാസ്ത്രീകളെയും ആക്രമിച്ചും സംഘ്പരിവാർ അസഹിഷ്ണുത കാട്ടുമ്പോൾ ആക്രമിക്കപ്പെടുന്നവർക്ക് താങ്ങും തണലും പ്രതീക്ഷയുമാകേണ്ട കേരളത്തിലെ കത്തോലിക്കാ സഭ മതവെറിക്ക് ചൂടുപിടിച്ചാൽ ഭാവിയിൽ കൊടുക്കേണ്ടിവരുന്ന വില വലുതായിരിക്കും. സംഘ്പരിവാറിെൻറ ഹിന്ദുരാഷ്ട്രത്തിൽ നിങ്ങളുടെ സ്ഥാനവും നിലനിൽപും ഒട്ടും ആശ്വാസ്യമായ രീതിയിൽ ആയിരിക്കില്ല.
ഈഴവരും മുസ്ലിംകളും ചേർന്നാൽ കേരളത്തിലെ ഏതാണ്ട് പകുതി ജനസംഖ്യ ആയി. നേർപകുതി ജനങ്ങളെ തള്ളിപ്പറഞ്ഞും അവരുടെ മേൽ ഇല്ലാത്ത നുണകൾ അടിച്ചേൽപ്പിച്ചും എന്ത് നീതിയാണ് നിങ്ങൾ നേടാൻ പോകുന്നത്. അതും സത്യം നിങ്ങളെ സ്വാതന്ത്രരാക്കും എന്ന് പറഞ്ഞ ക്രിസ്തുവിെൻറ അനുയായികൾ.
ഇടതുപക്ഷമായാലും കോൺഗ്രസ് ആയാലും സന്ദർഭത്തിനനുസരിച്ചു ഉണരുകയും പ്രശ്നങ്ങളെ ഉത്തരവാദിത്തബോധത്തോടെ കാണുകയും വേണം. തൊലിപ്പുറമെയുള്ള വാസവൻ മോഡൽ ചികിത്സ പരിഹാരമല്ല. അവ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയേ ഉള്ളൂ. ജാതി മത ശക്തികളെ മാറിമാറി പ്രീണിപ്പിച്ച് ഒടുവിൽ വലിയ കുഴപ്പങ്ങളിൽ ചെന്ന് ചാടിയിരുന്ന മുഖ്യമന്ത്രിയായിരുന്നു കെ. കരുണാകരൻ. ആ കരുണാകരനെന്ന തെൻറ പിതാവിനെ മുഖ്യമന്ത്രി പിണറായി വിജയനിൽ കാണാൻ ആകുന്നുണ്ട് എന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞത് പുകഴ്ത്താൻ ആണെങ്കിലും അതിനപ്പുറം അതിൽ പലതും കാണാൻ ആകും. ബിഷപ് പറഞ്ഞതിൽ തെറ്റില്ലെന്നും ബിഷപ്പിനെതിരെ കേസെടുക്കില്ലെന്നും പറയുന്ന പിണറായി നാർക്കോട്ടിക് ജിഹാദ് ഇല്ലെന്നും പറയുന്നുണ്ട്. ഈ ഒരവസ്ഥ മുൻപ് കരുണാകരനിൽ മാത്രമേ കണ്ടിട്ടുള്ളൂ.
കേരളത്തിൽ മൊത്തത്തിൽ ന്യൂനപക്ഷങ്ങൾക്കുള്ള സ്കോളർഷിപ്പുകൾ മുസ്ലിംകൾ തട്ടിയെടുക്കുന്നു എന്ന വ്യാജ ആരോപണം ഉന്നയിക്കുകയും ആ വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തവരിൽ പാലാ ബിഷപ് മാത്രമല്ല അദ്ദേഹത്തോട് നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ വിയോജിക്കുന്ന ചില പുരോഹിതന്മാർ കൂടിയുണ്ട്. അതുകൊണ്ട് തന്നെ ജനവികാരം എതിരാകുമ്പോൾ ഉള്ള തന്ത്രപരമായ പിൻവാങ്ങലിൽ കഥയില്ല.
സഭ ഉന്നയിക്കുന്ന ജിഹാദ് ആരോപണങ്ങളിൽ ഉന്നതവും സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം സർക്കാർ പ്രഖ്യാപിക്കുകയാണ് വേണ്ടത്. അന്വേഷണ റിപ്പോർട്ട് വന്നു കഴിഞ്ഞാൽ ഈ വിഷയത്തിൽ ചർച്ച പാടില്ലെന്നും ഉറപ്പുവരുത്തണം.
ക്രൈസ്തവ സഭകൾ കേരളത്തിൽ വിദേശ ഫണ്ട് കൊണ്ടുവന്നു ഒഴുക്കി മതം മാറ്റം നടത്തുകയാണ് എന്നും ഹിന്ദുക്കളെ പാതിരിമാർ ഇല്ലാതാക്കുന്നു എന്നും പറഞ്ഞുനടന്നിരുന്നവരാണ് ആർ.എസ്.എസുകാർ ഒരു പതിനഞ്ചു കൊല്ലം മുൻപ് വരെ. ഇപ്പോഴവർ അതേ പാതിരിമാരിൽ സുഹൃത്തുക്കളെ കണ്ടെത്തുന്നു എങ്കിൽ അതിൽ ആശങ്കപ്പെടാൻ നിരവധിയുണ്ട്.
പിൻകുറിപ്പ്: മതംമാറ്റം ഒരു വലിയ പാതകമാണെങ്കിൽ കത്തോലിക്കാ സഭയുടെയും ഇതര ക്രൈസ്തവ സഭകളുടെയും നാളിതുവരെയുള്ള ചരിത്രംതന്നെ ഒരു പാതകം ആയിരിക്കും. ''പാൽപ്പൊടി കൊടുത്തു മതം മാറ്റിയവരു''ടെ പിൻതലമുറകൾ ഇന്നും വയനാട്ടിലൊക്കെ ഉണ്ട്. പാൽപ്പൊടി മയക്കുമരുന്ന് അല്ല എന്നത് അംഗീകരിക്കുന്നു.
l