രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുന്നത് വഴിത്തിരിവാകുന്നതെങ്ങനെ?
നിസ്സാര കുറ്റങ്ങൾ ചാർത്തി പ്രതിപക്ഷ നേതാക്കളെ ജയിൽ ശിക്ഷക്ക് വിധിക്കുന്നത് രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നുണ്ട്. മാത്രവുമല്ല, ഭരണകൂടത്തിൽ നിന്ന് തങ്ങൾ നേരിട്ടേക്കാവുന്ന നിലനിൽപ്പു ഭീഷണിയെ മനസിലാക്കി പ്രതിപക്ഷം കൂടുതൽ ഐക്യപ്പെടുകയും ചെയ്യും. ചുരുക്കിപ്പറയുകയാണെങ്കിൽ, രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ഒരു വഴിത്തിരിവായേക്കും.
ദേശീയ ജനായത്തത്തിൽ (populism) നിന്നും തെരഞ്ഞെടുപ്പുപരമായ ആധിപത്യത്തിലേക്കുള്ള മാറ്റമാണ് 'മോഡീസ് ഇന്ത്യ’യിൽ ഞാൻ പഠനവിധേയമാക്കിയത്. മുതലാളിത്വ ചങ്ങാത്തങ്ങളുടെ സഹായത്തോടെ "മുഖ്യധാരാ" മാധ്യമങ്ങളെ ഇണക്കിയതും, ഇലക്ഷൻ കമ്മീഷൻ ഉൾപ്പെടെയുള്ള സുപ്രധാന സ്ഥാപനങ്ങളിലെ എക്സിക്യൂട്ടീവ് സ്ഥാനങ്ങൾ പിടിച്ചടക്കിയതും ഈ കാലഘട്ടത്തിന്റെ സവിശേഷതകളായിരുന്നു. ഇക്കാലഘട്ടത്തിൽ മറ്റു ലോകരാജ്യങ്ങളും സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ജുഡീഷ്യറി അടക്കമുള്ള മറ്റു അധികാര കേന്ദ്രങ്ങൾക്കൊപ്പം നിലനിൽക്കാൻ പരമോന്നത നേതാവിന് 'ജനകീയാടിത്തറയുടെ' നീതീകരണം ആവശ്യമാണ് എന്നതു കൊണ്ടുതന്നെ തെരഞ്ഞെടുപ്പുകൾ പലപ്പോഴും നടക്കാറുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പുകളെ ഇനിമേൽ ഒരു ന്യായവേദിയായി കാണാൻ കഴിയില്ല. അത് മീഡിയയുടെ മുൻവിധികൾ കൊണ്ടു മാത്രമല്ല, മറിച്ച് (എലക്ടോറൽ ബോണ്ടുകൾ മുതലായ) വലിയ തുകകൾ പൊതുവിടത്തിൽ ഉണ്ടാക്കുന്ന കലർപ്പുകൾ കൊണ്ടു കൂടിയാണ്.
പുതിയൊരു ശ്രേണിക്ക് ഇപ്പോൾ ആരംഭമായിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ സംഭവിക്കുന്നതു പോലെ റിപ്പബ്ലിക്കിന്റെ സ്ഥാപനങ്ങളെല്ലാം ഭരണത്തിലുള്ള പാർട്ടി കയ്യടക്കുമ്പോൾ, ബദൽ മാർഗം കണ്ടെത്താൻ പ്രതിപക്ഷം നിർബന്ധിതമാവുകയാണ്. രാഹുൽ ഗാന്ധി ആദ്യം ശ്രദ്ധകേന്ദ്രീകരിച്ചത് പാർലമെന്റിലാണ്. മോഡി ഗവണ്മെന്റും പുതിയ പ്രഭുത്വവും തമ്മിലുള്ള ബാന്ധവത്തെ കുറിച്ചും ജനാധിപത്യത്തിനു മേൽ അവർ നടത്തുന്ന അക്രമങ്ങളെ കുറിച്ചും അദ്ദേഹം അവിടെ തുറന്നടിച്ചു. എന്നാൽ അതുകൊണ്ടൊന്നും ആയില്ല; പാർലമെന്റ് മീറ്റിങുകൾ പലപ്പോഴും വരിയുടക്കപ്പെട്ടു എന്നു മാത്രമല്ല (എത്രത്തോളമെന്നാൽ, അടിയന്തരാവസ്ഥ കാലത്ത് നടന്ന ചില ചർച്ചകൾ ഇന്നത്തേതിനോട് സമാനമാണ് എന്ന നിലയിലേക്ക്) ലോക്സഭയിലെ പ്രസംഗങ്ങൾ "മുഖ്യധാരാ" മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുക പോലുമുണ്ടായില്ല.
പ്രതിപക്ഷ നേതാവിന് ജനങ്ങളോട് നേരിട്ട് ഇടപഴകുന്നതിനു വേണ്ടി അവർക്കിടയിലേക്ക് ഇറങ്ങേണ്ടിവന്നു. അല്ലാത്തപക്ഷം നിരന്തരമായ വ്യാജപ്രചാരണങ്ങൾ മൂലം യാഥാർഥ്യങ്ങൾ മനസിലാക്കാൻ കഴിയാത്തവരായി ജനങ്ങൾ തുടരുമായിരുന്നു. അടുത്തിടെ നടന്ന പാർട്ടി തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ കോൺഗ്രസ് പ്രവർത്തകരെ പുനരേകീകരിക്കുന്നതിനുള്ള മാർഗം കൂടിയായിരുന്നു ഭാരത് ജോഡോ യാത്ര. വളരെ തുച്ഛമായ മീഡിയാ കവറേജിനെ (എണ്ണത്തിലും നിലവാരത്തിലും) മറികടന്നും 4000 കിലോമീറ്റർ താണ്ടിയുള്ള ഈ യാത്ര ഒരു വിജയമായി മാറി. രാജ്യത്തിനു നിന്നും അനേകം പൗരന്മാരെ പുറന്തള്ളുന്ന ഭൂരിപക്ഷാധികാര ശക്തി ഒരു വശത്തു നിൽക്കുമ്പോൾ, എല്ലാത്തരം ആളുകളെയും സംയോജിപ്പിക്കുന്ന ഒരു സാമൂഹിക മുന്നേറ്റമായി മാറിയ കോൺഗ്രസ്സ് അതിന്റെ സ്വാതന്ത്ര്യപൂർവ കാലത്തേക്കുള്ള തിരിഞ്ഞു നടത്തത്തിലായിരുന്നു.
അടുത്ത നീക്കങ്ങൾ
അടുത്ത പടി ഏറെക്കുറെ പ്രവചനീയമായിരുന്നു, രാഹുൽ ഗാന്ധിയെ നിർവീര്യനാക്കണം. അതിനായി ഉപയോഗിക്കപ്പെട്ട ഉപായം, അഥവാ മോഡിമാരെ അപകീർത്തിപ്പെടുത്തി എന്നതു മാത്രമാണ് ഒരാൾക്ക് രാഹുലിനെതിരെ കണ്ടെത്താൻ സാധിക്കുക. എന്നാൽ, പാസ്താ ബഹൻ, ജേഴ്‌സി പശു, മൗൻ മോഹൻ സിങ് മുതലായ പരിഹാസങ്ങൾ നരേന്ദ്ര മോഡി തന്നെ ഉപയോഗിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ ആരോപണം ഏറെകണ്ട് ഒരു വിരോധാഭാസമായി അനുഭവപ്പെടുന്നുണ്ട്. എന്നാൽ, മറ്റൊരു ഒഴിവുകഴിവും അവിടെ ലഭ്യമായിരുന്നില്ല. രണ്ടു വർഷം തടവു ശിക്ഷക്കു വിധിക്കപ്പെട്ട എംപി അയോഗ്യനാക്കപ്പെടും എന്നതു കൊണ്ടുതന്നെ ഈ തന്ത്രം അവർക്ക് സഹായകമായി. രാഹുൽ ഗാന്ധിയെ പാർലമെന്റിൽ നിന്നു നീക്കുക എന്നതു തന്നെയായിരുന്നു അതിന്റെ ലക്ഷ്യവും.
ഇന്ത്യയിലെയും വിദേശത്തെയും ബിസിനസ് സംരംഭങ്ങൾ ശ്വാസമെടുക്കാൻ പ്രയാസപ്പെടുമ്പോൾ, ഗൗതം അദാനിയും നരേന്ദ്ര മോഡിയും തമ്മിലെ ബന്ധത്തെ കുറിച്ചുള്ള പുതിയ ചർച്ചകളെ പാർലമെന്റിൽ പുകഴ്ത്തുന്ന ഭരണകർത്താക്കളുടെ അസ്വസ്ഥതയെ തന്നെയാണ് ഈ നീക്കങ്ങൾ പ്രതിഫലിപ്പിക്കുന്നത്. ഇത്തരം നീക്കങ്ങളെല്ലാം പ്ലാൻ ബി തന്നെയാണ് - അഥവാ വലിയ പ്രശ്നങ്ങൾ ഒഴിവാക്കാൻ സ്വീകരിക്കുന്ന ഉപായങ്ങൾ. എന്നാൽ, പ്രശ്നങ്ങളെ നിയന്ത്രിക്കാൻ എടുക്കുന്ന ഇത്തരം നീക്കങ്ങൾക്ക് വലിയ പ്രത്യാഘാതങ്ങളുണ്ട്.
തിരിച്ചടി
ഒന്നാമത്, ലിബറൽ ജനാധിപത്യ രാഷ്ട്രങ്ങളിൽ ഇത്തരം നിസ്സാര കുറ്റകൃത്യങ്ങളുടെ പേരിൽ പ്രതിപക്ഷ നേതാക്കളെ ജയിൽ ശിക്ഷക്ക് വിധിക്കാറില്ല. അതുകൊണ്ടുതന്നെ, 'ജനാധിപത്യത്തിന്റെ മാതാവ്', 'ലോകത്തിന്റെ ഗുരു' മുതലായ അവകാശവാദങ്ങൾക്ക് ഇന്ത്യ അയോഗ്യമാവുകയാണ്. ജി20 സമ്മിറ്റിന് ആറു മാസങ്ങൾക്കു മുൻപ് സ്വന്തം പ്രതിച്ഛായ സംരക്ഷിക്കേണ്ട ഇന്ത്യ അതിന്റെ സോഫ്റ്റ്‌പവറിനെ തന്നെ നിർവീര്യമാക്കിക്കൊണ്ടിരിക്കുകയാണ്.
രണ്ടാമതായി തുർക്കി, ഇസ്രായേൽ, ഹംഗറി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേതു പോലെ, ഇത്തരം തീവ്ര നീക്കങ്ങൾ പ്രതിപക്ഷ ഐക്യത്തെ ശക്തിപ്പെടുത്തും. അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ള രാഹുൽ ഗാന്ധിയുടെ വിമതർ ഇപ്പോൾ, ഈ ഭരണകൂടത്തിൽ നിന്ന് തങ്ങൾ നേരിട്ടേക്കാവുന്ന നിലനിൽപ്പു ഭീഷണിയെ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. മനീഷ് സിസോദിയയുടെ അറസ്റ്റ് മുന്നേ അതു വ്യക്തമാക്കിയതുമാണ്. പ്രതിപക്ഷ നേതാക്കൾ ഒന്നിക്കുമ്പോൾ സമഗ്രാധിപത്യ നേതാക്കളുടെ വഴി വീണ്ടും സങ്കീർണമാവുന്നു. അവരുടെ ധ്രുവീകരണ നയങ്ങൾ ഒരു തരത്തിൽ തിരിച്ചടിക്കാൻ തുടങ്ങുന്നു. പുതിയ പിന്തുണക്കാരെ കിട്ടിയില്ലെങ്കിൽ കൂടുതൽ ഉദാരരഹിതരാവാൻ അവർ നിർബന്ധിതരാവുന്നു; ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യം മനസിലാക്കാനുള്ള ഉപായമായി ജ്യോതിരാദിത്യ സിന്ധ്യടെ മോഡൽ ആവർത്തിക്കാൻ കഴിയുമോ എന്നത് വരുന്ന ആഴ്ചകളിലും മാസങ്ങളിലും വ്യക്തമായേക്കും. ഡൽഹിയിലെയും പഞ്ചാബിലെയും മാത്രമല്ല, യു.പി. (മായാവതി ഒരു ദിവസം സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയേക്കും), വെസ്റ്റ് ബംഗാൾ, ഒഡിഷ, ജാർഖണ്ഡ്, കേരള തുടങ്ങിയ സംസ്ഥാനങ്ങളിലെ നേതാക്കളും പ്രതിപക്ഷ ഐക്യനിരയിൽ ചേർന്നേക്കും. കർണാടകയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ (അതിനെ തുടർന്ന് മധ്യപ്രദേശ്, ചത്തീസ്ഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിലും) 2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യങ്ങളെയും സ്വാധീനിക്കും എന്നുറപ്പാണ്.
അവസാനമായി, രാഹുൽ ഗാന്ധിയെ ആയോഗ്യനാക്കിയ നടപടി (ജയിൽ ശിക്ഷക്കുള്ള സാധ്യതയും) രാജ്യത്തിന്റെ ഭരണാധികാരികളെ പ്രതികൂലമായി ബാധിച്ചേക്കും.
അദ്ദേഹം ജയിലിലടക്കപ്പെട്ടാൽ, ഇരവാദ ചോദ്യങ്ങളെ രാഷ്ട്രീയ മൂശയുടെ ഒരുഭാഗത്ത് നിന്ന് മറ്റൊരു ഭാഗത്തേക്ക് മാറ്റി പ്രതിഷ്ഠിക്കും. 2002 മുതൽ ലിബറലുകളുടെയും, ലുയിട്ടൻസ് ഡൽഹിക്കാരുടെയും, ഖാൻ മാർക്കറ്റ് ഗാങിന്റെയും അവരുടെ വക്താക്കളുടെയുമെല്ലാം ഇരയായിട്ടാണ് മോഡി സ്വയം എടുത്തുകാണിച്ചിരുന്നത്. ഇത്തരം വരേണ്യ വിഭാഗങ്ങളിൽ നിന്ന് പ്രശ്നങ്ങൾ നേരിടുന്ന ഒരു സാധാരണക്കാരനായ ചായ്‌വാല, ഒരു ഓബീസീ വ്യക്തി എന്ന പ്രതിച്ചായയാണ് മോഡി എടുത്തണിഞ്ഞിരുന്നത്. ഒമ്പത് വർഷത്തിലധികം ജയിൽ ശിക്ഷ അനുഭവിച്ച, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി അനേകം ത്യാഗങ്ങൾ ചെയ്ത ജവഹർലാൽ നെഹ്‌റുവിന്റെ ചെറുമകൻ രാഹുൽ ഗാന്ധിയാണ് യഥാർഥ ഇര എന്നു വന്നാൽ, മോഡിയുടെ ഇരവാദത്തിന് ശബ്ദം നഷ്‌ടപ്പെട്ടേക്കും.
എന്നാൽ, രാഹുലിനെ ജയിലിൽ അടച്ചിട്ടില്ല എങ്കിൽ, അദ്ദേഹം തെരുവിൽ തന്നെ തുടരും. തമിഴ്നാട് നിന്നും ജമ്മുകശ്മീർ വരെ നടത്തിയ യാത്രക്കു ശേഷം, ഗുജറാത്ത് നിന്നും ബിജെപിയുടെ ശക്തികേന്ദ്രമായ യു.പി. വഴി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് മറ്റൊരു യാത്ര നടന്നേക്കും. പാർട്ടി പ്രവർത്തകരിൽ മാത്രമല്ല, മോഡിക്ക് പ്രധാന ബദൽ കോൺഗ്രസാണ് എന്ന് കരുതുന്ന അഭ്യൂദയകാംക്ഷികളിൽ കൂടിയാണ് കോൺഗ്രസ് പ്രതീക്ഷ വെക്കുന്നത്. രാഹുലിനെ അയോഗ്യനാക്കിയ നടപടിയുടെ മറ്റൊരു പാഠം ഇതാണ്: അടുത്ത കാലം വരെ മമത ബാനർജിയെക്കാളും കെജ്രിവാളിനെക്കാളും ദുർബലനായി കരുതിയിരുന്ന രാഹുൽ ഗാന്ധിക്കെതിരെ പട നയിക്കുന്നതിൽ ബിജെപി നേതാക്കൾ സ്വയം അഭിമാനം കൊണ്ടിരുന്നു. എന്നാൽ, നിലവിൽ രാഹുൽ ഗാന്ധിക്ക് ഒരു തരത്തിൽ വ്യക്തിപ്രഭാവം വർധിച്ചിട്ടുണ്ടെന്ന് മാത്രമല്ല, ബിജെപി അദ്ദേഹത്തെ ഉന്നംവെച്ച രീതി അവരുടെ തന്നെ എതിരാളിയെ നിർമിക്കുന്നതിൽ പങ്കുകൊള്ളുന്നതു പോലെയായി എന്നതാണ് യാഥാർഥ്യം.
മുന്നോട്ടുള്ള വഴി
രാഹുൽ ഗാന്ധി കുറ്റക്കാരനാവുമോ എന്നത് ജുഡീഷ്യറിയുടെ തീരുമാനം പോലെയിരിക്കും. ഭരണഘടനയുടെ അടിസ്ഥാന ഘടന ഇന്ത്യൻ ജനാധിപത്യത്തിന്റെ ധ്രുവനക്ഷത്രം പോലെയാണ് എന്ന് അടുത്തിടെ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ സംരക്ഷിക്കാൻ സുപ്രീംകോടതി പൊരുതുമോ? അങ്ങനെയെങ്കിൽ, ആറു വർഷത്തെ ഭരണകൂടത്തിന്റെ ഇഷ്‌ടാനിഷ്ടങ്ങളോട് യോജിച്ച വിധിപ്രസ്താവങ്ങൾക്കു ശേഷം- അല്ലെങ്കിൽ വിധി തടഞ്ഞുവെക്കലുകൾക്ക് ശേഷം- കോടതി പൊതു ജീവിതത്തിന്റെ മുൻനിരയിലേക്ക് തിരിച്ചെത്തും, അത് ഭരണകർത്താകൾക്ക് ശുഭസൂചകമാവുകയുമില്ല.
ചുരുക്കിപ്പറയുകയാണെങ്കിൽ, രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ഒരു വഴിത്തിരിവായേക്കും. പന്ത് ഇപ്പോൾ പ്രതിപക്ഷത്തിന്റെ കളത്തിലാണ്, ജുഡീഷ്യറിയുടെയും രാഹുലിന്റെയും കളത്തിൽ! പടിഞ്ഞാറ് നിന്നുള്ള യാതൊരു പ്രതികരണവും ഞാൻ പ്രതീക്ഷിക്കുന്നില്ല, അവരുടെ മുൻഗണനകളൊന്നും ജനാധിപത്യ മൂല്യങ്ങളുടെ രൂപത്തിൽ ഇപ്പോൾ ആവിഷ്കരിക്കപ്പെടാറില്ല. ഈ ചർച്ചയിൽ അവരുടെ സാന്നിധ്യം വിപരീത ഫലമാണ് ഉത്പാദിപ്പിക്കുകയുള്ളൂ. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാ ഗാന്ധി ഉപയോഗിച്ച "വിദേശ കരങ്ങൾ" പ്രയോഗം ഇപ്പോഴും ശക്തമായി തന്നെ നിലനിൽക്കുന്നുണ്ട്. രാഹുൽ ഗാന്ധി അടുത്തിടെ യുകെയിൽ നടത്തിയ പ്രഭാഷണങ്ങളുടെ ഭാഗമായി സംഭവിച്ച സംക്ഷോഭങ്ങളും അതാണ് സൂചിപ്പിക്കുന്നത്.
♦
കടപ്പാട്: ദി വയർ
സ്വതന്ത്ര വിവർത്തനം: അഫ്സൽ ഹുസൈൻ