മലയാളം എന്നു പറയുമ്പോൾ ഏത് മലയാളത്തെപ്പറ്റിയാണ് നമ്മൾ സംസാരിക്കുന്നത്?
മലയാളം എന്നു പറയുേമ്പാൾ ഏത് മലയാളത്തെപ്പറ്റിയാണ് നമ്മൾ സംസാരിക്കുന്നത്? ‘പൊതു’ മലയാളത്തെപ്പറ്റിയോ? ‘പൊതുമലയാളം’ അപഹസിക്കുന്ന മറ്റൊരു ഭാഷാ പരിസരത്തു നിന്ന് കവിയും ഗവേഷകനുമായ ലേഖകൻ ചില വിമർശനങ്ങൾ ഉന്നയിക്കുന്നു.
കടൽമലയാളം എന്ന വാക്കിൻരൂപത്തിന് കേരളത്തിെൻറ ഭാഷാനുഭവങ്ങളിൽ സാധുതയുണ്ടോ? പൊതുമലയാളമെന്ന പല മലയാളങ്ങളിൽ ഒരു മലയാളം മാത്രമാണോ കടൽമലയാളം? കടലും മലയും അതിർത്തി വെക്കുന്നതിനിടയിൽ, കടൽമലയാളവും മലമലയാളവും മാത്രം അപരവത്കരിക്കപ്പെട്ടതെന്ത്? മാതൃഭാഷാസമരങ്ങളിൽ ഏത് മലയാളത്തെപ്പറ്റിയാണ് നിങ്ങൾ വാചാലരാകുന്നത്? മലയാളമെന്നാൽ ഏതു മലയാളത്തിെൻറ യുക്തിയിലാണ് നിങ്ങൾ ചിന്തിക്കുന്നത്? ഭാഷാഭേദങ്ങൾ, ഉപഭാഷകൾ, സ്വതന്ത്രഭാഷകൾ, ചെറുമൊഴികൾ, പ്രാദേശികരൂപങ്ങൾ എല്ലാത്തിനുംകൂടി ഒരു മലയാളം ശരിയോ? മലയാളത്തിൽ മലയാളങ്ങളുള്ളപ്പോൾ പൊതുമലയാളം എന്ന മലയാളത്തിന്റെ മാനദണ്ഡമെന്ത്?
പൊതുമലയാളം മാനകവും സവർണവും അധിനിവേശവുമായ ഒരു രൂപമാണ്. പല മലയാളങ്ങൾ സംസ്കരിക്കപ്പെട്ടിട്ടുണ്ടെന്ന് പറയാറുണ്ടെങ്കിലും അതിെൻറ അറ്റവും ദൂരവും, അടിത്തറയും മേൽപ്പുരയും വരേണ്യം തന്നെ. സംസ്കൃതം മൂലവും ആര്യാധിനിവേശം ഭാവവും മറ്റു വൈദേശികഭാഷകളിൽനിന്നുള്ള ആദാനപ്രദാനങ്ങൾ അടിസ്ഥാനവുമായി വർത്തിക്കുന്നതാണ് പൊതുമലയാളത്തിെൻറ വിനിമയം. ആ പരിപ്രേക്ഷ്യത്തിൽ ജാതിബോധവും ലോകത്തെവിടെയും അധിനിവേശം നടത്തി ഇതര ഭാഷകളെ പ്രാദേശികഭാഷകളാക്കി (Vernacular) മാറ്റിയ യൂറോ സെൻററിക് ഭാഷായുക്തിയുമാണ് പൊതുമലയാളത്തിൽ പ്രവർത്തിക്കുന്നത്. ഭാഷക്കുള്ളിലെ സ്ഥല, കാല, മതഭേദങ്ങളെ മാത്രമല്ല, തദ്ദേശീയ സമൂഹങ്ങളിലെ (Indigenous Community) ഭാഷയെപോലും ഭാഷാഭേദമായോ പ്രാദേശികരൂപമായോ ഭാഷക്കുള്ളിലെ ഭാഷയായോ നോക്കിക്കാണുന്നതിനു പിന്നിലും പൊതുമലയാളത്തിെൻറ ഈ മേധാവിത്വബോധമുണ്ട്. പൊതുമലയാളം മലയാളത്തിനുള്ളിലെ മലയാളങ്ങളെ ശിഥിലവും അധമവുമാക്കുന്ന അധിനിവേശരൂപമാണ്.
പൊതുമലയാളത്തിന്റെ കടൽമലയാളം
മുറുക്കിച്ചുവപ്പിച്ച ചുണ്ടും അഴിഞ്ഞു പാറുന്ന മുടിയും പരുക്കൻ നോട്ടവുമുള്ള ഒരു ആൺരൂപമാണ് പൊതുമലയാളത്തിന് കടൽമലയാളം. അഴിഞ്ഞുലഞ്ഞ കൈലിയും വേഗേനെയുള്ള നടപ്പും തലയിലേറ്റിയ കുട്ടയും ഒച്ചയും തെറിയുമുള്ള ഒരു പെൺരൂപമാണ് പൊതുമലയാളത്തിന് കടൽമലയാളം. അടുക്കാൻ കൊള്ളാത്തവരുടെ വംശപ്പേച്ചുകളായി കണ്ട് അറപ്പോടെയും അപഹാസ്യതയോടും കൂടിയാണ് പൊതുമലയാളം കടൽമലയാളത്തെ ഒഴിഞ്ഞുപോയത്. മുക്കുവൻ അപരനും മരയ്ക്കാത്തികൾ സദാചാരഭ്രംശകരുമാണെന്ന് പൊതുമലയാളം ധരിച്ചു. വാട, മൊശട്, മൊഷ്ക് എന്നീ പദങ്ങൾ പൊതുമലയാളത്തിൽ ചിരപ്രതിഷ്ഠിതമായതുതന്നെ കടൽമലയാളത്തിന് എതിര് നിന്നാണ്. ഇതിൽ നോട്ടത്തിെൻറ (gaze) പ്രത്യയശാസ്ത്രമുണ്ട്. ഈ നോട്ടത്തിൽ നിലയുറപ്പിച്ചത് ജാതിയും ഉപരിവർഗബോധവും പൊതുമണ്ഡലസ്വീകാരങ്ങളുമാണ്. അതില്ലാത്ത എല്ലാ അധമവത്കൃത ജാതികളുടെ മൊഴികളോടുമുള്ള അവഗണനയും അപഹാസ്യതയുമാണ് പൊതുമലയാളം കടൽമലയാളത്തോടും കാലാകാലങ്ങളായി അനുവർത്തിച്ചുവരുന്നത്.
ചാളമേരിയാണ് പൊതുമലയാളത്തിന് കടൽമലയാളം. സാഹിത്യ സിനിമാഖ്യാനങ്ങൾ നിർമിച്ചെടുത്ത രൂപം. കടൽമലയാളത്തിെൻറ വക്രിപ്പും ഏങ്കോണിപ്പും ഇതേ ആഖ്യാനങ്ങളുടെ മനോരോഗങ്ങളാണ്. നീട്ടിയും വാചാലമാക്കിയും വികൃതമാക്കിയും ഇതാ കടൽമലയാളമെന്ന് പൊതുമലയാളം സ്ഥാപിച്ചു. സീരിയലിൽ മോളിചേച്ചിയെ (മോളി കണ്ണമാലി) പോലെ കറുത്തു, മെല്ലിച്ച, മധ്യവയസ്സ് പിന്നിട്ട ഒരു സ്ത്രീരൂപത്തെ അതിനായി തിരഞ്ഞെടുക്കുകയും ചെയ്തു. ചവിട്ടുനാടകത്തിെൻറ അനേകം താളവൈവിധ്യങ്ങളും നിരവധി വേഷപ്പകർച്ചകളും സ്വന്തമായുള്ള, കടൽമലയാളത്തിെൻറ ചരിത്രത്തിൽനിന്നും ജൈവലാവണ്യത്തിൽനിന്നും ഉയിർക്കൊണ്ട ഒരു കലാകാരിയെയാണ് ദൃശ്യാഖ്യാനങ്ങൾ ഇപ്രകാരം വക്രീകരിച്ചെടുത്ത് പൊതുസമ്മതമാക്കിയത്. കടൽമലയാളമല്ലാത്ത ഒന്നിനെ കടൽമലയാളമായി പ്രതിഷ്ഠിച്ചതിനു പിന്നിൽ ചെമ്മീൻ എന്ന നോവൽപാഠത്തിനും ചെമ്മീൻ എന്ന ദൃശ്യപാഠത്തിനും കുറ്റകരമായ പങ്കാണുള്ളത്. 'ചെമ്മീൻ' വന്ന് ആഴ്ചകൾക്കകം തന്നെ വേലുക്കുട്ടി അരയൻ ആ സത്യം തുറന്നു പ്രസ്താവിച്ചെങ്കിലും അന്നും ഇന്നും മലയാളികൾ അത് ചെവിക്കൊണ്ടിട്ടില്ല. 'ചെമ്മീൻ' കടലിനെ കടാല് എന്നാക്കി മാറ്റി. മത്സ്യത്തൊഴിലാളികൾക്ക് കടലേ ഉള്ളൂ. കടാല് ഇല്ല. മത്സ്യത്തൊഴിലാളികൾക്ക് ഇല്ലാത്ത കടാല് 'ചെമ്മീന്' മാത്രം എവിടുന്നോ കിട്ടി. ഒമ്പതാം വയസ്സ് മുതൽ കടലുമായുള്ള ബന്ധത്തെപ്പറ്റി തകഴി പ്രതിപാദിക്കുന്നുണ്ടെങ്കിലും കടൽമലയാളത്തിൽ, സവിശേഷമായി പുറക്കാട്, തൃക്കുന്നപ്പുഴ, വലിയഴീക്കൽ ഭാഗത്ത് ഇന്നെന്നപോലെ അന്നും പ്രയോഗത്തിലില്ലാത്ത പദമാണ് കടാല്. കടാപ്പുറവും അതുപോലെ തന്നെ. കേരളത്തിലെ ഒരു തുറയിലും പ്രയോഗത്തിലില്ലാത്ത പദം. കടപ്പുറം, കടൽപ്പുറം, കടപ്പൊറം, കടപ്പെറം എന്നെല്ലാം കടൽമലയാളത്തിൽ പദങ്ങൾ ഉണ്ടെങ്കിലും കടാപ്പുറം എന്ന പദത്തിന്റെ യുക്തി മാത്രം തിരിഞ്ഞുകിട്ടുന്നില്ല. ചെമ്മീൻ നോവൽപാഠം 'മൊകാളെ' എന്നും സിനിമാപാഠം 'മകാളെ' എന്നും വിളിച്ചു മകൾ എന്ന പദത്തെ കടൽമലയാളത്തിെൻറ വികൃതാനുകരണമാക്കി. ഇവിടെ പൊതുമലയാളത്തിെൻറ പ്രതിനിധിയായി നിന്നുകൊണ്ടാണ് തകഴി 'ചെമ്മീനി'ലെ കടൽമലയാളം നിർമിച്ചെടുത്തത്. അതിന് വ്യാപകമായ പൊതുസമ്മതി കിട്ടുകയും ചെയ്തു. പകരം അപരവത്കരിച്ചതാകട്ടെ മത്സ്യത്തൊഴിലാളികളുടെ ജൈവഭാഷാവഴക്കങ്ങളെയും പതിവ് പ്രയോഗങ്ങളെയുമാണ്. ഒരുവേള മീൻപിടിത്തക്കാർപോലും തങ്ങളുടെ മലയാളം ഇതാണെന്ന് ഉറപ്പിക്കും വണ്ണമാണ് 'ചെമ്മീൻ'മലയാളം പൊതുമണ്ഡലത്തിൽ പ്രവർത്തിച്ചത്. 'ചെമ്മീൻ'മലയാളത്തെ പിൻപറ്റുന്ന ദൃശ്യാഖ്യാനങ്ങളായി പിൽക്കാലത്ത് പുറത്തുവന്നതാണ് 'അമരം', 'പുതിയ തീരങ്ങൾ' പോലുള്ള ചിത്രങ്ങൾ. അതിലും കടൽ കടാലും കടപ്പുറം കടാപ്പുറവും മകള് മകാളുമായി. ഇങ്ങനെ കടാ...ല്, കടാ...പ്പുറം, മകാ...ള് മുതലായ അകാര ദീർഘങ്ങൾകൊണ്ടാണ് പൊതുമലയാളം കടൽമലയാളത്തെ അതിവേഗം അവഹേളിതവും അപഹാസ്യവുമാക്കിയത്.
'ചെമ്മീനി'െൻറ നോവൽപാഠവും ദൃശ്യപാഠവും കടൽമലയാളത്തെ വക്രീകരിച്ചു ചിത്രീകരിച്ചിട്ടും മത്സ്യത്തൊഴിലാളികൾക്കിടയിൽനിന്ന് അക്കാലത്ത് സംഘടിതമായ ഒരു പ്രതിഷേധമുണ്ടാകാതെ പോയത് 580 കിലോമീറ്റർ ചുറ്റളവിൽ പരന്നുകിടക്കുന്ന കേരളത്തിെൻറ തീരങ്ങളിൽ ഈ തുറയിലെ അല്ലെങ്കിൽ ആ തുറയിലെ ഭാഷ എന്ന് ചെമ്മീൻഭാഷയെ മത്സ്യത്തൊഴിലാളികൾ ധരിച്ചതുകൊണ്ടാണ്.
'കുറെ കിഴക്കൂന്ന്', 'കുറെ വടക്കൂന്ന്' എന്നല്ലാതെ നിശ്ചിതമായ തുറപേര് സൂചിപ്പിക്കുന്ന പതിവ് കടൽമലയാളത്തിൽ ഇല്ല. അതുകൊണ്ട് ഏതെങ്കിലും ഒരു തുറയിലെയാകാം ഈ മലയാളം എന്ന മത്സ്യത്തൊഴിലാളികളുടെ ധാരണയെയാണ് 'ചെമ്മീൻ'മലയാളം ചൂഷണം ചെയ്തത്. അടുത്തകാലത്ത് പുറത്തുവന്ന പി.എഫ്. മാത്യൂസ് തിരക്കഥ എഴുതി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ഈ.മ.യൗ' മാത്രമാണ് കടൽമലയാളത്തെ തനതായും യഥാതഥമായും അവതരിപ്പിച്ച ദൃശ്യാഖ്യാനം. 'ഈ.മ.യൗ'വിലെ കടൽമലയാളം ചെല്ലാനത്തെ മത്സ്യത്തൊഴിലാളികളുടെ വംശഭാഷയാണ്. ലത്തീൻ മുക്കുവരുടെ ഭാഷയും ഭാഷാപാരമ്പര്യവും അതിൽ സംലയിക്കുന്നു. പെണ്ണമ്മ (പോളി വത്സൻ) അലമുറയിട്ട് പാടുന്ന കണ്ണോക്ക് പാട്ട് (ഒപ്പാരം) മാത്രം മതി കടൽമലയാളത്തിലെ ഉശിരും താളവും വീണുകിട്ടാൻ.
മരയ്ക്കാത്തിയും മച്ചാനും
പൊതുമലയാളം തെറിക്ക് സമാനമായി ഉപയോഗിക്കുന്ന പദമാണ് മരയ്ക്കാത്തികൾ. ജാതിയധിക്ഷേപം മാത്രമല്ല അയഞ്ഞ ലൈംഗികസ്വഭാവമുള്ളവളും സദാചാരഭ്രംശം സംഭവിച്ചവളുമാണ് മരയ്ക്കാത്തികൾ എന്ന പൊതുമലയാള ധ്വനികൂടിയുണ്ട് ആ പ്രയോഗത്തിൽ. മരയ്ക്കാത്തിയുടെ വേഷവും ഭാഷയും തൊഴിൽ സ്വാതന്ത്ര്യവും ആരോടും എതിരിട്ട് നിൽക്കുന്ന തേൻറടവുമാണ് മരയ്ക്കാത്തിയെ ആണുങ്ങൾക്കിടയിലെന്നപോലെ സവർണ പെണ്ണുങ്ങൾക്കിടയിലും ഒരു വിരുദ്ധോക്തിപദമാക്കി നിർത്തിയത്. തുറ മുടിയാൻ പെണ്ണ് മതിയെന്ന ചൊല്ല് വരത്തന്മാരിൽനിന്നും സ്വന്തമാളുകളിൽനിന്നും പെണ്ണുങ്ങളെ കാക്കാൻ തുറയൊരുക്കിയ കവചമാണ്. അതിനപ്പുറം ആ ചൊല്ലിൽ അനീതികൾ സംഭവിച്ചതിെൻറ ചരിത്രമോ മിത്തോ ഇല്ല. എന്നാൽ ആ ചൊല്ലിനെ മുൻനിർത്തി പൊതുമലയാളം നിർമിച്ചെടുത്ത ചില കഥകളുണ്ട്. അതിൽ മരയ്ക്കാത്തികൾ വേഗം വഴങ്ങുന്നവരും നാടു മുടിക്കുന്നവരുമാണ്. എസ്. ഗുപ്തൻ നായർ വിവരിക്കുന്ന ഒരു കഥയുണ്ട്. കെ. ഗോദവർമ മരയ്ക്കാത്തികളുടെ ഭാഷ പഠിക്കാനായി അവർക്ക് പിന്നാലെ കൂടി. രണ്ടു മൂന്നു ദിവസം ഇത് തുടർന്നപ്പോൾ തങ്ങളെ പിന്തുടരുന്ന ചെറുപ്പക്കാരനെ മരയ്ക്കാത്തികൾ നന്നായി പെരുമാറിയെന്നാണ് കഥ. മത്സ്യത്തൊഴിലാളി സ്ത്രീയുടെ സദാചാരനിഷ്ഠയും അന്യപുരുഷനോടുള്ള സമീപനവും സ്വയം സൂക്ഷിപ്പുമാണ് ഇത് വെളിച്ചപ്പെടുത്തുന്നത്. വാസ്തവമതായിട്ടും പൊതുമലയാളം 'മരയ്ക്കാത്തികളി'ലൂടെ കടൽമലയാളത്തെ സദാചാരഭ്രംശഭാഷയായി അപമാനിച്ചുകൊണ്ടേയിരിക്കുന്നു.
പൊതുമലയാളത്തിൽ അതിവേഗം കടന്നേറിയ സോഷ്യൽമീഡിയ ന്യൂെജൻ പദമാണ് മച്ചാൻ. കടൽമലയാളത്തിലെ ബന്ധമുറകളെ സൂചിപ്പിക്കുന്ന പദമാണ് മച്ചാൻ. സഹോദരിയുടെ ഭർത്താവ്, ഒന്നുവിട്ട മുറയുള്ള ചെറുക്കൻ ഇവരെല്ലാം മച്ചാന്മാരാണ്. പൊതുമലയാളത്തിലെ ന്യൂജെൻ പിള്ളേർ പരസ്പരം അഭിസംബോധന ചെയ്യാൻ പ്രയോഗത്തിലെടുത്ത ഈ പദത്തിെൻറ റൂട്ട് കടൽമലയാളമാണെന്ന വാസ്തവം പൊതുമലയാളം ബോധപൂർവം തമസ്കരിക്കുകയാണ്. കപ്പയും മീൻകറിയും എന്ന വിഭവപദം, സീഫുഡ് വ്യാപകമായതോടെ റസ്റ്റാറൻറുകൾക്കുണ്ടാകുന്ന ചുട്ട മീൻപോലുള്ള പേരുകൾ ഇവയെല്ലാം കടൽമലയാളമാണെന്ന യാഥാർഥ്യത്തെ പൊതുമലയാളം വിസ്മരിക്കുന്നു. പകരം തെറികളുടെയും വാടകളുടെയും വെളിങ്കടപ്പുറത്ത് ഇരുന്നു തൂറുന്നവെൻറയും വൃത്തിയും വെടിപ്പുമില്ലാത്തവരുടെയും ഭാഷയായി മാത്രം കടൽമലയാളത്തെ പൊതുമധ്യത്തിൽ നിർത്താനാണ് പൊതു മലയാളശ്രമം.
കടൽമലയാളം - ചരിത്രം പാരമ്പര്യം
കടൽ കടന്നെത്തിയ വൈദേശികപദങ്ങളാണ് മലയാളത്തെ അഭിവൃദ്ധിപ്പെടുത്തിയ ജീവനാഡി. സംസ്കൃതത്തിനും തമിഴിനും തുല്യം ചേർന്ന് അവ മലയാളത്തിൽ പ്രചരിച്ചു. കൊടുക്കൽ വാങ്ങലുകളുടെ കേന്ദ്രം തുറമുഖങ്ങളും അഴിമുഖങ്ങളുമായിരുന്നതുകൊണ്ട് ഈ പദങ്ങൾ ആദ്യം കലർന്നത് കടൽമലയാളത്തിലാണ്. സുറിയാനി, പോർചുഗീസ്, അറബി, ഡച്ച്, ഇംഗ്ലീഷ് ഭാഷകൾ കടൽമലയാളവുമായി ചേർന്ന് സങ്കരഭാഷകളായി (Pidgin) പ്രവർത്തിച്ചു. തപ്പാക്ക് എന്ന പോർചുഗീസ് പദം ചമ്പുക്കളിൽ കാണുന്നതുകൊണ്ട് മാത്രം ചമ്പുക്കൾ പോർചുഗീസ് അധിനിവേശത്തിനുശേഷം രചിക്കപ്പെട്ടതാണെന്ന ഭാഷാശാസ്ത്രകാരന്മാരുടെ വിലയിരുത്തൽ ഓർക്കാം. തപ്പാക്കിെൻറ ഭാഷാവ്യതിയാനരൂപമായ പത്രാക്ക് ഇന്നും നിലനിൽക്കുന്നത് കടൽമലയാളത്തിലാണ്. കുരിശിെൻറ വഴിക്ക് ക്രിസ്തുവിെൻറ സ്വരൂപം വഹിച്ചുകൊണ്ടുപോകുമ്പോൾ പത്രാക്ക് കൊട്ടിയാണ് ചിന്ത് പാടുന്നത്. പത്രാക്ക് ഒരു താളോപകരണമാണ്. ഇങ്ങനെ വൈദേശികഭാഷയുടെ താളവും തുടിപ്പും സംവഹിക്കാൻ ശേഷിയുള്ള ഭാഷയായിരുന്നു ആദിയിലേ കടൽമലയാളം. വാണിജ്യത്തിനായി വന്നവർ മതപ്രചാരണം കൂടി ലക്ഷ്യമാക്കിയതോടെ തുറമുഖങ്ങളിലും തീരങ്ങളിലും കഴിഞ്ഞിരുന്ന മുക്കുവരെയും മറ്റു അവശവിഭാഗങ്ങളെയും ജ്ഞാനസ്നാനം ചെയ്യിച്ചു ക്രിസ്ത്യാനികളാക്കി. അതുവഴി രൂപപ്പെട്ട പ്രാർഥനകളിൽ പോർചുഗീസ്, സുറിയാനി പദങ്ങളുടെ ഒഴുക്ക് തന്നെയുണ്ടായി. കാലാന്തരത്തിൽ അവ കടൽമലയാളത്തിെൻറ താളത്തിനും ഉച്ചാരണ ഈണത്തിനുമനുസരിച്ചു രൂപാന്തരപ്പെട്ടു. പ്രസിദേന്ത പിരിസന്തിയായും കൊമ്പിരിശ്ശെ കൊമ്പിരിയായും കടൽമലയാളത്തിൽ കൂടി. മിഷണറിഗദ്യത്തിലെ മേട, മേട്ടി, മെലിഞ്ചി, ലുത്തിനിയ മുതലായ നിരവധി പദങ്ങളും പ്രയോഗങ്ങളും വർണവിപര്യയരൂപങ്ങളും കടൽമലയാളത്തിൽ ചിരപ്രതിഷ്ഠിതങ്ങളായി. ഈ ഭാഷാ, ചരിത്രസൂചനകൾ വെളിവാക്കുന്നത് പൊതുമലയാളത്തിെൻറ ആദാനപ്രദാനങ്ങൾ കടൽമലയാളത്തിലൂടെയായിരുന്നുവെന്നാണ്.
കടൽമലയാളം തദ്ദേശീയജനതയുടെ (Indigenous Community) വംശഭാഷയാണ്. ഓരോ ആദിവാസിഗോത്രത്തിനും ഒരു ഭാഷയെന്ന പോലെ കേരളത്തിലെ ഓരോ തുറയ്ക്കുമുണ്ട് ഓരോ ഭാഷ. തമിഴുമായും കന്നടവുമായും അറബിയുമായും കലർന്നുള്ള ദ്വിഭാഷാമൊഴികൾ, മലയാളത്തിെൻറ മാനകരൂപവുമായി കലർന്നതും എന്നാൽ തനതായ കടൽ പദകോശം നിലനിർത്തുന്നതുമായ രൂപങ്ങൾ ഇവയാണ് ഏകദൃഷ്ടിയിൽ കടൽമലയാളം. എന്നാൽ തെക്ക് പൊഴിയൂർ മുതൽ വടക്ക് ബേക്കലം വരെ പടർന്നുകിടക്കുന്ന തീരങ്ങളിൽ അരയരെന്നും വലയരെന്നും മൊകയരെന്നും നുളയരെന്നും മുക്കുവരെന്നും വ്യത്യസ്ത ജാതിപ്പേരുകളിലാണ് മീൻപിടിത്തക്കാർ അറിയപ്പെടുന്നത്. ഓരോ ജാതിക്കും ഒരു ഭാഷയുണ്ട്. സമുദായഭാഷക്കും പ്രദേശത്തിെൻറ സ്വത്വഭാഷക്കും ആചാരാനുഷ്ഠാന വിശ്വാസഭാഷക്കുമൊപ്പം തൊഴിലിനെ ഉപജീവിച്ച പദങ്ങളാണ് ഓരോ തുറയിലെയും കടൽമലയാളത്തെ സമ്പന്നവും സവിശേഷവുമാക്കുന്നത്. കടലിലെ മീനുകളെയെല്ലാം എടുത്താൽ ഓരോ തുറയ്ക്കും അവ വ്യത്യസ്ത നാമങ്ങളാണ്. മീനിെൻറ പര്യായങ്ങൾ, വിളിപ്പേരുകൾ, അതിലൂടെ രൂപപ്പെട്ട പ്രയോഗങ്ങൾ, ധ്വനികൾ, ദ്വയാർഥങ്ങൾ ഇവയാണ് കടൽമലയാളത്തെ വൈവിധ്യമുള്ളതാക്കുന്നത്. മീൻപിടിത്തം, മീൻവിൽപന, മത്സ്യബന്ധനോപകരണങ്ങൾ, മത്സ്യബന്ധനകാലം, ദിശ, കാലാവസ്ഥ, പ്രകൃതി എന്നിവയിലൂടെ കടൽമലയാളം വിഭിന്നമായ ആവാസവ്യവസ്ഥകളുടെ ഭാഷയാകുന്നു. തമിഴ്നാടുമായി ചേർന്നുകിടക്കുന്ന തെക്കൻ തിരുവിതാംകൂറിലെ കടൽമലയാളം ചേലുകൾ, ചൊല്ലുകൾ, പള്ളുരിപ്പുകൾ, പരിയേടുകൾ, പാട്ടുകൾ, ജപങ്ങൾ, ചിന്തുകൾ നിറഞ്ഞ സാന്ദ്രവും സംഘർഷഭരിതവുമായ അനുഭവങ്ങളുടെ ഇരമ്പമാണ്. സ്വതന്ത്രവ്യവഹാരമാണ് കടപ്പെറപാസയെന്ന തെക്കൻ തിരുവിതാംകൂറിെൻറ ഈ കടൽമലയാളം. മധ്യതിരുവിതാംകൂറിലെ കടൽമലയാളം മാനകഭാഷയുമായി ഇടഞ്ഞ് മറ്റു സമൂഹങ്ങളിൽനിന്നും വിഭിന്നമായ പദശൈലിയാണ് നിലനിർത്തിപ്പോരുന്നത്. ഓര്, കോര്, പിശറ്, താങ്ങ് വള്ളം മുതലായ പ്രയോഗങ്ങൾ മധ്യതിരുവിതാംകൂറിലെ കടൽഭാഷയെ സവിശേഷമാക്കുന്നു. മലബാറിെൻറ കടൽമലയാളത്തിൽ അറബി, ഹിന്ദി, കന്നട പദങ്ങളുടെ അവിച്ഛിന്നമായ ഒഴുക്കുണ്ട്. തീരരേഖകൾ മായ്ച്ചുള്ള മീൻപിടിത്തരീതിയും അന്യനാടുകളിലേക്കുള്ള ചരക്കുകയറ്റുമതിയും, പത്തേമാരികളിലൂടെയുള്ള ഗൾഫ് യാത്രകളും മലബാർ കടൽമലയാളത്തിൽ സവിശേഷമായ പദരൂപവത്കരണമാണ് നടത്തിയിട്ടുള്ളത്. സ്രാങ്ക് (ബോട്ട് മുതലാളി), ഖലാസി (അരമുതലാളി, കടലുമായി ബന്ധപ്പെട്ട വിവിധ തൊഴിലുകളിലേർപ്പെടുന്നവർ), പണ്ടാരി (വെച്ചു വിളമ്പുന്നവൻ, store keeper) എന്നീ സ്ഥാനപേരുകൾ ഉണ്ടാകുന്നത് മലബാറിലെ കടൽമലയാളത്തിൽനിന്നാണ്. സ്രാങ്ക് പിന്നീട് പൊതുപദമായി മാറിയെങ്കിലും വൃശ്ചിക കള്ളൻ, വത്തക്കാർ, കൽപ്പാത്തടിക്കുക, കൊറ്റിനക്ഷത്രം, വലു, തെങ്ങരനീര് എന്നിവ മലബാറിലെ കടൽമലയാളപദങ്ങളായി നിൽക്കുന്നു.
ഇതെല്ലാം സൂചിപ്പിക്കുന്നത് കടൽമലയാളത്തിെൻറ ജൈവികതയെയും ആദിപിറവിയെയും വൈവിധ്യത്തെയുമാണ്. അധിനിവേശത്തിെൻറ ചരിത്രം, മതപരിവർത്തനത്തിെൻറ ചരിത്രം, കടൽ കടന്നുവന്ന് തെയ്യങ്ങളായി പ്രതിഷ്ഠ നേടിയ മിത്തുകളുടെ ചരിത്രം, കടൽയുദ്ധങ്ങളുടെ ചരിത്രം, ചിപ്പിയും കക്കയും ആമത്തോടും കയറ്റിയയച്ച വിദേശവാണിഭത്തിെൻറ ചരിത്രം, ശംഖും ശ്രാപ്പിറകും നികുതിയായി നൽകിയ രാജവാഴ്ചകാലത്തിെൻറ ചരിത്രം, ഇങ്ങനെ ബഹുകാല ചരിത്രം പേറുന്ന ഖനിയാണ് കടൽമലയാളം. അല്ലാതെ പൊതുമലയാളത്തിന് അപഹസിക്കാൻ മാത്രം വിവൃതമാക്കപ്പെട്ട അർഥസങ്കോചം സംഭവിച്ച ഒരു വാമൊഴിയല്ല.
നെയ്തൽ തിണയെഴുത്തുകൾ
അതിപ്രാചീനവും ഗോത്രസ്മൃതിയുണർത്തുന്നതുമായ കടൽപ്പാട്ടുകളുടെ പാരമ്പര്യമാണ് കടൽമലയാളം. രാത്രിയിരുട്ടത്ത്, നീലനിലാവ് കണ്ട് ഒരു വള്ളം മറ്റേ വള്ളത്തെ തൊടുന്നത് പാട്ടുകൊണ്ടാണ്. പാട്ടു കെട്ടി കെട്ടി രാപ്പാട്ടിെൻറ ഈരടികൾ തീരംവരെ കേൾക്കും. പുരകളിൽനിന്ന് പെണ്ണുങ്ങൾ കണവെൻറ ഒച്ചയറിയും. വിളക്കിെൻറ വെട്ടത്ത് മറുപാട്ട് പാടി കാതോർക്കും. സംഘസാഹിത്യത്തിലെ നെയ്തൽകവിത തുഴനീട്ടിയത് കടലിൽ കിടക്കുന്ന കണവനും കരയിലിരിക്കുന്ന പെണ്ണും തമ്മിലുള്ള പാട്ടുസ്വരുമയിലൂടെയാണ്. ഇറങ്കലും ഇറങ്കൽനിമിത്തവുമാണ് നെയ്തൽത്തിണയുടെ ഭാവം. കാലം രാത്രിയും വെളുപ്പിനെയും. വസ്തുക്കൾ മീൻ, ഉപ്പ് ആദിയായവ. കടൽപിറകോട്ടിയ ചേരൻ ചെങ്കുട്ടുവൻ, തൊണ്ടിയിലെ അയിരമത്സ്യം, ഉപ്പും ഉണക്കമീനുമായി മറുത്തിണകളിലേക്ക് കച്ചവടം പോകുന്ന ഉമ്മണച്ചാർത്തുമാർ, മുത്തും പവിഴവും അള്ളാൻ പോകുന്ന വലയർ ഇങ്ങനെ നെയ്തൽത്തിണക്കവിതകൾ കടൽമലയാളത്തിെൻറ പ്രാക്തനകോശങ്ങളാണ്. മണിപ്രവാളകാലത്തെ അനന്തപുരവർണനത്തിലാണ് മധ്യകാലമലയാളത്തിൽ അടയാളപ്പെട്ട കടൽമലയാളം കേൾക്കുന്നത്. തിരുവനന്തപുരം നഗരവാണിഭകേന്ദ്രത്തിൽ മുറയും തലയും മറന്ന് തെറിവിളിക്കുകയും വക്കാണം പറയുകയും ചെയ്യുന്ന പെണ്ണുങ്ങളിലൂടെയാണ് അനന്തപുരവർണനകാരൻ കടൽമലയാളത്തെ അപഗൂഢമാക്കുന്നത്. പെണ്ണുങ്ങളുടെ തട്ടിലും പലകയിലും ആഖ്യാതാവ് കാണുന്ന കൊഴുമീെൻറയും പൂമീെൻറയും വിവരണം കടൽമലയാളത്തിെൻറ ചെതുമ്പൽവെട്ടത്തിലാണ് തിളങ്ങുന്നത്.
14ാം നൂറ്റാണ്ടിൽ, കോവളം ആവാടുത്തുറ കടപ്പുറത്ത് ജീവിച്ചിരുന്ന അയ്യിപ്പിള്ള ആശാെൻറ രാമകഥപ്പാട്ട് കടൽമലയാളത്തിെൻറ ആത്മാംശം വെളിവാക്കുന്ന കാവ്യമാണ്. അമ്പിളിവളയം അഥവാ ചന്ദ്രവളയം കൊട്ടി പത്മനാഭസ്വാമി ക്ഷേത്രത്തിൽ പാടിയിരുന്ന രാമകഥപ്പാട്ട് കടലിെൻറ ഉയർച്ചയും താഴ്ചയും വാക്കിെൻറ പെരുക്കവും താളവുമാക്കി. നടന്തനർ നദികടന്ത് എന്ന ഒരു വരി തിര ഉയരുമ്പോൾ നാരണനിളയനോടും എന്ന മറുവരി തിര താഴും. തിരയുടെ സ്വഭാവമാണ് രാമകഥപ്പാട്ടിെൻറ താളത്തിന്. കുറത്തി, പാന തുടങ്ങി നൂറിലധികം വരുന്ന ദ്രാവിഡവൃത്തങ്ങളെയും സംസ്കൃതവൃത്തങ്ങളെയും കടൽത്തിര താളത്തിലേക്ക് മാറ്റിഎഴുതുകയായിരുന്നു അയ്യിപ്പിള്ള ആശാൻ.
സമകാലസാഹിത്യത്തിലെ കടൽമലയാളം കടൽത്തിണ എഴുത്തുകാരിൽനിന്ന് തന്നെയാണ് ഉയിർപ്രാപിക്കുന്നത്. അപരനോട്ടങ്ങൾക്ക് പകരം ആഴമുള്ള ആത്മാവതരണങ്ങൾ ഉണ്ടാകുന്നു. കടപ്പുറത്ത് ജനിക്കുകയോ കടലിൽ പണിയെടുക്കുകയോ ചെയ്ത മനുഷ്യരും അവരുടെ തലമുറകളും ചെതുമ്പലും ഉള്ളിരമ്പങ്ങളും ഉണങ്ങിയ ചെത്തങ്ങളും കൊണ്ടാണ് പൊതുമലയാളത്തിന് അഭിമുഖം നിൽക്കുന്നത്. അസൗന്ദര്യവത്കരിക്കപ്പെട്ട വാക്കുകളുടെ അതിപ്രാചീനതയിൽനിന്നും പുറപ്പെടുന്ന ലവണാംശങ്ങളാണ് കടൽമലയാളത്തിലെ ഈ എഴുത്തുകൾ. പി.എഫ്. മാത്യൂസിെൻറ കഥകൾ, കെ.എ. സെബാസ്റ്റ്യെൻറ കർക്കിടകത്തിലെ കാക്കകൾ, ഫ്രാൻസിസ് നൊറോണയുടെ അശരണരുടെ സുവിശേഷം, ബർഗ്മാൻ തോമസിെൻറ പുറങ്കടൽ, വിൻസൻറ് ഡിക്രൂസിെൻറ കടൽകാക്കൾ, പി.വൈ. ബാലെൻറ ശബ്ദത്തിെൻറ കടൽ, പോൾ സണ്ണിയുടെ കടലെഴുത്തുകൾ, ഡിക്സൻ ജോർജിെൻറ കവിതകൾ, ഷൈജു അലക്സിെൻറ കവിതകൾ എന്നിവ കടൽമലയാളത്തിെൻറ തിരയനക്കങ്ങളെയും രാത്രികാലങ്ങളെയും പാട്ടവിളക്കിെൻറ ഒളിവെട്ടങ്ങളെയും ഇരമ്പമാക്കുന്നു. പൊതുമലയാളത്തിനുള്ളിൽ കടൽമലയാളത്തിെൻറ ഭാഷാലാവണ്യശാസ്ത്രമാണ് ഈ രചനകൾ നിർമിക്കുന്നത്.
പരമ്പരാഗത കടലറിവുകളുടെ അനുഭവജ്ഞാനത്തിൽനിന്നും പിറവികൊണ്ട കടൽമലയാള കൃതികളാണ് ആൻഡ്രൂസ് ചേട്ടെൻറ കടൽമുത്ത്, റോബർട്ട് പനിപ്പിള്ളയുടെ കടലറിവുകളും നേരനുഭവങ്ങളും, ജേഴ്സൺ സെബാസ്റ്റ്യെൻറ ഞാങ്ങ നീങ്ങ, ടി.കെ. റഫീക്കിെൻറ 'കടലിൽ എെൻറ ജീവിതം' എന്നിവ.
പരമ്പരാഗത കടൽപണിക്കാരാണ് ഇവർ. ആൻഡ്രൂസ് ചേട്ടെൻറ കടൽമുത്ത് കടൽ, കാറ്റ്, കാലാവസ്ഥ, പാര് എന്നിവയുടെ വൈജ്ഞാനിക ആഴമാണ് തുറക്കുന്നത്. റോബർട്ട് പനിപ്പിള്ളയുടെ കടലറിവുകളും നേരറിവുകളും പാരമ്പര്യമായി കടൽപണിയെടുത്തുവന്ന കുടുംബത്തിെൻറ കടലനുഭവങ്ങളെ ആഴത്തിൽ ആവിഷ്കരിക്കുന്ന സമാഹാരമാണ്. ജേഴ്സൺ സെബാസ്റ്റ്യൻ തങ്കശ്ശേരി മുതൽ താന്നി വരെയുള്ള കടൽമലയാളത്തിെൻറ പദകോശമാണ് ഞാങ്ങ നീങ്ങയിൽ തയാറാക്കിയിരിക്കുന്നത്. റഫീക്ക് കടൽപണിക്കൊപ്പം കടൽശുചീകരണം കൂടി നടത്തുന്ന മത്സ്യത്തൊഴിലാളിയുടെ ആത്മാനുഭവവിവരണമാണ് നടത്തുന്നത്. പൊതുമലയാളത്തിെൻറ തുറിച്ചുനോട്ടങ്ങൾക്കും പരിഹാസം വഴിയുന്ന നിന്ദകൾക്കുമെതിരെയുള്ള ചെറുത്തുനിൽപും ഉത്തരവുമാണ് കടൽമലയാളത്തിലെ ഈ ഈടുവെപ്പുകൾ. മലയാളം പല മലയാളമാണെങ്കിൽ കടൽമലയാളം സ്വത്വവും പൈതൃകവുമുള്ള ഒരു മലയാളമാണെന്നും പൊതുമലയാളത്തിൽ അപഹസിക്കപ്പെടേണ്ട വാമൊഴിരൂപമല്ലെന്നും തെളിച്ചെടുക്കുകയാണ് ഈ ആഖ്യാനങ്ങൾ.