Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകാരിക്കൊപ്പം വീണുകിട്ടിയ ഒരു ഞായറാഴ്​ച; ലളിതാംബിക അന്തർജനത്തെ ഓർക്കുന്നു

എഴുത്തുകാരിക്കൊപ്പം വീണുകിട്ടിയ ഒരു ഞായറാഴ്​ച; ലളിതാംബിക അന്തർജനത്തെ ഓർക്കുന്നു
cancel
മുപ്പത്തിയഞ്ച്​ വർഷം മുമ്പ്​, ​1987 ഫെബ്രുവരി 6ന്​ വിടവാങ്ങിയ മലയാളത്തിലെ മഹാ എഴുത്തുകാരിയെ ഒാർമിക്കുകയാണ്​ ദൂരദർശൻ മുൻ പ്രോഗ്രാം ഡയറക്​ടറും മുതിർന്ന മാധ്യമപ്രവർത്തകനുമായ ലേഖകൻ. എഴുത്തുകാരിക്കൊപ്പം വീണുകിട്ടിയ ഒരു ഞായറാഴ്​ച ദിനത്തെപ്പറ്റി എഴുതുന്നു.

ന്നൊരു വിരസമായ ഞായറാഴ്ച ആയിരുന്നു. ജനുവരി മാസത്തിലെ മൂന്നാമത്തെ ഞായർ. ഓഫിസിൽ ആരുമില്ല. സുഹൃത്തുക്കൾ ഫസ്റ്റ് ഷോ കാണാൻ പോയിരിക്കുന്നു. എനിക്ക് ന്യൂസ്‌ പ്രൊഡക്ഷൻ ഡ്യൂട്ടി ഉണ്ട്. മാത്രമല്ല പിറ്റെന്നാൾ മുതൽ ഞാൻ ലീവ് ആണ്. ഒരാഴ്ച കഴിഞ്ഞുള്ള ഞായറാഴ്ച എന്റെ വിവാഹമാണ്.

ജോലിയുടെ തിരക്കുകളിൽ മുഴുകിയിരിക്കുമ്പോഴാണ് സെക്യൂരിറ്റി ഒരു വിസിറ്ററെയുംകൊണ്ട് എഡിറ്റിങ്​ റൂമിലേക്ക് വന്നത്. സഹപ്രവർത്തകൻ ശ്യാമിന്റെ ചേട്ടൻ വിവേകാനന്ദ് ആയിരുന്നു അത്. പാലക്കാട്‌ ബാങ്ക് ഉദ്യോഗസ്ഥനായ ബാട്ട -ബാബുവേട്ടൻ ലോപിച് ബാട്ട, ശ്യാമിനെ അനുകരിച്ച്​ ഞങ്ങളും പുള്ളിയെ അങ്ങനെയാണ് വിളിക്കാറ്- രണ്ടുദിവസം തമ്പിയുടെ (ശ്യാമിന്റെ വിളിപ്പേര്)കൂടെ നിൽക്കാൻ വന്നതാണ്. എന്റെ ജോലി കഴിഞ്ഞാൽ ബാട്ടയെ പേരൂർക്കട കൃഷ്ണനഗറിലെ സാജന്റെ വീട്ടിൽ കൊണ്ടാക്കാൻ എന്നെ പറഞ്ഞേൽപ്പിച്ചിട്ടാണ് ശ്യാം ഫിലിമിന് പോയത്.

സിനിമ കഴിഞ്ഞു വന്നാൽ അവിടെ വന്നു കൂട്ടിക്കൊണ്ടു പോകും. തൊട്ടടുത്തുതന്നെയാണ് ശ്യാമും ദിലീപും രഞ്ജിത്തും താമസിക്കുന്നത്. സാജൻ ദൂരെയെവിടെയോ ഷൂട്ടിന് പോയിരിക്കുകയാണ്‌.

സാജന്റെ വീട്ടിൽ ചെല്ലുമ്പോൾ അവിടെ വരാന്തയിൽ തന്നെയിരിപ്പുണ്ട് മുത്തശ്ശിയും മുത്തശ്ശനും. ഇത്തവണ അവർ നാട്ടിൽനിന്നെത്തിയിട്ട് ഇതുവരെ കാണാൻ കഴിഞ്ഞില്ല. അവരെ കാണാനും കല്യാണം ക്ഷണിക്കാനുംകൂടിയാണ് ഞാൻ ചെന്നത്.

''ആഹാ ബൈജു വന്നോ... ഇതുവരെ കണ്ടില്ലല്ലോ എന്നോർത്തിരിക്കുകയായിരുന്നു.'' പ്രകടമായ സന്തോഷത്തോടെയാണ് മുത്തശ്ശി എതിരേറ്റത്. ബാട്ടയെ ഞാൻ പരിചയപ്പെടുത്തി. കുശലപ്രശ്നങ്ങളൊക്കെ കഴിഞ്ഞ് ഞാൻ കല്യാണക്കത്ത് പുറത്തെടുത്ത് മുത്തശ്ശന്റെ കൈയിൽ കൊടുത്തു. മുത്തശ്ശൻ അതു വായിച്ചിട്ട് മുത്തശ്ശിക്ക് കൈമാറി.

''ബൈജു ക്ഷണിക്കുന്നതിനു മുൻപ് തന്നെ ബീന ക്ഷണിച്ചു കേട്ടോ...'' കത്ത് വായിക്കുന്നതിനിടക്ക് മുത്തശ്ശി പറഞ്ഞു. എന്റെ പ്രതിശ്രുത വധു ബീനയുടെ വീടും സമീപത്തു തന്നെയാണ്.

''പക്ഷേ ഞങ്ങൾക്ക് ഉടനെ തിരിച്ചുപോണമല്ലോ ബൈജു... ഇനി ഉടനെതന്നെ തിരിച്ച്‌ തിരുവനന്തപുരത്തേക്ക് വരുന്ന കാര്യം...യാത്ര ചെയ്യാനൊക്കെ പ്രയാസമാ, ഞങ്ങൾക്ക് വയസ്സായില്ലേ...'' മുത്തശ്ശി മുത്തശ്ശനെ നോക്കി. മുത്തശ്ശൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

''അതൊക്കെ ബൈജുവിന് പറഞ്ഞാൽ മനസ്സിലാകും.''

''ബീനയോടു പറഞ്ഞിട്ടുണ്ട്. കല്യാണം കഴിഞ്ഞ് രണ്ടാളും കൂടി രാമപുരത്തു വരണം, കേട്ടോ.''

''ഞാൻ ബൈജുവിനെ ഒന്നു കാണാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. സാജൻ പറഞ്ഞില്ലായിരുന്നോ ഞാൻ തിരക്കിയെന്ന്?''

''പറഞ്ഞിരുന്നു മുത്തശ്ശി, അതല്ലേ ഈ രാത്രിയിൽ തന്നെ വന്നത്...'' ഞാൻ പറഞ്ഞു.

''എനിക്കാ ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടു... കുമാരനാശാനെ കുറിച്ചുള്ള... എന്താത് ഡോക്യുമെന്ററി, അങ്ങനെയല്ലേ പറയുന്നത്... വീണപൂവിന്റെ മണ്ണിൽ.. ആ പേരും നന്നായി.''

പാലക്കാടുള്ള ഒരു ജൈനഗൃഹത്തിൽ താമസിച്ചാണ് മഹാകവി കുമാരനാശാൻ വീണപൂവ് എന്ന വിഖ്യാത കാവ്യം രചിച്ചത്. ജൈനമേട് എന്ന ആ സ്ഥലത്തെയും വീടിനെയും പശ്ചാത്തലമാക്കി ആശാനെ കുറിച്ച് ഞാൻ ചെയ്ത ഒരു ഡോക്യുമെന്ററി കുറച്ചു ദിവസങ്ങൾക്കു മുൻപ് ദൂരദർശനിൽ കാണിച്ചിരുന്നു. അതിനെ കുറിച്ചാണ് മുത്തശ്ശി പറഞ്ഞത്.

ലളിതാംബിക അന്തർജനവും ഭർത്താവ് നാരായണൻ നമ്പൂതിരിയും

''മോഹനനും പറഞ്ഞു അതിഷ്ടപ്പെട്ടൂന്ന്. ആ വീടിനെ കുറിച്ച് എം.ആർ.ബി എന്തോ എഴുതീരുന്നുവെന്നോ അതു വെച്ചിട്ടാ ബൈജു ആ ചിത്രം ചെയ്തതെന്നുമൊക്കെ മോഹനൻ പറഞ്ഞു. എം.ആർ.ബി എന്താ എഴുതിയത്?''

(മുത്തശ്ശിയുടെ മകൻ മോഹനൻ, ഞങ്ങളുടെയൊക്കെ മോഹനമ്മാവൻ അന്നു ഞങ്ങൾ ചെയ്യുന്ന പരിപാടികളുടെയൊക്കെ നല്ല ആസ്വാദകനും നിരൂപകനുമായിരുന്നു. ഇഷ്ടപ്പെട്ടത് കണ്ടാൽ അപ്പോൾ വിളിച്ച് അഭിനന്ദിക്കും. ഇഷ്ടപ്പെട്ടില്ലെങ്കിൽ നല്ല ചീത്ത പറയുകയും ചെയ്യും. ഒരിക്കൽ കുഞ്ഞുണ്ണി മാഷിനെ കുറിച്ച്‌ ഞാൻ ചെയ്ത ഡോക്യുമെന്ററിയിൽ ഒരിടത്ത് പശ്ചാത്തലത്തിൽ ഹിന്ദുസ്ഥാനി സംഗീതം കൊടുത്തതിന് വിമർശിച്ചത് ഇപ്പോഴും ഓർമയിലുണ്ട്).

ഞാൻ കാര്യങ്ങളൊക്കെ ചെറുതായി വിശദീകരിച്ചു. പഴയ ഒരു ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എം.ആർ.ബി (നമ്പൂതിരി സമുദായത്തിലെ ആദ്യത്തെ വിധവാവിവാഹം നടത്തിയ, മറക്കുടക്കുള്ളിലെ മഹാനരകം എഴുതിയ എം.ആർ. ഭട്ടതിരിപ്പാട്) 'വീണപൂവ്' എഴുതിയ വീടിനെ കുറിച്ച് ഒരു ലേഖനം എഴുതിയിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആത്മ സുഹൃത്തായ പ്രസിദ്ധകവി ഒളപ്പമണ്ണയുടെ അയൽപക്കത്തായിരുന്നു ആ വീട്. ഒളപ്പമണ്ണയുടെ വീട്ടിൽ ചെന്നപ്പോഴാണ് എം.ആർ.ബി ഈ വീടിനെ കുറിച്ച് കേൾക്കുന്നതും പോയി കാണുന്നതും. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ മഹാകവി കുമാരനാശാൻ ആ വീട്ടിലെ ഒരു ജൈനപ്രമാണിയുടെ ആതിഥ്യം സ്വീകരിച്ച് കുറച്ചുനാൾ അവിടെ തങ്ങുകയുണ്ടായി. ആ നാളുകളിൽ ഒരു ദിവസം അവിടെ മണ്ണിൽ വീണു കിടന്ന ഒരു പൂവിനെ കണ്ടു പ്രചോദിതനായാണത്രെ ആശാൻ ആ കവിത എഴുതിയത്.

ലേഖനം വായിച്ചപ്പോൾ നല്ലൊരു ഡോക്യുമെന്ററിക്ക് വകയുണ്ടല്ലോ എന്ന് തോന്നി. ആശാൻ കവിതകളുടെ വലിയൊരു ആരാധകനായ ഞാൻ, ഇതിനു മുൻപ്, ആശാൻ ജനിച്ചുവളർന്ന കായിക്കരയെ കുറിച്ചും ഒടുവിൽ താമസിച്ചിരുന്ന തോന്നക്കലിലെ വീടിനെ കുറിച്ചും (ആശാൻ സ്മാരകം) രണ്ടു ഡോക്യുമെന്ററികൾ ചെയ്തിട്ടുണ്ടായിരുന്നു. ആ പരമ്പരയുടെ ഭാഗമായാണ് ഇത് ഞാൻ പ്ലാൻ ചെയ്തത്.

അത് രണ്ടും മുത്തശ്ശി കണ്ടിരുന്നില്ല. കാണിച്ചുകൊടുക്കാമെന്നു ഞാനേറ്റു.

''എം.ആർ.ബിയുടെ ലേഖനം ഞാൻ കണ്ടിട്ടില്ല. പക്ഷേ ഒളപ്പമണ്ണയുടെ ജൈനമേട്ടിലെ മുല്ല വായിച്ചിരുന്നു. ബൈജുവിന്റെ ചിത്രത്തിലുണ്ടല്ലോ അത്. ഒളപ്പമണ്ണ അത്‌ അസ്സലായിട്ട് ചൊല്ലി. നല്ല സുഖമുണ്ടായിരുന്നു കേൾക്കാൻ.''

മുത്തശ്ശിയുടെ സങ്കടം അതല്ല. ഒളപ്പമണ്ണയുടെ വീട്ടിൽ പോയപ്പോൾ തൊട്ടടുത്തുള്ള 'വീണപൂവ്' എഴുതിയ വീട്ടിൽ പോകാൻ കഴിഞ്ഞില്ലല്ലോ. എന്നാൽ വേറെയൊരു സന്തോഷം പറയാതെയുമിരുന്നില്ല.

''ബൈജുവിനറിയാമോ വീണപൂവുമായുള്ള എന്റെ ബന്ധം?''

ഞാൻ ഒന്നമ്പരന്നു... എന്താ അത്?

''വീണപൂവ് ആദ്യം മിതവാദിയിലോ മറ്റോ ആണ് പ്രസിദ്ധീകരിച്ചത്. പക്ഷേ പിന്നെ ദേശപോഷിണിയിൽ വന്നപ്പോഴാ ആ കവിതയെ കുറിച്ച് എല്ലാരും അറിഞ്ഞത്. അതിന് മുൻകൈയെടുത്തത് എന്റെ അഫൻ സി. എസ്. സുബ്രഹ്മണ്യൻ പോറ്റിയാ. വല്യ സാമൂഹിക പരിഷ്കർത്താവുമൊക്കെയായിരുന്നു. ആശാനുമായി വല്യ അടുപ്പമായിരുന്നു. കരുനാഗപ്പള്ളിയിലെ ഇല്ലത്ത് ആശാൻ ചെല്ലാറുണ്ടായിരുന്നു. ഞങ്ങളൊക്കെ അങ്ങനെയാ ആശാനെ കുറിച്ച് ആദ്യം കേൾക്കുന്നത്.''

''പ്രോഗ്രാം ചെയ്യാൻ പോയിട്ട് ബൈജുവിനും ശ്യാമിനും എന്തോ പ്രശ്നങ്ങളൊക്കെ ഉണ്ടായീന്ന് ഇവിടെ സാജൻ പറയുന്നത് കേട്ടല്ലോ...''

സാജന്റെ അമ്മ, മുത്തശ്ശിയുടെ മകൾ രാജം നമ്പൂതിരിയാണ് ചോദിച്ചത്. അപ്പോൾ പ്രശ്നമെന്താണെന്നറിയാൻ മുത്തശ്ശിക്ക് തിടുക്കമായി. സംഭവം ഇത്തിരി ഗുരുതരമായിരുന്നു. പക്ഷേ അത് അതേപടി മുത്തശ്ശിയോട് പറയാനും പറ്റില്ല. പാലക്കാട്‌ ശ്യാമിന്റെ നാടായതുകൊണ്ട് ഞങ്ങളൊരുമിച്ചാണ് ഷൂട്ടിന് പോയത്. ശ്യാമിന്റെ അച്ഛന്റെ സ്നേഹിതനുംകൂടിയായ ഒളപ്പമണ്ണ എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. എന്തൊരു എളിമയും സമഭാവവും നിറഞ്ഞ പെരുമാറ്റമായിരുന്നു ആ വലിയ മനുഷ്യന്റേത് എന്ന് ഇപ്പോൾ ഓർക്കുമ്പോൾപോലും ഞാൻ അത്ഭുതപ്പെടുന്നു. അതുപോലെതന്നെയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ ശ്രീദേവിയും. ചുറുചുറുക്കുള്ള, തൃശൂർ സംഭാഷണശൈലിയിൽ വാചാലമായി, രസകരമായി സംസാരിക്കുന്ന ഒരു നാടൻ വീട്ടമ്മ. ജൈനഗൃഹത്തിൽ ഇപ്പോൾ താമസിക്കുന്നത് അറുപതുകാരനായ ഒരാളും അയാളുടെ ഭാര്യയും രണ്ടു പെണ്മക്കളുമാണ്. അയാളെ വിളിച്ചുവരുത്തി ഒളപ്പമണ്ണ കാര്യങ്ങളൊക്കെ പറഞ്ഞു. ഞങ്ങൾക്ക് ആ വിശാലമായ മുറ്റത്തും വീടിനകത്തും ചിത്രീകരണം നടത്താൻ അനുവദിക്കണമെന്ന് കുലീനമായ ഭാഷയിൽ അഭ്യർഥിച്ചു. അയാൾ തടസ്സമൊന്നും പറഞ്ഞില്ലെങ്കിലും വലിയ താൽപര്യമുള്ളതായി കണ്ടില്ല. ഒളപ്പമണ്ണയെപ്പോലെ ഒരാളിന്റെ വാക്ക് അങ്ങനെ തള്ളിക്കളയാൻ പറ്റില്ല അയാൾക്ക്. പക്ഷേ ശ്രീമതി ഒളപ്പമണ്ണക്ക് അത്ര വിശ്വാസമുണ്ടായിരുന്നില്ല. അവരുടെ അഭിപ്രായത്തിൽ ആ വീട്ടിൽ ഗൃഹനായകന്റെ തീരുമാനങ്ങൾക്ക് വലിയ വിലയൊന്നുമില്ല, ഭാര്യയും മക്കളും തീരുമാനിക്കുന്നതേ നടക്കൂ, അവരാണെങ്കിൽ അത്ര ശരിയുമല്ല. ആൾക്കാർ പലതും പറയുന്നുണ്ട് അവരെക്കുറിച്ച്.

വളരെ താൽപര്യത്തോടെ ഇതു കേട്ടുകൊണ്ടിരുന്ന ഞങ്ങളുടെ രസച്ചരട് മുറിച്ചുകൊണ്ട് ഒളപ്പമണ്ണ ഇടപെട്ടു. പരമ സാത്വികനായ അദ്ദേഹത്തിന് ഇത്തരം ഗോസിപ്പുകളിൽ ഒരു താൽപര്യവുമുണ്ടായിരുന്നില്ല.

പിറ്റേന്ന് പക്ഷേ കാര്യങ്ങളൊക്കെ തകിടം മറിഞ്ഞു. ഞങ്ങൾ ജൈനമേട്ടിൽ ചില ദൃശ്യങ്ങൾ ചിത്രീകരിച്ചുകൊണ്ട് നിൽക്കുമ്പോൾ തലേദിവസം കാര്യങ്ങളെല്ലാം സമ്മതിച്ചുപിരിഞ്ഞ ആ വീട്ടുകാരൻ അവിടെയെത്തി, വീട്ടിൽ ഷൂട്ടിങ്​ ഒന്നും പറ്റില്ലായെന്ന് ഒരു ഭാവഭേദവും കൂടാതെ അറിയിച്ചു. ഞങ്ങളുടെ സന്ധിസംഭാഷണം ഒരു തർക്കത്തിന്റെ സ്വഭാവത്തിലേക്ക് മാറിയതോടുകൂടി അതുവരെ കാഴ്ചക്കാരായി മാറിനിന്നിരുന്ന നാട്ടുകാരും അതിൽ പങ്കുചേർന്നു. അവരും കൂടി ഓരോ പക്ഷത്തിൽ അണിനിരന്നതോടെ സംഭവമാകെ ചൂടുപിടിച്ചു. ഭാര്യയും മക്കളും സമ്മതിക്കുന്നില്ല, അതുകൊണ്ട് ഷൂട്ടിങ്​ നടക്കില്ല എന്ന വാദത്തിൽ അയാൾ ഉറച്ചുനിന്നു. അവരുടെ പിടിവാശിയുടെ പിറകിലെ കാരണങ്ങൾ സദാചാരബോധമുള്ള നാട്ടുകാരിൽ ചിലർ ഞങ്ങളെ രഹസ്യമായി അറിയിച്ചു. ഉച്ചയോടുകൂടി രംഗം ഒളപ്പമണ്ണയുടെ വീട്ടിലേക്ക് ഷിഫ്റ്റ്‌ ചെയ്തു. ആഢ്യനും കുലീനനുമായ അദ്ദേഹത്തിന്റെ അനുനയ ഭാഷണങ്ങളൊന്നും വിലപ്പോയില്ല. ''ഞാനപ്പോഴേ പറഞ്ഞതല്ലേ, ഇപ്പോഴെങ്ങനെയിരിക്കുന്നു'' എന്ന ഭാവത്തിലായിരുന്നു ശ്രീമതി ഒളപ്പമണ്ണ. പക്ഷേ പ്രശ്നങ്ങൾ രഞ്ജിപ്പിലെത്തിക്കാൻ അവരും പരമാവധി ശ്രമിച്ചുനോക്കി. ഞാനും ശ്യാമും രണ്ടു കാഴ്​ചക്കാരെപ്പോലെ കുറച്ചു മാറി എല്ലാം കണ്ടുകൊണ്ട് നിന്നതേയുള്ളൂ. വല്ല പത്രക്കാരെങ്ങാനും വന്ന് വാർത്തയാക്കുമോ എന്ന പേടിയായിരുന്നു ഞങ്ങൾക്ക്.

ഏതായാലും ഒടുവിൽ ഒരു കാര്യത്തിന് ആ വീട്ടുകാരൻ വഴങ്ങി. വീടിന്റെ പുറംഭാഗവും ചുറ്റുപാടുമുള്ള മരങ്ങളും പറമ്പും ഒക്കെ ഷൂട്ട്‌ ചെയ്തുകൊള്ളാൻ മനസ്സില്ലാമനസ്സോടെ അയാൾ സമ്മതിച്ചു. അപ്പോഴേക്കും നേരം നട്ടുച്ചയായികഴിഞ്ഞിരുന്നു. ആ പൊരിവെയിലത്ത്​ കാമറാമാൻ മോഹനകൃഷ്ണനും റെക്കോഡിസ്റ്റ് അയൂബ് ഖാനും കൂടി ചിത്രീകരണം ആരംഭിച്ചു. വർഷങ്ങൾക്ക് മുൻപ് ആശാന്റെ ഹൃദയം കവർന്ന ആ പ്രകൃതിയിലൂടെ കാമറ സഞ്ചരിക്കുമ്പോൾ വീടിനകത്തുനിന്ന് ഉച്ചത്തിൽ നല്ല അസ്സൽ ഭരണിപ്പാട്ട് മുഴങ്ങുന്നുണ്ടായിരുന്നു. ഞങ്ങളുടെ പ്രപിതാമഹരെ വരെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു അതു മുന്നേറിയത്.

ഒരുവിധത്തിൽ സംഭവം പൂർത്തിയാക്കി മടങ്ങിവന്ന് ഒളപ്പമണ്ണ കവിത ചൊല്ലുന്നതും ചിത്രീകരിച്ചതിനുശേഷം പാക്കപ്പ് പറഞ്ഞു.

ഇതൊക്കെ എങ്ങനെയാണ് മുത്തശ്ശിയോട് പറയുക... അതുകൊണ്ട് കാര്യങ്ങൾ എഡിറ്റ്‌ ചെയ്തവതരിപ്പിച്ചു.

''ഏയ്‌, ആ ചിത്രം കണ്ടാൽ ഇതൊന്നും തോന്നില്ല, കേട്ടോ... നല്ല രസമുണ്ടായിരുന്നു കാണാൻ... ആ വീടിന്റെ പുറത്തെ ദൃശ്യങ്ങളൊക്കെ ഒന്നാന്തരമായിട്ടുണ്ട്. അപ്പോൾ പശ്ചാത്തലത്തിൽ കേൾപ്പിച്ച സംഗീതവും. അതുപോലെ 'വീണപൂവി'ൽനിന്നുള്ള വരികൾ ആ കുട്ടി എത്ര നന്നായി പാടി... എനിക്കേറ്റവും ഇഷ്ടമായ സീൻ ഏതാണെന്നോ... പരിപാടി അവസാനിക്കുമ്പോൾ കാണിക്കുന്നത്‌.

''ഇപശ്ചിമാബ്ധിയിലണഞ്ഞൊരുതാരമാരാ-

ലുത്പന്നശോഭമുദ്രയാദ്രിയിലെത്തിടുമ്പോൾ

സത്പുഷ്പമേ! യിവിടെ മാഞ്ഞു സുമേരുവിന്മേൽ

കൽപദ്രുമത്തിനുടെ കൊമ്പിൽ വിടർന്നിടാം നീ...''

മുത്തശ്ശി അതു ഭംഗിയായി നീട്ടിച്ചൊല്ലി.

''ഈ വരികൾ ചൊല്ലിയപ്പോൾ ഇങ്ങനെ ആകാശത്തേക്ക് പോയി പൂർണചന്ദ്രനെ കാണിക്കില്ലേ. അസ്സലായി അത്.''

മുത്തശ്ശി പറയുന്നതുകേട്ട് എന്താണ് പറയേണ്ടതെന്നറിയാതെ ഒന്നും മിണ്ടാതെയിരുന്നുപോയി ഞാൻ. അപ്പോഴാണ് ഞാൻ ബാട്ടയെ ശ്രദ്ധിച്ചത്. വന്നതിനുശേഷം ശബ്ദമേ കേട്ടിട്ടില്ല. അതിശയിപ്പിക്കുന്ന എന്തോ ഒന്നു കാണുന്നതുപോലെ മുത്തശ്ശിയെതന്നെ നോക്കിയിരിക്കുകയാണ് പുള്ളി. (ബാട്ടക്ക് പൊതുവെ എല്ലാത്തിനോടും കൗതുകമാണ്. പാലക്കാട്‌ ചന്ദ്രനഗറിലെ അവരുടെ വീട്ടിൽ ചെല്ലുമ്പോൾ ശ്യാമിന്റെ അച്ഛൻ ഉണ്ടെങ്കിൽ ചിലപ്പോൾ അദ്ദേഹത്തോട് രാഷ്ട്രീയകാര്യങ്ങൾ സംസാരിക്കാനുള്ള ധൈര്യം ഞാൻ കാണിച്ചിട്ടുണ്ട്. അദ്ദേഹം തികഞ്ഞ സമഭാവത്തോടുകൂടി തന്നെ ഇരുപത്തിയഞ്ചുകാരനായ എന്റെ അഭിപ്രായങ്ങളോട് പ്രതികരിക്കുകയും ചെയ്യാറുണ്ട്. അപ്പോഴും ഇതുപോലെ ഒന്നും മിണ്ടാതെ ബാട്ട അവിടെയൊരിടത്ത് എല്ലാം കേട്ടിരിപ്പുണ്ടാവും. അച്ഛൻ പോയിക്കഴിഞ്ഞാൽ, ആ സ്ത്രൈണശബ്ദത്തിൽ അഭിനന്ദനരൂപേണ എന്നോട് പറയും:

''ബൈജു എന്ത് ഇൗസി ആയിട്ടാണ് അച്ഛനോട് പൊളിറ്റിക​്​സ്​ ഒക്കെ ഡിസ്​കസ്​ ചെയ്യുന്നത്... എന്റേയും തമ്പിയുടെയും വേറെ ഫ്രൻഡ്​സ് ഒക്കെ വന്നാൽ അച്ഛനോട് മിണ്ടുക കൂടി ചെയ്യില്ല. ഞങ്ങളും പൊളിറ്റിക്​സ്​ ഒന്നും സംസാരിക്കില്ല.''


അപ്പോൾ, ആയിടെ മരിച്ചുപോയ കക്കാടിനെ കുറിച്ച് മുത്തശ്ശൻ ഓർത്തു. കക്കാട് രോഗബാധിതനായി തിരുവനന്തപുരത്ത്​ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ വീട്ടിൽ താമസിച്ചിരുന്നപ്പോൾ കണ്ട കാര്യം മുത്തശ്ശിയും ഓർമിച്ചു. അവിടെ വെച്ച് സഫലമീ യാത്ര അദ്ദേഹം ചൊല്ലുന്നത് ചിത്രീകരിച്ച കാര്യം ഞാൻ പറഞ്ഞു. കക്കാടിന്റെ വേർപാടിന്റെ അന്ന് തിരുവനന്തപുരത്തെ സാഹിത്യപ്രമുഖരുടെ അനുസ്മരണങ്ങൾ റെക്കോഡ് ചെയ്യാൻ പോയപ്പോഴുണ്ടായ ചില കാര്യങ്ങളും. മാധവിക്കുട്ടിയുടെ വീട്ടിൽ ബാലാമണിയമ്മയുടെ bite എടുക്കാൻ (അന്നാ വാക്ക് പ്രചാരത്തിലായിട്ടില്ല) പോയപ്പോൾ ഉണ്ടായ രസകരമായ ചില അനുഭവങ്ങൾ കേട്ട് മുത്തശ്ശിയും മുത്തശ്ശനും ഒരുപാട് ചിരിച്ചു.

''ബാലാമണിയമ്മയെപ്പോലെയല്ല, കമല വേറൊരു തരക്കാരിയാ... പക്ഷേ പാവം ശുദ്ധഗതിക്കാരിയാ.''

അപ്പോഴേക്കും നേരം കുറേ വൈകി. ഫസ്റ്റ് ഷോ കാണാൻ പോയവർ വരേണ്ട സമയമായി. ഞാൻ ഇറങ്ങുമ്പോൾ മുത്തശ്ശി പറഞ്ഞു:

''ചന്ദ്രനെ തിരക്കിയെന്നു പറയണം. ചെല്ലമ്മ (എന്റെ അച്ഛന്റെ മൂത്ത സഹോദരി)യെ കണ്ടിട്ടൊക്കെ ഒരുപാട് നാളായി. ബൈജു പുലിയന്നൂരിനു പോകാറില്ലേ?''

ഞാൻ രണ്ടുപേരുടെയും പാദം തൊട്ടു തൊഴുതിട്ട് ഇറങ്ങിയപ്പോൾ ഒരിക്കൽകൂടി ഓർമിപ്പിച്ചു.

''അപ്പോൾ കല്യാണം കഴിഞ്ഞിട്ട് ബീനയുമായിട്ട് രാമപുരത്തു വരണം.''

ഞാൻ ഇറങ്ങിയതിനു പിന്നാലെ ശ്യാമൊക്കെ എത്തി. വീട്ടിലേക്ക് നടക്കുമ്പോൾ ബാട്ട എക്​സൈറ്റ്​​മെന്‍റ്​​ അടക്കിവെക്കാനാകാതെ ശ്യാമിനോട് പറഞ്ഞു:

''തമ്പി, സാജന്റെ മുത്തശ്ശിയുണ്ടല്ലോ...I have never seen such a lady. എന്തൊക്കെ കാര്യങ്ങളാണ് അവർ ബൈജുവിനോട് discuss ചെയ്തത്... ഫിലിം, ലിറ്ററേച്ചർ, ഹിസ്റ്ററി... എന്തൊരറിവാണ് അവർക്ക് എല്ലാത്തിനെയും പറ്റി...really... really amazing.''

ഷോക്കടിച്ചതുപോലെ ശ്യാം തിരിഞ്ഞു നിന്നു:

''നിനക്ക് അപ്പോൾ ശരിക്കും മനസ്സിലായില്ലേ അതാരാണെന്ന്? Are you serious?''

ആ ചോദ്യം കേട്ട് അമ്പരന്നു നിന്ന ബാട്ടയോട് ശ്യാം പറഞ്ഞു:

''നീ ലളിതാംബിക അന്തർജനം എന്ന് കേട്ടിട്ടില്ലേ, famous malayalam writer... അവരാണ് നീ കണ്ട സാജന്റെ മുത്തശ്ശി!''

പിൻകുറിപ്പ്:

ആ ദിവസത്തിന് ശേഷം രണ്ടാഴ്ച കഴിഞ്ഞപ്പോൾ കോട്ടയത്ത് മഹാത്മാ ഗാന്ധി സർവകലാശാലയുടെ ഒരു പരിപാടിയിൽ പങ്കെടുത്തു മടങ്ങവേ അസുഖം തോന്നിയ ലളിതാംബിക അന്തർജനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൽപദിവസങ്ങൾക്കു ശേഷം മുത്തശ്ശി ഈ ലോകത്തോട് വിടവാങ്ങി. 1987 ഫെബ്രുവരി മാസം ആറിന്​. മുത്തശ്ശിയുടെ മകൻ, ഞങ്ങൾ മോഹനമ്മാവൻ എന്നു വിളിക്കുന്ന പ്രസിദ്ധ കഥാകൃത്ത് എൻ. മോഹനൻ 1999ൽ അന്തരിച്ചു.

ശ്യാമിന്റെയും ബാട്ടയുടെയും പിതാവ്, മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ പ്രമുഖ നേതാവുമായ ഒ. രാജഗോപാൽ, നിയമസഭാംഗത്വത്തിൽനിന്ന് വിരമിച്ചതിന് ശേഷം പൊതുജീവിതത്തിൽ സജീവമായി തുടർന്നുകൊണ്ട് തിരുവനന്തപുരത്ത് കഴിയുന്നു.

ദൂരദർശനിൽനിന്ന് രാജിവെച്ച് ചലച്ചിത്രസംവിധാനരംഗത്ത് പ്രവേശിച്ച ശ്യാം എന്ന ശ്യാമപ്രസാദ് ആദ്യമായി സംവിധാനം ചെയ്ത 'അഗ്നിസാക്ഷി' മികച്ച ചിത്രത്തിനും സംവിധാനത്തിനുമുള്ള സംസ്‌ഥാന അവാർഡുകളും നിരവധി ദേശീയ/അന്തർദേശീയ പുരസ്കാരങ്ങളും നേടിക്കൊണ്ട്, ലളിതാംബിക അന്തർജനം എന്ന മഹാപ്രതിഭക്ക്​ പ്രണാമമർപ്പിച്ചു.

Show More expand_more
News Summary - Lalithambika Antharjanam Memoir