Begin typing your search above and press return to search.
proflie-avatar
Login

രോഗികളുടെ അവകാശങ്ങൾക്കും വേണം സംരക്ഷണം

രോഗികളുടെ അവകാശങ്ങൾക്കും വേണം സംരക്ഷണം
cancel

പൊ​ലീ​സ് വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കെ​ത്തി​ച്ച ല​ഹ​രി അ​ടി​മ​യാ​യൊ​രു അ​ധ്യാ​പ​ക​ന്‍ യു​വ​ഡോ​ക്ട​റെ കു​ത്തി​ക്കൊ​ന്ന സം​ഭ​വ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍ച്ച​ക​ള്‍ ഈ​യ​ടു​ത്ത കാ​ല​ത്താ​യി വീ​ണ്ടും ഉ​യ​ര്‍ന്നു​വ​ന്നി​രു​ന്നു. വി​ഷ​യ​ത്തി​ൽ ഉ​ട​ന​ടി ഇ​ട​പെ​ട്ട കോ​ട​തി സ​ര്‍ക്കാ​റും നി​യ​മ​പാ​ല​ക​രും അ​തു​റ​പ്പാ​ക്കാ​ൻ വേ​ണ്ട​തെ​ല്ലാം ഉ​ട​ന്‍ ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, പ്ര​സ്തു​ത സം​ഭ​വ​ത്തി​ലെ യ​ഥാ​ർ​ഥ വി​ല്ല​നാ​യ ല​ഹ​രി​ആ​സ​ക്തി ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ലേ​ക്കൊ​ന്നും ച​ര്‍ച്ച വി​ക​സി​ച്ചി​ല്ല. ദി​വ​സ​ങ്ങ​ള്‍ക്ക​കം 2012ലെ ​കേ​ര​ള ആ​രോ​ഗ്യ​ര​ക്ഷാ സേ​വ​ന പ്ര​വ​ര്‍ത്ത​ക​രും ആ​രോ​ഗ്യ​ര​ക്ഷാ സേ​വ​ന സ്ഥാ​പ​ന​ങ്ങ​ളും (അ​ക്ര​മ​വും സ്വ​ത്തി​നു​ള്ള നാ​ശ​വും ത​ട​യ​ല്‍) എ​ന്ന ആ​ക്ടി​നെ ഭേ​ദ​ഗ​തി ചെ​യ്ത് ഉ​ട​ന്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​മെ​ന്ന അ​റി​യി​പ്പോ​ടെ 2023ലെ 1ാം ​ന​മ്പ​ര്‍ ഒ​ര്‍ഡി​ന​ന്‍സാ​യി പു​തി​യ നി​യ​മം ന​ട​പ്പാ​ക്കി. ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രു​ടെ സു​ര​ക്ഷ​ക്കാ​യി നി​യ​മം അ​നി​വാ​ര്യ​മാ​ണ്. എ​ന്നാ​ല്‍, വി​പു​ല​മാ​യ നി​ര്‍ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍പ്പി​ച്ച സ​ര്‍ക്കാ​ര്‍ രോ​ഗി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് കാ​ര്യ​മാ​യൊ​ന്നും പ​റ​യു​ന്നി​ല്ല എ​ന്ന​ത് വ​ലി​യ ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്നു.

ഈ ​നി​യ​മ​ത്തി​ൽ വി​വ​ക്ഷി​ക്കു​ന്ന ആ​രോ​ഗ്യ​ര​ക്ഷാ സേ​വ​ന സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്ന​തി​​ന്റെ പ​രി​ധി​യി​ൽ സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് പു​റ​മേ എ​ല്ലാ അം​ഗീ​കൃ​ത സ്വ​കാ​ര്യ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളും ഉ​ള്‍പെ​ടും. കേ​ര​ള​ത്തി​ല്‍ വ​ലി​യ വ്യ​വ​സാ​യ മേ​ഖ​ല​യാ​യി മാ​റി​യ ആ​രോ​ഗ്യ​രം​ഗ​ത്തെ കു​ത്ത​ക​ക​ള്‍ക്ക്​ സം​ര​ക്ഷ​ണ​മേ​കാ​ൻ ഈ ​ഓ​ർ​ഡി​ന​ൻ​സ്​ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക മ​റ​ച്ചു​വെ​ക്കാ​നാ​വി​ല്ല. ഓ​ര്‍ഡി​ന​ന്‍സി​ലെ ചി​ല ഭേ​ദ​ഗ​തി​ക​ള്‍ ഈ ​ആ​ശ​ങ്ക ശ​ക്ത​മാ​ക്കു​ന്നു​ണ്ട്.

ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ എ​ന്ന​തി​ന്റെ നി​ര്‍വ​ച​ന​ത്തി​ല്‍ ഇ​തു​വ​രെ ഉ​ള്‍പ്പെ​ട്ടി​രു​ന്ന​വ​ര്‍ക്ക് പു​റ​മേ മാ​നേ​ജ്‌​മെ​ന്റും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​നേ​ജീ​രി​യ​ല്‍ സ്റ്റാ​ഫു​മ​ട​ക്ക​മു​ള്ള എ​ല്ലാ​രെ​യും ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഇ​തി​ലൂ​ടെ ആ​രോ​ഗ്യ​ക​ച്ച​വ​ട​ത്തി​ന് ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന കു​ത്ത​ക​ക​ളെ സം​ര​ക്ഷി​ക്കാ​നും മാ​നേ​ജ്‌​മെ​ന്റി​​ന്റെ അ​രു​താ​യ്​​മ​ക​ൾ​ക്കെ​തി​രെ രോ​ഗി​ക​ളും ബ​ന്ധു​ക്ക​ളും ന്യാ​യ​മാ​യും ഉ​യ​ർ​ത്തി​യേ​ക്കാ​വു​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ളെ​​പ്പോ​ലും ഇ​ല്ലാ​താ​ക്കാ​നും സാ​ധി​ക്കും. ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ക്കെ​തി​രാ​യ അ​ക്ര​മം എ​ന്ന​തി​ല്‍ ഇ​തു​വ​രെ ഉ​ണ്ടാ​യി​രു​ന്ന​ത് ശാ​രീ​രി​ക​മാ​യ പ​രി​ക്കും സ്വ​ത്തു​വ​ക​ക​ള്‍ക്കു​ള്ള നാ​ശ​വു​മാ​യി​രു​ന്നു. എ​ന്നാ​ല്‍, പു​തി​യ ഭേ​ദ​ഗ​തി​യി​ല്‍ വാ​ക്കാ​ലു​ള്ള അ​പ​മാ​നം എ​ന്ന് ചേ​ര്‍ത്തി​ട്ടു​ണ്ട്. ഇ​ത് വ്യാ​പ​ക ദു​രു​പ​യോ​ഗ​ത്തി​ന് സാ​ധ്യ​ത ന​ല്‍കു​ന്നു​ണ്ട്. മു​ക​ളി​ല്‍ പ​റ​ഞ്ഞ​തു​പോ​ലെ സ്വ​കാ​ര്യ ആ​രോ​ഗ്യ ക​ച്ച​വ​ട​ക്കാ​രും മ​റ്റും ന​ട​ത്തു​ന്ന എ​ന്ത് അ​ക്ര​മ​ത്തെ​യും രോ​ഗി​ക​ള്‍ നി​ശ്ശ​ബ്​​ദം അം​ഗീ​ക​രി​ക്കേ​ണ്ടി​വ​രും. അ​തി​നെ​തി​രെ പ്ര​തി​ഷേ​ധ​ത്തി​ന്റെ വാ​ക്കു​ക​ളു​യ​ര്‍ത്തു​ന്ന​തും പ്ര​തി​ക​രി​ക്കു​ന്ന​തു​മെ​ല്ലാം അ​ക്ര​മ​മാ​യി മു​ദ്ര​കു​ത്ത​പ്പെ​ടു​ക​യും വ​ലി​യ ശി​ക്ഷ​ക്ക് കാ​ര​ണ​മാ​കു​ക​യും ചെ​യ്യും. രോ​ഗി​ക​ളെ ചി​കി​ത്സാ ക​ച്ച​വ​ട​ത്തി​ന്റെ ഇ​ര​ക​ളാ​ക്കു​ന്ന​തി​ന് പു​റ​മേ അ​തി​നെ​തി​രെ പ്ര​തി​ക​രി​ക്കു​ന്ന​വ​രെ അ​ടി​ച്ചൊ​തു​ക്കി ഇ​ല്ലാ​താ​ക്കാ​നും ക്ര​മേ​ണ ഈ ​നി​യ​മം ഉ​പ​യോ​ഗി​ക്ക​പ്പെ​ടും.

ശി​ക്ഷ​യു​ടെ വ​ര്‍ധ​ന​യും നി​യ​മ​ന​ട​ത്തി​പ്പി​ലെ വേ​ഗ​വും പു​തി​യ ഓ​ര്‍ഡി​ന​ന്‍സ് ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്. അ​ധി​കാ​ര​വും പ​ണ​വും സ്വാ​ധീ​ന​വു​മു​ള്ള​വ​ര്‍ക്ക് ഈ ​നി​യ​മ​ങ്ങ​ള്‍ ദു​രു​പ​യോ​ഗം ചെ​യ്ത് രോ​ഗി​ക​ളെ നി​ശ്ശ​ബ്​​ദ​രാ​ക്കാ​നു​ള്ള അ​വ​സ​രം ഇ​ത് വ​ര്‍ധി​പ്പി​ക്കു​ന്നു​ണ്ട്. പി​ന്നാ​ക്ക​ക്കാ​രും ദ​രി​ദ്ര​രു​മാ​യ രോ​ഗി​ക​ള്‍ക്ക് നി​യ​മ​സ​ഹാ​യ​ങ്ങ​ളും മ​റ്റും ല​ഭ്യ​മാ​കു​ന്ന​തി​നു​മു​മ്പെ അ​വ​ര്‍ പീ​ഡി​പ്പി​ക്ക​പ്പെ​ടാ​ന്‍ ഇ​ത് കാ​ര​ണ​മാ​കും. ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​രും രോ​ഗി​ക​ളും ശ​ത്രു​ത​യോ​ടെ പ​ര​സ്പ​രം കാ​ണ​ണ​മെ​ന്ന സ​ന്ദേ​ശ​മാ​ണി​ത് ന​ല്‍കു​ന്ന​ത്. ഈ ​മാ​ന​സി​കാ​വ​സ്ഥ ഒ​രി​ക്ക​ലും ന​ല്ല​തി​ന​ല്ല.

സ്വ​കാ​ര്യ മു​ത​ലാ​ളി​മാ​രെ സം​ര​ക്ഷി​ക്കാ​നു​ള്ള വ​ലി​യ സാ​ധ്യ​ത​യാ​യി ഈ ​നി​യ​മം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​പ്പെ​ടു​ക​യാ​ണു​ണ്ടാ​വു​ക. പ്ര​ത്യേ​കി​ച്ചും വ​ലി​യ സ്വാ​ധീ​ന​ങ്ങ​ളു​ള്ള കു​ത്ത​ക​ക​ള്‍ക്ക് നി​യ​മ​വ​ഴി​ക​ള്‍ ഇ​പ്പോ​ഴേ എ​ളു​പ്പ​മാ​ണ്. ദു​ര്‍ബ​ല​രാ​യ രോ​ഗി​ക​ള്‍ക്കാ​ക​ട്ടെ നി​യ​മ​ത്തി​ന്റെ സാ​ധ്യ​ത​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യും വ​രും. ഈ​യ​ടു​ത്ത കാ​ല​ത്തു​ത​ന്നെ ആ​ശു​പ​ത്രി​ക​ളി​ലു​ണ്ടാ​യ ചി​ല സം​ഭ​വ​ങ്ങ​ളി​ല്‍ രോ​ഗി​ക​ള്‍ ഇ​ര​ക​ളാ​ക്ക​പ്പെ​ട്ടി​രു​ന്നു. അ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ലെ​ല്ലാം നി​യ​മ​ത്തി​ന്റെ പ​ഴു​തു​ക​ളു​പ​യോ​ഗി​ച്ച് കു​റ്റ​ക്കാ​ര്‍ ര​ക്ഷ​പ്പെ​ടു​ക​യാ​ണ് ചെ​യ്ത​ത്. ഇ​ത്ത​രം പ്ര​വ​ണ​ത​ക​ള്‍ വ​ര്‍ധി​ക്കാ​നും ഈ ​സാ​ഹ​ച​ര്യം കാ​ര​ണ​മാ​കും. പു​തി​യ ഭേ​ദ​ഗ​തി​യി​ല്‍ ആ​ശു​പ​ത്രി​യു​ടെ സം​ര​ക്ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സു​ര​ക്ഷാ സേ​ന​യു​ടെ രൂ​പ​വ​ത്​​ക​ര​ണ​വും മ​റ്റ് ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും പ​റ​യു​ന്നു​ണ്ട്. രോ​ഗി​ക​ളും ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​രും ത​മ്മി​ലെ മാ​നു​ഷി​ക ബ​ന്ധ​ങ്ങ​ളെ ഒ​ട്ടു പ​രി​ഗ​ണി​ക്കാ​തെ​യു​ള്ള ആ​ധു​നി​ക അ​ധി​കാ​ര യു​ക്തി​യാ​ണി​ത്. പൗ​രാ​വ​കാ​ശ​ത്തെ​ക്കാ​ള്‍ ദേ​ശ​സു​ര​ക്ഷ​ക്ക് പ്രാ​ധാ​ന്യം ന​ല്‍ക​ണ​മെ​ന്ന ദേ​ശ​രാ​ഷ്ട്ര യു​ക്തി​ത​ന്നെ​യാ​ണ് ഇ​വി​ടെ​യും പ്ര​വ​ര്‍ത്തി​ക്കു​ന്ന​തും.

(സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)

Show More expand_more
News Summary - Patient Rights and Ethics