Begin typing your search above and press return to search.
proflie-avatar
Login

'അച്ഛന്റെ ചിത കത്തുമ്പോൾ പാർട്ടി നേതാക്കൾ ആരും ഉണ്ടായിരുന്നില്ല'; പുന്നപ്ര-വയലാറിന്റെ പടനായകൻ ​​കെ.വി. പത്രോസിന്റെ മകൻ സംസാരിക്കുന്നു

അച്ഛന്റെ ചിത കത്തുമ്പോൾ പാർട്ടി നേതാക്കൾ ആരും ഉണ്ടായിരുന്നില്ല; പുന്നപ്ര-വയലാറിന്റെ പടനായകൻ ​​കെ.വി. പത്രോസിന്റെ മകൻ സംസാരിക്കുന്നു
cancel
camera_alt

കെ.വി പത്രോസ്, അഡ്വ. കെ.പി. സെൽവരാജ്

ത് പത്രോസ്? പുന്നപ്ര-വയലാർ സമരത്തിൻെറ 75ാം വാർഷികത്തിൽ സമരനായകൻ കെ.വി. പത്രോസി​െൻറ ജന്മനാടായ ആലപ്പുഴ കൊമ്മാടിയിൽ അദ്ദേഹത്തി​െൻറ വീട്​ തിരക്കിയപ്പോൾ ഉയർന്ന ചോദ്യമാണിത്​. കെ.വി. പത്രോസിനെ കൊമ്മാടിയിൽ ഇന്ന് ആർക്കും ഓർമയില്ല. യുവ തലമുറക്ക് ആ ​േപര് തന്നെ അജ്ഞാതം. കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ പുതുതലമുറ നേതാക്കളെ മാത്രമേ പാർട്ടി പ്രവർത്തകർക്ക് പോലും ഇന്ന് അറിയൂ.

പുന്നപ്ര-വയലാറി​െൻറ പടനായകൻ കെ.വി. പത്രോസ് ചരിത്രത്തിൽ കമ്യൂണിസ്​റ്റ്​ പാർട്ടിക്കും െതാഴിലാളി വർഗത്തിനും വേണ്ടാതായൊരാളാണ്​. പക്ഷേ, പാർട്ടിയു​െട തണലില്ലാതെ കമ്യൂണിസ്​റ്റായി പത്രോസ് ജീവിച്ചുമരിച്ചു.കൊമ്മാടിയിൽ ആദ്യം കണ്ടെത്തിയത് ടോമിച്ചനെയാണ്. അദ്ദേഹം പത്രോസി​െൻറ രണ്ടാം ഭാര്യ തങ്കമ്മയുടെ മകനാണ്. ടോമിച്ചനെ കണ്ടപ്പോൾ അദ്ദേഹം ആദ്യം പറഞ്ഞ കാര്യം ജി. യദുകുല കുമാർ എഴുതിയ പത്രോസിൻെറ ജീവചരി​ത്രം അദ്ദേഹത്ത​ി​െൻറ ജീവിതത്തി​െൻറ ഒരു പുറം മാത്രമാണെന്നാണ്​. ആ ജീവിതത്തിന് മറ്റൊരു പാതകൂടിയുണ്ടായിരുന്നു. ഏഴു കുട്ടികളുണ്ടായിരുന്ന തങ്കമ്മയെയാണ് പത്രോസ് രണ്ടാമത് വിവാഹം കഴിച്ചത്. പത്രോസ് സമരത്തെപ്പറ്റി ഒരു പുസ്തകം തയാറാക്കിയതായി ടോമിച്ചനറിയാം. അത് ആലപ്പി മധു വായിക്കാൻ കൊണ്ടുപോയെന്നും നഷ്​ടമായെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ടോമിച്ചനും സഹോദരങ്ങളും പത്രോസിനൊപ്പം പല വാടക വീടുകളിലും താമസിച്ചിരുന്നു. ലത്തീൻ കത്തോലിക്കരാണ്​ കാട്ടുങ്കൽ തറവാട്ടുകാർ. പൂർവികർ ക്രിസ്തുമതം സ്വീകരിച്ച കാലം എന്നാണെന്ന് അറിയില്ല. തങ്കമ്മക്ക് നേരത്തേ നാല് ആണും മൂന്ന് പെണ്ണുമായിരുന്നു മക്കൾ. മക്കൾക്കെല്ലാം പത്രോസ് പ്രിയപ്പെട്ടവനായിരുന്നു. തങ്കമ്മയുടെ മകൾ ലീലാമ്മ പ​ത്രോസിന്​ സ്വന്തം മകളെപ്പോലെയായിരുന്നു. പത്രോസ് വിടപറയുമ്പോൾ ലീലാമ്മക്ക് ഒപ്പമായിരുന്നു. ലീലാമ്മ ഇന്ന് ജീവിച്ചിരിപ്പില്ല. 20 വർഷം മുമ്പ് തങ്കമ്മയും യാത്രയായി. തങ്കമ്മയി​ൽ പത്രോസിന്​ ജനിച്ച അഡ്വ. കെ.പി. സെൽവരാജും സെൽവിയും തൃശൂരിലുണ്ടെന്ന് ടോമിച്ചനാണ്​ പറഞ്ഞത്​. പത്രോസിനോടുള്ള സ്നേഹം പങ്കുവെച്ചെങ്കിലും അനുഭവം പറയാനുള്ള അർഹത പത്രോസി​െൻറ മക്കൾക്കാണെന്നാണ്​ ടോമിച്ചൻെറ അഭിപ്രായം. തന്നെ വലിയ ചുടുകാട്ടിൽ അടക്കരുതെന്ന് പത്രോസ് പറഞ്ഞിരുന്നെന്നും അസുഖമായി കിടക്കുമ്പോഴും അദ്ദേഹം ദൈവമേയെന്ന് വിളിച്ചില്ലെന്നും അമ്മേയെന്നാണ് വിളിച്ചത്​ എന്നും ടോമിച്ചൻ കൂട്ടിച്ചേർത്തു.

ടോമിച്ചൻ പറഞ്ഞതനുസരിച്ച് പത്രോസിൻെറ ജീവിതത്തിന് രണ്ട് ഭാഗമുണ്ട്. 1938 മുതൽ 1952വരെ കമ്യൂണിസ്​റ്റ്​ പാർട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച് തൊഴിലാളിവർഗ സമരങ്ങളുടെ മുന്നണി പോരാളിയായി പത്രോസ്. ആ രാഷ്​​ട്രീയ ജീവിതത്തോട് 1952ൽ അദ്ദേഹം വിടപറഞ്ഞു. പുന്നപ്ര-വയലാർ സമരത്തെ നേരിട്ട് നയിച്ച പത്രോസ് പാർട്ടി സായുധ സമരവും കൽക്കത്ത തീസിസും ഉപേക്ഷിച്ചപ്പോൾ നിരായുധനായി പാർട്ടി ഓഫിസിൻെറ പടികളിറങ്ങി. പിന്നീടും അദ്ദേഹം ജീവിച്ചത് പാർട്ടി അംഗത്വമില്ലാത്ത കമ്യൂണിസ്​റ്റായിട്ടാണ്. മറ്റൊരു പാർട്ടിയിലും അദ്ദേഹം ചേക്കേറിയില്ല. എന്നാൽ സ്വന്തം പ്രത്യയശാസ്ത്രത്തോട് കൂറ് പുലർത്തുന്നതിൽ അദ്ദേഹം ഒട്ടും വിട്ടുവീഴ്ചയും കാണിച്ചില്ല. ആദ്യ ഭാര്യ (ശാരദ)യിലെ മകൻ മണിയനെയും രണ്ടാം ഭാര്യ തങ്കമ്മയുടെ മക്കളെയും വളർത്തിയ പത്രോസ് ജീവിതത്തിലെ പല ദുരന്തങ്ങളിലൂടെയും കടന്നുപോയപ്പോഴും ആദർശം നെഞ്ചോട് ചേർത്തുപിടിച്ചു. അദ്ദേഹം പല തൊഴിലുകൾ ചെയ്ത് അതിജീവനത്തിന് പുതുവഴിവെട്ടി.

തൃശൂരിലെത്തി അഡ്വ. കെ.പി. ശെൽവരാജിനെ കണ്ടു. അദ്ദേഹം അൽപം ദീർഘമായി സംസാരിച്ചു.

യദുകുലകുമാറിൻെറ 'കുന്തക്കാരനും ബലിയാടും' എന്ന പുസ്തകത്തിൽ കെ.വി.പ​േ​ത്രാസ്​ ആലപ്പുഴയിൽ നിന്ന് തൃശൂരിലേക്ക് മാറിയതിനെക്കുറിച്ച്​ പറയുന്നില്ല. എങ്ങനെയാണ് ആലപ്പുഴയുടെ സമരനായകൻ തൃശൂരിലെത്തിയത്?

യദുകുലകുമാറി​െൻറ പുസ്തകത്തിൽ വിവരിക്കുന്നത് പലതും സത്യമല്ല. അദ്ദേഹത്തിന് പത്രോസിൻെറ പുന്നപ്ര- വയലാർ രാഷ്​ട്രീയ ജീവിതത്തെക്കുറിച്ച് മാത്രമേ അറിയൂ. അതിനപ്പുറമുള്ള അറിവില്ല. എനിക്ക് ഓർമവരുന്ന കാലത്ത് പത്രോസ് ചിറ്റപ്പൻ (ആൻറണി) ഒപ്പമാണ് അച്ഛൻ താമസിക്കുന്നത്. അമ്മ തങ്കമ്മയെ ആദ്യം ഒരാൾ വിവാഹം കഴിച്ചിരുന്നു. ആ വിവാഹത്തിൽ ഗ്രേസി, ലീലാമ്മ, തങ്കച്ചൻ, കുഞ്ഞുമോൻ, തങ്കച്ചി, ടോമിച്ചൻ, അനിയൻ കുഞ്ഞ് എന്നിങ്ങനെ ഏഴ് മക്കൾ ഉണ്ടായിരുന്നു. അവരായിരുന്നു സഹോദരങ്ങൾ. അക്കാലത്ത് അമ്മ തങ്കമ്മയുമായി അച്ഛന് അൽപം പിണക്കമുണ്ടായിരുന്നു. അതിനാൽ വീട്ടിലേക്ക് കുറച്ച് കാലം വന്നില്ല. ചിറ്റപ്പൻെറ വീട്ടിൽ പോയി ഞാൻ അച്ഛനെ കാണും. ഉദയ സ്​റ്റുഡിയോയുടെ അടുത്തായിരുന്നു ചിറ്റപ്പൻെറ താമസം. 1958ലായിരുന്നു ഞാൻ ജനിക്കുന്നത്. ചിലപ്പോൾ വഴിച്ചേരിയിൽ ജോയിയുടെ കടയിൽ ചെന്നാൽ അച്ഛനെ അവിടെ കാണുമായിരുന്നു. എന്നെ കണ്ടാൽ സൈക്കിളിൽ ഇരുത്തി അച്ഛൻ കൊണ്ടുപോകും. ഏതെങ്കിലും കടയിൽനിന്ന് വയറുനിറയെ ഭക്ഷണം വാങ്ങി തരും. വീട്ടിലേക്ക് കുറച്ചു പൈസ തന്നു വിടും. അന്ന് ഞാൻ അഞ്ചിലോ ആറിലോ ആണ് പഠിക്കുന്നത്.

1970കളുടെ ആദ്യം അച്ഛൻ ആലപ്പുഴ വിട്ട് തൃശൂരെത്തി. പിന്നീട് ആലപ്പുഴയിലേക്കുള്ള യാത്ര പെൻഷൻ വാങ്ങാനും ആസ്​ത്​മക്കുള്ള മരുന്ന് വാങ്ങാനുമായിരുന്നു. ചിലപ്പോഴൊക്കെ കുറച്ച് ദിവസം മകൾ ലീലാമ്മ​ക്കൊപ്പം ആലപ്പുഴയിൽ കഴിഞ്ഞിരുന്നു. 1970ലെ സി. അച്യുതമേനോൻ മുഖ്യമന്ത്രിയായ സർക്കാരാണ് സ്വാതന്ത്ര്യസമരസേനാനികൾക്ക് തൃശൂരിൽ ഭൂമി പതിച്ച് നൽകിയത്. ആ പദ്ധതിയിൽ അച്ഛന് മൂന്നര ഏക്കർ കിട്ടി. തൃശൂർ വെള്ളാനിക്കോട് ആണ് ഭൂമി കിട്ടിയത്. ശാരദ എന്ന ആദ്യഭാര്യയിൽ മണി എന്നൊരു മകനുണ്ടായിരുന്നു. മണിയെ വളർത്തിയത് എൻെറ അമ്മയാണ്. അച്ഛനും മകൻ മണിയും ആണ് ആദ്യം തൃശൂരിലേക്ക് താമസമാക്കിയത്. അന്ന് മാധവൻനായരുടെ വീട്ടിലായിരുന്നു താമസം. അദ്ദേഹം മരിച്ചുപോയി. എം.എൻ. ഗോവിന്ദൻ നായർ അന്ന് മന്ത്രിയാണ്. അദ്ദേഹം ഭൂമി നൽകിയപ്പോൾ അച്ഛനോട് വേണോ എന്ന് അന്വേഷിച്ചിരുന്നതായി കേട്ടിരുന്നു. സർക്കാർ പതിച്ചു നൽകിയത് അർഹതപ്പെട്ട ഭൂമിയാണെന്നും എന്നാൽ പൈസ ആവശ്യമില്ലെന്നും അച്ഛൻ മറുപടി നൽകി. ഇപ്പോൾ താമസിക്കുന്ന തൃശൂരിൽനിന്ന് വളരെ അകലയാണ് വെള്ളാനിക്കോട് (വട്ടക്കൊട്ട). അക്കാലത്ത് ഭൂമി ലഭിച്ചതിന് സമീപമുള്ള മാധവൻ നായരുടെ വീട്ടിലായിരുന്നു താമസം.

ആലപ്പുഴ വിട്ടതോടെ എന്ത് മാറ്റമാണ് പത്രോസിനുണ്ടായത്? ആലപ്പുഴയിൽനിന്ന്​ വേരോടെ പിഴുതുമാറ്റുകയല്ലേ ഉണ്ടായത്?

സർക്കാർ പതിച്ചു നൽകിയത് കല്ലു നിറഞ്ഞ ഭൂമി ആയിരുന്നു. അതിലെ കല്ലെല്ലാം പെറുക്കി മാറ്റി. ഭൂമിയിൽ അച്ഛൻ കൃഷി ആരംഭിച്ചു. റബർ തോട്ടത്തി​െൻറ പണി ആരംഭിച്ചു. മൂന്നേക്കറിൽ പത്രോസ് റബർ തൈകൾ നട്ടു. അര ഏക്കറിൽ തെങ്ങും വാഴയും മറ്റു കൃഷികളും ചെയ്തു. പിന്നീട് സ്വന്തം പറമ്പിനുള്ളിൽ ഒരു ഷെഡ് വെച്ചു. 1976ലാണ് ആലപ്പുഴ നിന്നും എന്നെ തൃശൂരിലേക്ക് കൊണ്ടുവന്നത്. അന്ന് പത്രോസി​െൻറ ഒപ്പം മകൻ മണി മാത്രമേ ഉള്ളൂ. പുന്നപ്ര- വയലാർ സമരത്തിൽ പങ്കെടുത്തവരുടെ കുടുംബത്തിന് നെടുമങ്ങാട് രണ്ടേക്കർ ഭൂമി ലഭിച്ചിരുന്നു. അത് മൂത്ത മകൻ മണിക്ക് നൽകി. അച്ഛനിലെ കൃഷിക്കാരനെ കാണുന്നത് തൃശൂരിലാണ്. തെങ്ങിന് തടം എടുക്കുന്നത് മുതൽ കൃഷിയുടെ എല്ലാ കാര്യങ്ങളും അച്ഛന് നല്ല പാഠമായിരുന്നു. അതുപോലെ പാചകത്തിലും അച്ഛൻ മുന്നിലായിരുന്നു. ആലപ്പുഴയിൽനിന്ന്​ വരുമ്പോൾ പത്രോസ് ചെമ്മീൻ പൊതിഞ്ഞുകൊണ്ടുവന്നിരുന്നു. ഞണ്ട്കറി വെക്കും. പാചകം മക്കളെയും പഠിപ്പിച്ചു. കറി തിളയ്ക്കുമ്പോൾ അതി​െൻറ മണംകൊണ്ട് ചേരുവ തിരിച്ചറിയും. അതായിരുന്നു പാചകത്തിലെ കരവിരുത്.

എല്ലാ ദിവസവും രാവിലെ അച്ഛൻ എന്നെയും കൃഷിപ്പണി എടുപ്പിക്കും. വെയിൽ ആയാൽ മക്കളോട്​ പണി നിർത്താൻ പറയും. ഞങ്ങൾ കളിച്ചു നടക്കുന്ന പ്രായമാണ്. വഴക്കു പറയുമ്പോഴും മോനെ എന്നേ വിളിക്കൂ. ചീത്തവിളിക്കില്ല. സെൽവിയെയും വലിയ ഇഷ്​ടമായിരുന്നു. കുറച്ച് കഴിഞ്ഞ്​ ആൻറണി ചിറ്റപ്പ​െൻറ മക്കളെ കൊണ്ടുവന്നു. പിന്നീട്​ അമ്മച്ചിയും (തങ്കമ്മ) സെൽവിയും എത്തി. പള്ളിക്കുന്ന് സ്കൂളിൽ എന്നെയും സെൽവിയെയും ചേർത്തു. ഞാൻ രാവിലെ കൃഷിപ്പണി ചെയ്തിട്ടാണ് സ്കൂളിൽ പോയിരുന്നത്. അക്കാലത്ത് റബർ വെട്ടി പാൽ എടുത്തിട്ട് വേണം സ്കൂളിൽ പോകാൻ. ഞാനും സെൽവിയും ചേർന്നാണ് റബർ വെട്ടി പാൽ എടുത്തിരുന്നത്. സ്കൂളിൽ പോകാൻ നാലു കിലോമീറ്റർ നടക്കണം. വരന്തരപ്പിള്ളിയിൽ ആയിരുന്നു സ്കൂൾ. ഞാൻ പത്താംക്ലാസ് പാസായി. കോളജിൽ ചേർന്ന് പഠിക്കണ​െമന്ന് ആഗ്രഹം തോന്നി. അച്ഛൻ മകനൊരു കൃഷിക്കാരൻ ആകണം എന്നാണ് ആഗ്രഹിച്ചത്. പത്താം ക്ലാസ് പാസായതറിഞ്ഞ് ചേട്ടന്മാർ എന്നോട് തുടർന്ന് പഠിക്കാൻ പറഞ്ഞു. അങ്ങനെ കോളജിൽ ചേർന്ന് പ്രീഡിഗ്രി പാസായി. 1981ൽ എൽ.എൽ.ബി പാസായി. അച്ഛൻ മരിക്കുന്നതിനുമുമ്പ് അമ്മയുടെയും രണ്ടു മക്കളുടെയും പേരിൽ സ്ഥലം എഴുതിവെച്ചിരുന്നു. 40 സെൻറ് ഭൂമി അമ്മക്ക്​ നൽകി. ഏഴ് മക്കളെയും അച്ഛൻ തന്നെയാണ് നോക്കിയത്. അതുകൊണ്ട് സഹോദരങ്ങൾ എല്ലാം നല്ല ബന്ധത്തിലാണ്.

കൊമ്മാടിയിലെ തറവാടിനെ സംബന്ധിച്ചോ പുന്നപ്ര -വയലാർ അടക്കമുള്ള സമരത്തെ സംബന്ധിച്ചോ എന്തെങ്കിലും സംസരിച്ചോ?

അച്ഛൻ ഒരിക്കലും രാഷ്​ട്രീയമോ ആലപ്പുഴയിലെ സമരങ്ങളോ സംസാരിച്ച് കേട്ടിട്ടില്ല. അച്ഛാമ്മ റോസി ആലപ്പുഴ നിന്ന് വീട്ടിലെത്തു​േമ്പാൾ പഴയകാലത്തെ കാര്യങ്ങൾ പറയുമായിരുന്നു. കുട്ടികളായതിനാൽ സംസാരിക്കുന്നതെന്തെന്ന് വ്യക്തമായിരുന്നില്ല. അച്ഛാമ്മ പള്ളിയിൽ പോയിരുന്നു. ക്രിസ്തുമതവിശ്വാസിയായിരുന്നു. കമ്യൂണിസ്​റ്റുകാരൻ ആയതിനാൽ അച്ഛനെ ആലപ്പുഴയിലെ പള്ളിയിൽനിന്ന് പുറത്താക്കി എന്നാണ് പറഞ്ഞു കേട്ടത്. അച്ഛ​െൻറ സഹോദരൻ മരിയനും പള്ളിയിൽ പോയതായി അറിയില്ല. സഹോദരനായ മരിയൻ ആശാരിപ്പണി ചെയ്താണ് ജീവിച്ചത്. ആൻറണിയും പള്ളിയിൽ പോയിരുന്നില്ല. ചെറിയാമ്മ പള്ളിയിൽ പോയിരുന്നു. സഹോദരിയുടെ മകളുടെ മകൾ ഇപ്പോഴും കൊമ്മാടിയിലുണ്ട്. ദേവസി, മരിയൻ, ആൻറണി തുടങ്ങിയ സഹോദരങ്ങൾ എല്ലാം മരിച്ചു. ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്​ അച്ഛൻ മരിക്കുന്നത്​. ആസ്​ത്​മയാണ് അച്ഛനെ എന്നും അലട്ടിയത്. സ്ഥലം പതിച്ചുകിട്ടിയത് ഒരു കുന്നായിരുന്നു. അവിടേക്ക് റോഡില്ല. അതിനാൽ വാഹനം വരില്ല. അവശനായ അച്ഛനെ ചാരുകസേരയിലിരുത്തി എടുത്ത് റോഡിൽ കൊണ്ടുവരും. പിന്നെ ആലപ്പുഴക്ക് കൊണ്ടുപോകും. ഷേണായി ഡോക്ടറുടെ ഗുളിക കിട്ടിയാൽ ആസ്​ത്​മ പമ്പകടക്കും. പിന്നെ ആലപ്പുഴയിൽ ആയിരിക്കും കുറച്ചുദിവസം.

ചരിത്രത്തിലെ അപൂർവ കഥാപാത്രമാണല്ലോ പത്രോസിൻെറ അമ്മ റോസ. കമ്യൂണിസ്​റ്റ്​ നേതാക്കളുടെ ആത്മകഥകളിൽ ഇടംപിടിച്ചയാൾ. ഇം.എം.എസ് വരെ പത്രോസിൻെറ വീട്ടിലുണ്ടായിരുന്നുവെന്നാണല്ലോ പറയുന്നത്?

അച്ഛാമ്മ തൃശൂരിൽ വന്ന് താമസിച്ചിരുന്നു. അക്കാലത്ത് ഞാനും സെൽവിയും കുട്ടികളായിരുന്നു. പക്ഷേ കുറെ കാര്യങ്ങൾ പറയും അപ്പോൾ ''മിണ്ടാതിരിക്ക്ന്ന്'' അച്ഛൻ പറയും. പി. കൃഷ്ണപിള്ള, ഇ.എം.എസ് തുടങ്ങിയവരൊക്കെ കൊമ്മാടിയിലെ വീട്ടിൽ വന്നിരുന്നതായി പറയുന്നുണ്ട്. ദേഷ്യംകൊണ്ടാവണം അച്ഛമ്മ പറഞ്ഞത്, ''പണ്ട് കുറെ തെണ്ടികൾ വന്ന് ഭക്ഷണം കഴിച്ച്'' പോയെന്ന്​. കൊമ്മാടി വായനശാലക്ക് പടിഞ്ഞാറ് ആയിരുന്നു തറവാട്. ഞാൻ കാണുമ്പോൾ തറവാട് ചളി കേറി കിടക്കുന്ന ഒരു വയൽപോലെയാണ്. ചിറ്റപ്പൻ താമസിച്ചിരുന്ന വാടക വീട്ടിൽ ആയിരുന്നു. ഇപ്പോൾ അച്ഛൻെറ തറവാട് വീട് (കാട്ടുങ്കൽ) ആരുടെ കൈയിൽ ആണെന്ന് അറിയില്ല. തൃശൂരിൽ താമസിക്കുമ്പോൾ അച്ഛനെ കാണാൻ ചില നക്സലൈറ്റ് നേതാക്കൾ വന്നതായി അറിയാം. അവരോട് രാഷ്​ട്രീയമായി വലിയ താൽപര്യമൊന്നും അച്ഛൻ കാണിച്ചിട്ടില്ല. അവർ ആരെല്ലാമാണെന്ന് എനിക്ക് അറിയില്ല. അടുത്ത് താമസിച്ചിരുന്ന മാധവൻ നായർക്ക് അറിയാം. അദ്ദേഹം മരിച്ചു.

അച്ഛന് രാഷ്​ട്രീയ നേതാക്കളെ അടുത്തറിയാമെന്ന് എന്നാണ് മനസ്സിലായത്? അത് സംബന്ധിച്ചുള്ള അനുഭവം എന്താണ്?

ക്ഷയരോഗം പിടിപെട്ട്​ തിരുവനന്തപുരം പുലയനാർകോട്ടയിലെ ടി.ബി ആശുപത്രിയിൽ അച്ഛൻ കിടന്നിരുന്നു. അന്ന് പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലമാണ്. ആശുപത്രിയിൽ അച്ഛന് കൂട്ടായി ഞാനാണ് ഉണ്ടായിരുന്നത്. കമ്യൂണിസ്​റ്റ്​ പാർട്ടി നേതാക്കളും മന്ത്രിമാരുമൊക്കെ അച്ഛനെ കാണാൻ എത്തി. അപ്പോഴാണ് അച്ഛൻ കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ വലിയ നേതാവായിരുന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞത്. കൂടെ ആരുണ്ട് എന്ന് നേതാക്കൾ അന്വേഷിക്കുമ്പോൾ മകനുണ്ടെന്ന അച്ഛൻ മറുപടി നൽകും. നിങ്ങളെ ആരെയും കാണാൻ അവന് ഇഷ്​ടമില്ലെന്ന് പറയുന്നതോടെ അവർ വിടപറയും. പി.കെ. വാസുദേവൻ നായരെയും വെളിയം ഭാർഗവനെയും കണ്ടിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി ആയിരുന്നപ്പോൾ കോടിയേരി ബാലകൃഷ്ണനെ ഒരിക്കൽ കണ്ടു. അദ്ദേഹം പരിചയം കാണിച്ചില്ല. സി.പി.ഐക്കാരാണ് പത്രോസിനോട് ഇപ്പോഴും അൽപം കൂറുകാണിക്കുന്നത്. വി.കെ. രാജൻ മന്ത്രി ആയിരുന്നപ്പോൾ ഒരാൾ എന്നെ പരിചയപ്പെടുത്തി. പത്രോസ് സഖാവി​െൻറ മോനാണോ എന്നാണ് തിരിച്ചു ചോദിച്ചത്. രാഷ്​ട്രീയവുമായി ബന്ധമൊന്നുമില്ലെന്ന് ഞാൻ പറഞ്ഞു.

ഞാൻ ഇ.എം.എസിനെ ഒരിക്കൽ കണ്ടിരുന്നു. ഇ.എം.എസി​െൻറ മരുമകൾ ഗിരിജ എന്നെ പഠിപ്പിച്ച മാഷി​െൻറ മകളാണ്. ഞാനും ഗിരിജയും ഒരേ ക്ലാസിൽ പഠിച്ചവരാണ്. തിരുവനന്തപുരത്ത് അനിയത്തിയുടെ ഇൻറർവ്യൂവിന് പോയപ്പോൾ ഗിരിജയെ കണ്ടു. അപ്പോൾ അനിയത്തിക്ക് ഇ.എം.എസിനെ കാണണമെന്ന് ആഗ്രഹം തോന്നി. ഗിരിജയോട് കാര്യം പറഞ്ഞു. അങ്ങനെ ഗിരിജ എന്നെയും കൂട്ടി ഇ.എം.എസി​െൻറ താമസസ്ഥലത്തേക്ക് പോയി. അവിടെ ചെന്നപ്പോൾ അദ്ദേഹം ആരാണെന്ന് ചോദിച്ചു. ഗിരിജ പറഞ്ഞു ഇത് പത്രോസി​െൻറ മകനാണ്. പത്രോസി​െൻറ മകനാണോ ഇരിക്ക് എന്ന് ഇ.എം.എസ് പറഞ്ഞു. എന്തിനാണ് വന്നതെന്നും ഇ.എം.എസ് തിരക്കി. അനിയത്തിക്ക്​ ഒന്ന് കാണണമെന്ന് ആഗ്രഹം തോന്നി അങ്ങനെയാണ് വന്നതെന്ന് സൂചിപ്പിച്ചു. പത്രോസിനെ കുറിച്ചുള്ള ഓർമ ഇ.എം.എസിനുണ്ടെന്ന് അന്ന് നേരിട്ട് മനസ്സിലായി.

പല ആവശ്യങ്ങൾക്കും സെക്ര​േട്ടറിയറ്റിൽ ചെല്ലുമ്പോൾ ഉന്നത ഉദ്യോഗസ്ഥർ സംസാരത്തിൽനിന്ന് തൃശൂർകാരൻ അല്ലെന്ന് തിരിച്ചറിയും. അപ്പോൾ ജനിച്ചത് ആലപ്പുഴയിൽ ആണെന്ന് ഞാൻ പറയും. തുടർന്നുള്ള ചോദ്യങ്ങൾ വരുമ്പോൾ അച്ഛൻ പഴയ രാഷ്​ട്രീയക്കാരൻ ആണെന്ന് സൂചിപ്പിക്കും. പേര് ചോദിക്കുമ്പോൾ പത്രോസ് എന്ന് മറുപടി പറയേണ്ടിവരും. അവർക്കൊക്കെ കെ.വി. പത്രോസ് എന്ന പേര് അറിയാം. പത്രോസിനെ മകനാണെന്നറിയുമ്പോൾ പലർക്കും വലിയ സ്നേഹമായിരുന്നു.

പത്രോസിൻെറ അവസാനകാലത്തെക്കുറിച്ചുള്ള ഓർമ എന്താണ്?

അവസാനകാലം എൻെറ സഹോദരി ലീലാമ്മയുടെകൂടെയായിരുന്നു. അത് അച്ഛൻെറ മകൾ ആയിരുന്നില്ല. പക്ഷേ ലീലാമ്മയും അച്ഛനും തമ്മിൽ വലിയ ആത്മബന്ധമുണ്ടായിരുന്നു. ലീലാമ്മയുടെ മകളാണ് മരിക്കുമ്പോൾ അച്ഛൻെറ കൂടെനിന്നത്. ഞാൻ പന്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ റേഡിയോ വാർത്ത കേട്ടു. 1980 മാർച്ച് ഒമ്പതിന് രാവിലെ ഒമ്പതരക്ക്​ പത്രോസ് ആലപ്പുഴയിലെ ആശുപത്രിയിൽ മരിച്ചുവെന്നായിരുന്നു വാർത്ത. ഉടൻ ആലപ്പുഴക്ക് തിരിച്ചു. അച്ഛൻ മരിക്കുമ്പോൾ അമ്മയും സെൽവിയും ആശുപത്രിയിലുണ്ടായിരുന്നു. അച്ഛൻെറ മൃതദേഹത്തിൽ റീത്ത് വെക്കാൻ രാഷ്​ട്രീയ നേതാക്കളാരും എത്തിയില്ല. ചുവന്ന പട്ടു പുതപ്പിക്കാൻ ആരുമുണ്ടായില്ല. ആ ചിത കത്തുമ്പോൾ പാർട്ടിനേതാക്കൾ ആരും ഉണ്ടായിരുന്നില്ല.

സംസ്ഥാനവും കേന്ദ്രസർക്കാറും നൽകിയിരുന്ന സ്വാതന്ത്ര്യസമര പെൻഷൻ മരണശേഷം വാങ്ങിയത് അമ്മയാണ്. സഹോദരിയുടെ കല്യാണം വരെ സെൽവിക്കും പെൻഷൻ കിട്ടിയിരുന്നു. സാധാരണ രാഷ്​ട്രീയക്കാർക്ക് ഉണ്ടാകുന്ന സ്ഥാനമോഹവും സാമ്പത്തിക ആർത്തിയും ഒന്നും അച്ഛന് ഉണ്ടായിരുന്നില്ല. സ്ഥാനമാനങ്ങൾക്ക് പിന്നാലെ അദ്ദേഹം ഒരിടത്തും നടന്നില്ല. സി.പി.ഐ-സി.പി.എം പാർട്ടികളോട്​ ഒരിക്കലും അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നില്ല.

പത്രോസിനെ പള്ളിയിൽനിന്ന് പുറത്താക്കിയിരുന്നല്ലോ? അദ്ദേഹം മക്കളോട് എന്താണ് ഇക്കാര്യത്തിൽ സംസാരിച്ചത്. അദ്ദേഹത്തിൻെറ നിലപാട് എന്തായിരുന്നു?

ഞാനും സഹോദരി സെൽവിയും കുട്ടിക്കാലത്ത് ഒരു മതത്തിൻെറയും ഭാഗമായിട്ടല്ല വളർന്നത്. അച്ഛൻ ഒരു മതത്തെക്കുറിച്ചും സംസാരിച്ചില്ല. വളരുമ്പോൾ ഇഷ്​ടമുള്ള മതം സ്വീകരിക്കാൻ സ്വാതന്ത്ര്യം നൽകി. സെൽവി പത്താംക്ലാസിൽ തോറ്റു. 1982ൽ സെൽവിയുടെ കല്യാണത്തിന് പള്ളിയിൽ പോകുമ്പോൾ അച്ഛനില്ല. സഹോദരിയുടെ വിവാഹം നടത്താൻ ഞാനും മാമോദിസ സ്വീകരിക്കണമെന്ന് പള്ളിയിലെ ഫാദർ വാശിപിടിച്ചു. അങ്ങനെ പെങ്ങൾക്ക് വേണ്ടി മാമോദിസ മുങ്ങി. അങ്ങനെയാണ് ഞാൻ ക്രിസ്ത്യാനിയായത്. അച്ഛനാണ് മതാതീതമായൊരു ആശയലോകം മക്കളിൽ രൂപപ്പെടുത്തിയത്. അത് ഞാനറിയാതെ എൻെറ രണ്ട് മക്കളിലേക്ക് പകർന്നു. മകൻ കെ.എസ്. റോസൽരാജ് മുസ്​ലിം സമുദായത്തിൽനിന്ന് വിവാഹം കഴിച്ചു. ഇപ്പോൾ സി.പി.എം പ്രവർത്തകനാണ്. കല്ലൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്. 2010 -11 കാലത്ത് സെൻറ് തോമസ് കോളജ് യൂനിയൻ ചെയർമാനായിരുന്നു. 2015 - 2018 കാലത്ത് എസ്.എഫ്.ഐ തൃശൂർ ജില്ല സെക്രട്ടറിയായിരുന്നു. എസ്.എഫ്.ഐ സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗവുമായിരുന്നു. സി.പി.എം ഒല്ലൂർ ഏരിയാ കമ്മിറ്റി അംഗമാണ്. മരുമകൾ മഹിള അസോസിയേഷൻ തൃശൂർ ജില്ല വൈസ് പ്രസിഡൻറ് അഡ്വ. സോന കെ. കരിം ആണ്. പാലക്കാട് പോസ്​റ്റൽ വകുപ്പിൽ ജോലിചെയ്യുന്ന ഇളയമകൻ കെ.എസ്. റോഷൻ രാജിൻെറ വിവാഹവും നിശ്ചയിച്ചു. അത് ഹിന്ദുവിനെയാണ്. മക്കൾ രണ്ടുപേരും പാർട്ടിക്കാരാണ്.

അഡ്വക്കേറ്റ് വീരേന്ദ്ര മേനോനോടൊപ്പം തൃശൂർ കോടതിയിലാണ്​ ഞാൻ പ്രാക്ടിസ് ചെയ്തത്. കാലു വയ്യാത്തതിനാൽ കുറച്ച് നാളായി കോടതിയിൽ പോകുന്നില്ല. അച്ഛനുമായി രാഷ്​ട്രീയം സംസാരിച്ചിട്ടില്ല. അച്ഛൻ ഒരാവശ്യത്തിനും രാഷ്​ട്രീയ നേതാക്കളെ കാണാൻ പോയതായി അറിയില്ല. തെരഞ്ഞെടുപ്പിൽ ഒരിക്കലും അച്ഛൻ വോട്ട് ചെയ്തതായി അറിയില്ല. കൃഷിപ്പണി ചെയ്ത് ജീവിക്കണം എന്നായിരുന്നു അദ്ദേഹം നൽകിയ സന്ദേശം. നല്ല കർഷകൻ ആയിത്തീരുക എന്നതായിരുന്നു അദ്ദേഹത്തി​െൻറ ആഗ്രഹം. ആരുടേയും മുന്നിൽ തൊഴുത് നിൽക്കാൻ ആഗ്രഹിച്ചില്ല. പണിയെടുത്ത് ജീവിക്കണമെന്നാണ് എനിക്ക് നൽകിയ സന്ദേശം. മകൾ സെൽവി താമസിക്കുന്നത് തൃശൂർ നടത്തറ പൂച്ചട്ടിയിലാണ്. ഇപ്പോൾ എനിക്ക് 63 വയസ്സായി. അച്ഛൻെറ ജീവിതം ശരിയാംവിധം ആരും രേഖപ്പെടുത്തിയിട്ടില്ല. അച്ഛൻ മുന്നോട്ട് വെച്ച് ആശയം ജാതി-മതഭേദമില്ലാതെ ജീവിക്കണമെന്നാണ്​. ആ സന്ദേശം എൻെറ മക്കൾക്കും കിട്ടിയിരിക്കുന്നു.

മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1235 പ്രസിദ്ധീകരിച്ചത്

Show More expand_more
News Summary - Punnapra-Vayalar uprising leader kv pathrose son speaking