വധശ്രമം, കല്ലേറ്, ഭ്രഷ്ട്, 13ാം വയസ്സിലെ ആദ്യ വിവാഹം: നിലമ്പൂർ ആയിഷ ജീവിതം പറയുന്നു
ഭാഗം- 1
നാടക ചരിത്രം നിലമ്പൂർ അയിഷ എന്ന നടിയുടെ ജീവിതം കൂടിയാണ്. യാഥാസ്ഥിതിക പിൻവലിക്കലുകളെ നിഷ്കരുണം തള്ളി ശാരീരികവും മാനസികവുമായ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് അവർ സൃഷ്ടിച്ചെടുത്ത ചരിത്രം കൂടിയാണ് നാടകത്തിന് പറയാനുള്ളത്. സമൂഹത്തിെൻറ കെട്ടുപാടുകളെ മുറിച്ചുനീക്കിയൊഴുകിയ ആയിഷക്ക് പക്ഷേ, കൂടെയുള്ളവരുടെ അസഹിഷ്ണുതകളെ താണ്ടാനായില്ല. നിലമ്പൂർ അയിഷ ജീവിതംപറയുന്നു. ചരിത്രവും. മാധ്യമം ‘മുദ്ര’ പ്രസിദ്ധീകരിച്ചത്
‘ആശിച്ചപോലെ നടക്കൂല. ഇമ്പ പൂമതു വണ്ട് കൊതിക്കൂല’ എന്ന വരികൾ മൈക്കിൽ ആർത്തലച്ചു. കാണികൾ നാടകത്തിൽ അലിഞ്ഞിരിക്കുകയാണ്. ഒരു എയർഗൺ എെൻറ നേരെ നിറയൊഴിച്ചു. ഒരു അടി മുന്നോട്ട് വെച്ചില്ലായിരുന്നെങ്കിൽ വെടിച്ചില്ല് നെറ്റിയിൽതന്നെ വന്ന് പതിച്ചേനെ. എന്തോ സംഭവിച്ചെന്ന് കാണികൾക്കും എനിക്കും മനസ്സിലായി. ഒരു നിമിഷം പരിഭ്രാന്തി പടർന്നു. പക്ഷേ, ഒന്നും സംഭവിക്കാത്തതുപോലെ നാടകം തുടർന്നു. നാടകത്തിനുശേഷം പുറകിലെ കർട്ടനിൽനിന്ന് വെടിച്ചില്ല് കണ്ടെത്തി. മഞ്ചേരി മേലാക്കത്തായിരുന്നു ഈ സംഭവം. നാടക ജീവിതത്തിൽ ഇങ്ങനെ പല അനുഭവങ്ങളുമുണ്ടായിട്ടുണ്ട്.
നിലമ്പൂരിൽ നാടക പ്രവർത്തനങ്ങൾ ആരംഭിച്ചത് നിലമ്പൂർ യുവജന കലാസമിതിയായിരുന്നു. സാമൂഹികമാറ്റം ലക്ഷ്യംവെച്ച് ഡോ. ഉസ്മാൻ, ഇ.കെ. അയ്മു, കെ.ജി. ഉണ്യോൻ, നിലമ്പൂർ കോവിലകത്തെ കുഞ്ഞൂട്ടൻ തമ്പുരാൻ തുടങ്ങിയവർ ചേർന്നാണ് നാടകങ്ങൾക്ക് രൂപംനൽകിയത്. ഇ.കെ. അയ്മു എഴുതി ഡോ. ഉസ്മാൻ സംവിധാനം ചെയ്ത ‘ജ്ജ് ഒരു മന്സനാകാൻ നോക്ക്’ എന്ന നാടകമായിരുന്നു കളിച്ച് കൊണ്ടിരുന്നത്. നിലമ്പൂർ ബാലൻ, മേലേതിൽ യൂസഫ്, ഉള്ളാട്ടിൽ മുഹമ്മദ്, ഇ.കെ. ഉമ്മർ, പി.ടി. മുഹമ്മദലി, ഗോപാലകൃഷ്ണൻ, എെൻറ സഹോദരൻ മാനുമുഹമ്മദ് എന്നിവർ അഭിനേതാക്കൾ. ഈ നാടകങ്ങളിൽ സ്ത്രീവേഷം ചെയ്തിരുന്നത് പുരുഷന്മാരായിരുന്നു. സാബിറയായി പി.ടി. മുഹമ്മദലിയും ജമീലയായി ഇ.കെ. ഉമ്മറും. ഒരു വേദിയിൽ നാടകം കളിക്കുന്നതിനിടെ തട്ടം ഉതിർന്ന് താഴെവീണു. നടിക്ക് പിന്നിലെ പുരുഷനെ ജനം തിരിച്ചറിഞ്ഞു. ഇത് ഇ.കെ. അയ്മുവിന് വലിയ നാണക്കേടായി. ഇതേ സമയത്താണ് നാടകത്തിൽ സ്ത്രീകൾ തന്നെ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയാൽ അത് സാമൂഹികമാറ്റത്തിന് കാരണമാവുമെന്ന് ഇ.എം.എസ് എഴുതുന്നത്. അതോടെ നാടകത്തിന് പിന്നണിയിൽ പ്രവർത്തിച്ചിരുന്നവർ നടിയെ തേടിയിറങ്ങി. ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ നിലമ്പൂർ ബാലെൻറ സഹോദരി ജാനകി തയാറായി. അപ്പോളും മറ്റൊരു നടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടർന്നു.
ഗ്രാമഫോൺ നൽകിയ ജീവിതം
ഒരുദിവസം കാലിനുണ്ടായ വേദന മറക്കാൻ ഗ്രാമഫോണിൽ പാട്ടുവെച്ച് ആസ്വദിക്കുകയായിരുന്നു ഞാൻ. അതിനൊത്ത ഭാവങ്ങൾ മുഖത്ത് മിന്നിമറിയുന്നുണ്ട്. ഇത് കണ്ടുകൊണ്ട് ഇ.കെ. അയ്മുവും മാനുപ്പയും വീട്ടിലേക്ക് കയറിവന്നു. പാട്ട് കഴിഞ്ഞതും അവർ കൈയടിച്ചു. രണ്ടാമത്തെ നടിയാകാൻ തയാറാണോയെന്ന അയ്മുകാക്കയുടെ ചോദ്യത്തിന് എനിക്ക് സമ്മതത്തിലുപരി ഒരു ഉത്തരമില്ലായിരുന്നു. ഞാൻ നാടകത്തിൽ അഭിനയിക്കാൻ പോവുന്നുവെന്നറിഞ്ഞ് ഉമ്മ പൊട്ടിക്കരഞ്ഞു. സമൂഹം അംഗീകരിക്കില്ല നാടകം വേണ്ടെന്ന് ഉമ്മ വാശിപിടിച്ചു. എന്നാൽ, രക്ഷിക്കാനില്ലാത്തവർ ശിക്ഷിക്കാനും വേണ്ടെന്ന് ഞാൻ ഉമ്മയോട് പറഞ്ഞു. അത് ഉമ്മയുടെ മനസ്സിൽ സ്പർശിച്ചു. ബാപ്പയുടെ മരണത്തിനുശേഷം അത്രയേറെ വേദനകൾ ഞങ്ങൾ അനുഭവിച്ചിരുന്നു. അപ്പോൾ രക്ഷിക്കാനെത്തിയതിനേക്കാൾ ആളുകൾ േദ്രാഹിക്കുകയാണ് ഉണ്ടായത്.
ബാപ്പ മുക്കട്ട മുത്തുപ്പട്ട അഹമ്മദ്കുട്ടിക്ക് നിരവധി കച്ചവടങ്ങളുണ്ടായിരുന്നു. മരക്കച്ചവടം. ചായപ്പൊടി ബിസിനസ്, റെയിൽവേയിൽ സ്ഥാപിക്കാനുള്ള സ്ലീപ്പർ വിതരണം, അങ്ങനെ നിരവധി കച്ചവടങ്ങൾ. ബാപ്പയുടെ രണ്ടാമത്തെ ഭാര്യയാണ് എെൻറ ഉമ്മ കുഞ്ഞാച്ചുമ്മ. ഉപ്പക്ക് അലക്കാൻ ഒരു ഡോബി, എഴുതാൻ മേനോൻ, വീട്ടിൽ അടിച്ച് തളിക്കാൻ മൂന്ന് സ്ത്രീകൾ, ഉമ്മക്ക് വേണ്ടിയുള്ള സ്വർണംപണിയാൻ മാത്രം രണ്ട് തട്ടാൻ പണിക്കാർ, പുറത്ത് പണികൾക്ക് 60 ഓളം ദലിത് സ്ത്രീകൾ. വീട്ടിൽ രണ്ട് ആനകൾ ഉണ്ടായിരുന്നു. അന്ന് നാട്ടിൽ ഉമ്മക്ക് മാത്രമേ ഗ്രാമഫോൺ ഉണ്ടായിരുന്നുള്ളു. മണികെട്ടിയ കാളവണ്ടിയിലായിരുന്നു ഉമ്മയുടെ സഞ്ചാരം. പുതിയ പുതിയ മോഡൽ സ്വർണമണിഞ്ഞ് നടക്കുന്നത് ഉമ്മക്ക് വലിയ പ്രിയമായിരുന്നു. എെൻറ ജ്യേഷ്ഠത്തി സ്വർണമിട്ട് നിൽക്കുന്നതുകണ്ട് ‘ഇത് ഒരു പെൺകുട്ടിയോ കൊന്ന പൂത്തതോ’ എന്ന് ചോദിച്ചവരുണ്ട്. വീട്ടിൽ പ്രയാസം പറഞ്ഞെത്തുന്നവർക്ക് ഉമ്മ വള ഉൗരിനൽകിയ കാലമുണ്ടായിരുന്നു. പതിയെ പതിയെ ഒരു വശത്ത് ഈ സ്വത്ത് ഇല്ലാതാവുന്നുണ്ടെന്ന് ഞങ്ങൾ അറിഞ്ഞില്ല.
കച്ചവടങ്ങൾ തകർന്നതോടെ മാനസികമായി തളർന്ന ബാപ്പ മരിച്ചു. ശേഷം വീട്ടിലുണ്ടായിരുന്ന ഓരോ സാധനങ്ങൾ വിൽക്കാൻ തുടങ്ങി. ഭൂമിയിലും വിലപിടിപ്പുള്ള സാധനങ്ങളും വിറ്റ് തീർന്നപ്പോൾ ഭക്ഷണം വിളമ്പുന്ന സ്പൂൺ വരെ വിറ്റു. ജീവിക്കാൻ മറ്റ് വഴികളില്ലാതായി. ബാപ്പയുടെ ചില സുഹൃത്തുക്കൾ ഉമ്മയെ നെല്ലുകുത്തു കമ്പനിയിൽ പണിക്ക് പോവാൻ നിർബന്ധിച്ചു. പക്ഷേ, അപ്പോഴും കഷ്ടകാലം ഞങ്ങളെ വിട്ടില്ല. പണിക്ക് പോയി തുടങ്ങിയതിെൻറ പിറ്റേദിവസം ഉമ്മയുടെ തലയിൽ നെല്ലുകുത്തുന്ന അടുപ്പിെൻറ കുഴൽ പൊട്ടിവീണു. ഇടിമിന്നലേറ്റ് കുഴൽ തകരുകയായിരുന്നു. പേടിച്ചോടിയ ഉമ്മയുടെ കാലിൽ ആണി കുത്തിക്കേറി. കാലിൽ മുറിവ് പറ്റിയതിനെ തുടർന്ന് മൂന്ന് മാസത്തോളം ആശുപത്രിയിൽ കിടക്കേണ്ടിവന്നു. ഉമ്മക്ക് വയ്യാതായതോടെ താഴെയുള്ളവരുടെ ചുമതല എേൻറതായി. ആറാംക്ലാസിൽ പഠിപ്പ് നിർത്തേണ്ടിവന്നു. നിലമ്പൂരിൽ തേക്കിെൻറ വേര് കയറ്റിയയക്കുന്ന കമ്പനിയിൽ കുറച്ചുകാലം ജോലിനോക്കി. പിന്നീട്, കൊയ്ത പാടങ്ങളിൽചെന്ന് നെല്ല് വാങ്ങി അരിയാക്കി വിൽക്കുന്ന പണി ചെയ്തു. വലിയ അധ്വാനം വേണ്ടിയിരുന്നെങ്കിലും കുറെകാലം അതുകൊണ്ട് ജീവിതം മുന്നോട്ടുപോയി.
അതിസമ്പന്നതയിൽനിന്ന് ഒന്നുമില്ലായ്മയിലേക്ക് കൂപ്പുകുത്തിയ ഞങ്ങളെ സഹായിക്കാനെത്തിയവർ സമ്മാനിച്ച് പോയത് വലിയ ദുരന്തങ്ങളായിരുന്നു. പതിമൂന്നാം വയസ്സിൽ ബാപ്പയുടെ സുഹൃത്തിെൻറ നിർബന്ധപ്രകാരം വിവാഹിതയാവേണ്ടിവന്നു. 41കാരനായ രാമനാട്ടുകാരൻ കുട്ട്യസനുമായി. വിവാഹത്തിന് തയാറാവാത്തതിനെ തുടർന്ന് അയാൾ എന്നെ തല്ലുകവരെയുണ്ടായി. മുത്തുപ്പട്ടയുടെ മകൾ വിവാഹം ചെയ്യാതിരിക്കുന്നത് അദ്ദേഹത്തിന് വലിയ വേദനയാവുമെന്ന് പറഞ്ഞായിരുന്നു നിർബന്ധം മുഴുവൻ. ഗത്യന്തരമില്ലാതെ കല്യാണത്തിന് സമ്മതിക്കേണ്ടിവന്നു. അഞ്ച് ദിവസത്തെ ദാമ്പത്യമാണ് എെൻറ ജിവിതത്തിലുണ്ടായത്. ഒരുമിച്ച് ജീവിച്ച അഞ്ച് ദിവസത്തിനുള്ളിൽ തന്നെ ചായയിൽ മരുന്ന് കലർത്തി അയാളെന്നെ ശാരീരികമായി പീഡിപ്പിച്ചു. മരുന്നിെൻറ കാഠിന്യത്തിൽ ഒരുതരം നിർവികാരതയിലെത്തിയിരുന്നു ഞാൻ. എന്താണ് നടക്കുന്നത് എന്നുപോലും അറിയാൻ കഴിയാത്ത അവസ്ഥ. അഞ്ച് ദിവസത്തിനുശേഷം അയാളെ ഞാൻ തന്നെ ഇറക്കിവിട്ടു. ശരീരത്തിൽ അയാളുടെ ജീവൻ സൃഷ്ടിച്ചാണ് അയാൾ ഇറങ്ങിപ്പോയതെന്ന് ആറ് മാസത്തിനുശേഷമാണ് തിരിച്ചറിയുന്നതുതന്നെ. ഒരുതരം മനോവിഭ്രാന്തി പിടിപ്പെട്ടിരുന്നു എനിക്ക്. ചായയിൽ കലർത്തി ഒരു മരുന്ന് നൽകിയിട്ടുണ്ടെന്നും മറുമരുന്ന് നൽകണമെന്നും ഉമ്മയോട് അയാൾതന്നെ പറയുകയായിരുന്നു. വയറ്റിലുള്ള കുഞ്ഞിനെ എങ്ങനെയെങ്കിലും നശിപ്പിക്കണമെന്നായിരുന്നു ആദ്യം. മകൾ പിറന്നതോടെ അതിനെ വളർത്തണമെന്നായി. ഈ പിഞ്ചുപൈതൽ എന്തുചെയ്തെന്ന ചിന്ത അലട്ടി. അങ്ങനെ ജീവിക്കാൻതന്നെ തീരുമാനിച്ചു. ഇതിനിടക്ക് ആത്മഹത്യക്ക് ശ്രമിച്ച എന്നെ മരിച്ചല്ല ജീവിച്ചാണ് കാണിച്ച് കൊടുക്കേണ്ടതെന്ന മാനുപ്പയുടെ വാക്കുകളും പ്രചോദിപ്പിച്ചു. ഒടുവിൽ നാടകം എെൻറ ജീവിതം നിർണയിക്കാൻ തുടങ്ങി.
നാടകക്കാലം
1953–ൽ ‘ജ്ജ് ഒരു മന്സനാവാൻ നോക്ക്’ലൂടെയാണ് അരങ്ങിലെ ജീവിതം ആരംഭിക്കുന്നത്. 16ാം വയസ്സിൽ ആദ്യമായി വേഷപ്പകർച്ച നടത്തി. ജമീല എന്ന കഥാപാത്രത്തെ രണ്ട് ദിവസത്തിനുള്ളിൽ പഠിച്ചെടുത്തു. നാടകം പഠിച്ചിരുന്നത് സഖാവ് യു. ബാലെൻറ വീട്ടിൽ നിന്നായിരുന്നു. സ്ത്രീകൾകൂടി അരങ്ങിലെത്തുന്നത് പുറംലോകം അറിഞ്ഞാലുണ്ടാകുന്ന പുകിൽ ഓർത്ത് രാത്രി 11 മണിക്ക് ശേഷം വീട്ടിൽനിന്നും മൂന്ന് കിലോമീറ്റർ അകലെയുള്ള സഖാവ് ബാലെൻറ വീട്ടിലെത്തും. പെേട്രാമാക്സ് കത്തിച്ച് കാട്ടിലൂടെ കൂട്ടമായ് നടന്നാണ് പോവുക.
രാവിലെ മൂന്ന് മണിയാടെ റിഹേഴ്സൽ മതിയാക്കി മടങ്ങിയെത്തും. ഒളിച്ചും പാത്തുമായിരുന്നു റിഹേഴ്സലുകൾ.
ഫറോക്കിലായിരുന്നു ആദ്യ നാടകവേദി. കമ്യൂണിസ്റ്റ് പാർട്ടി തന്നെയാണ് വേദിയൊരുക്കിയത്. ലക്ഷ്മി കൊട്ടകയിലായിരുന്നു അവതരണം. നാടകം അവതരിപ്പിക്കുന്നതിന് തലേദിവസം ‘ഏറനാടിെൻറ വിരിമാറിൽനിന്ന് ഒരു അനാഘ്രാത പുഷ്പം നാടകത്തിലേക്ക് –ആയിഷ’ എന്ന പേരിൽ നോട്ടിസോ പത്രവാർത്തയോ വന്നു. നാടകസംഘം ഫറോക്കിലെത്തിയപ്പോൾ ജനസമുദ്രമായിരുന്നു മുന്നിൽ. ചുവപ്പ് വളണ്ടിയർമാർ കൈകോർത്ത് പിടിച്ചാണ് എന്നെ സ്റ്റേജിലെത്തിച്ചത്. ആളുകളുടെ ബാഹുല്യംമൂലം നാടകം കൊട്ടകയിൽനിന്ന് മാറ്റി തുറന്ന വേദിയിൽ കളിച്ചു. ജനം ക്ഷമയോടെ നാടകം കണ്ടു. എന്തെങ്കിലും പ്രശ്നം ഉണ്ടാക്കണമെന്ന് ഉദ്ദേശിച്ച് വന്നവർ പോലും ഈ നാടകം ഇനിയും വേദികൾ പിന്നിടണമെന്ന് അഭിപ്രായപ്പെട്ടു. ജന്മിത്വം അവസാനിപ്പിക്കേണ്ടതിെൻറയും കുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടതിെൻറയും സന്ദേശം പ്രചരിക്കേണ്ടതുണ്ടെന്ന് അവരും ശരിവെച്ചു. യാതൊരു പ്രശ്നങ്ങളുമില്ലാതെ നാടകം അവസാനിപ്പിച്ചു. അന്ന് നാടകം കാണാനായി എം.ടി. വാസുദേവൻ നായർ എത്തിയിരുന്നു. നാടകത്തിന് മുമ്പ് പരിചയപ്പെടാൻ ശ്രമിച്ചപ്പോൾ നാടകം കഴിഞ്ഞാവുമെന്നായിരുന്നു മറുപടി. നാടകം കണ്ട അദ്ദേഹം നന്നായിട്ടുണ്ടെന്ന് പറഞ്ഞ് അഭിനന്ദിച്ചു.
കല്ലേറ്, ഭ്രഷ്ട്
കണ്ണൂർ, തലശ്ശേരി, നാദാപുരം തുടങ്ങി വേദികളിൽനിന്ന് വേദികളിലേക്ക് നാടകം പ്രചരിച്ചുകൊണ്ടിരുന്നു. യാഥാസ്ഥിതിക ചുട്ടുപാടിൽനിന്നുള്ള എെൻറ രംഗപ്രവേശം പലരേയും അസ്വസ്ഥരാക്കിയിരുന്നു. മുട്ടത്ത് നാടകം കളിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു കല്ല് നെറ്റിയിൽവന്ന് പതിച്ചു. നെറ്റി പൊട്ടി ചോരയൊലിച്ചു. ചുണ്ടിലേക്ക് കിനിഞ്ഞുവന്ന രക്തത്തിെൻറ അരുചി ഗൗനിക്കാതെ നാടകം തീർത്തു. രണ്ടുദിവസം കഴിഞ്ഞ് നാദാപുരത്തുനിന്ന് വീണ്ടും കല്ലേറുണ്ടായി. ശരീരം വേദനിക്കുമ്പോളും മനസ്സിന് സംതൃപ്തിയുണ്ടായിരുന്നു. ഈ നാടകവും എെൻറ അരങ്ങേറ്റവും ആരെയൊക്കെയോ അസ്വസ്ഥരാക്കുന്നുണ്ടെന്നും അതാണ് ഈ എറിഞ്ഞുടക്കലിലൂടെ തീർക്കുന്നതെന്നും വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ പിന്തിരിയാൻ ഞാൻ തയാറായിരുന്നില്ല. കൂടെയുള്ളവരും ചേർത്തുനിർത്തി. അതിെൻറ പിറ്റേദിവസം ഇരിട്ടിയിൽ നാടകം കളിക്കാനെത്തിയപ്പോൾ ‘ഏറനാടിെൻറ വീരപുത്രിക്ക് അഭിനന്ദനം’ എന്ന പേരിൽ സ്വർണപതക്കം ലഭിച്ചു.
പിന്നീട് ഏഴോം എന്ന സ്ഥലത്ത് നാടക അവതരണത്തിന് എത്തി. നാടകം അവതരിപ്പിക്കുന്ന സ്ഥലത്ത് എത്താൻ ബോട്ടിൽ സഞ്ചരിക്കണം. ഞങ്ങൾ ബോട്ടിൽ കയറിയപ്പോൾ ഒരു ജാഥ അങ്ങോട്ടെത്തി. എനിക്കെതിരെയായിരുന്നു അവരുടെ പ്രതിഷേധം മുഴുവൻ. ബോട്ടിൽ എെൻറ സഹോദരനും അമ്മാവെൻറ രണ്ട് മക്കളുമുണ്ടായിരുന്നു. ഇവരെല്ലാംചേർന്ന് എന്നെയും ജാനകിയെയും നിലത്ത് കിടത്തിയ ശേഷം കാലിനുള്ളിൽ ഒളിപ്പിച്ചു. ജാഥയായെത്തിയവർ സ്ത്രീകളെ കാണാതെ നിരാശരായി. ബോട്ടിന് മുകളിൽ ഒട്ടിച്ചിരുന്ന എെൻറ ചിത്രമുള്ള പോസ്റ്റർ കുത്തി കീറി മടങ്ങിപ്പോയി.
‘കേരള നൂർജഹാൻ’ ഇതേ എത്തിയെന്ന് പറഞ്ഞ് പല വേദികളിലേക്കും ആനയിച്ചിരുന്നു. ഇതോടെ നാടകം എനിക്കൊരു ലഹരിയായി മാറി.
ശാരീരികമായ ആക്രമണങ്ങൾക്കുപുറമെ മാനസികമായി തകർക്കാൻ ശ്രമിച്ചവരുമുണ്ടായിരുന്നു. പല സ്ഥലത്തും ചെല്ലുമ്പോൾ ആളുകൾ മുഖം തിരിക്കാൻ തുടങ്ങി. സമുദായത്തിൽ നിന്ന് ഒരുപാട് എതിർപ്പ് നേരിടേണ്ടിവന്നു. പല സ്ത്രീകളും എന്നെ കാണുമ്പോൾ മാറിനടക്കുകയും മാറിയിരിക്കുകയും ചെയ്തു. എന്നാൽ, അപ്പോഴേക്കും ഞാൻ ചെയ്യുന്നത് ശരിയാണെന്നും നാടകത്തിന് സമൂഹത്തിന് മാറ്റം കൊണ്ടുവരാൻ കഴിയുമെന്നും ബോധ്യമായി കഴിഞ്ഞിരുന്നു. ഇതിനിടക്ക് കടയിൽ ചെന്നാൽ അരിയും സാധനങ്ങളും തരാതെയായി. നാടകത്തിന് പോയവൾക്ക് അരിയില്ല എന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാൽ, നിലമ്പൂർ കോവിലകത്തെ കൂഞ്ഞൂട്ടൻ തമ്പുരാൻ ഒരു വണ്ടി നിറയെ സാധനങ്ങൾ വീടിന് മുന്നിൽ കൊണ്ട് വന്നിറക്കി. ‘എെൻറ പാടത്ത് നെല്ലുണ്ട്. ആയിഷയുടെ വീട്ടിലെ കിണറിൽ വെള്ളമുണ്ട്. തീപ്പെട്ടി വേണമെങ്കിൽ ഞങ്ങൾ കോഴിക്കോട് പോയി കൊണ്ടുവരും’ എന്നായിരുന്നു കുഞ്ഞൂട്ടൻ തമ്പുരാൻ പറഞ്ഞിരുന്നത്. അദ്ദേഹം എനിക്കും കുടുംബത്തിനും ഉൗർജംപകർന്നു. മാനസികമായി ശക്തമാക്കാൻ പാർട്ടി ക്ലാസും ലഭിച്ചിരുന്നു. അത്തരത്തിൽ മുഖംതിരിക്കുന്നവരോട് അങ്ങോട്ട് ഇടിച്ചുകയറി സംസാരിക്കണമെന്നും അവരുടെ ആവശ്യങ്ങൾക്ക് കൂടെ നിൽക്കണമെന്നും നിലമ്പൂർ ബാലൻ അടക്കമുള്ളവർ ക്ലാസെടുത്തു. അതോടെ ആളുകളോട് കൂടുതലായി ഇടപെടാൻ തുടങ്ങി. രണ്ട് കുടുംബങ്ങളിൽചെന്ന് അവിടെ രോഗം ബാധിച്ച് കിടക്കുന്നവരെ മെഡികൽ കോളജിൽ കൊണ്ടുപോയി ചികിത്സിച്ചിട്ടുണ്ട്. കൂടെനിന്ന് പരിചരിച്ചിട്ടുണ്ട്. അവർക്ക് ഞാൻ ഒരു ആവശ്യക്കാരിയായിവന്നു. പല വീടുകളിലും ഇതേപോലെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായിച്ചിട്ടുണ്ട്. പതിയെ ആളുകളുടെ മനോഭാവം മാറി. നാടകം കൂടുതൽ ആളുകളിലേക്ക് ഇറങ്ങിച്ചെന്നു. ജാതീയത, ജന്മിത്വം, മതങ്ങൾക്കുള്ളിലെ പുഴുക്കുത്തുകൾ എന്നിവ മാറ്റുന്നതിൽ നാടകത്തിന് നിർണായക പങ്ക്വഹിക്കാനായി. ഓരോ ദിവസവും നിർത്താതെയുള്ള ഓട്ടമായിരുന്നു. ഒരുദിവസംതന്നെ രാവിലെ കണ്ണൂർ, ഉച്ചക്ക് നാദാപുരം, രാത്രി കരുവാരക്കുണ്ട് എന്നിങ്ങനെ നാടകം കളിച്ചിട്ടുണ്ട്.
ഇത്രയും വേദികൾ ലഭിച്ചിട്ടും നാടകം കൊണ്ട് സാമ്പത്തികമായി ഒന്നുമുണ്ടാക്കാൻ നിലമ്പൂർ യുവജന കലാസമിതിയിൽ പങ്കാളികളായ ആർക്കും കഴിഞ്ഞിട്ടില്ല. മകൾക്കും കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും നല്ല ഭക്ഷണംപോലും കൊടുക്കാനുണ്ടായിരുന്നില്ല. നാടകം കളിച്ച് കിട്ടുന്നപണം പാർട്ടിക്കാണ് നൽകുക. സമൂഹത്തെ മുന്നോട്ട് നയിക്കാനുള്ള ഇന്ധനം എന്ന നിലയിലായിരുന്നു കലാസമിതിയിലെ ഓരോ അംഗങ്ങളും നാടകത്തെ കണ്ടിരുന്നത്. ഡോ. ഉസ്മാൻ ചികിത്സിച്ച് കിട്ടുന്ന പണംകൊണ്ടാണ് അത്രയും കുടുംബങ്ങൾ കഴിഞ്ഞിരുന്നത്. അദ്ദേഹം ചെലവ് കഴിഞ്ഞുപോവാനുള്ള പണംതന്നു. അതുകൊണ്ട് ജീവിച്ചു. കെ.ജി. ഉണ്യോനാണ് അന്ന് നാടക ഗാനങ്ങൾ എഴുതിയിരുന്നത്. ഈ ഗാനങ്ങൾ പുസ്തകരൂപത്തിലാക്കി വിറ്റ് അദ്ദേഹം ജീവിതമാർഗം തേടി. ‘ജ്ജ് ഒരു മന്സനാവാൻ നോക്ക്’ 2500 വേദികൾ പിന്നിട്ടു. രണ്ടരവർഷം ആ നാടകം മാത്രം കളിച്ചു.
1956ൽ നാലാം പാർട്ടി കോൺഗ്രസിൽ ഞാൻ വളണ്ടിയറായിരുന്നു. ഡാങ്കേ, ബസവ പുന്നയ്യ തുടങ്ങി നിരവധി നേതാക്കളെ കാണാൻ കഴിഞ്ഞു. മാത്രമല്ല അന്ന് നടന്ന നാടക മത്സരത്തിൽ ഞങ്ങളുടെ നാടകത്തിന് സ്വർണമെഡൽ ലഭിച്ചു. കെ.ടിയുടെ ട്രൂപ്പ്, പ്രതിഭ തിയറ്റേഴ്സ്, കാളിദാസ കാലാകേന്ദ്രം എന്നിവയെല്ലാം അന്ന് മാറ്റുരച്ചിരുന്നു. അന്നത്തെ ഒന്നാം സ്ഥാനം വലിയ അഭിമാനമായി.
ഡോ. ഉസ്മാെൻറ ‘ഈ ദുനിയാവിൽ ഞാൻ ഒറ്റക്കാണ്’ എന്ന നാടകത്തിൽ എെൻറ അനിയത്തി ആമിനയായിരുന്നു നായിക. ബാബുരാജ് അതിൽ സംഗീതം ചെയ്തു. കോഴിക്കോട് അബ്ദുൽ ഖാദറും മച്ചാട് വാസന്തിയും ശാന്താദേവിയും ആ നാടകത്തിൽ പാടിയിട്ടുണ്ട്.
തുടരും