അന്തമാനിലേക്ക് നാടുകടത്തപ്പെട്ട 1921ലെ മലബാർ കലാപ പോരാളികൾക്ക് എന്ത് സംഭവിച്ചു? അവർ എങ്ങനെ ജീവിച്ചു?
കാലാപാനിയിലേക്ക് നാടുകടത്തപ്പെട്ട 1921ലെ മലബാർ കലാപ പോരാളികൾക്ക് എന്ത് സംഭവിച്ചു? അവർ എങ്ങനെ ജീവിച്ചു? അപൂർവമായ ശബ്ദരേഖ 36 വർഷത്തിന് ശേഷം കണ്ടെടുക്കുന്നു. പൂവക്കുണ്ടിൽ അലവി എന്ന മലബാർ മാപ്പിളയുമായുള്ള അഭിമുഖത്തിെൻറ ഇൗ ഓഡിയോ രേഖ 1921ന്റെ ചരിത്രത്തിൽ പുതിയ മാനങ്ങൾ നൽകുന്ന കൂട്ടിച്ചേർക്കലാണ്. മാധ്യമം പുതുവർഷപ്പതിപ്പ് 2019 പ്രസിദ്ധീകരിച്ചത്.
ഇവരുടെ കേരളവുമായുള്ള രക്തബന്ധം മലബാറിൽ നടന്ന സ്വാതന്ത്ര്യ സമര പോരാട്ടത്തോളം പഴക്കമുണ്ട്. അന്തമാനിലെ മണ്ണാർഗാട്ടും കാലിക്കറ്റും വണ്ടൂരും തിരൂരും നിലമ്പൂരും മലാപ്പുറവുമൊക്കെ ഇൗ കഥകൾ നമുക്ക് പറഞ്ഞുതരും.1921െല മലബാർ കലാപത്തിന് (Malabar Rebellion) പല പശ്ചാത്തലങ്ങളും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ലോകത്താകമാനം രൂപംകൊണ്ട ഖിലാഫത്ത് പ്രസ്ഥാനത്തെ ഗാന്ധിജി ദേശീയസ്വാതന്ത്ര്യസമരത്തിെൻറ ഭാഗമായി സ്വീകരിച്ചതുകൊണ്ടു മാത്രം സംഭവിച്ച ഒന്നായിരുന്നില്ല അത്. സാമ്പത്തിക അരാജകത്വം, ജന്മിത്തം, ബ്രിട്ടീഷുകാർ നടത്തിയ അടിച്ചമർത്തലുകൾ, ബ്രിട്ടീഷുകാരുടെ 'വിഭജിച്ചു കീഴടക്കുക' എന്ന നയം തുടങ്ങി നിരവധി ഘടകങ്ങൾ മലബാറിലെ പോരാട്ടങ്ങൾക്ക് കാരണമായിരുന്നതായി പല ചരിത്രകാരന്മാരും പരാമർശിച്ചിട്ടുണ്ട്. മലബാർ കലാപത്തിൽ പങ്കെടുത്ത മാപ്പിളമാരിൽ ഭൂരിപക്ഷവും കർഷക തൊഴിലാളികളോ കുടിയാന്മാരോ ദിവസക്കൂലിക്കാരോ പള്ളിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരോ ആയിരുന്നു. കുറച്ച് ഹിന്ദുക്കളും ഈ കലാപത്തിൽ പങ്കെടുത്തിരുന്നു. ഭൂവുടമകൾക്കും ജന്മികൾക്കും എതിരെ അവകാശങ്ങളും നീതിയും നിഷേധിക്കപ്പെട്ട അടിസ്ഥാന വർഗം കൂട്ടായി നടത്തിയ പോരാട്ടമായിരുന്നു അത്.
1921നെപ്പറ്റിയുള്ള ചരിത്രപഠനങ്ങളും നടന്നത് ബ്രിട്ടീഷ്-സർക്കാർ രേഖകളെ അടിസ്ഥാനപ്പെടുത്തിയുള്ളവയാണ് എന്നത് വേറെ കാര്യം. എന്നാൽ, സമരത്തിൽ പിടികൂടിയവരെയും മറ്റും പിന്നീട് അന്തമാനിലേക്ക് നാടു കടത്തപ്പെട്ട മാപ്പിളമാരുടെ അനുഭവ രേഖകൾ അവലംബമാക്കിയുള്ള ചരിത്രരചനകൾ അപൂർവമാണ്. നാടുകടത്തപ്പെട്ടവർക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന് ഏറെ വിരളമായി മാത്രമേ അന്വേഷിക്കപ്പെട്ടുള്ളൂ.
പൂവക്കുണ്ടിൽ അലവി എന്ന മാപ്പിളയുമായുള്ള അഭിമുഖത്തിെൻറ ഓഡിയോ രേഖ അദ്ദേഹത്തിെൻറ പേരക്കുട്ടിയായ പത്രപ്രവർത്തകൻ സുബൈർ അഹമ്മദിെൻറ ശേഖരത്തിൽ ഉണ്ട്. 1982ൽ ആകാശവാണി പോർട്ട് ബ്ലെയർ കേന്ദ്രമായിരുന്നു അഭിമുഖം പ്രക്ഷേപണം ചെയ്തിരുന്നത്. അന്ന് മലബാറിൽനിന്നും ബെല്ലാരിയിലേക്കും പിന്നെ അന്തമാനിലേക്കും നാടുകടത്തപ്പെട്ടവരിൽ ഒരാളായിരുന്നു പൂവക്കുണ്ടിൽ അലവി. കർഷകനായ അദ്ദേഹത്തിെൻറ അനുഭവങ്ങൾ വിവരിക്കുന്ന ഈ അഭിമുഖം മലബാറിൽ അന്ന് നടന്ന സംഭവങ്ങളുടെയും തുടർന്ന് നടന്ന നാടുകടത്തൽ ശിക്ഷയുടെയും ഒരു അപൂർവ ചരിത്രരേഖയാണ്.
പി.കെ. അലവി അനുഭവങ്ങൾ വിവരിക്കുന്നു: ''സ്റ്റേഷൻ പൊളിച്ചു. മരൊക്കെ (മരങ്ങൾ)മുറിച്ച് റോഡിലിട്ടു. ഇങ്ങനെ ഒരു മാസം പട്ടാളം വന്നില്ല. പിന്നെ പട്ടാളം വന്നു. പട്ടാളം വന്നിട്ട് ഒരു തലക്കന്ന്, ഓലെ (സമരക്കാരെ) അങ്ങട്ടും വെടിവെച്ചു. അങ്ങനെ ഉള്ള മലബാറാണ്. ഓല് പിന്നെ, ബ്രിട്ടീഷുകാരെ നമുക്ക് പുട്ച്ചാൻ കയ്യൂല. ഇങ്ങനെ മലയാണ്... വെള്ളക്കാര് പട്ടാളക്കാര് അനവധി തീർന്നു. പിന്നെ അവസാനം ഓര് (സമരക്കാർ) രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോൾ വേറൊരു ഗൂർക്കാവിനെ കൊന്നു. ഗൂർക്കാവിനെ കോന്നാല് ... ഗൂർക്കാവ് വെടി പൊട്ടുന്നേട്ത്ത് ഓല് വരും. അപ്പൊ ഞങ്ങള് കാട്ക്ക് പോകും. അങ്ങനെ പല സംഭവവും വെടിയും കഴിഞ്ഞു. പിന്നെ ഇവര് എന്തു ചെയ്തു ഞങ്ങളെ, ഈ വസതിയിൽ വളഞ്ഞു, മലിനം, അങ്ങട്ട് എറങ്ങാൻ പാടില്ലാതെ ബന്ധാക്കി. അങ്ങനെ ബന്ധാക്കി ബുദ്ധിമുട്ടി. അപ്പോളേക്കും ആറ് മാസം കഴിഞ്ഞു. പിന്നെ ഓല് പൊര ഒക്കെ ചുട്ടു. ഒരുപാട് ആളെ വെടിവെച്ചു. പിടിച്ചു...''
* * * *
നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്ത് പ്രസ്ഥാനവും ശക്തിപ്പെടുത്തുന്നതിന് വേണ്ടി 1920 ആഗസ്റ്റ് 18ന് ഗാന്ധിജിയും ഖിലാഫത്ത് പ്രസ്ഥാന നേതാവ് മൗലാന ഷൗക്കത്ത് അലിയും കോഴിക്കോട് സന്ദർശിച്ചു. നിരവധി മാപ്പിളമാർ പങ്കെടുത്തിരുന്ന അന്നത്തെ യോഗത്തിൽ ഗാന്ധിജി നടത്തിയ പ്രസംഗം മലബാർ കലാപത്തിെൻറ അകക്കാമ്പ് വെളിപ്പെടുത്തുന്നതായിരുന്നു: ''70 മില്യൺ മുസ്ലിംകളോട് ബ്രിട്ടീഷുകാർ അനീതി ചെയ്തിട്ടുണ്ട്. അതുകൊണ്ട് സർക്കാറുമായുള്ള സഹകരണം അവസാനിപ്പിക്കുക എന്നത് ഓരോ മുസൽമാെൻറയും ബാധ്യതയാണ്. സർക്കാറിനെതിരെയുള്ള നിസ്സഹകരണത്തിലും ഖിലാഫത്ത് പ്രക്ഷോഭത്തിലും ഹിന്ദുക്കൾ അവരുടെ മുസ്ലിം സഹോദരന്മാരുടെ കൂടെ കൂടണം.'' ഖിലാഫത്ത് പ്രസ്ഥാന നേതാവായിരുന്ന ഷൗക്കത്ത് അലിയുടെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പോരാടാനുള്ള ആഹ്വാനം ആ യോഗത്തിൽ പങ്കെടുത്ത മാപ്പിളമാർക്ക് നവ ഊർജം നൽകി.
കലാപം അടിച്ചമർത്താൻ നിയോഗിക്കപ്പെട്ട ഗൂർഖാ റെജിമെൻറിനെ കുറിച്ച് അലവി അഭിമുഖത്തിൽ പരാമർശിക്കുന്നുണ്ട്. ഒളിപ്പോരിലെ ഗൂർഖകളുടെ പ്രാഗല്ഭ്യം പ്രസിദ്ധമാണ്. ആംഗ്ലോ^നേപ്പാൾ യുദ്ധത്തിലാണ് ബ്രിട്ടീഷുകാർ ഗൂർഖകളുടെ സാമർഥ്യം തിരിച്ചറിയുന്നത്. പിന്നീട് ബ്രിട്ടീഷ് ഗൂർഖകളെ അവരുടെ സൈന്യത്തിെൻറ ഭാഗമാക്കുകയായിരുന്നു. ആദ്യ ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടം എന്നറിയപ്പെടുന്ന 1857ലെ ലഹളയെ അടിച്ചമർത്താൻ ബ്രിട്ടീഷ് ഗൂർഖകളെ ഉപയോഗിച്ചിരുന്നു. 1921ലെ സമരം എത്രത്തോളം ശക്തമായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഗൂർഖാ റെജിമെൻറിനെ ഇറക്കാനുള്ള ബ്രിട്ടീഷ് തീരുമാനം.
* * * *
നാട് കടത്തൽ ശിക്ഷക്ക് വിധിക്കപ്പെട്ട കലാപകാരികളെ മദ്രാസ് പ്രസിഡൻസിയിലെ വിവിധ ജയിലുകളിൽ നിന്ന് അന്തമാനിലേക്ക് കൊണ്ടുവരുകയായിരുന്നു. കുറച്ചു കാലം സെല്ലുലാർ ജയിലിൽ തടവിലിട്ട ശേഷം ഇവരെ സൗത്ത് അന്തമാനിൽ വിവിധ സ്ഥലങ്ങളിലുള്ള കുറ്റവാളി താവളങ്ങളിലേക്കു മാറ്റി. പുനരധിവാസ സ്ഥലത്ത് അവരെ തൊഴിലാളികളായി ഉപയോഗപ്പെടുത്തി. തുടർന്ന് 'സെൽഫ് സപ്പോർട്ടിങ് ടിക്കറ്റി'െൻറ (Self Supporting Ticket) ഭാഗമായി തടവുകാരെ അവരുടെ കുടുംബത്തെ മലബാറിൽനിന്നും ഇങ്ങോട്ടു കൊണ്ടുവരാനും അധിവസിപ്പിക്കാനും പ്രേരിപ്പിക്കുകയായിരുന്നു.
അലവിയുടെ വാക്കുകൾ: ''മാപ്പള ലഹള എന്ന് വെച്ചാൽ മാപ്പള ലഹളയല്ല. ഞങ്ങള് ഹിന്ദുവും മുസ്ലിമുമൊക്കെ ചേർന്ന് കോൺഗ്രസുണ്ടാക്കിയതാണ്. പിന്നീട് ബ്രിട്ടീഷ് എന്ത് ചെയ്തു എന്ന് വെച്ചാൽ കുറച്ചു മൊതലാളിമാരെയും മാപ്പളമാരെയും കുറച്ച് ഹിന്ദുക്കളെയും ചേർത്ത് പിടിച്ചു, ജാതി ഉണ്ടാക്കി. ആദ്യം അവിടെ ഉപ്പ് കുറുക്കിയിരുന്നു. ഉപ്പ് കുറുക്കൽ സർക്കാരിന് എതിരാണ്. അബ്ദുറഹിമാൻ സാഹിബിെൻറ ഒക്കെ... മൂപ്പരെ തല്ലലും കുത്തലും, അപ്പളാണ് രാജ്യം ഒക്കപ്പാടെ ഇളകിയത്. മാപ്പള ലഹള എന്നത് ബ്രിട്ടീഷുകാർ എഴുതിയതാണ്. കുറച്ച് മുതലാളിമാരായ ആൾക്കാരെയും പിടിച്ചു. ഹിന്ദുക്കളെയും പിടിച്ചിരുന്നല്ലോ! മണ്ണാർക്കാട്ടെ നായർ, വല്യ ജന്മിയാണ്. അയാളെയും പിടിച്ചിരുന്നു.''
സമരരീതികൾ
സർക്കാർ കാര്യാലയങ്ങളായിരുന്നു മലബാർ സമരക്കാരുടെ മുഖ്യ ഉന്നം എന്ന് അന്നത്തെ ഡിസ്ട്രിക്ട് പൊലീസ് സൂപ്രണ്ട് ആയിരുന്ന ഹിച്ച്കോക്ക് രേഖപ്പെടുത്തുന്നു. അതേസമയം മാപ്പിള ഖിലാഫത്ത് നേതാക്കൾ ഉദ്യോഗസ്ഥരെ ഉപദ്രവിക്കാതെ ഒഴിവാക്കിയിരുന്നു എന്നും അദ്ദേഹം പറയുന്നു. തെക്കൻ വള്ളുവനാട്ടിലെ പൊലീസ് സ്റ്റേഷനും മറ്റു സർക്കാർ സ്ഥാപനങ്ങളും ആക്രമിക്കുന്നതിൽ ഹിന്ദുക്കളും മാപ്പിളമാരുടെ കൂടെ കൂടിയിരുന്നു. നമ്പൂതിരി സമുദായത്തിൽ പെട്ടവർപോലും അതിൽ ഉണ്ടായിരുന്നു. മൂഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് അറസ്റ്റ് ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത ഒരു മലബാർ ലഹള നേതാവായിരുന്നു.
അന്നത്തെ സമര രീതികളെ കുറിച്ച് അലവി പറയുന്നു: ''ഉപ്പു കുറുക്കൽ, അത് സർക്കാരിന് എതിരാണ്. സ്റ്റേഷൻ പൊളിക്കൽ, മരം റോഡിൽ വെട്ടിയിടൽ, അപ്പളാണ് ബ്രിട്ടീഷുകാർ വന്നത്.''
അന്തമാനിൽ
''ഇപ്പൊ എൺപതു വയസ്സുണ്ട് (1982). പതിനെട്ടാം വയസ്സിലാണ് എന്നെ പിടിച്ചേക്ക്ണത്. അങ്ങനെ തന്നെ ബന്ദിയാക്കി ഇവ്ടെ വിട്ടതാണ്. ഇവ്ടെ 'ടിക്കറ്റ്' കൊടുത്തിനെല്ലോ, അങ്ങനെ ഇവ്ടെ കൊണ്ട് വന്ന് തിരിച്ച് വിട്ടതാണ്. കച്ചോടായിട്ടും... ബ്രിട്ടീഷ് ജയിലില് ആദ്യം ഒക്കെ തൊറന്ന് വിട്ടു...'', അലവി പറയുന്നു.
ശിക്ഷ വിധിക്കപ്പെട്ട മാപ്പിളമാരെ മദ്രാസ് പ്രസിഡൻസിയിലെ വിവിധ ജയിലുകളിലാണ് ആദ്യം തടവിലിട്ടത്. 1922 ആഗസ്റ്റ് 31ന് 8185 തടവുകാർ വിവിധ ജയിലുകളിൽ ഉണ്ടായിരുന്നു.
അലവി പറയുന്നു: ''അങ്ങനെ അവ്ട്ന്ന് മണ്ണാർക്കാട് ചന്തപ്പുര കൊണ്ടുവന്നു, ഞങ്ങളെ വെടിവെക്കല് അവ്ട്ന്നായിരുന്നു. അയിന് അവ്ടെ പാണ്ടിക്കാട്ന്നു യുദ്ധം കഴിഞ്ഞതില് അതിലുണ്ടായിരുന്ന രണ്ടാളെ കടലാസ് വേറെ ശരിയാക്കുകയായിരുന്നു. ബെല്ലാരിക്കു കൊണ്ടു വന്നു. ബെല്ലാരിക്കു കൊണ്ടു വന്നിട്ട് അവ്ടെ പതിനൊന്ന് കൊല്ലം. ആയിരത്തി ഒരുനൂറ് ആള് ബെല്ലാരിയിൽ മരിച്ചു. പതിനയ്യായിരം ഇര്പതിനായിരം ആൾക്കാർ ഉണ്ടായിരുന്നു. അവ്ട്ന്ന് നാലും അഞ്ചും മയ്യിത്ത് വണ്ടിയിൽ കൊണ്ട് പോകുമായിരുന്നു. അവ്ടെ തുർക്കികളുടെ ഖബറും ഉണ്ട്. അങ്ങനെ പതിനൊന്നു കൊല്ലം അവ്ടെ കെടന്നു... അങ്ങനെ അവ്ട്ന്നാണ് ഇങ്ങട്ട് കൊണ്ട് വന്നത്. ഇങ്ങട്ട് കൊണ്ട് വന്നിട്ട് ഇവ്ടെ അപ്പൊക്ക് കാലം കഴിഞ്ഞു. 1931ലാണ് ഇവിടെ വന്നത്. ഇവിടെ വന്നിട്ട് കൃഷിപ്പണി... നെൽകൃഷി... വേറെ ഒന്നും...''
"ജയിലിൽ വെള്ളല്ല (ബെല്ലാരി). കുറെ മരിച്ചു. േൻറത് 3189 ആയിരുന്നു നമ്പർ. മുണ്ടാൻ (സംസാരിക്കാൻ) പാടില്ലല്ലോ. അവസാനം ഞങ്ങൾ അടി തൊടങ്ങി. ഇനി നമുക്ക് മരിച്ചാന്ന് പറഞ്ഞു. വാർഡമ്മാരോട് അങ്ങട്ടും തല്ല് തൊടങ്ങി. പിന്നെ ഓലും കുറെ ശാന്തരായി. ആദ്യം ചെന്ന ഉടനെ അഞ്ചട്ടു മാസമുള്ള എടങ്ങറ്ണ്ട്. പതിനൊന്നു കൊല്ലം കഴിഞ്ഞ് ഞാൻ അവിട്ന്ന് പോരുമ്പോളേക്ക് ഒരു പതിനായിരം ആളുണ്ട്. എഴുന്നൂറ് ആളുകൾ തുർക്കികൾ ഉണ്ട്. ഓലെ ജർമൻ യുദ്ധത്തിൽ പുടിച്ചതത്രെ. തീറ്റെൻറ വക - കൊറച് നെല്ല്, അരി... ഇനി ജീവിക്കണ്ട, മരിച്ചാള എന്ന് പറഞ്ഞ് കൂക്കും വിളിയും ഉണ്ടാക്കി. പിന്നെ ആഫീസർമാരും ഡാക്ടർമാരുമൊക്കെ നല്ലോണം നോക്കാൻ തൊടങ്ങി.''
ജയിലുകൾ തിങ്ങിനിറഞ്ഞതാണ് മാപ്പിള തടവുകാരെ അന്തമാനിലേക്ക് നാടുകടത്തുക എന്ന പ്രത്യേക തീരുമാനമെടുക്കാൻ 1922ൽ കൊളോണിയൽ സർക്കാറിനെ പ്രേരിപ്പിച്ചത്. ശിക്ഷ അധിവാസ കേന്ദ്രങ്ങളെ (Penal settlements) അടച്ചു പൂട്ടുക എന്ന പ്രഖ്യാപിത സർക്കാർ നയത്തിന് എതിരായിരുന്നു അത്. വലിയ തോതിലുള്ള മാപ്പിളമാരുടെ നാടുകടത്തലും അന്തമാനിൽ പുനരധിവസിപ്പിക്കലും അന്തിമ പരിഹാരമായിട്ടുള്ളതാണ് മാപ്പിള പദ്ധതി (Mappila Scheme) എന്ന് റോളണ്ട് മില്ലർ പറയുന്നു. 1922 ഫെബ്രുവരിയിൽ ആരംഭിച്ച നാടുകടത്തൽ 1930വരെ തുടർന്നു.
ബാച്ചുകളായാണ് മാപ്പിളമാരെ അന്തമാനിലേക്കു നാടുകടത്തിയിരുന്നത്. ബെല്ലാരി ജയിലിൽനിന്നുമുള്ള 210 പേരടങ്ങിയ ആദ്യ ബാച്ച് എസ്.എസ്. മഹാരാജ എന്ന കപ്പലിൽ മാർച്ച് ഒന്ന് 1922ന് മദ്രാസിൽനിന്നും പുറപ്പെടുകയും മാർച്ച് ആറിന് അന്തമാനിൽ എത്തുകയും ചെയ്തു. 201 പേരിൽ ഒരാൾ അന്തമാനിൽ എത്തിയതിെൻറ പിറ്റേ ദിവസം മരണപ്പെട്ടു. 40ഓളം പേർ വിവിധ അസുഖങ്ങൾക്ക് അടിമപ്പെട്ടിരുന്നു.
മാപ്പിള തടവുകാരുടെ കുടുംബത്തെ അന്തമാനിലേക്ക് കൊണ്ടുവരാനുള്ള, മദ്രാസ് സർക്കാർ ഒക്ടോബർ 9, 1922ന് സമർപ്പിച്ച പദ്ധതി നിർദേശം ഇന്ത്യ ഗവൺമെൻറ് അംഗീകരിച്ചു. ഇതിെൻറ പ്രശ്നങ്ങളും സാധ്യതകളും പഠിക്കാൻ കൊയിലാണ്ടി ആക്ടിങ് ഡെപ്യൂട്ടി തഹസിൽദാറായിരുന്ന ഇ.എച്ച്.എസ്. എബ്രഹാമിനെ നിയോഗിച്ചു. 1922 ഡിസംബർ 15ന് പോർട്ട് ബ്ലെയറിൽ എത്തി. അദ്ദേഹം തടവുകാരെ നേരിട്ട് കാണുകയും സെൽഫ് സപ്പോർട്ടിങ് ടിക്കറ്റ് (Self Supporting Ticket) എടുത്ത് കുടുംബത്തെ അന്തമാനിലേക്കു കൊണ്ട് വരുന്നതിെൻറ നേട്ടങ്ങളെ അവരോട് വിവരിക്കുകയും ചെയ്തു. നൂറ്റി ഇരുപത്തി മൂന്നു പേർ പദ്ധതിയോട് സമ്മതം മൂളുകയും കുടുംബത്തിെൻറ വിലാസങ്ങൾ നൽകുകയും ചെയ്തു. അന്തമാനിൽനിന്നും അവർ മോചിപ്പിക്കപ്പെടും എന്ന പ്രതീക്ഷയായിരുന്നു മറ്റു മാപ്പിളമാർ പദ്ധതിയോട് വിമുഖത കാണിക്കാൻ ഉണ്ടായ കാരണമെന്ന് അബ്രഹാം തെൻറ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. 1923 ജനുവരി 26ന് അബ്രഹാം സമർപ്പിച്ച വിശദമായ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ബ്രിട്ടീഷ് സർക്കാർ 'മാപ്പിള കൊളോണിയൽ' പദ്ധതിയുടെ നടപടികൾ ആരംഭിച്ചത്.
ഭാഷാപരമായ കാരണങ്ങളാൽ ജയിൽ അധികൃതരും മാപ്പിള തടവുകാരും തമ്മിൽ അനുഭവിച്ചിരുന്ന ആശയവിനിമയ പ്രശ്നത്തെക്കുറിച്ച് അബ്രഹാം തെൻറ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഈ പ്രശ്നം പരിഹരിക്കാൻ മലയാളം അറിയുന്ന സബ്ഓർഡിനേറ്റ് ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു. ഇതിനെ തുടർന്ന് 1923 ജൂൺ 19ന് മലബാറിൽനിന്നും െറവന്യൂ ഇൻസ്പെക്ടർ ആയിരുന്ന പി.പി. ഗോവിന്ദനെ സബ്ഓർഡിനേറ്റ് എക്സിക്യൂട്ടിവ് സർവിസിനായി (Subordinate Executive Service) അന്തമാനിലേക്കു നിയോഗിച്ചു. കൊളോണൈസേഷൻ പദ്ധതിയുടെ ഭാഗമായി മാപ്പിള തടവുകാരെ ബാച്ചുകളായി അന്തമാനിൽ വിവിധ ഗ്രാമങ്ങളിൽ പുനരധിവസിപ്പിക്കുന്നതിൽ ഇദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്. 1924 ഏപ്രിലിൽ മലബാറിൽനിന്നും മറ്റൊരു സ്പെഷൽ ഓഫിസർ ആയി എം. കുഞ്ഞിരാമൻ നായരെ നിയോഗിച്ചു. അന്തമാനിൽ മാപ്പിള കൊളോണൈസേഷനു പുറമെ അദ്ദേഹം മലബാറിൽ പോകുകയും കൂടുതൽ മാപ്പിള തടവുകാരെയും അവരുടെ കുടുംബങ്ങളെയും അന്തമാനിലേക്ക് കൊണ്ടുവരുന്നതിനുള്ള 'പ്രൊപോകണ്ട' (പ്രോപഗണ്ട)പ്രവർത്തനങ്ങൾ നടത്തി എന്ന് രേഖകളിൽ ഉണ്ട്. കുടുംബങ്ങളെ അനുനയിപ്പിക്കാൻ അദ്ദേഹം 1925 മേയ് അഞ്ചിന് മലബാറിൽ പോയപ്പോൾ അദ്ദേഹത്തിെൻറ കൂടെ 25 തിരഞ്ഞെടുത്ത മാപ്പിള തടവുകാരും ഉണ്ടായിരുന്നു.
മാപ്പിള കൊളോണൈസേഷൻ പദ്ധതിയും ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാവിധ 'പ്രൊപോകണ്ട' പ്രവർത്തനങ്ങളും നിർത്തിവെക്കണം എന്ന് ആവശ്യപ്പെട്ട് മദ്രാസ് ലെജിസ്ലേറ്റിവ് കൗൺസിൽ 1925 മേയ് അഞ്ചിന് ഒരു പ്രമേയം പാസാക്കിയിരുന്നു. 1925 ഡിസംബറിൽ മഹ്മൂദ് സ്കനാട് സാഹിബ് ബഹദൂർ എം.എൽ.എ, സയ്ദ് മുർതസ സാഹിബ് എം.എൽ.എ, മിർ അബ്ബാസ് അലി സാഹിബ് എം.എൽ.സി, ഡോ.കെ.ഡി. മുഗസേഥ് അയ്.എം.എസ് എന്നിവരടങ്ങിയ ഒരു സംഘം മാപ്പിള വില്ലേജുകളിൽ പ്രശ്നങ്ങൾ പഠിക്കാൻ അന്തമാനിൽ എത്തി. ഈ സംഘം രണ്ടു റിപ്പോർട്ടുകൾ സമർപ്പിച്ചു- ലെജിസ്ലേറ്റിവ് കൗൺസിൽ മെംബർമാരായ മൂന്നു പേർ സമർപ്പിച്ച 'മജോറിറ്റി' റിപ്പോർട്ടും പാഴ്സിക്കാരൻ ആയ ഡോ.കെ.ഡി. മുഗസേഥ് സമർപ്പിച്ച 'മൈനോറിറ്റി' റിപ്പോർട്ടും. ഇതിൽ 'മജോരിറ്റി' റിപ്പോർട്ട് അന്തമാനിൽ മാപ്പിള ഗ്രാമങ്ങളുടെ ദുരിതം വരച്ചു കാണിക്കുന്നതായിരുന്നു. കൊളോണിയൽ സർക്കാറിെൻറ അവകാശവാദങ്ങൾക്കനുസരിച്ചുള്ള ഗ്രാമങ്ങളെ അവർക്ക് കണ്ടെത്താനായില്ല. മിക്കയിടത്തും അടിസ്ഥാന സൗകര്യങ്ങൾപോലും ഇല്ല. എന്നാൽ മൈനോറിറ്റി റിപ്പോർട്ട് ഗ്രാമങ്ങളിലെ ശുഭസൂചകമായ കാര്യങ്ങളെ വിവരിക്കുന്നതായിരുന്നു. ബ്രിട്ടീഷ് സർക്കാർ മൈനോറിറ്റി റിപ്പോർട്ടിന് മാത്രം അംഗീകാരം നൽകുകയും മാപ്പിള കൊളോണൈസേഷൻ പദ്ധതി തുടരാനും തീരുമാനിച്ചു.
മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിെൻറ 'അൽ-അമീൻ' പത്രം 'മജോരിറ്റി' റിപ്പോർട്ടിനെ അടിസ്ഥാനമാക്കി 1926 നവംബർ 27ന് പ്രത്യേക സപ്ലിമെൻറ് പുറത്തിറക്കുകയും മാപ്പിള കൊളോണൈസേഷൻ പദ്ധതിക്കെതിരെ മലബാറിൽ ഒട്ടാകെ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. അബ്ദുറഹിമാൻ സാഹിബ് അന്തമാനിൽനിന്നും വന്ന മാപ്പിള തടവുകാരുമായി അഭിമുഖം നടത്താൻ അനുവാദം ചോദിച്ചുകൊണ്ട് മലബാർ ഡിസ്ട്രിക്ട് കലക്ടർക്ക് ഒരു കത്ത് അയച്ചിരുന്നുവെങ്കിലും അത് നിരസിക്കപ്പെട്ടു.
* * * *
രണ്ടാംലോക യുദ്ധകാലത്ത് 1942 മാർച്ച് 23നായിരുന്നു ജാപ്പനീസ് പട്ടാളം അന്തമാനിൽ എത്തിയത്. രണ്ടായിരത്തോളം ഇന്ത്യക്കാർ ജപ്പാൻ ഒക്കുപ്പേഷൻ കാലത്ത് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഒക്ടോബർ 1945ഓടെ ബ്രിട്ടീഷ് അന്തമാൻ വീണ്ടും പിടിച്ചെടുത്തു.
ജപ്പാൻ കാലത്തെ ഓർമകളെ കുറിച്ച് അലവി പറയുന്നു: ''ജപ്പാൻകാർ അനവധി കൊല്ലം ഇവ്ടെ നിന്നു. അനവധി ആളെ ഓല് കൊന്നിട്ടുണ്ട്. ചേരയും പാമ്പും പന്നിയും ഒക്കെ പിടിച്ച് കൊണ്ട് കൊടുത്താൽ സിഗരറ്റ് തരും. ഒരു പെട്ടി സിഗരറ്റിനു അന്ന് പതിനെട്ടു ഉറുപ്പികയാണ്. ശമ്പളം അന്ന് ഞങ്ങൾക്ക് പതിനഞ്ചു ഉറുപ്പികയായിരുന്നു, ബ്രിട്ടീഷുകാരുടെ കാലത്ത്. യുദ്ധകാലമായതോടെ ഇരുപത്തി രണ്ട് ഉറുപ്പികയായി.''
''ഈ ശിക്ഷക്കാരിൽ പട്ടാണി, പഞ്ചാബി, സിന്ധി.... ഓലാണ് കൊറേ തീർന്നത് (മരിച്ചത്)... ഞമ്മള് മലയാളക്കാർക്ക് അരിക്കഞ്ഞി കിട്ടിയാലും ചെമ്പു കിട്ടിയാലും, ഞമ്മള് ബാക്കിയാവല്ലോ! അവര് ഈ പാലും റൊട്ടിയും ഒക്കെ തിന്ന്...''
''ജപ്പാൻകാര് വന്ന് ജയില് തുറന്നു വിട്ടു. മൂന്നര കൊല്ലമാണ് അവര് കഴിഞ്ഞത്. അപ്പോഴേക്കും അനവധി ആളെ കൊന്നു. ഞങ്ങള് നെല്ലും മറ്റും ഒക്കെ കുയ്യ് കുഴിച്ച് കുത്തിയിട്ട് വൈക്കോൽ ഒക്കെ ഇട്ടിട്ട് കുഴിച്ചിടും. അതിൽ പൂളത്തറി കുത്തും. പൂളത്തറി കുത്തിയാൽ ഇവർക്ക് സന്തോഷാണ്. 'ചോത്തോ യോത്തോ' എന്ന് പറയും. യോത്തോ എന്ന് വെച്ചാൽ നല്ലത്.''
ജാപ്പനീസ് ഭാഷ ഒക്കെ എങ്ങനെയാണ് പഠിച്ചത് എന്ന ചോദ്യത്തിന് അദ്ദേഹം പറയുന്നു: ''പറഞ്ഞിട്ട്, അമ്മാതിരി അടി അല്ലേ ഓല് അടിച്ചത്.''
''ഓരോസം ഞാൻ ഈ കമ്പുമായിട്ടു ഇങ്ങനെ പോകായിരുന്നു. ഓല് 'മാത് മാത്' എന്നു പറഞ്ഞു. തന്നു മുൻപ് അടി, 'മാത്' എന്ന് പറഞ്ഞു. അപ്പൊ മനസ്സിലായി 'മാത്' എന്ന് പറഞ്ഞാൽ നിക്ക് എന്നാണെന്ന്. അടിച്ച് അങ്ങട്ട് പഠിപ്പിച്ചതാണ്.''
ശിക്ഷക്ക് ശേഷം
ജയിൽ ശിക്ഷ കഴിഞ്ഞ് നാട്ടിലേക്ക് പോയിരുന്നു അലവി. ''ഒന്നൂല്ല... എെൻറ ഒരു എളാപ്പ ണ്ടായിരുന്നു, മരിച്ചു... അവ്ടെ പെരേം കുടീം, പാടങ്ങളൊക്കീ ജന്മികളാ... നമ്മുടെ രാജ്യത്ത് ജന്മികളാ... അതൊക്കെ ഓല് ഓരൊരുത്തർക്കു കൊടുത്തു. പാടം ഇല്ലാതായി. പെര... ഒക്കെ പോയി. അവിടേക്ക് പോയതോണ്ട് ഒന്നും കിട്ടൂല, അപ്പോ ഇങ്ങട്ട് പോന്നതാണ്. പിന്നെ ഇവ്ടെ കൃഷി ഒക്കെയായിട്ട്...''
അലവി പിന്നെ കേരളത്തിലേക്ക് പിന്നീട് മടങ്ങിപ്പോയിട്ടില്ല, വയസ്സായി...''പ്പോൾ ഒരു മകനുണ്ട്. കൃഷിപ്പണി ചെയ്യുന്നു. സ്ഥലം അഞ്ചേക്കറുണ്ട്. അതൊക്കെ ഉപ്പുവെള്ളം തന്നെയാണ്. പണ്ട് ജപ്പാെൻറ കാലത്ത് ഭൂമി കുലുങ്ങി, അങ്ങനെ ആണ് ആടെ വെള്ളം എത്തിയത്. ഇപ്പം അത് അങ്ങനെതന്നെ കെടക്കാണ്.''
''ഇപ്പൊ ഒക്കെ സുഖാണ്. തല്ലും കുത്തും ഒന്നൂല്ല. പാടത്ത് നെല്ലുണ്ടാക്കും. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി. ഒരു ആപത്തും ഇല്ല. സർക്കാർ പണിയുള്ളോർക്ക് പണിയുണ്ട്, കൃഷിയുള്ളോർക്ക് കൃഷിയുണ്ട്... ഇവ്ടെ ഇപ്പം ഞങ്ങള് മൂന്നാളെ ബാക്കിയുള്ളൂ. ബാക്കിയൊക്കെ തീർന്ന് പോയിട്ടുണ്ട്. ഞി കൊർച്ച് പെണ്ണുങ്ങളും ണ്ട്...''
അന്തമാനിൽ മാപ്പിള സംസ്കാരം നിലനിർത്താൻ പുതിയ തലമുറക്ക് എന്ത് ഉപദേശമാണ് നൽകാനുള്ളത് എന്ന ചോദ്യത്തിന് അദ്ദേഹം പറയുന്നു: ''അതിനിപ്പം ഇവ്ട്ത്തെ ബല്യ കൂട്ടര് കൂടാതെ ഞമ്മള് എന്ത് ചെയ്യാനാണ്.''
അന്ന് നാടുകടത്തപ്പെട്ടവരുടെ പിൻതലമുറ ഇപ്പോൾ അന്തമാനിലെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്ത് മുഖ്യധാരയിൽ ഉണ്ട്. ഇവരിൽ മൂന്നാം തലമുറ വരെ ഉള്ളവർക്ക് മലയാളം അറിയാം. പക്ഷേ, ഇളം തലമുറയുടെ സംസാര ഭാഷ ഹിന്ദി കീഴടക്കിയിരിക്കുന്നു. വിമ്പർലിഗഞ്ച്, സ്റ്റുആർട് ഗഞ്ച് തുടങ്ങിയ സ്ഥലങ്ങളിൽ ചില പള്ളികളിൽ വെള്ളിയാഴ്ച ഖുതുബ (പ്രഭാഷണം) മലയാളത്തിൽ ആണ്. ഇവയും തലമുറകൾ മാറുന്നതിനനുസരിച്ച് ഹിന്ദിയിലേക്കും ഉർദുവിലേക്കും വഴിമാറും. ചരിത്രങ്ങൾ പേറുന്ന അന്തമാനിലെ മലയാള ഭാഷ വിസ്മൃതിയിലേക്കു ആണ്ടുപോയിക്കൊണ്ടിരിക്കുകയാണ്.
''ഇവ്ടെ ഹിന്ദു മുസ്ലിം പ്രശ്നമൊന്നുമില്ല. ഓന് ഓെൻറ പണി, ഞമ്മള് ഞമ്മളെ പണിയായിട്ട് നട്ക്ക്ണ്.''
അഭിമുഖത്തിെൻറ അവസാന ഭാഗത്ത് എന്താണ് ഇനിയുള്ള ജീവിതത്തിലെ ആഗ്രഹം എന്ന ചോദ്യത്തിന് അദ്ദേഹം പറയുന്നു: ''നല്ലോണം മുസ്ലിം ആയിട്ട് മരിച്ച.''
* * * *
1857 ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം ബ്രിട്ടീഷുകാർ നേരിട്ട ഏറ്റവും ശക്തമായ പോരാട്ടമായിരുന്നു മലബാർ കലാപം. വ്യക്തികൾക്കപ്പുറം കൂട്ടായ പരിശ്രമം എന്നതാണ് മലബാർ ലഹളയുടെ വിജയം. പൂവക്കുണ്ടിൽ അലവിയെപോലുള്ള പച്ച മനുഷ്യരായിരുന്നു ആ കൂട്ടായ പോരാട്ടത്തിെൻറ നെടുംതൂണുകൾ ആയിരുന്നത്. അവരുടെ അന്തമാൻ ജീവിതത്തെ കുറിച്ച് ആരും എഴുതിയിട്ടില്ല. അവർ ആത്മകഥകൾ എഴുതിയതായും രേഖകൾ ലഭ്യമല്ല. അവർ രാജ്യത്തിെൻറ സ്വാതന്ത്ര്യത്തിനും സാമൂഹിക - സാമ്പത്തിക അനീതികൾക്കുമെതിരെ പോരാടിയ സേനാനികൾ ആയിരുന്നു. എന്നിട്ടും സ്വാതന്ത്ര്യ സമര സേനാനികൾ എന്ന പദവി സ്വതന്ത്ര ഇന്ത്യയിൽ അവരെ തേടിയെത്തിയത് വളരെ വൈകിയാണ്. ഗാന്ധിജി അടക്കമുള്ള ദേശീയ നേതാക്കളുടെ ശ്രദ്ധാകേന്ദ്രമായി മലബാർ മാറിയത് എന്തുകൊണ്ടായിരിക്കാം? എന്നിട്ടും സ്വാതന്ത്ര്യ സമര ചരിത്രരചനയിൽ മാപ്പിളമാരോട് നീതി പുലർത്തപ്പെട്ടിട്ടുണ്ടോ? ചരിത്രതാളുകൾ ഇനിയും തുറക്കാനുണ്ട്.