‘മോദിയുടെ മൂന്നാമൂഴം ഭീമമായ ദുരന്തമാകും’; ഡോ.പരകാല പ്രഭാകറുമായി കരൺ ഥാപ്പർ നടത്തിയ അഭിമുഖത്തിന്റെ പൂർണരൂപം
സാമ്പത്തിക ശാസ്ത്രജ്ഞനും ബി.ജെ.പി ആന്ധ്രപ്രദേശ് ഘടകം മുൻവക്താവും കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെ ജീവിത പങ്കാളിയുമായ ഡോ.പരകാല പ്രഭാകർ നരേന്ദ്രമോദി സർക്കാറിന്റെ സാമ്പത്തിക നയങ്ങളുടെ നിശിത വിമർശകനാണ്. ഈയിടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ‘ദി ക്രൂക്ക്ഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ’ എന്ന പുസ്തകം ബി.ജെ.പിയുടെ ജനവിരുദ്ധതയെയും സാമ്പത്തിക നയത്തിലെ അബദ്ധങ്ങളെയും നിശിതമായി വിമർശിക്കുന്നു. പ്രമുഖ മാധ്യമ പ്രവർത്തകൻ കരണ്‍ ഥാപ്പർ thewire.in ന് വേണ്ടി നടത്തിയ അഭിമുഖത്തിൽ അതിരൂക്ഷ ഭാഷയിലാണ് പരകല പ്രഭാകർ അഭിപ്രായങ്ങൾ പറഞ്ഞത്.
കരണ്‍ ഥാപ്പര്‍: പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നതു പോലെ സര്‍ക്കാരിന്റെ വഴിവിട്ട നീക്കങ്ങള്‍ക്കെതിരെ ചൂണ്ടുപലകയെന്ന കണക്കെ വിമര്‍ശനങ്ങളും വിയോജിപ്പുകളും ഉന്നയിക്കുകയാണോ താങ്കളുടെ ദൗത്യം?
പരകാല പ്രഭാകര്‍: നമ്മുടെ രാജ്യം വളരെ ആശങ്കാജനകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ റിപ്പബ്ലിക്കിന്റെ മൂല്യങ്ങളില്‍ നിന്നും സ്ഥാപനതത്വങ്ങളില്‍ നിന്നും ബഹുദൂരം വഴിമാറി സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ കണ്ടുവരുന്ന തെരുവ് ദൃശ്യങ്ങളും പൊതു-രാഷ്ട്രീയവ്യവഹാരങ്ങളുമെല്ലാം അപകടകരമാം വിധം തെക്കന്‍ സംസ്ഥാനങ്ങളിലേക്കും പടര്‍ന്നു കൊണ്ടിരിക്കുന്നുണ്ട്. നമ്മളെങ്ങനെ ഈ നിലയിലെത്തി? എന്തിനാണ് ഇങ്ങിനെ വിമര്‍ശിക്കുന്നതെന്ന് ആളുകൾ എന്നോട് ചോദിക്കാറുണ്ട്. നല്ലതൊന്നും നിങ്ങള്‍ കാണുന്നില്ലേ? കുറ്റം പറയുകയാണെങ്കില്‍ ബദല്‍ മാര്‍ഗവും നിങ്ങള്‍ നിർദേശിക്കൂ എന്നും പറയും. ബദല്‍ നിര്‍ദേശിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമാണ് വിമര്‍ശിക്കാനര്‍ഹതയെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല; ബദല്‍ തീരുമാനിക്കേണ്ടത് ജനങ്ങളാണ്. നീണ്ടകാലത്തെ സ്വാതന്ത്ര്യസമരം മുതല്‍ ഭരണഘടനാ നിര്‍മാണ സമിതിയിലെ സംവാദങ്ങളും ഭരണഘടനയും വരെ ഉടലെടുത്ത നമ്മുടെ സ്ഥാപിതമൂല്യങ്ങളുടെ കാര്യത്തില്‍ ദോഷകരമായി ബാധിക്കുന്ന സംഗതികളെ ചൂണ്ടിക്കാണിക്കുകയാണ് ഞാന്‍ ചെയ്യുന്നത്.
നമുക്ക് വര്‍ത്തമാനകാല ഇന്ത്യയെക്കുറിച്ചും മോദി സര്‍ക്കാരിനെ കുറിച്ചുമുള്ള നിങ്ങളുടെ കാഴ്ച്ചപ്പാടുകളിലേക്ക് വരാം. ആദ്യം പ്രതിസന്ധി നേരിടുന്ന സാമ്പത്തികമേഖലയെക്കുറിച്ച്. 1990കള്‍ക്കു ശേഷം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെന്ന് താങ്കള്‍ പറയുന്നു, തൊഴിലില്ലായ്മ പെരുകുകയാണെന്നും കോവിഡിനു മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് സാമ്പത്തിക വളര്‍ച്ച മടങ്ങാനൊരുങ്ങുകയാണെന്നും താങ്കള്‍ അവകാശപ്പെടുന്നു. മോദി സര്‍ക്കാര്‍ പറയുന്നതിന് നേര്‍വിപരീതമാണ് നിങ്ങളുടെ വാദങ്ങള്‍. കേന്ദ്രമന്ത്രിമാര്‍ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചും ദാരിദ്ര്യനിര്‍മാര്‍ജനത്തെക്കുറിച്ചും വളരെ രചനാത്മകമായാണ് സംസാരിക്കുന്നത്.
സര്‍ക്കാരിന്റെ വാദങ്ങള്‍ വെറും പൊള്ളയാണെന്ന് ഞാന്‍ പറയും. മാന്ദ്യം എന്നു പറയാനാവില്ലെങ്കിലും ജി.ഡി.പിയുടെ വളര്‍ച്ച കോവിഡിന് മുമ്പു തന്നെ തീരെ മന്ദഗതിയിലായിരുന്നു; കോവിഡിന്റെ പാരമ്യത്തില്‍ അത് മാന്ദ്യത്തിലേക്കെത്തി. ആ ഘട്ടത്തില്‍ ഡിമാന്റ് സൈഡിനെക്കാളും സപ്ലൈ സൈഡില്‍ ഊന്നിക്കൊണ്ടുള്ള തെറ്റായ നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രതിസന്ധി ഉണ്ടായത് ഡിമാന്റ് സൈഡിലായിരുന്നു. അതുകൊണ്ടു തന്നെ കോവിഡിനു മുമ്പത്തെ സാമ്പത്തിക സ്ഥിതിയിലേക്കു പോലും തിരികെപ്പോകാന്‍ നമുക്ക് കഴിയുന്നില്ല. മന്ത്രിമാരും സര്‍ക്കാര്‍ വക്താക്കളും അവകാശപ്പെടുന്നത് നമ്മള്‍ വളര്‍ച്ച കൈവരിക്കുകയാണെന്നാണ്. എന്നാല്‍ അങ്ങേയറ്റം താഴേക്ക് പതിച്ച സമ്പദ് വ്യവസ്ഥയിലെ നേരിയ ചലനങ്ങളെപ്പോലും വമ്പൻ വളര്‍ച്ചയായി ചിത്രീകരിക്കുകയാണവര്‍.
വിമര്‍ശനത്തിന്റെ ഒരു പടികൂടി കടന്ന് താങ്കള്‍ പുസ്തകത്തില്‍ ഇങ്ങനെ പറയുന്നുണ്ട്: ‘മോദി ഭരണത്തിന്റെ നിലതെറ്റിയ കഴിവ്‌കേടില്‍ നിന്നാണ് രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തത്. സുചിന്തിതവും യോജിച്ചതുമായ സാമ്പത്തിക തത്ത്വശാസ്ത്രം നിര്‍മിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ആഭിചാരക്കാരായ സാമ്പത്തിക വിദഗ്ധരാല്‍ ഇരയാക്കപ്പെട്ട സമ്പദ് വ്യവസ്ഥയാണിത്’ നിലതെറ്റിയ കഴിവുകേടെന്ന് താങ്കള്‍ പറയുമ്പോള്‍ ആരെയാണത് ഉന്നം വെച്ചിട്ടുള്ളത്?
തുടക്കം മുതലേ ബി.ജെ.പിക്ക് ഒരു സുചിന്തിതവും യോജിച്ചതുമായ സാമ്പത്തികതത്വശാസ്ത്രം ഉണ്ടായിരുന്നില്ല. ഒരു വ്യക്തിയെക്കുറിച്ചല്ല പറയുന്നത്. എന്താണ് ബി.ജെ.പി മുന്നോട്ടു വെക്കുന്ന സാമ്പത്തിക തത്വശാസ്ത്രം? 1980 അവര്‍ തുടങ്ങുമ്പോള്‍ ഗാന്ധിയും സോഷ്യലിസവുമാണ് തങ്ങളുടെ ശൈലിയെന്ന് പറഞ്ഞു. 1991 ലെ നവീകരണശ്രമങ്ങളെ അവര്‍ എതിര്‍ക്കുകയും ചെയ്തു. നിലവില്‍ കുറേ ആഭിചാരക്കാരായ സാമ്പത്തിക വിദഗ്ധരാണ് മോദി സര്‍ക്കാരിന്റെ ഉപദേശകര്‍. അവര്‍ കള്ളപ്പണം ഇല്ലാതാക്കാനെന്ന പേരില്‍ വിനാശകരമായ നോട്ടുനിരോധനം നടപ്പിലാക്കി. അവരാരൊക്കെയാണെന്ന് എനിക്കറിയില്ല.
നിലതെറ്റിയ കഴിവുകേടെന്ന് നിങ്ങള്‍ ഉദ്ദേശിച്ചത് മോദി സര്‍ക്കാരിനെയാണെന്ന് പറയുന്നു, പ്രധാനമന്ത്രി നരേന്ദ്രമോദി അങ്ങനെയാണെന്ന് അതിനര്‍ഥമുണ്ടോ?
സാമ്പത്തികശാസ്ത്രത്തില്‍ മാത്രമല്ല, ഇന്ത്യടെ സാമൂഹികമനസ്സിനുള്ളില്‍ ആഴത്തില്‍ വേരിറങ്ങിക്കിടക്കുന്ന വര്‍ഗീയ വിഭജനവാസനയെ പുറത്തേക്കെടുത്തിട്ടു എന്നതൊഴിച്ച് എല്ലാ കാര്യങ്ങളിലും അങ്ങനെ തന്നെ.
ഒന്നുകൂടി വ്യക്തത വരുത്തട്ടെ. പ്രധാനമന്ത്രി നരേന്ദ്രമോദി സാമ്പത്തികകാര്യത്തില്‍ മാത്രമല്ല ഒട്ടുമിക്ക മേഖലയിലും നിലതെറ്റിയവിധം കഴിവുകെട്ടവനാണെന്നാണ് നിങ്ങള്‍ പറയുന്നത്?
അതെ, അങ്ങനെതന്നെ.
ധനകാര്യ മന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലിയും നിര്‍മല സീതാരാമനും കഴിവുകെട്ടവരാണെന്നും അഭിപ്രായമുണ്ടോ?
ഞാൻ വ്യക്തികളെക്കുറിച്ച് പറയാന്‍ ഉദ്ദേശിക്കുന്നില്ല.
പക്ഷെ താങ്കള്‍ മോദിയെക്കുറിച്ച് പറഞ്ഞല്ലോ..
അദ്ദേഹമാണ് ഈ സര്‍ക്കാരിന്റെ മുഖം എന്നതു കൊണ്ടാണ് അങ്ങനെ പറഞ്ഞത്,. വര്‍ഗീയ ധ്രുവീകരണത്തിന്റെയും വിദ്വേഷത്തിന്റെയും മാനസികാവസ്ഥയെ ഒരുമിച്ചുകൂട്ടിയെന്നത് ഒഴിച്ചുള്ള കാര്യങ്ങളില്‍..
ചുരുക്കത്തില്‍ മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ അലങ്കോലപ്പെട്ടതാണെന്നാണ് താങ്കള്‍ പറയുന്നത്. അപ്പോള്‍ രാജ്യത്ത് പണിതുയര്‍ത്തപ്പെട്ട റോഡുകള്‍, ആശുപത്രികള്‍, വീടുകള്‍, കക്കൂസുകള്‍ എന്നിവയും പാചകവാതക സബ്‌സിഡി, കര്‍ഷകര്‍ക്ക് വേണ്ടിയുള്ള പദ്ധതികളും വൈദ്യതി, യുപിഐ പേയ്‌മെന്റ് സിസ്റ്റം എന്നു തുടങ്ങിയ വികസനങ്ങളും താങ്കള്‍ കാണാതെ പോവുകയാണോ?
നല്ലതെന്നു പറയാന്‍ ഒന്നും ഇല്ല എന്നല്ല ഞാന്‍ പറഞ്ഞത്. പണപ്പെരുപ്പം ആറോ ഏഴോ ശതമാനമാണ്. തൊഴിലില്ലായ്മ നിരക്ക് ഏഴാണ്. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ 18 ശതമാനത്തിനു മുകളിലെത്തി. ഓഹരികള്‍ വില്‍ക്കുന്ന കാര്യത്തിലും മുന്‍ഗണനാടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ചെയ്യുന്നതില്‍ ചോദന-പ്രദാനങ്ങള്‍ നിര്‍ണയിക്കുന്നതില്‍ എന്നുതുടങ്ങിയ കാര്യങ്ങളിലെല്ലാം തെമ്മാടിത്തം നിറഞ്ഞ സമീപനം കാണാം. കറന്‍സി ഡിജിറ്റലൈസേഷന്‍ പോലുള്ള കാര്യങ്ങള്‍ ഇതുമായി തട്ടിച്ച് പറയാനാവില്ല.
ആപ്പിള്‍ ഫോണുകളുടെ നിര്‍മാണത്തിലും കയറ്റുമതിയിലും നാലു മടങ്ങ് വര്‍ധനവ് ഉണ്ടായിട്ടുണ്ടല്ലോ. മൊത്തത്തില്‍ ലോകത്തെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ മേഖലയില്‍ 19 ശതമാനം ഇന്ത്യയിലാണെന്നും ചൈനയുടെ ശക്തമായ എതിരാളിയായി ഇന്ത്യ വളര്‍ന്നുവെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യത്തിലൊന്നും സര്‍ക്കാരിന് നിങ്ങള്‍ ക്രെഡിറ്റ് നല്‍കുന്നില്ലേ?
നോക്കൂ. വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്ിന്റെ പേരില്‍ നിങ്ങള്‍ അഭിമാനിക്കുന്നുവെങ്കില്‍ ഇന്ത്യയിലെ വര്‍ധിച്ച സാമ്പത്തിക അസമത്വത്തെക്കുറിച്ചുള്ള ഓക്‌സ്ഫാം റിപ്പോര്‍ട്ടിനെ കുറിച്ചും അഭിമാനിക്കണം.ഇത്തരം നിയോലിബറല്‍ ആഖ്യാനങ്ങളിലേക്ക് ചുരുങ്ങുന്നതിന് പകരം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ എണ്ണമാണോ യഥാര്‍ഥ വികസനമാപിനിയെന്നാണ് ചിന്തിക്കേണ്ടത്.
സമ്പത്ത് അതീവ സമ്പന്നരായ വളരെ ചെറിയ വിഭാഗത്തിലേക്ക് കൂടുതലായി ചുരുങ്ങുകയും ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ കൂടുതലായി ദരിദ്രരായിക്കൊണ്ടിരിക്കുകയും ചെയ്യുന്നത് സൂചിപ്പിക്കുന്നതാണ് ഓക്‌സ്ഫാം റിപ്പോര്‍ട്ട്.
അതെ, മാത്രമല്ല കഴിഞ്ഞ 7-8 വര്‍ഷങ്ങളായുള്ള ട്രന്റ് ഇതാണ്. മോദി സര്‍ക്കാരിന്റെ കാലത്താണ് ഇതുണ്ടായിട്ടുള്ളത്, അത് അവരുടെ കുറ്റമാണ്. അവരതിന് ക്രെഡിറ്റ് എടുക്കുമോയെന്ന് എനിക്കറിയില്ല. ആപ്പിള്‍ ഫോണ്‍ നിര്‍മാണത്തിലെ വര്‍ധനവ് വളരെ അപ്രധാനമായ, വളരെ ചെറിയ ഒരു വശം മാത്രമാണ്.
മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ തത്വസംഹിതയെന്ന് നിങ്ങള്‍ വിശേഷിപ്പിച്ച ഹിന്ദുത്വയെക്കുറിച്ച് സംസാരിക്കാം. നിങ്ങളുടെ പുസ്തകത്തില്‍ പറഞ്ഞതു പോലെ 'രാജ്യത്തിന്റെ രാഷ്ട്രീയ മേല്‍മണ്ണിന്റെ നേര്‍ത്ത പാളിക്കടിയില്‍ മറഞ്ഞിരിക്കുന്ന അടിസ്ഥാനവാസനകളുടെയും സാമൂഹിക-സാംസ്‌കാരിക അരക്ഷിതാവസ്ഥകളുടെയും സമര്‍ഥമായ മാനിപ്പുലേഷനിലൂടെയാണ് അത് അഭിവ്യദ്ധി പ്രാപിക്കുന്നത്' ഹിന്ദുത്വ പ്രവര്‍ത്തിക്കുന്നത് നമ്മുടെ രാജ്യത്തിന്റെ പ്രതലത്തില്‍ മറഞ്ഞിരിക്കുന്ന ചില അവശിഷ്ടങ്ങളെ വഷളാക്കി കൊണ്ടുവന്നിട്ടാണെന്നും അത്ര പ്രകടമല്ലാത്ത പക്ഷെ അമര്‍ത്തിവെക്കപ്പെട്ട ചിന്തകളെ ഹിന്ദുത്വ പൊക്കിക്കൊണ്ടു വന്ന് നിയമസാധുത നല്‍കിയെന്നുമാണ് അതിനര്‍ഥമെന്ന് കരുതുന്നു..
ഈ ഭരണകൂടത്തിന്റെ ജനകീയത അവരുടെ സാമ്പത്തികനയത്തിലോ മറ്റെന്തെങ്കിലും പ്രവര്‍ത്തനത്തിലോ അല്ല ഇരിക്കുന്നത്. മറിച്ച് വര്‍ഗീയ ധ്രുവീകരണ ഹിന്ദുത്വ അജണ്ടയുടെ ചുറ്റും ജനങ്ങളെ സമ്മേളിപ്പിക്കാനുള്ള സാമര്‍ഥ്യത്തിന്റെ പേരിലാണ് അവര്‍ അറിയപ്പെടുന്നത്. നമ്മുടെ രാഷ്ട്രീയ സംവാദത്തിലിന്ന് മുന്‍പന്തിയിലുള്ളത് ഹിന്ദുത്വയാണ്. ഒരു പത്തു വര്‍ഷം മുമ്പ് വരെയുള്ള നമ്മുടെ രാഷ്ട്രീയ സംവാദങ്ങളിലെ പ്രധാന വാക്ക് മതേതരത്വം എന്നതായിരുന്നു. ഞങ്ങളാണ് യഥാര്‍ഥ സെക്കുലർ, കോണ്‍ഗ്രസും മറ്റു കക്ഷികളും സ്യൂഡോ സെക്കുലറുകളാണ് എന്നാണ് ബി.ജെ.പി പോലും അന്നൊക്കെ പറഞ്ഞിരുന്നത്. ഇന്നത്തെ മോദിക്കു കീഴിലെ ബി.ജെ.പി സെക്കുലറിസത്തെ പൂര്‍ണമായും തിരസ്‌കരിച്ച പാര്‍ട്ടിയാണ്.
ജനങ്ങള്‍ക്കിടയിലെ ഇത്തരം അരക്ഷിതാവസ്ഥകളും വര്‍ഗീയവാസനകള്‍ക്കും ഏറ്റവും വളക്കൂറുള്ള മണ്ണായി ഇന്ത്യ മാറിയത് വിഭജനത്തിനു ശേഷമാണ്.
അതെ, നിങ്ങളുടെ പുസ്തകത്തിലെഴുതിയത് ഞാന്‍ വായിക്കാം 'മുമ്പെങ്ങുമില്ലാത്തവിധം ഇന്ത്യാ-പാക് വിഭജനത്തിനു തൊട്ടുടനെ പോലും ഇല്ലാതിരുന്ന വിധം ഹൈന്ദവ ഭൂരിപക്ഷവാദം ഇന്ന് കൂടുതല്‍ സ്വീകാര്യമായ ആശയമായത് കുഴപ്പിക്കുന്നുണ്ട്. പുതിയ ഇന്ത്യയുടെ അച്ചുതണ്ട് ശക്തിയുടെ കുടിലതയെ മനസിലാക്കുന്നതിനുള്ള ഉപായം ഈ കുഴപ്പിക്കുന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തലാവും'. ഹിന്ദു ഭൂരിപക്ഷവാദമാണ് ഇപ്പോള്‍ കൂടുതല്‍ ജനകീയമെങ്കില്‍ മോദി അതിനെ കാണുന്നത് ഒരു കുഴപ്പിക്കുന്ന ചോദ്യമായിട്ടല്ല തന്റെ വിജയമായിട്ടായിരിക്കുമല്ലോ..
ആയിരിക്കാം. ആ ആശയത്തിന്റെ പ്രയോക്താക്കളായി വരുന്ന ഏതൊരു സംഘത്തിനും ഇപ്പോള്‍ വലിയ സ്വീകാര്യതയുണ്ടായേക്കും. 2014ലെ സ്ഥിതി അതായിരുന്നില്ല. അഴിമതി മുക്തമായ വികസനപൂര്‍ണമായ ഇന്ത്യയായിരുന്നു ചര്‍ച്ച. മോദി പോലും അന്ന് പറഞ്ഞ ഒരു കാര്യം: തൊഴിലില്ലായ്മയും അഴിമതിയും ഒരുവശത്തും ഹിന്ദുക്കളും മുസ്‌ലിംകളും ഒറ്റക്കെട്ടായി മറുവശത്തുമാണെന്നായി നിലകൊണ്ടുള്ള പോരാട്ടം ആണെന്നായിരുന്നു. ഹിന്ദുത്വയെ ഒളിച്ചുകടത്തുകയാണ് അന്ന് ചെയ്തത്.
നിങ്ങളുടെ പുസ്തകത്തില്‍ പറയുന്നുണ്ട്: 'ഇന്നിന്റെ രാഷ്ട്രീയം അതിന്റെ സ്വീകാര്യതയാര്‍ജിക്കുന്നതും പുതുക്കുന്നതും തങ്ങളുടെ ഭരണനിര്‍വഹണത്തിലൂടെയല്ല മറിച്ച് ഹിന്ദുവിതര സ്വത്വങ്ങളെ അപരവല്‍ക്കരിച്ച് ഹിന്ദു സ്വത്വത്തെ ഊട്ടിയുറപ്പിക്കുന്നതിലൂടെയാണ്' നിങ്ങള്‍ പറഞ്ഞതിനെ ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷെ അങ്ങനെയാണെങ്കില്‍ 2019ല്‍ ബിജെപിക്ക് വോട്ട് ചെയ്ത 38 ശതമാനം വരുന്ന വലിയ വിഭാഗം ജനങ്ങള്‍ (ഹിന്ദുക്കള്‍ എന്നുതന്നെയിരിക്കട്ടെ) ആ ആശയത്തോട് യോജിക്കുകയും മോദിക്ക് സ്വീകാര്യത നല്‍കുകയും ചെയ്തവരാവില്ലേ? അത് പ്രശ്‌നമല്ലേ?
ഇല്ല കരണ്‍, ഞാനതിനെ മറ്റൊരു തരത്തിലാണ് കാണുന്നത്. ഒരു രാഷ്ട്രീയ നേതൃത്വത്തിന്റെ ലക്ഷ്യം ജനങ്ങള്‍ക്കുള്ളില്‍ ആഴ്ന്നു കിടക്കുന്ന ചാപല്യങ്ങളെ തുരന്നെടുക്കലല്ല മറിച്ച് സമഭാവനയെ ഊട്ടിയുറപ്പിക്കലാണ്..
ഒരു മാതൃകാ ലോകത്തില്‍ അങ്ങനെയായിരിക്കാം..
ഒരു മാതൃകാലോകത്തിനു വേണ്ടിയാണ് ഞാന്‍ നിലകൊള്ളുന്നത്. നോക്കൂ, ഒരു നേതാവ് ജനങ്ങളിലെ അടിസ്ഥാന വികാരങ്ങളെയും മറഞ്ഞുകിടക്കുന്ന വാസനകളെയും പുറത്തിടാനാണ് പണിയെടുക്കുന്നതെങ്കില്‍ അത് ഇങ്ങനെ തന്നെയാവും.
നിങ്ങള്‍ പറയുന്നു: 'ഹിന്ദുത്വത്തിനൊപ്പം ചേര്‍ന്ന് നില്‍ക്കുകയെന്നത് മോദി ഭരണം നേടിയെടുത്ത വലിയ ശക്തിയാണ്. ഇഷ്ടമുള്ളത് ചെയ്യാനുള്ള അനിയന്ത്രിതമായ അധികാരത്തില്‍ മോഡി ഭരണകൂടം ഭ്രമിച്ചു. ജനാധിപത്യം അതിന് ഒരു ശല്യമാണ്. 1975-ലോ 77ലോ പോലും ഇല്ലാത്ത വിധം ഭീതി തളം കെട്ടി നില്‍ക്കുന്ന അന്തരീക്ഷമാണിപ്പോള്‍.' ഞാനതിനോട് വിയോജിച്ചു കൊണ്ട് പറയാം, നിങ്ങള്‍ക്കിതുപോലെ ഒരു പുസ്തകം പ്രസിദ്ധീകരിക്കാം, മോദിയെ വിമര്‍ശിക്കാം, നിലതെറ്റിയ കഴിവുകേടെന്ന് വിളിക്കാം, നമ്മുക്ക് ഇത്തരമൊരു അഭിമുഖസംഭാഷണം നടത്താനാവുന്നു.. ജനങ്ങളിത് കാണുന്നു, എന്നിട്ട് ഡോ. പരകാല ഊതിപ്പെരുപ്പിക്കുന്നതാണെന്ന് പറഞ്ഞാല്‍ നിങ്ങളെന്തു പറയും?
ഒന്ന്, പറയാനാഗ്രഹിച്ചതല്ല. പക്ഷെ നിങ്ങളുടെ പ്രകോപനം കാരണം പറഞ്ഞുപോകുന്നു. ഈ പുസ്തകം പ്രസിദ്ധീകരിക്കല്‍ എനിക്കൊട്ടും എളുപ്പമായിരുന്നില്ല. അതിനൊരുപാട് വാതിലുകള്‍ മുട്ടേണ്ടി വന്നിട്ടുണ്ട്, അവരെല്ലാം വളരെ മാന്യമായി ഒഴികഴിവുകള്‍ നിരത്തി. രണ്ട്, ആശയപ്രകടനത്തിനുള്ള സ്വാതന്ത്ര്യം എന്നത് നമുക്ക് സംസാരിക്കാന്‍ അനുവാദമുണ്ടോ എന്നതിലല്ല, മറിച്ച് നമ്മുടെ സംസാരം കഴിഞ്ഞ് എന്തുസംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും, വിധികര്‍ത്താക്കള്‍ പുറത്തുണ്ട്.
ശരി, 100 ദശലക്ഷത്തോളം അംഗസംഖ്യയുള്ള തങ്ങളാണ് ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയെന്ന് ബി.ജെ.പി അവകാശപ്പെടുന്നു. ഈ 100 ദശലക്ഷത്തോളം വരുന്ന ഇന്ത്യക്കാര്‍ നിങ്ങള്‍ പറയുന്ന പോലെ മറഞ്ഞുകിടക്കുന്ന ഇരുണ്ടവാസനകളെ പുറത്തിട്ട് നമ്മുടെ ജനാധിപത്യപരവും ഭരണഘടനാപരവുമായ തത്വങ്ങളെ പിന്തുടരാത്ത ഒരു പാര്‍ട്ടിയുടെ അണികളാണെന്നത് എന്താണ് പറഞ്ഞുവെക്കുന്നത്?
100 ദശലക്ഷം വരുന്ന ജനങ്ങള്‍ അതിനോട് യോജിക്കുന്നവരാണെന്ന അഭിപ്രായം എനിക്കില്ല. ബി.ജെ.പിയെ പിന്തുണക്കുന്നവര്‍ പലതരമാണ്. ഈ ആശയം ഇന്ത്യക്ക് അത്യാവശ്യമാണ് എന്നു പറയുന്നവരോട് എനിക്ക് മറുവാദം ഉന്നയിക്കാനുണ്ട്. പക്ഷേ, രാജ്യത്ത് നിലവില്‍ അധീശത്വമുള്ള ഒരു കൂട്ടത്തോട്, അല്ലെങ്കില്‍ നിലവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നിനോട് ചേര്‍ന്നു നില്‍ക്കുന്ന ജനങ്ങളുണ്ടാകും. രാജ്യത്തെ മാധ്യമങ്ങളുടെ ഇപ്പോഴത്തെ ചായ് വിനെ ആ ഫോസ്റ്റിയന്‍ വിലപേശല്‍ (ചെകുത്താനുമായുള്ള വിലപേശല്‍) ഉദാഹരണത്തിന് പ്രത്യേകമായിട്ടെടുക്കാം. അവിടെ നിങ്ങളുടെ ആത്മാവിനെ, നിങ്ങളുടെ കരിയറും സമ്പാദ്യവും സ്വസ്ഥതയുമെല്ലാം പരിഗണിച്ച് ചെകുത്താന് വില്‍ക്കുകയാണ് ചെയ്യുക. ബി.ജെ.പിയിലെ വലിയൊരു ശതമാനം ആളുകളും അങ്ങനെയുള്ളവരാണെന്നാണ് എന്റെ നിരീക്ഷണം.
താങ്കള്‍ ബിജെപിയുടെ നിശിതമായ വിമര്‍ശകനാണ്. പക്ഷേ, രാജ്യത്തെ പ്രതിപക്ഷത്തെയും അതേയളവില്‍ വിമര്‍ശിക്കുന്നുണ്ട്. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് പ്രധാന കാരണം ബിജെപിയിതര കക്ഷികളുടെ പരാജയമാണെന്നത് മറ്റൊരു കുടിലകൊട്ടാരമാണ്. ബിജെപിയോട് ആശയപരമായി ചെറുത്ത് നില്‍ക്കാനുള്ള ശേഷിയില്ലായ്മയിലൂടെ പ്രതിപക്ഷം നമ്മെ തോല്‍പ്പിക്കുന്നു. വിഷനിലും ആസൂത്രണത്തിലും ഊര്‍ജത്തിലും വളരെ സ്ഥായിയായ തോല്‍വി. ഈ പരാജയം കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും മാത്രമാണോ? മമതാ ബാനര്‍ജിയെയും എംകെ സ്റ്റാലിനെയും നവീന്‍ പട്‌നായികിനെയും പിണറായി വിജയനെയും അരവിന്ദ് കെജ്‌രിവാളിനെയും പോലെ സംസ്ഥാനങ്ങളില്‍ അധികാരം സ്ഥിരമായി ലഭിക്കുന്ന മറ്റു പ്രതിപക്ഷ നേതാക്കളുടെയും കൂടിയാണോ?
കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ കരുതുന്നത് ഇന്ത്യയുടെ സ്ഥാപിത-ഭരണഘടനാ മൂല്യങ്ങളായ മതേതരത്വ, ഉള്‍ക്കൊള്ളല്‍ തത്വസംഹിതയെ അതേപടി ഏറ്റെടുക്കാമെന്നാണ്. പക്ഷെ ആ ധാരണ അബദ്ധജടിലമാണ്. ആ അടിത്തറ ആര്‍ക്കും ഇളക്കാനാകാത്ത വിധം ബലിഷ്ഠമാണെന്നവര്‍ കരുതി.
അവര്‍ ബിജെപിയെ ശരിയാം വിധം മനസിലാക്കുന്നതില്‍ പരാജയപ്പെട്ടു എന്നതാണോ അതോ അലംഭാവം കാണിച്ചു എന്നതാണോ..
ബിജെപിയെ മനസിലാക്കാന്‍ കഴിയാതെ വന്നത് അലംഭാവത്തിലേക്ക് നയിച്ചു. രണ്ടും ശരിയാണ്. രണ്ടാമത്, ഈ കക്ഷികളെല്ലാം ചിന്തിച്ചത് ഒരു പക്ഷെ ചിന്തിക്കുന്നത് (നിര്‍ഭാഗ്യകരം). രാഷ്ട്രീയമെന്നാല്‍ ഒരു തെരഞ്ഞടുപ്പ് മുതല്‍ അടുത്ത തെരഞ്ഞെടുപ്പ് വരെയുള്ള കാര്യങ്ങള്‍ എന്നാണ്. രാഷ്ട്രീയം രാഷ്ട്രീയ സാമൂഹികശാസ്ത്രമാണ്, രാഷ്ട്രീയ സാമ്പത്തികശാസ്ത്രമാണ്. ബി.ജെ.പിയുമായുള്ള മത്സരം പ്രയോജനവാദപരമായി മാത്രം അവര്‍ കണ്ടു. ബി.ജെ.പിയെ അത്തരത്തില്‍ മനസിലാക്കാതെ പോയതിനാലാണ് വാജ്‌പേയി സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തരത്തിലൊക്കെ അവരില്‍ ചിലര്‍ മുന്‍കാലങ്ങളില്‍ നിലപാടെടുത്തത്.
തങ്ങള്‍ തൊട്ടുകൂടായ്മ പിന്തുടരുന്ന പാര്‍ട്ടിയല്ല എന്ന തരത്തില്‍ എല്ലാവരെയും ബി.ജെ.പി സ്വാഗതം ചെയ്തു. സംഘപരിവാറിനുള്ളില്‍ തന്നെയുള്ള ചിലയാളുകള്‍ ബി.ജെ.പിയുടെ തന്ത്രപരതയെ ഒളിച്ചുവെച്ചിട്ടില്ല. അതിലൊരാളാണ് വാജ്‌പേയി ഞങ്ങളുടെ മുഖംമൂടി (മുഖോട്ട)യാണെന്നു പരസ്യമായി പറഞ്ഞത്.
അതെ, ഗോവിന്ദാചാര്യയാണ് അങ്ങനെ പറഞ്ഞത്.
അങ്ങനെ ബിജെപി ഏതുതരത്തിലുള്ള മൃഗമാണെന്ന് തിരിച്ചറിയാതെ അവരുമായി അധികാരം പങ്കിടുന്ന തരത്തിലേക്ക് നിലവിലെ പ്രതിപക്ഷത്തെ പലരും വഴിതെറ്റിപ്പോയിട്ടുണ്ട്.
നിങ്ങള്‍ പുസ്തകത്തില്‍ ജനങ്ങളെ കുറ്റപ്പെടുത്തുന്നുണ്ടല്ലോ.. പ്രധാനമന്ത്രിയുടെയും സര്‍ക്കാരിന്റെ വസ്തുതാവിരുദ്ധമായ പ്രസ്താവനകളെയും നുണപ്രചാരണങ്ങളെയും തൊണ്ടതൊടാതെ വിഴുങ്ങുകയോ അതിനെ മറുചോദ്യമുന്നയിക്കാതിരിക്കുകയോ ചെയ്തു നമ്മള്‍. നമ്മള്‍ക്കതിന് കഴിയുമായിരുന്നിട്ടും ചെയ്യാതിരുന്നു എന്നാണോ?
കുറ്റപ്പെടുത്തുകയല്ല, വിമര്‍ശിക്കുകയാണ് ചെയ്തത്. രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. നമ്മുടെ എതിര്‍പക്ഷത്തോടുള്ള വിയോജിപ്പ് നിമിത്തമോ നാം അധികാരത്തിലേറ്റിയവരുടെ യഥാര്‍ഥ മുഖം കാണാന്‍ കഴിയാത്തതിനാലോ അല്ലെങ്കില്‍ ഒരു ഒഴുക്കിനൊപ്പം നീങ്ങിയതു കാരണമോ നമ്മള്‍ അധികാരത്തിലേറ്റിയ ഈ ഭരണകൂടത്തിന്റെ യാഥാര്‍ഥ്യം മനസിലാക്കി അത് തിരുത്തണമെന്ന സ്വയം വിമര്‍ശനമാണത്. ജനങ്ങള്‍ക്ക് തിരുത്താനുള്ള കരുത്തുണ്ടെന്ന വിശ്വാസത്തിന്‍ മേലാണ് ഈ പുസ്തകം ഞാനെഴുതിയത് തന്നെ.
പുസ്തകത്തിന്റെ ഉപസംഹാരത്തിലേക്ക് വന്നാല്‍. നിങ്ങളെഴുതുന്നു:‘നമ്മുടെ ജനാധിപത്യം പ്രതിസന്ധിയിലാണ്, നമ്മുടെ സാമൂഹികകെട്ടുപാടിന് തകരാര്‍ സംഭവിച്ചിരിക്കുന്നു, നമ്മുടെ സമ്പദ് വ്യവസ്ഥയും തകര്‍ച്ചയിലാണ്, നമ്മള്‍ ഇരുണ്ട ഭൂതകാലത്തിലേക്ക് നിപതിച്ചിരിക്കുന്നു’- മോദി സര്‍ക്കാരിനെക്കുറിച്ച് നിങ്ങള്‍ നടത്തുന്ന വിധിയെഴുത്തായി ഇതിനെ കാണാമോ?
എഴുതിയ ഓരോ വാക്കിലും ഞാനുറച്ചു നില്‍ക്കുന്നു. നമ്മള്‍ ഇരുണ്ട ഭൂതകാലത്തിലാണുള്ളത്. ശാസ്ത്ര സമ്മേളനങ്ങളില്‍ നമ്മുടെ നേതാക്കള്‍ പ്ലാസ്റ്റിക് സര്‍ജറിയെയും മറ്റും കുറിച്ച് പറഞ്ഞ കാര്യങ്ങൾ തന്നെ നോക്കൂ.
ഉപസംഹാരത്തിന്റെ രണ്ടാം ഭാഗത്തേക്ക് വരാം. 'ഇന്ത്യ ശരിക്കും ഒരു നാല്‍ക്കവലയിലാണ്. ഹിന്ദു-ഹിന്ദുത്വ ആഖ്യാനത്തിന് ഇന്ത്യയുടെ മുഴുവന്‍ രാഷ്ട്രീയ വ്യവഹാരത്തെ വിഴുങ്ങാന്‍ അനുവദിക്കണോ അതോ നാനാത്വത്തെ ആഘോഷിക്കുന്ന ഇന്ത്യയെന്ന ലിബറല്‍ ജനാധിപത്യത്തിന്റെ തത്വങ്ങളെ ശക്തിയുക്തം തിരികെപ്പിടിക്കണോ എന്നു തീരുമാനിക്കേണ്ട നാലുംകൂടിയ പാതയിലാണിന്നുള്ളത്.' നമുക്കതിന് സാധിക്കുമെന്നും അതിന് ഒരവസരമെങ്കിലും ബാക്കിയുണ്ടെന്നും ഒരു നല്ല നാളേക്കായി മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്നുമല്ലേ ഇതിലൂടെ താങ്കള്‍ പറയുന്നത്?
നമുക്കതിന് കരുത്തുണ്ടെന്നാണ് ഞാന്‍ കരുതുന്നത് കരണ്‍. ഈ റിപ്പബ്ലിക്കിന് ഇത്തരം ആഖ്യാനങ്ങളെ തള്ളിക്കളയാന്‍ ഇനിയും സാധിക്കുമെന്നും ഇതിന്റെ സ്ഥാപിതതത്വങ്ങളായ ഒത്തൊരുമയും യോജിപ്പും തിരികെപ്പിടിക്കാനാവുമെന്നും ഞാന്‍ വിശ്വസിക്കുന്നു. സമ്പദ് വ്യവസ്ഥയും മറ്റും അവിടെ നില്‍ക്കട്ടെ, സമൂഹത്തെക്കുറിച്ചാണ് ഞാന്‍ സംസാരിക്കാനാഗ്രഹിക്കുന്നത്. ഒരു ഹിന്ദുവിന്റെ ഗര്‍ഭപാത്രത്തില്‍ ജനിക്കുകയെന്നത് എന്റെയോ നിങ്ങളുടെയോ ചോയ്‌സായിരുന്നില്ലല്ലോ. ഒരു പ്രത്യേക ഗര്‍ഭപാത്രത്തില്‍ ജനിച്ചുവെന്നതിന്റെ പേരില്‍ ആരെയെങ്കിലും തല്ലിക്കൊല്ലാനോ രണ്ടാം കിടക്കാരായി കാണാനോ നമുക്കെന്തവകാശം? കാലാകാലങ്ങളായി ജനങ്ങള്‍ ഇവിടെ ജീവിക്കുന്നുണ്ട്. എന്തിനാണ് വിവേചനം? ആ ആഖ്യാനത്തിന്റെ പേരിലാണോ നിങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്നത്, ആ ആഖ്യാനത്തിന്റെ പേരിലാണോ നിങ്ങള്‍ പൗരത്വ നിയമം പോലുള്ള നിയമങ്ങള്‍ പാസാക്കുന്നത്? അപ്പോള്‍ അതിനെ തള്ളണോ അതോ പ്രോത്സാഹിപ്പിക്കണോ എന്നതാണ് ഇന്ത്യയിലെ പൗരജനങ്ങൾക്ക് മുന്നിലുള്ള ഇന്നത്തെ ആദ്യത്തെ ചോദ്യം.
അവസാന ചോദ്യം. 2024ല്‍ മോദി സര്‍ക്കാര്‍ മൂന്നാംവട്ടവും അധികാരത്തിലെത്തിയാല്‍ എന്തു സംഭവിക്കുമെന്നാണ് നിങ്ങള്‍ കരുതുന്നത്?
ഇതൊരു ഹിന്ദുരാഷ്ട്രമായി മാറ്റപ്പെടുകയും ഭൂരിപക്ഷ മതത്തോട് യോജിക്കാത്തവരെല്ലാം രണ്ടാം കിട പൗരന്മാരായി മാറ്റപ്പെടുകയും ചെയ്യും. മോദിയുടെ മൂന്നാമൂഴം രാജ്യത്തിന് ഒരു ഭീമമായ ദുരന്തമായി ഭവിക്കും. നാനാത്വത്തെ മാനിക്കാത്ത, മതേതരത്വത്തെ മാനിക്കാത്ത ഒറ്റ മതവും ഒറ്റ രാഷ്ട്രീയ പാര്‍ട്ടിയും ഒറ്റ ദേശവും ഒരു പക്ഷ ഒറ്റ ഭാഷയുമുള്ള രാഷ്ട്രമായേക്കും. ഇന്ത്യയെന്ന ആശയത്തിന്റെ പര്യവസാനമായിരിക്കുമത്.
വിവർത്തനം: റമീസുദ്ദീൻ വി.എം