പി.എഫ്.ഐ നിരോധനം: എന്താണ് ഈ ഭരണകൂട വേട്ടയുടെ ലക്ഷ്യം? എന്താണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്? -അഡ്വ. തുഷാർ നിർമൽ സാരഥി എഴുതുന്നു
രാജ്യവ്യാപകമായി സെപ്റ്റംബർ 22ന് എൻ.ഐ.എയും ഇ.ഡിയും സംയുക്തമായി പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകൾ അടക്കം റെയ്ഡ് ചെയ്യുകയും 106 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേരളത്തിൽനിന്ന് പ്രഫ. കോയ, ഇ. അബൂബക്കർ, ഇ.എം. അബ്ദുറഹ്മാൻ, നാസറുദ്ദീൻ എളമരം തുടങ്ങിയ 19 പേരെ കസ്റ്റഡിയിലെടുത്തു. 28ന് പി.എഫ്.ഐയെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചു.എന്താണ് ഈ ഭരണകൂട വേട്ടയുടെ ലക്ഷ്യം? എന്താണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്? -സാമൂഹികപ്രവർത്തകനും അഭിഭാഷകനുമായ ലേഖകന്റെ വിശകലനം.
കേന്ദ്രസർക്കാർ സെപ്റ്റംബർ 28 ന് പോപുലർ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. അതിന് ആറ് ദിവസം മുമ്പ് 'ഓപറേഷൻ നീരാളി' എന്ന് പേരിട്ട ഭരണകൂട നടപടിയുടെ ഭാഗമായി, രാജ്യവ്യാപകമായി പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ.ഐ.എ, ഇ.ഡി തുടങ്ങിയ കേന്ദ്ര ഏജൻസികൾ റെയ്ഡുകളും അറസ്റ്റുകളും സംഘടിപ്പിച്ചിരുന്നു. 11 സംസ്ഥാനങ്ങളിലായി നടന്ന ഈ നടപടിയുടെ ഭാഗമായി 106 പോപുലർ ഫ്രണ്ട് നേതാക്കന്മാരെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തു. നിരവധി രേഖകൾ പിടിച്ചെടുത്തതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് വിവിധ ഇടങ്ങളിലായി ഇ.ഡിയും എൻ.ഐ.എയും രജിസ്റ്റർചെയ്ത അഞ്ചോളം കേസുകളിലായാണ് ഈ അറസ്റ്റ് എന്നാണ് അറിയുന്നത്. കേന്ദ്ര സർക്കാറിന്റെ ഉത്തരവ് അനുസരിച്ച് കേരളത്തിലും എൻ.ഐ.എ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭീകരപ്രവർത്തനങ്ങൾക്കായി ഗൂഢാലോചന നടത്തുക, അതിനായി ഫണ്ട് സ്വരൂപിക്കുക, ക്യാമ്പുകൾ സംഘടിപ്പിക്കുക, ഭീകരസംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനു വേണ്ടി അതുമായി സഹകരിച്ചു പ്രവർത്തിക്കുക, ഭീകരപ്രവർത്തനങ്ങൾക്ക് പിന്തുണ നേടിയെടുക്കുന്നതിനുവേണ്ടി മീറ്റിങ്ങുകൾ സംഘടിപ്പിക്കുക, രാജ്യത്തിന്റെ അഖണ്ഡതക്കും പരമാധികാരത്തിനും എതിരായ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നീ യു.എ.പി.എ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ ആരോപിച്ചാണ് എൻ.ഐ.എ ഈ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പോപുലർ ഫ്രണ്ട് എസ്.ഡി.പി.ഐ സംഘടനകളുടെ പന്ത്രണ്ടോളം സംസ്ഥാന-ജില്ല നേതാക്കളെ പ്രതി ചേർത്തിട്ടുള്ള ഒരു കേസാണിത്. മറ്റു കേസുകളിലും സമാനമായ ആരോപണങ്ങൾതന്നെയാണുള്ളതെന്നാണ് മനസ്സിലാക്കാനാകുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട ഒമ്പതോളം നേതാക്കളെ കൊച്ചി എൻ.ഐ.എ കോടതിയിൽ ഹാജരാക്കുമ്പോൾ പോപുലർ ഫ്രണ്ടിന്റെ ഹർത്താൽ ആഹ്വാനം വന്നു കഴിഞ്ഞിരുന്നു. കോടതിയിൽ എൻ.ഐ.എ ഹാജരാക്കിയ റിമാൻഡ് റിപ്പോർട്ടിൽ പോപുലർ ഫ്രണ്ട് നേതാക്കൾ ഒരു ഫോൺകാൾകൊണ്ട് സംസ്ഥാനത്തെ പൊതുജീവിതം നിശ്ചലമാക്കാൻ കഴിയുന്നവരാണ് എന്നും പിറ്റേന്ന് ആഹ്വാനം ചെയ്ത ഹർത്താൽ അതിനു തെളിവാണ് എന്നുമാണ് പ്രസ്താവിച്ചിരുന്നത്. ഹർത്താലിന്റെ കാര്യം മാറ്റിവെച്ചാൽ, ഇവിടെ സ്വാഭാവികമായും മറ്റൊരു പ്രശ്നം ഉയർന്നുവരുന്നുണ്ട്. അത് പരിശോധിക്കപ്പെടേണ്ടതാണ്.
എസ്.ഡി.പി.ഐ എന്ന പാർട്ടി തെരഞ്ഞെടുപ്പ് കമീഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു അംഗീകൃത പാർലമെന്ററി പാർട്ടിയാണ്. പോപുലർ ഫ്രണ്ട് ആകട്ടെ വർഷങ്ങളായി പരസ്യമായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്. ഇവ രണ്ടും നാളിതു വരെ നിരോധിക്കപ്പെട്ട പാർട്ടിയോ സംഘടനയോ അല്ല. മറ്റ് തെരഞ്ഞെടുപ്പ് പാർട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ അംഗത്വത്തിലും പിന്തുണയിലും പിന്നിലാണെങ്കിൽപോലും ആയിരക്കണക്കിന് അനുയായികളും അനുഭാവികളുമുള്ള സംഘടനകൾതന്നെയാണ് ഇവയും. അത്തരം സംഘടനകൾക്കെതിരെ ഭീകരപ്രവർത്തനത്തെ സഹായിക്കുക മുതലായ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ വ്യക്തവും സ്പഷ്ടവുമായ ഒരു സംഭവമെങ്കിലും പറയേണ്ടതല്ലേ. അതിനു പകരം അവ്യക്തവും അമൂർത്തവുമായ ആരോപണങ്ങൾ ഉന്നയിച്ച് ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുണ്ടെന്ന് എൻ.ഐ.എതന്നെ പറയുന്ന സംഘടനകൾക്കെതിരെ നടപടിയെടുക്കാൻ കഴിയുന്നത് എങ്ങനെയാണ്? കേന്ദ്രസർക്കാറിന്റെ അധികാര ഗർവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമല്ലാതെ ഇത് മറ്റെന്താണ് ?
ഇന്ന് നമ്മുടെ രാജ്യം എത്തിനിൽക്കുന്ന ഗുരുതരമായ ഒരു സാഹചര്യത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. മുസ്ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളും ഇന്ത്യയുടെ മൂന്നു ആഭ്യന്തര ഭീഷണികളാണെന്ന വെറുപ്പിന്റെ സിദ്ധാന്തം ആർ.എസ്.എസ് നേതാവും സൈദ്ധാന്തികനുമായ മാധവ് സദാശിവ് റാവു ഗോൾവാൾക്കർ 'വിചാരധാര' എന്ന പുസ്തകത്തിൽ എഴുതിവെക്കുന്നത് 1960കളിലാണ്. അതിന്റെ രൂപവത്കരണം മുതൽ മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും കമ്യൂണിസ്റ്റുകൾക്കും എതിരായി ആർ.എസ്.എസ് പുലർത്തിപ്പോന്ന വെറുപ്പിന്റെ സൈദ്ധാന്തികവത്കരണമായിരുന്നു ആഭ്യന്തര ഭീഷണി തത്ത്വം. വിചാരധാര നാലു പതിറ്റാണ്ട് പിന്നിടുമ്പോൾ ഈ ആഭ്യന്തര ഭീഷണി തത്ത്വം നമ്മുടെ നിയമവ്യവസ്ഥ സ്വാംശീകരിച്ചിരിക്കുന്നുവെന്നു സംശയിക്കാവുന്ന വിധത്തിലാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്. ഭീകരവിരുദ്ധ നിയമങ്ങളുടെ ആവിർഭാവത്തോടെ ഈ ആന്തരികവത്കരണം കൂടുതൽ ശക്തിപ്പെട്ടിട്ടുണ്ടെന്നു കരുതാൻ തക്കവണ്ണമുള്ള സംഭവങ്ങളാണ് അരങ്ങേറുന്നത്. യു.എ.പി.എയിലെ നിരോധിത ഭീകര സംഘടനകളുടെ പട്ടികയിൽ എന്തുകൊണ്ട് ഹിന്ദു തീവ്രവാദ സംഘടനകൾ ഇടം പിടിക്കുന്നില്ല എന്ന ചോദ്യം ഈ സാഹചര്യത്തിൽ പ്രസക്തമാണ്. മാലേഗാവ്, മെക്ക മസ്ജിദ്, സംഝോത എക്സ്പ്രസ് സ്ഫോടനങ്ങൾ നടത്തിയ ഹിന്ദു തീവ്രവാദ സംഘടനയുടെ പ്രവർത്തകർ പിടിയിലായതിനെ തുടർന്ന് ഉയർന്നുവന്ന കാവിഭീകരത എന്ന പദപ്രയോഗംതന്നെ ഇന്ന് രാഷ്ട്രീയ നിഘണ്ടുവിൽ ഏതാണ്ട് വിസ്മൃതമായി കഴിഞ്ഞിരിക്കുന്നു. കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനാധിപത്യപരമായി സമരംചെയ്യുന്നവർക്കെതിരെ ബി.ജെ.പി -സംഘ്പരിവാർ സംഘടനകൾ പരസ്യമായി പോർവിളിക്കുകയും ആക്രമണങ്ങളും വംശഹത്യയും സംഘടിപ്പിക്കുകയും ചെയ്യുമ്പോൾപോലും അവർക്കെതിരെ ഭീകരത പോയിട്ട് കുറ്റകൃത്യങ്ങൾപോലും ആരോപിക്കപ്പെടുന്നില്ല.
രോഗപീഡകളാൽ വലയുന്ന മഅ്ദനി ഇപ്പോഴും ഭീകര ആക്രമണ ഗൂഢാലോചന കുറ്റം ആരോപിക്കപ്പെട്ട് 10 വർഷമായി വിചാരണ നേരിട്ടുകൊണ്ടിരിക്കുമ്പോൾ 10 പേർ കൊല്ലപ്പെടുകയും എൺപതിലേറെ പേർക്ക് പരിക്ക് പറ്റുകയും ചെയ്ത മാലേഗാവ് ബോംബ് സ്ഫോടന കേസിലെ പ്രതിയായ പ്രജ്ഞ സിങ് താകുർ ഇന്ന് ഇന്ത്യൻ പാർലമെന്റിൽ ഭോപാലിനെ പ്രതിനിധാനംചെയ്യുന്ന ബി.ജെ.പി എം.പിയാണ്. പ്രതികൾക്കെതിരെ മൃദുസമീപനം സ്വീകരിക്കണമെന്ന് എൻ.ഐ.എ ആവശ്യപ്പെട്ടതായി 2015ൽ ഈ കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ ആയ രോഹിണി സാല്യൻ മാധ്യമങ്ങൾക്ക് മുന്നിൽ വിളിച്ചുപറയുകയുണ്ടായി. 2014ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനുശേഷമാണ് ഈ കേസിൽ ഇത്തരമൊരു നയംമാറ്റം ഉണ്ടായതെന്നും അവർ പറഞ്ഞു. തങ്ങൾ ലക്ഷണമൊത്ത ഒരു രാഷ്ട്രീയ ഉപകരണമാണെന്ന് എൻ.ഐ.എ ഇത്തരം പല സംഭവങ്ങളിലൂടെ തെളിയിച്ചു കഴിഞ്ഞിട്ടുള്ളതാണ്.
തങ്ങളുടെ നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് കേരളത്തിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അക്രമങ്ങളിലുണ്ടായ പൊതുമുതൽ നാശം, പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ, ഹർത്താൽ ആഹ്വാനം തള്ളി ഹർത്താൽ അനുകൂലികളെ മർദിച്ചത് എല്ലാം മാധ്യമങ്ങൾ മത്സരിച്ച് റിപ്പോർട്ട് ചെയ്തു. പോപുലർ ഫ്രണ്ട് എന്ന സംഘടന നിരോധിക്കപ്പെടേണ്ടതാണെന്ന, അല്ലെങ്കിൽ പോപുലർ ഫ്രണ്ടിനെതിരായ കേന്ദ്രസർക്കാർ നടപടി ഉചിതമാണെന്ന വാദം സ്ഥാപിക്കാനായാണ് ഹർത്താൽ അക്രമങ്ങൾ ഉപയോഗിക്കപ്പെട്ടത്. പോപുലർ ഫ്രണ്ടിനെതിരായ കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച സാമൂഹികപ്രവർത്തകരുടെ മുന്നിൽ ആ ചോദ്യം ഉയർത്തപ്പെട്ടു. ഹർത്താൽ അക്രമങ്ങൾ കണ്ടിട്ട് എങ്ങനെയാണ് നിങ്ങൾക്ക് പോപുലർ ഫ്രണ്ടിനെ ന്യായീകരിക്കാൻ കഴിയുന്നത്?
ഈ ചോദ്യം അത്ര നിഷ്കളങ്കമല്ല. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും പിന്തുണയോടെ ശബരിമല ആക്ഷൻ കൗൺസിൽ ആഹ്വാനംചെയ്ത ഹർത്താലിൽ 3.35 കോടിയുടെ നഷ്ടം കെ.എസ്.ആർ.ടി.സിക്ക് ഉണ്ടായതായിട്ടാണ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്. രണ്ടു ദിവസങ്ങൾക്കിടയിൽ 100 കെ.എസ്.ആർ.ടി.സി ബസുകൾ ആക്രമിക്കപ്പെട്ടതായി കെ.എസ്.ആർ.ടി.സി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ടു. രാജ്യത്തെ പരമോന്നത കോടതിയുടെ വിധിന്യായം നടപ്പാക്കുന്നതിനെതിരെയാണ് ഈ ഹർത്താലും അക്രമങ്ങളും ഉണ്ടായതെന്ന് ഓർക്കണം. ഹർത്താൽ ആഹ്വാനം ചെയ്യുമ്പോൾ ഏഴു ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന് നിയമമുള്ള കാര്യം അന്ന് നീതിന്യായ കോടതികൾപോലും മറന്നുപോയി. അന്നത്തെ അക്രമങ്ങൾവെച്ച് പോപുലർ ഫ്രണ്ട് അക്രമങ്ങൾ ന്യായീകരിക്കത്തക്കതാണ് എന്ന് പറയാനല്ല ഈ കാര്യങ്ങൾ ഓർമിപ്പിച്ചത്. നിസ്സഹായരായ മനുഷ്യർക്ക് നേരെയുള്ള ഏതൊരു സംഘടിതമായ ആക്രമണങ്ങളും തീർത്തും അപലപനീയമാണ്. അത്തരം അക്രമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുകതന്നെ വേണം. അത് ചെയ്യാനാണ് ഇവിടെ ഒരു ഭരണകൂടമുള്ളത്. ഹർത്താൽ അക്രമങ്ങൾക്കെതിരെ നടപടിയെടുത്തത് ശരിയായില്ല എന്ന് ആരും പറയുകയില്ല. പക്ഷേ, അക്രമത്തിനെതിരെ നടപടിയെടുക്കേണ്ട ഭരണകൂടംതന്നെ അക്രമികളാവുമ്പോൾ എന്തുചെയ്യും? ഭരണകൂട ഭീകരതയെയും മറ്റ് അക്രമങ്ങളെയും ഒരിക്കലും തുലനംചെയ്യാൻ ആവുകയില്ല. വ്യാപ്തികൊണ്ടും പ്രത്യാഘാതംകൊണ്ടും ജനാധിപത്യത്തിനു ഭീഷണി ഭരണകൂട ഭീകരതതന്നെയാണ് എന്ന പ്രാഥമിക ജനാധിപത്യ പാഠം മറന്നുകൊണ്ട് രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്നവർ ഭരണകൂട ഭീകരതയുടെ മാപ്പുസാക്ഷികൾ ആവുകയാണ് ചെയ്യുന്നത്.
നമ്മുടെ സമൂഹത്തിൽ അനുദിനം ശക്തിപ്രാപിച്ചു വരുന്ന ബ്രാഹ്മണ്യവാദ ഹിന്ദു ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെയും ആ രാഷ്ട്രീയം സ്വാംശീകരിച്ചുകൊണ്ടുള്ള ഭരണകൂട നടപടികളുടെയും അതിലൂടെ നാൾക്കുനാൾ വർധിച്ചുവരുന്ന മുസ്ലിം ജനതയുടെ അരക്ഷിതാവസ്ഥയുടെയും പശ്ചാത്തലത്തിൽ വേണം പോപുലർ ഫ്രണ്ട് പോലുള്ള സംഘടനകളുടെ രൂപവത്കരണത്തെയും പ്രവർത്തനങ്ങളെയും മനസ്സിലാക്കാൻ. മുസ്ലിം അപരവത്കരണത്തെ മുൻനിർത്തി ബ്രാഹ്മണ്യവാദ-ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയം ശക്തിപ്പെടുമ്പോൾ അത് മുസ്ലിം ജനതയെ മാത്രമായി ബാധിക്കുന്ന ഒരു പ്രശ്നമല്ല. മറിച്ച്, അതിലൂടെ അപകടത്തിലാവുന്നത് ജനാധിപത്യവും മനുഷ്യാവകാശങ്ങളും തന്നെയാണ്. അതുകൊണ്ടുതന്നെ പോപുലർ ഫ്രണ്ട് പോലുള്ള സംഘടനകൾക്കുമേൽ കേവലമായി മത വർഗീയതയുടെ മുദ്ര കുത്തുന്നത് ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ മുസ്ലിം വിരുദ്ധ പ്രചാരണത്തിന് സഹായകമാവുകയേ ഉള്ളൂ എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യയെ പോലുള്ള ജനാധിപത്യവത്കരണം പൂർത്തിയാകാത്ത, പിന്നാക്കാവസ്ഥയിലുള്ള ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം മതത്തിന്റെ അടിസ്ഥാനത്തിലുള്ള അടിച്ചമർത്തലുകളെ സംഘടനകൾ രൂപവത്കരിച്ച് ചെറുക്കാനും പ്രചാരണം നടത്താനുമുള്ള അവകാശം മുസ്ലിം ജനതക്കുണ്ട്. അടിച്ചമർത്തലിനെ ചെറുക്കാനുള്ള മർദിത ജനതയുടെ അവകാശം ജനാധിപത്യാവകാശംതന്നെയാണ്.
ഭീകരാക്രമണത്തിനായി കള്ളപ്പണം വെളുപ്പിക്കലാണ് പോപുലർ ഫ്രണ്ടിനെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള മറ്റൊരു പ്രധാനപ്പെട്ട കുറ്റകൃത്യം. പക്ഷേ, എന്തെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളെ ആ പണംകൊണ്ട് സാധ്യമാക്കിയതായി ഇപ്പോഴും ആരോപണം പോലുമില്ല. അറസ്റ്റുകളെ തുടർന്ന് ഒരു മലയാളം വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തത് തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജയിലിൽ കിടക്കുന്ന തടവുകാർക്ക് നിയമസഹായം നൽകുന്നതിനായി പണം സ്വരൂപിച്ചു എന്നാണ്. ഒരാൾക്കെതിരെയുള്ള കുറ്റാരോപണത്തെ നിയമപരമായി പ്രതിരോധിക്കാനാണ് ഫണ്ട് ഉപയോഗിച്ചത് എങ്കിൽ അത് എങ്ങനെയാണ് ഒരു ഭീകരപ്രവർത്തനമാവുക? കോടിക്കണക്കിനു രൂപ ചെലവഴിച്ചും റിസോർട്ടുകളിൽ ജനപ്രതിനിധികളെ കൊണ്ടുവന്നു പൂട്ടിയിട്ടും സർക്കാറുകളെതന്നെ വിലക്ക് വാങ്ങുന്ന പരിഹാസ്യമായ നാടകങ്ങൾ അരങ്ങേറുന്ന കാലത്താണ് ഇത്തരം ആരോപണങ്ങൾ ഉയരുന്നത് എന്നോർക്കണം. മർദിതൻ തന്റെ നിയമപരമായ അവകാശം ഉപയോഗിക്കുന്നതുപോലും ഒരു കുറ്റമായി പ്രചരിപ്പിക്കപ്പെടുകയാണിവിടെ.
എൻ.ഐ.എ ആയാലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആയാലും ഭരണകൂടത്തിന്റെ വിശ്വസ്തമായ അടിച്ചമർത്തൽ ഉപകരണങ്ങളാണെന്ന് പലതവണ തെളിയിച്ചിട്ടുള്ളതാണ്. രാഷ്ട്രീയ എതിരാളികൾക്കും വിമതർക്കും വിമർശകർക്കും എതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അടിച്ചമർത്തുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. ഇ.ഡിക്ക് അമിതമായ അധികാരങ്ങൾ നൽകുന്ന പി.എം.എൽ.എ നിയമം സാധുവായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിക്കെതിരെ പ്രതിപക്ഷ കക്ഷികൾതന്നെ രംഗത്ത് വന്നിരുന്നു. എൻ.ഐ.എ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തമ്മിലുള്ള അധികാര വിഭജനത്തെ അട്ടിമറിക്കുന്നതാണ് എൻ.ഐ.എ നിയമം എന്നും പൊലീസും ക്രമസമാധാനപാലനവും സംസ്ഥാന സർക്കാറിന്റെ അധികാര പരിധിയിൽ വരുന്ന വിഷയങ്ങൾ ആകയാൽ കേന്ദ്രസർക്കാറിന് ദേശീയതലത്തിൽ ഇപ്രകാരം ഒരു അന്വേഷണ ഏജൻസി രൂപവത്കരിക്കാൻ ഭരണഘടനാപരമായ അധികാരമില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഛത്തിസ്ഗഢിലെ കോൺഗ്രസ് സർക്കാറാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയിട്ടുള്ളത്. 2008ൽ കോൺഗ്രസ് നയിച്ചിരുന്ന അന്നത്തെ യു.പി.എ സർക്കാറാണ് എൻ.ഐ.എ നിയമം പാസാക്കിയത് എന്ന വസ്തുതകൂടി ഈയവസരത്തിൽ ഓർക്കേണ്ടതുണ്ട്.
ബ്രാഹ്മണ്യവാദ-ഹിന്ദുത്വ ഫാഷിസത്തിനെതിരെ ഉയർന്നുവരേണ്ട രാഷ്ട്രീയ മുന്നേറ്റത്തിലേക്കാണ് ഈ സംഭവങ്ങളെല്ലാം വിരൽ ചൂണ്ടുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഉയർന്നു വന്ന ബഹുജന സമരങ്ങളും അതിൽ പോപുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകളുടെ ശക്തമായ സാന്നിധ്യവും കേന്ദ്ര സർക്കാറിന്റെ ഇപ്പോഴത്തെ അടിച്ചമർത്തൽ നടപടികൾക്ക് കാരണമായിട്ടുണ്ട് എന്ന് കാണാൻ കഴിയും. രാഷ്ട്രീയ അധികാരത്തെ തങ്ങളുടെ ഫാഷിസ്റ്റ് അജണ്ടകൾ നടപ്പാക്കാനുള്ള ഉപാധിയാക്കി മാറ്റിക്കൊണ്ട് ബഹുജന ചെറുത്തുനിൽപുകളെ ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയാണ് പോപുലർ ഫ്രണ്ടിനെതിരായ നീക്കങ്ങളും അറസ്റ്റുകളും. ജനവിരുദ്ധ നിയമങ്ങൾ ഉപയോഗിച്ചുകൊണ്ട് പ്രതിപക്ഷ കക്ഷികളെയും രാഷ്ട്രീയ വിമതരെയും എങ്ങനെയാണ് ഇല്ലായ്മ ചെയ്യുന്നത് എന്നതിന്റെ പ്രകടമായ ഉദാഹരണമാണ് ഈ അടിച്ചമർത്തൽ. മുസ്ലിംകൾക്കെതിരെ വർഗീയവിദ്വേഷം പ്രചരിപ്പിച്ച് അപരവത്കരിക്കുന്ന ഇത്തരം ഭരണകൂട നടപടികളുടെ അടിസ്ഥാനം തീർത്തും ജനവിരുദ്ധമായ ബ്രാഹ്മണ്യമാണ്. ജനാധിപത്യത്തിനുതന്നെ ഭീഷണിയായ ബ്രാഹ്മണ്യവാദ-ഹിന്ദുത്വ ഫാഷിസത്തിനെതിരെ മർദിത ജനതയുടെ വിപുലമായ ഐക്യനിര ജീവിതത്തിന്റെ സമസ്തമേഖലകളിലും ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്. അതുവരേക്കും ഈ ഇരുണ്ട കാലത്തിന്റെ പാട്ടുകൾ നമുക്ക് പാടിക്കൊണ്ടേയിരിക്കാം.