വിമർശനങ്ങളും പരിമിതികളുമുണ്ടെങ്കിലും 'മാധ്യമ'ത്തിന്റെ പ്രവർത്തനങ്ങൾക്ക് സവിശേഷ സ്ഥാനമുണ്ട് -ഡോ.ടി.എസ്. ശ്യാംകുമാർ എഴുതുന്നു
ഇന്ത്യയിലെ സാംസ്കാരിക സ്ഥലികൾ/ഇടങ്ങൾ പലനിലകളിൽ ഇന്നും സവർണവും ബ്രാഹ്മണ്യ അധീശത്വം പുലർത്തിപോരുന്നവയുമാണ്. ഇതിന്റെ പ്രത്യക്ഷ ദൃഷ്ടാന്തമാണ് ദേശീയതയുമായി ബന്ധപ്പെട്ട രാഷ്ട്രനിർമിതിയിൽ സാംസ്കാരിക അധികാരമായും ആശയമായും ഉയർന്നുവന്ന സവർണ ബിംബങ്ങളും ബ്രാഹ്മണ്യ പാഠങ്ങളും. ഇത്തരം സവർണവും ബ്രാഹ്മണികവുമായ പാഠങ്ങളിലൂടെ ത്രൈവർണിക സമുദായങ്ങളുടെ സാംസ്കാരിക മേൽക്കോയ്മ സ്ഥാപിക്കപ്പെട്ടു. ഇന്ത്യയെന്നാൽ രാമനും സീതയും രാമായണവും മഹാഭാരതവുമായെല്ലാം മാറിത്തീരുന്നത് ഇതിന്റെ ഭാഗമായാണ്. പാർശ്വവത്കൃത ജനവിഭാഗങ്ങളുടെയും മുസ്ലിം ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും ആശയങ്ങളും ഭാവനകളും സാംസ്കാരിക സംഭാവനകളും ഇന്ത്യയെന്ന ദേശരാഷ്ട്ര നിർമിതിയുടെ സാമൂഹിക വ്യവഹാരങ്ങളിൽനിന്നും പുറന്തള്ളപ്പെട്ടു. ദേശരാഷ്ട്രം ഭാവന ചെയ്ത് സ്ഥാപിച്ച സാമൂഹിക സ്ഥാപനങ്ങളും ഈ പുറന്തള്ളലിന്റെ പ്രകാശനസ്ഥാനങ്ങളായി ഇന്നും തുടരുന്നു.
ഹിംസാത്മകവും ആത്മച്ഛേദകവുമായ പുറന്തള്ളലിനെ പറ്റിയുള്ള എല്ലാ എതിർശബ്ദങ്ങളെയും സാംസ്കാരിക അധീശത്വം പുലർത്തുന്ന സ്ഥാപനങ്ങളും സംഘങ്ങളും ഇന്ത്യയുടെ രാഷ്ട്രീയ അബോധത്തിലേക്ക് തള്ളിയിടുകയാണുണ്ടായത്. മുഖ്യധാരാ ശബ്ദമായി കീഴോർ സമൂഹങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ശബ്ദം ഉയരാൻ അനുവദിക്കാത്തവിധം ബ്രാഹ്മണ്യത്തിന്റെ നിലീനഭരണകൂടംവിമർശനങ്ങളും പരിമിതികളുമുണ്ടെങ്കിലും 'മാധ്യമ'ത്തിന്റെ പ്രവർത്തനങ്ങൾക്ക് സവിശേഷ സ്ഥാനമുണ്ട് -ഡോ.ടി.എസ്. ശ്യാംകുമാർ എഴുതുന്നു സാംസ്കാരിക സ്ഥാപനങ്ങളിലൂടെയും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. മുഖ്യധാരയിൽ സദാ മുഴങ്ങിക്കൊണ്ടിരിക്കുന്നത് ബ്രാഹ്മണ്യ പാഠങ്ങളുടെ മതേതര ആഖ്യാനങ്ങളാണ്. സവർണവും ത്രൈവർണിക പുരുഷാധിപത്യ വ്യവസ്ഥയിലധിഷ്ഠിതവുമായ ചിന്താമണ്ഡലത്തെ നിശിത വിമർശനത്തിന് വിധേയമാക്കുന്ന കീഴാള ചരിത്രകാരന്മാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും ബുദ്ധിജീവികളുടെയും അക്കാദമിക പണ്ഡിതന്മാരുടെയും എഴുത്തും ചിന്തയും മുഖ്യധാരയിൽ മുഴങ്ങി കേൾക്കാൻ കഴിയാത്തവിധം അമർച്ചചെയ്യുന്നതിന് സവർണ സാംസ്കാരിക മണ്ഡലത്തിന് പല നിലകളിൽ ഇപ്പോഴും കഴിയുന്നുണ്ട്. ചെറുപ്രസിദ്ധീകരണങ്ങളിലൂടെയും കഠിനപ്രയത്നങ്ങളിലൂടെയുമാണ് കീഴോർ സമൂഹങ്ങളിലെ എഴുത്തുകാരും ബുദ്ധിജീവികളും തങ്ങളുടെ ഇടപെടലുകളെ സാർഥകമാക്കിയത്. നവ മാധ്യമങ്ങളുടെ കടന്നുവരവ് കീഴാളശബ്ദങ്ങളെ കൂടുതൽ ദൃശ്യപ്പെടുത്തി. അച്ചടിയിലൂടെ ആധികാരിക പാഠമായിത്തീരുന്ന കീഴാള എഴുത്തിന് കേരളത്തിൽ നവീനമായ ദൃശ്യത നൽകിയതിൽ 'മാധ്യമ'ത്തിന്റെ പ്രസിദ്ധീകരണ രൂപങ്ങളുടെ സാമൂഹിക ചരിത്രപ്രസക്തി വിലയിരുത്തേണ്ടത് ഈ സന്ദർഭത്തിലാണ്. സാംസ്കാരിക അതിദേശീയ വാദത്തിലൂടെ ഭരണകൂട ശക്തികളും ഇന്ത്യയിൽ നിലീനഭരണകൂടമായി പുലരുന്ന ബ്രാഹ്മണ്യ ശക്തികളും കൈകോർത്ത് പ്രവർത്തിക്കുന്ന സാംസ്കാരിക മണ്ഡലത്തിൽ അതിനെ ആഴമേറിയ ചരിത്രവിമർശനങ്ങൾക്ക് വിധേയമാക്കുന്ന എഴുത്തിടങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം ന്യൂനപക്ഷത്തിന്റെ ഉടമസ്ഥതയിലുള്ള 'മാധ്യമം' എന്ന സ്ഥാപനം അതിന്റെ രജതജൂബിലി ആഘോഷിക്കുക എന്നതുതന്നെ അത്ഭുതമുളവാക്കുന്നതാണ്. അത്രമേൽ വിധ്വംസാത്മകമായ സാംസ്കാരിക ഇടപെടലുകളാണ് കഴിഞ്ഞകാലങ്ങളിൽ 'മാധ്യമം' നടത്തിയിട്ടുള്ളത്.
''ഇന്ത്യയിൽ ബുദ്ധിജീവി വർഗമെന്നത് ഉന്നതകുലജാതരായിരിക്കുകയും എല്ലാ അവകാശങ്ങളും അവർക്കുമാത്രം അവകാശപ്പെട്ടതായിരിക്കുകയും ചെയ്യുന്നു. അവർ രാജ്യത്തിന്റെ പേരിൽ സംസാരിക്കുകയും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് നേതൃത്വംനൽകുകയും ചെയ്യുന്നതുകൊണ്ട് താഴ്ന്ന ജാതിക്കാർ പിന്തള്ളപ്പെടുന്നു'' എന്ന് ഡോ. ബി.ആർ. അംബേദ്കർ അസന്ദിഗ്ധമായി പ്രസ്താവിക്കുന്നുണ്ട്. ഇന്ത്യയിൽ സാംസ്കാരിക ബുദ്ധിജീവികളായി സ്ഥാനപ്പെട്ട ഭൂരിപക്ഷവും സവർണ സമുദായങ്ങളിൽനിന്നുള്ളവരായിരിക്കുന്നത് അത്ര നിഷ്കളങ്കമായ ഒന്നല്ലെന്ന് അംബേദ്കറുടെ വാക്കുകളിലൂടെ തന്നെ തിരിച്ചറിയാം. കീഴാള ബുദ്ധിജീവിതങ്ങളെ പൊതുമണ്ഡലം അരികുവത്കരിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് ധർമശാസ്ത്രങ്ങളുടെ പുറന്തള്ളൽ യുക്തിതന്നെയാണ്. ബ്രാഹ്മണ്യ ഗ്രന്ഥപാഠങ്ങൾക്കും മറ്റും മതേതര ആഖ്യാനം ചമക്കുന്നതിലൂടെ ബ്രാഹ്മണ്യ പാഠങ്ങൾക്ക് സാധൂകരണം നൽകാൻ ശ്രമിക്കുന്ന കാലത്ത്, അതിനെതിരായ ബ്രാഹ്മണ്യവിമർശനങ്ങളിലൂടെ സാംസ്കാരികമണ്ഡലത്തെ ജനാധിപത്യവത്കരണത്തിന് വിധേയമാക്കുന്ന പ്രവർത്തനങ്ങളിലാണ് കീഴാള-മുസ്ലിം സമുദായങ്ങളിലെ എഴുത്തുകാരും ബുദ്ധിജീവികളും ഏർപ്പെട്ടുകൊണ്ടിരുന്നത്. ഇത്തരം നിശിതവിമർശനങ്ങൾക്ക് എഴുത്തിടം നൽകി മുഖ്യാധാരയിലേക്ക് എത്തിക്കുന്നതിൽ 'മാധ്യമം' വഹിക്കുന്ന പങ്ക് ചരിത്രപരമായിതന്നെ നിസ്തുലമാണ്.
ഭരണഘടനയിലധിഷ്ഠിതമായ പ്രാതിനിധ്യ ജനാധിപത്യം നിലനിൽക്കുന്ന ഒരു രാജ്യത്ത് സാംസ്കാരിക മണ്ഡലങ്ങളിൽ പാർശ്വവത്കൃത ജനവിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്ന അടിസ്ഥാന ചിന്തപോലും മുഖ്യധാരാ മാധ്യമങ്ങൾ മറന്നിടത്താണ് 'മാധ്യമം' ദിനപത്രവും 'ആഴ്ചപ്പതിപ്പും' കടന്നുവരുന്നത്. മുഖ്യധാരാ മാധ്യമങ്ങൾ പുലർത്തിപ്പോരുന്ന ഈ ജനാധിപത്യവിരുദ്ധത അൽപംപോലും അവരെ ലജ്ജിപ്പിക്കുന്നില്ല എന്നത് അവർ പിൻപറ്റുന്ന സവർണ മനോഭാവത്തിന്റെ പ്രത്യക്ഷ ദൃഷ്ടാന്തമാണ്. ഇത്തരം ഹിംസാത്മകമായ ജനാധിപത്യവിരുദ്ധത കൈയൊഴിഞ്ഞുകൊണ്ട് എഴുത്തിടത്തെ സാഹോദര്യ ജനാധിപത്യാശയങ്ങളാൽ സമ്പന്നമാക്കാൻ 'മാധ്യമ'ത്തിന് കഴിഞ്ഞിട്ടുണ്ട്. ഇത് ഔദാര്യ ചിന്തയിൽനിന്നും ഉയിർക്കൊള്ളുന്ന ഒന്നല്ലെന്ന് 'മാധ്യമ'ത്തിന്റെ പ്രവർത്തനങ്ങൾ പരിശോധിച്ചാലറിയാം.
തുല്യ പൗരത്വം എന്ന ആശയം മുഖ്യധാരാ എഴുത്തിടങ്ങളും സ്ഥാപനങ്ങളും എത്രമേൽ വെറുക്കുന്നു എന്നതിന്റെ ഉദാഹരണമാണ് അത്തരം ഇടങ്ങളിൽ തുടരുന്ന സവർണ സാംസ്കാരിക അധീശത്വം. സാംസ്കാരിക മണ്ഡലം ജനാധിപത്യവത്കരിക്കുന്നതിലൂടെ മാത്രമേ സാമൂഹിക ജനാധിപത്യവും സാർഥകമാവുകയുള്ളൂ. അതിന് സാംസ്കാരിക മണ്ഡലത്തിൽ പാർശ്വവത്കൃത ജനവിഭാഗങ്ങളിലെ എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും അക്കാദമിക പണ്ഡിതന്മാരുടെയും അർഹമായ പ്രതിനിധാനം ഉണ്ടായിരിക്കുക എന്നത് അടിയന്തരമായി പൂർത്തീകരിക്കേണ്ട രാഷ്ട്രീയ ദൗത്യമാണ്. ഇത്തരമൊരു ദൗത്യത്തെ ഏറ്റെടുക്കാൻ 'മാധ്യമം' സ്വയം സന്നദ്ധമായി എന്നത് ചരിത്രപരമായി വിലയിരുത്തേണ്ട പ്രക്രിയയാണ്. ജാതിയെ സംബന്ധിച്ചും മറ്റുമുള്ള ഗവേഷണ പഠനങ്ങൾക്ക് ഹിന്ദുത്വ ഭരണകൂടം ഇനി ധനസഹായം അനുവദിക്കില്ല എന്നു പറയുമ്പോഴാണ് അത്തരം വിമർശനങ്ങളെ ഹിന്ദുത്വ ശക്തികൾ എത്രമാത്രം ഭയപ്പെടുന്നു എന്ന് ബോധ്യപ്പെടുക. ജാതിയെ സംബന്ധിച്ച സാംസ്കാരിക വിമർശനങ്ങൾ ഇന്ത്യൻ സമൂഹത്തിന്റെ ജനാധിപത്യവത്കരണത്തിന് അനിവാര്യമാണെന്നിരിക്കെ അതിൽനിന്നും ഭരണകൂടം പിന്തിരിയുന്നത് ജാതി-ബ്രാഹ്മണ്യ വിമർശനങ്ങൾക്ക് ഇനി മേലിൽ ദൃശ്യത നൽകേണ്ടതില്ല എന്ന് തീരുമാനിക്കുന്നതിലൂടെയാണ്. ഇന്ത്യൻ സമൂഹം ഒരു ജനാധിപത്യ സമൂഹമായി മാറിത്തീരണമെങ്കിൽ അതിൽ ജാതിയെ മുൻനിർത്തിയുള്ള സാമൂഹികവിമർശനങ്ങൾ തീർത്തും അനിവാര്യമാണ്. ഉന്നതമായ സാമൂഹിക ചരിത്രബോധ്യത്തോടെ ഇന്ത്യയെ ഒരു ജനാധിപത്യ സമൂഹമായി പരിവർത്തിപ്പിക്കാൻ ഇത്തരത്തിൽ നിരന്തരം എഴുതുകയും ഭാഷണം ചെയ്യുകയും സമരം നയിക്കുകയും ചെയ്ത വ്യക്തിയാണ് ഡോ. ബി.ആർ. അംബേദ്കർ. കേരളത്തിൽ ഈ സാമൂഹിക വിമർശനത്തെ മുന്നോട്ടുനയിച്ച സാംസ്കാരിക നായകനായിരുന്നു സഹോദരൻ അയ്യപ്പൻ. നിരന്തരമുള്ള എഴുത്തുകളിലൂടെ അയ്യപ്പൻ ഏർപ്പെട്ടുകൊണ്ടിരുന്നത് ജനാധിപത്യത്തിനു വേണ്ടിയുള്ള സമരങ്ങളിലായിരുന്നു. കീഴോർ സമൂഹങ്ങളുടെ നേതൃത്വത്തിൽ നടത്തിവന്നിരുന്ന പത്രങ്ങളും മാസികകളുമെല്ലാം തന്നെ ഈ വ്യത്യസ്ത ശ്രമങ്ങളുടെ പ്രകാശന സ്ഥാനങ്ങളായിരുന്നു. വർത്തമാനകാലത്ത് അതിന്റെ തുടർച്ചയിൽ 'മാധ്യമ'ത്തെയും സ്ഥാനപ്പെടുത്താം. തീർച്ചയായും വിമർശനങ്ങളും പരിമിതികളും കണ്ടെത്താൻ സാധിക്കുമെങ്കിലും ബ്രാഹ്മണ്യ ഹിന്ദുത്വം സർവഗ്രാഹകമായി ഇന്ത്യൻ സമൂഹത്തെ പിടിമുറുക്കിക്കൊണ്ടിരിക്കുമ്പോൾ അതിനെതിരായി തൂലികകൊണ്ട് പടപൊരുതുന്ന 'മാധ്യമ'ത്തിന്റെ പ്രവർത്തനങ്ങൾക്ക് കേരളീയസമൂഹത്തിൽ സവിശേഷ സ്ഥാനമുണ്ട്. സാംസ്കാരിക മണ്ഡലത്തിലും ഉൾക്കൊള്ളൽ ജനാധിപത്യത്തിന് സ്ഥാനമുണ്ടെന്ന് കീഴോർ ബുദ്ധിജീവിതങ്ങളുടെ എഴുത്തിന് പ്രകാശനം നൽകിയതിലൂടെ അത് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നു. ഇതിനി മറ്റു മുഖ്യധാരാ പ്രസിദ്ധീകരണങ്ങൾക്കും ഏറ്റെടുത്തേ മതിയാവൂ എന്ന രീതിയിൽ ഒരു സമ്മർദ ശക്തിയായി മാറുന്നതിന് 'മാധ്യമ'ത്തിന് കഴിഞ്ഞു എന്നതും വലിയ വിജയമാണ്.
''സകലർക്കുമിതു സ്വന്തം സകലർക്കുമിതിൽ ചേരാം
സകലരുമൊരു ജാതി സഹോദരങ്ങൾ
പുലയരും ബ്രാഹ്മണരും കരത്തോടു കരം കോർത്തു
സമതയിൽ നടക്കേണ്ടും കാലമായല്ലോ...''
(സഹോദരൻ അയ്യപ്പൻ)