‘‘എന്റെ തല പൊലീസ് തല്ലിപ്പൊട്ടിച്ചത് എന്തിനെന്നറിയില്ല’’; മുത്തങ്ങ സമരത്തിനിടെ പൊലീസ് തലതല്ലിപ്പൊളിച്ച് ജയിലിലടച്ച ആ ബാലൻ ഇവിടെയുണ്ട്
മുത്തങ്ങയിലെ പൊലീസ് വെടിവെപ്പിന് ഫെബ്രുവരി 19ന് 20 വർഷം തികയുന്നു. ബത്തേരി കണ്ണങ്കോട് കോളനിയിൽ ഇപ്പോൾ 25 വയസ്സുള്ള വിഷ്ണു മുത്തങ്ങ സമരത്തിൽ പരിക്കേറ്റ്, ജയിലിലടക്കപ്പെട്ട കുട്ടികളിലൊരാളാണ്. വിഷ്ണു തന്റെ അനുഭവം പറയുന്നു.
അച്ഛൻ ബാലനും അമ്മ സ്നേഹലതയുമടക്കം മൊത്തം കുടുംബമാണ് മുത്തങ്ങയിലേക്ക് യാത്രയായത്. സമരത്തിനാണ് പോകുന്നതെന്നോ പൊലീസ് വെടിവെപ്പ് ഉണ്ടാകുമെന്നോ ആർക്കും അറിയില്ല. കോളനിയിലെ ചെറിയ വീട്ടിൽനിന്നാണ് മുത്തങ്ങയിലേക്ക് യാത്രതിരിച്ചത്. മുത്തങ്ങയിൽ കുടിൽകെട്ടി താമസിച്ച ചെറിയ ഓർമയുണ്ട്. അവിടെ കുട്ടികൾക്ക് അംഗൻവാടി ഉണ്ടായിരുന്നു. മുത്തങ്ങയിൽ ആഹാരമൊക്കെ ലഭിച്ചിരുന്നു. പൊലീസ് ആക്രമണം ഉണ്ടാകുമെന്ന് അച്ഛനും അമ്മയും പ്രതീക്ഷിച്ചില്ല. എനിക്ക് അഞ്ചു വയസ്സ്. അന്ന് നല്ലകാലമായിരുന്നു. സമപ്രായക്കാരായ പത്തിലധികം കുട്ടികൾ മുത്തങ്ങയിലുണ്ടായിരുന്നു. അവരുമായി കളിച്ച് കഴിയുന്ന കാലത്താണ് പെട്ടെന്ന് അന്തരീക്ഷം മാറിയത്.
രാവിലെ പൊലീസ് വെടിവെപ്പ് തുടങ്ങിയപ്പോൾതന്നെ അച്ഛനും അമ്മക്കും ഞങ്ങൾക്കും മർദനമേറ്റു. ഇരട്ടകളായിരുന്നു ഞാനും സഹോദരിയും. മുത്തങ്ങയിൽ പൊലീസ് മർദിക്കുമ്പോൾ ഞാൻ അമ്മയോടൊപ്പവും സഹോദരി അച്ഛനോടൊപ്പവുമായിരുന്നു. കുട്ടികളോടും പൊലീസ് കാരുണ്യം കാണിച്ചില്ല. അച്ഛനെയും അമ്മയെയും കാര്യമായി തല്ലി. സഹോദരിയുടെ കാലിന് അടിയേറ്റ് പരിക്കേറ്റു. എന്റെ തലക്കാണ് അടിയേറ്റത്. തലപൊട്ടി. ഒടുവിൽ കുടുംബത്തെ അറസ്റ്റ് ചെയ്ത് കോഴിക്കോട് ജയിലിൽ അടച്ചു. കുറേ ദിവസങ്ങൾക്കുശേഷം കോഴിക്കോട് ജയിലിൽനിന്ന് അച്ഛനെയും അമ്മയെയും വിട്ടയച്ചപ്പോൾ ഞങ്ങൾ ഒപ്പം തിരിച്ചുപോന്നു.
സ്കൂളിൽ ചേർന്നു പഠിക്കുമ്പോൾ ചില അധ്യാപകർ സമരകാലത്തെക്കുറിച്ച് ചോദിക്കുമായിരുന്നു. അന്നത്തെ പൊലീസ് ആക്രമണം അപ്പോൾ ഓർമയിൽ തെളിയും. ജയിലിൽ കിടന്ന കുട്ടികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്നു ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് പറഞ്ഞു. അതിന് ഞാനും സഹോദരിയും അപേക്ഷ സമർപ്പിച്ചു. അച്ഛനും അമ്മയും സഹോദരിയും ഞാനും മുത്തങ്ങ കേസിന്റെ പേരിൽ ജയിലിൽ കിടന്നിരുന്നുവെന്നതിന് രേഖകൾ സർക്കാറിന്റെ കൈയിലാണുള്ളത്. ഉദ്യോഗസ്ഥർ ആരോ ‘ഞങ്ങളുടെ പേരുകൾ വെട്ടി’. അതിനാൽ രണ്ടുപേർക്കും ഇതുവരെ സർക്കാർ അനുവദിച്ച ആനുകൂല്യം ലഭിച്ചിട്ടില്ല. വീണ്ടും അപേക്ഷ നൽകിയിട്ടുണ്ട്. അതിൽ അനുകൂലമായ മറുപടി കാത്തിരിക്കുകയാണ് ഇപ്പോൾ.
മുത്തങ്ങയിൽ പൊലീസ് വെടിവെപ്പ് നടന്നിട്ട് 20 വർഷം തികഞ്ഞു. എന്തായിരുന്നു ആ സമരം? അത് എന്താണ് ആദിവാസികൾക്ക് നൽകിയത്?ഭൂപ്രശ്നത്തെ ആദിവാസി സമൂഹവും മുഖ്യധാരയും എങ്ങനെയാണ് കാണുന്നത്? മുത്തങ്ങയുടെ പാഠം എന്താണ്? - ഫെബ്രുവരി 20 തിങ്കളാഴ്ച മുതൽ മാധ്യമം ആഴ്ചപ്പതിപ്പിലും വെബ്സീനിലും വായിക്കാം