മാളികപ്പുറത്തിന്റെ വിപണിവിജയവും ഭക്തിയുടെ കച്ചവടവും
മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1304ൽ ബ്ലെയ്സ് ജോണി എഴുതിയ ‘‘തിരദൈവങ്ങളില്നിന്ന് താരദൈവങ്ങളിലേക്കുള്ള പരിണാമ ദൂരങ്ങള്‍’’ എന്ന ലേഖനത്തിൽ നിന്നുള്ള ഭാഗം.
ഭക്തി പശ്ചാത്തലത്തിലുള്ളതും അല്ലാത്തതുമായ നിരവധി സിനിമകള്‍ മലയാളത്തില്‍ ഭക്തജനജീവിതത്തിലെ ദൈവിക ഇടപെടലുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. നിരാലംബയായ ബാലാമണിക്ക് തുണയാകുന്ന ശ്രീകൃഷ്ണനും (‘നന്ദനം’ /2002) ജീവിതത്തിലെ നിര്‍ണായക തീരുമാനമെടുക്കാന്‍ ശ്രമിക്കുന്ന പ്രാഞ്ചിയേട്ടന് വഴികാട്ടിയാകുന്ന ഫ്രാന്‍സിസ് പുണ്യാളനും (‘പ്രാഞ്ചിയേട്ടന് & the Saint’ /2010), പൗരോഹിത്യത്തിന്റെ ദുര്വാശികളില്നിന്ന് കുമരങ്കരിപ്പള്ളി രക്ഷിക്കാന്‍ ശ്രമിക്കുന്ന ഗീവര്‍ഗീസ് പുണ്യാളനും (‘ആമേന്‍’ /2013) ഭക്തനായ അഭിനന്ദന് തിരിച്ചറിവു നല്‍കാനായി കൂടെക്കൂടുന്ന ശ്രീകൃഷ്ണനും (‘ഇന്നു മുതല്‍’ /2021) പുതിയ പരിപ്രേക്ഷ്യത്തിലെ അവതാരപ്പിറവികളായി പരിഗണിക്കാം. ഭക്തി പ്രമേയമായ സിനിമകള്‍ തരംഗമായി തുടരുന്ന കാലത്തല്ല ഇവയൊന്നും പ്രേക്ഷകരെ തേടിയെത്തിയത്. എന്നാല്‍, ഇവയില്‍ മിക്കവയും സിനിമാചരിത്രത്തില്‍ വന്‍വിജയങ്ങള്‍ നേടിയ ചിത്രങ്ങളായി പരിഗണിക്കപ്പെടുന്നു. മറ്റൊരർഥത്തില്‍, കാലത്തിനിണമാളികപ്പുറത്തിന്റെ വിപണിവിജയവും ഭക്തിയുടെ കച്ചവടവുംങ്ങുന്ന വിധത്തില്‍ അവതാര രൂപങ്ങളില്‍ ആവശ്യമായ ഭേദഗതികളോടെ ഭക്തി/വിശ്വാസം എന്നിവയെ മുന്‍നിര്‍ത്തിയുള്ള ചിത്രങ്ങള്‍ വിപണിയിലെത്തുന്നു.
2022 ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തി വമ്പിച്ച വിപണിവിജയം സ്വന്തമാക്കിയ ‘മാളികപ്പുറം’ എന്ന ചിത്രത്തിന്റെ ആഖ്യാനതന്ത്രങ്ങള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. ഭക്തയും അബലയുമായ ഒരു ബാലികക്ക് ഭാവനചെയ്യാന്‍ സാധിക്കുന്ന അയ്യപ്പനായി സിനിമയിലെ നായകന് പ്രത്യക്ഷപ്പെടുന്നു. അവളുടെ ബാലമനസ്സില്‍ അടിയുറച്ചു നില്ക്കുന്ന വിശ്വാസത്തിന്റെയും സങ്കല്പത്തിന്റെയും പ്രതീകമായാണ് ചിത്രത്തിലെ ദൈവികപ്രതിരൂപം അവതരിക്കുന്നത്. ശബരിമല ക്ഷേത്രം സന്ദര്‍ശിക്കണമെന്ന അവളുടെ ആഗ്രഹത്തിന് വ്യക്തിജീവിതത്തില്‍ അവിചാരിതമായുണ്ടാകുന്ന ചില സാഹചര്യങ്ങള്‍ തടസ്സമാകുന്നു. എന്നാല്‍, അവയെ അവഗണിച്ചുകൊണ്ട് സുഹൃത്തിനൊപ്പം സന്നിധാനത്തേക്ക് പുറപ്പെടുന്ന കല്യാണിക്ക് (ദേവനന്ദ) വഴിയില്‍ നേരിടേണ്ടി വരുന്ന ആപത്തുകളില്‍നിന്ന് ഒരു രക്ഷകാവതാരം സുരക്ഷയൊരുക്കുന്നു. അയ്യപ്പനെ ദര്‍ശിക്കണമെന്ന അവളുടെ ആഗ്രഹപൂര്‍ത്തീകരണത്തിനു ശേഷം സിനിമയില്‍ അവയെല്ലാം യുക്തിഭദ്രമായി ന്യായീകരിക്കപ്പെടുന്നു. മുന്‍കാല ഭക്തിസിനിമകളില്നിന്ന് വ്യത്യസ്തമായി, ഭക്തയുടെ ഭാവനക്ക് സിനിമാശരീരത്തിനുള്ളില് യുക്തിയുടെ പൂര്‍ണതകൂടി നല്കി സിനിമ പര്യവസാനിക്കുന്നു.
കല്യാണിയുടെ ഭാവനയില്‍ ഉണ്ണി മുകുന്ദന്റെ കഥാപാത്രം അയ്യപ്പനായി സ്ഥാനപ്പെടുന്നുവെന്നതിലാണ് സിനിമയുടെ വിപണിതന്ത്രം നിലനില്‍ക്കുന്നത്. ശബരിമലയില്‍ പാലിക്കപ്പെടേണ്ട ആചാരങ്ങളെക്കുറിച്ച് മുത്തശ്ശിയില്‍നിന്ന് മനസ്സിലാക്കുന്ന കല്യാണിയെന്ന ബാലിക മറ്റൊരർഥത്തില്‍ വിശ്വാസ സമൂഹത്തിന്റെ പ്രതിനിധിയായി പരിണമിക്കുന്നു. ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് സുരക്ഷയൊരുക്കേണ്ട കേരള പൊലീസ് സേനയുടെ സാന്നിധ്യം ഭാവനക്കും യുക്തിക്കുമിടയിലെ പാലമായി വര്‍ത്തിക്കുന്നു. കുടുംബപ്രേക്ഷകരെയും ഭക്തജനങ്ങളെയും ആകര്‍ഷിക്കാനാവശ്യമായ തരത്തിലുള്ള തീവ്രവൈകാരിക മുഹൂര്‍ത്തങ്ങളുടെ ആധിക്യമാണ് ചിത്രത്തെ ജനപ്രിയമാക്കി നിലനിര്‍ത്തുന്നത്. അശക്തയായ കഥാപാത്രത്തിന് കവചമായിത്തീരുന്ന ശക്തനായ നായകനെന്ന പതിവ് ജനപ്രിയ സിനിമാസമവാക്യംതന്നെയാണ് ‘മാളികപ്പുറ’വും പിന്‍പറ്റുന്നത്.
ശബരിമലയിലെ യുവതിപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങള്‍, ശാക്തീകരിക്കപ്പെടുന്ന തീവ്രഹിന്ദുത്വ നിലപാടുകള്‍, വിശ്വാസ സംരക്ഷണത്തിലൂന്നുന്ന തീവ്രഹിന്ദുത്വത്തിന്റെ ആശയസംഹിതകള്‍ തുടങ്ങിയ നിരവധി രാഷ്ട്രീയവശങ്ങൾകൂടി പരിഗണനാവിധേയമാകുമ്പോള് മാത്രമാണ് ‘മാളികപ്പുറ’മെന്ന ചിത്രത്തിന്റെ വിപണിവിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വാണിജ്യതന്ത്രങ്ങള്‍ വെളിപ്പെടുന്നത്. ചലച്ചിത്രതാരമായ ഉണ്ണി മുകുന്ദന് പരസ്യമായി പ്രഖ്യാപിക്കുന്ന ദേശീയബോധ പ്രകടനങ്ങള്‍, സിനിമയുടെ ആഖ്യാനത്തില്‍ കിരാതവത്കരിക്കപ്പെടുന്ന തമിഴ് പ്രതിനായക രൂപങ്ങള്‍, ആയുധമേന്തി പ്രതിയോഗികളെ നേരിടുന്ന അയ്യപ്പസ്വാമി/നായകസങ്കൽപം എന്നിവ സമ്മേളിക്കുമ്പോള്‍ നിര്‍മിക്കപ്പെടുന്ന ഹിന്ദുത്വ മലയാളി പൊതുബോധമെന്ന അടിത്തറയിലാണ് പ്രസ്തുത ചിത്രം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. ‘മാളികപ്പുറ’മെന്ന ചിത്രത്തിലേക്ക് ഉണ്ണി മുകുന്ദന് തിരഞ്ഞെടുക്കപ്പെടുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ അദ്ദേഹത്തിന്റെ മുന്‍ചിത്രങ്ങളുടെ പരിസരങ്ങളിലും ദൃശ്യമാണ്. ‘ഇര’ (2018), ‘മേപ്പടിയാന്’ (2022) എന്നീ ചിത്രങ്ങളില്‍, കഥാഗതിയുമായി നേരിട്ട് ബന്ധമില്ലാത്ത സാഹചര്യങ്ങളില്‍പോലും, താരത്തിന്റെ നായകാവതരണത്തെ പ്രഘോഷിക്കുന്ന രംഗങ്ങളില്‍ ശബരിമലയുമായി ബന്ധപ്പെട്ട വേഷവിധാനങ്ങളോടെയാണ് (കറുത്ത വസ്ത്രം ധരിച്ചെത്തുന്ന കഥാപാത്രങ്ങള്‍) ഉണ്ണി മുകുന്ദന്റെ കഥാപാത്രങ്ങള്‍ തിരശ്ശീലയിലെത്തുന്നത്. അഥവാ, ഹൈന്ദവ ദേശീയതയുടെ മലയാള സിനിമയിലെ മുഖമായി പരിണമിക്കാന്‍ ഉതകുന്ന ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നുണ്ട്. ഇവയെല്ലാം സമ്മേളിക്കുന്ന വിശാലമായ തലത്തില്നിന്നുവേണം ‘മാളികപ്പുറ’മെന്ന ചെറിയ ബജറ്റിലൊരുങ്ങിയ ചിത്രം നേടിയ വിപണിവിജയം പരിശോധിക്കപ്പെടേണ്ടത്.
കോവിഡ് കാലം മത-സാമുദായിക പ്രവര്‍ത്തനങ്ങള്‍ക്ക് ഏല്പിച്ച ആഘാതത്തില്‍നിന്ന് എല്ലാ മതസംവിധാനങ്ങളും തിരികെയെത്തുവാനുള്ള ശ്രമത്തിലാണ്. അതിനാവശ്യമായ തരത്തിലുള്ള മത/വിശ്വാസ ഏകീകരണ സാംസ്കാരിക യജ്ഞങ്ങള്‍ എല്ലാ വിഭാഗങ്ങളില്നിന്നുമുണ്ടാകുന്നു. അത്തരം ശ്രമങ്ങളുടെ വിവിധ തലങ്ങള്‍ സമകാലിക ജനപ്രിയ സിനിമകള്‍ അനാവരണം ചെയ്യുന്നുണ്ട്. അവയിലൊന്നാണ് മിത്തോളജിക്കല്‍ കഥാപരിസരങ്ങളെ യുക്തിസഹമായി ചരിത്രവത്കരിക്കാനുള്ള വ്യാജവാദങ്ങള്‍. കല്പിതകഥകളായി വിശ്വാസിസമൂഹങ്ങളുടെയുള്ളില് പ്രചരിക്കുകയും ഒരു സാങ്കല്പിക വിഭാഗമായി അവരെ ഏകോപിപ്പിക്കുകയും ചെയ്യുന്ന ഭാവനാപരിസരങ്ങളെ ശാസ്ത്രീയവും യുക്തിപരവുമായി സമർഥിക്കാന്‍ സമകാലിക ജനപ്രിയ സിനിമകള്‍ ശ്രമിക്കുന്നു.
ആര്യന് കുല്‍ശ്രേഷ്ഠ് എന്ന പുരാവസ്തു ശാസ്ത്രജ്ഞനായി അക്ഷയ് കുമാര്‍ പ്രത്യക്ഷപ്പെടുന്ന ‘രാം സേതു’ (2022) എന്ന ഹിന്ദി ചിത്രം അത്തരമൊരു വിപല്ശ്രമമാണ് നടപ്പാക്കുന്നത്. മത/ ആള്‍ദൈവങ്ങളെ പരിഹാസരൂപേണ അവതരിപ്പിക്കുന്ന ‘മൂക്കുത്തി അമ്മന്‍’ (2021) മതവിശ്വാസത്തിലുണ്ടാകുന്ന ദുഷിപ്പുകളെ പ്രശ്നവത്കരിക്കുന്ന തമിഴ് ഭാഷാചിത്രമാണ്. എന്നാല്‍, ഇവിടെയും മതവിശ്വാസങ്ങള്‍ക്കും രീതികള്‍ക്കും യുക്തിസഹമായ ഭാഷ്യമൊരുക്കുകയെന്ന തലമാണ് സിനിമ നിര്‍വഹിക്കുന്നത്. സമാനമായി, ‘മാളികപ്പുറം’ പോലുള്ള ചിത്രങ്ങള്‍ മനുഷ്യനും ദൈവവും ഒന്നാണെന്ന പ്രമാണത്തെ യുക്തിഭദ്രമായി സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. മറ്റൊരർഥത്തില്‍, തിരശ്ശീലയിലെ അവതാരമൂര്‍ത്തികള്‍ക്ക് യുക്തിസഹമായി ഭക്തജനകോടികളെ അഭിമുഖീകരിക്കാനും താരദൈവങ്ങളായി അവരോധിക്കപ്പെടാനുമുള്ള മതാത്മക അന്തരീക്ഷത്തിന്റെ പുനഃശാക്തീകരണമാണ് സമകാലിക ഭക്തിപ്രമേയ ജനപ്രിയ സിനിമകള്‍ നടപ്പാക്കുന്നത്.
ലേഖനത്തിന്റെ പൂർണരൂപം വായിക്കാൻ - തിരദൈവങ്ങളില്നിന്ന് താരദൈവങ്ങളിലേക്കുള്ള പരിണാമ ദൂരങ്ങള്‍