മൂരി
ഒന്ന്
അവർ മൂന്ന് പേരുണ്ടായിരുന്നു.
''തെക്കെ മലബാറിലെ തൊറത്തുകുന്നിൽ നിന്നാണ്. സേതുപടിത്ത്യാര് വരണം. അത്രക്കും അവസ്ഥയാണ്.''
വണ്ണംകൂടിയ കഴുത്തുള്ള, മരണത്തെ ക്ഷണിച്ചുറപ്പിച്ച് കൂട്ടിക്കൊണ്ടുപോകാൻ വന്നവർ. തന്നെ തേടി വരുന്നവർക്കെല്ലാം ഒരേ മുഖച്ഛായയും കഴുത്തളവുമാണെന്ന് സേതുപടിത്ത്യാർക്കു തോന്നി.
മൂന്നുതരത്തിലുള്ള കാരണങ്ങളാൽ മനുഷ്യൻ മനുഷ്യനെ വേട്ടയാടാം അല്ലെങ്കിൽ സേതുപടിത്ത്യാരെ തിരക്കിവരാം. ഗതികേട്, സ്നേഹം, പക എന്നിങ്ങനെയുള്ള മരണത്തിെൻറ കൂട്ടിക്കൊടുപ്പുകാർ.
ഈ വന്നവർ ഇതിലേതുതരക്കാരാണ്..!
''ഒരു കുഴപ്പോംണ്ടാർന്നില്ല. സ്വന്തമായി പലചരക്കു പീടികയാർന്ന്. പെട്ടെന്നൊരു ദിവസം രാത്രീല് ശബ്ദം കേട്ടു നോക്കുമ്പോ ആള് നിലത്തുകെടന്ന് പിടച്ചിലാണ്. പിന്നെ ഈ കെടപ്പുതന്നെ. ആദ്യമൊക്കെ വൈദ്യം കാട്ടി. ഒന്നും വിലകൊണ്ടില്ല. വർഷം എട്ടായി. മിണ്ടാട്ടവും തിരിച്ചറിവും വീഴ്ച്ചയിലേ പോയി.''
ഒരു നിമിഷം നിർത്തി. തുടർന്നു.
''കിടപ്പിലായേെൻറ ഏഴാം മാസം ഭാര്യ മരിച്ചു. പിന്നെയുള്ളതൊരു മകളാണ്. കെട്ടുകഴിഞ്ഞ അവൾക്ക് ഇയാളെ നോക്കിയിരിക്കാനൊക്കുവോ..?
ഉള്ളിലേക്കും പുറത്തേക്കും പോണത് കിടന്നുകൊണ്ടുതന്നെ. തീട്ടം കോരി മടുത്തു. വായും കണ്ണും കൂതീം മാത്രമാണ് ശരീരത്തിൽ പുറമേ അനക്കമുള്ളത്.''
നിവർന്നൊരു ദീർഘനിശ്വാസം. തുടർന്നു.
''തലയുടെ പിൻഭാഗത്തൊരു മുഴവന്ന് വീർത്തുപൊട്ടി. ചലവും രക്തവും ഒലിക്കുന്നുണ്ട്. ഇനിയും നീട്ടിയാൽ പറ്റത്തില്ല.'' കൂട്ടത്തിലെ മുതിർന്നയാൾ പറഞ്ഞു നിർത്തി. അയാളുടെ കഴുത്തിലെ ഞരമ്പുകൾ വേഗത്തിൽ വേഗത്തിൽ ഓടിയൊളിക്കുന്നമാതിരി സേതുപടിത്ത്യാർക്കു തോന്നി.
''മ്മ്'' എല്ലാം കേട്ടൊന്നു മൂളി. കിടപ്പിലായവരുടെ ഗതി അങ്ങനെത്തന്നെയാണ്. ആദ്യമെല്ലാം പരിചാരകരുണ്ടാകും. മറ്റുള്ളവരുടെ വേദനയിൽ, നിസ്സഹായതയിൽ താൻ സുരക്ഷിതമാണെന്ന് മനസ്സിൽ സന്തോഷിക്കുന്നവർ. ചിലർ എത്തിനോക്കുക കൂട്ടിവെപ്പിെൻറ വീതംപറ്റാനായിരിക്കും.
ഈ വന്നവർ ഇതിലേതുതരക്കാരാണ്..!
എത്ര പേരെയാണ് താൻ പരലോകത്തേക്കു പറഞ്ഞയച്ചിട്ടുള്ളത്. അതിൽ എത്രാമത്തേതാണ് ഈ ഭാഗ്യവാൻ! കുടുംബസിദ്ധമായ പടിവിദ്യ സ്വായത്തമാക്കിയില്ലായിരുന്നെങ്കിൽ എത്രപേർ തന്നെ മതിക്കുമായിരുന്നു, ഭയക്കുമായിരുന്നു, എന്തിനൽപം പരിഗണിക്കകൂടി ചെയ്യുമായിരുന്നു.
ഊറ്റൻവള്ളികളെപോലെ വളഞ്ഞു ചുരുണ്ടും എന്നാലതു തോന്നിക്കാത്തവിധത്തിൽ നിവർന്നും, പ്രധാന ഒന്നിനെ ആശ്രയിച്ചും മാത്രം മുന്നോട്ടുപോകുന്ന ഞരമ്പിൻകൂട്ടങ്ങൾ. കണ്ണാലോ തൊടലാലോ പിടിതരാത്തത്രയും നിഗൂഢമായി ആഴങ്ങളിൽ താഴ്ന്നിരിക്കുന്നവ. അവയെയെല്ലാം പേറുന്ന കഴുത്ത്. അതെ, കഴുത്തിലാണ് പടിവിദ്യയുടെ സ്ഥാനം. ഇരുപത്തിമൂന്ന് ഞരമ്പുകളിലെ, പതിനൊന്ന് പ്രധാന ഞരമ്പുകൾക്കിടയിൽ കഴുത്തിെൻറ ഇടത്തേഭാഗത്ത് അൽപം വളഞ്ഞു മുകളിലേക്കുന്തിനിൽക്കുന്ന മർത്ത്യഞരമ്പ്. അതിനുള്ളതും ബാക്കിയൊരു ഞരമ്പിനും ഇല്ലാത്തതുമായ എടുത്തുചാട്ടം. അത് മനുഷ്യനെ കൊല്ലിക്കാനാണെന്ന് എത്രപേർക്കറിയാം?
പ്രിയപ്പെട്ടതും അല്ലാത്തതുമായ, സ്നേഹമുള്ളതും ഇല്ലാത്തതുമായ സർവമനുഷ്യരെ...ഞരമ്പൊരു അപായവും ഉപായവുമാണ്. സ്നേഹത്താലോ കാമത്താലോ കഴുത്തിലേക്ക് കൈകൾ കൊണ്ടുവരുന്ന മനുഷ്യരെ നിങ്ങൾ അകറ്റിനിർത്തുക. അന്യരെകൊണ്ട് നിങ്ങൾ നിങ്ങളുടെ കഴുത്തിെൻറ ഇടത്തെ ഭാഗം തൊടീക്കുകയേ ചെയ്യരുത്. കരുതി ജീവിക്കുക.
ഇനി വിദ്യാചരിത്രത്തിലേക്കു വരാം. സേതുപടിത്ത്യാരുടെ അഞ്ചു തലമുറക്കപ്പുറം പടിവിദ്യ ഉടലെടുത്തു. പടിത്ത്യാർ എന്ന കാർന്നവത്തി കാലെൻറ മന്ത്രം ചൂണ്ടുവിരലിനും പെരുവിരലിനും മധ്യേ കൂട്ടിക്കെട്ടി.
കറുകപുല്ലിെൻറ ഇളംതോലുരിച്ച് കുഴമ്പാക്കി കൂജക്കുള്ളിൽ തളിക്കും. കാരമുള്ളിെൻറ പച്ചയായ കാതലെടുത്ത് ചതച്ചും, പുഴമണലിൽനിന്നരിച്ചെടുത്ത കാന്തത്തരികൾ കറുക്കൻവള്ളിയുടെ ഇലകളിൽ പൊതിഞ്ഞും കൂജയിലേക്കിടും. പതിമൂന്ന് ദിനങ്ങൾ ഇരുട്ടത്ത്. ശേഷം കൂജതുറന്ന് ഉടുമ്പിെൻറ ചുടുചോരയിൽ നാരങ്ങ പിഴിഞ്ഞൊഴിച്ച് ഉള്ളിലേക്കു തള്ളും. വീണ്ടും നാലുനാൾ ഇരുട്ടത്ത്. വെള്ളാരംകല്ലുകൾ പൊടിച്ചരിച്ച്, കൊറ്റൻ മാനിെൻറ പരപരായെന്നുള്ള കൊമ്പുകൂട്ടിയരച്ച് മുകളിൽ വിതറും. ചൂണ്ടുവിരലും പെരുവിരലും മധ്യേ ഇളം ചൂടുള്ള, രസങ്ങൾ കലരാത്ത, തരിതരിയായി കട്ടിയുള്ള ആ കുഴമ്പുതൊട്ടു കശക്കും. മർത്ത്യഞരമ്പിെൻറ ഇരുഭാഗങ്ങളിലും പുരട്ടും. രണ്ടേ രണ്ടു നിമിഷം ഞരമ്പൊരു ചൊറിയൻ പുഴുവിനെപോലെ ഇടുപ്പുയർത്തും. അവിടെയൊരു പിടുത്തമുണ്ട്. അഞ്ചു നിമിഷത്തിൽ ശരീരയുടമ ശരീരംവിട്ടു പുറത്തേക്കോടും. ഇണപിരിഞ്ഞ ഇടശാഖകളുടെ കൂട്ടമാണ് ഞരമ്പുകൾ. അതിലൊരു ശാഖയിലാണ് സകലതിെൻറയും പൊടിപ്പ്. അതു തീർന്നാൽ എല്ലാം തീരും. കിടപ്പിലായവരോടു മാത്രമേ പടിവിദ്യ പ്രയോഗിക്കാവൂ എന്നിരുന്നാലും എല്ലാ മനുഷ്യരും ഭയപ്പാടുതട്ടി വിദ്യയെ ആദരിച്ചുപോന്നു. ഏതൊരാളും ഏതു നിമിഷവും കിടപ്പിലേക്കു വീണെന്നുവരാം. ആ നിമിഷത്തെ ഉള്ളിൽ കണ്ടുകൊണ്ടുതന്നെയാണ് സകലരും പടിവിദ്യയെയും സേതുപടിത്ത്യാരെയും ഉള്ളുതുറന്നു കൈകൂപ്പിപ്പോന്നത്. തങ്ങൾ കിടപ്പിലാകുന്ന വേളയിൽ, വേണ്ടപ്പെട്ടവർ വന്നു ബന്ധപ്പെടുമ്പോൾ മനസ്സലിവുകൊണ്ട് ഒഴിഞ്ഞുമാറണമെന്നവർ മൗനമായി അപേക്ഷിച്ചു.
അവശതയിൽ കിടക്കുന്ന, ഇനി ഒരിറ്റുപോലും ജീവനു നീളമില്ലാത്ത കിടപ്പുരോഗികൾക്കായുള്ള പുണ്യപ്രവൃത്തിയായാണ് പടിവിദ്യ തുടങ്ങിയതെങ്കിലും സേതുപടിത്ത്യാരുടെ കാലമായപ്പോഴേക്കും കാശുണ്ടാക്കാനുള്ള മാർഗമായി പരിണമിക്കപ്പെട്ടു. എങ്കിലും പടിവിദ്യയുടെ ലംഘനം അയാൾ അപൂർവമായി, രഹസ്യമായ വലിയ തുകക്കു മാത്രമാണ് ചെയ്തുപോന്നിരുന്നത്. ആരോഗ്യവാനായ മനുഷ്യനെ കിടപ്പിലാക്കാനും കിടപ്പിലായവരെ പറഞ്ഞയക്കാനും, മിണ്ടാട്ടം മുട്ടിക്കാനും പടിവിദ്യക്കു കഴിയും.
പടിത്ത്യാര് പടിവിദ്യ കുടുംബ പിൻഗാമികൾക്കു മാത്രമായി പാരമ്പര്യസൂചകങ്ങൾ കാട്ടി കൊത്തിവെച്ചു. അതുകൊണ്ടുതന്നെ പുറത്തുനിന്നാരും വിദ്യയിൽ തൊട്ടില്ല.''ആളുടെ പേരെന്താന്നാ പറഞ്ഞേ...'' സേതുപടിത്ത്യാര് മൂന്നു പേരുടെയും കഴുത്തിലേക്കു നോക്കിക്കൊണ്ടു ചോദിച്ചു.
''പേര് മൂരി. വയസ്സ് എഴുപത് കാണും.''
''നിങ്ങളുമായുള്ള ബന്ധം?''
പുരികം ചോദ്യചിഹ്നംപോലെ വളഞ്ഞുയർന്നു.
''ഞാനാളുടെ മരുമകനാണ്. ഇതെെൻറ അച്ഛൻ വിജയൻ. ഇത് കൂട്ടുകാരനാണ്.'' മൂന്നുപേരെയും ഒന്നു നോക്കിക്കൊണ്ട് സേതുപടിത്ത്യാര് പറഞ്ഞു.
''ആളെ കാണണം. നെഞ്ചിനുമേലെ കാണണം. പണ്ടത്തെപ്പോലെ നേരിട്ടു വന്നുകണ്ട്, തിരിച്ചു വന്ന്, മൂന്നാംപക്കം വീണ്ടും വരാനൊന്നും ഇപ്പൊ വയ്ക്കത്തില്ല.''
''എല്ലാം സേതുപടിത്ത്യാരുടെ മയംപോലെ. പോട്ടമെത്തിക്കാം.''
കാര്യം നടന്ന അടുത്ത നിമിഷം കാശ്. അതാണു പതിവ്. അവരിറങ്ങി. സേതുപടിത്ത്യാര് പൊകലതിരുകി നീട്ടിത്തുപ്പി. ആ നീണ്ട കാപ്പികുഴമ്പൻ തുപ്പൽ വായുവിലൊരു വര വരച്ച് അതേപടി മണ്ണിലേക്കൂർന്നു. അതിൽനിന്ന് ഞരമ്പുകൾപോലെ തുപ്പൽ തൂളിപ്പരന്നു. ഓരോ അകലങ്ങളിൽ നിലച്ചു.
പിറ്റേന്ന് ഫോട്ടംകൊണ്ടാളെത്തി. ''പഴയതാണ്. കല്ല്യാണ പോട്ടത്തിൽനിന്നും ചീന്തിയത്.'' അതു പറയുമ്പോൾ അയാളുടെ കഴുത്തിലെ ഞരമ്പുകൾ ഭയങ്കരമാംവിധത്തിൽ വിറകൊള്ളുന്നത് സേതുപടിത്ത്യാര് കണ്ടു.
കണ്ണടവെച്ച് ആദ്യം നോക്കിയതു കഴുത്തിലേക്കാണ്. മർത്ത്യഞരമ്പ്, ആ വെള്ളകറുപ്പൻ ഫോട്ടത്തിൽ പകുതി തെളിഞ്ഞു മാത്രം കണ്ടു. മുകളിലേക്കു കയറിയ സേതുപടിത്ത്യാരുടെ കണ്ണൊന്നു വീർത്തു. ശരീരം ഇരുന്നിടത്തുനിന്നു പിന്നോട്ടാഞ്ഞു.
''കൊച്ച...''
ഫോട്ടത്തിനു പിന്നിൽ മൂരിയെന്നും വയസ്സെഴുപതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. കൈവിറച്ചു. ടപ്പ ടപ്പേന്ന് നെഞ്ചിടിച്ചു.
അദൃശ്യമായൊരു മിന്നൽ, ശബ്ദം മാത്രമായി മുറ്റത്തുവീണു. തലയിൽനിന്നെന്തോ അരിച്ചിറങ്ങുന്നപോലെ.
''കൊച്ച...''
സേതുപടിത്ത്യാര് വീണ്ടും വായനക്കി.
പതിയെ ഓർത്തു.
രണ്ട്
സേതുപടിത്ത്യാര് സേതുവായിരുന്ന കാലം.
രായ്ക്കുംമേട് കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിസമരത്തിെൻറ നാലാം പക്കം, പെരുത്ത ഉരുക്കുകുറ്റിയുടെ അഴിത്തലയിൽ കാലുതിരുകിക്കെട്ടി ഫാക്ടറി മാനേജരുടെ ശവം പുഴക്കരയിൽ പൊന്തി. സമരക്കാർക്ക് ഏമാൻമാരുടെ വക ഇടിവണ്ടി. അന്നു രാത്രി ഫാക്ടറിയുടെ രണ്ടാംനിലയിൽ കുന്നുകൂടി കിടന്ന കശുവണ്ടി ചാക്കുകൾക്കിടയിൽ ഒരു വെട്ടം മിന്നി.
ഓമക്കുരു ഉണക്കിപ്പൊടിച്ച് മൈദയുമായി ഇടിച്ചരച്ച് എണ്ണയൊഴിച്ചു കുഴമ്പാക്കും. അതിൽ കശുവണ്ടി മുക്കിയെടുക്കും. പത്ത് ചാക്കിൽ ആറെണ്ണം പൊടിമുക്കിയത്. കനവും കാലവും കൂടും. സാക്ഷാൽ പറങ്കികൾ വന്നാൽക്കൂടെ ഒപ്പിട്ടുതരും. അങ്ങനെയാണ് സാധനത്തിെൻറ കിടപ്പ്.
അങ്ങനെയുള്ള പത്തിൽ നാലിനെയാണ് അവൻ തിരഞ്ഞുപിടിച്ചു പൊക്കുന്നത്. കൈയിലെ കുപ്പിയിൽ ഒരുതരം മഞ്ഞവെള്ളം. അത് ചാക്കിനു മുകളിലേക്കൊഴിച്ചു. നിമിഷനേരംകൊണ്ട് പതപൊന്തി. പതയാത്തൊരു ചാക്ക് അവൻ തോളോട്ട് തൂക്കി. താഴെ നിലയിലേക്കിറങ്ങി.
വ്യഗ്രതയില്ലാതെ യാതൊരു ഭയചലനവുമില്ലാതെ, ഫാക്ടറിയിൽ അടർന്നുപോയ ആസ്പ്പറ്റോസിട്ടു മറച്ചൊരു മൂലഭാഗം ഇളക്കിമാറ്റി പുറത്തേക്ക്. പിറകിലെ തരിശുവയലിെൻറ നടുവിലൂടെ അവൻ നടന്നു.
''നിക്ക്ടാ അവടെ.''
സേതു അവെൻറ മുന്നിൽ വിലങ്ങനെ നിന്നു. അവൻ കൂസലില്ലാതെ സേതുവിനെ നോക്കി.
''എന്താ നിെൻറ പേര്?''
''കൊച്ച.''
''നാട്ടുകാരെ വിളിച്ചാ നീയിപ്പൊ തീരും. അതിന് എടവരുത്തണ്ട. നീ എെൻറാപ്പം കൂടിക്കോ. നമ്മളൊക്കെ ഒപ്പം നിക്കണ്ടോരാ.''
കൊച്ചയൊന്നു മൂളി. യഥാർഥത്തിൽ െൻറ കൂടെ അവനല്ല, അവെൻറ കൂടെ താനാണു കൂടിയതെന്ന് സേതുവിനു തോന്നി.
''നീ എന്തുവാടാ അവടെയൊഴിച്ചത്?''
''വാഴപ്പിണ്ടി അരച്ചൊഴിച്ച ജീരകവെള്ളം. മൈദയും ജീരകവും തമ്മിൽ ഒത്തുപോവില്ല. വാഴപ്പിണ്ടീം ഓമക്കുരൂം തമ്മിലും അങ്ങനെതന്നെ.''
സേതു കൊച്ചയുടെ തോളിൽ തട്ടി.
''നമ്മക്ക് ഒരു ചാക്കെടുത്താ പോരാ.
ലോഡ് ലോഡിന് കടത്തണം.''
കൊച്ച ഒന്നും മിണ്ടിയില്ല. പിറ്റേന്ന് ചാക്കു വിറ്റതിെൻറ പകുതി കാശ് സേതുവിെൻറ കൈയിൽ വെച്ചുകൊടുത്തു.
നിലാവിെൻറ വെട്ടത്തിൽ അരിക്കടയിൽ നിന്ന് അരി കയറ്റുമ്പോഴും, തടിമില്ലിൽനിന്ന് തടി പൊക്കുമ്പോഴും കൊച്ച അവേൻറതായ വിദ്യകൾ തുടർന്നുപോന്നു.
വയസ്സ് ഇരുപത്തിയഞ്ച്. ഇടവക വികാരി സ്റ്റീഫച്ചെൻറ കാരുണ്യത്താൽ പള്ളിമേടയിലാണ് കിടപ്പ്. സേതുവിനേക്കാൾ എട്ടുവയസ്സിളയതാണ്. കുടുംബമൊന്നും ഇല്ലെന്നു തോന്നുന്നു. സേതു അതിലേക്കൊന്നും പരതി പോയില്ല.
അങ്ങനെ കൂട്ട് മുറുകിവന്നു. അത് കാശായി മാറ്റംകൊണ്ടു. ഇടരാത്രികളിൽ വിരിയുന്ന ആണാവശ്യങ്ങൾ കഴിഞ്ഞ് കൊള്ളിത്തൊടിയിലൂടെ ഇടവഴിയിലേക്കു നീങ്ങുന്ന സേതു ഒന്ന് ഞെട്ടി. തൊടിയുടെ അറ്റത്ത്, വേലിക്കിടയിൽനിന്ന് വെളുത്തപുക മുകളിലേക്കുയർന്നു.
അതാ രാത്രിയെ കൂടുതൽ വെളിപ്പെടുത്തുന്നപോലെ.
സേതു പതുങ്ങി നടന്നു.
''$@** ...നീയായിരുന്നോ.''
കൊച്ച ഒന്നും മിണ്ടിയില്ല. മുന്നേ നടന്നു. രണ്ടുപേർക്കുമിടയിൽ തൊറപ്പുബീഡിയുടെ കട്ടിയുള്ള പുക തങ്ങിനിന്നു.
ഇടവഴി തിരിയാതെ നേരെ നടന്നപ്പോൾ തന്നെ സേതുവിനു കാര്യം പിടികിട്ടി.
സ്ഥലത്താകെയുള്ളത് മൂന്ന് വാർപ്പുപെരകളാണ്. രണ്ടിലും തേപ്പ് മുഴുവനല്ല. തേച്ചു മിനുക്കി നിറംവീണ ഒന്ന്, അതവിടെയാണ്.
പ്രദേശത്തെ ഏറ്റവും മുന്തിയവനായ തെക്കേപറമ്പിൽ ഏലിയാസിെൻറ പെര. ഏലിയാസിെൻറ ഒരേയൊരു പുത്രി റോസി ഏലിയാസ്.
അങ്ങോട്ടേക്കാണ് പോക്ക്. ഇരുട്ടിനെ തൊറപ്പു ബീഡികൊണ്ടു വകഞ്ഞുമാറ്റി, പള്ളിയേല് നികത്തി പൊക്കിയ വീർത്ത വീടിെൻറ പിന്നിലൂടെ കൊച്ച കുനിഞ്ഞു നടന്നു. അവെൻറ കാലുകൾ കംഗാരുക്കളെ ഓർമപ്പെടുത്തും രീതിയിൽ ബന്ധപ്പെട്ട് വളഞ്ഞു നീങ്ങി.
നിലാവ്, നിരന്നുനിന്നിരുന്ന സപ്പോട്ട മരങ്ങൾക്കുമേൽ ഉരസി ടെറസിലേക്കു പരന്നു. റോഡിലൂടെ ഒരാൾ വരുകയാണെങ്കിൽ അയാൾക്ക് തങ്ങളെ ഒറ്റനോട്ടത്തിൽ കാണാൻ കഴിയുമായിരിക്കുമെന്ന് സേതുവിനു തോന്നി. ഒറ്റക്കു പന്തലിച്ചു നിന്നിരുന്ന ഉങ്ങിെൻറ മറവിലൂടെ കൊച്ച രണ്ടു വിരലിൽ നടന്നു. ചുവരിൽ ഒട്ടിനിന്ന് വീടിനു മുന്നിലേക്കു കണ്ണുവെട്ടി. ജനലിനരികിലിരുന്ന് പതിയെ ചുമച്ചു. ഒന്നുകൂടി ചുമച്ചു. മുട്ടി.
ജനൽ തുറന്നു. അനുവാദ ആംഗ്യം കിട്ടിയ ഉടനെ പിൻഭാഗത്തെ ഗ്രില്ലിനരികിലേക്കു നീങ്ങി. പിന്നാമ്പുറം പൂട്ടിയിരുന്നില്ല. ഈ വരവ് മുേമ്പ ആസൂത്രണം ചെയ്തതാകണം. ഗ്രില്ലിനടുത്ത് അയയിൽ തൂക്കിയിട്ടിരുന്ന റോസിയുടെ അടിവസ്ത്രങ്ങളെ കൊച്ച പതിയെ തൊട്ടു. കൈയിലെടുത്തു. അവളുടെ നനുത്ത മണം. തണുപ്പ്.
''സ്ത്രീകളുടെ സൗന്ദര്യം അവരുടെ അടിവസ്ത്രങ്ങളിലും മണത്തിലുമാണ്.''
ഇതും പറഞ്ഞ് ഉള്ളിലേക്കു കയറി.
ആ സമയം സേതു രണ്ടു കാര്യങ്ങളാണ് ഒാർത്തത്.
(A) ഒന്ന്
ഏതാനും മാസങ്ങൾക്കു മുമ്പ്.
പെരട്ടക്കരയിലെ കന്യാസ്ത്രീ മഠത്തിലെ നാൻസി സിസ്റ്ററുടെ കിടപ്പുമുറി. മരമച്ചിൽനിന്നും പൂതലിച്ച മണം അടിയിലേക്കൊലിച്ച് രസം പെരുപ്പിച്ച രാത്രികൾ. ഏതെല്ലാമോ നിമിഷങ്ങളിൽ രസംകൊല്ലികളായി കടന്നുവന്ന നാൻസിയുടെ തീണ്ടാരിത്തുണികളുടെ രൂക്ഷഗന്ധം. ഈറനടിച്ച തിരുവസ്ത്രത്തിെൻറ മൂക്കു തുളക്കുന്ന മട്ടിപ്പ്.
മരണത്തിെൻറ മണമുള്ള അടിവസ്ത്രങ്ങൾ. ശീമക്കൊന്നയുടെ കയ്പുള്ള വിയർപ്പ്. പിന്നെ അവളുടെ ശരീരത്തിെൻറ മണമില്ലായ്മ. മടുപ്പ് അരിച്ചുകയറിയ അവസാനത്തെ രാത്രി.
(B) രണ്ട്
ഏതാനും വർഷങ്ങൾക്കു മുമ്പ്.
ഉദയംപേരൂരിെൻറ നെയ്മണമെന്നാൽ വെട്ട് ജാനുവായിരുന്നു. അവിടെയുണ്ടായിരുന്ന മൂന്ന് ആൺ ഇറച്ചിവെട്ട് കേന്ദ്രത്തേക്കാൾ രണ്ടിരട്ടി പോത്തിറച്ചി ദിവസവും അവൾ വെട്ടി വെടിപ്പാക്കിയിരുന്നു. ദാനശീലയല്ലായിരുന്ന ജാനു സേതുവിെന്‍റ കണ്ണിൽ കുരുക്കി വീണു.
കൂടെ നിൽക്കുന്ന രണ്ടെണ്ണത്തിനെയും വിശ്വാസമില്ലാത്തതിനാൽ കാശുവാങ്ങി ജാനു നെഞ്ചിൽ തിരുകും. ചോര തുടക്കാതെ, നോട്ട് ചുരുട്ടി പൂത്തിവെക്കും.
പല നിറമുള്ള ഗാന്ധികളിൽ പോത്തിെൻറ മണമരിക്കും. ഇടക്കിടക്കു കൈകടത്തി കൈകടത്തി മാറിടങ്ങളിൽ ആ മണം വണ്ണത്തിൽ ഊർന്നിറങ്ങി. എത്ര വെടിപ്പാക്കിയാലും ജാനുവിെൻറ മാറിടത്തിന് പോത്തിെൻറ ചൂരാണ്. പിന്നിത്തുടങ്ങിയ അടിവസ്ത്രങ്ങളിലും ചോര കട്ടകൂടി കിടക്കും. അവളുടെ പൊക്കിളിലേക്കും കാലിടുക്കിലേക്കും ചോരമണം ഊർന്നിറങ്ങിയ ദിവസം സേതു കൺകുരുക്കിനെ മുറിച്ചിട്ടു. പല കാരണങ്ങളാൽ ഉദയംപേരൂരിനെ മൊഴിചൊല്ലി.
അടുക്കളയിലൂടെ നടന്ന് ഇടമുറി മുറിച്ചാൽ ആദ്യ മുറി. ചുമക്കുകയെന്നതും ജനലിൽ മുട്ടുകയെന്നതും ബന്ധത്തിൽ ശ്രദ്ധാലുവാകുക എന്നതാണ്. അതില്ലെങ്കിൽ കൊച്ചക്ക് കണ്ണുകളടച്ചുകൊണ്ട് റോസിയുടെ മുറിയിലെത്താൻ കഴിയും. പതപതപ്പുള്ള വിലകൂടിയ കോസറിയിലിരുന്ന് അവൻ റോസിയെ നോക്കി.
അവളുടെ വായിൽനിന്ന് ഇളം റോസാനിറമുള്ള നാക്കുവന്ന് ചുവന്ന ചുണ്ടുകളെ ഒന്നുരഞ്ഞുകൊണ്ടകത്തുപോയി. റോസി എന്തിനോ ഉള്ള തയാറെടുപ്പിലാണ്.
ഏലിയാസും കെട്ട്യോളും പ്രായമായ മകളിൽ വിശ്വാസമർപ്പിച്ച് യാതൊന്നുമറിയാത്ത ഉറക്കത്തിലാണ്. അതുകൊണ്ടുതന്നെ പാതി മനസ്സിൽ ഇഴയുകയോ, പാതിഭയത്താൽ മറിയുകയോ വേണ്ടിവരില്ല. സ്വതന്ത്രമായി സ്നേഹത്തോടെ ഇഴഞ്ഞുമറിയാം.
മുഖം താഴ്ത്തിയിരുന്നിരുന്ന കൊച്ചയുടെ താടിയിൽ തൊട്ടുകൊണ്ട് റോസി ചോദിച്ചു. ''എന്തു പറ്റിയെടാ?''
ഉമ്മവെച്ചു.
അവൻ അങ്ങനെത്തന്നെയിരുന്നു.
ആ ഇരുപ്പ് അവളിൽ എന്തോ ഒന്നിെൻറ വീര്യം കുറച്ചു. ജനൽപഴുതിലൂടെ നിലാവ് കോസറിക്കുമീതെ ഒരു വര വരച്ചിട്ടിരുന്നു.
അതിലേക്കു നോക്കി കൊച്ച പറഞ്ഞു.
''നീയാ നായയെ വാങ്ങേണ്ടായിരുന്നു. വീട്ടിനുള്ളിലെന്താ അവിറ്റകളുടെ ആവശ്യം.''
''ഹേ... ഇപ്പൊ എന്ത്?''
അവൾ അവെൻറ കണ്ണുകളിലേക്കു നോക്കിക്കൊണ്ട് ചോദിച്ചു.
അവൻ പല്ലുകൾ ഞെരിച്ച് സ്വയം ധൈര്യം കാട്ടി.
''കെട്ട് പ്രായമെത്തിനിൽക്കുന്ന പണക്കാരി പെണ്ണുങ്ങള്, വീട്ടിലൊരു മുഴുപ്പൻ വിദേശ നായയെ വാങ്ങിയാലുണ്ടാകുന്ന നാട്ടുപറച്ചിലൊന്നും നിനക്കറിയില്ല.'' അവൾ അവനെത്തന്നെ നോക്കിക്കൊണ്ടിരുന്നു.
''ഇറങ്ങി പോ...''
കൊച്ച ഒന്നും പറയാതെ, റോസിയെ ഒന്നു നോക്കുകപോലും ചെയ്യാതെ പുറത്തേക്കിറങ്ങി. പോകുന്ന വഴി വീടിനു മുമ്പറത്തേക്കൊന്ന് ഈർഷ്യയിൽ കണ്ണുപായിച്ചു.
ജർമൻ നാൽക്കാലി മുരടനക്കി. ശേഷം അശ്ലീല ചിരി ചിരിച്ചു. കൊച്ച പള്ളിയേലിലേക്കിറങ്ങി നടന്നു. റോസിയുടെ പൂക്കളുള്ള നീലവരയൻ അടിവസ്ത്രം സേതുവിെൻറ അരയിൽ തിക്കുമുട്ടി. നിമിഷനേരംകൊണ്ട് നിലാവ് കറുത്തു. പള്ളിയേലിെൻറ നടുക്കുവെച്ച് കൊച്ചയേയും സേതുവിനേയും ഇരുട്ട് വിഴുങ്ങി.
പിറ്റേന്ന് രാത്രി സ്റ്റീഫച്ചന്റെ മടിയിൽ കിടന്ന് കൊച്ച പൊട്ടിക്കരഞ്ഞു. ''അവളില്ലാതെയെനിക്കു പറ്റില്ലച്ചോ... നാലുകൊല്ലായി ഞങ്ങള് പ്രേമം തൊടങ്ങീട്ട്. ആദ്യായിട്ടാ ഇങ്ങനെ.'' സ്റ്റീഫച്ചൻ കൊച്ചയുടെ തലയിൽ പതിയെ തലോടി.
''ശരിയാകുമെടാ...
അതിനൊക്കെത്തന്നെയല്ലേ ഞാനെന്നും മുട്ടുകുത്തി മൂപ്പരെ വിളിക്കണേ...''
പിന്നീട് വന്ന റബർതോട്ടത്തിലെ രാത്രിപ്പണിയിൽ കൊച്ചയും സേതുവും പിടിക്കപ്പെടേണ്ടതായിരുന്നു. ഏറ്റാൻ പറ്റുന്നതിലും കൂടുതൽ ഷീറ്റുകൾ ചുമലിലേറ്റി സേതുവാണ് അതിനുള്ള അവസരം ഇട്ടുകൊടുത്തത്. കന്നുചന്തയിൽ പോയിവരുന്ന അപ്പുട്ടന് ആളെ പിടികിട്ടാതിരുന്നത് നല്ലഭാഗ്യം. സേതു ഷീറ്റെല്ലാം വലിച്ചെറിഞ്ഞോടി. റബർത്തോട്ടത്തിനിപ്പുറത്തുള്ള കുളക്കടവിനരികിലെ ഈറ്റപ്പൊന്തയിൽ അവർ പരസ്പരം കണ്ടുമുട്ടി. കൊച്ചയുടെ അരക്കുചുറ്റി രണ്ടു ഷീറ്റുകൾ അപ്പോഴുമുണ്ടായിരുന്നു.
''ഈ രണ്ടെണ്ണംകൊണ്ടെന്താവാനാ? '' ''തിന്നാനൊള്ളത് കിട്ടും...അതല്ലേ വേണ്ടേ.'' കൊച്ച കുറച്ച് ഉച്ചത്തിൽ പറഞ്ഞിട്ടു.
''തിന്നാൽ മാത്രം മതിയോ ജീവിക്കണ്ടേ ...'' ഇതും പറഞ്ഞ് സേതു മുഖംതിരിച്ചിരുന്നു. ഇനി നേരം വെളുക്കാതെ അനങ്ങാൻ പറ്റുകയില്ല.
റബറുവെട്ടുകാരു വരണ സമയമായതുകൊണ്ടുതന്നെ വെട്ടു തുടങ്ങിയ താപ്പിലേ ഇറങ്ങി നടക്കാൻ പറ്റത്തൊള്ളൂ.
കൊച്ച പതിയെ മയങ്ങി. ഈറ്റപ്പൊന്തയുടെ ഇരുട്ടിൽനിന്നും തണുപ്പ് സേതുവിെൻറ കാലിലൂടെ കുത്തിക്കയറി.
കൊച്ചയോട് എന്തെന്നില്ലാത്തൊരു സ്നേഹം തോന്നി. ചേർന്നിരുന്നു. തുടയിൽ തൊട്ടു. ഉരസി. ഒന്നുകൂടി ചേർന്നിരുന്നു. വിയർപ്പു കെട്ടിക്കിടന്ന ബനിയനുള്ളിലൂടെ അടിവയറ്റിനോടു ചേർത്ത് കൈയമർത്തി.
ഞെട്ടിയുണർന്ന കൊച്ച കൈതട്ടിമാറ്റി മാറിയിരുന്നു.
''ഹൊ... നിനക്ക് സ്റ്റീഫച്ചനല്ലേ പറ്റൂ.''
സേതു കണ്ണുതാഴ്ത്തി പറഞ്ഞു.
''വേണ്ടാതീനം പറയരുത്.''
''ഞാൻ പറഞ്ഞതാണല്ലോ വേണ്ടാതീനം. നിനക്കെന്തുമാവാം.'' കൊച്ച ഒന്നും മിണ്ടിയില്ല. ഒരു ഷീറ്റ് സേതുവിനെറിഞ്ഞുകൊടുത്ത് നടന്നു.
രണ്ടർഥംവെച്ചുള്ള വർത്തമാനം പറഞ്ഞ് ആളെ കറക്കാൻ സേതുവിന് കാഞ്ഞ കൂർപ്പാണ്.
പിറ്റേന്ന് ചെറിയ സ്കൂളിെൻറ മൂലക്കുവെച്ച് കൊച്ചയെ ഗൗനിക്കാതെ കടന്നുപോയ റോസിയെ നോക്കി സേതു നെഞ്ചുരുട്ടി.
പള്ളിപ്പെരുന്നാളിെൻറ കൊടിയേറ്റത്തിന്‍റന്നും അവൾ കൊച്ചയെ നോക്കിയതേയില്ല. എന്നാൽ സേതു അവളെ നോക്കി. പലവട്ടം നോക്കി.
അന്നേക്ക് ഏഴാംപക്കം പെരുന്നാള്. തിരുവാതിരയും അന്നാണ്. അറക്കാനുള്ള പോത്തുകളും പന്നികളും വരവുവണ്ടിയിൽ എത്തിക്കൊണ്ടിരുന്നു. തിരുവാതിരക്കുള്ള കൂവ നായന്മാരുടെ ഉരലിൽ കിടന്നു ചണ്ടിയായി. ചിലർ തൊടി തിരിച്ച് കൂട്ടിയ തിണ്ണകളിൽ ചാണകം മെഴുകി വെടിപ്പാക്കി.
രണ്ട് ദിവസങ്ങൾ അടുപ്പിച്ച് കൊച്ച റോസിയുടെ ജനലിൽ മുട്ടി. തുറന്നില്ല.
അവൻ സ്റ്റീഫച്ചെൻറ മുന്നിൽ നിന്നു തേങ്ങി.
''ഞാൻ റോസിയോട് സംസാരിക്കാം.'' ''വേണ്ടച്ചോ... അത് ശരിയാവത്തില്ല. തെറ്റെെൻറ ഭാഗത്താ. ഞാനെന്തൊരു @#** നാണച്ചോ...സ്വന്തം പെണ്ണിനെ നാട്ടുകാരുടെ വാക്കുംകേട്ട്.''
ഏങ്ങലിെൻറ നനഞ്ഞ തിരകൾ സ്റ്റീഫച്ചെൻറ കിടപ്പുമുറിയാകെ അലച്ചുകൊണ്ടിരുന്നു.
പദ്ധതിയിട്ട രാത്രിപ്പണികളെല്ലാം തകിടം മറിഞ്ഞു. ഒറ്റയടിക്ക് ആയിരങ്ങൾ ൈകയിൽ വരുന്ന, എളുപ്പവും കേടുമില്ലാത്ത വഴികളെല്ലാം കൊച്ചയുടെ അശ്രദ്ധമൂലം തെറ്റിപ്പാളിപ്പോയി. സകല നസ്രാണികളും പള്ളിയിലൊപ്പം കൂടുന്ന രാത്രിയൊക്കാൻ ഇനി അടുത്ത കൊല്ലം വരണം. അജോെൻറ വീട്ടിലും പൗലോെൻറ വീട്ടിലും അട്ടിയട്ടിയാണ് മൊട്ടത്തലകൾ. കണക്കുകൂട്ടലുകളെല്ലാം മലച്ചു.
രാത്രി ആഘോഷങ്ങൾക്കിടക്കുവെച്ച് സേതു, മണല് രാജെൻറ കെട്ട്യോളെ തിരഞ്ഞുപിടിച്ചു നോട്ടമിട്ടു. തുണിക്കടയിൽ പണിക്കുപോകുന്ന, മുമ്പും പിമ്പും പൊന്തിയ എല്ലാ സ്ത്രീകളും പെശകാണെന്ന ഭൂരിപക്ഷവർഗഭാവത്തിെൻറ സഹയാത്രികനായ സേതുവിനെ ആദ്യ തൊട്ടുരുമ്മലിൽ തന്നെ അവളൊരു വലിയ തെറി വിളിച്ചു. ബഹളങ്ങൾക്കിടയിൽ ആ തെറി അധികം പരന്നുപോയില്ല. സേതു ഒന്നു ചിരിച്ച് മാറി നടന്നു.
പള്ളിപ്പെരുന്നാളിൻറന്ന് രാത്രിയിൽ വലിയ ആഘോഷമാണ്. ആ രാത്രിതന്നെയാണ് സ്റ്റീഫച്ചന് കർണാടകയിൽനിന്നും ഫോൺ വന്നത്. അതറിഞ്ഞ് കൊച്ച കുറെ കരഞ്ഞു. സ്റ്റീഫച്ചനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു.
ആ നേരത്തുതന്നെയാണ് സേതു തെക്കേപറമ്പിൽ ഏലിയാസിന്‍റെ ഏകമകൾ റോസി ഏലിയാസിന്‍റെ ജനലിൽ തട്ടിയത്. ജർമൻ നായ വീടിനു മുന്നിലെ ഇരുമ്പിൻകൂട്ടിൽ കിടന്ന് മണം വലിച്ചു. പിന്നെയത് മൂക്കിലേക്കു കയറിയ, ഇക്കിളിപ്പെടുത്തുന്ന മണിയനീച്ചകളുടെ പിറകെ വാലുപൊക്കി കറങ്ങി.
സേതുവിെൻറ വിരിഞ്ഞ നെഞ്ചിൽ അവൾ കമിഴ്ന്നു കിടന്നു. റോസിയുടെ കക്ഷത്തിന് കാപ്പിപ്പൂവിെൻറ മണം.
സുരതത്തിെൻറ അത്യുച്ചതിയിൽ ഉദിച്ചുനിൽക്കുമ്പോഴാണ് കനത്തൊരു എക്കിൾ കേട്ടത്. പിന്നീട് ഒരുതരം തവളപ്പതയുടെ മണം മുറിയിലേക്കു കടന്നു. ആകെ പരന്നു. നിലാവ്, ജനലിടുക്കിലൂടെ വരഞ്ഞ വരയെ പതിയെ പിളർത്തിമാറ്റി സേതു പുറത്തേക്കു നോക്കി. റോസി കോസറിയിൽ നഗ്നയായി മലർന്നു കിടന്നു.
തിരുവാതിരയുടെ വരവാഘോഷമാണ്. ചോയി കെട്ടി കളിച്ചുതിമിർത്തു നടന്നുപോകുന്ന കൂട്ടങ്ങൾ. അവർ ചവിട്ടിമെതിക്കുന്ന ഉറവുവീണ ചതുപ്പുകൾ. ചതഞ്ഞരയുന്ന പോക്രോം തവളകൾ, കുഞ്ഞുങ്ങൾ.
''ചോയി കൂട്ടങ്ങൾ ഇനിയും പോവും.'' സേതു ജനലടച്ചു. ആനന്ദത്തിെൻറ ഉറവുചാലുകൾ കോസറിവിരിയിൽ അടയാളം കൊണ്ടു. ഇടക്കിടക്കത് തുടർന്നു.
പെരുന്നാളു കഴിഞ്ഞ് രണ്ടുനാളു പോയിട്ടും കൊച്ചയെ കാണാത്ത സേതു സ്റ്റീഫച്ചനെ കണ്ടു.
''ഞാൻ കരുതിയിരുന്നത് അവൻ നിെൻറാപ്പംണ്ടായിരിക്കുമെന്നാണ്. ഇവിടുന്ന് പോയിട്ട് രണ്ടു ദിവസായി.'' ഇത്രയും പറഞ്ഞ് സ്റ്റീഫച്ചൻ സേതുവിനെ നോക്കി.
സേതു പലയിടത്തും തിരഞ്ഞു. കൊച്ച ഇടക്കിടക്കു പോകാറുള്ള ഇടങ്ങൾ. അതിലൊന്ന് പൊന്നുട്ടെൻറ വാറ്റുകേന്ദ്രമാണ്. കനലുള്ള കശുമാങ്ങാ വെള്ളത്തിനായി അവനവിടെ അവസാനം പോയത് കൊടിയേറ്റിനു മുമ്പാണ്. പുഴക്കപ്പുറത്തെ വലിയ പാടങ്ങളുടെ നാലുവശങ്ങളിൽ അതിർത്തികളായി നിൽക്കുന്ന തെങ്ങിൻതോപ്പിലും കൊച്ചയില്ല. റോസിക്കും വിവരമില്ല. പാതിശരീരം വിറങ്ങലിച്ചു പോകുന്നതിെൻറ ഒരുതരം അസ്വസ്ഥത സേതുവിനെ ആസകലം മുറുക്കി. അത് അഞ്ചാംപക്കം അവനെ എടുത്തെറിഞ്ഞു.
രണ്ട് ദിവസം കഴിഞ്ഞൊരു ഉച്ചക്ക് സ്റ്റീഫച്ചനെ വീണ്ടും കണ്ടിരുന്നു. അന്വേഷിക്കുന്നുണ്ട്.
സേതുവിനു റോസിയെ കാണണമെന്നു തോന്നി. രാത്രിവീണതും അവർ സപ്പോട്ട മരങ്ങൾക്കിടയിൽ ഒന്നും മിണ്ടാതെ തലതാഴ്ത്തിയിരുന്നു. രായ്ക്കുംമേടിലെ സേതുവിെൻറ അവസാന രാത്രിയായിരുന്നു അതെന്ന് അവരപ്പോൾ അറിഞ്ഞു കാണാൻ വഴിയില്ല.
വെളുപ്പിന്, അരി കമ്പനിയിൽനിന്ന് ഒരു ചാക്കുവലിച്ചു പുറത്തേക്കിട്ടു. പതിയെ മതിലിനടുത്തേക്കു നീങ്ങുന്ന സമയം സേതുവൊന്നു പിടഞ്ഞു. ജീവിതത്തിലാദ്യമായി സേതു പിടിക്കപ്പെട്ടു.
മൊകറും പെരടിയും അടികൊണ്ടു വീർത്തു. വാരിയെല്ലിെൻറ അറ്റത്ത് രണ്ടു മുറിവുകൾ വീണു. കാലനക്കാൻ പറ്റിയിരുന്നില്ല. സ്റ്റീഫച്ചനാണ് ജാമ്യമെടുത്തത്. പിന്നെ നിന്നില്ല. അന്നുതന്നെ ടാറ്റയുടെ പിൻപൊളി വണ്ടിയിൽ കിടന്ന് സേതു രായ്ക്കുംമേടിനോടു വിട പറഞ്ഞു.
മധ്യ തിരുവിതാംകൂറിലെ സ്വന്തം നാട്ടിൽ തിരിച്ചെത്തി. നാലുമാസം കിടപ്പിലായിരുന്നു. ഇപ്പോഴും ശ്വാസമെടുക്കുമ്പോളൊരു വലിവ് രൂപപ്പെടും. പിന്നെ നെഞ്ചു പിളർക്കുന്ന ചുമ. സേതുവിെൻറ അപ്പനും അമ്മയും എവിടെ പോയെന്നോ, എന്തിന് പോയെന്നോ നിശ്ചയമില്ല. നാടുവിട്ടിറങ്ങുമ്പോൾ ഇവിടെ ഉണ്ടായിരുന്നതാണ്. അവെൻറ ചെറുപ്പത്തിലാണവർ ഏതോ ഒരിടത്തു നിന്ന് ഒഴിഞ്ഞുകിടന്ന തറവാട്ടിലേക്കു തിരിച്ചെത്തുന്നത്. പെെട്ടന്നൊരു ദിവസം രണ്ടുപേരെയും കാണാതായെന്ന്, സുഖവിവരം തിരക്കുക എന്ന വ്യാജേന അന്യെൻറ വേദനയിൽ സ്വയം ആശ്വസിക്കാൻ വന്ന ചിലർ പറഞ്ഞു.
അങ്ങനെ ഒരു രാത്രിയിലാണ് സേതുവിെൻറ സ്വപ്നത്തിൽ പടിത്ത്യാരു വന്ന് രണ്ടു മുഴുപ്പൻ തെറി പറഞ്ഞത്. അതിനു ശേഷം ഇങ്ങനെയും പറഞ്ഞു. ''നിെൻറ അപ്പനും അമ്മയും പെഴച്ചുപോയി. അതിന്‍റെ മോളിലും പെഴച്ചു. നീ അങ്ങനെയങ്ങു പോവാൻ ഞാൻ സമ്മതിക്കില്ല. ചായിപ്പിെൻറ നടുക്കായി പൂത്തിവെച്ചിട്ടുള്ള പെട്ടകത്തിലേക്കു നീ ഇറങ്ങണം...ഇറങ്ങണം...'' ചെറിയ ഒച്ചയോടു കൂടി സേതു ഞെട്ടിയുണർന്നു. ചുറ്റും കൂരാകൂരിരുട്ട്.
പടിത്ത്യാരുടെ ഒടുക്കം അങ്ങനെയായിരുന്നു. പടിവിദ്യയെ തൊട്ടാൽ അയാൾ കൃത്യമായ കുടുംബ പിന്തുടർച്ച നിലനിർത്തി പോകണം. മുറിഞ്ഞുപോകുന്ന സാഹചര്യം വന്നാൽ, ആ സമയത്തെ കർമിക്ക് നരകമരണമാണ് വന്നു ചേരുക. അത് പടിത്ത്യാർ മൂർത്തികൾക്കു കൊടുത്ത വാക്കാണ്. പടിത്ത്യാരുടെ മകനും കുടുംബവും അതു പേടിച്ച് ഊരു വിട്ടുപോയി. ശരീരമാകെ പിൻഗാമികളില്ലാത്തതിെൻറ ആധി കയറി തൊണ്ണൂറ്റിമൂന്നാം വയസ്സിൽ പടിത്ത്യാര് വീടിനു പിറകുവശത്തു നിന്ന് മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി. സംഭവം പടിത്ത്യാരു കരുതിയപോലെ വന്നുപോയില്ല. കൂറ്റനിരുട്ടിനുള്ളിൽനിന്ന് ആരോ ഊക്കിൽ ഉന്തി. ആഞ്ഞു വീണത് വളക്കുഴിയിൽ. വെന്തുരുകി പാടപോയ ശരീരത്തിൽ പച്ചച്ചാണകം കട്ടിയിൽ പറ്റിപ്പിടിച്ചുകിടന്നു. മരണത്തിെൻറയും മരണപ്പെടുന്നതിെൻറയും നടുക്ക് ഒരു പൊട്ടൽ. അങ്ങനെ കിടന്നു. നരകിച്ചു കിടന്ന മുപ്പത്തിയാറാം നാൾ കുടിയിരുത്തിയ കൈകളിൽ മയംകൊണ്ട് ഉഗ്രമൂർത്തികൾ കണ്ണടച്ചു. നീറ്റലുള്ള ഏങ്ങലുനിന്നു.
പടിവിദ്യയും നിലച്ചു. കാലമേറെ കടന്നുപോയി. പിന്നെ ലക്ഷണമൊത്തൊരു പിൻഗാമിയെ പടിത്ത്യാർ സേതുവിലാണ് കണ്ടത്. അവെൻറ അപ്പനും അമ്മയും തറവാട്ടിലേക്ക് തിരിച്ചെത്തിയ കാലത്ത് അവരിൽ കുറേ പണിപ്പെട്ടതാണ്. രണ്ടും വശം വന്നില്ല.
പുറമേക്ക് മനുഷ്യർ ജീവിതത്തിലെ പ്രധാന അധ്യായമായി ഭാവിയെ പുറത്തു പറയുമെങ്കിലും യഥാർഥത്തിൽ ആ നിമിഷത്തെ നിലനിൽപ്പാണ് മുഖ്യമെന്ന് അവർക്കുതന്നെ അറിയാം. അതുകൊണ്ടു തന്നെ ഭാവി പരമ്പരയെ ഒട്ടും ഗൗനിക്കാതെ, ഭയലാഞ്ഛനകളില്ലാതെ സേതു ചായിപ്പിലേക്കു കടന്നു. പെട്ടകം തുറന്ന് താളഴിച്ചു പരതി.
ആദ്യമായി ഒരു വയസ്സിയെ പരലോകത്തേക്കു പറഞ്ഞയക്കുംവരെ സേതുവിനതിൽ വിശ്വാസമുണ്ടായിരുന്നില്ല. എല്ലാം മാറിമറിഞ്ഞു. പതിയെ അവൻ പ്രദേശത്തെ മുറുക്കിപ്പിടിച്ചു. പടിവിദ്യ മുഖേന അവെൻറ ആണാവശ്യങ്ങൾ സമൃദ്ധമായി നിറവേറ്റാൻ സാധ്യതയേറി. ഭർത്താവിനെ പറഞ്ഞുവിടാൻ തന്നെ സമീപിച്ച ഭാര്യമാരും അച്ഛെൻറ മയക്കം സ്ഥിതീകരിച്ച അപൂർവം ധൈര്യമുള്ള, വലിയ മാറുകളുള്ള പെണ്ണുങ്ങളും രഹസ്യസേവാവിദ്യയുടെ പേറുകാരായി. അങ്ങനെ സേതു മധ്യതിരുവിതാംകൂറിെൻറ സേതുപടിത്ത്യാരായി സ്ഥാനമേറ്റു.
മൂന്ന്
സേതുപടിത്ത്യാര് ആ ഫോട്ടത്തിലേക്കുതന്നെ നോക്കിയിരുന്നു. കുറേക്കാലത്തിനുശേഷം റോസിയെ ഓർത്തു. കൊച്ചയോട് ചെയ്ത ചെയ്തിയോർത്തു.
''കൊച്ച... മൂരി'' പതിയെ വായനക്കി. രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. കാലങ്ങൾക്കുശേഷം എന്തോ ഒന്നു തന്നെത്തേടി വന്നതായി സേതു പടിത്ത്യാർക്കുതോന്നി. ഒരു കാലത്തും അനുഭവപ്പെടാത്തതരം ഭയം ശരീരമാകെ കെട്ടിത്തൂങ്ങിക്കിടന്നു. എന്തിനാണ് തന്നെയിങ്ങനെ വലിച്ചിഴക്കുന്നതെന്നു ചോദിച്ച്, പടിത്ത്യാരുടെ പടിവിദ്യക്കു മുന്നിൽ അയാൾ തൊഴുതുനിന്നു.
കുറ്റം ചെയ്യാനും, അത് മൂടിവെക്കാനും പിന്നെയതിെൻറ വേരുകൾ തപ്പി സംഘർഷത്താൽ പിടയാനും മനുഷ്യൻ കാട്ടുന്ന സഹജമായ ത്വര സേതുവിലും കുമിഞ്ഞുകൂടി.
നാല്
എത്രയോ വർഷങ്ങൾക്കു ശേഷം സേതു രായ്ക്കുംമേടിലേക്ക്. പള്ളിപ്പെരുന്നാളിനുള്ള ഒരുക്കത്തിലായിരുന്നു അവിടം. ഇന്നേക്ക് മൂന്നാംപക്കം പെരുന്നാൾ. രായ്ക്കുംമേടിലെ സകലതും മാറിയിരുന്നു. കാപ്പി കരയുള്ള മല്ല്മുണ്ടും, മണ്ണുനിറമുള്ള അയഞ്ഞ ഷർട്ടും, ഇടത്തെ തോളിൽ കഴുത്തിനെ മറച്ചുകൊണ്ട് അല്ലെങ്കിൽ കഴുത്തിൽ ഉരസിക്കൊണ്ട് ഒരുതരത്തിലും കൃത്യതയില്ലാതെ ചുരുണ്ട് ഒടിഞ്ഞുകിടക്കുന്ന കാരകറയുള്ള വെള്ള തോർത്തും ധരിച്ച സേതുവിനെ ആർക്കും മനസ്സിലായില്ല. അവൻ അതിനു മുമ്പ് അവിടെ കള്ളിമുണ്ടും ഇറുകിയ ഷർട്ടും മാത്രമാണ് ഉടുത്തിരുന്നത്. കൂടാതെ അവെൻറ കൈവിരലുകൾക്ക് നീളം കൂടിയിരിക്കുന്നു. കണ്ണുകൾ വശങ്ങളിൽ കൂർത്തിരിക്കുന്നു. പുകലനിറമുള്ള പല്ലുകൾ. നെഞ്ചുംകൂട് അയഞ്ഞൊട്ടി ഇടുപ്പിനു താഴെ ലേശം കുനിപ്പ്. രായ്ക്കുംമേട് മാത്രമല്ല അവനും മാറിയിരുന്നു.
മനസ്സിലാകാതെയിരുന്നത് നന്നായേയുള്ളൂ. ഇവിടേക്കൊരു തിരിച്ചുവരവുണ്ടെന്ന് സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല. കാലം അങ്ങനെയാണെന്നും പറയാം. െൻറ നശിച്ച ജന്മമെന്നും.
ഇടവകഭരണം ഇന്ന് പോളച്ചനാണ്. എങ്കിലും പള്ളിമേടയിലെ ഇരുട്ടുള്ള ആ പഴയ മുറിയിൽ സ്റ്റീഫച്ചനുണ്ട്. കിടപ്പിലാണ്. മുടിയെല്ലാം നീണ്ടിരിക്കുന്നു. വെട്ടിയൊതുക്കാത്ത താടിയുമായി സ്റ്റീഫച്ചനെ സേതു ആദ്യമായാണ് കാണുന്നത്.
പൂർണ അവശനാണ്.
കൈയിൽ മുത്തം കൊടുത്ത് അടുത്തിരുന്നു. സേതു പടിത്ത്യാര് അറിയാതെ കഴുത്തിലേക്കു നോക്കിപ്പോയി. വിദ്യക്ക് പരിചിതമായ അതേ കിടപ്പ്. ശീലങ്ങളെ പ്രാകി. തൊടാൻ കൈ കിതച്ചു.
സമയം ഉച്ചയോടടുത്തു. രാവിലെ കുടിച്ച പാൽക്കഞ്ഞിയുടെ പാട സ്റ്റീഫച്ചെൻറ രണ്ടു നീർച്ചുണ്ടുകളിലും ഉണങ്ങി പൊറ്റനാർത്തു കിടന്നു. സേതുവിെൻറ പറച്ചിലുകൾക്കിടയിൽ കിടന്നിടത്തു കിടന്ന് വിറയാർന്ന കൈകൊണ്ടു കുരിശു വരച്ചു.
കുറച്ചുനേരം ആ ഇരുണ്ട മുറി ഒന്നുകൂടി കനംവെച്ച മാതിരി തോന്നി. ശേഷം സ്റ്റീഫച്ചൻ പതിയെ പറഞ്ഞു.
''അതെ, മൂരി... അതവനാണ്.
നമ്മടെ കൊച്ച.''
അതു പറയുമ്പോൾ സ്റ്റീഫച്ചെൻറ മർത്ത്യഞരമ്പൊന്നുയർന്നുതാണു.
സേതു അത് പ്രതീക്ഷിച്ചിരുന്നെങ്കിലും ആ നിമിഷം പടികെട്ടിയുയർന്ന നെഞ്ചിടുപ്പിനെ നിയന്ത്രിക്കാനായില്ല.
പാതി വലതു ചെരിഞ്ഞുകിടന്ന് സ്റ്റീഫച്ചൻ എന്തോ പറയാനോങ്ങി. നീളങ്ങനെ ശബ്ദത്തോടുകൂടിയൊരു പിൻശ്വാസം ശിരോവസ്ത്രത്തിനുള്ളിൽ കുരുങ്ങി തിക്ക്മുട്ടി.
''പണ്ട് ഞാനുണ്ടായിരുന്ന കപ്പെമടൈ ഇടവക.'' അച്ചൻ സാവധാനം എല്ലാം ഓർത്തെടുത്തു.
''കേരള-കർണാടക അതിർത്തിയിലായിരുന്നു പ്രദേശം. ഭരണം കർണാടക സർക്കാരിനാണെന്നു തന്നെ പറയാം. ഭൂരിഭാഗ ക്രിസ്ത്യൻ വിഭാഗത്തിനിടയിൽ ജൈനമതസ്ഥരായ ഒരു കുടുംബം. മുതുമുത്തച്ഛൻമാരുടെ കാലത്ത് കുടിയേറിപ്പാർത്തവരാണ്. നമുക്കറിയാവുന്ന ജൈനവ്യവസ്ഥയല്ല അവരുടേത്. കേട്ടുകേൾവിയില്ലാത്ത ഒരുതരം ആചാരാനുഷ്ഠാനം പേറിനടന്നിരുന്നവർ. അവർ കുടുംബത്തിലെ ആൺസന്തതികളെയെല്ലാം മൂരി എന്നു വിളിച്ചുപോന്നു. ഒന്നിൽ കൂടുതൽ പുരുഷന്മാർ ഒരു വീട്ടിൽ വിന്യസിച്ചപ്പോൾ അപ്പൻമൂരി എന്നും മകൻമൂരി എന്നും പ്രത്യേകം രേഖപ്പെടുത്തി. അന്ന് നമ്മടെ മൂരിക്ക് വയസ്സു പതിനഞ്ച്. അവെൻറ അപ്പൻമൂരി വലിയൊരു ഗ്യാസ് കമ്പനിയിൽ പാറാവുകാരനായിരുന്നു. അവധിയില്ലാത്ത പണി. മാസത്തിലൊരു ഞായറാഴ്ചയിൽ അയാൾ വീട്ടിലെത്തും. രാവിലെയെത്തും, ഉച്ചക്കു തിരികെ പോകണം. ഒരു നേരം വീട്ടിലുറങ്ങാൻപോലും അയാൾക്ക് സമയമുണ്ടായിരുന്നില്ല. അപ്പൻമൂരി വരുന്ന ഞായറിനു രാവിലെ അമ്മ മൂരിയെ പറമ്പിലേക്കു പന്തുകളിക്കാൻ പറഞ്ഞുവിടും. അല്ലാത്ത നേരങ്ങളിലൊക്കെ മകെൻറ കൂടെ വേണമെന്നു സ്വൈര്യം കെടുത്താറുള്ള അമ്മ, അപ്പൻമൂരി വരുന്ന നേരം മാത്രം നിർബന്ധിച്ചു പറഞ്ഞയക്കുന്നതിലുള്ള സ്നേഹാവശ്യകതകൾ മൂരിക്കു തിരിഞ്ഞിരുന്നില്ല.
ഉച്ചക്ക് കമ്പനിയിലേക്കു പോകുന്നവഴിയെ അപ്പൻമൂരി പറമ്പിലേക്കുവന്ന് മുറുക്കെ കെട്ടിപ്പുണർന്ന് ഉമ്മ വെക്കും. ഒരു പൊതി വെള്ളയും കരിനീലയും കലർന്ന കടലമിട്ടായി നൽകും. കടലാസുപൊതിയിൽ അപ്പൻമൂരിയുടെ വിയർപ്പുമണം കെട്ടിക്കിടക്കും. വീട്ടിൽ തിരിച്ചെത്തിയ മൂരി അമ്മ ഉറങ്ങുന്നതു കാണും.
അലങ്കോലമായ വസ്ത്രവും മുടിയും കാണും. ഉറക്കമുണരുന്ന നേരംവരെ അവൻ തിണ്ണയിൽ തന്നെയിരിക്കും. അമ്മയുടെ വയറ്റിൽ ഒരു കുഞ്ഞുണ്ടെന്നും അതു വലുതായി വരുന്നുണ്ടെന്നും ഒരുനാൾ മൂരിയറിഞ്ഞു. അവൻ വലിയ സന്തോഷത്തിൽ ഉറക്കെച്ചിരിച്ച്, കൂവിവിളിച്ചുകൊണ്ട് പൂഴിയിൽ കീഴ്ക്കാംപാട് മറിഞ്ഞു.
വയറ് വീർത്തൊരു ആറാംമാസമാണ് അതു സംഭവിച്ചത്. അന്ന് അപ്പൻമൂരിയുടെ പിറന്നാളായിരുന്നു. തൂക്കുപാത്രത്തിൽ മൂന്നുതരം കറികളുമായി മൂരിയെ വീട്ടിൽ നിർത്തി അമ്മ കമ്പനിയിലേക്കു പോയി. താർപ്പായ മറച്ചുകെട്ടിയ തണലിലിരുന്ന് അവർ ഒപ്പം ഊണുകഴിച്ചു. നിമിഷങ്ങൾക്കുള്ളിൽ ആ പ്രദേശം ഒന്നുയർന്നുതാണു.
കമ്പനിയിൽനിന്നു പൊങ്ങിയ സിലിണ്ടറുകൾ പോയി വീണയിടങ്ങളിൽ മനുഷ്യജീവനുകളൊന്നും അവശേഷിക്കാൻ ഇടയില്ല. കപ്പെമടൈ സർക്കാർ ആശുപത്രിയിൽ കരച്ചിലുകൾ വന്നടിഞ്ഞുനിന്നു.
കമ്പനിയിൽ ഉണ്ടായിരുന്ന അറുപത്തിനാലു ജീവനുകൾ വെന്തുവീണു. മൂന്നുപേർ രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരിൽ അപ്പൻമൂരിയുണ്ടായിരുന്നില്ല. എന്നാൽ വെന്തുരുകിയ വയറുമായി അപ്പൻമൂരിയുടെ ഭാര്യയുണ്ടായിരുന്നു. പ്രദേശത്തെ മരണകണക്ക് കൃത്യമല്ലാതെയും ഇരുപത് കടന്നിരുന്നു.
ആശുപത്രിയുടെ ഒരു മൂലക്കിരുന്ന് അമ്മയുടെ വെന്ത വയറ്റിൽ ചെവിവെച്ച് മൂരി കൂടപ്പിറപ്പിനെ വിളിച്ചു തേങ്ങി. വാവിട്ട് കരഞ്ഞു. പിറ്റേന്ന് കമ്പനിയിലെ മരണം അറുപത്തിയഞ്ചായി. മരണക്കണക്കുകളിൽ മണ്ണിലെത്താത്ത കുഞ്ഞുജീവൻ മറഞ്ഞുനിന്നു. മൂരി അതോടുകൂടി ഒറ്റക്ക്. ആഴ്ചകൾക്കുശേഷം സർക്കാർ സഹായങ്ങൾ പ്രഖ്യാപിച്ചു. മരണപ്പെട്ട ജീവനക്കാരുടെ മക്കൾക്ക് അതേ കമ്പനിക്കുതാഴെ പ്രായഭേദമന്യേ നിയമനങ്ങൾ. എന്നാലതിൽ അഞ്ചുപേരെ കമ്പനിയുടെ അറിവോടെയോ അല്ലാതെേയാ സർക്കാർ വിട്ടുപറഞ്ഞു. അതിൽ മൂരിയുംപെട്ടു. കേസ് കൊടുത്തു. എങ്ങും തൊട്ടില്ല. കമ്പനി പുതുക്കി പ്രവർത്തനമാരംഭിച്ചു. കമ്പനിക്കെതിരെ കോടതിയിൽ പോയി. പലരും വന്ന് ഭീഷണിപ്പെടുത്തി. അതെന്തിനാണെന്ന് ഒരുപിടിയുമില്ല. പാതി സർക്കാർ വഹിക്കുന്ന കമ്പനിയിൽ വേണ്ടപ്പെട്ടവരെ തിരുകി കയറ്റാനുള്ള തത്രപ്പാടായിരിക്കും മോളിലുള്ളോർക്കെന്ന് സംശയം. അന്നേരമാണ് എനിക്കിങ്ങോട്ടു മാറ്റം കിട്ടുന്നത്. മൂരിയെ ഒറ്റക്കാക്കിപ്പോരാൻ മനസ്സുവന്നില്ല. പേരുമാറ്റി ഒപ്പംകൂട്ടി.''
സ്റ്റീഫച്ചെൻറ ഇടതു കണ്ണിൽനിന്ന് രണ്ടുതുള്ളി നീര് മൂക്കിൻപാലത്തിലൂടെ കയറിയിറങ്ങി വലത്തേ കണ്ണിൽകൂടി കട്ടിയായി താഴേക്കൊറ്റി.
സേതു അങ്ങനെത്തന്നെയിരുന്നു. കാലുകളിലൂടെ ഒരുതരം ചൂടൻ തരിപ്പ് മുകളിലേക്കു കയറിവന്നു. ഇപ്പോൾ വീഴുമെന്നു തോന്നിയ നിമിഷം അവനൊന്ന് നിവർന്നിരുന്നു.
സ്റ്റീഫച്ചൻ തുടർന്നു: ''അന്ന് പള്ളിപ്പെരുന്നാള് രാത്രി കോടതിവിധി വന്നുവെന്നറിഞ്ഞു. മൂരിക്ക് അതേ കമ്പനിയിൽ ജോലി. ഇത്രയും കാലതാമസം എടുത്തതിൽ ഖേദിച്ച് പാറാവുകാരനിൽനിന്ന് കമ്പനിക്കുള്ളിലേക്കുള്ള ജോലി തരപ്പെടുത്തി നിയമനം. അതറിഞ്ഞ് ഇവിടെ നിന്നു പോയതാണ്. നിയമന കടലാസ് കൈപ്പറ്റാൻ പോയതാകുമെന്നാണ് ഞാൻ കരുതിയത്. നിന്നോടന്നു പറഞ്ഞില്ലന്നേയുള്ളൂ. അവനന്നു വലിയ സന്തോഷത്തിലായിരുന്നു. പോകുന്നതിനു മുമ്പ് ഈ ജോലിക്കു വേണ്ടിയാണു താൻ കാത്തിരുന്നതെന്നും, ഇതറിഞ്ഞാൽ റോസിയുടെ പിണക്കം മാറുമെന്നും ആ സമയം മാപ്പുപറഞ്ഞ് അവളെ കെട്ടിപ്പിടിക്കണമെന്നും പറഞ്ഞു. അതുവരെ അവളോടവൻ പഴയ കഥകളൊന്നും വെളിപ്പെടുത്തിയിരുന്നില്ല. റോസിക്കവൻ പള്ളിയനാഥൻ മാത്രമായിരുന്നു.''
സേതു എല്ലാം കേട്ടു.
ഒന്നും പറഞ്ഞില്ല.
മനുഷ്യന് പരിപൂർണ സ്വാതന്ത്ര്യം ലഭിക്കുന്നത് അവനവെൻറ രഹസ്യങ്ങളിൽ മാത്രമാണ്. അതുകൊണ്ടുതന്നെ രഹസ്യങ്ങളെ രഹസ്യങ്ങളായിത്തന്നെ അവൻ നിലനിർത്തി പോന്നു.
സ്റ്റീഫച്ചന് ഇടമരുന്നുമായി പരിപാലകൻ വന്നു. മരുന്നിറങ്ങിയ ഉടനെ മയക്കത്തിലേക്കു തെന്നിയതിനാൽ കൂടുതലൊന്നും പറയാതെ സേതു തിരിച്ചിറങ്ങി.
പെരുന്നാളൊരുക്കങ്ങൾ. ഇതുപോലൊരു പള്ളിവെട്ടമുള്ള രാത്രിയാണ് കൊച്ച വഴിമാറി പോയതെന്ന് സേതു ഓർത്തു.
പോകുന്ന വഴിയെ അകലെനിന്ന് തെക്കേപറമ്പിൽ ഏലിയാസിെൻറ നീണ്ട ഉടലുള്ള മാളികകണ്ടു. അതിന് വീണ്ടും വണ്ണംവെച്ചിരിക്കുന്നു.
റോസിയെ ഓർക്കാൻ ശ്രമിച്ചെങ്കിലും മനസ്സു മുഴുക്കെ കൊച്ചയായിരുന്നു.
''എെൻറ ദൈവങ്ങളെ എന്തിനാണെന്നോടിങ്ങനെ...''
സ്റ്റീഫച്ചനെ പറ്റി മറ്റേങ്ങനെ പറഞ്ഞു പരത്തിയതിൽ മേടയിലെ മാതാവിനു മുന്നിൽ മാപ്പുപറഞ്ഞു. ഛായമാറിയ രായ്ക്കുംമേടിനെ ഒന്നുകൂടി തലചെരിച്ചു നോക്കി സേതു വണ്ടികയറി.
അഞ്ച്
കേരള കർണാടക അതിർത്തിയിലെ കപ്പെമടൈ പ്രദേശം. നാലുപുറവും വയലുകളാൽ ചുറ്റിനിൽക്കുന്ന, ഭാഗികമായി മാത്രം വെട്ടം വലിച്ചിട്ടുള്ള ഉൾപ്രദേശം.
വണ്ടിയിറങ്ങിയ സേതുവിെൻറ കണ്ണുകൾ പരിഭ്രമത്താൽ കുതറി. തെൻറ മുന്നിലേക്കു കൊച്ച അലറിപ്പാഞ്ഞു വരുന്നത് മനസ്സിൽ കണ്ടു. അന്നനാളത്തിൽനിന്നൊരു പൊള്ളൽ ശരീരമാസകലം പാഞ്ഞു. തൊട്ടടുത്തു കണ്ട ചാരായഷാപ്പിൽനിന്ന് ഒരു കുപ്പി. ഒപ്പം കപ്പെമടൈയുടെ കപ്പെകൊത്തും. അവിടെ കപ്പെ എന്നാൽ തവള എന്നാണ്. പേരുപോലെ തന്നെ സമൃദ്ധമാണ് സാധനവും.
തവളയിറച്ചി കൊത്തിനുറുക്കി കാവത്തിനൊപ്പമിട്ടു പുഴുങ്ങും. ശേഷം വറ്റിച്ച പനംചക്കരയിട്ട് രണ്ട് നേന്ത്രപ്പഴവും, ഉരുളൻ കാന്താരിയും ചേർത്തുടച്ച കപ്പെക്കൊത്ത് സേതു ചാരായത്തിനൊപ്പം വിഴുങ്ങി.
എരിമധുരമുള്ള, കാവത്തിന്‍റെ മണമുള്ള മാംസക്കഷണങ്ങൾ. എല്ലാവർക്കും അത് പിടിച്ചുകൊള്ളണമെന്നില്ല. എങ്കിലും സേതു കഴിച്ചു. ഓരോ മുടുക്കിലും ഷാപ്പിന്‍റെ നാലു ഭാഗത്തേക്കും കണ്ണെറിഞ്ഞു. വിയർത്തു. നടന്നു.
ക്രിസ്ത്യൻ പ്രദേശമായതുകൊണ്ടുതന്നെ പള്ളിയിൽനിന്നുള്ള സഹായഹസ്തങ്ങൾ എല്ലായിടത്തും എത്തിച്ചേരുന്നുണ്ട്. സേതുവിന്‍റെപുറത്ത് വിയർപ്പുവന്നൊട്ടി. നടക്കുമ്പോഴുള്ള കുലുക്കത്തിൽ ഷർട്ടിനുള്ളിലെ വായുവും വിയർപ്പും തമ്മിൽ കശപിശ.
കപ്പെമടൈയുടെ തലയെടുപ്പ്, അത് കമ്പനിയായിരുന്നു.
സേതുവിെൻറ ശരീരം കനത്തിൽ കുലുങ്ങി. പാറാവുകാരെൻറ ഇരിപ്പിടം ശൂന്യമാണ്. കണ്ണുകൾ ചുറ്റും പരതി. തെൻറ ഇടത്തേ തോളിൽ ഒരു കൈ വന്നു വീണു.
''ഹൗ'' എന്ന ശബ്ദത്തോടുകൂടി സേതു തെന്നിമാറി തിരിഞ്ഞുനിന്നു. അതവനല്ല. ശരീരമാസകലം തരിച്ചിറങ്ങി.
''എന്തുവേണം?''
ആ സമയം അയാളുടെ കഴുത്തിൽ ഉരുണ്ടുകൂടിയ ഞരമ്പുകളുടെ പെരുപ്പം സേതു കണ്ടു.
''കൊച്ച. അല്ല മൂരി. മൂരിയെ പറ്റി അറിയാനാണ്.''
പാറാവുകാരൻ വലിയ പിടിയില്ലാത്ത മട്ടിൽ മുഖം ചുളിച്ചു.
''അങ്ങനെയൊരാൾ ഇവിടെ ജോലി ചെയ്യുന്നില്ല. ചെയ്തിട്ടുമില്ല.''
സേതു ഒന്നും മിണ്ടിയില്ല.
ഇനി വേറെ ഏതേലും പേരിലായിരുന്നിരിക്കുമോ അവനിവിടെ? ഇല്ല. അതിന് സാധ്യതയില്ല. സേതുവിെൻറ മുഖഭാവം കണ്ട് പാറാവുകാരൻ പേരുവിവരമുള്ള പേപ്പറുകെട്ടുകൾ ഒന്നുകൂടി നോക്കി തിട്ടപ്പെടുത്തി. ''ഇല്ല. ഇങ്ങനെയൊരാളില്ല.''
വർഷങ്ങൾക്കു മുമ്പ് നടന്ന സംഭവവികാസങ്ങളൊന്നും ഇയാൾക്കറിവുകാണില്ല. സേതു നടന്നു. ഇടക്കിടക്കു തിരിഞ്ഞ് കമ്പനിയിലേക്കു നോക്കി. ആ പല തലകളുള്ള പെരുത്ത രൂപം സേതുവിൽ ഭയം മുറുക്കി.
കപ്പെമടൈ പള്ളിയിലെ വെളുത്ത മാർബിൾ തുണ്ടങ്ങൾ പൊന്തി തിളങ്ങിനിന്നു.
സ്റ്റീഫച്ചെൻറ ബന്ധം കാട്ടി. ഇപ്പോഴുള്ള അച്ചനും കാര്യങ്ങൾ വല്ല്യ പിടിയില്ല. അനുകൂലമായി കേസ് വന്നതുമാത്രമറിയാം.
''എന്തേലും അറിയണമെങ്കിൽ ഒരു വഴിയേ ഉള്ളൂ...
തൊണ്ടൻ എപ്രിക്കാസ്.''
അച്ചനതു പറഞ്ഞ് മുേമ്പ നടന്നു.
നാടുകൾ നീളെ വ്യാപിച്ച സ്നേഹബന്ധങ്ങളുടെ ഒരേയൊരു കേന്ദ്രമാണവൻ. പലനാടുകളിലായി എണ്ണിത്തിട്ടപ്പെടുത്താനാവാത്തത്രയും സ്ത്രീകൾ തൊണ്ടനെ മനസ്സിൽ കൊണ്ടുനടന്നു. അതിൽ വിവാഹിതരെത്രയെന്നോ അവിവാഹിതരെത്രയെന്നോ അവനുപോലും നിശ്ചയമില്ല. മേലോട്ട് മടക്കിവെച്ച കട്ടിമീശയിൽ ഒന്ന് തൊടാൻ ആഗ്രഹിക്കാത്ത പെണ്ണുങ്ങൾ പെണ്ണുങ്ങളല്ല. അവെൻറ ഉറച്ച് തഴംവന്ന വിരിഞ്ഞ നെഞ്ചിലൊന്ന് മാറമർത്താൻ കൊതിക്കാത്ത പെണ്ണുങ്ങളെ ആ പരിസരത്തു കാണാൻ കഴിയില്ല.
അവൻ നീങ്ങിയിടങ്ങളിലെല്ലാം അവെൻറ ചുണയുള്ള പുതുജീവനുകൾ നാമ്പു നീട്ടി തിണർത്തു. അനായാസമായും ബുദ്ധിമുട്ടിയും അതിൽ ചിലത് ചത്തുപോയി. മറ്റു ചിലത് വളർന്നു.
ജാരസന്തതികളിൽ ബീജഗുണം തെളിച്ചു കാട്ടിക്കൊണ്ട് പെണ്ണവിറ്റങ്ങളുടെ ശരീരം ചെറുപ്പത്തിലേ മിനുങ്ങി തഴംവന്ന് പാകമായി. ആണവിറ്റങ്ങൾക്ക് മൂക്കിനു താഴെ വേഗത്തിൽ കറുപ്പ് പൊട്ടി. ആരെയും ഭയമില്ലാതെ, ഭയപ്പെടുത്താതെ, ബന്ധങ്ങളെ ഊട്ടിയുറപ്പിച്ച്, പുതിയതു തേടിയലഞ്ഞ് അവൻ ജീവിതം കഴിച്ചു. സ്ത്രീകൾ ഓരോരുത്തരും ഓരോ തേൻ ചുഴികളാണെന്നും അവിറ്റകളുടെയെല്ലാം സൗന്ദര്യം പൊക്കിളിെൻറ ആഴങ്ങൾക്കനുസരിച്ചാണെന്നുമാണ് തൊണ്ടെൻറ വാദം.
സ്നേഹംകൊണ്ടവൻ ഒരൊറ്റ പുരുഷഗന്ധം മാത്രമുള്ള രാജ്യത്തിന് നേതൃസ്ഥാനിയായി. ആരെയും വെറുക്കാത്ത തൊണ്ടൻ എപ്രിക്കാസിന് ഏവരോടും സ്നേഹമുണ്ടെന്ന് ഉറപ്പിച്ചുപറയാൻ കഴിയില്ല.
''മൂരിക്ക് ഈ നാട്ടിലൊരു ആത്മബന്ധം ഉണ്ടെങ്കിലത് അവനുമായാണ്. നമുക്കൊന്ന് എറിഞ്ഞു നോക്കാം.''
ഇടവഴികൾ മുറിഞ്ഞു മുറിഞ്ഞു പോയി. ചെറിയ പരുക്കൻ മല. അതിെൻറ ഓരത്തൊരു ഓലക്കുടിൽ. അരണ്ട വെട്ടം. അച്ചനെ കണ്ടതും ആ കുടിലാകെയൊന്നു പരുങ്ങി.
''തൊണ്ടനെവിടെടാ?''
പാതിയായ വാറ്റു കുപ്പികൾ ഉപഭോക്താക്കൾ ചന്തിക്ക് പിന്നിലേക്കു മറച്ചു. അച്ചൻ ഉള്ളിലേക്കു കടന്നു. പിന്നിൽ സേതുവും. സ്ഥലത്തെ ആകെയുള്ള വാറ്റുകേന്ദ്രമാണ്. ചാരായം കുടിച്ചു വാളുവെക്കുന്നോർക്കും തല്ലുണ്ടാക്കുന്നോർക്കും കപ്പെമടൈയിലെ ചാരായഷാപ്പിൽ കുപ്പിയില്ല. അതുകൊണ്ടുതന്നെ പൊള്ളുന്ന വാറ്റടിച്ച് അവർ വീര്യം കാട്ടി. കൂട്ടത്തിലൊരുത്തൻ പിറകിലേക്കു ചൂണ്ടി. ഓലമറക്കുള്ളിൽ സാരി കെട്ടിമറച്ചൊരു കുടുസ്സുമുറി. അച്ചനെ കണ്ടിട്ടും തൊണ്ടൻ എപ്രിക്കാസ് അങ്ങനെത്തന്നെ ഇരുന്നു. ഒരു തുണ്ടു കറുപ്പിന് തീകൊളുത്തി. ആ തീ അവെൻറ കഴുത്തിനെയൊന്ന് മുറുക്കുന്നതും മർത്ത്യഞരമ്പൊന്നു ചുരുങ്ങുന്നതും സേതു കണ്ടു.
പായയിലൊരു പെണ്ണ് മയങ്ങിക്കിടന്നു. പളപളാ വെളുത്ത്, ഉടയാത്ത എന്നാൽ തൽക്കാലം അയഞ്ഞുകിടന്നിരുന്ന വലിയ നെഞ്ചുള്ള പെണ്ണ്. തരിപ്പിക്കുന്ന അരക്കെട്ട്.
തൊണ്ടനെ മാറ്റിനിർത്തി കാര്യം പറഞ്ഞു. അച്ചൻ തൊണ്ടനോടു മുഴുവനായി പറയുകയോ, അച്ചനോടു സേതു മുഴുവനായി പറയുകയോ ചെയ്യാത്തതുകൊണ്ടാകണം അവരുടെ മുഖങ്ങളിൽ രണ്ടു പുരികങ്ങൾക്കിടയിലായി മൂക്കിനു മേലെ ഒരു കുറിയ കോട്ടൽ വീണു.
''അവൻ കമ്പനിയിലില്ല. കപ്പെമടൈയിലേയില്ല.''
തൊണ്ടൻ എപ്രിക്കാസ് നിസ്സാരമായി പറഞ്ഞിട്ടു. സേതുവിനതറിയാം, അറിയേണ്ടത് നിയമനത്തിനു ശേഷമുള്ള കഥയാണ്. എന്നാൽ അത് പുറത്തു പറഞ്ഞതുമില്ല.
തൊണ്ടൻ രണ്ടുപേരേയും നോക്കി പറഞ്ഞു:
''തെരഞ്ഞുവെരുന്ന ഒറ്റൊരുത്തനേം അറിയിക്കരുതെന്നാ എന്‍റെ മൂരി പറഞ്ഞേക്കുന്നേ. പിന്നെ രായ്ക്കുംമേടില് സേതു എന്നൊരു കൂട്ടുണ്ടായിരുന്ന കാര്യവും എനിക്കറിയില്ല. ഞാനെങ്ങനെ നിങ്ങളെ വിശ്വസിക്കും. എെൻറ ചങ്ങാതിയെ ഞാൻ ഒറ്റത്തില്ല.''
''എടാ ഇതിൽ ചതിയൊന്നുമില്ല. നിനക്ക് സ്റ്റീഫച്ചനെ ഓർമയുണ്ടോ? അച്ചൻ പറഞ്ഞുവിട്ടതാ ഇവനെ. ഇവർ ഒപ്പമായിരുന്നു.''
തൊണ്ടൻ ഒന്നും മിണ്ടിയില്ല. സ്റ്റീഫച്ചനാണ് തൊണ്ടന്റെയും കർത്താവ്. അവനൊന്നയഞ്ഞു.
''െന്‍റ മൂരിക്ക് നല്ലതേ വെരൂ. അവെൻറ ചങ്ങാതിയല്ലേ നീ... നെനക്കും നല്ലതേ വെരൂ. പറയാൻ തക്ക ഒന്നുമില്ല. അവനിവിടെ വന്നിരുന്നു. കമ്പനിയിൽ ചെന്ന് മൊതലാളിയോടു മാപ്പുപറഞ്ഞു. ജോലി വേണ്ടെന്നും താൻ പോവാണെന്നും പറഞ്ഞു. അതു കഴിഞ്ഞാണവനെന്നെ കണ്ടത്. തെരക്കി വെരുന്നവന്മാർ ഒന്നുമറിയരുതെന്നും പറഞ്ഞ് കെട്ടിപ്പിടിച്ചു.
അന്ന് ഞങ്ങൾ കുറെ കള്ളുകുടിച്ചു. ഇറുക്കിപ്പിടിച്ചുറങ്ങി. പിറ്റേന്നു കാലത്ത് അവനെ കണ്ടില്ല. കുറെ കരഞ്ഞു. തെരഞ്ഞു. ഈ നിമിഷം വരെ കണ്ടിട്ടേയില്ല. അവൻ അങ്ങനെയാണ്. അതാണ് എെൻറ മൂരി.''
തൊണ്ടൻ കറുപ്പൂതിക്കെടുത്തി അച്ചനെ നോക്കി. സേതുവിനെ നോക്കി. കൈയിലിരുന്ന ഇരുപത് രൂപ അവൻ തൊണ്ടനു കൊടുത്തു.
കൊച്ചയുടെ ജീവിതവഴികൾ, കണ്ടെത്താൻ കഴിയാത്ത എത്രയോ ആഴങ്ങളിലാണെന്ന് സേതുവിനു തോന്നി. അന്നുതന്നെ അച്ചനോടു നന്ദിപറഞ്ഞ് കപ്പെമടൈയോടു യാത്ര പറഞ്ഞു.
ആറ്
മൂന്നാംപക്കം, പാരമ്പര്യത്തെ ആധുനികവത്കരിച്ചുകൊണ്ടിരിക്കുന്ന തെക്കേ മലബാറിലെ തൊറത്തുകുന്നിെൻറ ഓരത്ത് ബസിറങ്ങി സേതുപടിത്ത്യാര് നടന്നു. തമിഴ് ചേരികളിലെന്നപോലെ രണ്ടു ഭാഗങ്ങളിലും ചെങ്കല്ലുവെച്ചു കെട്ടിപ്പൊക്കിയ രണ്ടു നിലകളുള്ള നീളൻ കെട്ടിടങ്ങൾ. വീടന്വേഷിച്ചു. നടന്നാൽ പത്തുനിമിഷം. ഓടുമേഞ്ഞ ചെറിയ വീട്. ചാണകം മെഴുകിയ തിണ്ണയുടെ കൊഴുത്ത ഗന്ധം.
അന്ന് വന്ന മൂവർ കണ്ടതും അടുത്തേക്കുവന്നു. അവരുടെ മുഖങ്ങളിൽ ദുരിതമൊഴിവാക്കാൻ പോകുന്നതിെൻറ ആശ്വാസവും കഴുത്തുകളിൽ തങ്ങൾ സുരക്ഷിതരാണെന്നതിെൻറ സന്തോഷവുമായിരുന്നു. സേതുപടിത്ത്യാർക്കവരെ കുത്തിക്കൊല്ലാനുള്ള ദേഷ്യം വന്നു. തെൻറ മാനസികനില തെറ്റിച്ച ഈ ഇടപാടിനെ മനസ്സിൽ പ്രാകി. വിദ്യക്ക് വാക്കു കൊടുത്താൽ പോകണം. ആരായാലും എവിടായാലും.
അല്ലെങ്കിൽ ദോഷം മറിച്ചാണ്. ആ ഒരു ചിട്ടക്രമം മാത്രമാണ് സേതുപടിത്ത്യാര് ഈ കാലമത്രയും ഭംഗംവരുത്താതെ കൊണ്ടുനടന്നത്. മുറ്റത്തിരുന്നു. ഈ വീട്ടിൽ ഏതു ദിശയിൽ ഏതു മുറിയിലാണ് അവൻ കിടക്കുന്നത്? അവൻ തന്നെ തിരിച്ചറിയുമോ? സേതുപടിത്ത്യാരുടെ മനസ്സ് നീറി കനംവെച്ചു.
''എെൻറ ദൈവങ്ങളെ... എന്തിനാണെന്നോടിങ്ങനെ.''
കൊച്ച ഈ വീട്ടിൽ എത്തിപ്പെട്ട വഴികൾ, ആ നിമിഷം സേതു മനസ്സിലോർത്തു. തിട്ടപ്പെടുത്താൻ കഴിയാത്ത ഊടുവഴികൾ. എന്തിനുവേണ്ടിയാണവൻ? അവെൻറ മനസ്സിൽ വേറെയെന്തെങ്കിലും നടപടികൾ ഉണ്ടായിരുന്നിരിക്കുമോ? സ്റ്റീഫച്ചനോട് പിന്നെന്തിനാണ് ജോലിയിൽ കയറിയ ശേഷം റോസിയെ കെട്ടണമെന്നു പറഞ്ഞത്? ഒന്നും തെളിഞ്ഞുകിട്ടിയില്ല.
''ഇയാളുടെ കുടുംബം? ജനിച്ചത് ഇവിടത്തന്നെയായിരുന്നോ?''
സേതുപടിത്ത്യാര് മരുമകെൻറ അച്ഛനോടാണ് ചോദിച്ചത്.
''അല്ല. കൃത്യമായി അറിയില്ല.
എവിടെനിന്നോ തിരിഞ്ഞു വന്നതാണ്. കുടുംബമൊന്നും ഇല്ലെന്നാണ് അറിവ്. ആരോടും ഒന്നും വിട്ടു പറയുന്ന പ്രകൃതമല്ല. എന്തേലും പറഞ്ഞാൽ അത് വേലു അണ്ണനോടായിരിക്കും. അവരു തമ്മിലുള്ള കെടപ്പെന്താന്നുവെച്ചാൽ കച്ചോടകല്ല്യാണ ബന്ധമാണ്.
തൊറത്തുകുന്നില് തെണ്ടിത്തിരിഞ്ഞു നടന്ന മൂരിയെ വേലുവണ്ണൻ സ്വന്തം പലചരക്കുപീടികയിൽ പിടിച്ചുകയറ്റി. പണിക്കു നിർത്തി. പതിയെ വിശ്വസ്തനായി. നാലുകൊല്ലം അവിടെ നിന്നു. പിന്നെ വേറെ പീടികയിട്ടു. വേലുവണ്ണൻ തന്നെയാണ് മുറി പണിതുകൊടുത്തതും. നിലനിൽപ്പായപ്പോ അങ്ങേര് മോളെ കെട്ടോടാന്ന് ചോദിച്ചു. ആദ്യമെല്ലാം ഇല്ലെന്നായിരുന്നു മറുപടി. അന്നം തന്നവനെ ധിക്കരിക്കാനൊക്കുവോ? കെട്ടി, ഒരു പേറും കഴിഞ്ഞു. ആൺസന്താനം പിറന്നാലോയെന്ന ഭയം മൂരിക്കെപ്പോഴുമുണ്ടായിരുന്നു.
അതെന്തുകൊണ്ടെന്ന് നിശ്ചയമില്ല.
ഭാഗ്യത്തിന് ഒരേ ഒരെണ്ണം പെണ്ണായിരുന്നു. അതിനെ എെൻറ മോനും കെട്ടി. ഇപ്പൊ ദാ ഈ കിടപ്പിലെത്തി നിക്കാണ്.''
സേതുപടിത്ത്യാരൊന്ന് ഇരുത്തിമൂളി. കപ്പെമടൈയിൽനിന്ന് കമ്പനി ജോലിയും വേണ്ടെന്നുവെച്ച് നേരെ ഇങ്ങോട്ടായിരുന്നപ്പൊ അവെൻറ വരവ്. പക്ഷേ എന്തിനായിരുന്നു? മനസ്സിലാകുന്നില്ല. സൂര്യൻ തലക്കു മുകളിൽനിന്ന് പടിഞ്ഞാറോട്ടു ചാഞ്ഞു. സേതുപടിത്ത്യാര് വീടിനുള്ളിലേക്കു കയറി. മുഴുക്കെ ഈറൻമണം. അടച്ചിട്ടിരുന്ന മുറി തുറന്നു.നനഞ്ഞ കിടക്കയിൽനിന്ന് മരക്കട്ടിലിെൻറ പലകവിടവിലൂടെ മൂത്രവും മലവും അടിയിലേക്കൊറ്റിവീഴുന്ന ശബ്ദം. അതിൽനിന്നുയരുന്ന ദുഷിച്ച ഗന്ധം. മുടിയും താടിയും നീണ്ട് ശോഷിച്ച ഒരു രൂപം.
പിൻതലയിൽനിന്ന് ഒലിച്ചിറങ്ങിയ ചലരക്ത മിശ്രിതത്തിൽ ഈറൻകൊണ്ട് മുടിയാകെ ജട പിടിച്ചിരിക്കുന്നു. ഒറ്റമുണ്ടിെൻറ മറപറ്റി മയക്കത്തിലാണവൻ. സേതുപടിത്ത്യാര് ആദ്യമായിട്ടായിരിക്കണം ആദ്യകാഴ്ചയിൽ തന്നെ ഒരു മനുഷ്യെൻറ കഴുത്തു വിട്ട് മുഴുവനായ ശരീരം നോക്കിക്കാണുന്നത്. അടുത്തേക്കു ചെന്നു. കുതീംകാലിൽനിന്ന് തരിപ്പു കയറി തലയിൽ തൊട്ടു. പിന്നിലേക്കു നോക്കി പറഞ്ഞു.
''നിങ്ങള് പുറത്തു നിൽക്കിൻ. വിളിക്കാം.'' വാതിലടച്ചു. ആ മുറിയിൽ ആകെയുണ്ടായിരുന്ന വായുസഞ്ചാരം പടിഞ്ഞാറ്റുള്ള ഒറ്റപാളി ജനലാണ്. അതും തലക്കുംഭാഗത്ത്. ശബ്ദമുണ്ടാക്കി ജനലടഞ്ഞു. വിജാഗിരി പഴുതിലൂടെ സൂര്യൻ ഒരു വര മൂരിയുടെ കഴുത്തിനു കുറുകെ വരഞ്ഞിട്ടു.
ഊറ്റൻവള്ളികളിൽ കനത്ത വെട്ടം പോറി. സേതുപടിത്ത്യാര് ഞരമ്പുകൾക്കു മുന്നിൽ ആദ്യമായി വിറകൊണ്ടു.
''എെൻറ ദൈവങ്ങളെ...''
കൊച്ചയുടെ കഴുത്തിൽ തൊട്ടു. നിെൻറ മോക്ഷം എെൻറ കൈകൊണ്ടാണെന്ന് മനസ്സിൽ പറഞ്ഞു. കനത്തൊരു പിച്ചാത്തിമുനമ്പ് തെൻറ അടിവയറ്റിലേക്കു തുളഞ്ഞുകയറുന്നതായി സേതുപടിത്ത്യാർക്കു തോന്നി. കട്ടിലിലിരുന്നു. കൊച്ചയുടെ കാലിടുക്കിൽനിന്ന് ചോരയും മലവും കലർന്നൊരു ദ്രാവകം പ്രത്യേക ശബ്ദത്തോടുകൂടി കിടന്നിടത്തു പരന്നു. അത് കിടക്കയിലെ അവസാന ഇലവിൻകുരുവിനെയും പുളിപ്പിച്ചു.
''എന്തിനായിരുന്നെടാ നീ... ആർക്കു വേണ്ടിയായിരുന്നു...''
അതും പറഞ്ഞു സേതുപടിത്ത്യാര് അരക്കെട്ടിൽനിന്ന് വിദ്യയെടുത്തു. ചൂണ്ടുവിരലിനും പെരുവിരലിനും മധ്യേ തിരുമ്മി കൂട്ടി. കൊച്ചയുടെ മുഖത്തേക്കു നോക്കി. കശുവണ്ടി ഫാക്ടറിയിലെ ആദ്യ നോട്ടം. കൊച്ച കണ്ണുതുറക്കുമോയെന്ന് പരിസരം ഭയന്നു.കഴുത്തിലേക്കു തൂങ്ങിയ നരച്ച താടികൾ വകഞ്ഞുമാറ്റി. കഴുത്തിൽ തൊട്ടു. സേതുപടിത്ത്യാർക്ക് കൈവിറച്ചു.
ഒന്ന് ചുരുണ്ടു നിവർന്നുകൊണ്ട് മർത്ത്യഞരമ്പ് ഇടുപ്പുയർത്തി.
''കൊച്ചേ... ഇന്ന് തിരുവാതിര. ഇന്നാണെടാ നമ്മുടെ പള്ളിപ്പെരുന്നാള്.'' കൊച്ചക്ക് അനക്കമില്ല. അവൻ മാഞ്ഞുപോകാൻ വെമ്പി നിൽക്കുന്നതായി തോന്നി.
ഊഹിക്കാൻ കഴിയുന്ന, സംഭവബഹുലങ്ങളല്ലാത്ത ജീവിതങ്ങളെ പറ്റി അയാൾ ആലോചിച്ചു. ആകെ വിയർത്തൊലിച്ചു. വന്യമായൊരു തണുപ്പ് സേതുപടിത്ത്യാരെ വന്നു മൂടി. താൻ അവനെയാണോ അതോ അവൻ തന്നെയാണോ ഇല്ലാതാക്കാൻ പോകുന്നത്? അതല്ലെങ്കിൽ അവൻ തന്നെ എപ്പോഴോ പിണച്ചു മലർത്തി കാണുമോ? സേതുപടിത്ത്യാര് ഉൽക്കടവും അഗാധവുമായ ചുഴിയിലേക്കെറിയപ്പെട്ടു.
എന്തുകൊണ്ടോ ഒരു നിമിഷം വിദ്യയുടെ കൃത്യമായ കുടുംബപിന്തുടർച്ചയെ പറ്റി ഓർത്തു. ഇളവുകിട്ടാത്ത നരകമരണത്തെ പറ്റി ഓർത്തു.
മനുഷ്യജന്മത്തിെൻറ ശൂന്യമായ വ്യർഥത.
''എെൻറ ദൈവങ്ങളെ...''
വിരലുകൾ മർത്ത്യഞരമ്പിനിടയിലൂടെ കൂട്ടിമുട്ടി. ''നിെൻറ ജീവിതത്തിൽ നീ അറിയാതെപോയ, രഹസ്യമായ ഒരേയൊരു ഒന്ന്. അതു ഞാനായിരുന്നു.'' സേതുപടിത്ത്യാര് അവെൻറ ചെവിയിൽ പതിയെ പറഞ്ഞു.
കൊച്ചയുടെ കൺപോളകളിൽ വിള്ളലു വീണു. വിജാഗിരി പഴുതിലൂടെ വീണ വര കഴുത്തുവിട്ട് അടിയിലേക്കു താണു.
ആ ശോഷിച്ച ശരീരത്തിൽനിന്ന് കനത്തൊരു എക്കിൾ മുകളിലേക്കുയർന്നു. കണ്ണു തുറന്നിരിക്കുന്നു. കൊച്ചയുടെ ശരീരം ആകെ വിയർത്തു പൊന്തി ഓരിയിട്ടു. മുഴുക്കെ മുകളിലേക്കാഞ്ഞു.
ഉപ്പൻകുമിള പൊട്ടി പൊന്തിയ വിയർപ്പുതുള്ളികളിൽനിന്ന് ഒരുതരം തവളപ്പതയുടെ മണം മുറിയാകെ പരന്നു. അത് സേതുവിന്‍റെ മൂക്കിലേക്ക് ആർത്തു കയറി.
ആ മട്ടിപ്പിൽ ഊഹിക്കാൻ കഴിയാത്ത, സംഭവബഹുലങ്ങളായ ജീവിതങ്ങളെ പറ്റി എന്തുകൊണ്ടോ അയാൾ ഓർത്തില്ല. കൂട്ടി ഉരസിയ വിരലുകൾ വിച്ഛേദിക്കപ്പെട്ട് സേതു പിന്നിലേക്കാഞ്ഞു.
മർത്ത്യഞരമ്പ് ഇടുപ്പു താഴ്ത്തി ആഴങ്ങളിലേക്കു പമ്മി. അടഞ്ഞുകിടന്ന ആ മുറിയിൽനിന്നുയർന്ന ഉച്ചത്തിലുള്ള നിലവിളിക്കും വിളറിയ ദീർഘനിശ്വാസത്തിനും ശേഷം വാതിൽ വിടവിലൂടെ രഹസ്യമായൊരു ചോരച്ചാല് പുറത്തേക്കു നീണ്ടു.
l