‘‘പ്രോഗ്രസിവ് ലീഗ്’’ -മുസ്ലിംലീഗിനെ വെട്ടാൻ കമ്യൂണിസ്റ്റുകാരുണ്ടാക്കിയ പാർട്ടിക്കെന്ത് സംഭവിച്ചു?
മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം:1309) പി.ടി നാസർ എഴുതിയ ‘‘ലീഗിന്റെ ഇടതുചരിത്രം’’ എന്ന ലേഖനത്തിൽ നിന്നുള്ള ഭാഗം
മുസ്ലിം ലീഗ് കമ്യൂണിസ്റ്റ് വിരുദ്ധപാതയിലാണെന്ന് കണ്ടപ്പോൾ മുസ്ലിം സമുദായത്തിന് അകത്തേക്ക് കമ്യൂണിസ്റ്റ് പാർട്ടി സ്വന്തം വഴിവെട്ടി നോക്കി. സ്വന്തമായി ഒരു മുസ്ലിംലീഗുണ്ടാക്കി. അതാണ് പ്രോഗ്രസിവ് മുസ്ലിം ലീഗ്.
വാഗ്മിയെന്ന് പേരെടുത്ത എടശ്ശേരി മൗലവിയായിരുന്നു പ്രോഗ്രസിവ് മുസ്ലിം ലീഗിന്റെ പ്രസിഡന്റ്. ഖുർആൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഖ്യാതിയുമുണ്ട് മൗലവിക്ക്. കൊല്ലത്തെ അഭിഭാഷകനായ പ്രാക്കുളം മുഹമ്മദ്കുഞ്ഞി സെക്രട്ടറിയായി. മുൻ ലീഗുകാരനായ മുഹമ്മദ്കുഞ്ഞി മഞ്ചേരിയിലേക്ക് താമസം മാറി. മുസ്ലിം ലീഗിൽനിന്ന് പിണങ്ങിനിൽക്കുകയായിരുന്ന പട്ടാമ്പി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. തങ്ങൾ പാലക്കാട് ജില്ലയിലെ പ്രോഗ്രസിവ് പ്രസിഡന്റായി. ‘ദേശാഭിമാനി’ അസിസ്റ്റന്റ് എഡിറ്ററായ കെ.പി. മുഹമ്മദ് കോയ, കേയി കുടുംബാംഗമായ താനൂരിലെ അഡ്വ. സി.പി. മുഹമ്മദ്, പിരിച്ചുവിട്ട തിരു-കൊച്ചി മുസ്ലിംലീഗിന്റെ സെക്രട്ടറിയായിരുന്ന തിരുവനന്തപുരത്തെ അഡ്വ. കെ.പി. ആലിക്കുഞ്ഞ് തുടങ്ങിയവരൊക്കെ സംസ്ഥാന സമിതിയിലുണ്ടായിരുന്നു.
കമ്യൂണിസ്റ്റ് പാർട്ടിയംഗങ്ങളായ മുസ്ലിം കേഡർമാരെ പ്രോഗ്രസിവ് മുസ്ലിം ലീഗിലേക്ക് െഡപ്യൂട്ടേഷനിൽ അയച്ചു. അധ്യാപക സംഘടനാരംഗത്ത് പ്രവർത്തിച്ചിരുന്ന തന്നോട് പ്രോഗ്രസിവ് ലീഗിലേക്ക് മാറാൻ പാർട്ടി ജില്ലാ സെക്രട്ടറി ഇ.കെ. ഇമ്പിച്ചിബാവയും താലൂക്ക് സെക്രട്ടറി ഇ.പി. ഗോപാലനുമാണ് ആവശ്യപ്പെട്ടതെന്ന് പുത്തൂർ മുഹമ്മദ് ആത്മകഥയിൽ പറയുന്നുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ പ്രസിദ്ധീകരിച്ച ‘വിദ്യാലോകം’ മാസികയിൽ പണിയാരംഭിച്ച പുത്തൂർ മുഹമ്മദ് ഒടുവിൽ പത്രപ്രവർത്തന രംഗത്ത് കാലുറപ്പിക്കുകയാണുണ്ടായത്.
പ്രോഗ്രസിവ് മുസ്ലിം ലീഗിന്റെ നയപ്രഖ്യാപന രേഖ തയാറാക്കിയത് പുത്തൂർ മുഹമ്മദിന്റെ നേതൃത്വത്തിലാണ്. ‘എന്താണ് വർഗീയത’ എന്ന തലക്കെട്ടിൽ നാലു പേജുള്ള ലഘുലേഖയായിരുന്നു നയപ്രഖ്യാപന രേഖ. സമുദായത്തിൽ ബഹുഭൂരിപക്ഷമുള്ള കർഷകരുടെയും തൊഴിലാളികളുടെയും താൽപര്യങ്ങളല്ല മുസ്ലിം ലീഗ് സംരക്ഷിക്കുന്നതെന്ന് ആ രേഖ കുറ്റപ്പെടുത്തി. ലഘുലേഖയുടെ ആയിരക്കണക്കിന് കോപ്പികൾ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരാണ് വിതരണം ചെയ്തത്.
വിമോചന സമരത്തെത്തുടർന്ന് ഇ.എം.എസ് സർക്കാറിനെ പിരിച്ചുവിട്ടല്ലോ. പിന്നാലെവന്ന തെരഞ്ഞെടുപ്പിൽ പ്രോഗ്രസിവ് ലീഗ് നേതാക്കളിൽ ചിലർ കമ്യൂണിസ്റ്റ് സ്വതന്ത്രരായി മത്സരിച്ചു. കെ.പി തങ്ങൾ അങ്ങനെ മങ്കടയിലാണ് മത്സരിച്ചത്. തങ്ങൾ പരാജയപ്പെട്ടെങ്കിലും വോട്ട് കൂടിയിരുന്നു. 1957ൽ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥി രാഘവപിഷാരടിക്ക് 6800 വോട്ടാണ് കിട്ടിയത്. 1960ൽ തങ്ങളെ സ്വതന്ത്രനാക്കി നിർത്തിയപ്പോൾ 20,000 വോട്ടുകിട്ടി.
ആ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേക്ക് പ്രോഗ്രസിവ് ലീഗ് ആടിയുലഞ്ഞു. സംഘടനക്ക് കമ്യൂണിസ്റ്റ് പാർട്ടി ധാരാളം ഫണ്ടു കൊടുെത്തന്ന് പ്രചാരണമുണ്ടായിരുന്നു. സെക്രട്ടറി പ്രാക്കുളം മുഹമ്മദ് കുഞ്ഞി കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് പണം വാങ്ങിയത് പ്രസിഡന്റിനെ അറിയിച്ചില്ല എന്നൊക്കെ വിവാദമുണ്ടായി. രണ്ടു പേരും പിണങ്ങിപ്പിരിഞ്ഞു. മങ്കടയിൽ തോറ്റതോടെ കെ.പി. തങ്ങൾക്കും താൽപര്യം കുറഞ്ഞു. പാലക്കാട് ജില്ലാ കമ്മിറ്റിക്ക് പെരിന്തൽമണ്ണയിൽ ഓഫിസുണ്ടായിരുന്നു. അന്ന് മലപ്പുറം ജില്ലയില്ലല്ലോ. ഓഫിസിന്റെ വാടക കൊടുത്തിരുന്നത് തങ്ങളാണ്. അദ്ദേഹം വാടകകൊടുക്കൽ നിർത്തിയതോടെ ഓഫിസ് പൂട്ടി. മറ്റെവിടെയും ആ ലീഗിന് ഓഫിസുണ്ടായിരുന്നില്ല!
ലേഖനത്തിന്റെ പൂർണരൂപം മാധ്യമം വെബ്സീനിൽ വായിക്കാം -ലീഗിന്റെ ഇടതു ചരിത്രം