'നാർകോ ഫുട്ബാൾ'; രണ്ടു എസ്കൊബാറുമാരും തമ്മിൽ എന്താണ് ബന്ധം? -കൊളംബിയയുടെ സോക്കർ ചരിത്രം
പാബ്ലോ എസ്കൊബാർ. ആന്ദ്രേ എസ്കൊബാർ. കൊളംബിയൻ ഫുട്ബാളിന്റെ സുവർണ കാലത്ത് ആ രാജ്യത്ത് ജീവിച്ച രണ്ടു പേർ. ചരിത്രത്തിലെ ഏറ്റവും വലിയ കൊക്കെയ്ൻ വ്യാപാരിയായ പാബ്ലോ, കൊളംബിയൻ ഫുട്ബാളിനെ നട്ടുവളർത്തിയവരിലൊരാളാണ്. രണ്ടാമത്തെയാൾ പാബ്ലോ നട്ടുവളർത്തിയ നാർകോ ഫുട്ബാളിശന്റ ഇരയും. തൊണ്ണൂറുകളുടെ ആദ്യപാദത്തിൽ ഗാലറികളിൽ ഒരേസമയം ആവേശവും കണ്ണീരും സമ്മാനിച്ച കൊളംബിയയുടെ സോക്കർ ചരിത്രം ഈ രണ്ട് ദുരന്തനായകരിലൂടെ ഓർക്കുന്നു.
1993 സെപ്റ്റംബർ അഞ്ച്. ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ അവസാന ദിനം. ബ്വേനസ് എയ്റിസിലെ റിവർ പ്ലേറ്റ് സ്റ്റേഡിയത്തിൽ അർജൻറീന കൊളംബിയയെ നേരിടുകയാണ്. ആ മത്സരത്തിനു മുമ്പ് കൊളംബിയയെക്കുറിച്ച് ചോദിച്ചപ്പോൾ ടെലിവിഷൻ കാമറകൾക്കു മുന്നിൽ ഡീഗോ മറഡോണ തെൻറ രണ്ടു കൈപ്പത്തികളും മൈതാനത്തിനു സമാന്തരമായി ഒന്നു താഴെയും മറ്റൊന്ന് മുകളിലുമായി പിടിച്ചുകൊണ്ട് പറഞ്ഞു: ''നിങ്ങൾക്കു ചരിത്രം തിരുത്താൻ കഴിയില്ല. കൊളംബിയ താഴെയും അർജൻറീന മുകളിലുമാണ്.'' ഡീഗോ അഹന്തയുടെ അവതീർണമായി മാറുകയായിരുന്നു. അർജൻറീനയുടെ മുന്നോട്ടുള്ള യാത്രക്ക് വിജയത്തിൽ കുറഞ്ഞതൊന്നും അവർ പ്രതീക്ഷിച്ചിരുന്നില്ല. കളിയുടെ ആദ്യ മിനിറ്റുകളിൽ കൊളംബിയൻ ഗോൾ പോസ്റ്റിലേക്ക് ബാറ്റിസ്റ്റ്യൂട്ടയും സിമിയോണിയും നിരന്തരം ആക്രമണങ്ങൾ നടത്തിക്കൊണ്ടിരുന്നു. ഏതു നിമിഷവും ഗോൾ പിറക്കാമെന്ന പ്രതീക്ഷ കാണികളിലും ഭീതി കൊളംബിയയിലും നിറഞ്ഞു. പക്ഷേ, 41ാം മിനിറ്റിൽ വാൾഡറാമ നൽകിയ പാസിൽനിന്ന് റിങ്കോൺ കൊളംബിയയുടെ ആദ്യ ഗോൾ നേടിയപ്പോൾ കൊളംബിയൻ ജനതയൊന്നാകെ പൊട്ടിത്തെറിച്ചു. അർജൻറീനയുടെ ശവപ്പെട്ടിയിലെ ആദ്യ ആണിയായിരുന്നു അത്. പിന്നീട് നാലു തവണകൂടി കൊളംബിയൻ നിര റിവർപ്ലേറ്റിലെ അരലക്ഷത്തിൽപ്പരം കാണികളുടെ മുന്നിൽ വെച്ച് അർജൻറീനയുടെ ഗോൾ പോസ്റ്റിൽ അടിച്ചുകയറ്റി. ആ മത്സരമവസാനിച്ചപ്പോൾ അവർ കൊളംബിയൻ കളിക്കാർക്ക് സ്റ്റാൻഡിങ് ഒവേഷൻ നൽകി. ഡീഗോ കൈയടിച്ചുകൊണ്ടാണ് അവർക്ക് ആദരമർപ്പിച്ചത്. കൊളംബിയൻ ഫുട്ബാളിലെ ചരിത്രനിമിഷമായിരുന്നു അത്. ''ആ മത്സരത്തെക്കുറിച്ച് എനിക്കു ഇനിയും ചിന്തിക്കാൻ കഴിയില്ല. അതു പ്രകൃതിയോടുള്ള ക്രൂരതയാണ്. മൈതാനത്ത് ഒരു കുഴി കുത്തി എന്നെ അതിലിട്ട് മൂടാൻ എനിക്കുതന്നെ തോന്നിയ ദിവസം.'' ആ മത്സരത്തിെൻറ മുറിവുകൾ അന്നത്തെ പരിശീലകനായിരുന്ന ആൽഫിയോ ബസീലെയെ ഇനിയും വിട്ടുപോയിട്ടില്ല. അർജൻറീനിയൻ സ്പോർട്സ് മാഗസിൻ ആയ എൽ ഗ്രാഫികോ തങ്ങളുടെ കവർ പേജിൽ ഫോട്ടോ പതിക്കാതെ കറുത്ത നിറം മാത്രമാക്കി കൊടുത്തുകൊണ്ട് അതിലെഴുതി: 'നാണക്കേട്'. ചരിത്രത്തിൽ മൂന്നാമത്തെ തവണയായിരുന്നു കൊളംബിയ ലോകകപ്പിനു യോഗ്യത നേടുന്നത്. അതും മുൻപത്തെ നാലു ലോകകപ്പുകളിൽ മൂന്നിലും ഫൈനലിലെത്തുകയും രണ്ടു തവണ കിരീടം നേടുകയും ചെയ്ത അർജൻറീനയെ നാണം കെടുത്തിക്കൊണ്ട്. കൊളംബിയ ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമാണെന്ന് പെലെ വിലയിരുത്തി. കൊളംബിയൻ പ്രസിഡൻറ് കളിക്കാരെ വിളിച്ച് അഭിനന്ദനം അർപ്പിച്ചു. മന്ത്രിമാരും മറ്റു നേതാക്കളും അവരെ അഭിനന്ദിച്ച് രംഗത്തെത്തി. കൊളംബിയൻ ജനതയുടെ അഭിമാനം വാൾഡറാമയും കൂട്ടരും ഉയർത്തിപ്പിടിച്ചു. കൊക്കെയ്ൻ മാഫിയകളും അവരുടെ തമ്മിൽതല്ലും കൊലപാതകങ്ങളും മരവിപ്പിച്ചുകളഞ്ഞ ഒരു രാജ്യമൊന്നാകെ ഫുട്ബാളിലൂടെ ഒരുമിക്കുകയായിരുന്നു ആ നിമിഷം. അപ്പോൾ പാബ്ലോ എസ്കൊബാർ തെൻറ രക്തത്തിനായി നടക്കുന്ന പട്ടാളക്കാരുടെ കണ്ണിൽനിന്ന് ഒളിച്ചോടിക്കൊണ്ടിരിക്കുകയായിരുന്നു. ''അവർ ഞങ്ങളുടെ അടുത്തെത്തിക്കൊണ്ടിരിക്കുകയാണ്. രക്ഷപ്പെടാനായുള്ള അടുത്ത നീക്കം നടത്തേണ്ടതിനെ കുറിച്ച് ആലോചിക്കുകയായിരുന്നു ഞാൻ. അപ്പോൾ പാബ്ലോ എന്നെ വിളിച്ചു-'പോപേയ്.' '' റേഡിയോയിൽ ചെവികൂർപ്പിച്ചുകൊണ്ട് അയാൾ എന്നോടായി പറഞ്ഞു: ''കൊളംബിയ ഒരു ഗോൾ നേടിയിരിക്കുന്നു!'' ഫുട്ബാൾ ആയിരുന്നു അയാളുടെ പരമമായ ആനന്ദം. അതിലേക്കായിരുന്നു അയാളെന്നും പലായനം ചെയ്തിരുന്നത്. പാബ്ലോയുടെ വലംകൈയായിരുന്ന പോപേയ് ആ നിമിഷങ്ങൾ ഇരുണ്ട ഭൂതകാലത്തിൽനിന്നും ചികഞ്ഞെടുത്തു. കൊളംബിയയെ ലോക ഫുട്ബാൾ ഭൂപടത്തിൽ ഒരു ശക്തിസ്രോതസ്സാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച പാബ്ലോ എസ്കൊബാറിനു ഏറെ നാൾ ഒളിച്ചോടാൻ കഴിഞ്ഞില്ല. ആ മത്സരത്തിനു ശേഷം മൂന്ന് മാസം തികയും മുമ്പ് ലോസ് ഒലിവോസിൽ പ്രത്യേക ദൗത്യ സംഘത്തിെൻറ വെടിയേറ്റു അദ്ദേഹം മരിച്ചുവീണു.
''നിരർഥകമെന്ന ചിന്ത ഒഴിവാക്കപ്പെടുന്നത് ഫുട്ബാളിലൂടെയാണ്.'' മാജിക്കൽ റിയലിസമെന്ന പ്രതിഭാസംകൊണ്ട് വിശ്വസാഹിത്യത്തെ തെൻറ മായികവലയത്തിലാഴ്ത്തിയ ഗബ്രിയേൽ ഗാർസ്യാ മാർകേസ് കളിയെ വിശേഷിപ്പിച്ചതിങ്ങനെയായിരുന്നു.''ജീവിതത്തെ മറ്റൊരു വീക്ഷണകോണിലൂടെ നോക്കിക്കാണാനും ഫുട്ബാൾ പ്രേരിപ്പിക്കുന്നുണ്ട്'', ഗാബോ കൂട്ടിച്ചേർത്തു. പാബ്ലോക്കു മാർകേസുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നു പറഞ്ഞത് പോപേയ് ആയിരുന്നു. ഫിദൽ കാസ്ട്രോയുമായി പാബ്ലോ ആശയവിനിമയം നടത്തിയിരുന്നത് മാർകേസിലൂടെയായിരുന്നു എന്നാണ് പോപേയ് വെളിപ്പെടുത്തിയത്. ആരായിരുന്നു പാബ്ലോ എസ്കൊബാർ എന്നതിനു അനവധി വിവരണങ്ങൾ ചരിത്രത്തിൽ കാണാൻ കഴിയും. അമേരിക്കയെയും കൊളംബിയൻ ഗവൺമെൻറിനെയും സംബന്ധിച്ച് അയാൾ ചരിത്രത്തിലെ ഏറ്റവും വലിയ ക്രിമിനൽ ആയിരുന്നു. നിയമത്തിെൻറ കണ്ണുകളിൽ പാബ്ലോ ഒരു കൊടുംകുറ്റവാളിയാണ്. ആയിരത്തോളം പൊലീസുകാരെയും നൂറുകണക്കിന് ജഡ്ജിമാരെയും കൊളംബിയൻ പ്രസിഡൻറ് സ്ഥാനാർഥിയെയും മന്ത്രിയെയും കൊലപ്പെടുത്തിയവൻ. ലോകചരിത്രത്തിലെ ഏറ്റവും വലിയ കൊക്കെയ്ൻ കള്ളക്കടത്തുകാരൻ. പക്ഷേ, മെഡലിനിലെ പതിനായിരക്കണക്കിനു ജനങ്ങൾക്ക് പാബ്ലോ വിശുദ്ധനായിരുന്നു. വീടുകളും ഫുട്ബാൾ മൈതാനങ്ങളും കുട്ടികളുടെ പഠനചെലവുമെല്ലാം നൽകി അവരുടെ ജീവിത സാഹചര്യം ഉയർത്തിക്കൊണ്ടുവന്നവൻ. മെഡലിനിലെ ബാരിയോകളുടെ ചുവരുകളിൽ ഇന്നും പാബ്ലോയുടെ ചിത്രങ്ങളും എഴുത്തുകളും കാണാം; വീടുകളുടെ മുകളിൽ അയാളുടെ ചിത്രം പതിച്ച കൊടികൾ പാറിക്കളിക്കുന്നു. നല്ലവൻ-ചീത്തവൻ, വിശുദ്ധം-അവിശുദ്ധം തുടങ്ങി ഏതൊരു വ്യക്തിയുടെയും പ്രവൃത്തിയുടെയും ശരിതെറ്റുകൾ അളന്നുനോക്കുമ്പോൾ താഴ്ന്നു നിൽക്കുന്ന തട്ടിനെ ആധാരമാക്കി നമ്മൾ അതിനൊരു ചാപ്പ കുത്തുന്നു. പലപ്പോഴും ഭൂരിപക്ഷത്തിെൻറ അഭിപ്രായത്തിനനുസൃതമായാണ് ചരിത്രത്തിൽ അതിെൻറ വിലയിരുത്തലുകൾ നടക്കുക. പാബ്ലോ എസ്കൊബാർ മെഡലിനിലെ ചെറു ശതമാനത്തെ അപേക്ഷിച്ച് ആഗോളതലത്തിലെ വലിയൊരു വിഭാഗത്തിെൻറ കാഴ്ചപ്പാടിൽ കൊടും കുറ്റവാളിയായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു. ആരാണ് പാബ്ലോ എന്ന ചോദ്യത്തിന് അനേകമനേകം പുസ്തകങ്ങളും ചലച്ചിത്രങ്ങളും വെളിപ്പെടുത്തലുകളും നിരവധി വ്യാഖ്യാനങ്ങൾ നൽകി. അയാളുടെ നന്മ തിന്മകളുടെ ബഹുവശങ്ങൾ തുറന്നുകാണിക്കുന്നവയായിരുന്നു അവയെല്ലാം.
രണ്ടാം ലോക യുദ്ധ കാലത്തിനു ശേഷം ഏകദേശം ഒരു ദശാബ്ദക്കാലത്തോളം നീണ്ടുനിന്ന ആഭ്യന്തരയുദ്ധകാലത്താണ് പാബ്ലോ എസ്കൊബാർ ജനിക്കുന്നത്. അടിസ്ഥാന വർഗ കുടുംബത്തിൽ ജനിച്ച പാബ്ലോ മെഡലിനിലെ ആൻറിയോക്കിയ യൂനിവേഴ്സിറ്റിയിലെ ഡിഗ്രി പഠനം ഫീസ് നൽകാൻ പണം തികയാത്തതിനാൽ പാതിയിൽ ഉപേക്ഷിച്ചു. ദാരിദ്ര്യം സമൂഹത്തെ ബാധിച്ച ഏറ്റവും വലിയ രോഗമായിരുന്നു. പണമാണ് വലുത്. ജീവിക്കാൻ അവശ്യം വേണ്ടത് വായുവോ ഭക്ഷണമോ അല്ല, പണമാണ് എന്ന ചിന്തകളിൽനിന്നാണ് പണം നേടാനുള്ള യാത്രകൾക്കായി പാബ്ലോ ഇറങ്ങി തിരിക്കുന്നത്. എഴുപതുകളിലാണ് അമേരിക്കയിൽ കൊക്കെയ്ൻ വ്യാപകമാവുന്നത്. മധ്യവർഗത്തിനിടയിലും ഉപരിവർഗത്തിലും അതിനൊരു മോടി അക്കാലത്ത് കൈവന്നിരുന്നു. ജോലി ചെയ്ത് പണം സമ്പാദിക്കുകയെന്നത് നിരർഥകമായി അനുഭവപ്പെട്ട പാബ്ലോയും സഹോദരനും കൊക്കെയ്ൻ കള്ളക്കടത്തിലേക്ക് തിരിയുന്നത് അക്കാലത്താണ്. എഴുപതുകളുടെ മധ്യത്തോടെ പാബ്ലോ അമേരിക്കയിലേക്ക് തെൻറ ആദ്യ നിയമ വിരുദ്ധ കൊക്കെയ്ൻകടത്തു നടത്തി. അതൊരു ചെറിയ തുടക്കമായിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ അയാളുടെ കൊക്കെയ്ൻ വ്യാപാരം അപ്രതീക്ഷിതമായ വർധനവാണ് കൈവരിച്ചത്. ഒന്നര ദശാബ്ദക്കാലത്തോളം പിന്നീട് പാബ്ലോയുടെ നാളുകളായിരുന്നു. സ്വകാര്യ വിമാനങ്ങളിലും മുങ്ങിക്കപ്പലുകളിലും ടൺകണക്കിന് മയക്കുമരുന്ന് അയാൾ അമേരിക്കയിലേക്ക് കടത്തിക്കൊണ്ടിരുന്നു. അയാളുടെ ഉന്നതികളിൽ അമേരിക്കയിൽനിന്ന് ലോകത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് അതു വ്യാപിപ്പിച്ചു. എൺപതുകളിൽ ലോകത്തിലെ കൊക്കെയ്ൻ വ്യാപാരത്തിെൻറ 80 ശതമാനവും പാബ്ലോയുടെ കൈകളിലായിരുന്നു. ഫോബ്സ് മാസിക ലോകത്തിലെ ഏറ്റവും വലിയ പണക്കാരുടെ ലിസ്റ്റിൽ പാബ്ലോയെ ഉൾപ്പെടുത്തി. കൊളംബിയയിൽ അയാൾ ആഡംബര വില്ലകളും കൊട്ടാര സമുച്ചയങ്ങളും പണിതീർത്തു. ഹാസിയൻഡ നാപോളിസിലെ എസ്റ്റേറ്റിൽ അയാൾക്ക് സ്വന്തമായി ഒരു മൃഗശാലവരെയുണ്ടായിരുന്നു. പാബ്ലോയുടെ വരുമാനത്തിെൻറ കണക്കുകളുടെ വ്യാപ്തി വെളിപ്പെടുത്തുന്ന അനവധി ഉപകഥകൾ കൊളംബിയൻ ചരിത്രകെട്ടുകളിൽനിന്ന് കണ്ടെടുക്കാം. പണക്കെട്ടുകൾ സൂക്ഷിച്ചുവെക്കാനായി റബർ ബാൻഡുകൾക്കായി മാത്രം ദശലക്ഷക്കണക്കിനു ഡോളറായിരുന്നു പാബ്ലോ ഓരോ മാസവും െചലവഴിച്ചിരുന്നത് എന്നതാണ് അതിലൊന്ന്. എലി കരണ്ടും തീപിടിത്തത്തിലും അയാൾക്കു നഷ്ടമാകുന്ന പണത്തിെൻറ കണക്കും വളരെ വലുതാണെന്ന് അയാളുടെ സഹോദരൻതന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
''കൊളംബിയയിലെ ചേരികളിൽ ഫുട്ബാൾ ടൂർണമെൻറുകൾ സംഘടിക്കപ്പെടുമായിരുന്നു. ഒരു ജനതയൊന്നാകെ അവരുടെ ആകുലതകൾ മറക്കുന്നത് അപ്പോഴാണ്. ഞാനൊരു ദരിദ്രനായിരുന്നു. പക്ഷേ, മൈതാനങ്ങളിൽ ഞങ്ങൾ ഏറെ പ്രാധാന്യമുള്ളവരായിരുന്നു. എല്ലാം തികഞ്ഞത് ഫുട്ബാളിെൻറ ലോകമായിരുന്നു, അതിലാണ് ഞങ്ങൾ ജീവിച്ചത്.'' കൊളംബിയക്കായി 61 മത്സരങ്ങൾ കളിച്ച ഹെരേര ഒരു ജനതയുടെ സാമൂഹിക ജീവിതത്തിൽ ഫുട്ബാൾ ചെലുത്തിയ സ്വാധീനത്തെ വാക്കുകളിൽ വരച്ചിട്ടു. അലെക്സിസ് ഗാർസിയ, ചിചോ സെർന, റെനെ ഹിഗ്വിറ്റ, പാചോ മാതുറാന തുടങ്ങി കൊളംബിയൻ സുവർണ തലമുറയിലെ ഒരുപറ്റം കളിക്കാർ കളിച്ചുവളർന്നത് പാബ്ലോ പണികഴിപ്പിച്ച ഫുട്ബാൾ ഗ്രൗണ്ടുകളിലായിരുന്നു. അയാളുടെ സിരകളിൽ അടങ്ങാത്ത പണക്കൊതി മാത്രമല്ല ഫുട്ബാളും ത്രസിച്ചുനിന്നിരുന്നു. ''പാബ്ലോ ആദ്യമായി വാങ്ങുന്നത് ഒരു ഫുട്ബാൾ ക്ലീട്സ് ആയിരുന്നു. മരിക്കുമ്പോഴും പാബ്ലോയുടെ കാലുകളിൽ ഉണ്ടായിരുന്നത് ഫുട്ബാൾ ക്ലീട്സാണ്.'' ചരിത്രത്തിലെ ഏറ്റവും വലിയ കൊക്കെയ്ൻ വ്യാപാരിയുടെ ഫുട്ബാൾ ഭ്രമം അയാളുടെ സഹോദരി ലുസ് മരിയ ഓർത്തെടുത്തു. ഹാസിയൻഡ നാപോളിസിലെ ഫുട്ബാൾ ഗ്രൗണ്ടിൽ കൊളംബിയയിലെ ഏറ്റവും മികച്ച കളിക്കാരെ കൊണ്ടുവന്ന് അയാൾ കളിപ്പിച്ചു. ആ മത്സരങ്ങളിൽ മറ്റു മയക്കുമരുന്ന് രാജാക്കന്മാരുമായി അയാൾ വാതുവെപ്പ് നടത്തി. ഡീഗോ മറഡോണയെ ഭീമമായ തുകക്കാണ് ഒരു സൗഹൃദ മത്സരത്തിനായി അയാൾ കൊണ്ടുവന്നത്. ഡീഗോയുടെ കളി അയാൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഫുട്ബാൾ ഒരു വികാരമായി നിൽക്കുമ്പോൾതന്നെ അതിെൻറ മറ്റു സാധ്യതകൾ പാബ്ലോ കണ്ടെത്തിയിരുന്നു. കൊക്കെയ്ൻ വ്യാപാരത്തിലൂടെ കൈവരുന്ന നിയമാനുസൃതമല്ലാത്ത പണം വെളുപ്പിക്കാൻ അയാൾ തിരഞ്ഞെടുത്തത് കൊളംബിയൻ ക്ലബ് ഫുട്ബാൾ മേഖലയായിരുന്നു. മെഡലിനിലെ അത്ലറ്റികോ നാസിയോണൽ ക്ലബ് പാബ്ലോ സ്വന്തമാക്കി. അന്ന് അത്ലറ്റികോയുടെ പരിശീലകനായിരുന്ന ഫ്രാൻസിസ്കോ മാതുറാന പാബ്ലോയുടെ പണം ക്ലബ് ഫുട്ബാൾ മേഖലയെ കൂടുതൽ പരിപോഷിപ്പിച്ചതായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. പാബ്ലോയുടെ നീക്കം മറ്റു മയക്കുമരുന്ന് മാഫിയകളെ ഫുട്ബാളിലേക്ക് അടുപ്പിച്ചു. ക്ലബ് ഫുട്ബാൾ എന്ന കച്ചവടത്തിൽനിന്നും ലഭിക്കുന്ന വരുമാനത്തെക്കാളുപരി അഭിമാനം ഉയർത്തിപ്പിടിക്കുന്നതിനായി മാത്സര്യത്തോടെ അവർ കൊളംബിയൻ ക്ലബ് ഫുട്ബാളിൽ പണമൊഴുക്കി. ക്ലബുകൾക്ക് വിദേശരാജ്യങ്ങളിൽനിന്നും മികവുറ്റ പരിശീലകരെയും കളിക്കാരെയും കൊണ്ടുവരാൻ സാധിച്ചു. കൊളംബിയൻ കളിക്കാരെ മറ്റു ലീഗുകളിലേക്ക് പോകാതെ സ്വന്തം നാട്ടിൽതന്നെ നിർത്താൻതക്കവണ്ണം ക്ലബുകൾ പ്രതിഫലമുയർത്തി. കൊളംബിയൻ ഫുട്ബാളിെൻറ സുവർണകാലം തുടങ്ങുന്നത് അങ്ങനെയാണ്. മയക്കുമരുന്ന് കച്ചവടക്കാരുടെ പണക്കൊഴുപ്പ് കളിയെ പലതരത്തിൽ സ്വാധീനിക്കാൻ തുടങ്ങിയിരുന്നു അക്കാലത്ത്. റഫറിമാർ പലപ്പോഴും പണത്താൽ സ്വാധീനിക്കപ്പെട്ടു. അതിനു കൂട്ടുനിൽക്കാത്തവർ കൊല്ലപ്പെടുകയും ചെയ്തു. 1989ൽ അത്ലറ്റിക്കോ നാസിയോണൽ സൗത്ത് അമേരിക്കൻ ചാമ്പ്യന്മാരായി. പാബ്ലോ കളിക്കാർക്ക് വിരുന്നും ബോണസും നൽകി. അയാൾക്ക് അവർ അടുത്ത സുഹൃത്തുക്കളായിരുന്നു. അപ്പോഴും ആപത്കരമായ അളവിൽ ഫുട്ബാളും മയക്കുമരുന്നു മാഫിയകളും കൂട്ടിക്കുഴക്കപ്പെട്ടു. ലോകമതിനെ 'നാർകോ ഫുട്ബാൾ' എന്നു നാമകരണം ചെയ്തു.
എൺപതുകളുടെ പകുതി മുതൽ തൊണ്ണൂറുകളുടെ പകുതിവരെയുള്ളതാണ് കൊളംബിയൻ ഫുട്ബാളിെൻറ സുവർണ കാലം. ആന്ദ്രെ എസ്കൊബാറും വാൾഡറാമയും ഹിഗ്വിറ്റയും കൊളംബിയയുടെ ഫുട്ബാൾ സ്വത്വത്തെ ഉയർത്തിപ്പിടിച്ച ഇതിഹാസങ്ങളായിരുന്നു. 1962നു ശേഷം ആദ്യമായി 1990ൽ കൊളംബിയ ലോകകപ്പിനു യോഗ്യത നേടി. വാൾഡറാമയുടെ ഭാവനസമ്പൂർണമായ നീക്കങ്ങൾ ലാറ്റിനമേരിക്കൻ ഫുട്ബാൾ ഭൂപടത്തിൽ കൊളംബിയക്ക് ബ്രസീലിനും അർജൻറീനക്കുമൊപ്പം ഇടം നേടിക്കൊടുത്തുവെങ്കിൽ ഹിഗ്വിറ്റയെന്ന കിറുക്കൻ ഗോളിയിലൂടെ ലോകമെങ്ങും അവർ ജനപ്രിയരായി. ഹിഗ്വിറ്റയുടെ അസാധാരണ പ്രകടനങ്ങൾ ആളുകളെ രസിപ്പിക്കുന്നതായിരുന്നു. ഫുട്ബാളിൽ ലാറ്റിനമേരിക്കൻ ഡ്രിബിളർമാരുടെ പ്രദർശനപരതക്ക് നൂറു യാർഡ് മൈതാനങ്ങളായിരുന്നു നീക്കിയിരുപ്പായി കിട്ടിയത്. അതിെൻറ സർവമൂലകളും അവർ തങ്ങളുടെ സർഗശേഷിയുടെ പ്രകടനഭൂമികയാക്കി മാറ്റി. പക്ഷേ, ഓരോ കളിക്കാരനും നിർവഹിക്കേണ്ട ധർമമനുസരിച്ച് ഫുട്ബാളിൽ ഒരു ഗോൾകീപ്പർക്കു ഇത്തരം പ്രദർശനങ്ങൾക്ക് സാധ്യത ഒട്ടുംതന്നെയില്ല. പതിനെട്ടു വാര ബോക്സിനുള്ളിൽ ഇരയെ വേട്ടയാടിപ്പിടിക്കുന്ന കണിശതയോടെ ബാളുകൾക്കുമേൽ ചാടിവീഴുകയും ചിലപ്പോൾ തങ്ങളുടെ ഗോൾവലകളിൽ അധിനിവേശം സ്ഥാപിക്കാനെത്തുന്നവയെ പോരാളിയുടെ രണവീര്യത്തോടെ തട്ടിയകറ്റുകയും ഗോളുകളുടെയും നീക്കങ്ങളുടെയും പിറവികൾക്ക് രൂപംനൽകുകയും ചെയ്യുക എന്നതിലുപരിയുള്ള പ്രദർശനപരത അവരുടെ സർഗവൈഭവ കേന്ദ്രങ്ങൾക്ക് അവശ്യം വേണ്ട ഒന്നല്ല എന്നുകൂടി സോക്കർ തത്ത്വശാസ്ത്രങ്ങൾ പറഞ്ഞുവെക്കുന്നുണ്ട്. അതിനെ പുനഃക്രമീകരിച്ച ഗോൾകീപ്പർ ആയിരുന്നു ഹിഗ്വിറ്റ. അയാൾ യാഷിനെപോലെയോ ഗോർഡൻ ബാങ്ക്സിനെപോലെയോ ഘ്രാണശക്തിയോടെ വല കാക്കുന്ന ഒരാളായിരുന്നില്ല. അതിനെക്കാൾ ആനന്ദം അയാൾ തെൻറ കിറുക്കുകളിലാണ് കണ്ടെത്തിയത്. അനായാസമായി കൈപ്പിടിയിലൊതുക്കാവുന്ന പന്തുകളെ അയാൾ അപകടകരമാംവിധത്തിൽ ചാടി പുറംകാൽകൊണ്ട് തട്ടിയകറ്റി. സ്കോർപിയോൺ കിക്ക് എന്ന ഓമനപ്പേരിട്ട് ലോകമതിനെ വിളിച്ചു.1990 ലോകകപ്പിെൻറ നോക്ക് ഔട്ട് റൗണ്ടിൽ കാമറൂണിനെതിരെ ഹിഗ്വിറ്റയുടെ കൈവിട്ട കളികൾക്ക് കൊളംബിയ കൊടുക്കേണ്ടിവന്ന വില ആ ലോകകപ്പിൽനിന്ന് പുറത്തേക്കുള്ള വാതിലായിരുന്നു.
യോഗ്യതാ മത്സരത്തിൽ ബ്വേനസ് എയ്റിസിൽ അർജൻറീനയെ 5-0 നു തകർത്തെറിഞ്ഞുകൊണ്ട് കൊളംബിയ ലോകകപ്പിനു യോഗ്യത നേടിയപ്പോൾ പെലെ പ്രവചിച്ചത് അവർ സെമി ഫൈനലിലെങ്കിലും എത്തുമെന്നായിരുന്നു. ആ ഒരൊറ്റ വിജയത്തെ ആധാരമാക്കിയല്ല പെലെ അതു പറഞ്ഞത്. 1990 മുതൽ '94 വരെയുള്ള അവരുടെ പ്രകടനങ്ങൾ കണ്ടവർക്ക് പെലെയുടെ പ്രവചനം കഴമ്പില്ലാത്തതായി അനുഭവപ്പെട്ടില്ല. ലോകകപ്പിലേക്കുള്ള പാതയിൽ നടന്ന 26 മത്സരങ്ങളിൽ കൊളംബിയ പരാജയപ്പെട്ടത് ഒരേയൊരു തവണ മാത്രമായിരുന്നു. അർജൻറീനയും പെറുവും അടങ്ങിയ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് അവർ യോഗ്യത നേടുന്നത്. തോൽവിയറിയാതെ അർജൻറീനയെ പ്ലേ ഓഫിലേക്ക് എറിഞ്ഞുകൊടുത്തുകൊണ്ട് അവർ ലോകകപ്പിലേക്ക് മാർച്ച് ചെയ്തു. കൊളംബിയൻ കോച്ചായിരുന്ന ഫ്രാൻസിസ്കോ മാതുറാന പറഞ്ഞത് തെൻറ കളിക്കാർക്ക് ഓരോ മത്സരങ്ങളും ആത്മാവിഷ്കാരത്തിെൻറ വേദികളായിരുന്നുവെന്നാണ്.
കൊളംബിയൻ ടീം ലോകകപ്പിനായി യാത്ര തിരിക്കുമ്പോൾ മെഡലിൻ കത്തുകയായിരുന്നു. അരാജകത്വത്തിെൻറ പശിമയുള്ള മണ്ണായി ആ കൊളംബിയൻ നഗരം മാറിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. അർജൻറീനയുമായുള്ള അവസാന ലോകകപ്പ് മത്സരം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിനു മുമ്പ് പാബ്ലോ എസ്കൊബാർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പാബ്ലോയുടെ മരണത്തോടെ അയാളുടെ സാമ്രാജ്യം ശിഥിലമായി. ആജ്ഞാശക്തിയുള്ള നേതാവിെൻറ അഭാവത്തിൽ അണികൾ തങ്ങളുടേതായ രീതിയിൽ അക്രമങ്ങളും കള്ളക്കടത്തും കൊലപാതകങ്ങളും നടത്താനാരംഭിച്ചു. ഒരു നേതാവിൽനിന്ന് പല നേതാക്കളായി വ്യവസ്ഥിതി വിഭജിക്കപ്പെട്ടു. പാബ്ലോ ജീവിച്ചിരുന്നപ്പോൾ നിയമപ്രകാരമല്ലാത്ത പ്രവർത്തനങ്ങൾക്ക് അയാളുടെ അനുമതി വേണമായിരുന്നു. തട്ടിക്കൊണ്ടുപോകലുകൾ പാബ്ലോ നിരോധിച്ചിരുന്നു. പക്ഷേ, അയാളുടെ മരണത്തോടെ എല്ലാം താറുമാറായി. കാറുകളും ബസുകളും മെഡലിെൻറ തെരുവുകളിൽ കത്തി. കല്ലുകളും ചില്ലുകുപ്പികളും വഴിയോരങ്ങളിൽ നിറഞ്ഞുകിടന്നു. ബോംബിങ്ങിലും വെടിവെപ്പിലും മെഡലിൻ മരിച്ചുകിടന്നു. കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും നിത്യസംഭവമായി മാറി. അത്തരമൊരവസ്ഥയിൽ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തതിൽ ആന്ദ്രെ വിഷാദപ്പെട്ടു. അയാൾ ഇടവേളകളിൽ ബൈബിൾ വായിച്ചു. അതിെൻറ ബുക്മാർക്കിൽ മരിച്ചുപോയ തെൻറ അമ്മയുടെയും പ്രണയിനിയായ പമേല കസ്കാർഡോയുടെയും ചിത്രങ്ങൾ അയാൾ സൂക്ഷിച്ചു. ലോകകപ്പിനു പുറപ്പെട്ട ടീമിലെ ഒട്ടനവധിപേർ ഇത്തരമൊരവസ്ഥയിലൂടെയാണ് കടന്നുപോയത്. അവരുടെ ആദ്യ മത്സരത്തിലെ പ്രകടനത്തിൽ അതു പ്രതിഫലിക്കുകയും ചെയ്തു.
റുമേനിയക്കെതിരെയുള്ള മത്സരത്തിൽ കൊളംബിയ 3-1 നു തോൽവിയണിഞ്ഞു. റുമേനിയയുടെ പ്രതിരോധപ്പൂട്ടുകളെ പിളർക്കാൻ വാൾഡറാമക്കും കൂട്ടർക്കും കഴിഞ്ഞില്ല. ആ മത്സരത്തിൽ കൊളംബിയയിലെ വാതുവെപ്പുകാർക്ക് നഷ്ടപ്പെട്ടത് കോടിക്കണക്കിനു ഡോളറായിരുന്നു. വധഭീഷണി മുഴങ്ങുന്ന ഫോൺകാളുകളാണ് മത്സരശേഷം ഹോട്ടലിൽ തിരിച്ചെത്തിയ ടീമിനെ കാത്തിരുന്നത്. കൊളംബിയൻ ഡിഫൻഡർ ഹെരേരയുടെ മാസങ്ങൾ മാത്രം പ്രായമുള്ള മകനെ തട്ടിക്കൊണ്ടുപോയ സംഭവങ്ങൾവരെ അരങ്ങേറി. ആ മത്സരശേഷം അയാളുടെ സഹോദരൻ കാറപകടത്തിൽ കൊല്ലപ്പെട്ടു. കൊളംബിയയുടെ സുവർണ തലമുറ തീർത്തും ചകിതരായി. എല്ലാമുപേക്ഷിച്ച് നാട്ടിലേക്ക് പോകാൻ നിന്ന ഹെരേരയോട് ആന്ദ്രെ പറഞ്ഞു: "രാജ്യം നമ്മളിലാണ് പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. ഇനിയൊരുപക്ഷേ നമുക്ക് ലോകകപ്പിൽ ഇതുപോലെ ഒരവസരം കൈവരില്ല.'' അമേരിക്കയുമായുള്ള രണ്ടാം ഗ്രൂപ് മത്സരത്തിനു മുമ്പ് മാതുറാന പത്രക്കാരുടെ മുന്നിൽ കരഞ്ഞു. ഗബ്രിയേൽ ബരാബസ് ഗോമസ് എന്ന കൊളംബിയയുടെ ഏറ്റവും മികച്ച കളിക്കാരനെ ഉൾപ്പെടുത്തിയാൽ ആ ടീം ഒന്നടങ്കം കൊല്ലപ്പെടുമെന്നായിരുന്നു അയാൾക്ക് ഭീഷണി ലഭിച്ചത്. ലോകകപ്പ് പോലൊരു വേദിയിൽ ആരെ കളിപ്പിക്കണം, കളിപ്പിക്കരുത് എന്ന് അധോലോക മാഫിയകൾ ഉത്തരവിട്ടു! ഭയം തളർത്തിയ മനസ്സും ശരീരങ്ങളുമായിട്ടായിരുന്നു അവർ ആ മത്സരത്തിനിറങ്ങിയത്. തോൽവിയെന്നത് മരണമാണ്. തങ്ങളിൽ ആരെല്ലാം ജീവനോടെ ഉണ്ടാകുമെന്ന് അവർക്കുറപ്പുണ്ടായിരുന്നില്ല. കളിയുടെ ഇരുപത്തിരണ്ടാം മിനിറ്റിൽ അമേരിക്കയുടെ ജോൺ ഹാർക്സിെൻറ ക്രോസ് തട്ടിയകറ്റാൻ ശ്രമിച്ച ആന്ദ്രേക്കു പിഴച്ചു. പന്തു ഗോൾവലക്കുള്ളിൽ കയറി. ആന്ദ്രെ തലയിൽ കൈെവച്ച് പെനാൽറ്റി ബോക്സിനുള്ളിൽ ഇരുന്നു. ''അവർ ആന്ദ്രെയേ കൊല്ലും." മെഡലിനിലെ വീട്ടിൽ ആന്ദ്രെയുടെ സഹോദരീ പുത്രൻ മരിയയോട് പറഞ്ഞു: ''ഇല്ല. ആളുകൾ അബദ്ധങ്ങൾക്ക് കൊല്ലപ്പെടില്ല. കൊളംബിയയിൽ എല്ലാവരും ആന്ദ്രെയേ സ്നേഹിക്കുന്നുണ്ട്.'' അതു പറയുമ്പോൾ മരിയയുടെ തൊണ്ടയിടറി. ടെലിവിഷൻ സ്ക്രീനിൽ ആന്ദ്രെ എണീറ്റ് സെൻറർ ലൈനിനടുത്തേക്കു നടന്നുപോയപ്പോൾ മരിയയുടെ മുഖത്ത് ഭീതിയുടെ നിഴലുകൾ വീണു. അതിെൻറ പ്രത്യാഘാതങ്ങൾ അപ്രവചനീയമാണെന്ന് മരിയക്ക് നന്നായിട്ടറിയാമായിരുന്നു. കാരണം, ആന്ദ്രെ തിരിച്ചുവരേണ്ടത് കൊളംബിയയിലെ മയക്കുമരുന്നു മാഫിയകൾ വാഴുന്ന മെഡലിനിലേക്കാണ്.
നാട്ടിൽ തിരിച്ചെത്തിയ ആന്ദ്രെ മാനസികമായി തകർന്നിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും അയാളെ പഴയ അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ഏതാനും ദിവസങ്ങൾക്കുശേഷം സുഹൃത്തുക്കളോടൊപ്പം പുറത്തുപോകാൻ ആന്ദ്രെ തീരുമാനിച്ചു. കൊളംബിയൻ ജനങ്ങളിൽനിന്ന് ഒളിച്ചോടാൻ അയാൾ തയാറായിരുന്നില്ല. അവർക്കു തന്നെ മനസ്സിലാക്കാൻ കഴിയുമെന്ന് അയാൾ കരുതിയിരുന്നു. ഹെരേരയും മാതുറാനയും അയാളെ വിലക്കി. മെഡലിൻ ശാന്തമായിട്ടു പുറത്തിറങ്ങിയാൽ മതിയെന്ന് അവർ താക്കീതു ചെയ്തു. പുറത്തു പോകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ആന്ദ്രെയേ താൻ വീട്ടിൽനിന്ന് വിടുമായിരുന്നില്ല എന്നു പ്രണയിനി പിന്നീടു പറയുകയുണ്ടായി. പബ്ബിൽ വെച്ച് കുറച്ചുപേർ സെൽഫ് ഗോളിെൻറ പേരിൽ ആന്ദ്രെയേ അധിക്ഷേപിച്ചു. അതിനു മറുപടി പറയാതെ അയാൾ ഒഴിഞ്ഞുമാറി. അവർ പക്ഷേ, അയാളെ പിന്തുടർന്നുകൊണ്ട് വീണ്ടും വീണ്ടും അയാളെ അവഹേളിച്ചു. സഹികെട്ട ഒരു നിമിഷത്തിൽ ആന്ദ്രെ അവരോട് പറഞ്ഞു: ''അതൊരു സത്യസന്ധമായ പിഴവായിരുന്നു.'' ആറ് ബുള്ളറ്റുകൾ അയാളുടെ മാംസത്തിൽ തുളഞ്ഞുകയറിപ്പോയി. ഓരോ തവണയും വെടിയുതിർക്കുമ്പോൾ അവർ സൗത്ത് അമേരിക്കൻ കമേൻററ്റർമാർ ഗോളുകൾ ആഘോഷിക്കുന്നത് പോലെ 'gooooaal' എന്നുറക്കെ വിളിച്ചു കൊണ്ടിരുന്നു. മുപ്പതു മിനിറ്റുകൾക്കുള്ളിൽ ആന്ദ്രെ എസ്കൊബാർ ലോകത്തോടു വിട പറഞ്ഞു. ഒരുലക്ഷത്തോളം പേർ ആന്ദ്രെയുടെ വിലാപയാത്രയിൽ പങ്കുകൊണ്ടു. അത്ലറ്റികോ നാസിയോണലിെൻറ പതാക പുതപ്പിച്ച ശവമഞ്ചത്തിനു ചുറ്റും നിന്നുകൊണ്ടവർ ഹംസഗാനങ്ങൾ ആലപിച്ചു.
1994 ലോകകപ്പ് കൊളംബിയൻ സുവർണ തലമുറയുടെ അന്ത്യത്തിനു തുടക്കംകുറിച്ചയിടമാണ്. ബരാബസ് ഗോമസിനെപോലുള്ള നിരവധി പേർ പ്രാണഭയത്താൽ കൊളംബിയൻ ടീം വിട്ടു. കൊളംബിയൻ ലീഗിലേക്കുള്ള പണത്തിെൻറ ഒഴുക്ക് ക്രമേണ ഇല്ലാതായി. നാർകോ യുഗത്തിൽ പുഷ്പിച്ച കൊളംബിയൻ ഫുട്ബാൾ വീണ്ടും ക്ഷയിച്ചു. ഫിഫ റാങ്കിങ്ങിൽ നാലാം സ്ഥാനത്തുനിന്ന് അവർ മുപ്പത്തിനാലാം സ്ഥാനത്തേക്ക് പതിച്ചു. ''ജീവിതം ഇവിടെ അവസാനിക്കുന്നില്ല. നമുക്ക് മുന്നോട്ടു പോയേ തീരൂ. ഇതിവിടെ അവസാനിക്കാൻ പാടില്ല. എത്രതന്നെ ബുദ്ധിമുട്ടിയാണെങ്കിലും നാം എഴുന്നേറ്റു നിൽക്കുക. നമുക്ക് മുന്നിൽ രണ്ടു വഴികളാണുള്ളത്. ഒന്നുകിൽ കോപം നമ്മളെ തളർത്തുകയും അക്രമം തുടരുകയും ചെയ്യുക. അല്ലെങ്കിൽ നാം കോപത്തെ കീഴ്പ്പെടുത്തുകയും മറ്റുള്ളവരെ സഹായിക്കാനായി ശ്രമിക്കുകയും ചെയ്യുക. തിരഞ്ഞെടുപ്പ് നമ്മുടേതാണ്. നമുക്ക് പരസ്പരം ബഹുമാനിക്കാം. എല്ലാവർക്കും എെൻറ ആശംസകൾ. ഇത് അമ്പരപ്പിക്കുന്നതും ദുർലഭവുമായ അനുഭവമാണ്. നമുക്ക് വീണ്ടും കണ്ടുമുട്ടാം. കാരണം, ജീവിതം ഇവിടെ അവസാനിക്കുന്നില്ല.'' ലോകകപ്പിലെ പുറത്താകലിന് ശേഷം കൊളംബിയൻ പത്രമായ എൽ ടിയംപെയിൽ ആന്ദ്രെ എസ്കൊബാർ എഴുതി. അറംപറ്റിയ വാക്കുകളായിരുന്നു അത്. അതെഴുതുമ്പോൾ ജീവിതം ഉടനെ അവസാനിക്കാൻ പോവുകയാണെന്നു ആന്ദ്രെ കരുതിയിരിക്കില്ല. അടുത്ത സീസണിൽ മിലാനു വേണ്ടി കളിക്കാൻ അയാൾ തയാറെടുക്കുകയായിരുന്നു. പാബ്ലോ എസ്കൊബാർ ഇന്നും മെഡലിനിലെ പലയിടങ്ങളിലും ഏറെ ആരാധിക്കപ്പെടുന്ന വിശുദ്ധനായ ഒരു വ്യക്തിയായി തുടരുന്നുണ്ട്. അയാൾ കൊളംബിയൻ ഫുട്ബാളിനു നൽകിയ സംഭാവനകൾ വിസ്മരിക്കരുതാത്തതാണ്. ആന്ദ്രെ മരണത്തിനു മുന്നിൽ അകപ്പെടുമ്പോള് പാബ്ലോ ജീവനോടെയുണ്ടായിരുന്നില്ല. പക്ഷേ, ആന്ദ്രെയുടെ മാംസത്തിൽ ബുള്ളറ്റുകള് തുളച്ചുകയറുമ്പോൾ തെറിച്ച രക്തത്തിെൻറ കറകൾ പാബ്ലോയുടെ കൈകളിലും പുരണ്ടിട്ടുണ്ട്. പാബ്ലോ വെള്ളവും വളവും നൽകി പരിപോഷിപ്പിച്ചെടുത്ത ഒരു വ്യവസ്ഥിതിയുടെ ഇരയാണ് ആന്ദ്രെയും.ഒരർഥത്തിൽ പാബ്ലോ ആ ഇരുപത്തിയെഴുകാരെൻറ മരണത്തിനു ഹേതുവായി മാറുകയായിരുന്നു.
മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1058 പ്രസിദ്ധീകരിച്ചത്