Begin typing your search above and press return to search.
proflie-avatar
Login

ഇന്ത്യൻ ന്യൂസ് ചാനലുകൾ വിദ്വേഷ പ്രചാരകരായതെങ്ങനെ

news channels and populism
cancel

ഇന്ത്യയിലെ വാർത്താ പരിപാടികളിൽ വർധിക്കുന്ന വിദ്വേഷ പ്രവണതകളെ കുറിച്ച് ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് നെറ്റ്‌വർക്ക് ഓഫ് വുമൺ ഇൻ മീഡിയ പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്. അതിന്റെ പിന്നണിയിൽ പ്രവർത്തിച്ച മാധ്യമപ്രവർത്തക എഴുതുന്നു.

യുക്രെയ്നെതിരെ യുദ്ധമാരംഭിച്ച സമയത്ത്, റഷ്യൻ കടന്നുകയറ്റത്തിന്റെ വ്യത്യസ്തമായ തലങ്ങൾ ചർച്ചക്കെടുക്കാൻ റിപ്പബ്ലിക് ടിവി അതിന്റെ പ്രൈംടൈം ഷോയായ “നേഷൻ വാണ്ട്സ് റ്റു നോയിലേക്ക്” ഏതാണ്ട് ഡസനോളം അതിഥികളെ ക്ഷണിച്ചു.

സ്ക്രീൻ പത്തു ചെറിയ കോളങ്ങളായി തിരിഞ്ഞു; ഓരോന്നിലും ഓരോ അതിഥികൾ. അഞ്ചു കോളങ്ങൾ മുകളിലെ നിരയിലും അഞ്ചെണ്ണം താഴെയും. ആ കോളങ്ങൾക്ക് മുകളിലായി "ബെലറൂസിന്റെ സഹായത്തോടെ റഷ്യ മുന്നേറുന്നു" എന്ന് വലിയ ചുവന്ന അക്ഷരങ്ങളിൽ ഇടക്കിടെ എഴുതിപ്പോകുന്നുണ്ട്. സ്‌ക്രീനിനു താഴെ #WestInDenial? എന്ന ഹാഷ് ടാഗ്.

ചർച്ചക്കിടെ ഒരവസരത്തിൽ അതിഥികളിൽ ഒരാളായ ഗിൽബർട്ട് ഡോക്ടറോവ് അവതാരകനായ അർണബ് ഗോസ്വാമിയോട് കയർത്ത് ചോദിക്കുന്നുണ്ട്: "നിങ്ങൾ എന്നെ സംസാരിക്കാൻ അനുവദിക്കുന്നുണ്ടോ? അതല്ല, ഇതു വെറുതെ കണ്ടിരിക്കാനാണോ ഞാൻ ഇവിടെ വന്നത്?”.

പരുക്കൻ സംസാരംകൊണ്ട് ചർച്ചയുടെ അധിക സമയവും കയ്യടക്കുന്നതിൽ കുപ്രസിദ്ധനായ അവതാരകൻ എന്ന നിലക്ക് അർണബിന്റെ അതിഥികളിൽ മിക്കവരുടെയും മനസിൽ ഒരുപക്ഷേ ഈ ചോദ്യം ഉണ്ടായിരിക്കും. ഗ്രന്ഥകാരനും റഷ്യാ വിദഗ്ധനുമായ ഡോക്ടറോവ് തുടർന്നു: “നിങ്ങൾ ഡീ-എസ്കലേഷനെ (സംഘർഷങ്ങൾ മയപ്പെടുത്തുന്നതിനെ) കുറിച്ച് സംസാരിക്കുന്നുണ്ടല്ലോ... ഞാൻ പറയട്ടെ... മോഡറേറ്റർ, നിങ്ങൾ നിങ്ങളുടെ ഭാഷ ഡീ-എസ്കലേറ്റ് ചെയ്യണം. നിങ്ങൾ അതിസമ്മർദ്ദമുള്ള വാക്കുകളിലാണ് സംസാരിക്കുന്നത്, അതിവൈകാരികമായ ഭാഷയാണ് നിങ്ങൾ ഉപയോഗിക്കുന്നത്. ഇത് ബൗദ്ധികമായ ഒരു ചർച്ചക്ക് യോജിച്ചതല്ല.”

അർണബ് ഗോസ്വാമി

ഇത്തരം രോഷവും ഒച്ചപ്പാടും ബഹളവുമെല്ലാം ഇന്ത്യയിൽ ടിവി വാർത്ത കാണുന്ന ആർക്കും സുപരിചിതമായതാണ്. ഉയർന്ന ഡെസിബലിലുള്ള ആക്രോശങ്ങളും ക്രുദ്ധമായ വിരൽചൂണ്ടലുകളുമെല്ലാം ഇന്ത്യയിലെ ന്യൂസ് ചാനലുകളിൽ പതിവുകാഴ്ചയാകുന്നുണ്ടെന്ന് നെറ്റ്‌വർക്ക് ഓഫ് വുമൺ ഇൻ മീഡിയ, ഇന്ത്യ (എൻ.ഡബ്ല്യൂ.എം.ഐ) ഈ വർഷം പുറത്തിറക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. “സാമ്പിൾ എടുത്ത വാർത്താ പരിപാടികളിൽ അക്രമങ്ങൾ 50% ആണെങ്കിൽ, ടോക്ക്ഷോകളിൽ അത് 85% വരെ ഉയരുന്നു," പ്രാഥമിക വിവര ശേഖരണത്തിൽ ഞാനും ഭാഗഭാക്കായ റിപ്പോർട്ട് പറയുന്നത് ഇങ്ങനെയാണ്. എൻ.ഡബ്ല്യൂ.എം.ഐയോടൊപ്പം ഗോതെ ഇൻസ്റ്റിറ്റ്യൂട്ട്, ഡൽഹി മാക്സ് മുള്ളർ ഭവൻ എന്നിവർ കൂടി സഹകരിച്ചാണ് റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്. സെപ്റ്റംബർ 2021ൽ ഗവേഷകർ ഒരാഴ്ചയോളം ടിവി ന്യൂസുകൾ പരിശോധിക്കുകയും, വാർത്തകളിലെയും സംവാദങ്ങളിലെയും വിഷലിപ്തമായ പുരുഷബോധത്തെയും അക്രമങ്ങളുടെ അധീശ ആവിഷ്കാരങ്ങളെയും കുറിച്ച അഭിപ്രായപ്രകടനങ്ങൾ നടത്തുകയുമുണ്ടായി.

മാധ്യമപ്രവർത്തകരും ജേർണലിസം അധ്യാപകരുമായ ഗവേഷകർ, ടിവി ന്യൂസുകളിൽ നടത്തപ്പെടുന്ന വൈകാരികമായ പ്രകടനങ്ങളുടെ അനന്തരഫലങ്ങളെ ഏഴു തലങ്ങളിൽ നിന്നുകൊണ്ടാണ് വിലയിരുത്തുന്നത്: ശരീരഭാഷ, വാക്കുകൾ, സംസാരശൈലി, വിഷ്വലുകളുടെയും ഗ്രാഫിക്കുകളുടെയും ഉപയോഗം, സൗണ്ട് ഇഫക്റ്റുകൾ പിന്നെ, വ്യക്തികൾ തമ്മിലുള്ള ബലാബലങ്ങൾ എന്നിവ.

1990കളിലെ ഒരു കുറഞ്ഞ കാലയളവിൽ, ടിവി/വീഡിയോ റിപ്പോർട്ടിങ് എന്നു പറഞ്ഞാൽ ഫീൽഡിൽ നിന്നുള്ള റിപ്പോർട്ടിങ് എന്നതു മാത്രമായിരുന്നു. ഗ്രൗണ്ടിൽ നിന്നുള്ള റിപ്പോർട്ടിങിന്റെ ചെലവ് വർധിച്ചതോടെ, പ്രൈം ടൈമിലെ ടിവി വാർത്തകൾ അധികവും സ്റ്റുഡിയോ ചർച്ചകളായി മാറി. ടിവി റേറ്റിങ്ങുകൾ പരിശോധിക്കുമ്പോൾ, ഇത്തരം അലർച്ചകളാണ് പ്രേക്ഷകരെ കൂടുതൽ ആകർഷിക്കുന്നത് എന്നാണ് മനസ്സിലാകുന്നത്. "ഇത് പ്രേക്ഷകത്വത്തിന്റെ ഇക്കണോമിയാണ്" എന്നാണ് കോളമിസ്റ്റും സംസ്കാര വിമർശകയുമായ പരോമിറ്റ വോഹ്‌റ പറയുന്നത്. പ്രേക്ഷകരെ ആകർഷിക്കാൻ ടിവി വാർത്തകൾ തന്നെ ഒരു പ്രകടനമായി മാറേണ്ടതുണ്ടതായി വരുന്നു. ടിവിയിൽ വരുന്ന എന്തും കാഴ്ചയിൽ ആകർഷകമാവുക എന്നതിനെ ആശ്രയിച്ചിരിക്കുന്നു. പ്രകൃതി ദുരന്തങ്ങൾ വൻതോതിൽ ടിവി-സൗഹൃദ ഐറ്റമാകുന്നത് ഉദാഹരണം. അതുപോലെ തന്നെയാണ് യുദ്ധങ്ങളും.

ടിവി വാർത്തയെന്ന 'പ്രകടനം'

1959ലാണ് ഇന്ത്യയിൽ ടെലിവിഷൻ വരുന്നത്. എന്നാൽ, തുടർന്നുള്ള 30 വർഷങ്ങളിലും വളരെ കുറച്ച് ഇന്ത്യക്കാർ മാത്രമാണ് ടിവി സെറ്റുകൾ സ്വന്തമാക്കിയത്. ഉള്ളവരാകട്ടെ, വിദ്യാഭ്യാസ-കൃഷി പരിപാടികൾ മാത്രമുള്ള, സ്റ്റേറ്റ് കൈകാര്യകർതൃത്വത്തിലുള്ള ഒരേയൊരു ചാനൽ മാത്രമാണ് കണ്ടിരുന്നത്. 1991ൽ രാജ്യത്തിന്റെ സമ്പദ്ഘടന ലോകത്തിനു മുന്നിൽ തുറന്നതോടെയാണ് സാഹചര്യങ്ങൾ മാറിമറിയുന്നത്. തൊട്ടുടനെ, റൂപർട്ട് മർഡോക്ക് സ്റ്റാർ ടിവി വാങ്ങുകയും, നഗരവാസികളായ, സമ്പന്നരായ ഇന്ത്യക്കാർക്കു വേണ്ടി പ്രക്ഷേപണമാരംഭിക്കുകയും ചെയ്തു. പിന്നീടൊരിക്കലും ഇന്ത്യ പഴയ പോലെയായില്ല.

ടിവി ഇന്നും ഇന്ത്യയിൽ വലിയ വ്യാപനമുള്ള മാധ്യമമാണ്. "ഡിജിറ്റൽ മാധ്യമങ്ങൾ ശക്തിപ്പെട്ടുക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പോലും, ജനങ്ങൾക്കിടയിൽ ടിവി വാർത്തകൾക്ക് വലിയ സ്വാധീനമാണ് ഉള്ളത്," എൻ.ഡബ്ല്യൂ.എം.ഐ റിപ്പോർട്ടിന്റെ എഡിറ്റർമാരിൽ ഒരാളും യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റിൽ പ്രൊഫസറുമായ ഉഷ രാമൻ പറയുന്നു. ഇന്ന് ലൈസൻസോടെ പ്രവർത്തിക്കുന്ന 800 ഓളം ചാനലുകളുണ്ട് - വാർത്ത-വിനോദ മേഖലകളിൽ പ്രവർത്തിക്കുന്ന ഔട്ലറ്റുകളുടെ എണ്ണമാണ് ഇത്. അടുത്ത വർഷത്തോടെ, ഇന്ത്യയിലെ 1.3 ബില്യൺ ജനസംഖ്യയിൽ 70% പേർക്കും ടെലിവിഷൻ ലഭ്യമാവും എന്ന് കണക്കുകൾ പറയുന്നു. ഈ സാഹചര്യത്തിൽ തന്നെ, 50% ഇന്ത്യക്കാർക്ക് മാത്രമാണ് ഇന്റർനെറ്റ് ലഭ്യത ഉള്ളത്.

വാർത്താ ചാനലുകൾ പ്രേക്ഷകർക്കു വേണ്ടി വിനോദ ചാനലുകളുമായി മത്സരിക്കുകയാണ്. ആന്തരിക തന്ത്രങ്ങളെ കുറിച്ച് സംസാരിക്കാൻ അനുമതി ഇല്ലാത്തതിനാൽ പേരു വെളിപ്പെടുത്താൻ കഴിയാത്ത സാഹചര്യത്തിൽ ഒരു സീനിയർ എക്‌സിക്യൂട്ടീവ് ഇപ്രകാരം പറയുന്നു. "ഇക്കാര്യങ്ങൾ ആരും സമ്മതിച്ചു തരാൻ പോകുന്നില്ല," അദ്ദേഹം പറഞ്ഞുവെക്കുന്നു. “എന്തുകൊണ്ടാണ് ഡസണോളം വരുന്ന മത്സരക്കാർക്കിടയിൽ ആരെങ്കിലും നമ്മളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത് എന്ന് നിരന്തരം ഞങ്ങളോട് ചോദിക്കപ്പെടുന്നുണ്ട്. അതിനു മറുപടി നൽകാൻ ഞങ്ങൾക്ക് സാധിക്കണമല്ലോ."

മേൽപറഞ്ഞ തരം പ്രകടനങ്ങളും അക്രമകരമായ ഭാഷയുമാണ് എപ്പോഴും അതിനുത്തരമായി നിൽക്കുന്നത്. എൻ.ഡബ്ല്യൂ.എം.ഐ റിപ്പോർട്ട് അനുസരിച്ച് 80 ശതമാനത്തിനടുത്ത് അവതാരകരും വിദ്വേഷപരമായ ഭാഷ പ്രയോഗിച്ചിട്ടുണ്ട്.

"പ്രേക്ഷകരെ ലഭിക്കാനും, പരസ്യങ്ങൾ വിൽക്കാനും ടിവി പരമാവധി വിനോദദായകമാവേണ്ടതുണ്ടെന്ന് വരുന്നു," ന്യൂയോർക്ക് ടൈംസിന്റെ എസ്ര ക്ലെയിനോട്‌ സംസാരിക്കുന്ന വേളയിൽ ദി പാരഡോക്സ് ഓഫ് ഡെമോക്രസി (The Paradox of Democracy) എന്ന പുസ്തകത്തെ കുറിച്ച് എഴുത്തുകാരൻ സീൻ ഇല്ലിങ് പറയുന്നത് ഇങ്ങനെയാണ്.

എന്തുകൊണ്ടാണ് അക്രമോന്മുകത വിനോദമാകുന്നത്?

ദീപക് ചൗരസ്യയുടെ ചർച്ച

ന്യൂസ് നേഷന്റെ ദീപക് ചൗരസ്യ തന്റെ സ്റ്റുഡിയോവിൽ അർധ വൃത്താകൃതിയിൽ ഇരിക്കുന്ന നാലു പുരുഷ അതിഥികൾക്കിടയിൽ ഉയർന്ന് ഇരിക്കുകയാണ്. ഉയർന്ന ഡെസിബലിൽ മുഴങ്ങുന്ന അലർച്ച ആകെ കോലാഹലം സൃഷ്‌ടിക്കുന്നു, പറയുന്നത് എന്താണെന്ന് മനസിലാക്കാൻ പോലും പ്രയാസം. അവതാരകൻ തന്റെ അതിഥികൾക്ക് നേരെ കസേരയിൽ കയറി നിന്നുകൊണ്ട് കാതടക്കുന്ന വിധത്തിൽ ഒച്ചവെക്കുകയും, അതിഥിയുടെ മുഖത്തിന് തൊട്ടുട്ടടുത്ത് പോയി ഒരു പോയന്റ് നേടി എന്ന മട്ടിൽ ആംഗ്യം കാണിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. “നിങ്ങളെ പോലുള്ള ആളുകൾ (ഇടതുചായ്‌വുള്ളവരായി മനസിലാക്കപ്പെടുന്ന, ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ നിന്നുള്ള) നികുതിദായകരുടെ പണം കൊണ്ട് ജീവിക്കുകയും പാകിസ്ഥാന് പാദസേവ നടത്തുകയും ചെയ്യുകയാണ്” അതിഥിയുടെ മുഖത്തിന് ഇഞ്ചുകൾ മാത്രം അകലെ നിന്ന് അവതാരകൻ അലറുകയാണ്!

ഉയർന്നുവരുന്ന പ്രവണത

ഒരു മിനുട്ട് ദൈർഘ്യമുള്ള ആ വീഡിയോയിൽ കാണാവുന്ന ആക്രമണവും തീക്ഷ്‌ണതയുമെല്ലാം ഇന്ത്യൻ ടെലിവിഷൻ സ്ക്രീനുകളിൽ അതിസാധാരണമാണ്.

ഒരു ടിവി വാർത്ത അവതാരകൻ ആധികാരികമായി ശബ്ദിക്കണം എന്ന് നിലവിൽ ബൂം ഫാക്റ്റ്ചെക്കിന്റെ ഡയറക്ടറും മീഡിയ അധ്യാപകനുമായ എച്ച്.ആർ. വെങ്കടേഷ് പറയുന്നുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ സി.എൻ.എൻ-ഐ.ബി.എൻ പോലുള്ള ഇന്ത്യൻ ടിവി വാർത്താ ചാനലുകളിലെ പരിചിത മുഖമായിരുന്നു വെങ്കടേഷിന്റേത്. “ആധികാരികമായി സംസാരിക്കാൻ ശ്രമിക്കുമ്പോൾ അവതാരകർ പലപ്പോഴും പരിധികൾ വിടുന്നു,” അദ്ദേഹം പറഞ്ഞു.

ഇത്തരം സംവാദങ്ങളുടെ അവതാരകർ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഉചിതമായ വാദങ്ങൾ കൊണ്ടുവരാനുള്ള സമ്മർദത്തിലാണ്. സങ്കീർണമല്ലാത്ത ഭാഷ, ഉറച്ച ശരീരഭാഷ, ആത്മവിശ്വാസത്തോടെയുള്ള ശബ്ദം ഇതെല്ലാം അവതാരകനെ നിയന്ത്രണത്തിന് സഹായിക്കുന്നു.

"ടിവി വാർത്ത കാണുമ്പോൾ ഏറ്റവും കൂടുതൽ എൻ്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത് വാർത്ത അവതാരകൻ്റെ ശരീരഭാഷയോ അവർ ഉപയോഗിക്കുന്ന വാക്കുകളോ ആണ്" നിത്യേന ഒരു മണിക്കൂർ എങ്കിലും ടിവി വാർത്ത കാണുന്ന, ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ശൈലി രാമനാഥൻ പറയുന്നു. "എനിക്ക് അറിയേണ്ട കാര്യങ്ങൾ പെട്ടെന്ന് പറയുകയാണ് അവതാരകൻ ചെയ്യേണ്ടത്."

ഒരുതരത്തിൽ, ടെലിവിഷൻ എന്ന മാധ്യമമാണ് പ്രേക്ഷകർ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത്. അതായത്, ലോകം കൃത്യമായും ദ്വന്ദങ്ങളായാണ് തിരിക്കപ്പെട്ടിരിക്കുകയാണ്. അതിൽ ഏറ്റവും ഉച്ചത്തിലുള്ള ശബ്ദമാണ് അവിടെ നിലനിൽക്കുക.

വിഷലിപ്തതയും അതിനപ്പുറവും

ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം അനവധിയായ ഭീഷണികൾ നേരിടുന്ന സമയത്ത്, ടിവി വാർത്തകൾ ഇന്ത്യയെ ജനാധിപത്യപരമല്ലാത്ത വഴികളിലേക്ക് തള്ളിവിടുന്നതായി കാണാം.

ഉദാഹരണത്തിന്, മുസ്‌ലിംവിരുദ്ധ പ്രസ്താവനകളുടെ പേരിൽ അറിയപ്പെട്ട സുദർശൻ ന്യൂസ് വാർത്താ അവതാരകനും സ്ഥാപകനുമായ സുരേഷ് ചവൻകെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുന്നതിനു വേണ്ടി, "പോരാടുക, മരിക്കുക, കൊല്ലുക" എന്ന ആഹ്വാനം നൽകുകയും, തൻ്റെ പ്രേക്ഷകരെ ഇതിൽ പ്രവർത്തനനിരതരാവാൻ ക്ഷണിക്കുകയും ചെയ്യുന്നു. “അതുകൊണ്ടുതന്നെ അയാൾ പുറത്തുചെന്ന് മുസ്‌ലിം കച്ചവടക്കാരെ ബഹിഷ്കരിക്കണമെന്ന് പറയും. പിന്നെ യു.പിയിലോ എം.പിയിലോ ഒരു ചെറിയ പട്ടണത്തിൽ ഒരു മുസ്‌ലിം കച്ചവടക്കാരനെ ആരെങ്കിലും സംഘംചേർന്ന് മർദ്ദിക്കുന്ന വീഡിയോ അവർ അപ്‌ലോഡ് ചെയ്യുന്നത് നിങ്ങൾക്ക് കാണാം,” സുപ്രീം കോടതി അഭിഭാഷകനായ ഷാരൂക് ആലം പറയുന്നു.

2019ൽ ന്യൂസ്‌ലോണ്ട്രി എന്ന മാധ്യമ നിരീക്ഷണ വെബ്സൈറ്റ് വർഗീയ കലാപം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ടിവി വാർത്ത സംവാദങ്ങളുടെ ഒരു പരമ്പര ‘ബ്ലഡ്ലസ്റ്റ് ടിവി’ എന്ന പേരിൽ പുറത്തുവിട്ടിരുന്നു.

"നിലനിൽക്കുന്ന ഐ.പി.സി (ഇന്ത്യൻ ശിക്ഷാ നിയമം) സെക്ഷനുകൾ അനുസരിച്ച് ശിക്ഷിക്കാൻ കഴിയാത്ത വിധത്തിലുള്ള, ‘ഘടനാപരമായ ഹിംസ’ (structural violence) എന്ന വലിയ ഒരു പ്രശ്നം നിലനിൽക്കുന്നുണ്ട്. ആവർത്തിക്കുന്ന പാർശ്വവത്കരണത്തിലേക്കാണ് അവ സംഭാവന ചെയ്യുന്നത്," ആലം കൂട്ടിച്ചേർത്തു.

“വലിയ രീതിയിൽ രോഷംകൊള്ളുന്ന അവതാരകരെ കാണുന്നത് സാധാരണമാണ്,” വെങ്കടേഷ് നിരീക്ഷിക്കുന്നു. "ഓൺ എയറിൽ ദേഷ്യപ്പെടാൻ വളരെ എളുപ്പമാണ്. കാരണം സ്വന്തം ധർമത്തെ അടിസ്ഥാനമാക്കിയുള്ള കോപം പ്രഹരണായുധമാക്കുക എന്നത് വലിയ ബുദ്ധിമുട്ടില്ലാത്ത കാര്യമാണ്. ഇത്തരത്തിലുള്ള ഒരു രൂപം ടിവി വാർത്ത രീതിക്കും ഹ്രസ്വമായ ചർച്ചകൾക്കും വേണ്ടി നിർമിക്കുന്നതാണ്," അദ്ദേഹം പറഞ്ഞു.

എങ്ങനെയാണ് "ന്യൂസ് റൂമുകളിൽ നിന്നും പ്രസരിക്കുന്ന ആക്രമണോത്സുകത, അക്രമരഹിതവും സഹവർത്തിത്വത്തോടെയുമുള്ള ഇടപെടലുകളെ നിശബ്ദമാക്കുന്നതിനും അവയെ ഇല്ലാതാക്കുന്നതിനും പുറമേ, തെരുവുകളിലും വീടുകളിലും അവ പ്രതിഫലിക്കപ്പെടുന്നത് എന്നതിനെ കുറിച്ച് റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഈ വർഷം ഏപ്രിലിൽ ഉത്തരേന്ത്യൻ നഗരങ്ങളായ ഡൽഹി, ലഖ്നൗ, കാൺപൂർ എന്നിവിടങ്ങളിലെ മുനിസിപ്പാലിറ്റികൾ മുസ്‌ലിംകളുടെ വീടുകളും കടകളും നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് തകർക്കുകയുണ്ടായി. ചില സാഹചര്യങ്ങളിൽ സുപ്രീംകോടതി നിർത്താൻ ആവശ്യപ്പെട്ടിട്ടും അവയുടെ മുകളിലൂടെ ബുൾഡോസറുകൾ കയറിയിറങ്ങുന്ന അവസ്ഥയാണ് ഉണ്ടായത്.

ഹിന്ദി ചാനലായ ആജ് തകിൻ്റെ അവതാരിക അഞ്ജന ഓം കശ്യപ് ഒരു ബുൾഡോസറിൽ കയറിയിരുന്നു കൊണ്ട് പറയുന്നത് ഇങ്ങനെ: "നിയമവിരുദ്ധമായ നിർമിതികൾ തകർക്കാനായി കൊണ്ടുവന്ന ക്രെയിനിൽ നിന്നും തൽസമയ ചിത്രങ്ങളാണ് നിങ്ങളിപ്പോൾ കാണുന്നത്." ആ നിർമിതികൾ നിയമപ്രകാരമുള്ളതാണോ എന്നന്വേശിക്കാൻ അവതാരിക തയ്യാറായില്ല എന്നു മാത്രമല്ല, ബുൾഡോസറിൽ കയറിയിരുന്നതോടെ സർക്കാരിൻ്റെ പ്രവൃത്തികൾക്ക് പ്രകടമായ പിന്തുണകൂടിയാണ് അവർ നൽകിയത്.

അഞ്ജന ഓം കശ്യപിന്റെ റിപ്പോർട്ട്

തന്റെ പ്രേക്ഷകർക്കു വേണ്ടി അക്രമകരമായ സ്വഭാവം പുറത്തെടുക്കുന്ന വനിതാ അവതാരകയുടെ ഒരു ഉദാഹരണമാണിത്. കോളമിസ്റ്റ് വോഹ്‌റ വിശദീകരിക്കുന്നത് പോലെ, ഇര-വേട്ടക്കാരൻ ദ്വന്ദം പ്രയോഗിക്കുന്നത് കൊണ്ടാണ് ടിവി അവതാരകർ ഇപ്രകാരം ഇടപെടുന്നത്. "അധിക ടിവി പരിപാടികളും വിധി പ്രസ്താവിക്കുന്നത് പോലെയാണ്," അവർ പറയുന്നു.

റിപ്പോർട്ടിന്റെ എഡിറ്ററായ രാമൻ ഇതു സമ്മതിക്കുന്നുണ്ട്. “വൈവിധ്യങ്ങളോട് വലിയ അസഹിഷ്ണുതയാണ് അവതാരകർ പുലർത്തുന്നത്. വിശ്വാസങ്ങളോട് പൂർണമായ അസംതൃപ്തിയും," അയാൾ പറയുന്നു.

നിലവിലെ രൂപത്തിൽ, ഭൂരിപക്ഷ പരമാധികാരത്തിലേക്കുള്ള രാജ്യത്തിന്റെ മാറ്റത്തെ ത്വരിതപ്പെടുത്തുകയും, ന്യൂനപക്ഷങ്ങളോടുള്ള അതിന്റെ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നടപടിയാണ് ഇന്ത്യയിലെ ടിവി വാർത്തകൾ നിർവഹിച്ചു കൊണ്ടിരിക്കുന്നത്. “ഭരണകൂടത്തിന്റെ അധികാരത്തെ കുറിച്ചുള്ള പുരുഷാധിപത്യപരമായ വ്യാഖ്യാനങ്ങളിലും, വിയോജിപ്പുകളെ നിശബ്ദമാക്കുന്നതിലും, അരികുകളിൽ നിൽക്കുന്നവരെ ഹിംസാപരമായി അപരവത്കരിക്കുന്നതിലുമാണ് ഈ മാറ്റം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ദുർബലമായിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ രാഷ്ട്രീയ സ്ഥാപനങ്ങളിൽ പ്രതിഫലിക്കുന്നതും പ്രചരിച്ചുകൊണ്ടിരിക്കുന്നതും ഇതേ മനോഭാവമാണ്, മുഖ്യധാര വാർത്താ മാധ്യമങ്ങളും ഒട്ടും വ്യത്യസ്തമല്ല,” റിപ്പോർട്ട് പറയുന്നു.

വോഹ്‌റയുടെ അഭിപ്രായമനുസരിച്ച് ഇടപെടലുകൾക്കുള്ള വ്യവസ്ഥ പുനർനിശ്ചയിക്കുക എന്നതുതന്നെയാണ് ഈ പോക്കിനെ ശരിപ്പെടുത്താനുള്ള മാർഗം. “ടിവി വാർത്തകളിൽ നിന്ന് പ്രേക്ഷകർ കുറച്ചുകൂടി അർഥവത്തായ കാര്യങ്ങൾ ആഗ്രഹിക്കേണ്ടതുണ്ട്, ടിവി ജേർണലിസ്റ്റുകൾ അതവർക്ക് നൽകുകയും വേണം,” രാമൻ പറഞ്ഞു നിർത്തി.


മനുഷ്യാവകാശ പ്രശ്നങ്ങളിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമപ്രവർത്തകയാണ് രക്ഷാ കുമാർ. 2011 മുതൽ ന്യൂയോർക്ക് ടൈംസ്, ബിബിസി, ടൈം, സൗത്ത് ചൈന മോർണിങ് പോസ്റ്റ്, ദി ഹിന്ദു എന്നീ മാധ്യമങ്ങൾക്കായി 12 രാജ്യങ്ങളിൽ നിന്നും പ്രവർത്തിച്ചിട്ടുണ്ട്.

കടപ്പാട്: റൂയിറ്റേർസ് ഇൻസ്റ്റിറ്റ്യൂട്ട്

സ്വതന്ത്ര വിവർത്തനം: അഫ്സൽ ഹുസൈൻ

Show More expand_more
News Summary - news channels and populism