മലയാള സിനിമയിലെ രുചി ഭേദങ്ങൾ; ഭക്ഷണത്തെ ചലച്ചിത്രങ്ങൾ പകർത്തിയ വിധം
ഭക്ഷണത്തിനുമേൽ ഫാഷിസം പിടിമുറുക്കുന്ന പശ്ചാത്തലത്തിൽ 'പൊതു'ബോധം സൃഷ്ടിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്ന മലയാള സിനിമ എങ്ങനെയൊക്കെയാണ് സ്വാധീനിച്ചത് എന്ന് അന്വേഷിക്കുന്നു. ഭക്ഷണവുമായി ബന്ധപ്പെടുത്തിയുള്ള കഥാപാത്ര പ്രതിനിധാനങ്ങളിലൂടെ ഹാസ്യം ഉൽപാദിപ്പിക്കുക, അന്യവത്കരണം നടപ്പാക്കുക എന്നീ ഉദ്ദേശ്യങ്ങളാണ് പ്രാബല്യം നേടിയതെന്ന് ചലച്ചിത്രനിരൂപകയും അധ്യാപികയുമായ ലേഖിക സമർഥിക്കുന്നു.
ഒരു ജനസമൂഹവുമായി സംവദിക്കുന്ന ചലച്ചിത്രത്തിെൻറ ഭാഷ അനേകം സാംസ്കാരിക വ്യവഹാരങ്ങൾ ഉള്ളടങ്ങുന്നതാണ്. സംഭാഷണം, ദൃശ്യം, ആവിഷ്കരണരീതി എന്നിവ ഉപയോഗിച്ച് ചലച്ചിത്രത്തിലൂടെ വിനിമയം ചെയ്യുന്ന സാംസ്കാരിക മുദ്രകൾ സമൂഹത്തെ സംബന്ധിച്ച ധാരണകളെ രൂപപ്പെടുത്തുകയും ക്രമീകരിക്കുകയും ചെയ്യുന്നു. ഭാഷാഭേദങ്ങളെയും സവിശേഷ സമുദായങ്ങളെയും അടയാളപ്പെടുത്തുന്നതിനായി സിനിമയിൽ ഉപയോഗിക്കുന്ന ശാബ്ദിക ഘടകങ്ങളാണ് സംഭാഷണം, പശ്ചാത്തല സംഗീതം, ഗാനങ്ങൾ എന്നിവ. എന്നാൽ, കാഴ്ചയുടെ കലയായ സിനിമയിൽ ശബ്ദത്തേക്കാൾ ദൃശ്യങ്ങളിലൂടെ സംവേദനം ചെയ്യുന്ന സാംസ്കാരിക മുദ്രകളാണ് പ്രാധാന്യം നേടുന്നത്. സമുദായം, ജാതി, വർഗം, ലിംഗം, പ്രദേശം തുടങ്ങിയവയുടെ പ്രതിനിധാനം സിനിമയിൽ വേഗത്തിൽ സാധ്യമാക്കുന്നതിനായി പ്രയോഗിക്കുന്ന സാംസ്കാരിക സൂചനകളാണ് ഭക്ഷണം, വസ്ത്രധാരണം, സദാചാരമൂല്യങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ തുടങ്ങിയവ. ഇവയിൽ സൂക്ഷ്മരാഷ്ട്രീയം പ്രതിപാദിക്കുന്നതിനുള്ള ഉപകരണം എന്ന നിലയിൽ സിനിമകളിൽ കൂടുതലായി ഉപയോഗിക്കപ്പെട്ടിട്ടുള്ളത് ഭക്ഷണത്തെ കേന്ദ്രീകരിച്ചുള്ള സൂചനകളാണ്. ദാരിദ്യ്രം, സമ്പന്നത എന്നിവയെ വൈരുധ്യങ്ങളെന്ന നിലയിൽ ആവിഷ്കരിക്കുന്ന പൂർവകാല സിനിമകളിൽ ഭക്ഷണബിംബങ്ങൾ യഥാക്രമം കാലിയായതും നിറഞ്ഞതുമായ തീൻമേശബിംബങ്ങളിലൂടെ അവതരിപ്പിച്ചിരുന്നു. ഇതിൽനിന്ന് വ്യത്യസ്തമായി, മനുഷ്യെൻറ അനുദിനജീവിതത്തെ മുദ്രണം ചെയ്യുന്ന പ്രവണത സജീവമാകുന്ന ചലച്ചിത്ര സന്ദർഭത്തിലാണ് ഭക്ഷണം ഒരു മുഖ്യഘടകം എന്ന നിലയിൽ സ്വീകാര്യത നേടുന്നത്. ആഗോളീകരണാനന്തര കേരളീയ സമൂഹത്തിൽ സാർവജനീനവും പ്രാദേശികവുമായ രുചി അന്വേഷണങ്ങൾ വർധിക്കുന്നുണ്ട്. സിനിമകളിൽ രുചിയുടെ വേരുകൾ തിരയുന്നതും സാംസ്കാരിക ഈടുവെപ്പുകളിലേക്ക് പരക്കുന്നതുമായ ആഖ്യാനവഴികൾ സജീവമാണ്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് മലയാള സിനിമയിലെ ഭക്ഷണത്തെ സംബന്ധിച്ച ആഖ്യാനങ്ങൾ മുന്നോട്ടുവെക്കുന്ന ദൃശ്യങ്ങളുടെ രാഷ്ട്രീയാന്വേഷണം പ്രസക്തമാകുന്നത്.
അൻവർ റഷീദിെൻറ 'ഉസ്താദ് ഹോട്ടലി'ൽ (2012) മാത്രമാണ് പൂർണമായ അർഥത്തിൽ ഭക്ഷണവുമായി ബന്ധപ്പെട്ട് പ്രണയം, മനുഷ്യബന്ധങ്ങൾ, തൊഴിൽ തിരഞ്ഞെടുപ്പുകൾ എന്നിവ മുതൽ ഭക്ഷണത്തിലൂടെ വികസിതമാകുന്ന ലോകബോധം, ആത്മീയതവരെയുള്ളവ ആവിഷ്കരിച്ചിട്ടുള്ളത്
സിനിമയെ നിർണയിക്കുന്ന മുഖ്യഘടകമെന്ന നിലയിൽ ഭക്ഷണം പ്രസക്തമാകുന്ന തരം ആവിഷ്കാരങ്ങളെയാണ് ഫുഡ് മൂവി എന്ന സിനിമാഗണം അഭിസംബോധന ചെയ്യുന്നത്. ഭക്ഷ്യവസ്തുക്കളിലൂടെ ദൃശ്യഭാഷ രൂപപ്പെടുത്തുകയും മുഖ്യ കഥാപാത്രങ്ങളെയും അവരുടെ സ്വത്വബോധത്തെയും ഭക്ഷണവുമായി ബന്ധപ്പെട്ട പ്രമേയങ്ങളിലൂടെ അടയാളപ്പെടുത്തുകയും ചെയ്യുന്ന സിനിമകളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഇത്തരം സിനിമകളിൽ കഥാപാത്രങ്ങളുടെ വ്യക്തിത്വം, അധികാരം, വർഗം, ബന്ധങ്ങൾ മുതലായവ ആഖ്യാനം ചെയ്യുന്നത് ആഹാരത്തെ കേന്ദ്രീകരിച്ചുകൊണ്ടായിരിക്കും. വ്യക്തിപരവും സാമുദായികവുമായ വശങ്ങൾ അടയാളപ്പെടുത്തുന്ന സാംസ്കാരിക ചിഹ്നം എന്ന നിലയിലാണ് ഇവിടെ ഭക്ഷണം പ്രസക്തമാകുന്നത്. ഭക്ഷണം പാകം ചെയ്യുന്നതിനായുള്ള അഭിനിവേശം, ഉപഭോക്താവിെൻറ പ്രതികരണം, ഭക്ഷണവുമായി ബന്ധപ്പെട്ട തൊഴിൽ മേഖലകൾ തുടങ്ങിയവയുടെ ആവിഷ്കാരം ഈ സിനിമാഗണത്തിൽ പൊതുവിൽ പ്രകടമാകുന്നു. മലയാളത്തെ സംബന്ധിച്ചിടത്തോളം സിനിമകളിൽ സാംസ്കാരിക സൂചനകൾ സന്നിവേശിപ്പിക്കുന്നതിന് ഭക്ഷണരംഗങ്ങൾ കൂടുതലായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഫുഡ് മൂവി എന്ന ഗണത്തിൽ ഉൾപ്പെടുത്താവുന്ന സിനിമകൾ വിരളമാണ്. അൻവർ റഷീദിെൻറ 'ഉസ്താദ് ഹോട്ടലി'ൽ (2012) മാത്രമാണ് പൂർണമായ അർഥത്തിൽ ഭക്ഷണവുമായി ബന്ധപ്പെട്ട് പ്രണയം, മനുഷ്യബന്ധങ്ങൾ, തൊഴിൽ തിരഞ്ഞെടുപ്പുകൾ എന്നിവ മുതൽ ഭക്ഷണത്തിലൂടെ വികസിതമാകുന്ന ലോകബോധം, ആത്മീയതവരെയുള്ളവ ആവിഷ്കരിച്ചിട്ടുള്ളത്.
രുചിയുടെ കാഴ്ചയും കാമനയും
മലയാള സിനിമകളിൽ ഭക്ഷണം അനിവാര്യഘടകമെന്ന നിലയിൽ ചിത്രീകരിച്ച് തുടങ്ങുന്നത് 2010ന് ശേഷമുള്ള കാലയളവിലാണ്. പ്രാദേശികമായ ഇടങ്ങളിലേക്കും ചുറ്റുപാടുകളിലേക്കും പരക്കുന്ന സിനിമാക്കാഴ്ചകളുടെ അനുബന്ധമെന്ന നിലയിലും സവിശേഷ സാംസ്കാരികതകളുടെ അടയാളങ്ങൾ എന്ന വിധത്തിലുമാണ് ഈ ഘട്ടത്തിൽ സിനിമകളിൽ രുചിവൈവിധ്യങ്ങൾക്ക് പ്രാമുഖ്യം ലഭിക്കുന്നത്. സമാന്തരമായി 'സോൾട്ട് & പെപ്പർ' (2011) എന്ന ചിത്രത്തിന് ലഭിച്ച വിപണിവിജയവും നിരൂപകശ്രദ്ധയും ഭക്ഷണബിംബങ്ങൾക്ക് പിൽക്കാല സിനിമകളിൽ ഉൗന്നൽ ലഭിക്കുന്നതിന് കാരണമാകുകയും ചെയ്തു. മലയാള ചലച്ചിത്രങ്ങളിലെ ഭക്ഷണസൂചനകളെ മുൻനിർത്തിയുള്ള അന്വേഷണത്തിൽ രണ്ട് തരത്തിലുള്ള സമീപനരീതികൾ പ്രസക്തമാകുന്നു.
1. ഭക്ഷണം മുഖ്യപ്രമേയമായി വരുന്ന സിനിമാഖ്യാനങ്ങൾ മുന്നോട്ടുവെക്കുന്ന പാരമ്പര്യം, ലിംഗപദവി എന്നിവയെ സംബന്ധിക്കുന്ന നിലപാടുകൾ.
2. സാംസ്കാരിക മുദ്രകളെ സന്നിവേശിപ്പിക്കുന്ന ഭക്ഷണബിംബങ്ങളും അവയിലൂടെ വിനിമയം ചെയ്യുന്ന സിനിമയുടെ സൂക്ഷ്മ രാഷ്ട്രീയവും.
ഭക്ഷണത്തെ കേന്ദ്രീകരിച്ച് ആഖ്യാനം ക്രമീകരിച്ചിട്ടുള്ള നിരവധി ചിത്രങ്ങൾ മലയാളത്തിൽ രൂപപ്പെട്ടിട്ടുണ്ട്. ഗ്രാമീണമൂല്യബോധം അവതരിപ്പിക്കുന്നതും പാചകത്തെ ഒരു തൊഴിൽമേഖല എന്ന നിലയിൽ അഭിസംബോധന ചെയ്തിട്ടുള്ളതുമായ ചില ചിത്രങ്ങൾ ഇത്തരത്തിൽ പ്രസക്തമാണ്. 'പവിത്രം' (1994), 'കല്യാണരാമൻ' (2002) എന്നീ ചിത്രങ്ങളിൽ പാചകം പരമ്പരാഗതമായ തൊഴിലെന്ന നിലയിൽ പിന്തുടരുന്ന ആൺമക്കൾ ആഖ്യാനകേന്ദ്രമാകുന്നു. ഇതിൽനിന്ന് വ്യത്യസ്തമായി 'ശ്രീധരെൻറ ഒന്നാം തിരുമുറിവ്' (1987), 'മിസ്റ്റർ ബട്ലർ' (2000) എന്നിവയിൽ പാരമ്പര്യത്തിൽനിന്ന് വ്യത്യസ്തവും നാഗരിക അഭിരുചികൾ പിന്തുടരുന്നതുമായ പാചകവഴികളാണ് അവതരിപ്പിക്കുന്നത്. അതിജീവന ശ്രമങ്ങളുടെ ഭാഗമായി ഭക്ഷണത്തെ ഒരു വാണിജ്യമേഖലയെന്ന നിലയിലേക്ക് പരിവർത്തിപ്പിക്കുന്ന പുരുഷ കഥാപാത്രങ്ങൾ ആഖ്യാനത്തിെൻറ കേന്ദ്രമാകുന്ന 'സ്പാനിഷ് മസാല' (2012), 'Proprietors: കമ്മത്ത് & കമ്മത്ത്' (2013), 'ലൈഫ് ഓഫ് ജോസൂട്ടി' (2015) തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധ നേടുന്നു. മുഖ്യ കഥാപാത്രങ്ങളുടെ തൊഴിൽമേഖല എന്നതിലുപരിയായുള്ള തലങ്ങളിലേക്ക് ഇത്തരം ചിത്രങ്ങളിലെ ഭക്ഷണവുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ വികസിക്കുന്നില്ല. മാത്രവുമല്ല, പുരുഷനിഷ്ഠമായ തൊഴിൽ എന്ന നിലയിലാണ് ഭക്ഷണവ്യാപാരത്തെ ഈ ചിത്രങ്ങളിൽ ആവർത്തിച്ച് ആഖ്യാനം ചെയ്തിരിക്കുന്നത്. ഇതിൽനിന്ന് വ്യത്യസ്തമായ സമീപനം 'പട്ടാഭിരാമൻ' (2019), 'വിജയ് സൂപ്പറും പൗർണമിയും' (2019), 'സാജൻ ബേക്കറി Since 1962' (2021) തുടങ്ങിയ ചിത്രങ്ങളിൽ പ്രകടമാകുന്നു. വ്യാപാരമെന്ന നിലയിൽ സ്ത്രീകൾക്കുകൂടി പങ്കാളിത്തമുള്ള ഇടങ്ങളിലേക്കുള്ള വികാസമാണ് ഇവയിൽ പ്രത്യക്ഷപ്പെടുന്നത്. 'വിജയ് സൂപ്പറും പൗർണമിയും' എന്ന ചിത്രത്തിൽ ആഹാരം കഴിക്കുക എന്ന പ്രക്രിയയെ അനുഭവമാക്കി പരിവർത്തിപ്പിക്കുന്നതിെൻറ വാണിജ്യസാധ്യതകൾ തിരയുന്ന സ്ത്രീ കഥാപാത്രം സവിശേഷ ശ്രദ്ധ നേടുന്നു.
പാചകാഭിരുചിയുമായി ബന്ധപ്പെട്ട പാരമ്പര്യത്തിെൻറ തുടർച്ചകളും വിച്ഛേദങ്ങളും മുഖ്യ ആഖ്യാനഘടകമെന്ന നിലയിൽ ആവിഷ്കൃതമായ സിനിമകളാണ് 'ഉസ്താദ് ഹോട്ടൽ', 'സാജൻ ബേക്കറി Since 1962' എന്നിവ. 'ഉസ്താദ് ഹോട്ടലി'ൽ കരീമിക്കയുടെ (തിലകൻ) അഭിരുചികൾ കൊച്ചുമകൻ ഫൈസലിനും (ദുൽഖർ സൽമാൻ), 'സാജൻ ബേക്കറി'യിൽ സാജെൻറ (അജു വർഗീസ്) കൈപ്പുണ്യം മകൾ ബെറ്റ്സിക്കും (ലെന) ലഭിക്കുന്നു. അപ്പനിൽനിന്ന് ആൺമക്കളിലേക്ക് കൈമാറുന്ന വിധത്തിലുള്ള സാമ്പ്രദായിക ആഖ്യാനങ്ങളിൽനിന്ന് ഇവ വ്യത്യസ്തത പുലർത്തുന്നു. സംഭവങ്ങളെ കേന്ദ്രീകരിച്ച് കഥ പുരോഗമിക്കുന്ന വിധത്തിലുള്ള ആഖ്യാനരീതി 'ഉസ്താദ് ഹോട്ടലി'ൽ സ്വീകരിക്കുമ്പോൾ താരതമ്യേന വിശദാംശങ്ങളിലേക്ക് പരക്കുന്നതും യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്നതുമായ പരിചരണമാണ് 'സാജൻ ബേക്കറി'യിൽ ഉപയോഗിച്ചിരിക്കുന്നത്. പ്രാദേശിക രുചിക്കൂട്ടുകളെ കാലഘട്ടത്തിന് അനുയോജ്യമായ പരിഷ്കരണങ്ങളിലൂടെ നിലനിർത്തിക്കൊണ്ട് ഇരു ചിത്രങ്ങളും പര്യവസാനിക്കുകയും ചെയ്യുന്നു. തനത് രുചിക്കൂട്ടുകളുടെ രഹസ്യസ്വഭാവം, കൈപ്പുണ്യം എന്ന അധികശേഷി എന്നിവ യൂട്യൂബ് ഫുഡ് ചാനലുകളുടെ സന്ദർഭത്തിലും പ്രസക്തമാണെന്ന വിധത്തിലാണ് 'സാജൻ ബേക്കറി'യിൽ ആഖ്യാനം ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ, ഭക്ഷണത്തെയും കഴിപ്പിക്കുക എന്ന പ്രക്രിയയെയും കേന്ദ്രീകരിച്ച് കഥാപാത്രങ്ങളുടെ വൈകാരികതകളും സാമൂഹിക ബന്ധങ്ങളും ആത്മീയതയുമടക്കമുള്ള സമസ്ത ജീവിതാന്തസ്സ് ആവിഷ്കാരം നേടുന്നത് 'ഉസ്താദ് ഹോട്ടലി'ലാണ്. ഭക്ഷണത്തെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുക്കുന്ന ജീവിതരീതിയും ലോകബോധവും ആത്മീയതയും പ്രസ്തുത ചിത്രത്തെ ഒരു ക്ലാസിക് എന്ന നിലയിലേക്ക് രൂപാന്തരപ്പെടുത്തുന്നു.
ഭക്ഷണത്തിെൻറ/ രുചിയുടെ ആസ്വാദനം അഭിസംബോധന ചെയ്യപ്പെടുന്ന സന്ദർഭങ്ങൾ ഭക്ഷണത്തിന് പ്രാമുഖ്യം നൽകുന്ന സിനിമകളിൽ ചേരുവയെന്ന നിലയിൽ അവതരിപ്പിക്കപ്പെടാറുണ്ട്. 'ഉസ്താദ് ഹോട്ടലി'ൽ കരീമിക്കയും ഫൈസിയും സുലൈമാനി രുചിക്കുന്ന സന്ദർഭം ഉദാഹരണമാണ്. പ്രസ്തുത സാഹചര്യത്തിൽ തലമുറകളിലൂടെ തുടരുന്ന രുചിയുടെ കൂട്ടായ്മാ സ്വഭാവം ധ്വനിപ്പിക്കപ്പെടുന്നു. 'സാജൻ ബേക്കറി'യിൽ ക്രീം ബൺ കഴിക്കുന്ന ബഞ്ചമിൻ മുതലാളി (ജാഫർ ഇടുക്കി) ബാല്യകാലത്തിലെ രുചിയനുഭവം വാർധക്യത്തിൽ വീണ്ടെടുക്കുന്നതായി ചിത്രീകരിച്ചിട്ടുണ്ട്. കൂടാതെ, 'സോൾട്ട് & പെപ്പർ', 'അങ്കമാലി Diaries' (2017) എന്നീ ചിത്രങ്ങളിലും രുചി അനുഭവങ്ങളുടെ കൂട്ടായ്മാ സ്വഭാവമാണ് പ്രാമാണ്യം നേടുന്നത്. 'സോൾട്ട് & പെപ്പറി'ൽ ഒറ്റപ്പെടലുകളെ രുചിയന്വേഷണങ്ങളിലൂടെ നേരിട്ടിരുന്ന മധ്യവയസ്കരായ കാളിദാസൻ (ലാൽ), മായ കൃഷ്ണൻ (ശ്വേത മേനോൻ) എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ഇവരുടെ ലോകം ക്രമേണ പാചകത്തിെൻറയും പങ്കുവെപ്പിെൻറയും കൂട്ടായ്മകളിലൂടെ വികസിക്കുന്നു.
അനേകം ചേരുവകൾ ഉൾപ്പെടുത്തി ദിവസങ്ങൾ ചെലവഴിച്ച് ഇരുവരും വ്യത്യസ്ത ഇടങ്ങളിലുണ്ടാക്കുന്ന കേക്ക്, ഒരേസമയം ആസ്വദിക്കുന്ന സന്ദർഭം േപ്രക്ഷകരിലേക്ക് രുചിയനുഭവങ്ങൾ സംവേദനം ചെയ്യുന്ന വിധത്തിലാണ് സംവിധാനം ചെയ്തിട്ടുള്ളത്. അങ്കമാലിയിലെ പ്രത്യേക വിഭവങ്ങൾ കുടുംബ പശ്ചാത്തലത്തിലും സൗഹൃദങ്ങളോടൊപ്പവും ആസ്വദിക്കുന്ന യുവാക്കളുടെ ആവിഷ്കാരത്തിന് 'അങ്കമാലി Diaries' എന്ന ചിത്രത്തിൽ ലഭിക്കുന്ന ഉൗന്നലും ഇത്തരത്തിൽ പ്രസക്തമാകുന്നു. കാലം കടന്നുപോകുന്നതും അഭിരുചികൾ മാറുന്നതും ഭക്ഷണത്തിെൻറ മധ്യസ്ഥതയിലാണ് ഈ ചിത്രത്തിൽ ക്രമീകരിച്ചിട്ടുള്ളത്. ഭക്ഷ്യവിഭവങ്ങളുടെ ദൃശ്യങ്ങൾ ഉള്ളടങ്ങുന്ന ഗാനങ്ങൾ 'േസാൾട്ട് & പെപ്പറി'ലും (ചെമ്പാവ് പുന്നെല്ലിൻ ചോറോ...), 'അങ്കമാലി Diaries'ലും (എട്ടുനാടും കീർത്തിപ്പെട്ടൊരങ്കമാലി തലപ്പള്ളി...) അവതരിപ്പിച്ചിട്ടുള്ളത് ആസ്വാദനത്തിന് പ്രാമുഖ്യം നൽകുന്ന വിധത്തിലാണ്.
ഭക്ഷണബിംബങ്ങളും സൂക്ഷ്മരാഷ്ട്രീയവും
സംസ്കാരപഠനത്തിെൻറ ആവിർഭാവത്തോടെ ചലച്ചിത്രപഠന മേഖലയിൽ സംഭവിച്ച പ്രധാന മാറ്റങ്ങളിലൊന്ന് സിനിമകളിലെ സൂചകങ്ങളുടെ അധികാര-രാഷ്ട്രീയ മാനങ്ങൾ വെളിപ്പെടുത്തുന്ന സമീപനരീതി വികസിച്ചുവെന്നതാണ്. ഇപ്രകാരം, സാംസ്കാരിക ചിഹ്നങ്ങളിലൂടെ സിനിമയിൽ അർഥം രൂപവത്കൃതമാകുന്നത് എപ്രകാരമാണെന്ന അന്വേഷണത്തിന് സാധ്യതകളേറുന്നു. ചലച്ചിത്രങ്ങളിൽ കഥാപാത്രത്തിെൻറ വ്യക്തിത്വം വെളിപ്പെടുത്തുന്ന തരത്തിലോ കുടുംബാന്തരീക്ഷത്തെ സംബന്ധിച്ച ധാരണ നിർമിക്കുന്ന വിധത്തിലോ ഭക്ഷണരംഗങ്ങൾ സന്നിവേശിപ്പിക്കപ്പെടാറുണ്ട്. കെ.ജി. ജോർജിെൻറ 'ഇരകൾ' (1985), 'മറ്റൊരാൾ' (1988) എന്നീ ചിത്രങ്ങളിലെ ഭക്ഷണരംഗങ്ങൾ ഇതിന് ഉദാഹരണമായി പരിഗണിക്കാവുന്നവയാണ്. 'ഇരകളി'ൽ ബേബി മാത്യൂസ് (കെ.ബി. ഗണേഷ് കുമാർ) എന്ന മുഖ്യ കഥാപാത്രം കുടുംബത്തിലെ തീന്മേശയിൽ ഒറ്റക്കിരുന്ന് ഭക്ഷണം കഴിക്കുന്ന രംഗങ്ങളാണ് മുഖ്യമായും അവതരിപ്പിച്ചിട്ടുള്ളത്. താൻ നടത്തിയ രണ്ട് കൊലപാതകങ്ങൾക്ക് ശേഷവും ബേബി തനിച്ചിരുന്ന് ആഹാരം കഴിക്കുന്നു. കൂട്ടുകുടുംബത്തിലെ അംഗങ്ങളിൽനിന്ന് അകലം പ്രകടിപ്പിക്കാനുള്ള അയാളുടെ താൽപര്യം ഇത്തരം രംഗങ്ങളിലൂടെ വെളിപ്പെടുന്നു. 'മറ്റൊരാൾ' എന്ന ചിത്രം ആരംഭിക്കുന്നത് അണുകുടുംബത്തിലെ തീന്മേശ രംഗം അവതരിപ്പിച്ചുകൊണ്ടാണ്. ഭർത്താവിനും മക്കൾക്കും ആവശ്യമായ ആഹാരസാധനങ്ങൾ സമയാസമയം തീന്മേശയിലെത്തിക്കുന്ന സുശീലയുടെ (സീമ) കഥാപാത്രം അടുക്കളയിലെ വീട്ടുപകരണങ്ങളോടൊപ്പം എളുപ്പത്തിൽ ചിത്രത്തിൽ സ്ഥാനപ്പെടുന്നു. തീന്മേശയിലിരുന്ന് ഭക്ഷണം കഴിക്കുന്ന സുശീലയെ പ്രസ്തുത ചിത്രം അവതരിപ്പിക്കുന്നതേയില്ല. വീട്ടകത്തിലെ അവരുടെ നില വെളിപ്പെടുത്താനും കുടുംബാന്തരീക്ഷത്തെ സംബന്ധിച്ച ധാരണ രൂപപ്പെടുത്താനും ഈ രംഗങ്ങൾ പര്യാപ്തമാണ്.
കെ.ജി. ജോർജിെൻറ ഇവിടെ പരാമർശവിധേയമായ സിനിമകളിൽ സാംസ്കാരിക സൂചനകൾ എന്നതിലുപരിയായി കഥാപരിചരണത്തോട് ചേർന്നുനിൽക്കുന്ന വിധത്തിലാണ് തീന്മേശ-ഭക്ഷണ രംഗങ്ങൾ ഉപയോഗിച്ചിട്ടുള്ളതെന്ന് വ്യക്തമാകുന്നു. എന്നിരുന്നാലും, വ്യക്തിയുടെ ആന്തരിക സംഘർഷങ്ങൾ ആവിഷ്കരിക്കുന്നതിന് തീന്മേശ രംഗങ്ങൾ ഉപയോഗിക്കുന്നത് എപ്രകാരമാണെന്ന അന്വേഷണത്തിന് സാധ്യത അവശേഷിക്കുന്നു. എന്നാൽ, ഇത്തരം സുഘടിതമായ ചലച്ചിത്രാഖ്യാനങ്ങളിൽനിന്ന് വ്യതിരിക്തമായ ദൃശ്യപരിചരണമാണ് 2010ന് ശേഷം പുറത്തുവന്നതും ശിഥില ഘടന പിന്തുടരുന്നതുമായ ഭൂരിഭാഗം മലയാള ചിത്രങ്ങളിലും സ്വീകരിച്ചുകാണുന്നത്. മാത്രവുമല്ല, ജാതി- മത- ലിംഗ- വർഗ പരിേപ്രക്ഷ്യങ്ങൾ വെളിപ്പെടുത്തുന്നതും ധ്വനന ശേഷിയുള്ളതുമായ അനേകം സൂചകങ്ങൾ ആഹാരവുമായി ബന്ധപ്പെട്ട സന്ദർഭങ്ങളിലൂടെ ചിത്രങ്ങളിൽ പ്രകടമാകുന്നു. കഴിക്കുന്നവ/കഴിക്കാത്തവ/എറിഞ്ഞു കളയുന്നവ/കരുതി വെക്കുന്നവ/ മോഷ്ടിക്കുന്നവ എന്നിങ്ങനെ ഭക്ഷണം വിനിമയംചെയ്യുന്ന രാഷ്ട്രീയത്തോട് ചേർന്നുനിൽക്കുന്ന ക്രിയകൾ ചലച്ചിത്രങ്ങളിൽ പ്രസക്തമാകുന്നു. കഥാപാത്രങ്ങളുടെ പ്രവൃത്തികളോടൊപ്പം ഭക്ഷണത്തോട് ബന്ധപ്പെട്ട സംഭാഷണങ്ങളിലൂടെയും സാംസ്കാരികത വെളിവാക്കുന്ന രീതി ചലച്ചിത്രങ്ങളിൽ സ്വീകരിച്ചിട്ടുണ്ട്.
ഭക്ഷണത്തെക്കുറിച്ചുള്ള ഭാഷാപ്രയോഗങ്ങളിലും ചില ഭക്ഷ്യവസ്തുക്കളുടെ വർജനത്തിലും ജാതിസൂചനകൾ ഉള്ളടങ്ങുന്നത് എപ്രകാരമാണെന്ന് വ്യക്തമാകുന്നതിന് എസ്. ഹരീഷിെൻറ മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ എന്ന കഥയിലെ ഒരു സന്ദർഭം പരിശോധിക്കാം: പവിത്രയുടെ അമ്മയും വകയിലുള്ള വല്ല്യമ്മയും ചേർന്ന് പാൽപ്പായസമുൾപ്പെടെ നല്ലൊരു സദ്യയുണ്ടാക്കി. പരിപ്പ് കറിയുടെ കൂടെക്കഴിക്കാൻ പശുവിൻ നെയ്യ് തന്നെ വരുത്തി. പതിവിന് വിപരീതമായി അവിയലിലും പുളിശേരിയിലും വെളുത്തുള്ളി ചേർത്തില്ല. ''ചോറ് തിന്നാനെത്ര പേര് കാണും'', പച്ചടിക്ക് കൈതച്ചക്ക നുറുക്കുന്നതിനിടെ വല്ല്യമ്മ ചോദിച്ചു. ''ചോറ് തിന്നുകാന്നൊന്നും പറയേണ്ട വല്ല്യമ്മേ. ചോറുണ്ണാം എന്നേ അവരോട് പറയാവൂ'', പവിത്രയുടെ അമ്മ ശാസിച്ചു.
ഈഴവ പശ്ചാത്തലത്തിലുള്ള കുടുംബാന്തരീക്ഷത്തിലേക്ക് വിവാഹത്തോടനുബന്ധിച്ച് എത്തിച്ചേരുന്ന നായർ കുടുംബത്തെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കഥാസന്ദർഭമാണിത്. സമാനമായി, ആഹാരം കഴിക്കുന്നതുമായി ബന്ധപ്പെട്ട തിന്നുക/ഉണ്ണുക എന്നീ പദപ്രയോഗങ്ങളിലൂടെ ജാതി വ്യക്തമാക്കുന്ന സന്ദർഭം 'തൊണ്ടിമുതലും ദൃക്സാക്ഷിയും' (2017) എന്ന ചിത്രത്തിലും പ്രത്യക്ഷപ്പെടുന്നു. പ്രസ്തുത ചിത്രത്തിൽ മുഖ്യ കഥാപാത്രമായ പ്രസാദിേൻറത് (സുരാജ് വെഞ്ഞാറമൂട്) ഈഴവ പശ്ചാത്തലത്തിലുള്ള കുടുംബമാണെന്നതും ശ്രീജയുടേത് (നിമിഷ സജയൻ) നായർ പശ്ചാത്തലമാണെന്നതും നിരവധി സാംസ്കാരിക സൂചനകളിലൂടെയാണ് അവതരിപ്പിച്ചിട്ടുള്ളത്. പ്രസാദിനോടൊപ്പം ഇറങ്ങിപ്പുറപ്പെടുന്ന ശ്രീജ അയാളുടെ കുടുംബത്തിലെ സ്ത്രീകളോട് സംസാരിക്കുന്ന രാത്രി രംഗത്തിൽ ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ടാണ് ജാതിവ്യത്യാസം സൂചിതമാകുന്നത്. പ്രസാദിെൻറ അമ്മ ''സാധാരണ എത്ര മണിക്കാണ് ചോറ് തിന്നണത്'എന്ന് ശ്രീജയോട് ചോദിക്കുന്നു. ''ഒരു എട്ടെട്ടരയാകുമ്പോൾ ഉണ്ണും'' എന്ന അവളുടെ മറുപടി ചുറ്റും കൂടി നിൽക്കുന്ന സ്ത്രീകളിൽ ചിരിപടർത്തുന്നതായി ചിത്രീകരിച്ചിട്ടുണ്ട്. മാത്രവുമല്ല, ഞങ്ങളൊക്കെ ഒമ്പത് ഒമ്പതരയാകുമ്പോഴാണ് ഉണ്ണണെ എന്ന് ഒരു സ്ത്രീ ശ്രീജയെ പരിഹസിക്കുകയും ചെയ്യുന്നു.
മധുപാൽ സംവിധാനംചെയ്ത 'ഒഴിമുറി' (2012) എന്ന ചിത്രത്തിൽ തിരുവിതാംകൂറിലെ നായർ സമുദായത്തിെൻറ ഭക്ഷണശീലങ്ങളെ താരതമ്യേന വിശദമായി പ്രതിപാദിക്കുന്നു. സാമൂഹിക മാന്യതയുടെയും ആണത്ത പ്രകടനങ്ങളുടെയും തലങ്ങളിലേക്ക് വികസിതമാകുന്ന ഭക്ഷണകേന്ദ്രിത സംസ്കാരം 'ഒഴിമുറി'യിൽ അവതരിപ്പിച്ചിട്ടുള്ളത് ഭൂതകാലസൂചനകളോടെയാണ്. സദ്യയിലെ ക്രമങ്ങൾ, സദ്യക്ക് ക്ഷണിക്കുന്നതിനോടുള്ള പ്രതികരണം എപ്രകാരമായിരിക്കണം എന്നിങ്ങനെ ആഭിജാത്യത്തിെൻറ സൂചകം എന്ന നിലയിൽ ഭക്ഷണത്തെ സമീപിക്കുന്ന ജീവിതരീതിയുടെ ഘോഷണം പ്രസ്തുത ചിത്രത്തിൽ പ്രകടമാകുന്നു. ഭക്ഷണം കഴിക്കുന്ന ശൈലി, രുചിയെ സംബന്ധിച്ച് സഭയിൽ നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ എന്നിവയിലൂടെ വ്യക്തിയുടെ സമുദായവും ആഢ്യത്വവും വ്യക്തമാകുന്നതാണെന്ന് പ്രസ്തുത ചിത്രത്തിലെ ശരത് (ആസിഫ് അലി) എന്ന കഥാപാത്രം വിശദീകരിക്കുന്നുണ്ട്. ഭക്ഷണത്തിലൂടെ പ്രകാശിതമാകുന്ന ജാതിസ്വത്വത്തിെൻറ അടയാളങ്ങളാണ് ഇപ്രകാരം അഭിസംബോധന ചെയ്യപ്പെടുന്നത്.
കുടിയേറ്റവുമായി ബന്ധപ്പെടുത്തിയും വർഗവ്യത്യാസത്തെ അടയാളപ്പെടുത്തുന്ന സൂചകമെന്ന നിലയിലുമാണ് ഭക്ഷണം ൈക്രസ്തവ പശ്ചാത്തലമുള്ള ചലച്ചിത്ര പ്രതിനിധാനങ്ങളിൽ കൂടുതലായി ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. കിഴക്കൻമലയിൽ ഉണക്കപ്പരവ കഴിച്ച് താമസിക്കുന്നവരെക്കുറിച്ചുള്ള പരാമർശം 'കോട്ടയം കുഞ്ഞച്ചനി'ൽ പ്രത്യക്ഷപ്പെടുന്നുണ്ട്
ഭരതൻ സംവിധാനംചെയ്ത 'മിന്നാമിനുങ്ങിെൻറ നുറുങ്ങുവെട്ടം' (1987) എന്ന ചിത്രത്തിലും ഭക്ഷണവുമായി ബന്ധപ്പെടുത്തി ജാതിസൂചനകൾ ആവിഷ്കരിച്ചിട്ടുണ്ട്. നായർ സമുദായത്തിലുൾപ്പെട്ട രാവുണ്ണി നായരുടെയും (നെടുമുടി വേണു), സരസ്വതിയമ്മയുടെയും (ശാരദ) വീട്ടിലെത്തുന്ന ഭദ്രൻ നമ്പൂതിരിപ്പാടിെൻറ (എം.എസ്. തൃപ്പൂണിത്തുറ) വാക്കുകളിൽനിന്ന് ഭക്ഷണവും വൃത്തിയും സംബന്ധിച്ച ജാതിബോധം വെളിപ്പെടുന്നു. കൂടാതെ, രാവുണ്ണി നായരുടെ അറുപതാം പിറന്നാളിെൻറ ഭാഗമായി നടത്തുന്ന സദ്യയിൽ കീഴാളജനതക്ക് സദ്യ നൽകുന്ന രംഗമുണ്ട്. മുറ്റത്ത് വിരിച്ച ഇലയിൽ സദ്യ വിളമ്പുന്നതിനോടൊപ്പം തലയിൽ എണ്ണ ഒഴിച്ചു നൽകുകയും ചെയ്യുന്ന രംഗം ഭക്ഷണവുമായി ബന്ധപ്പെട്ട ശുദ്ധി- അശുദ്ധി സങ്കൽപത്തിെൻറ ഭാഗംതന്നെയാണ്. സന്തോഷ് ഏച്ചിക്കാനത്തിെൻറ ചെറുകഥയെ മുൻനിർത്തി ശ്രീബാല കെ. മേനോൻ സംവിധാനംചെയ്ത 'പന്തീഭോജനം' എന്ന ഹ്രസ്വചിത്രത്തിൽ വളരെ പ്രകടമായിത്തന്നെ ജാതിയും ഭക്ഷണവും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന രംഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. വ്യത്യസ്ത സമുദായങ്ങളിൽപ്പെട്ട വക്കീലന്മാരുടെ ഭക്ഷണപ്പൊതികളെ അടിസ്ഥാനമാക്കി ഭക്ഷണം, രുചി എന്നിവക്ക് ജാതിയും മതവുമുണ്ടെന്ന് പ്രസ്തുത ചിത്രം പറയുന്നു. വിദ്യാഭ്യാസമോ തൊഴിൽ സ്ഥിരതയോ നേടിയാലും കീഴാളയുവതിയുടെ ചോറ്റുപാത്രത്തിലെ ചേറ്റുമീനിെൻറ ഉളുമ്പ് മണം പോകില്ലെന്ന് പറയുന്ന നമ്പൂതിരിയായ വക്കീൽ, ജാതിയെയും ശുദ്ധിയെയും ഭക്ഷണവുമായി ബന്ധിപ്പിക്കുന്ന പ്രതിനിധാനമാണ്.
ഇടത്തരവും സമ്പന്നവുമായ മുസ്ലിം കഥാപാത്രങ്ങളും കുടുംബപശ്ചാത്തലവും ചിത്രീകരിക്കപ്പെടുന്ന മലയാള ചലച്ചിത്ര സന്ദർഭങ്ങളിൽ ഭക്ഷണം കഴിക്കുക, കഴിപ്പിക്കുക, പാചകം ചെയ്യുക എന്നീ ക്രിയകളെ ധാരാളിത്തത്തിെൻറ അകമ്പടിയോടെ ആവർത്തിച്ച് അവതരിപ്പിക്കുന്ന പ്രവണത സജീവമാണ്. സത്യൻ അന്തിക്കാടിെൻറ 'ഗോളാന്തരവാർത്ത'യിൽ (1993) മാപ്പിളപ്പാട്ടിെൻറ പശ്ചാത്തല സംഗീതത്തോടെ അവതരിപ്പിക്കപ്പെടുന്ന ഹസൻ (നെടുമുടി വേണു) ഭക്ഷണത്തിെൻറ പ്രാധാന്യത്തെക്കുറിച്ച് വാചാലനാകുന്ന കഥാപാത്രമാണ്. മുരിങ്ങച്ചുവട്ടിൽ രമേശൻ നായരോട് (മമ്മൂട്ടി) അദ്ദേഹം നടത്തുന്ന സംഭാഷണത്തിൽ ദോശ, സാമ്പാർ, ചട്ണി എന്നീ ഹിന്ദുക്കളുടെ ഭക്ഷണ പദാർഥങ്ങളേക്കാൾ നെയ്ച്ചോറ്, ബിരിയാണി തുടങ്ങിയ മുസ്ലിം ഭക്ഷണങ്ങളാണ് നല്ലതെന്ന അഭിപ്രായം കടന്നുവരുന്നു. മാത്രവുമല്ല, ഭക്ഷണം കഴിക്കാനാണ് മനുഷ്യൻ ജീവിക്കുന്നത് എന്ന അയാളുടെ കാഴ്ചപ്പാടും ഹാസ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നു. സത്യൻ അന്തിക്കാടിെൻറ 'അച്ചുവിെൻറ അമ്മ'യിലും (2005) മൂത്തുമ്മയുടെ (സുകുമാരി) കുടുംബത്തെ ആഘോഷങ്ങളുടെയും ഭക്ഷണവൈവിധ്യങ്ങളുടെയും ഇടം എന്ന നിലയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. കൂടാതെ, ഭക്ഷ്യവസ്തുക്കളുടെ ധാരാളിത്തത്തിലേക്ക് കടന്നുനിൽക്കുന്നതും ആക്ഷേപഹാസ്യത്തിെൻറ സൂചനകൾ അവതരിപ്പിക്കുന്നതുമായ ധ്വനികൾ അബ്ദുള്ള (ഒടുവിൽ ഉണ്ണികൃഷ്ണൻ) എന്ന കഥാപാത്രത്തിെൻറ സംഭാഷണങ്ങളോട് ബന്ധപ്പെടുത്തി ചിത്രീകരിച്ചിരിക്കുന്നു. 'കഥ പറയുമ്പോൾ' (2007) എന്ന ചിത്രത്തിലെ ബാലെൻറ (ശ്രീനിവാസൻ) വീടിന് സമീപമുള്ള മുസ്ലിം കുടുംബം സിനിമയുടെ ആഖ്യാനത്തിൽ രൂപപ്പെടുത്തുന്ന അർഥവും ഇതിൽനിന്ന് വ്യത്യസ്തമല്ല. 'മാണിക്യക്കല്ല്' (2011) എന്ന ചിത്രത്തിൽ ഒന്നിലേറെ വിവാഹം കഴിക്കുകയും ഭക്ഷണകാര്യത്തിൽ അമിത താൽപര്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന അഹമ്മദ് മാസ്റ്റർ (അനൂപ് ചന്ദ്രൻ) എന്ന കഥാപാത്രം മറ്റൊരു ഉദാഹരണമാണ്. 'കഥ പറയുമ്പോൾ', 'മാണിക്യക്കല്ല്' എന്നിവ ഒരേ സംവിധായകെൻറ (എം. മോഹനൻ) ചിത്രങ്ങളാണെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. അതോടൊപ്പം, ഹരീഷ് കണാരൻ അഭിനയിച്ച നിരവധി ചിത്രങ്ങളിൽ ഭക്ഷണത്തോട് അമിതാസക്തി പുലർത്തുന്ന മുസ്ലിം പ്രതിനിധാനമായാണ് അയാൾ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.
കുടിയേറ്റവുമായി ബന്ധപ്പെടുത്തിയും വർഗവ്യത്യാസത്തെ അടയാളപ്പെടുത്തുന്ന സൂചകമെന്ന നിലയിലുമാണ് ഭക്ഷണം ൈക്രസ്തവ പശ്ചാത്തലമുള്ള ചലച്ചിത്ര പ്രതിനിധാനങ്ങളിൽ കൂടുതലായി ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. കിഴക്കൻമലയിൽ ഉണക്കപ്പരവ കഴിച്ച് താമസിക്കുന്നവരെക്കുറിച്ചുള്ള പരാമർശം 'കോട്ടയം കുഞ്ഞച്ചനി'ൽ പ്രത്യക്ഷപ്പെടുന്നുണ്ട്. 'മഹേഷിെൻറ പ്രതികാരം' എന്ന ചിത്രത്തിൽ കപ്പ ഉണക്കുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ആവർത്തിക്കുന്നു. കൂടാതെ, കുടിയേറ്റം ആഖ്യാനാന്തരീക്ഷത്തിലുൾപ്പെടുന്ന 'ജെല്ലിക്കെട്ട്', 'ചുരുളി' തുടങ്ങിയ ചിത്രങ്ങളിൽ മൃഗവേട്ട, വെടിയിറച്ചി എന്നിവക്കാണ് പ്രാമുഖ്യം ലഭിക്കുന്നത്. ഭക്ഷണ ധാരാളിത്തവുമായി ചേർന്നുനിൽക്കുന്ന പ്രമേയ പരിചരണങ്ങൾ ൈക്രസ്തവ പ്രതിനിധാനങ്ങളിലും പ്രകടമാണ്. കൂടാതെ, ൈക്രസ്തവർക്കിടയിലെ വർഗവ്യത്യാസം അടയാളപ്പെടുത്തുന്ന സൂചകം എന്ന നിലയിലും ഭക്ഷണം സിനിമകളിൽ അവതരിപ്പിച്ചിട്ടുണ്ട്. സത്യൻ അന്തിക്കാടിെൻറ 'മനസ്സിനക്കരെ' (2003) എന്ന ചിത്രത്തിൽ കുഞ്ഞു മറിയ (കെ.പി.എ.സി. ലളിത) കൊണ്ടുവരുന്ന പലഹാരങ്ങൾ കൊച്ചു േത്രസ്യയുടെ (ഷീല) മക്കൾ നിഷേധിക്കുന്നത് സാമ്പത്തിക- സാംസ്കാരിക മേൽക്കോയ്മയുടെ പശ്ചാത്തലത്തിൽനിന്നുകൊണ്ടാണ്. കൂടാതെ, ഭക്ഷണസംസ്കാരത്തെ മുൻനിർത്തി മതത്തിെൻറയും ജാതിയുടെയും താരതമ്യം നടപ്പാക്കുന്ന ചിത്രങ്ങളും മലയാളത്തിൽ രൂപപ്പെട്ടിട്ടുണ്ട്. 'വിയറ്റ്നാം കോളനി' (1992), 'കല്യാൺജി ആനന്ദ്ജി' (1995), 'പഞ്ചാബി ഹൗസ്' (1998) തുടങ്ങിയവ ഉദാഹരണങ്ങളാണ്.
മലയാള സിനിമയിൽ ഭക്ഷണവുമായി ബന്ധപ്പെടുത്തിയുള്ള കഥാപാത്ര പ്രതിനിധാനങ്ങളിലൂടെ ഹാസ്യം ഉൽപാദിപ്പിക്കുക, അന്യവത്കരണം നടപ്പാക്കുക എന്നീ ഉദ്ദേശ്യങ്ങളാണ് പ്രാബല്യം നേടിയതെന്ന് ഇവിടെ വിശകലനംചെയ്ത ചലച്ചിത്ര സന്ദർഭങ്ങൾ തെളിയിക്കുന്നു. എന്നാൽ, ഇത്തരത്തിൽ ഒറ്റയൊറ്റ കഥാപാത്രങ്ങളിലൂടെ സമുദായത്തെ നിർവചിക്കുന്ന പ്രവണതക്ക് സമകാലിക മലയാള സിനിമയിൽ പരിണാമം സംഭവിക്കുന്നുണ്ട്. 'മഹേഷിെൻറ പ്രതികാരം' (2016), 'അങ്കമാലി Diaries' (2017), 'പറവ' (2017), 'തിങ്കളാഴ്ച നിശ്ചയം' (2021) തുടങ്ങിയ ചിത്രങ്ങളാണ് ഈ പരിണാമം അടയാളപ്പെടുത്തുന്നത്. ഒരു നിർദിഷ്ട സമൂഹത്തിെൻറ സാംസ്കാരിക സവിശേഷതകളെ അടയാളപ്പെടുത്തുന്ന ഘടകങ്ങളിലൊന്ന് എന്ന നിലയിലാണ് ഈ ചിത്രങ്ങളിൽ ഭക്ഷണം സന്നിവേശിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ, ഇത്തരം ചിത്രങ്ങളിൽ ഓരോ പ്രദേശത്തിെൻറയും സമുദായത്തിെൻറയും ഭക്ഷണസംസ്കാരം നിർവചിക്കപ്പെടുന്നത് അപരവുമായുള്ള താരതമ്യത്തിലൂടെയല്ല.
തീന്മേശ: അധികാരത്തിെൻറ ചതുരംഗപ്പലക
കുടുംബബന്ധത്തിലെ ഇഴയടുപ്പങ്ങളും അകൽച്ചകളും വേഗത്തിൽ സംവേദനം ചെയ്യുന്നതിന് ചലച്ചിത്രങ്ങളിൽ ആവിഷ്കരിക്കുന്ന രംഗങ്ങൾ തീന്മേശയുമായി ബന്ധപ്പെട്ടവയാണ്. സ്നേഹവും സ്നേഹരാഹിത്യവും പ്രകടിപ്പിക്കാനുപയുക്തമായ സങ്കേതം എന്നതുപോലെ തന്നെ അധികാരവും അധികാരക്കൈമാറ്റവും പ്രകടിത സ്വഭാവത്തിൽ ചിത്രീകരിക്കുന്നതിനും തീന്മേശ രംഗങ്ങൾ പര്യാപ്തമാണ്. പുരുഷകേന്ദ്രിതമായ അണുകുടുംബങ്ങളുടെ ഘടന വ്യക്തമാക്കുന്ന രൂപകസ്വഭാവം കേരളീയ സന്ദർഭത്തിലെ തീന്മേശകൾക്ക് ലഭിക്കുന്നു. കുടുംബങ്ങളിൽ അധികാരം, ലിംഗപദവി എന്നിവയെ നിർവചിക്കുന്നതും ബന്ധങ്ങളെ ചലിപ്പിക്കുന്നതും തീന്മേശ എന്ന ചതുരംഗപ്പലകയുടെ സ്വഭാവത്തിന് അനുസരിച്ചാണ്. കെ.ജി. ജോർജിെൻറ സിനിമകളിലാണ് പിതൃ അധികാരവുമായി ബന്ധപ്പെടുത്തി തീന്മേശയെ ചിത്രീകരിക്കുന്ന പ്രവണത പ്രബലസ്വഭാവമാർജിക്കുന്നത്. 'മറ്റൊരാൾ' എന്ന ചിത്രത്തിൽ ഗൃഹനാഥെൻറ (കൈമൾ/കരമന ജനാർദനൻ നായർ) ഇരിപ്പിടത്തിൽ ബോധപൂർവമല്ലാതെ ഇരിക്കാൻ ശ്രമിക്കുന്ന ബാലനെ (മമ്മൂട്ടി) കൈമൾ മാറ്റിയിരുത്തുന്ന രംഗം ഇത്തരത്തിൽ പ്രസക്തമാണ്. 'വാത്സല്യ'ത്തിൽ (1993) മേലേടത്ത് രാഘവൻ നായർ (മമ്മൂട്ടി) എന്ന പിതൃബിംബം ചോദ്യം ചെയ്യപ്പെടുന്ന നിർണായക രംഗം തീന്മേശയിലാണ് സംഭവിക്കുന്നത്. പാടത്തുനിന്ന് വിയർപ്പുഗന്ധവുമായി തീന്മേശയിലേക്കെത്തുന്ന അയാൾ നാഗരിക പശ്ചാത്തലമുള്ള സഹോദരഭാര്യക്ക് മനംപിരട്ടലുണ്ടാക്കുന്നു. ഇപ്രകാരം, അയാളുടെ ആധികാരികത ചോദ്യംചെയ്യപ്പെടുന്ന സന്ദർഭമായി തീന്മേശയിലെ രംഗം പരിണമിക്കുന്നു. 'കുട്ടൻപിള്ളയുടെ ശിവരാത്രി' (2018) എന്ന ചിത്രത്തിലും സ്വത്തവകാശം, ഭാഗംവെപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട സംഘർഷങ്ങളുടെ അരങ്ങേറ്റത്തിന് വേദിയാകുന്നത് അത്താഴരംഗമാണ്. 'ആൻേഡ്രായ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25' (2019), 'തിങ്കളാഴ്ച നിശ്ചയം' എന്നീ ചിത്രങ്ങളിലും പിതൃശാസനകൾ മക്കളിലേക്ക് സംവഹിക്കുന്ന ഇടമായി തീന്മേശ രംഗങ്ങൾ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇത്തരം വാർപ്പുമാതൃക അതേപടി പിന്തുടരാത്ത ചിത്രമെന്ന നിലയിൽ 2007ൽ പുറത്തുവന്ന 'ബിഗ് B' പ്രസക്തമാകുന്നു. വളർത്തുമക്കൾ തങ്ങളുടെ അമ്മയുടെ സ്ഥാനത്ത് കാണുന്ന മേരി ടീച്ചറെക്കുറിച്ചുള്ള ഓർമകൾ തീന്മേശയിലെ അവരുടെ ശൂന്യമായ ഇരിപ്പിടത്തിെൻറ സൂചനകളുപയോഗിച്ചാണ് പ്രസ്തുത രംഗത്തിൽ ചിത്രീകരിച്ചിട്ടുള്ളത്.
തീന്മേശയിലെ നിർണായകമായ സ്ഥാനം ഒഴിഞ്ഞുകിടക്കുന്ന ദൃശ്യസൂചനയിലൂടെ ഗൃഹനാഥെൻറ മരണം അവതരിപ്പിക്കുന്ന നിരവധി ചിത്രങ്ങൾ മലയാളത്തിൽ രൂപംകൊണ്ടിട്ടുണ്ട്. പുരുഷാധികാരത്തിെൻറ ഒഴിഞ്ഞ ഇടങ്ങളെ പ്രതീകാത്മകമായി പൂരിപ്പിക്കുന്ന ആൺമക്കളും ആഖ്യാനങ്ങളിൽ ആവർത്തിക്കപ്പെടുന്നു. 'കുമ്പളങ്ങി നൈറ്റ്സ്', 'ജോജി' എന്നീ ചിത്രങ്ങളിലെ ഫഹദ് ഫാസിലിെൻറ കഥാപാത്രങ്ങൾ അധികാരത്തിെൻറ പ്രകടനം എന്ന നിലയിൽ തീന്മേശയിലെ നിർണായക ഇടങ്ങളിലേക്ക് ആധിപത്യം സ്ഥാപിക്കുന്ന പുരുഷമാതൃകകളാണ്. പെൺമക്കൾ മാത്രമുള്ള കുടുംബത്തിലേക്ക് മരുമകനായെത്തുന്ന 'കുമ്പളങ്ങി നൈറ്റ്സി'ലെ ഷമ്മി (ഫഹദ്) ബോധപൂർവമായ കരുനീക്കങ്ങളിലൂടെ തീന്മേശയുടെ അധികാരസ്ഥാനത്ത് സ്വയം അവരോധിക്കുന്നു. തീന്മേശയിലെ ഏതെങ്കിലുമൊരു ഇരിപ്പിടം അയാളെ തൃപ്തനാക്കുന്നില്ലെന്നത് പ്രസ്തുത ചിത്രത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. അപ്പൻ ജീവിച്ചിരിക്കെ അടുക്കളയിലെ സ്ലാബിലിരുന്ന് ഭക്ഷണം കഴിക്കുന്ന ജോജി (ഫഹദ്), അയാളുടെ മരണ ശേഷം തീന്മേശയിലേക്ക് ഇരിപ്പിടം മാറ്റുന്നതായി 'ജോജി' എന്ന ചിത്രത്തിലും ആവിഷ്കരിച്ചിരിക്കുന്നു. ജോജിയുടെ സഹോദരെൻറ ഭാര്യയായ ബിൻസിയും (ഉണ്ണിമായ) അടുക്കളയിൽനിന്ന് തീന്മേശയിലേക്ക് സമാനമായി ചുവടുമാറ്റുന്നു. താക്കോൽസ്ഥാനങ്ങളിലേക്കുള്ള ഇത്തരം കഥാപാത്രങ്ങളുടെ ചലനത്തെ പ്രതീകാത്മകമായി ദൃശ്യവത്കരിക്കുന്ന രംഗങ്ങളായി തീന്മേശയിലെ സന്ദർഭങ്ങൾ മാറുന്നു. ലിംഗപദവിയുമായി ബന്ധിപ്പിച്ച് വിശകലനം ചെയ്യാവുന്ന തലങ്ങളും ഇത്തരം ചിത്രങ്ങളിലെ രംഗങ്ങളിൽ ഉള്ളടങ്ങുന്നു. മഹേഷ് നാരായണൻ സംവിധാനംചെയ്ത 'ടേക്ക് ഓഫി'ൽ കുടുംബത്തിലെ ആണുങ്ങളും കുട്ടികളും മാത്രമിരിക്കുന്ന തീന്മേശയിൽനിന്ന് തനിക്കുള്ള ഭക്ഷണമെടുക്കുന്ന സമീറ (പാർവതി തിരുവോത്ത്) പിതൃശാസനകളുള്ള നോട്ടങ്ങൾക്ക് വിധേയയാകുന്നുണ്ട്്. ഇത്തരത്തിൽ, ഭക്ഷണം പാകംചെയ്യുന്നവരെങ്കിലും മുൻപന്തികളിൽ ഇടം നിഷേധിക്കപ്പെടുന്ന സ്ത്രീകളുടെ ആഖ്യാനങ്ങളാണ് മലയാള സിനിമകളിൽ ഭൂരിഭാഗവും. 'േഗ്രറ്റ് ഇന്ത്യൻ കിച്ചൻ' തീന്മേശയിലൂടെ സംവദിക്കുന്നതും പുരുഷാധികാരത്തിെൻറ അവശിഷ്ടങ്ങളെക്കുറിച്ച് തന്നെയാണ്.
ചലച്ചിത്രങ്ങളിലെ ഭക്ഷണരംഗങ്ങൾ കൃത്യമായ രാഷ്ട്രീയം വെളിപ്പെടുത്തുന്നവയാണ്. നിലനിൽക്കുന്ന സാമൂഹിക സന്ദർഭങ്ങളോട് സൂക്ഷ്മമായി സംവദിക്കുന്ന തലം അത്തരം രംഗങ്ങളുടെ ആവിഷ്കാരത്തിൽ പ്രകടമാകുന്നു. ഇതിൽനിന്ന് വ്യത്യസ്തമായി ഭക്ഷണത്തെ സംബന്ധിച്ച പ്രകടമായ രാഷ്ട്രീയ ഉള്ളടക്കങ്ങളും മലയാള സിനിമകളിൽ അവതരിപ്പിച്ചിട്ടുണ്ട്. ഭക്ഷണസ്വാതന്ത്ര്യത്തിന്മേലുള്ള ഫാഷിസ്റ്റ് കടന്നുകയറ്റങ്ങളെ ഹാസ്യാത്മകമായി 'ഗോദ'യിലും (2017) വിമർശനാത്മകമായി 'കുരുതി'യിലും (2021) രാഷ്ട്രീയവത്കരിക്കുന്നു. ബീഫിെൻറ രാഷ്ട്രീയത്തെ കേന്ദ്രീകരിച്ചാണ് ഇരു ചിത്രങ്ങളിലെയും ചില രംഗങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. പഞ്ചാബിൽ െവച്ച് തദ്ദേശീയമായ രുചികളെക്കുറിച്ച് തർക്കിക്കുന്നതിനിടയിൽ പൊറോട്ടയും ബീഫും മലയാളിയുടെ വികാരമാണെന്ന ആഞ്ജനേയ ദാസിെൻറ (ടൊവീനോ തോമസ്) വിവരണത്തിൽ മുത്തുപ്പാണ്ടി (ബാല ശരവണൻ) എന്ന തമിഴ്നാട്ടുകാരൻ ആകൃഷ്ടനാകുന്നു. അതിനെത്തുടർന്ന്, അയാൾ ബീഫ് അന്വേഷിക്കുകയും അന്നാട്ടുകാരിൽനിന്ന് മർദനം ഏറ്റുവാങ്ങുകയും ചെയ്യുന്നതായി 'ഗോദ'യിൽ ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ, രാത്രിയിൽ അവിചാരിതമായി ഒരു മുസ്ലിം കുടുംബത്തിലേക്ക് പ്രാണരക്ഷാർഥം എത്തിപ്പെടുന്ന സത്യനും (മുരളി ഗോപി) വിഷ്ണുവും (സാഗർ സൂര്യ) ബീഫ് കഴിക്കുന്നതായി 'കുരുതി'യിൽ ചിത്രീകരിച്ചിട്ടുണ്ട്. ഒരു മുസ്ലിം കുടുംബത്തിനുവേണ്ടി ഹൈന്ദവമതത്തിലുൾപ്പെട്ട സ്ത്രീ പാകം ചെയ്യുന്ന ബീഫ് തീവ്ര ഹിന്ദുത്വവാദിയായ വിഷ്ണു വിമുഖതകൂടാതെ കഴിക്കുമ്പോൾ റസൂൽ (നസ്ലൻ കെ. ഗഫൂർ) അതിനെ ചോദ്യം ചെയ്യുന്നു. പ്രസ്തുത ചലച്ചിത്ര സന്ദർഭത്തിലെ വിഷ്ണുവിെൻറ മറുപടികളിൽ ഭക്ഷണത്തിനപ്പുറത്തേക്ക് നീങ്ങുന്ന രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഹിന്ദുത്വത്തിന് പൂർത്തീകരിക്കാനുള്ളതെന്ന ധ്വനി ഉള്ളടങ്ങുന്നു.
ചുരുക്കത്തിൽ, ഭക്ഷണത്തിന് അതിെൻറ പ്രാഥമികമായ ജൈവികധർമത്തേക്കാളുപരിയായ രാഷ്ട്രീയ-സാംസ്കാരിക- സാമ്പത്തിക മാനങ്ങളുണ്ട് എന്ന് വ്യക്തമാകുന്നു. ആഗോളീകരണാനന്തരകാലത്ത് ചൈനീസ്, അമേരിക്കൻ, അറേബ്യൻ ഭക്ഷ്യവിഭവങ്ങൾ കേരളത്തിലെ നഗര-ഗ്രാമങ്ങളിൽ സാംസ്കാരിക കലർപ്പുകൾ സാധ്യമാക്കിയവയാണ്. സമാനമായി, പ്രാദേശികമായ രുചിഭേദങ്ങൾക്ക് ആഗോളതലത്തിൽ വിപണിസ്വീകാര്യത ലഭിച്ചതും ഇക്കാലയളവിലാണ്. സ്വിഗ്ഗി, സൊമാറ്റോ, ഉൗബർ ഈറ്റ്സ് തുടങ്ങിയ സ്വകാര്യ മുതലാളിത്ത ഭക്ഷ്യവിതരണ ശൃംഖലകൾ ഗ്രാമ-നഗര വ്യത്യാസങ്ങളെ അപ്രസക്തമാക്കുന്നതും രുചിയുടെ കലർപ്പുകൾ അനുദിനം നടപ്പിൽ വരുത്തുന്നതുമായ സാഹചര്യമാണ് നിലവിലുള്ളത്. അത്തരമൊരു പശ്ചാത്തലത്തിൽ, സിനിമയിലെ ഭക്ഷണരംഗങ്ങളിൽ കാലത്തിന് അനുസരിച്ചുള്ള പരിചരണങ്ങൾ പ്രകടമാകുക സ്വാഭാവികമാണ്. അതിനാൽതന്നെ, ചലച്ചിത്രങ്ങളിലെ ഭക്ഷണരംഗങ്ങൾ/തീന്മേശ രംഗങ്ങൾ ഉൽപാദിപ്പിക്കുന്ന സൂചനകൾ വർത്തമാനകാലത്തെ ചരിത്രവത്കരിക്കാനുപയുക്തമായ ഉപാദാനങ്ങളായി സ്ഥാനപ്പെടുന്നു.