രാഹുൽ നടക്കാനുണ്ട്, ഇനിയുമേറെ
സെപ്റ്റംബർ 7 ന് ആരംഭിച്ച രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ആയിരക്കണക്കിന് കിലോമീറ്ററുകൾ പിന്നിട്ടുകൊണ്ട് കശ്മീരിലെത്തിയിരിക്കുന്നു. ഈ യാത്രകൊണ്ട് കോൺഗ്രസിനും രാജ്യത്തിനും എന്തെങ്കിലും ഗുണമുണ്ടോ?. മാധ്യമം ഡൽഹി ബ്യൂറോ ചീഫ് എ.എസ് സുരേഷ് കുമാർ എഴുതുന്ന വിശകലനം
101 വർഷം മുമ്പ്, 1921 സെപ്തംബർ 22നാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി തന്‍റെ പ്രതിബിംബം മാറ്റിയത്. തമിഴ്നാട്ടിലെ മധുരയിൽ നിന്ന് രാമനാഥപുരത്തേക്കും തിരുനെൽവേലിയിലേക്കുമുള്ള യാത്രകൾക്കിടയിൽ അദ്ദേഹം ഔപചാരിക വേഷങ്ങൾ ഉപേക്ഷിച്ചു. ദോത്തിയും ഷാളും മാത്രം ധരിച്ച അർധനഗ്നനായ ഫക്കീറായി. അവിടം മുതൽ മരണം വരെ, മഹാത്മഗാന്ധിയെ മറ്റൊരു വേഷത്തിൽ ആരും കണ്ടിട്ടില്ല. കാൽമുട്ടിനു താഴേക്കു നീളാത്തവിധം അരയിൽ ചുറ്റിയ മുണ്ടും ഒരു പുതപ്പുമായിരുന്നു വിദേശ യാത്രകളിൽ പോലും മഹാത്മാവിന്‍റെ വേഷം. ദരിദ്രർക്കൊപ്പം പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്യുമ്പോൾ മറ്റൊരു വേഷം പാടില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ നിശ്ചയദാർഡ്യം. ജനങ്ങൾക്കിടയിൽ തന്‍റെ പ്രതിബിംബം അഥവാ സ്ഥാനം എന്തായിരിക്കണമെന്ന തീരുമാനം, ഒരു വീണ്ടുവിചാരത്തിന് ഇടമില്ലാത്ത വിധം ഒരുപാട് ആലോചിച്ച ശേഷമായിരുന്നു. ദരിദ്രരും കൃഷീവലന്മാരുമായ ജനകോടികൾക്കിടയിൽ, അവർക്ക് താങ്ങാവുന്ന ലളിത വേഷം സ്വീകരിച്ച് അവരിലൊരാളായി ഗാന്ധിജി നിന്നു -ജീവിതാവസാനം വരെ.
ഭാരത് ജോഡോ യാത്ര വടക്കേ ഇന്ത്യൻ കൊടുംതണുപ്പിലേക്ക് നടന്നു കയറുന്നതിനിടയിൽ, മധ്യപ്രദേശിൽ വെച്ചാണ് രാഹുൽ ഗാന്ധി തന്‍റെ പ്രതിബിംബം മാറ്റാൻ തീരുമാനിച്ചത്. തണുപ്പകറ്റാനുള്ള സ്വെറ്ററുകൾ മാറ്റിവെച്ച് വേഷം വെളുത്ത മുറിക്കയ്യൻ ബനിയനും പാന്‍റുമാക്കി. മധ്യപ്രദേശിലെ യാത്രക്കിടയിൽ സ്വെറ്റർ വാങ്ങി ധരിക്കാൻ കെൽപില്ലാത്ത മൂന്നു പെൺകുട്ടികളെ കണ്ടെത്തിയ കഥ രാഹുലിനെ വേഷപ്പകർച്ചക്ക് പ്രേരിപ്പിച്ച കാര്യം അദ്ദേഹവും ഒപ്പമുള്ള കോൺഗ്രസ് നേതാക്കളും വിശദീകരിക്കുന്നുണ്ട്. തനിക്ക് തണുത്ത് മരവിപ്പ് അനുഭവപ്പെടുമ്പോൾ മാത്രം മതി ഊഷ്മാവ് ഉയർത്താനുള്ള വസ്ത്രങ്ങളെന്നാണ് അദ്ദേഹത്തിന്‍റെ നിശ്ചയം. തണുപ്പിനെ പ്രതിരോധിക്കാൻ കെൽപുള്ള തുണിത്തരങ്ങൾ വാങ്ങാൻ കെൽപില്ലാത്ത ദരിദ്ര സമൂഹത്തോടുള്ള അനുതാപത്തിന്‍റെ പ്രകടനത്തിനൊപ്പം മഹാത്മജി അർധനഗ്നനായ ഫക്കീറായി മാറിയ കഥ കൂടി ചേർത്തു വെക്കുന്നുണ്ട്, ഭാരത് ജോഡോ യാത്രികർ. മധ്യപ്രദേശും രാജസ്ഥാനും യു.പിയും ഹരിയാനയും ഡൽഹിയും പിന്നിട്ട് പഞ്ചാബിലൂടെ കശ്മീരിലേക്കുള്ള നടത്തത്തിനിടയിൽ എവിടെയും വെളുത്ത മുറിക്കയ്യൻ ബനിയൻ തന്നെ രാഹുലിന്‍റെ വേഷം.
ഒരു ടോണിക് ബോയിയോ പപ്പുവോ ആയി പരിഹസിക്കപ്പെട്ട രാഹുൽ താടിരോമങ്ങൾ നീട്ടിവളർത്തി ഗൗരവഭാവം ഉൾക്കൊണ്ടിരിക്കുന്നു. വർത്തമാന ഇന്ത്യയിൽ ബദൽ രാഷ്ട്രീയത്തിന്‍റെ വിശ്വസ്ത വക്താവും പ്രതിബിംബവുമായി മാറാൻ ശ്രമിക്കുകയാണ് അദ്ദേഹം. ഹരിയാനയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ രാഹുൽ ഗാന്ധി മാധ്യമ പ്രവർത്തകരോട് പറഞ്ഞു: പഴയ രാഹുൽ ഇന്നില്ല. ജനങ്ങളുടെ മനസിൽ ഇതുവരെയുണ്ടായിരുന്ന രാഹുലിന്‍റെ പ്രതിഛായയെ ഞാൻ തന്നെ കൊന്നു കളഞ്ഞു. അയാൾ ഇപ്പോൾ എന്നിലും ഇല്ല. നിങ്ങൾക്ക് മുന്നിലുള്ളത് പുതിയ രാഹുലാണ്. അതുകൊണ്ട് ഉദ്ദേശിക്കുന്ന അർഥം പൂർണമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാത്ത പ്രശ്നം പരിഹാസ രൂപേണ ജനമധ്യത്തിൽ അവതരിപ്പിച്ചത് ഓൾ ഇന്ത്യ മജ്ലിസെ ഇതിഹാദുൽ മുസ്ലിമിൻ (എ.ഐ.എം.ഐ.എം) നേതാവും എം.പിയുമായ അസദുദ്ദീൻ ഉവൈസിയാണ്. പഴയ രാഹുലിനെ കൊന്നു കളഞ്ഞെങ്കിൽ ഇപ്പോൾ നമുക്ക് മുന്നിൽ നിൽക്കുന്നയാളെന്താ, ജിന്നാണോ എന്നാണ് അദ്ദേഹത്തിന്‍റെ ചോദ്യം. കോൺഗ്രസിന്‍റെ ഇന്നത്തെ സ്ഥിതിയെ പരിഹസിക്കാനുള്ള അവസരമായിക്കൂടി അതിനെ കാണുകയായിരുന്നു ഉവൈസി. അതെന്തായാലും, വേഷപ്പകർച്ചയോടെ രാഹുൽ നടക്കുകയാണ്.
ഭാരത് ജോഡോ യാത്ര മുന്നോട്ടു വെക്കുന്ന ആശയവും മുദ്രാവാക്യവും ഇന്ത്യയുടെ വർത്തമാനകാല രാഷ്ട്രീയത്തിൽ ഏറെ പ്രസക്തം. ജനാധിപത്യത്തിന്‍റെയും മതനിരപേക്ഷതയുടെയും മറ്റ് ഭരണഘടനാ മൂല്യങ്ങളുടെയും അന്തഃസത്ത തട്ടിയകറ്റി വിഭാഗീയതയുടെയും വിദ്വേഷത്തിന്‍റെയും അപരവൽക്കരണത്തിന്‍റെയും രാഷ്ട്രീയ പ്രമേയം കൊടിനാട്ടിയ കാലം. ഭരിക്കുന്നവർക്കും അവരെ പിൻപറ്റുന്നവർക്കും ഉന്മാദകാലം. ഭരിക്കപ്പെടുന്നവരെയും പുറന്തള്ളപ്പെടുന്നവരെയും ഭയം ചൂഴ്ന്നു നിൽക്കുന്ന കാലം. അതിനിടയിൽ നിർഭയനായിരിക്കാൻ പറഞ്ഞു കൊണ്ട്, ജനഗണങ്ങളെ ചേർത്തു പിടിക്കുന്നുവെന്ന സന്ദേശം നൽകാൻ ശ്രമിച്ചു കൊണ്ടാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നയിക്കുന്നത്. സാമൂഹികാവസ്ഥകൾക്ക് നേരെ വിരൽചൂണ്ടി, വിദ്വേഷച്ചന്തയിലൊരു സ്നേഹക്കട തുറക്കുകയാണ് താൻ ചെയ്യുന്നതെന്ന് രാഹുൽ പറഞ്ഞു വെച്ചിട്ടുണ്ട്. ഐക്യത്തിന്‍റെയും ഒരുമയുടെയും സന്ദേശം ഭാരത് ജോഡോ യാത്ര മുന്നോട്ടു വെക്കുന്നു. കോൺഗ്രസിന് ഉണർവ് പകരാൻ മാത്രമുള്ള രാഷ്ട്രീയ പദയാത്രയായി അത് ചുരുങ്ങിപ്പോകരുതെന്ന അഭിലാഷം നയിക്കുന്നവർക്കുണ്ട്. പ്രതിപക്ഷ പാർട്ടികളെയും സമാന ചിന്താഗതിക്കാരായ പ്രസ്ഥാനങ്ങളെയും വിഭാഗങ്ങളെയുമൊക്കെ ഐക്യദാർഡ്യത്തിനായി ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിക്കുന്നു. പ്രതിപക്ഷത്തെ അനൈക്യങ്ങൾക്കിടയിലൂം, ഭാരത് ജോഡോ യാത്ര രാഷ്ട്രീയമായി എതിർക്കപ്പെടേണ്ട ഒന്നല്ലെന്ന് തിരിച്ചറിയുന്നവരാണ് ബി.ജെ.പി വിരുദ്ധ ചേരിയിലുള്ളവർ. അതൊരു കോൺഗ്രസ് പരിപാടിയായി കാണുന്നവരും അല്ലാത്തവരുമുണ്ട്.
അതിനിടയിൽ കുറെയേറെപ്പേർ യാത്രയിൽ പങ്കാളികളായി രാഹുലിനൊപ്പം കുറെ ദൂരമെങ്കിലും നടക്കുന്നു. സ്വന്തം പാർട്ടി തന്നെയുണ്ടാക്കി രാഷ്ട്രീയക്കളത്തിൽ ഇറങ്ങിയ യോഗേന്ദ്ര യാദവ് മുതൽ കമൽഹാസൻ വരെയുള്ളവർ അക്കൂട്ടത്തിലുണ്ട്. പദയാത്രയിൽ പങ്കു ചേരണമെന്ന് എൻ.സി.പിയും ശിവസേനയുമൊക്കെ തീരുമാനിച്ചപ്പോൾ, കോൺഗ്രസിന്‍റെ രാഷ്ട്രീയ പരിപാടിയെന്ന നിലയിലാണ് യാത്രയെ സി.പി.എമ്മും ആം ആദ്മി പാർട്ടിയുമൊക്കെ കാണുന്നത്. ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസിന്‍റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ അടക്കം ചെയ്തിട്ടില്ലെന്നാണ് പാർട്ടിയും രാഹുലും അവകാശപ്പെട്ടത്. എന്നാൽ ഇന്ന് അതങ്ങനെയല്ല. സെപ്തംബർ ഏഴിന് കന്യാകുമാരിയിൽ തുടങ്ങിയ യാത്ര ജനുവരി 30ന് ശ്രീനഗറിൽ സമാപിക്കുമ്പോൾ, ആ ചടങ്ങിലേക്ക് രണ്ടു ഡസൻ വരുന്ന പ്രതിപക്ഷ പാർട്ടികളെ ക്ഷണിച്ച് യാത്രയോടുള്ള മനോഭാവം അളക്കുകയാണ് കോൺഗ്രസ്. ഒരു വർഷത്തിനപ്പുറം നിൽക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതൃസ്ഥാനത്തിനുള്ള അവകാശവും അർഹതയും കൂടി അളക്കുന്നുവെന്ന് പറയാം. രാജ്യത്ത് പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷമെങ്കിലും, പല പാർട്ടികളും നേതാക്കളും ചേർന്ന് ആ ഭൂരിപക്ഷത്തെ പലവഴിക്ക് പിടിച്ചു വലിക്കുന്ന ചുറ്റുപാടാണ് ബി.ജെ.പിയെ ഭീമാകാരമാക്കിയത്. ജനതയുടെ ഐക്യം വിളംബരം ചെയ്യുന്ന യാത്ര അതിനിടയിൽ പ്രതിപക്ഷത്തിന്‍റെ ഐക്യപ്പെടലിന് നിമിത്തമാകുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യം.
രാഹുലിന്‍റെ യാത്ര പ്രതിഛായ നിർമാണത്തിനും കോൺഗ്രസിന്‍റെ ഉണർവിനും ഒരളവിൽ ഉപകരിക്കാതിരിക്കില്ല. എന്നാൽ കോൺഗ്രസ് എന്ന പ്രധാന പ്രതിപക്ഷ പാർട്ടി, നിർണായകമായ മറ്റൊരു ലോക്സഭ തെരഞ്ഞെടുപ്പിന് ഒരു വർഷം മുമ്പേ നടത്തിയ ഈ പദയാത്രക്ക് ബി.ജെ.പിക്കെതിരെ വ്യക്തമായ ബദൽ രാഷ്ട്രീയം മുന്നോട്ടു വെക്കാനും പ്രതിഫലിപ്പിക്കാനും എത്രകണ്ട് കഴിഞ്ഞു? ഭിന്നിപ്പിച്ചു ഭരിച്ച സാമ്രാജ്യത്വത്തിന്‍റെ അടിച്ചമർത്തലുകൾക്കെതിരായ പോരാട്ട വിജയമാണ് സ്വാതന്ത്ര്യം. ഇന്ത്യയെന്ന ആശയം തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഇന്നത്തെ കാലം ഒരു രണ്ടാം സ്വാതന്ത്ര്യ സമരം തന്നെ ആവശ്യപ്പെടുന്നുണ്ട്. മുമ്പ് നടന്നത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടാണെങ്കിൽ, ഇന്ന് ഹിന്ദുരാഷ്ട്ര സ്വപ്നം ആലേഖനം ചെയ്ത കാവി-കോർപറേറ്റ് അധീശത്വത്തിനെതിരെയാണ്. ഇതാണ് ജനാധിപത്യ ഇന്ത്യ തേടുന്ന ബദൽ രാഷ്ട്രീയം. ആ രാഷ്ട്രീയം കണ്ടെടുക്കാനാകാം കോൺഗ്രസിന്‍റെ നേർത്ത ശ്രമങ്ങൾ. നിർഭയത്വവും സഹനവും ജനപിന്തുണയും കൈമുതലാക്കിയ മഹാത്മജിയെ പിൻപറ്റാൻ രാഹുൽ ശ്രമിക്കുന്നു. പാർട്ടി പദവികൾ ഇട്ടെറിഞ്ഞ്, ഒരുമയുടെ സന്ദേശവുമായി പദയാത്രക്കിറങ്ങി, കൊടുംതണുപ്പ് അനുഭവിക്കുന്ന ദരിദ്രരോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച്, ജനത്തെ ചേർത്തു പിടിച്ചെല്ലാം വിദ്വേഷച്ചന്തയിൽ സ്നേഹക്കട തുറക്കാൻ ശ്രമിക്കുന്ന രാഹുലിന് ‘എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശ’മെന്ന് പറയാൻ കഴിഞ്ഞ ഗാന്ധിയുടെ നല്ലൊരു ശിഷ്യനാകാനെങ്കിലും കഴിയുമെങ്കിൽ അത് ചെറിയ കാര്യമല്ല. എന്നാൽ അധികാരവും രാഷ്ട്രീയവും എത്തിനിൽക്കുന്ന ഭയങ്കര സത്യങ്ങളിൽ നിന്ന് ഇന്ത്യയുടെ തനിമയും ആശയവും തിരിച്ചു പിടിക്കുകയെന്നത് വലിയ വെല്ലുവിളിയായിത്തന്നെ നിൽക്കുന്നു. അതിലേക്ക് രാഹുലും പ്രതിപക്ഷ രാഷ്ട്രീയവും ഇനിയുമൊരുപാട് കാതം നടക്കേണ്ടിയിരിക്കുന്നു. അതാണ് ലളിതമായ സത്യം.
കോൺഗ്രസിന് ഉണർവു നൽകാൻ ഇത്തരമൊരു കാര്യപരിപാടി അനിവാര്യമായിരുന്നു. എന്നാൽ രാഹുൽ കടന്നു പോയപ്പോൾ ആരവം മുഴങ്ങിയ വഴിത്താരകളിൽ അതേ ഊർജവും സ്നേഹവായ്പിന്‍റെ വികാരവും ഇന്ന് തങ്ങിനിൽപുണ്ടോ? ഇല്ലെങ്കിൽ യാത്രയുടെ പ്രയോജനമെന്ത്? ഉണ്ടെങ്കിൽ അത് രാഷ്ട്രീയമായി പ്രയോജനപ്പെടുത്താൻ കോൺഗ്രസ് അടിത്തട്ടിൽ എന്തു പ്രവർത്തനം നടത്തുന്നു? രാഹുൽ കടന്നു പോന്ന ഓരോ സംസ്ഥാനങ്ങളുടെയും കാര്യമെടുക്കുക. പാർട്ടി ശക്തിപ്പെടുകയും നില മെച്ചപ്പെടുത്താൻ പോവുകയും ചെയ്യുന്നുവെന്ന് അവകാശപ്പെടാവുന്ന എത്ര സംസ്ഥാനങ്ങൾ അക്കൂട്ടത്തിലുണ്ട്? ഭാരത് ജോഡോ യാത്ര സമാപിക്കുമ്പോൾ, പ്രതിപക്ഷ രാഷ്ട്രീയത്തിൽ മുഴുസമയ സാന്നിധ്യവും പ്രവർത്തന ചാതുരിയുമുള്ള വിശ്വസ്ത രാഷ്ട്രീയ നേതാവായി രാഹുൽ മാറിയോ? രാഹുൽ ഇന്ത്യയെ, ഇന്ത്യയുടെ സ്പന്ദനം, മനസിലാക്കിയോ? വ്യത്യസ്തനായ രാഷ്ട്രീയക്കാരനായി രാഹുലിനെ കാണാൻ കഴിയുന്നുണ്ടോ? പാർട്ടിക്കുള്ളിൽ നിന്നും പുറത്തു നിന്നും ആദരം നേടാൻ രാഹുലിന് കഴിഞ്ഞെങ്കിലും, അത് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ഗുണമേന്മയാകുമോ? ബി.ജെ.പിയുടെ രാഷ്ട്രീയ ആഖ്യാനങ്ങളിൽ മാറ്റമുണ്ടാക്കാൻ എത്രത്തോളം കഴിഞ്ഞു? പ്രസക്തമായ ഇത്തരം നിരവധി സംശയങ്ങൾ ബാക്കി നിർത്തുന്നുണ്ട്, ഭാരത് ജോഡോ യാത്ര.