Begin typing your search above and press return to search.
proflie-avatar
Login

കേരളത്തിന്റെ പൊതുവിടങ്ങൾ: ഇന്നും ഇന്നലെകളും

കേരളത്തിന്റെ പൊതുവിടങ്ങൾ: ഇന്നും ഇന്നലെകളും
cancel

സംസ്കാരികതയുടെ കൊടുക്കൽവാങ്ങലുകൾ സജീവമായി സംഭവിക്കുന്നത് പൊതുവിടങ്ങളിലൂടെയാണ്. കേരളത്തിലെ പൊതുവിടങ്ങളുടെ രൂപീകരണവും പരിണാമവും അന്വേഷിച്ചുകൊണ്ട് അതെങ്ങനെയാണ് സമൂഹത്തിന്റെ പ്രതിഫലനമാകുന്നത് എന്ന് പരിശോധിക്കുന്നു.

രു നഗര ഘടനയുടെ സുപ്രധാന ഭാഗമാണ് പൊതുവിടങ്ങൾ. വ്യത്യസ്ത ഇടപാടുകൾക്കുള്ളത്, വിദ്യാഭ്യാസപരമായത്, വിനോദങ്ങൾക്കുള്ളത്, സാംസ്കാരികമായത്, പ്രകൃത്യാ ഉള്ളതും മനുഷ്യ നിർമിതമായതും, അടഞ്ഞതും തുറസ്സായതും എന്നു തുടങ്ങി പൊതുവിടങ്ങളുള്ളത് വ്യത്യസ്ത തരത്തിലാണ്. ഏതുതരം സവിശേഷതകളുള്ളതാണെങ്കിലും മൂർത്തമോ അദൃശ്യമോ ആയ കൈമാറ്റങ്ങൾ നടക്കുന്ന ഇടമെന്ന നിലയിൽ ഒരാൾക്കതിനെ നിർവചിക്കാം. ചില നേരത്ത് ഈ കൈമാറ്റങ്ങൾ ചില നോട്ടങ്ങളോ സംഭാഷണങ്ങളോ ആവാം, ചിലപ്പോൾ അത് മറ്റ് ഇടപാടുകളുമാവാം. എല്ലാ സാഹചര്യങ്ങളിൽ നിന്നുമുള്ള വ്യത്യസ്തരായ ആളുകൾക്ക് എളുപ്പത്തിൽ പ്രവേശിക്കാനും ഒത്തുകൂടാനും ഇടപഴകാനും ഇടപെടാനും കഴിയുന്ന ഇടങ്ങളാണിവ. ഒരു സമുദായത്തെ നിർമിക്കാനും തകർക്കാനും ശേഷിയുള്ള ഇടങ്ങൾ. ഒരു നഗരത്തിലെ താമസക്കാർ അവരുടെ ദൈനംദിനം ആസ്വദിക്കുന്ന സ്ഥലങ്ങൾ.

ഒരു നഗരത്തിന്റെ സാംസ്കാരികവും രാഷ്ട്രീയവുമായ പ്രത്യയശാസ്ത്രങ്ങളുടെ പ്രതിനിധാനങ്ങളാണ് അവിടത്തെ പൊതുവിടങ്ങൾ. ചരിത്രപരമായി ഈ വസ്തുതയെ പരിശോധനാ വിധേയമാക്കാം. മഹാസ്നാന കേന്ദ്രങ്ങളെന്ന പേരിൽ അനുഷ്ഠാനപരമായ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചിരുന്ന വലിയ വെള്ളക്കെട്ടുകൾ ലോകത്തിലെ പുരാതന നാഗരികതകളിലൊന്നായ സിന്ധൂ നദീതട നാഗരികതയിൽ നിലനിന്നിരുന്നു. പുരാതന ഗ്രീസിന്റെ ഹൃദയഭാഗമായിരുന്ന പ്രധാന രാഷ്ട്രീയ സ്ഥാപനങ്ങളും വാസസ്ഥലങ്ങളും സ്ഥിതി ചെയ്ത അഗോറ എന്ന പേരിലറിയപ്പെട്ട ഇടം ഒരു ജനാധിപത്യ സമൂഹത്തിന്റെ പ്രതിഫലനങ്ങൾ നിറഞ്ഞതായിരുന്നു. അഗോറയ്ക്ക് സമാനമായി റോമൻ നഗരങ്ങളിലുണ്ടായിരുന്ന ഫോറമുകൾ അവരുടെ രാഷ്ട്രീയവും സാമ്പത്തികവും മതകീയവുമായ കൊടുക്കൽവാങ്ങലുകളെ ത്വരിതപ്പെടുത്തിയ ഒരു മുഖ്യ പൊതുവിടമായിരുന്നു. വ്യവസായ വിപ്ലവാനന്തരം വ്യവസായ സമൂഹങ്ങളിൽ അനിവാര്യമെന്നോണം ഉയർന്നുവന്ന പ്രകൃതിരമണീയമായ പാർക്കുകൾ പഴയ പ്രഭുക്കന്മാരുടെ തോട്ടങ്ങളുടെയും വിശാലമായ നായാട്ട് സ്ഥലങ്ങളുടെയും പരിണാമമായാണ് മനസിലാക്കപ്പെടുന്നത്. പള്ളികൾക്ക് മുന്നിലുള്ള വിശ്വാസികൾ ഒത്തുചേരുന്ന ചത്വരങ്ങളും വിപണന കേന്ദ്രങ്ങളും ഉൾപ്പെടെയുള്ള ഇടങ്ങൾ കാലക്രമത്തിൽ കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ട നഗരങ്ങളുടെ പ്രധാന ഭാഗങ്ങളായി മാറി.

അഗോറ

ജാതി ഉച്ഛനീചത്വങ്ങളുടെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട കേരളത്തിന്റെ ഒരു മതേതര ദേശമായുള്ള പരിണാമത്തിൽ ഇത്തരം പൊതു ഇടങ്ങൾ സുപ്രധാനമായ രാഷ്ട്രീയ പങ്ക് വഹിക്കുന്നുണ്ട്. ശുദ്ധി-അശുദ്ധി നിയമങ്ങളെ മുൻനിർത്തി സാമൂഹിക പൊതുവിടങ്ങളെ പൂർണമായും നിയന്ത്രണവിധേയമാക്കുന്ന വിധത്തിൽ മേൽജാതികളുടെ അധീനതയിലായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിലും അതിനു മുൻപുമുള്ള കേരളത്തിന്റെ പാരമ്പര്യ ക്രമം. പുണ്യയിടങ്ങളായി കണ്ടിരുന്ന, ജനങ്ങളുടെ സാമൂഹിക-ആത്മീയ ജീവിതത്തിന്റെ പ്രധാന ഭാഗമായിരുന്ന ക്ഷേത്രങ്ങൾ പ്രവേശനത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രേണീകൃതമായിരുന്നു. ഈ ജാതി അസമത്വം സർവ്വ ജാതികളും ഒരുമിക്കുന്ന ഇടങ്ങളോ പ്രവൃത്തികളോ ഇല്ലെന്ന് ഉറപ്പുവരുത്തുകയും അതുവഴി ഒത്തുചേരാൻ കഴിയുന്ന ഏതൊരു സ്ഥലത്തെയും അതിന്റെ ആവശ്യകതയെയും നിഷ്കാസനം ചെയ്യുകയും ചെയ്തു. ആകെയുണ്ടായിരുന്ന അപവാദം നമ്പൂതിരിമാരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന മത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഇടങ്ങളായിരുന്നു. സാമൂഹിക ഇടങ്ങളുടെ ഈ അഭാവം ഫലത്തിൽ സാമൂഹിക ശ്രേണികളുടെ നിലനിൽപ്പിനെയും ഉറപ്പുവരുത്തി.

കീഴ്ജാതി സമൂഹങ്ങളെ പൊതുനിരത്തുകളും ഇടങ്ങളും ഉപയോഗിക്കുന്നതിൽ നിന്ന് മാറ്റി നിർത്തിക്കൊണ്ട് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും മേൽജാതികളുടെ ശുദ്ധി കാത്തുസൂക്ഷിച്ചു. എന്നാൽ പത്തൊമ്പതാം നൂറ്റാണ്ട് മുതൽ മിഷണറി സംഘങ്ങളുടെ പ്രവർത്തനവും വിദ്യാഭ്യാസത്തിലേക്കുള്ള കടന്നുവരവും ഏറ്റവും ഒടുവിൽ കമ്മ്യൂണിസത്തിന്റെ വളർച്ചയും കാരണമായി കാര്യങ്ങൾ മാറിത്തുടങ്ങുകയും ജാതികൾക്ക് അതീതമായ സാമൂഹികവൽക്കരണം സാധ്യമാക്കുന്ന സാമാന്യ ഇടങ്ങളുടെ ഉദയത്തിലേക്ക് ഇത് നയിക്കുകയും ചെയ്തു. മാറ്റങ്ങൾ കൊണ്ടുവരുന്നതിലും വർത്തമാനകാല കേരളത്തിന്റെ രാഷ്ട്രീയവും സാംസ്കാരികവുമായ സ്വത്വ രൂപീകരണത്തിലും ഇത്തരം ഇടങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്.


ഇന്ന് പൊതുവിടങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ആളുകളുടെ പ്രായത്തിനനുസരിച്ച് വ്യത്യസ്തമായ ഉത്തരങ്ങളാണ് ലഭിക്കുക. മുതിർന്നവരും മദ്ധ്യവയസ്കരുമായവർ ചായക്കടകളിലുള്ള രാഷ്ട്രീയ സംഭാഷണങ്ങളെക്കുറിച്ചും ഉത്സവപറമ്പിലും ക്ഷേത്ര പരിസരത്തും നടക്കുന്ന ചർച്ചകളെക്കുറിച്ചും തെരുവുകളിലുണ്ടാവുന്ന കൂട്ടുകൂടലുകളെയും ഇടപെടലുകളെയും കുറിച്ചു ആഴത്തിലുള്ള വിവരണങ്ങളായിരിക്കും നടത്തുക. രാഷ്ട്രീയ പ്രക്ഷോഭങ്ങൾ നടക്കുന്ന സ്ഥലങ്ങളാകുന്നതിലൂടെ തെരുവുകളും കവലകളുമാണ് പാരമ്പര്യ ക്രമങ്ങളെ ആദ്യമായി വെല്ലുവിളിച്ച ഇടങ്ങൾ. കേരളത്തിലെ തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും പാരമ്പര്യ ക്രമങ്ങളോട് ജനങ്ങൾ ഇടഞ്ഞു തുടങ്ങുന്നത് പൊതുവഴികളിലും തെരുവുകളിലുമുള്ള സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു. ഇതിനായുള്ള അനവധി വിപ്ലവപ്രക്ഷോഭങ്ങൾക്ക് തെരുവുകൾ സാക്ഷ്യം വഹിക്കുകയും കവലകളിൽ നിന്നുകൊണ്ട് നേതാക്കൾ പ്രസംഗിക്കുന്ന ചിത്രം കേരളത്തിന്റെ സാമൂഹിക പരിണാമത്തിൽ അടയാളപ്പെടുത്തപ്പെടുകയും ചെയ്തു. മലയാളി പൊതുബോധത്തിന്റെയും കാല്പനികതയുടെയും പ്രധാന ഘടകമാണ് പൊതുവിടങ്ങളെന്ന നിലയിലുള്ള അമ്പലപ്പറമ്പുകളും ആൽത്തറകളും. കുട്ടികൾ കളിക്കുകയും എല്ലാ മതങ്ങളിൽപെട്ടവരും മതമില്ലാത്തവരും ഒത്തുകൂടുകയും സുഹൃത്തുക്കളുമായി സമയം ചിലവഴിക്കുകയും സംസാരിക്കുകയും സുഹൃത്തുകളും ബന്ധുക്കളും പ്രാർഥന കഴിഞ്ഞെത്താൻ വേണ്ടി കാത്തു നിൽക്കുകയും ചെയ്യുന്ന ഈ സമുദായ ഇടങ്ങൾ ആയിരുന്നു സൗഹൃദ സംഗമങ്ങളുടെയും ദേശം ഒന്നടങ്കം ഒത്തുകൂടുന്ന ഉത്സവങ്ങളുടെയും വേദിയാവുകയും ചെയ്തിരുന്നത്. കേരളത്തിന്റെ സ്ഥലികബോധത്തിൽ മതങ്ങളും അവയുടെ ഇടങ്ങളും സവിശേഷവും പ്രധാനവുമാണ്.

കേരളത്തിൽ പത്രങ്ങളുടെയും സാഹിത്യങ്ങളുടെയും മാഗസിനുകളുടെയും വലിയ തരത്തിലുള്ള വ്യാപനത്തിന് സാക്ഷ്യംവഹിച്ച കാലമാണ് 1930കൾ. ഇതോടൊപ്പമാണ് പുതിയ ജനാധിപത്യ മതേതര പൊതുവിടങ്ങൾ ഉരുവംകൊണ്ടത്. ഇതിനെ ക്രമേണ മലയാളി പുരുഷ ദൈനംദിനതയുടെ കേന്ദ്രമാക്കി തീർക്കുന്നതിൽ വായനശാലകളും വായനാമുറികളും ചായക്കടകളുമൊക്കെ പങ്കുവഹിച്ചു. കേരളത്തിന്റെ ജാതിവിരുദ്ധ മുന്നേറ്റങ്ങളുടെ ചരിത്രം പേറുന്ന രാഷ്ട്രീയ സാംസ്കാരിക ഇടമെന്ന നിലയിലാണ് ചായക്കടകൾ ഉദയം ചെയ്യുന്നത്. മത-ജാതി വിഭജനങ്ങൾക്കപ്പുറം ഭക്ഷണം പങ്കുവെക്കുകയും അതുവഴി സാമൂഹ്യ ശ്രേണികളെ നേർപ്പിക്കുകയും ചെയ്യുന്ന മതേതര ഇടങ്ങളായി ഇത്തരം ചായക്കടകൾ ക്രമേണ വളർന്നു. വായനശാലകളും സമാനമായ രീതിയിൽ വർത്തിച്ചു. വിജ്ഞാന സമ്പന്നവും രാഷ്ട്രീയ ബോധമുള്ളതുമായ ഒരു സമൂഹത്തെ രൂപപ്പെടുത്തിയെടുക്കുന്ന സാംസ്കാരിക പ്രവർത്തനങ്ങളുടെയും വിജ്ഞാന കൈമാറ്റങ്ങളുടെയും സാമൂഹിക ചർച്ചകളുടെയും വേദിയായിരുന്നു ഇവ. കൊളോണിയൽ ഉറവിടമുള്ള ഒന്നാണ് ക്ലബ്ബ് സംസ്കാരമെങ്കിലും ഗ്രാമീണ പ്രദേശങ്ങളുടെയും അർദ്ധനഗര പ്രദേശങ്ങളുടെയും പ്രാദേശികമായ ഉണർവ്വിന്റെ അവിഭാജ്യഘടകമാണ് കേരളത്തിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുകൾ. ജനങ്ങളെ, പ്രത്യേകിച്ചും യുവാക്കളെ ഒന്നിച്ചുകൂട്ടാനും അവർക്ക് സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളുമായി ഇടപഴകാനും സഹായകമായ ഇടങ്ങളായിരുന്നു ഇവ. ചർച്ചകളുടെയും സംഘാടനങ്ങളുടെയും വേദിയായിരിക്കേ തന്നെ കലാകായികയിനങ്ങളെയും അവർ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. കേരളത്തിന്റെ പൊതുവിടങ്ങളെ നിർവ്വചിച്ച സമാനമായ മറ്റ് സജീവ സ്ഥലങ്ങളാണ് കളിസ്ഥലങ്ങളും കുളങ്ങളും. ഈ ഇടങ്ങളിലെല്ലാം തന്നെ പ്രകൃതിയും രാഷ്ട്രീയവും സാമൂഹിക ബന്ധങ്ങളും വലിയ പങ്കുവഹിക്കുന്നതായി നമുക്ക് കാണാൻ കഴിയും.


ഇത്തരം ഇടങ്ങളെല്ലാം സാമൂഹികമായ അതിർവരമ്പുകളേയും ശ്രേണികളെയും നിർവീര്യമാക്കുന്നുണ്ടെങ്കിലും ലിംഗ വിവേചനം ഇവിടെയും വലിയ മാറ്റങ്ങളൊന്നുമില്ലാതെ നിലനിൽക്കുന്നുണ്ടെന്നത് പ്രത്യേകം ഓർമിക്കേണ്ടതുണ്ട്. സ്ത്രീകൾക്ക് ഈ പൊതുവിടങ്ങളിലുള്ള വിലക്കുകളും അത് എപ്രകാരമാണ് അവരുടെ സ്ഥലികബോധങ്ങളെ നിർണയിച്ചതെന്നുമുള്ളത് വിശാലമായ മറ്റൊരു ചർച്ചയാണ്.

ഇന്നത്തെ യുവതയോട് അവർ ഇടപഴകുന്ന പൊതുവിടങ്ങളെക്കുറിച്ച് ചോദിച്ചാൽ ഭൂരിഭാഗം പ്രതികരണങ്ങളിലും മാളുകളും കഫേകളും ടർഫുകളുമാണ് ഉണ്ടാവുക. മുൻകാലങ്ങളിൽ കേരളത്തിന്റെ ദൈനംദിനതയെ നിർവ്വചിച്ചിരുന്ന മിക്ക പൊതു ഇടങ്ങളും കാലക്രമത്തിൽ മാഞ്ഞുപോവുകയും മുതലാളിത്ത ഉപഭോഗസംസ്കാരത്തിൽ വേരൂന്നിയ ആഗോളീകരണം തൽസ്ഥാനം കയ്യടക്കുകയും ചെയ്തിരിക്കുന്നു. ആഗോളീകരണത്തിന്റെ ഇടപരമായ പ്രതിഫലനങ്ങളിൽ ഒന്നാണ് പൊതുവിടങ്ങൾക്ക് മേലുള്ള സ്വകാര്യ ഇടങ്ങളുടെ വർദ്ധിച്ചു വരുന്ന അക്ഷരാർഥത്തിലും സാങ്കേതികാർഥത്തിലുമുള്ള നിയന്ത്രണം. ഉപഭോഗത്തെയും ചലനാത്മകതയെയും സ്വാധീനിക്കാനും സ്വാഭാവികമായ വിനിമയങ്ങളെയും ആലോചനകളെയും നിരുത്സാഹപ്പെടുത്താനും വേണ്ടി രൂപകല്പന ചെയ്യപ്പെട്ടതാണ് മാളുകൾ. എങ്കിലും ഇന്നത്തെ തലമുറ സുഹൃത്തുക്കളെ കാണാനും സമയം ചിലവഴിക്കാനും വേണ്ടി തിരഞ്ഞെടുക്കുന്ന ഇടങ്ങളിലൊന്നാണത്. ഫുഡ് കോർട്ടുകൾ, കടകൾ, വിനോദങ്ങൾ, പരിപാടികൾ എന്നു തുടങ്ങി അനേകം ചോയിസുകളുള്ള, നിയന്ത്രിത അന്തരീക്ഷമുള്ള സ്ഥലങ്ങളെന്ന നിലയിൽ മാളുകൾ കൂടുതൽ സുരക്ഷിതവും ആനന്ദദായകവുമായ ഇടങ്ങളായാണ് മനസിലാക്കിപ്പോരുന്നത്. സ്വകാര്യതയും അനുഭൂതിയും വാഗ്ദാനം ചെയ്യുന്ന ആകർഷകമായി രൂപകല്പന ചെയ്ത ഇന്റീരിയറുകളുള്ള കഫേകളിലെ ഭക്ഷണത്തിലൂടെയുള്ള ബന്ധങ്ങളും ഇന്ന് രൂപപ്പെടുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലെ ട്രെൻഡുകൾക്കനുസരിച്ച് ഫോട്ടോകളെടുക്കാനും പങ്കുവെയ്ക്കാനും കഴിയുന്ന വിധത്തിലും വ്യത്യസ്ത രുചികളും സാംസ്കാരികാനുഭവങ്ങളുമൊക്കെ ആസ്വദിക്കാനുമുള്ള സൗകര്യങ്ങൾ ഇത്തരം കഫേകൾ പ്രദാനം ചെയ്യാറുണ്ട്.

ഒരുകാലത്ത് മനുഷ്യ കേന്ദ്രീകൃതമായിരുന്ന തെരുവുകൾ ഇന്ന് വാഹന നിബിഢവും അവസാനിക്കാത്ത ട്രാഫിക്കിനെ ഉൾക്കൊള്ളാനാവും വിധം വിശാലമാവുകയും ചെയ്തതോടെ അതിനുണ്ടായിരുന്ന മനുഷ്യഗുണവും ബന്ധവും നഷ്ടമാവുകയും ചെയ്തിരിക്കുന്നു. ദൈനംദിന ജീവിതത്തിന് വിഘ്നം വരുത്തുന്നു എന്ന പേരിൽ തെരുവു പ്രതിഷേധങ്ങളെ പുച്ഛത്തോടെയാണ് ആളുകൾ ഇന്ന് നോക്കിക്കാണുന്നത്. ആളുകൾ ജനകീയമായി സംഘടിച്ചിരുന്ന കായിക പരിപാടികൾ ഇന്ന് ടിക്കറ്റുകളുള്ള ടൂർണമെന്റുകളായും മൈതാനങ്ങൾ കൃത്രിമ പുല്ലുകൾ വെച്ചുപിടിപ്പിച്ച ടർഫുകളായും മാറ്റിമറിക്കപ്പെടുന്നതാണ് കാണാനാവുക. അതിസൂക്ഷ്മമായി രൂപകൽപന ചെയ്യപ്പെട്ട പൂളുകളോടാണ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കുളങ്ങളെക്കാൾ ഇന്ന് താൽപര്യം.


കേരളത്തിന്റെ ഇടപരമായ ഭാവനയിൽ അതിവേഗം ഇടംപിടിച്ച മറ്റൊന്ന് പാർക്കുകളാണ്. നെയ്ബർഹുഡ് പ്ലാനിങിനെ കുറിച്ചുള്ള പാശ്ചാത്യ ആശയങ്ങളുടെ ചുവടുപിടിച്ച് രൂപകല്പന ചെയ്ത പുതിയ ഹൗസിങ് കോളനി നിർമാണങ്ങളുടെ ഭാഗമായാണ് കേരളത്തിൽ ഇവ ആദ്യമായി ഉദയം ചെയ്തത്. ഒഴിഞ്ഞ പറമ്പുകൾ വിരളമായ നഗരങ്ങളിൽ പച്ചപ്പിന്റെ ഇത്തരം ചെറിയ തുരുത്തുകൾ വലിയ പങ്കാണ് വഹിക്കുന്നത്. കേരളത്തിന്റെ ഗാർഹിക ശൈലിയുടെ പ്രധാന ഭാഗമായ വിശാലമായ മുറ്റവും പിന്നാമ്പുറങ്ങളും ഒക്കെ ഇത്തരം നഗരങ്ങളിലെ വീടുകളിൽ അപൂർവ്വമായേ കാണാൻ കഴിയുകയുള്ളൂ. ഒരു സ്വകാര്യ അതിർവരമ്പിനകത്ത് നിന്ന് പൊതുജനങ്ങളുമായി ഇടപഴകുന്ന ആദ്യയിടം എന്നത് വരാന്തയോടുകൂടിയ ഇത്തരം ഇടങ്ങളാണ്. പക്ഷേ, പുറത്തുനിന്നുള്ളവർക്ക് നേരെയുള്ള വർദ്ധിച്ച നിരീക്ഷണവും അവർക്ക് സ്വതന്ത്രവും സുഖകരവുമായി ഉപയോഗിക്കാനുള്ള തടസ്സങ്ങളും ഇത്തരം പാർക്കുകളെ നിയന്ത്രിതവും ആധിപത്യപരവുമാക്കി തീർക്കുന്നതായി കാണാം. ഒരു പൊതുവിടത്തിന്റെ സത്തയെ ചോർത്തിക്കളയും വിധം സമയബന്ധിതവും വേലികളും മതിലുകളും കൊണ്ട് നിയന്ത്രിതവുമാണ് നഗരങ്ങളിലുള്ള പാർക്കുകൾ. പണമടയ്ക്കാൻ തയ്യാറുള്ള വ്യക്തികളുടെ പൊതുയിടത്തിലെ സുരക്ഷ, സ്വകാര്യത, സൗഖ്യം എന്നീ ആശയങ്ങളെ കേന്ദ്രീകരിച്ചാണ് ഈ ഇടങ്ങൾ ഇന്ന് നിലനിൽക്കുന്നതെന്നും നമുക്ക് കാണാം. പൊതുവിടങ്ങളുടെ ആത്മാവായിരുന്ന കൂട്ടായ്മ എന്നതിൽ നിന്നുള്ള വലിയൊരു മാറ്റം നമുക്കിവിടെ കാണാം.

ജാൻ ഗെൽ

എങ്ങനെയാണ് കേരളത്തിന്റെ പൊതുമണ്ഡലം ചില പ്രത്യേക ജാതികൾക്ക് മാത്രം പ്രവേശനമുള്ള ഒന്നിൽ നിന്ന് സോഷ്യലിസത്തിൽ അധിഷ്ഠിതമായ ഒന്നായും പിന്നീട് ഇന്നത്തെ പോലെ ഉപഭോഗപരതയിലധിഷ്ഠിതമായ ഒന്നായും പരിണമിച്ചത് എന്നതിനെ കുറിച്ചുള്ള ചില സൂചനകളാണ് ഈ ലേഖനം മുന്നോട്ടു വെക്കുന്നത്. ചില പ്രത്യേക വർഗങ്ങളുടെ (ജാതിയിലധിഷ്ഠിതമായ) ഉയർച്ചയെ ഒരാൾക്ക് ഇത്തരം ഉപഭോഗപരമായ പൊതുവിടങ്ങളും അതിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെടുത്തിയും കാണാവുന്നതാണ്. പൊതുവിനെ കുറിച്ചുള്ള ചർച്ചകൾ സാമൂഹിക മാധ്യമങ്ങളെ കുറിച്ചായി മാറിയ, ദ്രുതഗതിയിലോടുന്ന അനുദിനം മാറിക്കൊണ്ടിരിക്കുന്ന കോവിഡാനന്തര സമകാലിക ലോകത്ത്, നമ്മുടെ പൊതുമണ്ഡലം എങ്ങനെയാണ് പരിണാമ വിധേയമാകുന്നതെന്നും ഭാവിയിൽ അത് എന്തായിത്തീരുമെന്നും ആലോചിക്കേണ്ടത് പ്രധാനമാണ്. കാരണം, ഡാനിഷ് ആർക്കിടെക്റ്റായ ജാൻ ഗെൽ പറഞ്ഞപോലെ “അവ നമ്മെ രൂപപ്പെടുത്തുന്നതിലും മുന്നേ നാം നഗരങ്ങളെയാണ് രൂപപ്പെടുത്തുന്നത്”.


സൂചനകൾ:

Mierzejewska, Lidia. (2011). Appropriation of Public Urban Space as an Effect of Privatisation and Globalisation. Quaestiones Geographicae. 30. 39-46.

S., Harikrishnan. (2022). Social Spaces and the Public Sphere: A Spatial History of Modernity in Kerala.

ആർക്കിടെക്റ്റും സ്വതന്ത്ര ഗവേഷകയുമാണ് ലേഖിക.

വിവർത്തനം: മൻഷാദ് മനാസ്

Show More expand_more
News Summary - kerala public space