ആ ബലാത്സംഗം വെറും ക്രൈം അല്ല
‘‘ചിലർ കുടുംബത്തിൻറെ മാനം പോകുമെന്ന് ഭയന്ന് അവരുടെ സ്ത്രീകളെ സ്വയം കൊന്നു. കിണറ്റിൽ ചാടി മരിക്കുവാൻ അവർ വീട്ടിലെ പെണ്ണുങ്ങളോട് ആവശ്യപ്പെട്ടു. കാരണം ആൾക്കൂട്ടം പെണ്ണുങ്ങളെ തട്ടിക്കൊണ്ട് പോകുന്നത് കണ്ടുകൊണ്ടിരിക്കാൻ അവർക്ക് ഒട്ടും കഴിയുമായിരുന്നില്ല‘' -ക്യാപ്റ്റൻ മൻമോഹൻ സിങ് കോഹ്ലി എന്ന മുൻ നാവികൻ നടുക്കത്തോടെ ഓർത്തെടുക്കുന്നു. 1947ൽ ഇന്ത്യാ വിഭജന കാലയളവിൽ അനുഭവിച്ച യാതനകളെ പറ്റിയാണ് ഈ വിവരണം. ഇന്നത്തെ പാകിസ്താനിലെ വടക്കു പടിഞ്ഞാറു പ്രവിശ്യയിൽ ഉൾപ്പെട്ട ഹസാര ഹരിപ്പൂരിൽ നിന്ന് വർഗീയ കലാപത്തെ തുടർന്ന് പഞ്ചാബിലെ അമൃത്സറിലേക്ക് രക്ഷപ്പെടുന്നതിനിടെ അഭയാർഥി ക്യാമ്പിൽ അദ്ദേഹം കൂടുതലായി പുരുഷന്മാരെ മാത്രമാണ് കണ്ടത്. പിന്നിലെ അതിനു കാരണം പറയുകയാണ് അദ്ദേഹം. മല്ലിക അഹ്ലുവാലിയ എഴുതിയ 'ഡിവൈഡഡ് ബൈ പാർട്ടീഷൻ യുണൈറ്റഡ് ബൈ റെസിലിൻസ്' എന്ന പുസ്‌തകത്തിൽ വിവരിക്കുന്നതാണ് ഇക്കാര്യം. അഭയാർഥിയായി ഇന്ത്യയിൽ എത്തി പിന്നീട് നേവിയിൽ ചേർന്ന കോഹ്ലി പർവ്വതാരോഹണത്തിൽ നിരവധി നേട്ടങ്ങൾ കൊയ്തു. രാജ്യം അദ്ദേഹത്തെ പദ്മ ഭൂഷണും അർജുന അവാർഡും നൽകി ആദരിച്ചു.
മാറാത്ത ഇരുണ്ട കാലം
ഹിന്ദു, മുസ്ലിം, സിഖ് വിഭാഗക്കാർ തങ്ങൾക്കു ആധിപത്യമുള്ള പ്രദേശങ്ങളിൽ പ്രതികളും മറ്റിടങ്ങളിൽ ഇരകളുമായി മാറിയ ആ ഇരുണ്ട വിഭജന കാലം പിന്നിട്ടിട്ടു 76 വർഷങ്ങളായി. എങ്കിലും ഇപ്പോഴും ഏതു കലാപ കാലത്തും അക്രമകാരികൾക്ക് ആദ്യത്തെ ടാർഗറ്റ് സ്ത്രീകളാണ്. അവരുടെ മേൽ ഹിംസാത്മകമായ ലൈംഗിക പ്രവർത്തനങ്ങൾ നടത്തുന്നത് വെറും ക്രൈം മാത്രമായി കാണാനാകില്ല. ഒരു ജനതയെ മൊത്തം അരക്ഷിതാവസ്ഥയുടെ ആഴക്കിണറുകളിലേക്കു ചവിട്ടി താഴ്ത്തുന്നതിന്റെ സൂചനയാണിത്.
കേവലം എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുന്നത് കൊണ്ടും പ്രതികളെ കൽതുറങ്കിൽ അടക്കുന്നത് കൊണ്ടും പരിഹരിക്കാനാകാത്ത കൊടിയ പാതകമായി അത് മാറുന്നു. അമൃതസറിലെ പാർട്ടീഷൻ മ്യൂസിയത്തിൽ വിഭജന കാലത്തെ നടുക്കുന്ന കുറ്റകൃത്യങ്ങളുടെ അനുഭവ ശബ്ദ രേഖകൾ കേൾക്കാം. മാതാവ് കിണറ്റിൽ ചാടി മരിക്കുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വന്ന ആൺ മക്കൾ. പെണ്മക്കളെ അക്രമികൾ തട്ടിക്കൊണ്ടു പോകുന്നതിനു മുൻപ് കൊലപ്പെടുത്തിയ പിതാക്കന്മാർ. കാലം എത്ര കഴിഞ്ഞാലും കറുത്ത അധ്യായമായി അതെന്നും ഈ രാജ്യത്തിൻറെ ഓർമകളിൽ മുറിപ്പാടായി നിൽക്കും.
നീറും കാഴ്ചയായി ബിൽക്കീസ് ബാനു
ഗോദ്ര ട്രെയിൻ തീവെപ്പിനെ തുടർന്നുണ്ടായ ഗുജറാത്ത് വംശഹത്യക്കിടെ ബിൽക്കിസ് ബാനു അടക്കമുള്ളവർ കടന്നുപോയതും ഇതേ കൊടിയ അനുഭവങ്ങളിലൂടെയാണ്. ഗർഭിണിയായ ഒരു 21കാരി 2002ൽ നേരിട്ട കൂട്ട ബലാൽസംഘം ഒരു സ്ത്രീക്ക് നേരെയുണ്ടായ അതിക്രമം മാത്രമായി കണ്ടതോടെ പീനൽ കോഡിലെ വകുപ്പുകളുടെ മറപറ്റി പ്രതികൾ കേവലം 20 വർഷങ്ങൾ കൊണ്ട് ശിക്ഷ കഴിഞ്ഞു ഇറങ്ങി.
ജയിലിനു പുറത്തു പ്രതികളെ മാലയിട്ടു സ്വീകരിക്കാൻ സ്ത്രീകൾ തന്നെയെത്തി എന്നത് ഇരകളായ സമൂഹത്തിനു നേർക്കുള്ള കൊഞ്ഞനംകുത്തലുമായി. ആ സ്ത്രീ നീതി തേടി കോടതി വരാന്തകൾ കയറി ഇറങ്ങുകയാണ്. സ്റ്റേറ്റ് തന്നെ സ്പോൺസർ ചെയ്യുന്ന കടുത്ത ഭീഷണികൾ ഇടിത്തീയായി മുന്നിൽ നിൽക്കുന്നുമുണ്ട്.
മണിപ്പൂരിലെ മുറിവ്
കാലം 1947 ഉം 2002 ഉം പിന്നിട്ടു 2023ൽ എത്തുമ്പോഴും കാര്യങ്ങൾക്കു മാറ്റമൊന്നും വന്നിട്ടില്ല. മണിപ്പൂരിലെ ബിഫയിനം മേഖലയിൽ രണ്ടു കുകി വനിതകളെ ആൾകൂട്ടം നഗ്നരാക്കി നടത്തിക്കൊണ്ടു പോകുന്ന വിഡിയോ ഹൃദയമുള്ളവർക്കെല്ലാം വേദനയോടെ മാത്രമേ കാണാനാകൂ. മണിപ്പൂരിൽ കൊള്ളയും കൊലയും തീവെപ്പുമെല്ലാം അരങ്ങുതകർക്കുമ്പോഴും രാജ്യം ഒഫീഷ്യലായി നടുക്കം രേഖപ്പെടുത്താൻ മൂന്ന് മാസകാലം എടുത്തു. ഈ നടുക്കത്തിന്റെ അലയൊലികൾ അടങ്ങുമ്പോൾ ആ കേസും ഏതോ ക്രൈം നമ്പർ മാത്രമാകും. ഡെറ്റോൾ ഒഴിച്ച വെള്ളത്തിൽ കുളിച്ചാൽ തീരുന്ന 'ആഘാതം' മാത്രമായി ഏതേതോ പ്രദേശങ്ങളിൽ കിടക്കുന്നവർക്ക് ആ വിഷയം മാറും. 2024ൽ രാജ്യം പൊതു തെരെഞ്ഞെടുപ്പ് നേരിടുമ്പോൾ ഒരു വിഭാഗത്തിന് നേരെ കൈയ്യൂക്ക് കാണിച്ചതിന്റെ അവകാശവാദം ഏറ്റെടുക്കാൻ പോലും ആളുണ്ടാകും.
ഇവിടെ മറന്നു പോകുന്നതും അവഗണിക്കുന്നതും അവളുടെ നിർഭയമായ ജീവിതാവകാശത്തിനു നേരെ നടന്ന കൈയ്യേറ്റത്തിൽ നാം എന്ത് നിലപാട് എടുത്തു എന്നതാണ്. ആ കൊടിയ പീഡനം കൊണ്ട് അവളുടെ കുടുംബത്തിനും വംശത്തിനും ഒരു കൂട്ടർ നൽകിയ അരക്ഷിതാവസ്ഥയുടെ മൂടുപടം എങ്ങനെയാണു ചീന്തി അറിയപ്പെടുക. വര്ഷങ്ങളോളം നീളുന്ന വ്യവഹാര നടപടികളിലൂടെ വീണ്ടും പീഡനം തുടരും. അവൾക്കു മാത്രമല്ല അവളുടെ സമൂഹത്തിനു തന്നെ നൽകിയ മുന്നറിയിപ്പായി ആ കുറ്റകൃത്യം ആഘോഷിക്കപ്പെടും. ഒപ്പം ഇനിയും കലാപ നാളുകളിൽ എളുപ്പം പിടികൂടാവുന്ന ടാർജറ്റുകളായി സ്ത്രീകൾ മാറും.
ഏതു പരിതസ്‌തിഥിയിൽ ആയാലും വനിതകളെ ലക്ഷ്യമിടുന്ന കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ച ഇല്ലെന്ന കർശന നിലപാടിലേക്ക് ഭരണകൂടവും വ്യക്തികളും മാറുകയല്ലാതെ ഇവിടെ മാറ്റങ്ങൾ വരില്ല. ഓരോ ഭരണ വിഭാഗങ്ങളുടെയും തോന്ന്യാസ കാഴ്ചപ്പാടുകളിലേക്ക് കുറ്റകൃത്യങ്ങളുടെ വലിപ്പച്ചെറുപ്പം തീരുമാനിക്കുന്ന നടപ്പുശീലത്തിന് അറുതി വരണം. ഏതു കുറ്റവാളിയെയും വെളുപ്പിക്കുന്ന രാഷ്ട്രീയ തിമിരത്തിൽ നിന്നും നാം സർജറി നേടേണ്ടിയിരിക്കുന്നു.