Begin typing your search above and press return to search.
proflie-avatar
Login

ഇന്ത്യയിലെ പൊലീസ് ഉത്തരവാദിത്തത്തെ നമുക്കെങ്ങനെ പുനരാലോചിക്കാം?

police accountability in india
cancel

പൊലീസിന്റെ ബലപ്രയോഗമാണ് ഇന്ത്യയിലെ നീതിനിർവഹണ സംവിധാനത്തിലെ കാതലായ ഒരു പ്രശ്നം. ഇതിന് പരിഹാരമായി ഇതുവരെ കേന്ദ്രീകരിച്ചിരുന്നത് പൊലീസിന്റെ പ്രവർത്തന സ്വാതന്ത്ര്യത്തിലും രാഷ്ട്രീയത്തിൽ നിന്നുള്ള വിച്ഛേദനത്തിലുമാണ്. എന്നാൽ രാഷ്ട്രീയ-പൊലീസ് ബന്ധത്തെ മെച്ചപ്പെടുത്തിക്കൊണ്ട് മാത്രം ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമോ എന്നത് പുനരാലോചിക്കേണ്ടതാണ്.

ജോർജ് ഫ്ലോയ്ഡിൻ്റെ കൊലപാതകത്തെ തുടർന്ന് പൊലീസിനുള്ള ഫണ്ട് നിർത്തലാക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള “ഡീഫണ്ട് ദി പൊലീസ്” യുഎസ്സിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വലിയ രാഷ്ട്രീയ സമ്മർദ്ദമുണ്ടാക്കി. ആ സംഭവത്തിന് കൃത്യം ഒരു മാസത്തിന് ശേഷം, തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ സാത്തൻകുളം എന്ന നഗരത്തിൽ ജയരാജിന്റെയും ഫെനിക്സിന്റെയും കസ്റ്റഡി മരണത്തെ തുടർന്ന് ആളുകൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. അനുബന്ധിയായി വികാസ് ഡൂബെയുടെ ഏറ്റുമുട്ടലിലുണ്ടായ മരണവും ഹത്രാസ് കൂട്ട ബലാത്സംഗ കേസ് കൈകാര്യം ചെയ്തതുമൊക്കെ പുറത്തുവന്നു. 2019ന്റെ അവസാന മാസങ്ങളിൽ, പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന രാജ്യാന്തര സമരങ്ങളിലെ പൊലീസിന്റെ പെരുമാറ്റ രീതികളും, ഹൈദരാബാദിലെ മൃഗഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ നാല് കുറ്റാരോപിതരുടെ ഏറ്റുമുട്ടൽ കൊലയുമൊക്കെ പൊലീസിന്റെ മനുഷ്യാവകാശ ലംഘനങ്ങളിലേക്ക് കൂടുതൽ വെളിച്ചം വീശുന്നവയാണ്.


പൊലീസിന്റെ ബലപ്രയോഗം അമേരിക്കയിലെന്ന പോലെ, ഒരുപക്ഷേ അതിൽ കൂടുതൽ, ഇന്ത്യയിലും കാതലായ ഒരു പ്രശ്നമാണ്. കോവിഡ് മഹാമാരി ഇതിനെ കൂടുതൽ വഷളാക്കുകയും ചെയ്തിട്ടുണ്ട്. മഹാമാരിയുടെ ആദ്യ ഘട്ടങ്ങളിൽ ഇന്ത്യൻ ഭരണകൂടത്തിന്റെ നടപടികൾ കാര്യമായി ലോക്ക്ഡൗണുകളിൽ കേന്ദ്രീകരിച്ചതിനാൽ, അവ നടപ്പിലാക്കാൻ വേണ്ടിയുള്ള പൊലീസിന്റെ ബലപ്രയോഗം വ്യാപകമായിയിരുന്നു. നിലവിലുള്ള ഉത്തരവാദിത്വ (accountability) നടപടികളെയും അഭികാമ്യമായ ഫലങ്ങൾ കൈവരിക്കുന്നതിലുള്ള അവയുടെ പരാജയവും ഈ പശ്ചാത്തലത്തിൽ നമ്മൾ പരിശോധിക്കുന്നു. ഇന്ത്യയിലെ പൊലീസ് ഉത്തരവാദിത്വത്തെ കുറിച്ചു പുനരാലോചിക്കുവാൻ നമ്മൾ രണ്ട് പ്രധാന മേഖലകളിൽ ഊന്നൽ കൊടുക്കണം - സാമൂഹിക പൊലീസിങും മെച്ചപ്പെട്ട പരിശീലനവും.


രാഷ്ട്രീയ സമ്മർദ്ദവും ഉത്തരവാദിത്വ സംവിധാനങ്ങളുടെ പരാജയവും

സ്വതന്ത്ര ഇന്ത്യ 1977ൽ നാഷണൽ പൊലീസ് കമ്മീഷൻ (എൻ.പി.സി) രൂപീകരിച്ചത് മുതൽ പൊലീസ് നവീകരണങ്ങൾക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ്. മറ്റു പല കാരണങ്ങൾക്കിടയിലും ഇത്തരം നടപടികളുടെ വിജയം ഒരു വലിയ അളവോളം ആശ്രയിക്കുന്നത് പൊലീസിന്റെ നിർവ്വഹണപരമായ സ്വയംഭരണാധികാരത്തിലും രാഷ്ട്രീയ സമ്മർദ്ദങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യത്തിലുമാണ്. ഉദാഹരണത്തിന്, കൃത്യവിലോപം നടത്തുന്ന ഓഫീസർമാരോ ക്രിമിനലുകളോ രാഷ്ട്രീയ രക്ഷാധികാരം ലഭിക്കുന്നവരായാൽ പൊലീസ് തലവന്മാർക്ക് ഓഫീസർമാരെ ശാസിക്കുന്നതിലും ക്രിമിനലുകളെ അന്വേഷിക്കുന്നതിനുമുള്ള ചട്ടങ്ങൾ പാലിക്കുന്നതിലും ബുദ്ധിമുട്ട് നേരിടും. അതേസമയം തന്നെ രാഷ്ട്രീയ-പൊലീസ് ബന്ധം ശരിയാക്കിയാൽ മാത്രം കൂടുതൽ ഉത്തരവാദിത്വമുള്ള പൊലീസ് ആകാൻ കഴിയുമോ എന്ന ചോദ്യവും പ്രസക്തമാണ്. ഇത്തരം മേൽ-കീഴ് നവീകരണങ്ങൾ സ്വാതന്ത്ര്യലബ്ദി മുതൽ തന്നെ രാജ്യത്ത് അനിശ്ചിതത്വത്തിലാണെങ്കിലും, പൊലീസ് ശാക്തീകരണം ലക്ഷ്യംവച്ചുകൊണ്ടുള്ള സമാന്തരമായ കീഴ്-മേൽ സമീപനങ്ങളെ അവ വേണ്ടത്ര പരിഗണിച്ചിട്ടില്ല. പൊതുജനം-പൊലീസ് എന്ന അധികാര സമവാക്യം മാറ്റാൻ ലക്ഷ്യമിട്ടുള്ള ശ്രേണീപരമായ മാറ്റങ്ങൾക്കും തുല്യപരിഗണന വേണമെന്ന് ഞങ്ങൾ കരുത്തുന്നു. ഈ നവീകരണങ്ങൾ കോളനികാല പൊലീസ് അധികാരത്തിൽ നിന്നും ജനാധിപത്യ പൊലീസിങിന്റെ യഥാർഥ ആത്മാവിലേക്കുള്ള മാറ്റത്തെ കുറിക്കുന്നതാണ്.


നിലവിലുള്ള രീതികളും പരിഷ്കരണങ്ങളും പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത് ഇന്ത്യയിലെ പൊലീസ് ഉത്തരവാദിത്വം വിശാലാർഥത്തിൽ ആന്തരികവും ബാഹ്യവുമായ പരിശോധനകളിലൂടെയാണ് നിലനിർത്തിപ്പോരുന്നത് എന്നാണ് (Joshi, 2005). എൻ.പി.സിയും റിബേറോ കമ്മിറ്റിയും പദ്മനാഭയ്യ കമ്മിറ്റിയുമെല്ലാം ശിപാർശ ചെയ്തത് സൂപ്പർവൈസർമാരുടെ മേൽനോട്ടവും വകുപ്പുകൾ തമ്മിലുള്ള അന്വേഷണവുമൊക്കെ ഉൾകൊള്ളുന്ന ഒരു ആഭ്യന്തര ഉത്തരവാദിത്വ സംവിധാനമായിരുന്നു. ഈ ആഭ്യന്തര ഉത്തരവാദിത്വ സംവിധാനത്തിൽ 1861ലെ ഇന്ത്യൻ പൊലീസ് ആക്ടും വിവിധ സംസ്ഥാന പൊലീസ് ആക്ടുകളും മാന്വലുകളും അനുസരിച്ചുള്ള ഡിപ്പാർട്മെന്റിനകത്തുള്ള ചട്ടങ്ങളും ആനുകൂല്യങ്ങളും ഉൾപ്പെടും. 1861ലെ ഇന്ത്യൻ പൊലീസ് ആക്ടനുസരിച് ആഭ്യന്തര ഉത്തരവാദിത്വ അധികാരങ്ങളുള്ളത് പൊലീസ് സൂപ്രണ്ട് പദവിക്കും അതിനു മുകളിലുമുള്ള ഉദ്യോഗസ്ഥർക്കുമാണ്. അവരുടെ കീഴുദ്യോഗസ്ഥർ വീഴ്ചവരുത്തുന്നവരോ അനുയോജ്യരല്ലെന്നോ കണ്ടെത്തിയാൽ, കൃത്യമായ അന്വേഷണങ്ങൾക്കു ശേഷം കീഴുദ്യോഗസ്ഥനെ പിരിച്ചുവിടുകയോ താൽക്കാലികമായി സസ്പെൻഡ് ചെയ്യുകയോ പദവിയിൽ താഴ്ത്തുകയോ ചെയ്യാവുന്നതാണ്. എന്നാൽ ഇത്തരം സംവിധാനങ്ങൾ നടപ്പിലാക്കുന്നതിലെ കാലതാമസവും നടപടികൾ സംബന്ധിച്ചുള്ള സങ്കീർണതകളും മൂലം ഉദ്യോഗസ്ഥരെ ഉത്തരവാദിത്വമുള്ളവരായി നിർത്തുന്നതിൽ ആഭ്യന്തര സംവിധാനങ്ങൾ പരാജയപ്പെടുന്നു (Joshi, 2005); അതേപോലെ പൊലീസിന്റെ ബലപ്രയോഗത്തെയും ഏറ്റുമുട്ടൽ മരണങ്ങളെയും കുറിച്ചുള്ള ഗവേഷണ പഠനമനുസരിച്ചു ഇവ ഉപകാരശൂന്യമാണെന്നും കരുതപ്പെടുന്നു. ഗവേഷണ പ്രതികരണങ്ങളിൽ ചിലത് സൂചിപ്പിക്കുന്നത് ഇത്തരം നടപടിക്രമങ്ങൾ മിക്കപ്പോഴും ക്രമക്കേടുകളിലും അക്രമങ്ങളിലും കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടുപിടിക്കാറില്ല എന്നതാണ്. കൂടിപ്പോയാൽ ഇത്തരം നടപടികളിൽ നിന്നുള്ള പ്രത്യാഘാതങ്ങളെ 'കൈത്തണ്ടയിളലെ ഒരു അടിയായെ’ വിശേഷിപ്പിക്കുവാൻ സാധിക്കൂ (Belur, 2010). ആഭ്യന്തര ഉത്തരവാദിത്വ സംവിധാനങ്ങൾക്കെതിരെയുള്ള മറ്റൊരു വിമർശനം പൊലീസ് സ്ഥാപനത്തിന് അഭിമാനക്ഷതമുണ്ടാക്കാവുന്ന തെറ്റായ സംഭവങ്ങളെ മൂടിവെക്കാനുള്ള വികലമായ പ്രചോദനം അത് നൽകുന്നു എന്നതാണ്.

മറ്റൊരു വശത്തു ബാഹ്യമായ സംവിധാനങ്ങളിൽ രാഷ്ട്ര സംവിധാനങ്ങളും (നീതിന്യായ വകുപ്പും ഭരണനിർവഹകരും) പൊതു സ്ഥാപനങ്ങളും (പൗര സമിതികൾ, ഗവൺമെന്റേതര സംഘടനകൾ, മാധ്യമങ്ങൾ) സ്വതന്ത്ര സ്ഥാപനങ്ങളും (മനുഷ്യാവകാശ കമ്മീഷൻ പോലുള്ള രാജ്യാന്തര അല്ലെങ്കിൽ അന്തർദേശീയ പരാതി പരിശോധനാ സ്ഥാപനങ്ങൾ) ഉൾപ്പെടുന്നു. ആഭ്യന്തര സംവിധാനങ്ങൾക്ക് നേർവിപരീതമായി - അതുവഴി കൂടുതൽ സ്വതന്ത്രരായി - ഇവ ചിത്രീകരിക്കപ്പെടുമെങ്കിലും അവയുടെ പ്രയോജനം സംശയകരമാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (എൻ.എച്ച്.ആർ.സി) അവസ്ഥ പരിശോധിക്കാം, ബാഹ്യമായ ഉത്തരവാദിത്വ സംവിധാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നെന്ന നിലയ്ക്ക് മനുഷ്യാവകാശ സംരക്ഷണ നിയമത്തിന് കീഴിൽ നിലവിൽ വന്നതും, മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ മറ്റു പലതിന്റെയും കൂടെ പൊലീസിനെയും നിലക്ക് നിർത്തുന്നതുമായ സംഘടനയാണത്. എന്നാൽ ഇതേ സംഘടനയുടെ ഏഴാമത് ചെയർമാനും മുൻ ചീഫ് ജസ്റ്റിസുമായ എച്ച്.എൽ ദത്തു അതിനെ വിശേഷിപ്പിച്ചത് 'പല്ലില്ലാത്ത കടുവ' എന്നായിരുന്നു. പ്രവർത്തന സ്വാതന്ത്ര്യമുണ്ടായിട്ടും അതിന്റെ അധികാരം ഭരണകൂടത്തിന് സ്വീകരിക്കാൻ നിർബന്ധമില്ലാത്ത ശുപാർശകൾ നൽകുന്നതിൽ ഒതുങ്ങുന്നു. തന്നെയുമല്ല, ഒരു സംഭവത്തിനും അതിന്റെ പരാതിക്കും ഇടയിൽ ഒരു വർഷത്തിലേറെ ദൈർഘ്യം ഉണ്ടായാൽ എൻ.എച്ച്.ആർ.സി വിഷയം അന്വേഷിക്കുകയില്ല.


രാഷ്ട്ര സ്ഥാപനങ്ങളോടുള്ള ഉത്തരവാദിത്വമെന്നതിൽ മജിസ്‌ട്രേറ്റിന്റെയോ നീതിന്യായ സംവിധാനങ്ങളുടെയോ അന്വേഷണവും പൊതുനിയമമോ സ്വകാര്യ ബാധ്യതകളോ ക്രിമിനൽ നിയമങ്ങളോ അനുസരിച്ചുള്ള നിയമനടപടികളും ഉൾപ്പെടും. ഗൗരവമേറിയ കേസുകളിൽ എൻ.പി.സി കോടതി അന്വേഷണം ശിപാർശ ചെയ്തിരുന്നു. അതേസമയം റിബേറോ, പദ്മനാഭയ്യ കമ്മിറ്റികൾ യഥാക്രമം ജില്ലാ സെഷൻസ് ജഡ്ജിയുടെയോ ജില്ലാ മജിസ്‌ട്രേറ്റിന്റെയോ നേതൃത്വത്തിലുള്ള ജില്ലാ പൊലീസ് സംവിധാനത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇത് പ്രശ്നകരമാണ്. കാരണം, 1861 ഇന്ത്യൻ പൊലീസ് ആക്ടിന്റെ നാലാമത്തെ സെക്ഷൻ അനുസരിച്ചു ജില്ലാ പൊലീസ് സംവിധാനം ജില്ലാ മജിസ്‌ട്രേറ്റിന്റെ നിയന്ത്രണത്തിലും മേൽനോട്ടത്തിലുമാണ്. അതിനാൽ തന്നെ ഇത്തരം രീതികൾ പൊതുജന വിശ്വാസം വളർത്തുവാൻ ആവശ്യമായ സ്വയംഭരണാധികാരത്തിൽ നിന്ന് ഒരു പടി പിന്നിലാണ് (Human Rights Initiative, 2015a and 2015b). ഇത്തരം സംവിധാനങ്ങൾ ഏതളവോളം അപൂർണമാണെന്നാൽ അവ പൊതു ജനങ്ങളുടെയോ സംവിധാനത്തിന് പുറത്തുള്ള സ്വതന്ത്ര കക്ഷികളുടെയോ ശബ്ദങ്ങളെ ശ്രദ്ധിക്കുന്നേയില്ല എന്നതാണ്.

സ്വതന്ത്ര ഉത്തരവാദിത്വ പരിശോധനാ സംവിധാനങ്ങൾക്ക് വേണ്ടിയുള്ള ഏറ്റവും ശക്തമായ നീക്കമുണ്ടായത് രണ്ടാം ഭരണപരിഷ്കാരങ്ങളെയും അതുപോലെ പ്രകാശ് സിങ് vs യൂണിയൻ ഓഫ് ഇന്ത്യ (2006) കേസിന്റെ ഭാഗമായി മോഡൽ പൊലീസ് ആക്ട് (എം.പി.എ) രൂപീകരിക്കാൻ കാരണമായ സുപ്രീംകോടതി വിധിയെയും തുടർന്നായിരുന്നു. ഉത്തരവാദിത്വ പരിശോധനക്ക് സുപ്രീംകോടതി പൊലീസ് പരാതി സംവിധാനത്തിന് (പൊലീസ് കംപ്ലൈന്റ്സ് ഒതോറിറ്റി - പി.സി.എ) ആഹ്വാനം ചെയ്യുകയും ചെയ്തു. സംസ്ഥാന തല പി.സി.എകൾ എസ്പി പദവിയിലും അതിന് മുകളിലുമുള്ള ഉദ്യോഗസ്ഥർക്കുമെതിരെയുള്ള കസ്റ്റഡി മരണം, ഗുരുതരമായി പരിക്കേൽപ്പിക്കൽ, ബലാത്സംഗം എന്നിങ്ങനെയുള്ള പരാതികൾ പരിശോധിക്കാൻ അധികാരമുള്ളവരാണ്. അനുബന്ധിയായി, ജില്ലാ തല പി.സി.എകൾ ഡിവൈഎസ്പി പദവി വരെയുള്ള ഉദ്യോഗസ്ഥർക്കെതിരെയുള്ള പിടിച്ചുപറി, വീട്/സ്ഥലം കയ്യേറ്റം, അധികാര ദുർവിനിയോഗം എന്നീ പരാതികൾ പരിശോധിക്കാനും അധികാരം നൽകപ്പെട്ടിട്ടുണ്ട്. കോമൺവെൽത്ത് മനുഷ്യാവകാശ ഇനിഷ്യേറ്റീവ് നടത്തിയ 2020ലെ പഠനത്തിൽ 28 സംസ്ഥാനങ്ങളിൽ ആകെ ഒരു സംസ്ഥാനം മാത്രമാണ് ഈ കാര്യങ്ങൾ പൂർണമായി നടപ്പാക്കിയതെന്നും മറ്റ് 23 സംസ്ഥാനങ്ങൾ തീരെ പരിഗണിച്ചില്ല എന്നും നാല് സംസ്ഥാനങ്ങൾ ഭാഗികമായി പാലിച്ചുവെന്നും കാണാം.


പി.സി.എകൾ നടപ്പിലാക്കുന്നതിൽ രണ്ട് ന്യൂനതകളാണ് സംഭവിക്കുന്നത്. ഒന്ന്, അവയുടെ രൂപീകരണവുമായി ബന്ധപ്പെട്ടതാണ്. രണ്ടാമത്തേത് പി.സി.എകളെ നിർണയിക്കുന്ന സ്വതന്ത്ര പാനലുമായി ബന്ധപ്പെട്ടതാണ്. മോഡൽ പൊലീസ് ആക്ട് അനുസരിച്ച് പി.സി.എകളിൽ സത്യനിഷ്ഠയും മനുഷ്യാവകാശങ്ങളോട് പ്രതിബദ്ധതയുമുള്ള അഞ്ചു അംഗങ്ങളാണ് വേണ്ടത്. വൈവിധ്യവും പ്രതിനിധാനവും ഉറപ്പുവരുത്താൻ മറ്റൊരു സംസ്ഥാനത്തു നിന്നുള്ള വിരമിച്ച ഒരു ഉദ്യോഗസ്ഥനും ബാക്കിയുള്ളവയിൽ നീതിന്യായ വകുപ്പിൽ പത്തു വർഷം പ്രവൃത്തിപരിചയമുള്ള ഒരു അംഗവും പൗരസമൂഹത്തെ പ്രതിനിധീകരിക്കുന്ന ഒരു അംഗവും പബ്ലിക്ക് അഡ്മിനിസ്ട്രേഷനിൽ പ്രവൃത്തിപരിചയമുള്ള മറ്റൊരു സംസ്ഥാനത്തു നിന്നുള്ള ഒരു ഉദ്യോഗസ്ഥനും ഉണ്ടായിരിക്കണം. അംഗങ്ങളിൽ ഒരാളെങ്കിലും സ്ത്രീയായിരിക്കണം. എന്നാൽ പി.സി.എ അംഗത്വവുമായി ബന്ധപ്പെട്ട് രണ്ട് പ്രശ്നങ്ങൾ ഉദിക്കുന്നുണ്ട്. ഒന്നാമത് അതിൽ ആധിപത്യമുള്ളത് ഉദ്യോഗസ്ഥ വർഗവും പൊലീസുമാണെന്നതും രണ്ടാമത് അംഗത്വത്തിൽ ആധിപത്യമുള്ളത് വിരമിച്ച ഉദ്യോഗസ്ഥരെക്കാളും നിലവിൽ സർവീസിലുള്ള പൊലീസുകാരും ഉദ്യോഗസ്ഥരുമാണെന്നതുമാണ്.

ഉത്തരവാദിത്വ പരിശോധനക്ക് നിർണായകമായ ഒരു ചട്ടക്കൂട് നൽകിയ ഡി.കെ ബസു vs സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാൾ (1997) കേസ് വിധിയുടെ മോശപ്പെട്ട നടപ്പിലാക്കൽ ഇതുപോലെ ഒരു കഥയാണ്. കസ്റ്റഡിയിലിരിക്കെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾ വർധിച്ചുവരുന്നതിനെതിരെ 11 കരുതൽ നടപടികൾ ഈ വിധിയിൽ നൽകിയിരുന്നു. അറസ്റ്റ് നടക്കുന്ന സമയത്തെ ഉദ്യോഗസ്ഥനെ കൃത്യമായി രേഖപ്പെടുത്തുക; തടങ്കലിലാക്കപ്പെട്ടവന് തന്റെ ബന്ധുവിനെയോ സുഹൃത്തിനെയോ അറസ്റ്റിനെ കുറിച്ചു അറിയിക്കാനുള്ള അവകാശം; എല്ലാ 48 മണിക്കൂറും സ്ഥാപനത്തിനകത്തെ ഡോക്ടർ മുഖേനയുള്ള വൈദ്യ പരിശോധനയും തടങ്കലിലാക്കപ്പെടുന്നതിന് മുൻപുള്ള വലുതും ചെറുതുമായ മുറിവുകളുടെ രേഖപെടുത്തലുകളും എല്ലാമാണ് മറ്റു പലതിന്റെയും കൂടെ ഇതിലുണ്ടായിരുന്നത്. അനിവാര്യമായി വേണ്ടത് ഈ വിധികളുടെ നടപ്പിലാക്കലാണ് (Singhvi, 2020). ഇതിലേക്കുള്ള സ്വാഗതാർഹമായ ഒരു ചുവടുവെപ്പ് 2020 ഡിസംബറിലെ പരംവീർ സിംഗ് സെയ്നി vs ബൽജിത് സിങ് കേസിൽ വിധിപറഞ്ഞുകൊണ്ട് രാജ്യത്തെ പൊലീസ് സ്റ്റേഷനുകളിലൊക്കെയും സിസിടിവി കാമറകൾ ഘടിപ്പിക്കാൻ സുപ്രീംകോടതിയുടെ നൽകിയ പ്രശസ്തമായ ഉത്തരവാണ്. അതുകൂടാതെ ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും സിസിടിവി കാമറയുടെ സാന്നിധ്യം അറിയിക്കുന്ന പോസ്റ്ററുകളും വേണം. അതിനോടൊപ്പം ഈ പോസ്റ്ററുകളിൽ സംസ്ഥാന/ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ ഒരു വ്യക്തിക്ക് പരാതി നൽകാനുള്ള അവകാശങ്ങളെ കുറിച്ചും മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെങ്കിൽ സിസിടിവി ദൃശ്യങ്ങൾ കരസ്ഥമാക്കാനുള്ള ഒരു വ്യക്തിയുടെ അവകാശങ്ങളെ കുറിച്ചും വിവരം നൽകണം (Verma, 2020). പ്രബലമായ ഈ വിധിയുടെ നടപ്പിലാക്കലും അതിന്റെ ഫലങ്ങളും കാണാനിരിക്കുന്നതേയുള്ളു. മുൻപുണ്ടായ സുപ്രീംകോടതി വിധികളെ പോലെ ഇവയും പാലിക്കൽ നിർബന്ധമില്ലാത്ത ഇനത്തിൽ വരാതിരിക്കട്ടെ എന്നാശിക്കാം.


പൊലീസ് ഉത്തരവാദിത്വം പുനരാലോചിക്കുമ്പോൾ

ഇത്തരം നവീകരണങ്ങൾ വിജയകരമായി നടപ്പിലാക്കുന്നതിനോടൊപ്പം പൊലീസിന്റെ ബലപ്രയോഗം സംബന്ധിച്ചുള്ള കേസുകൾ തീർപ്പാക്കാൻ അനുബന്ധമായി ചില നടപടികൾ സ്വീകരിക്കുന്നത് കൂടി സഹായകരമാവും. ഇനിയുള്ള ഭാഗത്ത് നമുക്ക് ഉത്തരവാദിത്തം മെച്ചപ്പെടുത്താനുള്ള തെളിവടിസ്ഥാനമാക്കിയുള്ള, പൊലീസ്-പൊതു ബന്ധവും പരിശീലനവും മുൻനിർത്തി കീഴെ നിന്നുള്ള ചില കരുതൽ സമീപനങ്ങളും പരിഹാരങ്ങളും നോക്കാം. ഇത്തരം നടപടികൾ ചെറിയ രീതിയിൽ നടപ്പിലാക്കപ്പെട്ടിട്ടുണ്ടെങ്കിലും ബൃഹത്തായ ഉത്തരവാദിത്ത നവീകരണങ്ങളെ പോലെ രാജ്യാന്തര തലത്തിൽ ഒരു പ്രോൽസാഹനം ആവശ്യമാണ്.


സാമൂഹിക സമ്പർക്ക പരിശീലനത്തിൽ ഊന്നുക: പൊലീസിന്റെ ബലപ്രയോഗം പരിശോധിക്കുന്നതിൽ പൊലീസിന്റെയും പൊതുജനങ്ങളുടെയും സമ്പർക്കങ്ങളുടെ വ്യവസ്ഥാപിതമായ ഒരു പരിശോധന ഉൾപ്പെടുന്നു. പൊലീസിന്റെ ബലപ്രയോഗത്തിനെ വിശദീകരിക്കുന്ന അത്തരമൊരു സിദ്ധാന്തമാണ് 'അധികാരം നിലനിർത്തൽ സിദ്ധാന്തം' (Alpert and Dunham, 2004). പേരിൽ തന്നെ വ്യക്തമാവുന്നത് പോലെ പൊലീസും പൗരന്മാരും തമ്മിലുള്ള ബന്ധത്തിന്റെ അടിത്തറ സാഹചര്യത്തെ കൈകാര്യം ചെയ്യാൻ തക്ക അധികാരം പൊലീസിന് നിലനിർത്തുന്നതിലാണ്. പൗരന്മാരാകട്ടെ മറ്റൊരു വശത്തു ബഹുമാനത്തോടെയും നീതിയോടെയും സേവിക്കപ്പെടേണ്ടവരാണ്. ഇന്ത്യൻ സാഹചര്യത്തിൽ ഈ സിദ്ധാന്തം യോജിക്കണമെങ്കിൽ പൊലീസിനെ 'ബലപ്രയോഗത്തിന്റെ വക്താക്കളായി' കാണുന്ന വാർപ്പുമാതൃകകളിൽ നിന്നും മുന്നോട്ട് സഞ്ചരിക്കേണ്ടതുണ്ട്. എന്നാൽ പൊലീസും പൗരന്മാരും തമ്മിലുള്ള ഈ ചലനാത്മകമായ സമ്പർക്കത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് അനുസരിച്ച് തീവ്രത കൂട്ടുന്നതിലേക്കോ കുറക്കുന്നതിലേക്കോ, ബലപ്രയോഗത്തിലേക്കോ അതിൽനിന്നുള്ള പിന്മാറ്റത്തിലേക്കോ നീങ്ങാമെന്നും ഈ സിദ്ധാന്തം പറയുന്നു. ഒരു സമ്പർക്കം, സൂക്ഷിച്ചു കൈകാര്യം ചെയ്‌താൽ തീവ്രത കുറക്കുന്നതിലേക്ക് നയിക്കാമെന്ന് മനസിലാക്കുന്നതിൽ ഈ സിദ്ധാന്തത്തിന്റെ സംഭാവന പ്രധാനമാണ്. ഇതിലുള്ള തുടർപഠനം (Wolfe et al., 2020) കാണിക്കുന്നത് യുഎസ്സിലെ രണ്ട് പൊലീസ് ഏജൻസികളിൽ നടത്തിയ പരീക്ഷണത്തിൽ സാമൂഹിക സമ്പർക്കത്തിൽ ഊന്നിക്കൊണ്ടുള്ള 'മനഃപൂർവ്വ' പരിശീലനങ്ങൾ നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടു എന്നതാണ്. പൊലീസ് പരിശീലനം മെച്ചപ്പെടുത്തുവാൻ സഹായകരമാകുന്ന ഇത്തരം പഠനങ്ങൾ ഇന്ത്യയിൽ ഇനിയും നടക്കുവാനുണ്ട്. അതുകൂടാതെ ഇനി പറയാൻ പോകുന്ന സാമൂഹിക പൊലീസിങ് എന്ന ആശയം, കേരളത്തിൽ വിജയകരമായി തെളിയിച്ചത് പോലെ, പൊലീസും പൗരന്മാരും തമ്മിലുള്ള പെരുമാറ്റ ചട്ടങ്ങളെ മെച്ചപ്പെടുത്തുന്നതിൽ നേരിട്ട് ഊന്നൽ കൊടുക്കുന്നു.

സാമൂഹിക സമ്പർക്കത്തിൽ പൊലീസിനെ പരിശീലിപ്പിക്കൽ ഒരു വശമാണെന്നിരിക്കെ, കുറ്റനിർണയത്തിലേക്ക് ക്രിമിനൽ കേസുകൾ എത്താത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് മനുഷ്യാവകാശ മാന്വൽ പ്രകാരം (National Human Rights Commission, 2011), ആവശ്യമായതും ഒഴിവാക്കാൻ പറ്റാത്തതുമായ തെളിവുകളുടെ അഭാവമാണ്. ശാസ്ത്രീയമായ അന്വേഷണ രീതികളിലും ചോദ്യംചെയ്യൽ പ്രക്രിയയിലുമുള്ള പരിശീലനം അന്വേഷണങ്ങളുടെ ഗുണം മെച്ചപ്പെടുത്തുന്നതിലും ‘മൂന്നാം മുറകളെ’ ആശ്രയിക്കുന്നത് കുറക്കുന്നതിലും നിർണായകമായ മാറ്റമുണ്ടാക്കും. ദി ട്രൂത്ത് മെഷീൻസ്: പൊലീസിങ്, വയലൻസ്, ആൻഡ് സയന്റിഫിക് ഇന്ററോഗേഷൻസ് ഇൻ ഇന്ത്യ (The Truth Machines: Policing, Violence, and Scientific Interrogations in India) എന്ന തന്റെ പുസ്തകത്തിൽ ജിനീ ലോകനീത ഈ ആശയം അന്വേഷിക്കുന്നുണ്ട്. അതുകൂടാതെ, മർദ്ദനത്തിന് കീഴിൽ ലഭിച്ച തെളിവുകൾ കോടതികളിൽ സ്വീകാര്യമല്ലെങ്കിലും ഇന്ത്യൻ എവിഡൻസ് ആക്ടിലെ സെക്ഷൻ 27 പ്രകാരം കുറ്റസമ്മതം മൂലം ലഭിച്ച തൊണ്ടിമുതലും അതിലേക്ക് നയിച്ച കുറ്റസമ്മതവും സ്വീകാര്യമാണ്. അതുമൂലം പൊലീസ് ഉദ്യോഗസ്ഥർ പെട്ടെന്നുതന്നെ ബലപ്രയോഗത്തിലേക്ക് കടക്കുന്നു.


സാമൂഹിക പൊലീസിങ്: തങ്ങളെ നീതിപൂർണമായി കൈകാര്യം ചെയ്യുന്ന തങ്ങളുടെ പ്രതിനിധികളായും രാഷ്ട്രത്തിന്റെ കാര്യകർത്താക്കളായും ജനങ്ങൾക്ക് പൊലീസിനെ കാണാൻ സാധിക്കണം. അസമത്വപരമായ അധികാര ബലതന്ത്രത്തെ പരിഹരിക്കാൻ കാഴ്ചപ്പാടിലെ ഇത്തരമൊരു മാറ്റം അനിവാര്യമാണ്. പൊലീസിന്റെ ആധികാരികതയും അധികാരത്തിന്റെ അംഗീകാരവും പേടിയിൽ അടിസ്ഥാനമാക്കാതെ നീതിയിലും വിശ്വാസത്തിലുമാവുകയും ചെയ്യും. ഇന്ത്യയിൽ ഇത് നടപ്പിലാക്കപ്പെട്ടിട്ടുള്ള ഒരു പ്രധാന മാർഗം സാമൂഹിക പൊലീസിങിലൂടെയാണ്. സാമൂഹിക പൊലീസിങ് എന്നത് സുരക്ഷ ഉറപ്പുവരുത്തുന്നതിൽ പൊലീസും പൗരന്മാരും പരസ്പരമുള്ള ആരോഗ്യപരമായ ഒരു ബന്ധമാണ്. കേരള സംസ്ഥാന ഭരണകൂടം 2008 മാർച്ചിൽ തുടക്കം കുറിച്ച ജനമൈത്രി സുരക്ഷാ പദ്ധതി ഇത്തരത്തിൽ ഒരു പദ്ധതിയാണ്. ഈ പദ്ധതിയുടെ അടിസ്ഥാനപരമായ രീതി ഒരു ബീറ്റ് ഓഫീസറുമായി വീടുവീടാന്തരം ശക്തമായ സാമൂഹിക ബന്ധം വളർത്തുക എന്നതാണ്. ഓരോ പൊലീസ് ഉദ്യോഗസ്ഥനും ഏകദേശം 500 വീടുകൾ കൃത്യപ്പെടുത്തി നൽകും. പൊതുജനവുമായി പരസ്പരം മനസിലാക്കിക്കൊണ്ടുള്ള ഒരു ബന്ധം വാർത്തെടുക്കലാണ് അവരുടെ ജോലി. കേരളത്തിലെ ഈ സാമൂഹിക പൊലീസിങിന്റെ ഫലങ്ങൾ പരിശോധിക്കുന്ന പഠനത്തിൽ (Kumar 2012) പങ്കെടുത്ത മിക്കപേരും പ്രതികരിച്ചത് പൊലീസ് സഹായകരമാണെന്നും മര്യാദയുള്ളവരാണെന്നുമാണ്. അതുപോലെ അടിസ്ഥാന ഫലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സാമൂഹിക പൊലീസിങ് മൂലം ആളുകൾ കൂടുതൽ സുരക്ഷിതത്വ ബോധമുള്ളവരും പൊലീസിനെ കുറിച്ചു മെച്ചപ്പെട്ട കാഴ്ചപ്പാടുള്ളവരുമായി മാറുന്നു എന്നും രേഖപ്പെടുത്തി. പൊലീസും ജനങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നു എന്ന് തെളിയിക്കപ്പെട്ട ഇത്തരം സംരംഭങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ചിട്ടുണ്ട്.


ചുരുക്കത്തിൽ

മുൻപ് ഇന്ത്യൻ പൊലീസിന്റെ ഉത്തരവാദിത്തം വർധിപ്പിക്കാനുള്ള പരിശ്രമങ്ങൾ കടലാസിലൊതുങ്ങുന്നതും കാര്യമായി ഫലങ്ങളില്ലാത്തവയുമായിരുന്നു. പരിഷ്ക്കരണങ്ങൾ ഇത്രയും അത്യാവശ്യമായ മറ്റൊരു സമയമില്ല. നമ്മൾ പൊലീസ് ഉത്തരവാദിത്വം പുനർഭാവന ചെയ്യുമ്പോൾ അത് പൊതുജന-പൊലീസ് ബന്ധത്തിന്റെ അടിസ്ഥാനങ്ങളായ വിശ്വാസം, ബഹുമാനം, നീതി എന്നിങ്ങനെയുള്ളവയെ കേന്ദ്രീകരിച്ചുകൊണ്ടും ശരിയായ ബലപ്രയോഗത്തെ കുറിച്ചുള്ള കൃത്യമായ പരിശീലനത്തിൽ ഊന്നികൊണ്ടുമായിരിക്കണം ഉണ്ടാവേണ്ടത്.


സൂചനകൾ

Alpert, Geoffrey P and Roger G Dunham (2004): Understanding Police Use of Force: Officers, Suspects, and Reciprocity, Cambridge University Press: Cambridge.

Barik, Satyasundar (2018): “Odisha Fudges Police Action Death Figures To NCRB: NHRC,” Hindu, 2 November, https://www.thehindu.com/news/national/other-states/odisha-fudges-police-action-death-figures-to-ncrb-nhrc/article25395962.ece.

Belur, Jyoti (2010): Permission to Shoot? Police Use of Deadly Force in Democracies, Springer: UK, https://link.springer.com/book/10.1007%2F978-1-4419-0975-6.

Commonwealth Human Rights Initiative (2020): Government Compliance with Supreme Court Directives on Police Reforms: An Assessment, https://www.humanrightsinitiative.org/publication/government-compliance-with-supreme-court-directives-on-police-reforms-an-assessment-2020.

Human Rights Initiative (2015a): The Padmanabhaiah Committee on Police Reforms: A Critical Analysis of Some Important Recommendations, https://humanrightsinitiative.org/programs/aj/police/india/initiatives/analysis_padmanabhaiah.pdf.

—(2015b): Report of the Ribeiro Committee on Police Reforms: A Critical Analysis, https://humanrightsinitiative.org/programs/aj/police/india/initiatives/analysis_ribeiro.pdf.

Joshi, G P (2005): “Police Accountability in India,” http://humanrightsinitiative.org/old/programs/aj/police/papers/gpj/police_accountability_in_india.pdf.

Kumar, T K V (2012): “Impact of Community Policing on Public Satisfaction and Perception of Police: Findings from India,” International Criminal Justice Review, Vol 22, No 4, pp 397–415, https://doi.org/10.1177/1057567712465754.

National Human Rights Commission (2011): “Manual on Human Rights for Police Officers,” https://nhrc.nic.in/sites/default/files/Manual_On_Human_Rights_for_Police_Officers.pdf.

Singhvi, Abhishek (2020): “Implementation of DK Basu Judgments Can Protect against Custodial Torture, Death,’’ Indian Express, 1 July, https://indianexpress.com/article/opinion/columns/tamil-nadu-police-custodial-deaths-torture-guarding-the-guardians-6484025/.

Verma, A (2020): “Review: The Supreme Court Makes Important Observations on Hate Speech,” Factly, https://factly.in/review-the-supreme-court-makes-important-observations-on-hate-speech/.

Wolfe, S, J Rojek, K McLean and G Alpert (2020): “Social Interaction Training to Reduce Police Use of Force,” ANNALS of the American Academy of Political and Social Science, Vol 687, No 1, pp 124–45, https://doi.org/10.1177/0002716219887366.


മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐ.ഡി.എഫ്.സി എന്ന തിങ്ക് ടാങ്കിലെ ഗവേഷകരാണ് ലേഖകർ ഇരുവരും.

കടപ്പാട്: ഇ.പി.ഡബ്ല്യൂ. എൻഗേജ്

വിവർത്തനം: സക്കി ഹംദാൻ

ഇംഗ്ലീഷ് ലേഖനം ഇവിടെ വായിക്കാം: https://www.epw.in/engage/article/how-can-we-rethink-police-accountability-india

Show More expand_more
News Summary - police accountability in india