റൊസാരിയോയിലെ വയ്യാത്ത കുട്ടി ലോകം ജയിച്ച കഥ
text_fields
ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിക്ക് ജൂൺ 24ന് 36 വയസ്സ് പൂർത്തിയാകുന്നു. 3000ത്തിൽ ഒരു കുട്ടിക്കു മാത്രം കണ്ടുവരുന്ന ഗ്രോത്ത് ഹോർമോൺ ഡെഫിഷ്യൻസി (ജി.എച്ച്.ഡി) എന്ന രോഗത്തെ അതിജീവിച്ച മെസ്സിയുടെ കുട്ടിക്കാലത്തെക്കുറിച്ചും കളിജീവിതത്തെക്കുറിച്ചും എഴുതുന്നു. ‘‘ഈ ലോകത്തെ എല്ലാ കുട്ടികൾക്കും ആരോഗ്യത്തോടെ വളരാനുള്ള അവകാശമുണ്ട്’’ -ലയണൽ മെസ്സിഡോക്ടർ ഡിയഗോ ഷ്വസ്റ്റൈന്റെ മേശക്കു മുന്നിൽ വിടർന്ന കണ്ണുകളുമായി കൊച്ചുലിയോ ഇരിക്കുന്നു. 11 വയസ്സായെന്നു പറഞ്ഞാൽ ആരും അവനെയൊന്ന് നോക്കും. കണ്ടാൽ ആറേഴു വയസ്സേ തോന്നിക്കൂ. അതുകൊണ്ടുതന്നെയാണ് അവൻ ഈ മേശക്കു മുന്നിലിരിക്കുന്നത്. റൊസാരിയോ നഗരത്തിലെ ന്യൂവെൽ ബോയ്സ്...
Your Subscription Supports Independent Journalism
View Plansഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിക്ക് ജൂൺ 24ന് 36 വയസ്സ് പൂർത്തിയാകുന്നു. 3000ത്തിൽ ഒരു കുട്ടിക്കു മാത്രം കണ്ടുവരുന്ന ഗ്രോത്ത് ഹോർമോൺ ഡെഫിഷ്യൻസി (ജി.എച്ച്.ഡി) എന്ന രോഗത്തെ അതിജീവിച്ച മെസ്സിയുടെ കുട്ടിക്കാലത്തെക്കുറിച്ചും കളിജീവിതത്തെക്കുറിച്ചും എഴുതുന്നു.
‘‘ഈ ലോകത്തെ എല്ലാ കുട്ടികൾക്കും ആരോഗ്യത്തോടെ വളരാനുള്ള അവകാശമുണ്ട്’’ -ലയണൽ മെസ്സി
ഡോക്ടർ ഡിയഗോ ഷ്വസ്റ്റൈന്റെ മേശക്കു മുന്നിൽ വിടർന്ന കണ്ണുകളുമായി കൊച്ചുലിയോ ഇരിക്കുന്നു. 11 വയസ്സായെന്നു പറഞ്ഞാൽ ആരും അവനെയൊന്ന് നോക്കും. കണ്ടാൽ ആറേഴു വയസ്സേ തോന്നിക്കൂ. അതുകൊണ്ടുതന്നെയാണ് അവൻ ഈ മേശക്കു മുന്നിലിരിക്കുന്നത്. റൊസാരിയോ നഗരത്തിലെ ന്യൂവെൽ ബോയ്സ് ക്ലബ് അധികൃതരാണ് അവനെ ഡോക്ടർക്കു മുന്നിലെത്തിച്ചത്. അവരുടെ യൂത്ത് ടീമിലെ അത്ഭുതബാലനാണ്. സമപ്രായക്കാർ പന്തുതട്ടുന്ന ടീമിലെ ഏറ്റവും ചെറിയവൻ. വളർച്ചയിൽ മറ്റുള്ളവരേക്കാൾ ഒരുപാട് പിന്നിൽ. ഗ്രൗണ്ടിൽ ടീം അണിനിരക്കുമ്പോൾ എല്ലാവരും അവനെ മാത്രം തുറിച്ചുനോക്കും. അവന് എന്തോ പ്രശ്നമുണ്ടെന്ന് എല്ലാവരും ഉറപ്പിക്കും. പക്ഷേ, അത് കിക്കോഫ് മുഴങ്ങുംവരെ മാത്രം. പുൽമൈതാനത്തിലൂടെ മുയലിനെപ്പോലെ കുതിച്ചുപായുന്ന അവൻ കൈയടികളോടെയാണ് ഓരോ മത്സരവും അവസാനിപ്പിച്ചിരുന്നത്.

ഫുട്ബാൾ കമ്പക്കാരനായ ഡോക്ടർക്ക് ലിയോയെ നേരത്തേ പരിചയമുണ്ട്. ഡോക്ടർ അവനെ വിശദമായി പരിശോധിച്ചു. ശേഷം അവന്റെ കുടുംബത്തെയും ക്ലബ് അധികൃതരെയും വിവരമറിയിച്ചു: ‘‘അവൻ വളരുന്നൊക്കെയുണ്ട്. പക്ഷേ, അവന്റെ പ്രായത്തിന് അനുസരിച്ചല്ലെന്നു മാത്രം. ഹോർമോണുകളുടെ കളിയാണ്. മെഡിക്കൽ ടേമിൽ ഗ്രോത്ത് ഹോർമോൺ ഡെഫിഷ്യൻസി (ജി.എച്ച്.ഡി) എന്നു പറയും. മറ്റുള്ളവരെപ്പോലെ വളരാൻ ചികിത്സതന്നെ വേണ്ടിവരും.’’
3000ത്തിൽ ഒരു കുട്ടിക്കു മാത്രം കണ്ടുവരുന്ന അസുഖമാണിത്. കൃത്യമായ ചികിത്സയില്ലെങ്കിൽ ഒരുപാട് പ്രശ്നങ്ങളിലേക്ക് അത് കൊണ്ടുചെന്നെത്തിക്കും. മാസം 1500 ഡോളർവരെ ചികിത്സക്കായി വേണ്ടിവരുമെന്നും ഡോക്ടർ ലിയോയുടെ കുടുംബത്തെ അറിയിച്ചു. പ്രധാനമായും ഇൻജക്ഷനുകളിലൂടെയായിരിക്കും ചികിത്സ. സ്റ്റീൽ കമ്പനിയിലെ ജോലിയും പാർട്ട്ടൈം ക്ലീനിങ് ജോലിയുമെല്ലാം ചേർത്ത് കിട്ടുന്ന വരുമാനമെല്ലാം കൂട്ടിയാലും ലിയോയുടെ പിതാവ് ജോർജിന് അത് താങ്ങാനാകുമായിരുന്നില്ല. ചികിത്സക്കായി ന്യൂവെൽ ക്ലബ് അൽപമൊക്കെ സഹായിച്ചെങ്കിലും പൂർണമായി വഹിക്കാനാകില്ലെന്ന് അവരും അറിയിച്ചു. ജോർജും അമ്മ സെലിയയും തന്റെ മകനെ കൈവിടരുതെന്ന് ക്ലബ് അധികൃതരോട് കെഞ്ചിയെങ്കിലും അവരത് കേട്ടില്ല. അർജന്റീനയിൽ അത് ക്ഷാമകാലമാണ്. 1990കളിൽ നടപ്പാക്കിത്തുടങ്ങിയ പുതിയ സാമ്പത്തികനയം രാജ്യത്തെ മുടിപ്പിക്കുന്ന സമയം. ജനങ്ങൾ നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടുന്ന കാലത്ത് അത്തരമൊരു ചെലവ് താങ്ങാൻ ആർക്കുമാകുമായിരുന്നില്ല.
ഏതൊരു അർജന്റീനക്കാരനെയുംപോലെ ജോർജും ചിന്തിച്ചു. മോനെയും കൂട്ടി തലസ്ഥാനനഗരമായ ബ്വേനസ് എയ്റിസിലേക്ക് വണ്ടികയറുക. രാജ്യത്തെ ഏറ്റവും വലിയ ഫുട്ബാൾ ക്ലബുകളിലൊന്നായ റിവർേപ്ലറ്റിനെ കാര്യം ബോധിപ്പിക്കുകയായിരുന്നു ലക്ഷ്യം. ക്ലബിന്റെ ട്രയലുകളിൽ ലിയോ പങ്കെടുത്തു. പരിശീലന മത്സരത്തിൽ 12 ഗോളുകളാണ് അടിച്ചുകൂട്ടിയത്. റിവർേപ്ലറ്റ് കോച്ച് എഡ്വേഡോ അബ്രഹാമിയന് ഈ കുട്ടി സാധാരണക്കാരനല്ലെന്ന് മനസ്സിലായി. അദ്ദേഹം ലിയോയോട് ഏതാനും ദിവസങ്ങൾ ബ്വേനസ് എയ്റിസിൽ തങ്ങാൻ ആവശ്യപ്പെട്ടു. അബ്രഹാമിയൻ ഏറെ കൗതുകത്തോടെ ക്ലബ് ഡയറക്ടർ ജനറലിനെ വിളിച്ചു: ‘‘ഇവിടെ നിങ്ങൾക്കായൊരു കുഞ്ഞു അത്ഭുതമുണ്ട്. വന്നുകാണൂ. ടെക്നിക്കും വേഗവുമെല്ലാം നിങ്ങളെ അത്ഭുതപ്പെടുത്തും. ഇതുപോലൊന്നിനെ നിങ്ങൾക്കിനി കിട്ടില്ല.’’ ക്ലബ് ഡയറക്ടർ പക്ഷേ കോച്ചിന്റെ വാദങ്ങൾ തള്ളി. ഇതുപോലെ എത്രയോ കളിക്കാർ നമ്മോടൊപ്പമുണ്ടെന്നായിരുന്നു അവരുടെ വാദം. ചികിത്സയടക്കമുള്ളവക്കുവേണ്ടി വലിയ തുകനൽകി ലിയോയെ നിലനിർത്താൻ താൽപര്യമില്ലെന്ന് ക്ലബ് ഔദ്യോഗികമായിത്തന്നെ അറിയിച്ചു.

അർജന്റീനയിൽ തുടർന്നിട്ട് കാര്യമില്ലെന്ന് ജോർജിന് മനസ്സിലായി. സ്പെയിനാണ് അടുത്ത ലക്ഷ്യം. ദീർഘകാലം സ്‍പാനിഷ് കോളനിയായതു കൊണ്ടും സ്പാനിഷ് ഭാഷ സംസാരിക്കുന്നതുകൊണ്ടും തന്നെ സ്വാഭാവിക തെരഞ്ഞെടുപ്പായിരുന്നു അത്. മാത്രമല്ല, കാറ്റലോണിയൻ പ്രവിശ്യയിൽ ബന്ധുക്കളുമുണ്ട്. ബാഴ്സലോണയിലെ ട്രയൽസായിരുന്നു ജോർജിന്റെ ലക്ഷ്യം. കളിയുടെ വിഡിയോകൾ കണ്ട ഫുട്ബാൾ ഏജന്റ് ഹൊറാസ്യോ ഗാജിയോലിക്ക് ലിയോയിൽ താൽപര്യമുദിച്ചു. അത്ഭുതപ്രതിഭക്കായി ബാഴ്സയിൽ ഒരു ട്രയൽ ഒരുക്കാമെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അത്‍ലാന്റിക് സമുദ്രം മുറിച്ചുകടന്ന് ഒരു ഞായറാഴ്ച മെസ്സിയും അച്ഛനും ബാഴ്സലോണയിലെ എൽ പ്രാത് എയർപോർട്ടിൽ വന്നിറങ്ങി. കൃത്യമായി പറഞ്ഞാൽ 2000 സെപ്റ്റംബർ 17ന്.
തൊട്ടുപിന്നാലെയുള്ള ദിവസങ്ങളിൽ ബാഴ്സലോണയിലെ യൂത്ത് ടീമുകളിൽ അവൻ കളിക്കാനിറങ്ങി. പിൽക്കാലത്ത് വലിയതാരങ്ങളായ സെസ്ക് ഫാബ്രിഗാസും ജെറാർഡ് പിക്വെയുമെല്ലാം അന്ന് കൂടെ കളിക്കാനുണ്ടായിരുന്നു. അഞ്ചിഞ്ച് ഉയരം തികയാത്ത, അധികം മിണ്ടാത്ത ലിയോ എല്ലാവരിലും അത്ഭുതം നിറച്ചു. പക്ഷേ, കളിക്കളത്തിലെ അവന്റെ പ്രകടനങ്ങൾ അവരെ അതിലും അത്ഭുതപ്പെടുത്തി.

ബാഴ്സലോണക്ക് അത്ര നല്ലകാലമായിരുന്നില്ല അത്. ജോൻ ഗാസ്പോർട്ട് പുതിയ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തിട്ടേയുള്ളൂ. ഓമനപുത്രനായിരുന്ന ലൂയിസ് ഫിഗോ റയൽ മഡ്രിഡിൽ ചേക്കേറിയ നിരാശ വേറെയും. ബാഴ്സലോണയുടെ ടെക്നിക്കൽ ഡയറക്ടറായിരുന്ന ചാർലി റെക്സാച് ഒളിമ്പിക്സ് കാണാനായി ആസ്ട്രേലിയയിലേക്കു പോയതാണ്. 20 വർഷങ്ങൾക്കു മുമ്പ് മറഡോണയെ ബാഴ്സയിലെത്തിച്ച റെക്സാച്ചിനോട് ഏജന്റുമാർ വിളിച്ചുപറഞ്ഞു: ‘‘ഇവിടെ ഞങ്ങൾ വേറൊരു മറഡോണയെ കൊണ്ടുവന്നിട്ടുണ്ട്.’’ ഒക്ടോബറിൽ റെക്സാച് തിരിച്ചെത്തിയ പാടെ ലിയോയെ വെച്ചൊരു മത്സരം ഒരുക്കി. റെക്സാച്ചിന് ലിയോയെ ബോധിച്ചെങ്കിലും സൈനിങ് നീണ്ടുപോയി.
ചികിത്സക്കായി മാസംതോറും വേണ്ട 1000 ഡോളറടക്കം വർഷത്തിൽ 40,000 പൗണ്ടാണ് ജോർജ് ആവശ്യപ്പെട്ടിരുന്നത്. പക്ഷേ, യാതൊരു ഗാരന്റിയുമില്ലാത്ത ഒരു കൗമാരതാരത്തിനായി ഇത്രയും പണം നൽകണമോയെന്ന കാര്യത്തിൽ ക്ലബിനുള്ളിൽ വലിയ ചർച്ച നടന്നു. മാത്രമല്ല, വിദേശിയായതുകൊണ്ടുതന്നെ ബാഴ്സയുടെ ജുവനൈൽ എ ടീമിനായി കളിപ്പിക്കാനും കഴിയില്ല. ദിവസങ്ങൾ വൈകുന്തോറും ജോർജിന് കലിയേറിവന്നു. തന്റെ മകൻ ഇവിടെയും അവഗണിക്കപ്പെടുകയാണോ എന്ന നിരാശ ശക്തമായപ്പോൾ ഒരു ദിവസം റെക്സാച്ചിന്റെ മുന്നിലെത്തി ജോർജ് തീർത്തു പറഞ്ഞു: ‘‘ഞങ്ങൾ പോകുകയാണ്.’’അന്നുതന്നെ പ്രൊംപിയ ടെന്നിസ് ക്ലബിൽവെച്ച് ഏജന്റുമാരായ ഗാജിയോലിയെയും മിൻഗ്വല്ലയെയും റെക്സാച് കണ്ടു. ‘‘ഞങ്ങൾ അവനെ മറ്റെവിടെയെങ്കിലും കൊണ്ടുപൊയ്കൊള്ളാം’’ എന്ന് ഏജന്റുമാരും റെക്സാച്ചിനോട് പറഞ്ഞു. ഉച്ചഭക്ഷണസമയമായിരുന്നു അത്. കൂടുതലൊന്നും ചിന്തിക്കാതെ മുന്നിൽ വെച്ച പ്ലാസ്റ്റിക് പാത്രത്തിൽനിന്ന് ഒരു നാപ്കിൻ പേപ്പർ ചീന്തിയെടുത്തി റെക്സാച് ഒരു കരാർ ഒപ്പിട്ടു. ആരുടെയോ കൈയിൽ ഞെരിഞ്ഞമരാനിരുന്ന നാപ്കിൻ പേപ്പറിനായിരുന്നു നൂറ്റാണ്ടുചരിത്രമുള്ള കാൽപന്തിലെ ഏറ്റവും മൂല്യമേറിയ ഒപ്പ് പതിയാനുള്ള യോഗം! നാപ്കിൻ പേപ്പറിൽ റെക്സാച് എഴുതിയതിങ്ങനെ:
‘‘ഞാൻ ചാർളി റെക്സാച്. എഫ്.സി ബാഴ്സലോണയുടെ ടെക്നിക്കൽ സെക്രട്ടറി എന്ന നിലയിലുള്ള അധികാരം ഉപയോഗിച്ച് ഞാൻ പറയുന്നു, എന്തൊക്കെ എതിരഭിപ്രായങ്ങളുണ്ടെങ്കിലും ലയണൽ മെസ്സിയെന്ന താരവുമായി നിബന്ധനങ്ങൾപ്രകാരമുള്ള കരാർ ഞാൻ ഒപ്പുവെക്കുന്നു.’’

ക്ലബ് അംഗങ്ങളിൽ പലർക്കും മെസ്സിയെ ഒപ്പുവെക്കാനുള്ള തീരുമാനം ദഹിക്കാത്തതുകൊണ്ടുകൂടിയായിരുന്നു ‘‘എതിരഭിപ്രായങ്ങൾ ഉണ്ടെങ്കിലും’’എന്നെഴുതിയത്. പിന്നീട് നടന്നതെല്ലാം ചരിത്രം. അൻഡോറയിലെ ബാങ്കിന്റെ ലോക്കറിൽ വിശ്വപ്രസിദ്ധമായ ആ കരാർ ഇപ്പോഴും ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.
ഡോ. ഷ്വാസ്റ്റൈന്റെ മേശക്കു മുന്നിലെത്തുമ്പോൾ 1.27 മീറ്റർ മാത്രമായിരുന്നു മെസ്സിയുടെ ഉയരം. ഇപ്പോഴത് 1.69 മീറ്റാണ്. മറഡോണയേക്കാൾ രണ്ട് സെന്റിമീറ്റർ അധികം. ന്യൂവെൽ ബോയ്സിന്റെ അത്ഭുത ബാലനോട് ഷ്വാസ്റ്റൈൻ അന്ന് പറഞ്ഞതിങ്ങനെ: ‘‘നീ മറഡോണയേക്കാൾ വലിയ കളിക്കാരനാകുമോ എന്ന് എനിക്കറിയില്ല. പക്ഷേ, അദ്ദേഹത്തേക്കാൾ ഉയരം നിനക്കുണ്ടായിരിക്കും.’’


Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.