എൻ.സി.ഡി: കരുതിയിരിക്കുക, ഈ നിശബ്ദ കൊലയാളിയെ
പലതരത്തിലുള്ള ആരോഗ്യ അടിയന്തരാവസ്ഥകളെയും മറികടന്നിട്ടുള്ള കേരളത്തിന് എൻ.സി.ഡിയെ ഫലപ്രദമായി ചെറുക്കുന്നതിനുള്ള നടപടികൾ ആവിഷ്കരിച്ചേ മതിയാകൂ. അത്തരത്തിൽ ചില പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്നുണ്ട്.
2020 മാർച്ച് 28നാണ് കേരളത്തിൽ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. അതുകഴിഞ്ഞ് 1200 ദിവസങ്ങൾ പിന്നിടുമ്പോൾ, നമ്മുടെ സംസ്ഥാനത്തെ കോവിഡ് മരണം ഏകദേശം എഴുപതിനായിരത്തിനടുത്ത് വരും. ഇത് അത്ര വലിയ സംഖ്യയാണോ എന്ന് ചോദിച്ചാൽ രണ്ട് കാരണങ്ങളാൽ ‘അല്ല’ എന്നാണ് ഉത്തരം. ഒന്നാമതായി, ഒരു വർഷം കേരളത്തിൽ ശരാശരി രണ്ടര ലക്ഷത്തിലധികം ആളുകൾ മരണപ്പെടുന്നുണ്ട്. അതുവെച്ചുനോക്കമ്പോൾ ഇത്രയും നാളുകൊണ്ട് എട്ട് ലക്ഷം പേരെങ്കിലും മരണത്തിന് കീഴടങ്ങേണ്ടവരാണ്. അതിൽ മഹാമാരിയിൽ മരണപ്പെട്ടത് പത്ത് ശതമാനത്തിൽ താഴെ മാത്രമാണ്. എന്നല്ല, കോവിഡ് ബാധിതരിൽ കേവലം ഒരു ശതമാനത്തിനും താഴെ മാത്രമാണ് കേരളത്തിലെ മരണ നിരക്ക് എന്നതും ശ്രദ്ധേയമാണ്. രണ്ടാമത്തെ കാരണം, ‘അധിക മരണ’വുമായി ബന്ധപ്പെട്ടതാണ്. അഥവാ, വർഷങ്ങളായി റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ അധികമായി എത്രപേർ മരിച്ചുവെന്ന കണക്ക്. ഉദാഹരണത്തിന്, അമേരിക്കയിൽ ലക്ഷം പേരിൽ 871 ആളുകൾ 2019ൽ മരണപ്പെട്ടപ്പോൾ, 2020ൽ അത് 972 ആയി ഉയർന്നു. അഥവാ, കോവിഡ് കാരണമുണ്ടായ ‘അധിക മരണം’ ലക്ഷത്തിൽ നൂറ് ആണ്. സമാനമായി കേരളത്തിലും അത് ഏകദേശം നൂറിനടുത്തേ വരുന്നുള്ളൂ. നമ്മുടെ ദേശീയ ശരാശരിയിൽനിന്നൊക്കെ ഏറെ അകലെയാണ് കേരളത്തിന്റെ കണക്ക് എന്നുകൂടി ഓർക്കണം. എന്നുവെച്ചാൽ, കേവിഡ് പോലൊരു മഹാമാരിയെ ഏറ്റവും ഫലപ്രദമായി നേരിട്ടതുകൊണ്ടാണ് മരണങ്ങളും ‘അധിക മരണ’ങ്ങളുമൊക്കെ നമുക്ക് പിടിച്ചുനിർത്താനായത്.
ആരോഗ്യ മേഖലയിൽ കാലങ്ങളായി കേരളം ആർജിച്ച നേട്ടങ്ങളുടെ തുടർച്ചയായിട്ടാണ് ഈ വിജയ പ്രതിരോധവും വിലയിരുത്തപ്പെടുന്നത്. ലോകത്തിന് തന്നെ മാതൃകയായൊരു ആരോഗ്യ മോഡൽ കേരളത്തിനുണ്ട്. സർക്കാർ നിയന്ത്രണത്തിലുള്ള ആരോഗ്യ കേന്ദ്രങ്ങളും മെഡിക്കൽ കോളജുകളും, മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി ഏറെ വ്യവസ്ഥാപിതമായി ഇവിടെ പ്രവർത്തിക്കുന്നു. ജനസംഖ്യയിൽ 94 ശതമാനവും സാക്ഷരരായതിനാൽ, പ്രാഥമികാരോഗ്യ വിദ്യാഭ്യാസവും കേരളം ആർജിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, ആയുർദൈർഘ്യം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറി. ആയുർദൈർഘ്യം ദേശീയ ശരാശരി 64ൽ എത്തിനിൽക്കുേമ്പാൾ കേരളത്തിെൻറത് 74 ആണ് (അവലംബം: ഇക്കണോമിക് റിവ്യൂ-2016). മാതൃ-ശിശു മരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനവും കേരളമാണ്. ഇന്ത്യയിൽ ആയിരം കുഞ്ഞുങ്ങളിൽ 27 പേർ മരിക്കുന്നു; കേരളത്തിൽ ഇത് ആറ് മാത്രമാണ്. ആരോഗ്യ രംഗത്തെ ഏത് മാനദണ്ഡങ്ങൾ പരിശോധിച്ചാലും ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലെത്തിനിൽക്കുന്നതായി കാണാം; എന്നല്ല, പല മാനദണ്ഡങ്ങളും സ്കാൻഡിനേവിയൻ രാജ്യങ്ങളുടെ നിലവാരത്തിലെത്തിയതായും മനസിലാക്കാം. ഇത്തരം മുന്നേറ്റങ്ങളുടെ തുടർച്ചയായിട്ടാണ് കേരളത്തിൽനിന്ന് ഡിഫ്ത്തീരിയ പോലുള്ള മാരക രോഗങ്ങളെ ഏറെക്കുറെ നിർമാർജ്ജനം ചെയ്യാൻ സാധിച്ചത്. സമാനമായ രീതിയിൽ മീസിൽസും (അഞ്ചാംപനിയും) ഇല്ലാതാക്കാൻ ഈ ആരോഗ്യ മോഡലിലുടെ സാധിച്ചു. 2016ൽ, ഇന്ത്യയിൽ 21,697 കുട്ടികൾക്ക് അഞ്ചാം പനി സ്ഥിരീകരിച്ചപ്പോൾ അതിൽ ആറ് ശതമാനമായിരുന്നു കേരളത്തിൽനിന്നുള്ളവർ. വാക്സിനേഷൻ നിരക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലായതുകൊണ്ടുകൂടിയാണിതെന്ന് വ്യക്തം. അത്തരത്തിലുളള ബോധവത്കരണ പരിപാടികൾകൂടി അടങ്ങുന്നതാണ് കേരള ആരോഗ്യ മോഡൽ. കേരളത്തിൽ നിപ വൈറസ് ബാധയുണ്ടായപ്പോൾ, മൂന്നാഴ്ചക്കകം അതിനെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞതും ഈ ജാഗ്രതയുടെയും ബോധവത്കരണത്തിന്റെയും ആരോഗ്യ സംവിധാനങ്ങളുടെയുമെല്ലാം ഗുണമേന്മകൊണ്ടുമാത്രമാണ്.
എന്നാൽ, ഈ ആരോഗ്യ മോഡലിന് അപവാദമായ പ്രവണതകളും പ്രതിഭാസങ്ങളുമെല്ലാം പലപ്പോഴായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഈ വികസന മോഡലുകളിൽനിന്നെല്ലാം സംസ്ഥാനത്തെ ആദിവാസി സമൂഹം ബഹിഷ്കൃതരാവുകയാണ്. കൊട്ടിഗ്ഘോഷിക്കപ്പെടുന്ന ആരോഗ്യമോഡലിന്റെ യാതൊരു ഗുണഫലവും അവർക്ക് ലഭിക്കാറില്ലെന്നതാണ് യാഥാർഥ്യം. നമ്മുടെ ആരോഗ്യ സൂചികകൾ തന്നെയാണ് ഇതിന്റെ ഏറ്റവും മികച്ച തെളിവ്. കേരളത്തിലെ ശരാശരി ശിശു മരണ നിരക്ക് കേവലം ആറ് ആകുമ്പോൾ, അട്ടപ്പാടിയിൽ മൂന്ന് വർഷത്തിനിടെ മരണപ്പെട്ടത് 35ലധികം ശിശുക്കളാണ്. എന്നുവെച്ചാൽ, ദേശീയ ശരാശരിക്കും മീതെ. മാതൃ മരണത്തിന്റെ കാര്യത്തിലും ഈ അന്തരം കാണാം. ആരോഗ്യ പരിപാലനത്തിലെ വിവേചനവും കെടുകാര്യസ്ഥതയും അഴിമതിയുമൊക്കെ ഇതിന് കാരണമായി ചൂണ്ടിക്കാണിക്കാനാവും. ആരോഗ്യ മോഡലിന്റെ ഭാഗമായുള്ള പ്രതിരോധ-ബോധവത്കരണ പ്രവർത്തനങ്ങൾ ഈ മേഖലയിലെത്താത്തതും മറ്റൊരു കാരണമാണ്. സമാനമായ മറ്റൊന്നാണ് എൻ.സി.ഡി! എൻ.സി.ഡി എന്നാൽ നോൻ കമ്മ്യൂണിക്കബ്ൾ ഡിസീസ് അഥവാ പകർച്ചേതര വ്യാധികൾ. മഹാമാരിയടക്കമുള്ള വ്യാധികൾ സൃഷ്ടിച്ച അപകടത്തേക്കാൾ വലുതാണ് എൻ.സി.ഡി മൂലമുണ്ടായിക്കൊണ്ടിരിക്കുന്ന അത്യാഹിതങ്ങൾ.
എൻ.സി.ഡികൾ പല തരമുണ്ട്: അർബുദം, പ്രമേഹം, ഹൃദ്രോഗം, ആസ്തമ പോലുള്ള ക്രോണിക് റെസ്പിരേറ്ററി ഡിസീസസ് (സി.ഒ.പി.ഡി) എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട എൻ.സി.ഡികൾ. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം, ലോകത്ത് ഒരു വർഷം 4.1 കോടി മനുഷ്യർ പല വിധ എൻ.സി.ഡി കാരണം മരണപ്പെടുന്നുണ്ട്. പ്രതിവർഷം ആഗോള മരണനിരക്കിന്റെ 75 ശതമാനം വരുമിത്. ഇതിൽ 80 ശതമാനം മരണവും മേൽ സൂചിപ്പിച്ച നാല് രോഗങ്ങൾ മൂലമാണ്. ഇതിൽതന്നെ നാലിലൊന്ന് പേർ 30നും 70നും ഇടയിൽ പ്രായമുള്ളവർ. സമാനമാണ് ഇന്ത്യയിലെയും അവസ്ഥ. രാജ്യത്തെ മരണനിരക്കിന്റെ 68 ശതമാനവും അർബുദം, പ്രമേഹം, ഹൃദ്രോഗം, ആസ്തമ പോലുള്ള ക്രോണിക് റെസ്പിരേറ്ററി ഡിസീസസ് (സി.ഒ.പി.ഡി) എന്നീ രോഗങ്ങൾ മൂലമാണെന്ന് വിവിധ റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നു. കേരളവും എൻ.സി.ഡി ഭീതിയിലാണ്. ഐ.സി.എം.ആറിന്റെ പഠന പ്രകാരം, ഇന്ത്യയിൽ എൻ.സി.ഡി രോഗ ‘വ്യാപനം’ ഏറ്റവും കൂടുതലുള്ള മൂന്ന് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള സംസ്ഥാനം കൂടിയാണ് കേരളം. ചുരുക്കത്തിൽ, ആഗോള തലത്തിൽ തന്നെ പുതിയ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആരോഗ്യ വിപത്താണ് എൻ.സി.ഡി. ഇന്ത്യയിൽ അതിന്റെ ഹോട്ട്സ്പോട്ടായി കേരളം മാറിയിരിക്കുകയും ചെയ്യുന്നു. ഈ ആരോഗ്യ അടിയന്തരാവസ്ഥയെ കേരളീയ സമൂഹം എത്രമാത്രം ഗൗരവത്തോടെയാണ് സമീപിച്ചിട്ടുള്ളത്?
തീർച്ചയായും ഗൗരവത്തിലെടുക്കേണ്ട ഒരു വിഷയം തന്നെയാണിത്. പലതരത്തിലുള്ള ആരോഗ്യ അടിയന്തരാവസ്ഥകളെയും മറികടന്നിട്ടുള്ള കേരളത്തിന് എൻ.സി.ഡിയെ ഫലപ്രദമായി ചെറുക്കുന്നതിനുള്ള നടപടികൾ ആവിഷ്കരിച്ചേ മതിയാകൂ. അത്തരത്തിൽ ചില പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്നുണ്ട്. അതിലൊന്നാണ് അമൃതം ആരോഗ്യം പദ്ധതി. കഴിഞ്ഞ പത്ത് വർഷമായി ഈ പദ്ധതി വഴി പല കാര്യങ്ങളും ആരോഗ്യ വകുപ്പ് ചെയ്യുന്നുണ്ട്. വർധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങൾക്കെതിരായ പലതട്ടുകളിലുള്ള പ്രതിരോധ പരിപാടിയാണിത്. സംസ്ഥാനത്തെ 230 കമ്മ്യൂണിറ്റി സെന്ററുകളിലും 835 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും 5000ൽ പരം സബ്സെന്ററുകളിലും ജീവിത ശൈലി രോഗ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. ആഴ്ചയിൽ ഒരുദിവസമാണ് ഇത് പ്രവർത്തിക്കുക. രോഗപ്രതിരോധം, രോഗനിർണയം, ബോധവത്കരണം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ഇത് വിഭാവന ചെയ്തിട്ടുള്ളതെങ്കിലും ഇത് വേണ്ടത്ര ഫലപ്രദമായോ എന്ന് പുനരാലോചിക്കേണ്ടിയിരിക്കുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നാഷനൽ ഹെൽത്ത് മിഷൻ, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ സ്കൂളുകളിൽ തുടർച്ചയായി ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണം, വ്യായാമത്തിന്റെ അനിവാര്യത, ദുശ്ശീലങ്ങളിൽനിന്നുള്ള മോചനം എന്നിവയ്ക്ക് ഊന്നൽ നൽകുകയും യോഗ ഉൾപ്പെടെയുള്ള എയ്റോബിക് വ്യായാമങ്ങൾ കുട്ടികളെ പരിശീലിപ്പിക്കുകയൂമൊക്കെ ചെയ്യണമെന്നാണ് പദ്ധതി വിഭാവന ചെയ്യുമ്പോൾ നിർദേശിക്കപ്പെട്ടിരുന്നത്. ഇതൊക്കെ കൃത്യമായി എവിടെയെങ്കിലും നടക്കുന്നുണ്ടോ എന്ന് സംശയമാണ്. അതേസമയം, എൻ.സി.ഡിയുടെ അപകടങ്ങളെകുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
ആയുർദൈർഘ്യം താരതമ്യേന കൂടുതലുള്ള സംസ്ഥാനമാണ് കേരളം. എൻ.സി.ഡി മരണങ്ങളിൽ 25 ശതമാനവും ‘പ്രീമെച്വർ ഡെത്ത്’ ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ജനസംഖ്യാ വിതരണത്തിൽ നിലവിൽതന്നെ കാര്യമായ അസുന്തിലത്വം നിലനിൽക്കുന്ന സംസ്ഥാനത്ത് എൻ.സി.ഡിക്കെതിരെ കാര്യമായ പ്രതിരോധം തീർത്തില്ലെങ്കിൽ അത് വലിയ വിപത്തുകളിലേക്ക് നമ്മെ കൊണ്ടെത്തിക്കും. അതിനാൽ, പുതിയൊരു ആരോഗ്യ മോഡലിന് സമയമായിരിക്കുന്നു.