എന്തായാലും ‘മാലിക്’ വന്നപ്പോൾ ബീമാപള്ളിയെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയല്ലോ, അതിൽ സന്തോഷം - മഹേഷ് നാരായണൻ സംസാരിക്കുന്നു
മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മഹേഷ് നാരായണൻ തന്റെ ചലച്ചിത്രജീവിതവും സിനിമാ കാഴ്ചപ്പാടുകളും തുറന്നുപറയുകയാണ് ഇൗ സംഭാഷണത്തിൽ. മാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം: 1328) പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ നിന്നുള്ള ഭാഗം
മുസ്ലിം ഭാഷ, വേഷം തുടങ്ങിയവയിൽ സ്റ്റീരിയോടൈപ്പുകൾ ‘ടേക്ക്ഓഫ്’ തള്ളിക്കളയുന്നുണ്ട്. പക്ഷേ, മെറീന സമീറയായതും ഐ.എസിലെ മലയാളി സാന്നിധ്യവും ഉൾപ്പെടെ യഥാർഥ സംഭവങ്ങളുമായി വലിയ പൊരുത്തക്കേടുകൾ സിനിമയിലില്ലേ...
കഥയിലെ സമീറയും ജീവിതത്തിലെ മെറീനയും തമ്മിൽ ഒരു ബന്ധവുമില്ല. സമീറയെ സിനിമക്കുവേണ്ടി സൃഷ്ടിച്ചതാണ്. ഞാൻ നേരത്തേ പറഞ്ഞ ജേണലിസ്റ്റ് സുഹൃത്തിന്റെ അനുഭവവും സമീറയെന്ന കഥാപാത്രത്തിൽ ചേർത്തിട്ടുണ്ട്. സത്യത്തിൽ യഥാർഥ സംഭവത്തിൽ മുസ്ലിംകളായ നഴ്സുമാർ ആരും ഇല്ല. ആ വിമർശനം സത്യമാണ്. പക്ഷേ, നിങ്ങളൊരു കാര്യം മനസ്സിലാക്കണം. സിനിമ അഡ്രസ് ചെയ്യുന്നത് മുസ്ലിം തീവ്രവാദമായതുകൊണ്ടുതന്നെ അതിനെ കൗണ്ടർ ചെയ്യാനും ആ വിഭാഗത്തിൽ തന്നെയുള്ളവരെ വേണമെന്ന് തീരുമാനിക്കുകയായിരുന്നു. ഏതൊരു ആശയത്തിലും വ്യത്യസ്തമായ വായനകൾ ഉണ്ടാകുമല്ലോ? അതുകൊണ്ട് കൂടിയാണ് അങ്ങനെ ചെയ്തത്. അതല്ലെങ്കിൽ മറ്റു പലരീതിയിലും വ്യാഖ്യാനിക്കപ്പെടും. സിനിമയുമായി ബന്ധപ്പെട്ട് ഏറ്റവും വിമർശനങ്ങൾ ഉയർന്നത് സൗദി അറേബ്യയിൽനിന്നാണ്. സൗദിയിൽ ജോലിചെയ്യുന്ന ഒരുപാട് പേർ വിളിച്ചിരുന്നു. പലരും വൈകാരികമായാണ് പ്രതികരിച്ചത്. പ്രത്യേകിച്ചും അവിടെ സ്വദേശിവത്കരണം നടക്കുന്ന കാലമായതിനാൽതന്നെ ആളുകൾക്ക് പലതരം ആശങ്കകളുണ്ടായി. സൗദിയിൽനിന്നും എനിക്കെതിരെ ഒരുസംഘം ഫത്വ പുറപ്പെടുവിക്കുന്ന സാഹചര്യമുണ്ടായി. മിഡിലീസ്റ്റിൽ പലയിടത്തും സിനിമക്ക് സെൻസർ ഏർപ്പെടുത്തി. പലയിടത്തും സിനിമ അവസാന നിമിഷം തിയറ്ററിൽനിന്നും പിൻവലിക്കപ്പെട്ട സാഹചര്യമുണ്ടായി. പക്ഷേ മിഡിലീസ്റ്റിൽനിന്നും സിനിമ വലിയ കലക്ഷൻ നേടിയിട്ടുണ്ട്.
സിനിമയുടെ ഭാഗമായി ഒരുപാട് ഗവേഷണങ്ങൾ നടത്തിയിരുന്നു. എൻ.ഐ.എയിൽനിന്നും പല ഉദ്യോഗസ്ഥരും സഹായിച്ചു. പലതും പുറത്തുപറയാൻ ബുദ്ധിമുട്ടുണ്ട്. സത്യത്തിൽ ആ സംഭവം നടക്കുമ്പോൾ ഐ.എസിൽ മലയാളി സാന്നിധ്യമുള്ളതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നില്ല. യു.പിയിലെ കല്യാണിൽനിന്നുമുള്ള ഒരാൾമാത്രമാണ് ഐ.എസിൽ ചേർന്നു എന്ന് സ്ഥിരീകരിച്ച റിപ്പോർട്ടുണ്ടായിരുന്നത്. പിന്നെ നഴ്സുമാരുമായി സംസാരിച്ചപ്പോൾ മൂസിലിൽ ഇവർ ട്രീറ്റ് ചെയ്തവരിൽ ഒരു ഇന്ത്യക്കാരൻ ഉണ്ടായിരുന്നുവെന്ന് പറഞ്ഞു. അയാൾ മലയാളം സംസാരിച്ചിരുന്നോ എന്ന സംശയവും അവർ പങ്കുവെച്ചു. സംശയം മാത്രമായിരിക്കാം. ഈ സംഭവമാണ് സിനിമയിൽ ചേർത്തത്. ഇത് ചേർക്കണമോ എന്ന കാര്യത്തിൽ വലിയ ചർച്ചകൾ നടത്തി. അതിനുശേഷം തന്നെയാണ് ഉൾപ്പെടുത്തുന്നത്. പക്ഷേ, ആ മലയാളിയെ കാണിക്കുമ്പോൾ തന്നെ അതിനെതിരെയുള്ള ഒരു കൗണ്ടർ പോയന്റും സിനിമയിൽ കാണിക്കുന്നുണ്ട്. അത് കാണാതെ പോകരുത്.
‘മാലിക്കും’ സമാനമായ വിമർശനങ്ങൾ കേട്ടില്ലേ... ബീമാപള്ളി വെടിവെപ്പിൽനിന്നും ഒരുപാട് അകലെയുള്ള കാര്യങ്ങളല്ലേ സിനിമയിൽ അവതരിപ്പിച്ചത്...
നിങ്ങൾ ബീമാപള്ളിയിലെ വെടിവെപ്പിലേക്ക് സിനിമയെ ബന്ധിപ്പിക്കുമ്പോഴും ഞാൻ അങ്ങനെ പറയുന്നില്ല. ബീമാപള്ളി മാത്രമല്ല, കേരളത്തിലെ ഒരുപാട് രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ സിനിമയിലുണ്ട്. മാറാടും പൂന്തുറ വെടിവെപ്പും എല്ലാം സിനിമയിലുണ്ട്. സിനിമ റിലീസായ സമയത്ത് ഒരുപാട് ചർച്ചകൾക്ക് എന്നെ വിളിച്ചിരുന്നു. അവരോട് ഞാൻ പറഞ്ഞത് നിങ്ങൾക്ക് ബീമാപള്ളി വെടിവെപ്പിനെക്കുറിച്ചാണ് ചോദിക്കാനുള്ളതെങ്കിൽ അന്നത്തെ പാർട്ടി സെക്രട്ടറിയായ പിണറായി വിജയനെയോ ആഭ്യന്തര മന്ത്രിയായ കോടിയേരി ബാലകൃഷ്ണനെയോ വിളിക്കൂ എന്നാണ്. എനിക്ക് സംസാരിക്കാനുള്ളത് എന്റെ സിനിമയെക്കുറിച്ച് മാത്രമാണ്.
പക്ഷേ, ബീമാപള്ളി വെടിവെപ്പിനോട് സിനിമക്ക് വലിയ സാദൃശ്യമുണ്ട്. അത് നിഷേധിക്കാൻ കഴിയില്ലല്ലോ?
ഒരു കലാകാരൻ ചെയ്യുന്നത് ചുറ്റുപാടിൽനിന്നും കഥയുണ്ടാക്കുകയാണ്. അതിനുള്ള സ്വാതന്ത്ര്യം അയാൾക്കുണ്ട്. ഞാൻ സത്യമാണ് പറയുന്നത് എന്നുപറഞ്ഞല്ല സിനിമ ചെയ്യുന്നത്. എന്തായാലും സിനിമ വന്നപ്പോൾ ജനം ബീമാപള്ളിയെക്കുറിച്ചും അവിടെ നടന്ന ഒരു വെടിവെപ്പിനെക്കുറിച്ചും സംസാരിക്കാൻ തുടങ്ങിയല്ലോ. അതിൽ ഞാൻ സന്തോഷിക്കുന്നു. പി.ഡി.പിയുടെ നേതൃത്വത്തിൽ ബീമാപള്ളിയിൽ എന്റെ കോലം കത്തിച്ചെന്ന് കേട്ടു. ബീമാപള്ളിയിൽ എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. അവരിപ്പോഴും സുഹൃത്തുക്കൾതന്നെയാണ്.
തിരുവനന്തപുരത്ത് എം.എൽ.എ ഉള്ള മുസ്ലിം പാർട്ടിയെ സിനിമയിൽ േപ്ലസ് ചെയ്തതിലും പ്രശ്നമില്ലേ? ലത്തീൻ കത്തോലിക്ക വിഭാഗത്തെ ചിത്രീകരിച്ചതിലും പ്രശ്നമുണ്ടെന്ന് വിമർശനങ്ങളുയർന്നല്ലോ?
പലരും അത് മുസ്ലിം ലീഗിന്റെ പച്ചക്കൊടിയാണെന്ന് പറയുന്നു........... അഭിമുഖത്തിന്റെ പൂർണരൂപം madhyamam weekly webzine സബ്സ്ക്രൈബ് ചെയ്ത് വായിക്കാം - എൻഗേജ് ചെയ്യിക്കാത്ത സിനിമകൾ മോശമാണെന്ന് പറയരുത് -മഹേഷ് നാരായണൻ സംസാരിക്കുന്നു