ചലച്ചിത്രകലയെ മാറ്റിമറിച്ച ഗൊദാർദ്
ചലച്ചിത്രകലയെ മാറ്റിമറിച്ച ഗൊദാർദിനെയും അദ്ദേഹത്തിന്റെ സിനിമകളെയും പി.കെ. സുരേന്ദ്രൻ നിരീക്ഷിക്കുന്നു
ഇന്ന് നമ്മുടെ രാജ്യത്ത് ധാരാളമായി 'രാഷ്ട്രീയ സിനിമ'കള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ അവയൊന്നും തന്നെ (മലയാളത്തിലടക്കം) യഥാർഥ രാഷ്ട്രീയ സിനിമകൾ ആവുന്നില്ല. രാഷ്ട്രീയ വിഷയം / ഉള്ളടക്കം രാഷ്ട്രീയമായ (Political) രൂപത്തിലൂടെ മാത്രമേ സാർഥകമാവൂ എന്ന് പലരും മനസ്സിലാക്കുന്നില്ല. രാഷ്ട്രീയ ഉള്ളടക്കത്തെ സിനിമയുടെ വ്യവസ്ഥാപിതമായ ശൈലിയിലൂടെയാണ് പലരും അവതരിപ്പിക്കുന്നത്. അപ്പോള്‍ ഉള്ളടക്കത്തിെൻറ തലത്തിൽ ഉദ്ദേശിക്കുന്ന പുരോഗമനത്വത്തിന് വിരുദ്ധമായി സിനിമ പിന്തിരിപ്പനാവുന്നു. രൂപത്തിെൻറ നവീകരണം ഒരു രാഷ്ട്രീയ പ്രകടനമാണ്. ഇവിടെയാണ് ഗൊദാര്ദിെൻറ പ്രസക്തി.
Z (സംവിധാനം: Costa Gavras) എന്ന സിനിമയെ പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്നാണ് ഗൊദാർദ് ഒരിക്കൽ വിശേഷിപ്പിച്ചത്. ചുവടെ ചേര്‍ത്തിരിക്കുന്ന അഭിമുഖത്തിൽ ഈ സിനിമയെയും അതുപോലെ Battle of Algiers (സംവിധാനം: Gillo Pontecorvo) എന്ന സിനിമയെയും പഞ്ചസാരയില്‍ പൊതിഞ്ഞ വെടിയുണ്ടയായാണ് അദ്ദേഹം കാണുന്നത്. രാഷ്ട്രീയ, ദലിത്, സ്ത്രീ, ആദിവാസി, ലിംഗ പദവി വിഷയങ്ങള്‍ കൈകാര്യംചെയ്യുന്ന നമ്മുടെ മിക്ക സിനിമകള്‍ക്കും ഈ നിരീക്ഷണം ബാധകമാണ്. പ്രത്യേകിച്ച് നാം പുകഴ്ത്തിയ 'സൈറാത്ത്' (സംവിധാനം: നാഗ് രാജ് മഞ്ജുളെ) എന്ന മറാത്തി സിനിമയുടെ കാര്യത്തിൽ. മറ്റൊരുദാഹരണമാണ് 'അർധസത്യ' (സംവിധാനം: ഗോവിന്ദ് നിഹലാനി). ഈ സിനിമകൾ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളെ ജനപ്രിയ ഫോര്‍മാറ്റിലൂടെ അവതരിപ്പിക്കുകയാണ്.
രാഷ്ട്രീയ സിനിമയുടെ മഹത്തായ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്ന ഗൊദാര്‍ദും തെൻറ സിനിമകളിൽ ജനപ്രിയ സിനിമാ ജനുസ്സുകളുടെ ശൈലി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹം പല സൂചകങ്ങളുടെയും പരാമര്‍ശങ്ങളുടെയും ഉദ്ധരണികളുടെയും അതുപോലുള്ള മറ്റുപല ഡിവൈസുകളുടെയും ഉപയോഗത്തിലൂടെ സിനിമയെ രാഷ്ട്രീയവത്കരിക്കുന്നു. ഇതിലൂടെ ആ ജനപ്രിയ രീതിക്കെതിരെ പ്രവര്‍ത്തിച്ചുകൊണ്ട്, അട്ടിമറിച്ചുകൊണ്ട് തീര്‍ത്തും നവീനമായ, തേൻറതുമാത്രമായ ഒരു സിനിമ സൃഷ്ടിക്കുന്നു.
ഇത് അദ്ദേഹത്തിന് സാധിക്കുന്നത് സിനിമ സംവിധാനം ചെയ്യുന്നതിന് മുമ്പ് അദ്ദേഹം സിനിമകള്‍ കാണുകയും സിനിമയെ കുറിച്ച് എഴുതുകയും ചെയ്യുമായിരുന്നു എന്നതിനാലാണ്. അതിൽ പ്രധാനം ജനപ്രിയ സിനിമകളെക്കുറിച്ചുള്ള പഠനമായിരുന്നു. പ്രത്യേകിച്ച് അമേരിക്കൻ സിനിമകളെ, വിവിധ ജനുസ്സുകളെ-അവയുടെ ഘടന, കഥയും കഥപറയുന്ന രീതിയും, രൂപവും ഭാവവും, ഈ സിനിമകളുടെ ജനപ്രിയതയുടെ രഹസ്യം എന്താണ് എന്നിങ്ങനെ. ഈ പഠന / നിരൂപണങ്ങളില്നിന്നുള്ള ബോധ്യമായിരിക്കണം തെൻറ ആദ്യ സിനിമയായ Breathlessല്‍ ഗാങ്സ്റ്റർ സിനിമകളുടെ ചട്ടക്കൂട് ഉപയോഗിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ഇത്തരത്തില്‍ സിനിമയെ ഉപയോഗിക്കുക എന്നത് സിനിമാ സംവിധാനത്തെ സംബന്ധിക്കുന്ന രണ്ടു വഴികളിൽ നമ്മെ എത്തിക്കുന്നു. ഒന്ന് നിലനില്‍ക്കുന്ന ജനപ്രിയ സിനിമയെ മുഴുവൻ നിരാകരിച്ചുകൊണ്ട് ഒരു പുതിയ ഭാവുകത്വം സൃഷ്ടിക്കുക എന്ന വഴി. രണ്ട്, ജനപ്രിയ സിനിമയുടെ ചട്ടക്കൂട് ഉപയോഗിച്ചുകൊണ്ട്, ആ രീതിയെ നിരാകരിച്ചുകൊണ്ട് പുതിയ ഒരു ലാവണ്യം സൃഷ്ടിക്കുക എന്ന വഴി. രണ്ടാമത്തെ വഴി താരതമ്യേന എളുപ്പമുള്ളതാണെന്ന് തോന്നിയേക്കാമെങ്കിലും ഇതിന് പിന്നിൽ വലിയ അപകടം ഒളിഞ്ഞിരിക്കുന്നുണ്ട്. ജനപ്രിയ സിനിമകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു, ജനങ്ങളെ ഇത്രമാത്രം ആകര്‍ഷിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്, അതിനെ എങ്ങനെയാണ് അട്ടിമറിക്കുക എന്നീ കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയില്ലെങ്കിൽ നാം ആ ശൈലിയുടെ അടിമയാകും, അല്ലെങ്കിൽ ആ ശൈലി നമ്മെ ആഗിരണം ചെയ്ത് അതിെൻറ ഭാഗമാക്കും. സമൂഹം ഒരു വലിയ ലിറ്റ്മസ്പോലെയാണ്. എല്ലാ പ്രതിഷേധങ്ങളെയും അത് ആഗിരണം ചെയ്ത് മെല്ലെ അതിെൻറ ഭാഗമാക്കും. കലാകാരന് / കലാകാരി ഏതിന് എതിരെയാണോ പ്രതിഷേധിച്ചത്, അതിെൻറതന്നെ ഭാഗമായിത്തീരും. മറ്റു വാക്കുകളില്‍ പറഞ്ഞാൽ, ആ ശൈലിക്ക് അകത്തു കടക്കുന്ന നാം അഭിമന്യുവിനെപ്പോലെ ചക്രവ്യൂഹം തകര്‍ക്കാൻ കഴിയാതെ അതിനകത്തുതന്നെ കുടുങ്ങിക്കിടക്കും. അതുകൊണ്ടാണ് ഇത് ഇരുതല മൂര്‍ച്ചയുള്ള വാളുകൊണ്ടുള്ള കളിയാണ് എന്ന് പറയുന്നത്. വാള് ശരിയായി പ്രയോഗിക്കാൻ കഴിയാത്തപക്ഷം ഉപയോഗിക്കുന്ന ആള്‍ക്കുതന്നെ വെട്ടേറ്റെന്നു വരാം. അതായത്, ഇതൊരു ശ്രമകരമായ ജോലിയാണ്. ഇതിന് വളരെയധികം ധിഷണ ആവശ്യമാണ്.
ഇത് സിനിമയെയോ മറ്റു കലകളെയോ മാത്രം സംബന്ധിക്കുന്ന ഒരു ഇടുങ്ങിയ പ്രശ്നമല്ല. ഇതൊരു വിശാലമായ രാഷ്ട്രീയ പ്രശ്നം തന്നെയാണ്. അതായത്, വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടം നിലനില്‍ക്കുന്ന വ്യവസ്ഥിതിക്ക് അകത്തുനിന്നുകൊണ്ടുതന്നെ സാധ്യമാണോ, അല്ല, വ്യവസ്ഥിതിക്ക് വെളിയിൽ കടന്നുകൊണ്ടാണോ സാധ്യമാവുക? നമ്മുടെ ഇടതുപക്ഷത്തിനകത്ത് ഒരു കാലത്ത് വളരെ സജീവമായി ചര്‍ച്ചചെയ്യപ്പെട്ടിരുന്ന ഒരു സൈദ്ധാന്തിക പ്രശ്നമായിരുന്നു ഇത്. ഈ ചര്‍ച്ച ഇന്നും തുടരുന്നുണ്ട്. പാര്‍ലമെൻററി വ്യവസ്ഥക്കകത്ത് നിന്നുകൊണ്ട് വിപ്ലവം വരുത്താമെന്ന് വ്യാമോഹിച്ച സി.പി.എം പോലുള്ള പാര്‍ട്ടികൾ ഒരു വശത്ത്, പാര്‍ലമെൻററി വ്യവസ്ഥക്ക് വെളിയിൽനിന്നുകൊണ്ട് വിപ്ലവം വരുത്താമെന്ന് വ്യാമോഹിച്ച ഇടത് തീവ്രവാദികള്‍ മറ്റൊരു ഭാഗത്ത്. രണ്ടു വിഭാഗവും ഇന്ന് എവിടെ നില്ക്കുന്നു എന്ന് വിശദീകരിക്കേണ്ടതില്ലല്ലോ.
ഇരുതലമൂര്‍ച്ചയുള്ള ഈ വാൾ ഉപയോഗിക്കുന്നതിൽ അതിവിരുതനാണ് ഗൊദാര്‍ദ്. കാരണം അദ്ദേഹത്തിന് ധിഷണയുണ്ട്, സര്‍ഗാത്മകത്വവും ഉണ്ട്. അതുകൊണ്ട് അദ്ദേഹത്തിെൻറ സിനിമകൾ നമ്മുടെ നിലനില്‍ക്കുന്ന സിനിമാ സങ്കൽപങ്ങളെ (ജനപ്രിയവും അല്ലാത്തതും) വെല്ലുവിളിക്കുന്നവയായിത്തീര്ന്നു. അതുകൊണ്ടാണ് സിനിമാ സംവിധാനം അദ്ദേഹത്തെ സംബന്ധിച്ച് സിനിമയെക്കുറിച്ചുള്ള നിരൂപണങ്ങളുടെ തുടര്ച്ചതന്നെയായിത്തീരുന്നത്.
സാധാരണയായി നമ്മുടെ ആർട്ട് സിനിമകളിലും സംവിധായകെൻറ ഒരു വീക്ഷണമാണ്, അല്ലെങ്കില്‍ ഒന്നിലധികം ആശയങ്ങളാണ് അവതരിപ്പിക്കുന്നത്. അതിലൂടെ സംവിധായകന് എന്ത് പറയുന്നു എന്ന് പ്രേക്ഷകർ നിരൂപിക്കുന്നു. എന്നാല്‍ ഗൊദാര്ദിെൻറ സിനിമകളിൽ പല ആശയങ്ങളാണ്, പല വീക്ഷണ കോണുകളാണ് അവതരിപ്പിക്കുന്നത്. അനേകതയാണ്, ഐക്യം അല്ല ഈ സിനിമകളുടെ മുഖമുദ്ര.
ഗൊദാര്‍ദ് വൈരുധ്യങ്ങള്‍ക്ക് നടുവിലാണ്. സന്ദിഗ്ധതക്കും അസന്ദിഗ്ധതക്കും നടുവിൽ. സുതാര്യതക്കും അതാര്യതക്കും നടുവില്‍. സംശയങ്ങള്‍ക്കും ബോധ്യങ്ങള്‍ക്കും നടുവിൽ. എന്നാല്‍ തെൻറ സംശയങ്ങള്‍ക്ക് നിവാരണമോ പ്രതിവിധിയോ, ചോദ്യങ്ങള്‍ക്ക് ഉത്തരമോ, പ്രശ്നങ്ങള്‍ക്ക് പരിഹാരമോ അദ്ദേഹം അവതരിപ്പിക്കുന്നില്ല. അത് അദ്ദേഹത്തിെൻറ കാര്യപരിപാടിയുമല്ല. അടഞ്ഞതല്ല, വളരെ തുറന്നതാണ് അദ്ദേഹത്തിെൻറ സമീപനം. ഒരുപക്ഷേ, ലോകംതന്നെ അത്തരത്തിൽ ആയതുകൊണ്ടായിരിക്കാം. ഇത്തരം അവസ്ഥകള്‍ക്ക് നടുവിൽ പ്രേക്ഷകനെയും അദ്ദേഹം എത്തിക്കുന്നു. സിനിമ ഉയര്‍ത്തുന്ന നിരവധിയായ സംവാദങ്ങളിൽ പ്രേക്ഷകനെയും പങ്കാളിയാക്കുന്നു. പ്രേക്ഷകന് ഒരു ഉപഭോക്താവായി സിനിമക്ക് വെളിയിലല്ല. ഒന്നല്ല, നിരവധി വീക്ഷണങ്ങളും ദര്‍ശനങ്ങളുമുണ്ട് അദ്ദേഹത്തിന്. ഇവ്വിധത്തിലുള്ള ആശയങ്ങളുടെ ധാരാളിത്തത്തിൽ നിന്ന് പലതിനെയും കൂട്ടിച്ചേര്‍ത്ത് / അല്ലെങ്കില്‍ ഒഴിവാക്കി പറ്റുമെങ്കിൽ ഒരു നിഗമനത്തിലെത്താൻ അദ്ദേഹം പ്രേക്ഷകനെ പ്രേരിപ്പിക്കുന്നു. അത്തരത്തിലുള്ള പ്രകൃഷ്ട ജ്ഞാനിയായ പ്രേക്ഷകനെയാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. അങ്ങനെ ലോകത്തിലെ ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെയും പ്രളയത്തില്‍ / ആധിക്യത്തില്‍ അകപ്പെട്ട പ്രേക്ഷകനോട് അവയുടെ അവ്യവസ്ഥയിൽനിന്ന് വ്യവസ്ഥ കണ്ടെത്താന്‍ ആവശ്യപ്പെടുന്നു. ഏതാണ് ശരിയായ ദൃശ്യം, ശരിയായ ശബ്ദം, ദൃശ്യങ്ങളിലൂടെയും ശബ്ദത്തിലൂടെയും ആര്, ആര്‍ക്കുവേണ്ടി എങ്ങനെ സംസാരിക്കുന്നു എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. ഒരു സിനിമയില്‍ ഗൊദാര്‍ദ് തെൻറ ആത്മഗതത്തിൽ ഇപ്രകാരം പറയുന്നു: ''മനുഷ്യനും വസ്തുക്കളും ഐക്യത്തിൽ നിലനില്‍ക്കുന്ന ഒരു ലോകം സൃഷ്ടിക്കുക എന്നതാണ് എെൻറ ലക്ഷ്യം. എത്രത്തോളം രാഷ്ട്രീയപരമാണോ അത്രയുംതന്നെ കാവ്യാത്മകവും. ഇത് ആവിഷ്കാരത്തിനുള്ള വാഞ്ഛയെ വിശദീകരിക്കുന്നു.''
ഗൊദാർദ് 1967ല്‍ സംവിധാനം ചെയ്ത Weekend എന്ന സിനിമ അവസാനിക്കുന്നത് 'സിനിമയുടെ അവസാനം' എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ്. ''A film lost in the cosmos, a film found on a dump'' എന്നും ഈ സിനിമയെ അദ്ദേഹം വിശേഷിപ്പിച്ചിട്ടുണ്ട്. പൂജ്യത്തിലേക്കുള്ള തിരിച്ചുപോക്കിനെ കുറിച്ച്, അല്ലെങ്കില്‍ പിറകിലേക്ക് പോയി അവിടെനിന്ന് ആരംഭിക്കുന്നതിനെ കുറിച്ച് അദ്ദേഹം പലപ്പോഴും സംസാരിച്ചിട്ടുണ്ട്. ഒരേസമയം സിനിമയുടെ അന്തകനും സ്രഷ്ടാവുമാണ് അദ്ദേഹം. സിനിമയെ സ്നേഹിച്ചു കൊന്ന ഒരു സിനിമാക്കാരന്. ഒപ്പം സിനിമയെ നിരന്തരം അദ്ദേഹം പുതുക്കുന്നു. തെൻറ തൊണ്ണൂറ്റി ഒന്നാമത്തെ വയസ്സിലും ഈ നവീകരണം തുടരുന്നു. സിനിമയുടെ സാധ്യതകള്‍ ആരായുന്നു.
2014ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിെൻറ Goodbye Language (Adieu au Language) എന്ന സിനിമ 3Dയിലാണ്. തെൻറ മുന്‍കാല സിനിമകളിൽ എന്നതുപോലെ സിനിമയുടെ നിയമങ്ങളെ അദ്ദേഹം ഇവിടെയും തെറ്റിക്കുന്നു. നവീകരണത്തിനായുള്ള അദ്ദേഹത്തിെൻറ തീവ്രമായ ആഗ്രഹം ഈ സിനിമയിലും കാണാം, പ്രത്യേകിച്ച് 3Dയെ തനിക്ക് ആവശ്യമായ രീതിയില്‍ കുറ്റമറ്റതാക്കുന്നതില്‍. 2010 മുതല്‍ തന്നെ അദ്ദേഹം ഒരു 3D സിനിമ ഉണ്ടാക്കാന്‍ ആഗ്രഹിച്ചിരുന്നു. അതിനായി Fabrice Aragno എന്ന കാമറാമാനോട് ചില കാമറാ ടെസ്റ്റുകൾ നടത്താന്‍ നിർദേശിച്ചു. സാധാരണ ഉപയോഗിക്കുന്ന 3D കാമറയുടെ റിസള്‍ട്ടിൽ അസംതൃപ്തനായ Aragno തേൻറതായ പല സാങ്കേതിക ശ്രമങ്ങളും നടത്തി. സിനിമാട്ടോഗ്രഫിയുടെ പല അടിസ്ഥാന നിയമങ്ങളും തകര്‍ത്തു. അവര്‍ നാല് വര്‍ഷക്കാലം സിനിമക്കായി പണിയെടുത്തു. (ഇദ്ദേഹം ഗൊദാർദിെൻറ അഞ്ചു സിനിമകളില്‍ കാമറാമാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്). 3Dയെ സാധാരണപോലെയുള്ള എഫക്റ്റ് ഉണ്ടാക്കാന്‍ ഇവര്‍ക്ക് താൽപര്യം ഉണ്ടായിരുന്നില്ല. പുതിയ കാര്യങ്ങള്‍ക്കായി 3Dയെ എങ്ങനെ ഉപയോഗിക്കാം എന്നായിരുന്നു ഇവർ ചിന്തിച്ചത്. രണ്ടു കാമറ ഉപയോഗിച്ചുള്ള ചിത്രീകരണത്തിലൂടെ രണ്ടു ദൃശ്യങ്ങളെ ഒന്നിച്ചു കൊണ്ടുവരുകയല്ല, പുനര്‍നിർമിക്കുകയാണ്. 3Dയെ ഫലവത്താക്കാനായി പല സാങ്കേതിക ശ്രമങ്ങളും നടത്തി.
'അവതാര്‍', 'ഗ്രാവിറ്റി' എന്നീ സിനിമകള്‍ ഉണ്ടാക്കിയ ആവേശത്തിെൻറ പശ്ചാത്തലത്തില്‍ വേണം ഗൊദാർദിെൻറ ശ്രമങ്ങളെ കാണാൻ. ഇവ ആഖ്യാനത്തിെൻറ കല്‍പ്പിത ലോകത്തിൽ പ്രേക്ഷകരെ കൂടുതല്‍ ആമഗ്നരാക്കാനുള്ള ശ്രമമാണ്. 3D പലരും ഉപയോഗിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം സിനിമാറ്റിക് തന്ത്രങ്ങളോ ബോക്സോഫിസിൽ പണം ഉണ്ടാക്കാനുള്ള തന്ത്രങ്ങളോ ആയിരുന്നു.
Goodbye (Adieu) എന്നതിന് Goodbye എന്നും Hello എന്നും അർഥമുണ്ടത്രേ! ഭാഷ അദ്ദേഹത്തിെൻറ സിനിമകളിലെ ഒരു പ്രധാന വിഷയമാണ്. ഭാഷയുടെ പ്രാധാന്യം, ഭാഷയുടെ അപര്യാപ്തത, വാക്കുകളുടെ അർഥം, വാക്കുകളുടെ വിഘടനം, വാക്കുകളും വസ്തുക്കളും –ഇത്യാദി. അദ്ദേഹം വാക്കുകളെ പലപ്പോഴും പിരിച്ച്, ക്രമമില്ലാതെ എഴുതിക്കാണിക്കുന്നു. അപ്പോള്‍ നാം പൊതുവെ തെറിയായി കരുതുന്ന അർഥം കൈവരുന്നു.
സ്വയം വിമര്‍ശനം ഗൊദാർദിെൻറ സവിശേഷതയാണ്. പലപ്പോഴായുള്ള ആത്മവിമര്‍ശനം കാരണം അദ്ദേഹത്തിെൻറ സിനിമാജീവിതത്തെ പല ഘട്ടങ്ങളായി തിരിക്കാം. അതുകൊണ്ടുകൂടിയായിരിക്കും അദ്ദേഹം പലപ്പോഴും വൈരുധ്യങ്ങള്‍ക്ക് നടുവിലാണെന്ന് നമുക്ക് അനുഭവപ്പെടുന്നത്.
Weekend എന്ന സിനിമയോടുകൂടി അദ്ദേഹത്തിെൻറ സിനിമാ ജീവിതത്തിലെ ഒരു ഘട്ടം അവസാനിക്കുകയാണ്. പിന്നീട് വരുന്നത് വിപ്ലവ സിനിമയുടെ കാലമാണ്. അങ്ങനെയാണ് സിഗാ വര്തോവ് ഗ്രൂപ്പ് രൂപംകൊള്ളുന്നത്. ഗൊദാര്‍ദും ഴാൻ-പിയറി ഗോറിനുമാണ് ഈ കൂട്ടായ്മയുടെ അമരക്കാര്‍. Gerard Martin, Nathalie Billard, Armand Marco എന്നിവരാണ് മറ്റ് അംഗങ്ങള്‍.
മാര്‍ക്സിസ്റ്റ് വീക്ഷണം സ്വീകരിച്ച ഗൊദാർദിേൻറത് മുഖ്യധാരാ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരാകരിക്കുന്ന ചിന്തയായിരുന്നു. അതുകൊണ്ടുതന്നെ മാവോവാദികള്‍ അദ്ദേഹത്തെ ആകര്‍ഷിക്കുകയുണ്ടായി. അവര്‍ വലിയ രീതിയിൽ ഫ്രാന്‍സിൽ മാത്രമല്ല, ലോകത്തിെൻറ പല ഭാഗത്തും വളര്‍ന്നു വന്നു. അങ്ങനെ മാര്‍ക്സിസ്റ്റ് കഥാപാത്രങ്ങള്‍ അദ്ദേഹത്തിെൻറ സിനിമകളില്‍ വലിയ തോതിൽ സ്ഥാനംപിടിച്ചു. 1967ലെ La Chinoise ഉദാഹരണം. അക്കാലത്ത് അദ്ദേഹം സ്വയത്തെ ഒരു മാവോവാദി ആയിട്ടാണ് കണ്ടിരുന്നത്.
1965ല്‍ Cahiers Marxistes-Leninistes എന്നൊരു പ്രസിദ്ധീകരണം നടത്തിയിരുന്ന ഒരു കൂട്ടായ്മയുമായി ബന്ധപ്പെട്ട് ഗോറിൻ പ്രവര്‍ത്തിച്ചിരുന്ന സമയത്താണ് ഗൊദാർദ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. അവര്‍ പല കാര്യങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു. പ്രധാനമായും സിനിമയുടെ സൗന്ദര്യശാസ്ത്രത്തെ കുറിച്ച്. അതില്‍ മുച്ചൂടും മാറ്റം ആവശ്യമുള്ളതായി രണ്ടുപേര്‍ക്കും ബോധ്യപ്പെട്ടു. Weekendന് ശേഷം ഗൊദാർദ് ഒരു പ്രതിസന്ധിയിലായിരുന്നു എന്നാണ് ഗോറിൻ പറയുന്നത്. അക്കാലത്ത് അദ്ദേഹം 16mmല്‍ ശ്രമങ്ങള്‍ നടത്തി. പക്ഷേ, അത് ഉപേക്ഷിച്ചു. പിന്നീട് 1968ലെ വലിയതോതിലുള്ള വിദ്യാർഥി, തൊഴിലാളി സമരം ചിത്രീകരിച്ചു. ഈ സാഹചര്യത്തിലാണ് ഗോറിനുമായുള്ള ബന്ധം ശക്തമാവുന്നത്. അങ്ങനെയാണ് സിഗാ വര്തോവ് ഗ്രൂപ്പ് രൂപംകൊള്ളുന്നത്. ഈ സമരം ഫ്രാന്‍സിനെ മാത്രമല്ല, മറ്റുപല രാജ്യങ്ങളിലെ ജനങ്ങളെയും സ്വാധീനിച്ചു, ആവേശഭരിതരാക്കി. രാഷ്ട്രീയ സാമൂഹിക രംഗത്ത് പുത്തന്‍ ഉണർവ് ഉണ്ടായി.
Louis Althusser, Michel Foucault, Jacques Lacan എന്നിവരുടെ വിദ്യാർഥിയായിരുന്നു ഗോറിന്. ഒരു തീവ്ര ഇടതുപക്ഷക്കാരന്. ഗോറിനുമായുള്ള ചര്‍ച്ചകൾ La Chinoise എന്ന സിനിമയുടെ സ്ക്രിപ്റ്റ് എഴുതുന്ന സമയത്ത് ഗൊദാർദിന് സഹായകമായിട്ടുണ്ട്. ഗൊദാർദിെൻറ Le Gai Savoir എന്ന സിനിമയുടെ പ്രവര്‍ത്തനങ്ങളിൽ ഗോറിന് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. University of Californiaയില്‍ അധ്യാപകനായി ഗോറിന് എഴുപതുകളുടെ അവസാനം ഫ്രാന്‍സ് വിട്ടു. അവിടെ കുറേക്കാലം സിനിമാ ചരിത്രവും നിരൂപണവും പഠിപ്പിച്ചു. അദ്ദേഹം സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. Poto and Cabengo, Routine Pleasures, My Crasy Life, Letter to Peter എന്നിവയാണ് പ്രധാന സിനിമകൾ.
സിനിമയിലെ പ്രതിനിധാനം എന്ന വിഷയമാണ് ഈ ഗ്രൂപ്പിെൻറ പ്രധാന ചിന്താവിഷയം. ജനപ്രിയ ഇമേജ് നിർമിതിയുടെ രാഷ്ട്രീയ അനുമാനങ്ങൾ വിശകലനം ചെയ്യുന്നു ഈ കൂട്ടായ്മയുടെ സിനിമകള്‍. വിഘടിതമായ ആഖ്യാനവും ഉപന്യാസങ്ങളുടെ ഘടനയും ഉപയോഗിക്കുന്നു. ദൃശ്യങ്ങളെയും ശബ്ദങ്ങളെയും എഴുതിയ വാക്കുകളെയും ചേര്‍ച്ചയില്ലാതെ ഉപയോഗിക്കുന്നു. ഇതിലൂടെ പ്രേക്ഷകരെ സിനിമയില്‍ ആമഗ്നരാവാതെ ഒരകലത്തില് നിര്‍ത്തിക്കൊണ്ട് സിനിമയെ വിമര്‍ശനാത്മകമായി കാണാന്‍ പ്രേരിപ്പിക്കുന്നു. വ്യക്തിപരമായ കര്‍തൃത്വത്തെ ഈ സിനിമകള്‍ നിരാകരിക്കുന്നു. പകരം കൂട്ടായ പ്രവര്‍ത്തനത്തിൽ ഊന്നല്‍ നല്കുന്നു.
ഈ സംഘത്തിെൻറ ആദ്യ മാനിഫെസ്റ്റോയില്‍ (Premiers Sons Anglais, published in the film journal Cinethique in 1969) തങ്ങളുടെ സിനിമ-രാഷ്ട്രീയ വീക്ഷണങ്ങള്‍ ഈ സംഘം വ്യക്തമാക്കി. Quoi Faireയില്‍ (Published in the British Film Review, After image in 1970) രാഷ്ട്രീയ സിനിമയും രാഷ്ട്രീയപരമായി രൂപപ്പെടുത്തിയ സിനിമയും തമ്മിലുള്ള വ്യത്യാസം ഗൊദാർദ് വിശദീകരിക്കുന്നു. അദ്ദേഹത്തെ സംബന്ധിച്ച് രാഷ്ട്രീയ സിനിമ എന്നാല്‍ ലോകത്തിെൻറ ഭൗതികാതീതമായ ധാരണമാണ്. ഇത്തരം സിനിമകള്‍ സാഹചര്യങ്ങളെ, ഉദാഹരണമായി ലോകത്തിലെ ദുരിതങ്ങളെ, വിശദീകരിക്കുകയാണ്. അതുകൊണ്ട് ഇവ ബൂര്‍ഷ്വാ പ്രത്യയശാസ്ത്രത്തിന് ചേരുന്നതുമാണ്. ഇവ പ്രതിനിധാനത്തിെൻറ യുക്തിയിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, 'രാഷ്ട്രീയമായി ഉണ്ടാക്കിയ സിനിമകള്‍' ലോകത്തിെൻറ വൈരുധ്യാത്മകമായ ധാരണമാണ്. ഇത് മൂര്‍ത്തമായ സാഹചര്യങ്ങളെ മൂര്‍ത്തമായി അപഗ്രഥിക്കാൻ അനുവദിക്കുന്നു. പോരാട്ടം നടക്കുന്ന ലോകത്തെ പരിവര്‍ത്തിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അതിനെ കാണിക്കുന്നു. ഇത്തരത്തില്‍ ആപേക്ഷിക സത്യത്തിെൻറ അടിസ്ഥാനത്തിൽ ലോകത്തിെൻറ ദൃശ്യങ്ങളെ അത്യധികം മുഴുവനായി ഉണ്ടാക്കുന്നതിനു പകരം രാഷ്ട്രീയമായി സിനിമ ഉണ്ടാക്കുക എന്നാല്‍ ഉൽപാദനത്തിനും ഉൽപാദന ശക്തികള്‍ക്കും ഇടയിലുള്ള ബന്ധത്തിലെ വൈരുധ്യങ്ങളെ പഠിക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ വിപ്ലവ പോരാട്ടങ്ങളെയും അവയുടെ ചരിത്രത്തെയും കുറിച്ചുള്ള ശാസ്ത്രീയമായ അറിവുകള്‍ ഉണ്ടാക്കാൻ കഴിയുന്നു. ഇത് ലോകം, ദൃശ്യം, പ്രതിനിധാനം ഇവതമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള സൈദ്ധാന്തിക വ്യഗ്രതയില്‍ ഊന്നുന്നു.
ഒരു സാമ്രാജ്യത്വ സിനിമയുടെ പ്രദര്‍ശന വേളയിൽ തിരശ്ശീല പ്രേക്ഷകര്‍ക്ക് ഉടമസ്ഥ-ഭരണകൂട ശബ്ദം വില്‍ക്കുകയാണ്. ഈ ശബ്ദം പ്രേക്ഷകരെ ഓമനിക്കുന്നു, തഴുകുന്നു, ഉറക്കുന്നു. ഒരു തിരുത്തല്‍വാദ സിനിമ പ്രദര്‍ശിപ്പിക്കുമ്പോൾ തിരശ്ശീല ഒരു ഉച്ചഭാഷിണിയായി ഒരിക്കല്‍ ജനങ്ങളെ പ്രതിനിധാനംചെയ്തിരുന്നതും എന്നാല്‍ ഇപ്പോൾ അവരുടേത് അല്ലാത്തതുമായ ഒരു ശബ്ദം പ്രക്ഷേപിക്കുന്നു. ജനങ്ങള്‍ തങ്ങളുടെ വികൃതമായ സ്വന്തം മുഖങ്ങളിലേക്ക് നിശ്ശബ്ദരായി നോക്കുന്നു. ഒരു രാഷ്ട്രീയ സിനിമ പ്രദര്ശിപ്പിക്കുന്നേരം തിരശ്ശീല വെറുമൊരു കറുത്ത ബോര്‍ഡ് ആണ്. അതില്‍ മൂര്‍ത്ത സാഹചര്യങ്ങളുടെ മൂര്‍ത്ത അപഗ്രഥനങ്ങള്‍ സൃഷ്ടിച്ച-അതായത്, വർഗസമരങ്ങളുടെ-ദൃശ്യങ്ങളും ശബ്ദങ്ങളും ആലേഖനം ചെയ്തതാണ്. ഈ തിരശ്ശീലക്ക് മുന്നിൽ പ്രേക്ഷകര്‍ ചിന്തിക്കുകയും പഠിക്കുകയും വിമര്‍ശിക്കുകയും കലഹിക്കുകയും സ്വയത്തെ പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു -ഇതാണ് സിഗാ വര്തോവ് ഗ്രൂപ്പിെൻറ മുദ്രാവാക്യം.
അഭിനേതാക്കള്‍, സെറ്റുകള്‍, മേക്കപ്പ്, കോസ്റ്റ്യൂം, സ്ക്രിപ്റ്റ്, കലയെ കുറിച്ചുള്ള പൊതു ആശയം, സാഹിത്യം, നാടകം-ഇവയെല്ലാം ബൂര്‍ഷ്വാ സങ്കൽപങ്ങളാണ് എന്ന് സോവിയറ്റ് ചലച്ചിത്രകാരനും സൈദ്ധാന്തികനുമായിരുന്ന സിഗാ വര്തോവ് വിശ്വസിച്ചു (അവിടെ നിന്നുതന്നെയുള്ള മറ്റൊരു ചലച്ചിത്രകാരനും സൈദ്ധാന്തികനുമായിരുന്ന സെര്‍ഗി ഐസൻസ്റ്റീനിെൻറ സമകാലികനായിരുന്നു വര്തോവ്). ഇതെല്ലാം ഒഴിവാക്കി ചന്തകള്‍, ബാറുകള്‍, സ്കൂളുകള്‍, ജോലിസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ നിത്യജീവിതത്തെ ചിത്രീകരിക്കുകയായിരുന്നു അദ്ദേഹം. പലപ്പോഴും മുന്‍കൂട്ടി അറിയിക്കാതെ ഒളിപ്പിച്ചുവെച്ച കാമറ ഉപയോഗിച്ചായിരുന്നു ചിത്രീകരണം. മാത്രവുമല്ല, സിനിമയുടെ തലതൊട്ടപ്പനായി കരുതിയിരുന്ന സംവിധായകന് എന്ന സങ്കൽപത്തിൽനിന്നും സിനിമയെ മോചിപ്പിച്ച് ജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം, കൂട്ടായ സൃഷ്ടി എന്ന നിലയില്‍ സിനിമയെ മാറ്റുന്നതിലൂടെ ബൂര്‍ഷ്വാ കലാ സിനിമക്ക് അവസാനം കുറിക്കാം എന്നും അദ്ദേഹം വിശ്വസിച്ചു.
വർഗസമരത്തിെൻറ വര്‍ത്തമാനാവസ്ഥ അപഗ്രഥിക്കുകയാണ് സിനിമയുടെ മുഖ്യ കടമ എന്ന വര്തോവിെൻറ പ്രഖ്യാപനത്തിലാണ് ഈ ഗ്രൂപ്പ് വിശ്വസിച്ചത്. വർഗസമരത്തിെൻറ സമകാലികാവസ്ഥ അപഗ്രഥിക്കാതെ 1924ല്‍ ഐസൻസ്റ്റീൻ പോതെംകിന്‍ കപ്പലിനെ കുറിച്ച് ഒരു ചരിത്ര സിനിമ ഉണ്ടാക്കാന്‍ തീരുമാനിച്ചത് റഷ്യന്‍ സിനിമയിലെ ഒരു വലിയ പരാജയമായി ഇവര്‍ കാണുന്നു.
രാഷ്ട്രീയംപോലെത്തന്നെ രൂപപരമായ പല പരീക്ഷണങ്ങളും വര്തോവ് നടത്തി. അദ്ദേഹത്തെ സംബന്ധിച്ച് രണ്ടും ഒരുപോലെ പ്രധാനമായിരുന്നു. പല സങ്കേതങ്ങളും അദ്ദേഹം കണ്ടുപിടിക്കുകയും വികസിപ്പിക്കുകയും ഉപയുക്തമാക്കുകയും ചെയ്തു. ഇതിെൻറ മഹത്തായ ഉദാഹരണമാണ് അദ്ദേഹത്തിെൻറ Man with a Movie Camera. ഉള്ളടക്കത്തെക്കാള്‍ പ്രാധാന്യം രൂപത്തിനാണ് എന്ന രീതിയിൽ ഈ സിനിമ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ക്ക് പാത്രമായി.
സിഗാ വര്തോവ് എന്ന ബാനറിനു കീഴിൽ ഈ കൂട്ടായ്മ ഒമ്പത് സിനിമകള്‍ ഉണ്ടാക്കി. A Film Like the Others (1968), British Sounds / See You at Mao (1969), Pravda (1969), Wind From the East (1970), Until Victory / Palestine will Win (1970), Struggles in Italy (1971), Vladimir and Rosa (1971), Everything's Fine (1972), Letter to Jane (1972) എന്നിവയാണ് ഈ സിനിമകള്‍. രാഷ്ട്രീയ സിനിമയുടെ നിർമാണം രാഷ്ട്രീയത്തിലൂടെ എന്ന ആശയത്തിന് ഉദാഹരണമാണ് ഈ സിനിമകൾ. താഴെ ചേര്‍ത്തിരിക്കുന്ന സിനിമകൾ ഇതിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നു.
British Sounds ഒരു ബ്രിട്ടീഷ് ഓട്ടോമൊബൈൽ ഫാക്ടറിയിലെ അസംബ്ലി ലൈനിലെ ദിനചര്യയാണ് അവതരിപ്പിക്കുന്നത്. വർഗസമരം, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, മാവോയിസം, ബീറ്റില്‍സ്, പല ശബ്ദപഥങ്ങള്‍, മിനിമല്‍ സിനിമ, ആൻറി വാറോള്‍, നഗ്നത, സ്ത്രീ വാദം- ഈ രീതിയിലാണ് സിനിമ.
Vladimir and Rosa എന്ന സിനിമ Chicago Eight എന്ന സംഭവത്തെ ആധാരമാക്കിയാണ്. വിയറ്റ്നാം യുദ്ധവിരുദ്ധ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഏഴു ചെറുപ്പക്കാരായ നേതാക്കളെ അമേരിക്കന്‍ സര്‍ക്കാർ വിചാരണചെയ്യുകയാണ്. കലാപത്തിന് പ്രേരിപ്പിക്കുക, ഷികാഗോയില്‍ നടത്തിയ പ്രതിസംസ്കാര പ്രക്ഷോഭം എന്നിവയാണ് കുറ്റം. ലെനിെൻറ ആത്മാവായി ഗൊദാർദും റോസയായി ഗോറിനും അഭിനയിക്കുന്നു. പ്രതിസംസ്കാരത്തിെൻറ പല മേഖലകളില്‍നിന്നുള്ള - സ്ത്രീ വാദം, ഹിപ്പിയിസം, സമരം ചെയ്യുന്ന വിദ്യാർഥി -പല കഥാപാത്രങ്ങളെയും ജഡ്ജ് ഒരുപോലെ നിശ്ശബ്ദരാക്കുന്നു. ജഡ്ജിയുടെ പേര് Judge Ernest Adof Himmer എന്നാണ്. ശിക്ഷ വിധിച്ച് എല്ലാവരെയും ജയിലില്‍ അടയ്ക്കുന്നു. അഭിനേതാക്കളുടെ യഥാർഥ പേരാണ് കഥാപാത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. സിദ്ധാന്തവും പ്രയോഗവും, അമൂര്‍ത്ത ആശയങ്ങളെ മൂര്‍ത്തമായ പ്രയോഗത്തിലേക്ക് പരാവര്‍ത്തനം ചെയ്യുക എന്നതൊെക്കയാണ് സിനിമയില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്.
Tout va bien ഒരു സോസേജ് ഫാക്ടറിയിലെ സമരമാണ്. ഇതിന് സാക്ഷികളാവുന്ന ഒരു അമേരിക്കന്‍ വനിതാ റിപ്പോര്‍ട്ടറും അവരുടെ ഫ്രഞ്ചുകാരനായ ഭര്‍ത്താവും. അദ്ദേഹം ടി.വി പരിപാടികളുടെ സംവിധായകനാണ്. ക്രോസ് സെക്ഷനിലുള്ള ഒരു കെട്ടിടമാണ് ഫാക്ടറി സെറ്റ്. കാമറ ഒരു മുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്ക്, സൈദ്ധാന്തികമായി ചുവരുകളിലൂടെ എന്നപോലെ ഒരു മുറിയിൽനിന്ന് മറ്റൊന്നിലേക്ക് നീങ്ങുന്നു. ഇതിലൂടെ നാലാം ചുവര് അക്ഷരാർഥത്തിൽ തകര്‍ത്തുകൊണ്ട് പ്രേക്ഷകരെ ഒരു സിനിമയാണ് കാണുന്നത് എന്ന് ഓർമിപ്പിക്കുന്നു. ഇടതുപക്ഷ വാചാടോപത്തെയും മുതലാളിത്തത്തെയും ഉപഭോഗ സംസ്കാരത്തെയും സിനിമ വിമര്‍ശിക്കുന്നു.
Letter to Jane അറുപത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു സിനിമാറ്റിക് ഉപന്യാസം ആണെന്നു പറയാം. അഭിനേത്രിയും സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകയുമായ ജെയിൻ ഫോണ്ട യുദ്ധ സമയത്ത് വിയറ്റ്നാം സന്ദര്‍ശിക്കുകയുണ്ടായി. ഈ അവസരത്തില്‍ L'^xpress എന്ന പത്രത്തില്‍ ഒരു വാര്ത്തയോടുകൂടി പ്രസിദ്ധീകരിച്ച അവരുടെ ഒരു ഫോട്ടോയെ അപനിർമിക്കുകയാണ് സിനിമ. ശബ്ദപഥത്തില്‍ ഗൊദാര്ദിെൻറയും ഗോറിെൻറയും അപഗ്രഥനം. ഫോണ്ടയുടെ ഉദ്ദേശ്യശുദ്ധിയെ ഇതിലൂടെ ചോദ്യംചെയ്യുന്നു. അവരുടെ മുഖഭാവത്തെ, ഫോട്ടോ എടുത്തിരിക്കുന്ന രീതിയെ, പശ്ചാത്തലത്തിൽ അവ്യക്തമായ രീതിയിലുള്ള വിയറ്റ്നാംകാരനെ ഒക്കെ സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കുന്നു. ഇടക്ക് അവരുടെയും പിതാവും പ്രശസ്ത അഭിനേതാവുമായ ഹെൻറി ഫോണ്ടയുടെ സിനിമയിൽനിന്നുമുള്ള നിശ്ചല ചിത്രങ്ങളും ഉപയോഗിച്ചുകൊണ്ട് തങ്ങളുടെ വാദമുഖത്തെ ഇവര്‍ ന്യായീകരിക്കുന്നു.
Letter to Jane എന്ന സിനിമയോടുകൂടി ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങൾ അവസാനിക്കുന്നു. ഒപ്പം ഗൊദാര്ദിെൻറ സിനിമാ ജീവിതത്തിലെ ഒരു ഘട്ടവും. Anne-Marie Mievilleയുമായി സഹകരിച്ചുകൊണ്ടുള്ള അദ്ദേഹത്തിെൻറ അടുത്ത ഘട്ടം 1973ല്‍ ആരംഭിക്കുന്നു. ഇവര്‍ സിഗാ വര്തോവ് ഗ്രൂപ്പിലും ഭാഗമായിരുന്നു. പല സിനിമകളിലും ഗൊദാർദ് ഇവര്‍ക്ക് പല രീതിയിൽ ക്രെഡിറ്റ് കൊടുത്തിട്ടുണ്ട്. Sonimage എന്ന നിർമാണ കമ്പനിക്ക് കീഴിൽ അദ്ദേഹത്തോടൊപ്പം സഹകരിച്ച് Mieville കുറെ സിനിമകള്‍ ഉണ്ടാക്കി. ഇവര്‍ ഭാര്യാഭാര്ത്താക്കന്മാരുമാണ്.
ഗൊദാർദും ഗോറിനും ഹോളിവുഡിനെയും അതിെൻറ മാതൃകയില്‍ ലോകത്തെമ്പാടുമുള്ള സിനിമയെയുമാണ് ശത്രുവായി കണ്ടതെങ്കില്‍, ഹോളിവുഡിനൊപ്പം രണ്ടാം സിനിമയായ ആർട്ട് സിനിമയെ ചേര്‍ത്തുവെച്ചു ലാറ്റിനമേരിക്കയിലെ മൂന്നാം സിനിമാ പ്രസ്ഥാനം. എന്നാല്‍ ഇന്നത്തെ നമ്മുടെ സാഹചര്യത്തില്‍ ആർട്ട് സിനിമ എന്ന ലേബലില്‍ പുറത്തുവരുന്ന കപട സിനിമകളും യഥാർഥ സിനിമയുടെ ശത്രുവാണ്.
ഗൊദാർദും ഗോറിനുമായി Kent Karrol സംഭാഷണം മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1282ൽ വായിക്കാം