‘നിങ്ങൾ സംസാരിച്ചാൽ നിങ്ങളുടെ വീട് തകർക്കും’
മൂന്ന് മാസത്തിനിടെ നിലംപരിശാക്കിയത് മുസ്ലിങ്ങളുടെ 128 കെട്ടിങ്ങൾ
ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലെ ‘ബുൾഡോസർ രാജി’ൽ കടുത്ത ആശങ്കയുമായി ആംനസ്റ്റി ഇന്‍റർനാഷനൽ വസ്തുതാന്വേഷണ റിപ്പോർട്ട്
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മുസ്‌ലിം ന്യൂനപക്ഷത്തെ അപരവത്കരിക്കാനും ഭയപ്പെടുത്താനും ഭരണകൂടം ഉപയോഗിക്കുന്ന ‘ബുൾഡോസർ രാജി’ന്‍റെ ക്രൂരതകൾ ആംനസ്റ്റി ഇന്‍റർനാഷനൽ കഴിഞ്ഞ ദിവസം പുറത്തുവിട്ട വസ്തുതാന്വേഷണ റിപ്പോർട്ടുകൾ തുറന്നുകാട്ടുന്നു. 2022 ഏപ്രിലിനും ജൂൺ മാസത്തിനും ഇടയിൽ മാത്രം രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലായി മുസ്ലിങ്ങളുടെ 128 വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവ ഭരണകൂടങ്ങൾ അന്യായമായി പൊളിച്ചുവെന്ന് ഈ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ‘നിങ്ങൾ സംസാരിച്ചാൽ നിങ്ങളുടെ വീട് തകർക്കപ്പെടും: ഇന്ത്യയിൽ ബുൾഡോസർ അനീതി’, ‘കുഴിച്ചെടുക്കേണ്ട ഉത്തരവാദിത്വം: ഇന്ത്യൻ ബുൾഡോസർ അനീതിയിൽ ജെ.സി.ബിയുടെ പങ്കും ഉത്തരവാദിത്തവും’ എന്നീ തലക്കെട്ടുകളിൽ ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിലാണ് ഇന്ത്യനവസ്ഥയിൽ ഈ മനുഷ്യാവകാശ സംഘടന കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നത്. വ്യാപകവും നിയമവിരുദ്ധവുമായ ഇത്തരം പൊളിക്കലുകൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആംനസ്റ്റി ആവശ്യപ്പെട്ടു.
ഏതെങ്കിലും പ്രദേശത്ത് പൊട്ടിപ്പുറപ്പെടുന്ന വർഗീയ കലാപങ്ങളോ, തങ്ങൾ നിരന്തരം അനുഭവിക്കുന്ന വിവേചനത്തിനെരെ ന്യൂനപക്ഷങ്ങൾ ഒരുവേള പ്രതിഷേധിക്കുന്നതോ മറയാക്കിയാണ് അധികൃതർ ഈ ‘പൊളിക്കൽ ശിക്ഷ’ നടപ്പാക്കുന്നത്. ജെ.സി.ബി കമ്പനിയുടെ എസ്കവേറ്ററുകൾ എങ്ങനെ രാഷ്ട്രീയായുധവും വിധ്വേഷപ്രചാരണോപാധിയുമാക്കുന്നുവെന്നതും റിപ്പോർട്ട് വിശദമാക്കുന്നുണ്ട്. 128 കെട്ടിടങ്ങൾ ഇടിച്ചുനിരത്തുന്നതിന് കുറഞ്ഞത് 33 ജെ.സി.ബി ബുൾഡോസറുകളാണ് പല പ്രാവശ്യമായി ഉപയോഗിച്ചത്. ഇതിലൂടെ 617 മനുഷ്യരാണ് ഭവനരഹിതരാക്കപ്പെടുകയോ ഉപജീവനമാർഗം നഷ്ടപ്പെടുകയോ ചെയ്തത്. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലാണ് ഏറ്റവും കൂടുതൽ ഈ ‘പൊളിക്കൽ ശിക്ഷ’ നടപ്പാക്കിയത്. 56 സ്വത്തുവകക്കൾ മധ്യപ്രദേശിൽ മാത്രം തകർക്കപ്പെട്ടു.
ഈ അതിക്രമങ്ങളിൽ കടുത്ത ഉത്കണ്ഠയറിയിച്ച ആംനസ്റ്റി ഇന്‍റർനാഷനലിന്‍റെ സെക്രട്ടറി ജനറൽ ആഗ്നസ് കാലമർഡ്, ഇന്ത്യൻ ഭരണാധികാരികൾ ‘ബുൾഡോസർ നീതി’ എന്ന പേരിൽ മുസ്ലിങ്ങളുടെ സ്വത്തുക്കൾ അനധികൃതമായി തകർത്തത് ക്രൂരവും ഭയാനകവുമാണെന്ന് പ്രതികരിച്ചു. ഒരു വിഭാഗത്തെ ഭവനരഹിതരാക്കി ആട്ടിയോടിക്കുന്നത് അനീതിയും നിയമവിരുദ്ധവും വിവേചനപരവുമാണെന്നും അവർ കുറ്റപ്പെടുത്തി. അധികാരികൾ കുടുംബങ്ങളെ നശിപ്പിക്കുകയാണെന്നും അത് അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കോടതികളെ നോക്കുകുത്തിയാക്കി നടപ്പാക്കുന്ന വീടുപൊളിക്കലെന്ന ‘ശിക്ഷാനയം’ ഉടനടി നിർത്തണമെന്നും നിർബന്ധിത കുടിയൊഴിപ്പിക്കലുകളുടെ ഫലമായി ആരും ഭവനരഹിതരാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും സംഘടന കേന്ദ്ര സർക്കാറിനോട് അഭ്യർഥിച്ചു. പൊളിക്കലിന് ഇരയാവയവർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ആംനസ്റ്റി ആവശ്യപ്പെട്ടു. അനധികൃത നിർമാണം നീക്കംചെയ്യുന്നുവെന്നതിന്‍റെ മറവിൽ പലപ്പോഴും നടപ്പാക്കിയ പൊളിക്കലുകൾ ആഭ്യന്തര, അന്തർദേശീയ മനുഷ്യാവകാശ നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും ലംഘനമാണെന്ന് റിപ്പോർട്ട് ഊന്നിപ്പറയുന്നു. മുസ്ലിങ്ങൾ ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ ലക്ഷ്യമിട്ട്, അവരുടെ ഉടമസ്ഥതയിലുള്ള വസ്തുവകകൾ പൊളിച്ചുമാറ്റുമ്പോൾ തൊട്ടടുത്തുള്ള ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള ‘അനധികൃത’ സ്വത്തുക്കൾ സ്പർശിക്കാതെ അവശേഷിപ്പിച്ചതായും റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.
‘ജിഹാദി കൺട്രോൾ ബോർഡ്’ ആവുന്ന ജെ.സി.ബി
കെട്ടിടങ്ങൾ പൊളിക്കുന്നതിന് ജെ.സി.ബി കമ്പനിയുടെ എസ്കവേറ്ററുകൾ മാത്രമല്ല ഉപയോഗിക്കുന്നതെങ്കിലും ജെ.സി.ബിയെ ഈ തകർക്കൽ ദൗത്യങ്ങളുടെ ബ്രാൻഡ് വാഹനമായി വലതുപക്ഷ മാധ്യമങ്ങളും രാഷ്ട്രീയക്കാരും അവരോധിച്ചതിനെ ആംനസ്റ്റി റിപ്പോർട്ടിൽ എടുത്തുപറയുന്നു. ‘ജോസഫ് സിറിൽ ബഫോർഡ്’ എന്ന ജെ.സി.ബി കമ്പനി ബുൾഡോസറുകൾക്ക് ‘ജിഹാദി കൺട്രോൾ ബോർഡ്’ എന്ന വളിപ്പേര് നൽകിയാണ് അവയെ നായകസ്ഥാനത്ത് അവരോധിക്കുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ആംനസ്റ്റി ഇന്‍റർനാഷനൽ നേരത്തെ ജെ.സി.ബി കമ്പനിക്ക് കത്തയച്ചിരുന്നു. കമ്പനി ഉൽപന്നങ്ങൾ എങ്ങനെ ഉപയോഗിക്കുന്നുവെന്നതിൽ തങ്ങൾക്ക് നിയന്ത്രണമോ ഉത്തരവാദിത്തമോ ഇല്ലെന്നായിരുന്നു ജെ.സി.ബി വക്താവിന്റെ പ്രതികരണം. എന്നാൽ, വ്യാപാരവും മനുഷ്യാവകാശങ്ങളും സംബന്ധിച്ച യു.എൻ തത്വങ്ങളനുസരിച്ച്, മനുഷ്യാവകാശങ്ങൾ മാനിക്കാനും തങ്ങൾ വിൽക്കുന്ന യന്ത്രങ്ങൾ വരുത്തിവെക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിയാനും അവ തടയാനോ ലഘൂകരിക്കാനോ ആവശ്യമായ ജാഗ്രത പുലർത്താനും ജെ.സി.ബിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ആംനസ്റ്റി വ്യക്തമാക്കുന്നു. ഉപഭോക്താവ് വാങ്ങുന്ന കമ്പനി ഉപകരണങ്ങൾ അവർ എന്തിന് ഉപയോഗിക്കുന്നുവെന്നത് നിരീക്ഷിക്കൽ അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് ജെ.സി.ബിയുടെ ഉത്തരവാദിത്തമാണ്. മനുഷ്യാവകാശ ലംഘനങ്ങൾക്കും മുസ്‌ലിം സമുദായത്തെ ശിക്ഷിക്കാനും ജെ.സി.ബി യന്ത്രങ്ങൾ നിരന്തരം ഉപയോഗിക്കുകയും ബുൾഡോസറുകളുടെ മുകളിൽ കയറിനിന്ന് ആളുകൾ മുസ്ലിംവിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്യുമ്പോൾ ഉത്തരവാദിത്തത്തിൽ ഒഴിഞ്ഞുമാറാൻ കമ്പനിക്ക് കഴിയില്ലെന്ന് ആംസസ്റ്റി സെക്രട്ടറി ജനറൽ ആഗ്നസ് കാലമർഡ് പറഞ്ഞു.