‘ലീഷിൻസ്റ്റെൻ’ -പൂക്കളും പഴങ്ങളും നിറഞ്ഞ യൂറോപിലെ കൊച്ചുരാജ്യം -സനിൽ പി. തോമസ് എഴുതുന്ന യാത്രാനുഭവം
യൂറോ യോഗ്യത റൗണ്ടിൽ പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഇരട്ടഗോളുകളോടെ എതിരാളികളായ ലീഷിൻസ്റ്റെൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഏതാണീ രാജ്യം?. മുതിർന്ന മാധ്യമപ്രവർത്തകനും സ്പോർട്സ് ജേണലിസ്റ്റുമായ സനിൽ. പി. തോമസ് എഴുതിയ ലീഷിൻസ്റ്റെൻ യാത്രാനുഭവം വായിക്കാം.
അഭിനവ് ബിന്ദ്രയുടെ കഴുത്തിൽ ഒളിമ്പിക് സ്വർണമെഡൽ അണിയിച്ച രാജകുമാരിയുടെ മുഖം ശ്രദ്ധിച്ചില്ല. ടി.വിയിൽ ആ രംഗം കാണുമ്പോൾ ശ്രദ്ധയത്രയും അഭിനവിന്റെ മുഖത്തായിരുന്നു. ഷൂട്ടിങ്ങിൽ ലോക ചാമ്പ്യനായ ആദ്യ ഇന്ത്യക്കാരനിൽനിന്ന് ഒരു ഒളിമ്പിക് മെഡൽ പ്രതീക്ഷിച്ചിരുന്നു. അതു സ്വർണമെന്നു കേട്ടപ്പോൾ കോരിത്തരിച്ചു. അഭിനവിനെ പരിചയപ്പെടുത്താൻ മനോരമ ടി.വിയിൽനിന്നു റോമി മാത്യു വിളിച്ചുകഴിഞ്ഞ് കൂടുതൽ വിവരങ്ങൾ ശേഖരിക്കുമ്പോഴും കണ്ണു ടി.വിയിലായിരുന്നു; സമ്മാനദാനച്ചടങ്ങ് കാണാനുള്ള കാത്തിരിപ്പ്. മെഡൽ വിതരണത്തിനുശേഷം വിശിഷ്ടാതിഥികൾക്കൊപ്പം മെഡൽ ജേതാക്കൾ. ഇന്ത്യയുടെ ദേശീയഗാനം മുഴങ്ങിയപ്പോഴും അഭിനവിന്റെ മുഖത്തെ വികാരങ്ങളാണ് ശ്രദ്ധിച്ചത്.
2008 ആഗസ്റ്റ് 11 തിങ്കളാഴ്ച. ബെയ്ജിങ്ങിലെ ‘ബേഡ്സ് നെസ്റ്റ്’ സ്റ്റേഡിയം. ലീഷിൻസ്റ്റെനിലെ നോറ രാജകുമാരിയാണ് അഭിനവ് ബിന്ദ്രയുടെ കഴുത്തിൽ സ്വർണമെഡൽ അണിയിച്ചത്. ത്രിവർണ പതാക ഉയർന്നു. 28 വർഷത്തിനുശേഷം ഒളിമ്പിക് വേദിയിൽ ഇന്ത്യയുടെ ദേശീയഗാനം മുഴങ്ങി. ഒളിമ്പിക്സിൽ ആദ്യമായാണ് വ്യക്തിഗത ഇനത്തിൽ ഇന്ത്യക്ക് സ്വർണം ലഭിക്കുന്നത്. ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര 10 മീറ്റർ എയർ റൈഫിളിൽ വിജയിച്ചാണ് ചരിത്രമെഴുതിയത്.
നോറ രാജകുമാരിയെ ടി.വിയിൽ കണ്ടു. പക്ഷേ, ലീഷിൻസ്റ്റെൻ യൂറോപ്പിലെ ഒരു രാജ്യമാണെന്ന ചിന്തപോയില്ല. ഒടുവിൽ 2022 ജൂലൈയിൽ സ്വിറ്റ്സർലൻഡിൽനിന്നു ഓസ്ട്രിയക്കുള്ള യാത്രക്കിടയിൽ ആ മണ്ണിൽ കാലുകുത്തിയപ്പോൾ ഇത്രയും മനോഹരമായൊരു നാടുണ്ടോയെന്നു ചിന്തിച്ചുപോയി. പൂക്കളും പഴങ്ങളും നിറഞ്ഞിടം. ലാൻഡ്സ്കേപിന്റെ യഥാർഥ ചിത്രം. പ്രകൃതിരമണീയം എന്നു മാത്രം പറഞ്ഞാൽ മതിയാവില്ല.
‘‘നെതർലൻഡ്സിനേക്കാൾ ഭംഗിയുണ്ട് സ്വിറ്റ്സർലൻഡിന്’’ എന്നു നെതർലൻഡ്സിൽ ഏതാനും വർഷമുണ്ടായിരുന്ന മകൾ നീത് നാട്ടിൽനിന്നു പറഞ്ഞുവിട്ടപ്പോൾ അതിനപ്പുറമൊരു സ്വപ്നസുന്ദരഭൂമി മനസ്സിൽ ഇല്ലായിരുന്നു. നേരത്തേ കേട്ടിട്ടില്ലാത്ത രാജ്യമായാണ് എനിക്കു തോന്നിയത്. നോറ രാജകുമാരി ഓർമയിൽ വന്നുമില്ല. ലീഷിൻസ്റ്റെൻ ഫുട്ബാൾ ടീം ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ജർമനിയോട് എതിരില്ലാത്ത ആറു ഗോളിനു തോറ്റു. യൂറോപ്യൻ ഫുട്ബാൾ യോഗ്യതാ റൗണ്ടിൽ കനത്ത പരാജയം ഏറ്റുവാങ്ങുക പതിവാണ്. പത്രപ്രവർത്തക സുഹൃത്തുക്കളായ ഗിരീഷ് കുമാറും പി.ജെ. ജോസും ഓർമിപ്പിച്ചപ്പോഴാണ് ഞാൻ ആ കൊച്ചുരാജ്യത്തെ ഓർത്തെടുത്തത്.
സ്വിറ്റ്സർലൻഡിനും ഓസ്ട്രിയക്കും മധ്യേ ഒരു സ്വപ്നസുന്ദര രാജ്യം. ലീഷിൻസ്റ്റെൻ (Liechtenstien). ലിചിൻസ്റ്റെൻ എന്നാണ് നേരത്തേ കേട്ടിരുന്നതെങ്കിലും അവിടെ നഗരം കാണാൻ കയറിയ സിറ്റി െട്രയിനിലെ അറിയിപ്പിൽ ലീഷിൻസ്റ്റെൻ എന്നാണ് കേട്ടത്. 25 കിലോമീറ്റർ നീളം. 160 ചതുരശ്ര കിലോമീറ്റർ വിസ്തീർണം. ജനസംഖ്യ 40,000ത്തിൽ താഴെ. ജർമൻ ഭാഷയാണു സംസാരിക്കുന്നതെങ്കിലും സ്വിറ്റ്സർലൻഡുമായാണ് കൂടുതൽ അടുപ്പം. വടൂസ് ആണ് തലസ്ഥാനം. നെതൽലൻഡ്സിനെയും സ്വിറ്റ്സർലൻഡിനെയുംകാൾ സുന്ദരം. മുന്തിരി, റെഡ് ആപ്പിൾ, ഗ്രീൻ ആപ്പിൾ തുടങ്ങിയവയെല്ലാം എല്ലായിടത്തും കാണാം. സൂറിച്ച് ആണ് ഏറ്റവും അടുത്ത എയർപോർട്ട്. സ്വിസ് ഫ്രാങ്ക് ആണ് കറൻസി. സുരക്ഷയൊരുക്കുന്നതും സ്വിസ് സേനയാണ്. ഫുട്ബാൾ, ഹോക്കി സ്റ്റേഡിയങ്ങളും വോളിബാൾ കോർട്ടുമുണ്ട്. കുന്നിൻമുകളിലാണ് രാജകൊട്ടാരം.
ലോകത്തിലെ ആറാമത്തെ ചെറിയ രാജ്യമാണിത്. ജനസാന്ദ്രത കിലോമീറ്ററിൽ 237 മാത്രം. നമ്മൾക്കു കൂടി താമസിക്കാൻ ഇടമുണ്ടെന്നു തോന്നിപ്പോകും. റോഡിലൂടെ സിറ്റി െട്രയിനിൽ വളവും തിരിവും കുന്നും മലയും കയറിയുള്ള യാത്രയിൽ ഇടത്തോട്ടും വലത്തോട്ടും ഒരുപോലെ നോക്കേണ്ടിവന്നു; എവിടെയാണ് കൂടുതൽ ഭംഗിയെന്ന് അറിയാൻ. വടൂസ് രാജ്യ തലസ്ഥാനത്തിനൊപ്പം സാമ്പത്തിക തലസ്ഥാനവുമാണെന്ന് അറിഞ്ഞു. വടൂസിന് അപ്പുറം കാണാനായില്ലെങ്കിലും ശേഷിച്ച ഭാഗങ്ങളും അതിമനോഹരമെന്ന് സിറ്റി െട്രയിൻ ൈഡ്രവർ പറഞ്ഞു.
ഇന്ത്യയിൽ കേരളത്തിൽനിന്ന് എന്നു ഞങ്ങൾ പറഞ്ഞപ്പോൾ ‘‘ആലപ്പി, തേക്കടി’’ അറിയാമെന്ന് സിറ്റി െട്രയിൻ ൈഡ്രവർ.
കുന്നിൻമുകളിലാണ് ലീഷിൻസ്റ്റെൻ രാജകുമാരന്റെ കൊട്ടാരം. ‘വടൂസ് കാസിൽ’ എന്നാണ് ഇത് അറിയപ്പെടുന്നത്. ഏതാണ്ട് 120 മീറ്റർ ഉയരമുണ്ട് കൊട്ടാരം സ്ഥിതിചെയ്യുന്ന കുന്നിന്. വടൂസ് കാസിലിൽനിന്നാണ് നഗരത്തിന് വടൂസ് എന്ന പേരുവീണതേത്ര. നഗരത്തിൽ, ഏറെ അകലെ നിന്നുപോലും കൊട്ടാരം ദൃശ്യമാകും. പന്ത്രണ്ടാം ശതകത്തിൽ നിർമിച്ചതാണ് കോട്ട. 1287ൽ ആണ് ഇതിനുള്ളിൽ വാസസ്ഥലങ്ങൾ ഒരുക്കിയത്. 1322 മുതൽക്കുള്ള ചരിത്രരേഖകളിൽ വടൂസ് കാസിൽ പരാമർശിക്കപ്പെടുന്നുണ്ട്.
ഇത് രാജകുടുംബത്തിന്റെ അധീനതയിലായത് 1712ൽ മാത്രം. 1732 വരെ കൊട്ടാരത്തിന്റെ വലതുവശത്തായിരുന്നു രാജകുടുംബം താമസിച്ചിരുന്നത്. 1905-12 കാലത്ത് പുതുക്കിപ്പണിത കെട്ടിടമാണ് ഇപ്പോൾ ഉള്ളത്. ഫ്രാൻസ് ജോസഫ് രണ്ടാമൻ രാജകുമാരനാണ് കൊട്ടാരം പരിഷ്കരിച്ചത്. 1939 മുതൽ വടൂസ് കാസിലാണ് രാജകുടുംബത്തിന്റെ വാസസ്ഥലം.
വർഷത്തിലൊരു നാൾ രാജകുടുംബം നാട്ടുകാർക്കൊപ്പം ചെലവിടുമെന്നും അന്നാളിൽ യൂറോപ്പിലെ ഇതര രാജ്യങ്ങളിൽനിന്നെല്ലാം വിശിഷ്ടാതിഥികളും സന്ദർശകരുമെത്തുമെന്നും താൻ ഫ്രാൻസിൽ ഫുട്ബാൾ ലോകകപ്പ് റിപ്പോർട്ട് ചെയ്യാൻ പോയപ്പോൾ ഇത്തരമൊരു അവസരം നഷ്ടപ്പെട്ടെന്നും ഫുട്ബാൾ ലേഖകൻ ആന്റണി ജോൺ ഓർമിപ്പിച്ചു. രാജകുടുംബത്തെ കണ്ടില്ലെങ്കിലെന്ത്, നാടു കണ്ടാലറിയാമല്ലോ പ്രജകളുടെ സന്തോഷം.
ഷെങ്കൻ വിസയുമായി സഞ്ചരിക്കാവുന്ന രാജ്യമാണ് ലീഷിൻസ്റ്റെൻ. പക്ഷേ, ഇവിടെ ഏതാനും യൂറോ കൊടുത്താൽ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിച്ചുതരും. ലീഷിൻസ്റ്റെൻ ഓർമയിൽനിന്നു മായാതിരിക്കാൻ സന്ദർശകർ പ്രത്യേക വിസ സ്റ്റാമ്പിനായി അധിക യൂറോ ചെലവിടാറുണ്ട്. അത്തരമൊരു രേഖയില്ലെങ്കിലും വടൂസ് നഗരവും ലീഷിൻസ്റ്റെൻ രാജ്യവും മനസ്സിൽനിന്നു മായില്ല; നിശ്ചയം.