ഫയൽ വനങ്ങളിൽ അലഞ്ഞുതീർന്ന കേസ്
കർണാടക രാഷ്ട്രീയത്തെ പിടിച്ചുലക്കുകയും പൊലീസ് സേനയുെട ചരിത്രത്തിൽ ആദ്യമായി കൊലപാതകക്കേസിൽ ഒരു ഐ.പി.എസ് ഓഫിസർ പിരിച്ചുവിടപ്പെടുകയും ചെയ്ത അഡ്വ. റഷീദ് വധം മൂന്നര പതിറ്റാണ്ടിനുശേഷം പുനർവായിക്കുന്നു. മൂന്നര പതിറ്റാണ്ടു മുമ്പ് ബാംഗ്ലൂരിൽ എന്താണ് സംഭവിച്ചത്? അവസാന ഭാഗം.
ഭാഗം 1 - 'റഷീദിന്റെ കൊലപാതകം നമ്മൾ മറന്നുകൂടാ'
ഭാഗം 2 - മുത്തണ്ണയുടെ മുന്നറിയിപ്പും റഷീദിന്റെ ധീരതയും
ഭാഗം 3 - റെയിൽവേ ലൈനിൽ കിടന്ന 'അജ്ഞാത' മൃതദേഹം
മുറിയിലെത്തിച്ചതിനു പിന്നാലെ ശ്രീനിവാസൻ വെള്ളവുമായെത്തി. ദാഹിച്ചുതളർന്നിരുന്ന റഷീദ് ആവേശപൂർവം വെള്ളമെടുത്ത് കുടിച്ചു. റഷീദിന് മൂന്നാമത്തെ ഗ്ലാസ് നൽകാനൊരുങ്ങുമ്പോൾ ശ്രീനിവാസനോട് സ്ഥലംവിടാൻ പൊലീസുകാർ കൽപിച്ചു. പുറത്തേക്ക് പോകുന്ന വഴിയിൽ ശ്രീനിവാസൻ ഫാൻ ഒാണാക്കി. ഇതിനിടയിൽ പൊലീസുകാർ ജനാലകൾ അടക്കാൻ തുടങ്ങി. കുറച്ചുകഴിഞ്ഞ് രണ്ടുമൂന്നു പൊലീസുകാരും അതിനുശേഷം ഗുണ്ടകളായ ബോണ്ടശാന്തയും കാലയും ബാബുവും മറ്റ് ചില ക്രിമിനലുകളും മുറിയിലെത്തി. മുറിയിൽനിന്ന് ശബ്ദവും ബഹളവും കേട്ട് ശ്രീനിവാസൻ അവിടേക്ക് ഒാടിയെത്തി. ഒരു ജനാലയുടെ ചില്ല് പൊട്ടിത്തകരുന്ന ശബ്ദവും കേട്ടു. നാഗരാജും നാരായണപ്പയും വാതിൽക്കൽ കാവൽ നിൽക്കുകയാണ്. ജനാലയിലൂടെ ശ്രീനിവാസൻ അകത്തേക്ക് നോക്കുേമ്പാൾ രണ്ടു പൊലീസുകാർ കട്ടിലിന് മുകളിൽ റഷീദിന്റെ കൈപിടിച്ച് മലർത്തിക്കിടത്തിയിരിക്കുകയാണ്. മുഖത്തിന് മുകളിൽ തലയിണവെച്ച് അതിന് മുകളിൽനിന്ന് ആഞ്ഞുചവിട്ടുകയാണ് ബോണ്ടശാന്ത. ജീവനുവേണ്ടി പിടയുന്ന റഷീദിെന പിടിച്ചമർത്തുകയാണ് മറ്റുള്ളവർ. മിനിറ്റുകൾക്കുശേഷം റഷീദിന്റെ മുഖത്തിന് മുകളിലെ തലയിണയിൽനിന്നിറങ്ങിയ ബോണ്ടശാന്ത ഒരു കത്തിയെടുത്ത് പൊട്ടിയ ജനാലയിലൂടെ ശ്രീനിവാസനു നേർക്ക് നീട്ടി. വാ തുറന്നാൽ കൊന്നുകളയുെമന്ന് വിരട്ടി.
വാതിൽ തുറക്കുേമ്പാൾ കട്ടിലിൽ നിശ്ചേതനനായി റഷീദ് കിടക്കുകയാണ്. വേഗത്തിൽ പുറത്തേക്ക് വന്ന ഹെഡ്കോൺസ്റ്റബിൾ നാഗരാജ് റിസപ്ഷനിൽ ചെന്ന് സബ് ഇൻസ്പെക്ടർ ഉത്തപ്പയെ വിളിച്ചു. അധികം കഴിയുംമുമ്പ് പ്രസന്ന എന്നൊരു കോൺസ്റ്റബിളിനൊപ്പം ഉത്തപ്പ എത്തി. വൈകാതെ മറ്റൊരു മനുഷ്യനും ലോഡ്ജിലെത്തി. അവിടെ ഉണ്ടായിരുന്ന പൊലീസുകാർ സല്യൂട്ട് ചെയ്യുന്നത് കണ്ടപ്പോൾതന്നെ വലിയ ഏതോ ഉദ്യോഗസ്ഥൻ ആണെന്ന് ശ്രീനിവാസന് മനസ്സിലായി.
പെട്ടെന്ന് നാഗരാജ് ഉച്ചത്തിൽ ലോഡ്ജ് പൊലീസ് റെയ്ഡ് ചെയ്യാൻ പോകുകയാണെന്നും ആരും മുറിയിൽനിന്ന് പുറത്തിറങ്ങരുതെന്നും വിളിച്ചുപറഞ്ഞു. സുബ്രഹ്മണ്യൻ തനിക്കൊപ്പം വന്ന വനിതകളെ 28ാം നമ്പർ മുറിയിൽ അപ്പോഴേക്കും അടച്ചിട്ടിരുന്നു. അരമണിക്കൂറിനുശേഷം നാഗരാജും നാരായണപ്പയും ബോണ്ട ശാന്തയും റിസപ്ഷനിലെത്തി. ബോണ്ടശാന്ത ഒപ്പമുണ്ടായിരുന്ന ബാബുവിനോട് കാർ കൊണ്ടുവരാൻ പറഞ്ഞു. കറുത്ത അംബാസഡർ കാർ ഉടനെത്തി. 11ാം നമ്പർമുറിയിൽനിന്ന് റഷീദിന്റെ മൃതദേഹം എല്ലാവരും കൂടി താങ്ങിയെടുത്ത് കാറിന്റെ ഡിക്കിയിൽ കയറ്റി. നാഗരാജ്, നാരായണപ്പ, സുബ്രഹ്മണ്യൻ, ബാബു, ശാന്ത എന്നിവർ കാറിൽ കയറി. എസ്.െഎ ഉത്തപ്പയും എല്ലാവരും സല്യൂട്ട് ചെയ്ത മനുഷ്യനും മറ്റൊരു വാഹനത്തിൽ മടങ്ങി. രാത്രി വൈകി ഉത്തപ്പ ലോഡ്ജിലേക്ക് വീണ്ടുമെത്തി. ശ്രീനിവാസനെ അടുത്തേക്ക് വിളിച്ച ഉത്തപ്പ, റഷീദിനെ ആരെങ്കിലും അേന്വഷിച്ചാൽ രാത്രി 8.30ന് പുറത്തുപോയി എന്ന് പറയണമെന്ന് ശട്ടംകെട്ടി. അടുത്ത പ്രഭാതത്തിൽ ലോഡ്ജിലേക്ക് വന്ന ഉടമകളും ഇതേ നിർദേശംതന്നെ നൽകി ശ്രീനിവാസനെ ഭീഷണിപ്പെടുത്തി. സി.ബി.െഎയുടെ ഒളിത്താവളത്തിൽ മാസങ്ങൾക്കു ശേഷം സത്യം മുഴുവൻ തുറന്നു പറയുന്നതുവരെ ശ്രീനിവാസന്റെ വായടപ്പിച്ചിരുന്നത് ഈ ഭയമായിരുന്നു.
ഹോസൂർ റോഡ്
ശ്രീനിവാസനിൽനിന്ന് സംഭവത്തിന്റെ കിടപ്പുവശം തിരിച്ചറിഞ്ഞതിന് പിന്നാലെ കൂടുതൽ നല്ല വാർത്തകൾ രഘോത്തമനെ തേടിയെത്തി. ഓമല്ലൂർകാരൻ സുബ്രഹ്മണ്യനെ പിതാവ് ആദിനായിഡു സേലത്തെ സി.ബി. സി.ഐ.ഡി ഒാഫിസിൽ ഡി.എസ്.പി സബേശന് മുന്നിൽ ഹാജരാക്കിയിരിക്കുന്നു. ഇരുവരെയും പൊലീസ് അകമ്പടിയിൽ മദ്രാസിലേക്ക് അയക്കാൻ രഘോത്തമൻ നിർദേശിച്ചു. സി.ബി.ഐ ഓഫിസിൽ കുറ്റസമ്മതം നടത്തിയ സുബ്രഹ്മണ്യൻ, ശ്രീനിവാസന്റെ മൊഴികളെല്ലാം ശരിവെച്ചു. ഒപ്പം റഷീദിന്റെ കൊലപാതകം നടക്കുമ്പോൾ 11ാം നമ്പർ മുറിയിൽ താനും ഉണ്ടായിരുന്നുവെന്നും വെളിപ്പെടുത്തി. റഷീദിന്റെ മൃതദേഹത്തിന് എന്തുസംഭവിച്ചുവെന്നതിനുള്ള ഉത്തരവും സുബ്രഹ്മണ്യൻ നൽകി.
ബാംഗ്ലൂരിൽനിന്ന് ഹോസൂർ റോഡിലേക്കാണ് കാർ പാഞ്ഞത്. ഹോസൂർ റോഡിൽ ഒരിടത്ത് കാർ നിർത്തി. 40 വയസ്സ് തോന്നിക്കുന്ന ആരോഗ്യമുള്ള ഒരാൾ റോഡുവക്കിൽ സ്കൂട്ടറിൽ കാത്തുനിൽക്കുകയായിരുന്നു. അയാൾക്ക് പിന്നാലെ കാർ നീങ്ങി. വിൽസൺ റോഡിൽ ഗോഡൗൺ കണക്കുള്ള ഒരു കെട്ടിടത്തിലേക്കാണ് എത്തിയത്. പഴയ പത്രങ്ങളുടെ കെട്ടുകൾ നിറഞ്ഞ ഗോഡൗണായിരുന്നു. ഗോഡൗണിന്റെ ഉടമ ഗോവിന്ദപ്രസാദാണ് സ്കൂട്ടറിൽ അവരെ ഇവിടേക്ക് നയിച്ചത്. മൃതദേഹം ഡിക്കിയിൽനിന്ന് പുറത്തെടുത്ത് നിലത്ത് കിടത്തി. പുലർച്ചെ രണ്ടു മണിയോടെ രാഷ്ട്രീയക്കാരെ പോലെ വെളുത്ത വസ്ത്രം ധരിച്ച ഉയരം കുറഞ്ഞ ഒരു മനുഷ്യൻ എത്തി. പൊലീസുകാർ അദ്ദേഹത്തെ സല്യൂട്ട് ചെയ്തു. മന്ത്രിയാണെന്ന് ആരോ അടക്കം പറഞ്ഞു. ആരാണിതെന്ന് സുബ്രഹ്മണ്യൻ ചോദിച്ചപ്പോൾ ഒപ്പമുണ്ടായിരുന്ന ഒരാൾ മന്ത്രിച്ചു: ‘‘ആഭ്യന്തര മന്ത്രി ജാലപ്പ.’’ മൃതദേഹത്തെ ഒരു നോക്ക് നോക്കി െപട്ടെന്നുതന്നെ മന്ത്രി അവിടെ നിന്നുമാറി.
മഡിവാളയിൽ കൊണ്ടുേപായി മൃതദേഹം കത്തിക്കാനായിരുന്നു ആദ്യ പദ്ധതി. ബോണ്ടശാന്തക്കായിരുന്നു അതു നിർവഹിക്കേണ്ട ചുമതല. ഗോവിന്ദപ്രസാദ് മേൽനോട്ടം വഹിക്കണം. പിന്നീടാണ് കർണാടകക്ക് പുറത്തെവിടെയെങ്കിലും കൊണ്ടുകളയാനുള്ള തീരുമാനം വന്നത്. ശരീരത്തിന്റെ ഒരു തുമ്പും പിന്നീട് ശേഷിക്കരുതെന്നും ഉന്നതങ്ങളിൽനിന്ന് നിർദേശം വന്നു. അങ്ങനെയാണ് സുബ്രഹ്മണ്യൻ ഒരു ആശയം പറയുന്നത്. തമിഴ്നാട്ടിലെ ഓമല്ലൂരിന് അടുത്തുള്ള തന്റെ നാട്ടിലെ ആരും പെട്ടെന്ന് കണ്ടെത്താത്ത കുറ്റിക്കാട് നിറഞ്ഞ, വിജന റെയിൽവേ ലൈനിന് സമീപം കൊണ്ടുകളയാം. ഇനി അഥവാ കണ്ടെത്തിയാലും ട്രെയിനിൽനിന്ന് വീണു മരിച്ചതാണെന്ന് കരുതിക്കോളും, സി.ബി.െഎയിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായ കൃഷ്ണൻ കരുതിയത് പോെല. സുബ്രഹ്മണ്യന്റെ പദ്ധതി കേട്ട ഗുണ്ടകൾ ഗോഡൗണിനുള്ളിലെ മുറിയിൽ ഡി.സി.പി നാരായണനും സബ്ഇൻസ്പെക്ടർ നാരായണനുമൊപ്പം ഇരിക്കുകയായിരുന്ന മന്ത്രിയോട് കാര്യം പറഞ്ഞു. അങ്ങെന ആ പദ്ധതിക്ക് അനുമതിയായി. നാഗരാജ് ഒാടിച്ച ഒരു വാനിൽ ഗോവിന്ദപ്രസാദും സുബ്രഹ്മണ്യനും കാലയും ബോണ്ട ശാന്തയും മൃതദേഹവുമായി തമിഴ്നാട്ടിലേക്ക് തിരിച്ചു. സുബ്രഹ്മണ്യൻ കാണിച്ചുകൊടുത്ത ഒരിടത്ത് മൃതദേഹം ഉപേക്ഷിച്ചു. അടുത്തദിവസം മടങ്ങി ഗോഡൗണിലെത്തിയപ്പോൾ ഗോവിന്ദപ്രസാദ് ബോണ്ടശാന്തയെയും കാലയെയും സുബ്രഹ്മണ്യനെയും തന്റെ ഒാഫിസിലേക്ക് വിളിച്ചു. 10,000 രൂപ സുബ്രഹ്മണ്യന് കൈമാറിയ അയാൾ വിവരം പുറത്തായാൽ കൊന്നുകുഴിച്ചുമൂടുമെന്ന് ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ടു.
പൊലീസിന്റെ പങ്ക് വ്യക്തമായതോടെ ഹെഡ്കോൺസ്റ്റബിൾമാരായ നാഗരാജ്, നാരായണപ്പ, കോൺസ്റ്റബിൾമാരായ മോഹൻ, പ്രസന്ന, അസി. സബ് ഇൻസ്പെക്ടർ കൃഷ്ണൻകുട്ടി നായർ, സബ് ഇൻസ്പെക്ടർ ഉത്തപ്പ എന്നിവരെ അറസ്റ്റ് ചെയ്യാൻ സി.ബി.െഎ തീരുമാനിച്ചു. ശ്രീനിവാസന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നാലെ 1988 ഏപ്രിൽ നാലിന് ആറു പൊലീസുകാരെയും ഒരേസമയം സി.ബി.െഎ അറസ്റ്റ് ചെയ്തു. സത്യപ്രകാശ് ലോഡ്ജ് ഉടമയും ഗോഡൗൺ ഉടമയും ഒപ്പം പിടിയിലായി.
സാക്ഷിക്കൂട്ടിലെ വഞ്ചന
ശ്രീനിവാസനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതിന് പിന്നാലെ സുബ്രഹ്മണ്യന്റെ അറസ്റ്റും രേഖപ്പെടുത്തി. മദ്രാസിലെ ഓഫിസിൽനിന്ന് ബാംഗ്ലൂരിലേക്ക് സുബ്രഹ്മണ്യനെ കൊണ്ടുവന്നു. സുബ്രഹ്മണ്യൻ കുറ്റസമ്മതം നടത്തിയാൽ ജാലപ്പയുടെയും വെസ്റ്റ് ഡി.സി.പിയുടെയും പങ്ക് വെളിവാകും. ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം കോടതിയിൽ ആവർത്തിക്കുമെന്ന് സുബ്രഹ്മണ്യൻ രഘോത്തമനോട് സമ്മതിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ സുബ്രഹ്മണ്യൻ കുറ്റസമ്മതം നടത്താൻ സന്നദ്ധനാണെന്ന് മജിസ്ട്രേറ്റിനോട് വ്യക്തമാക്കി. ആലോചിച്ചിട്ട് നാളെ വരാൻ പറഞ്ഞ് മജിസ്ട്രേറ്റ് സുബ്രഹ്മണ്യനെ ജയിലിലേക്ക് അയച്ചു. അടുത്തദിവസം ഉച്ചക്ക് രണ്ടുമണിക്കാണ് കോടതി നടപടി ആരംഭിച്ചത്. സാക്ഷിക്കൂട്ടിലേക്കുള്ള വഴിയിലാണ് രഘോത്തമൻ ഇരുന്നത്. തിരിഞ്ഞുനോക്കുമ്പോൾ സുബ്രഹ്മണ്യൻ വേച്ചുവേച്ച് നടന്നുവരുന്നുണ്ട്. രഘോത്തമന് അടുത്തെത്തിയപ്പോൾ ഇരുകൈകളും കൂപ്പി ഒരുനിമിഷം നിന്നു. പൊലീസുകാരന്റെ കൈയിൽ താങ്ങി സാക്ഷിക്കൂട്ടിലേക്ക് അയാൾ നടന്നു. സാക്ഷിക്കൂട്ടിൽ കയറിയ സുബ്രഹ്മണ്യൻ മൊഴിനൽകാൻ തയാറല്ലെന്നും ഒന്നുകൂടി ആലോചിക്കാനുണ്ടെന്നും മജിസ്ട്രേറ്റിനോട് പറഞ്ഞു. ഉടൻതന്നെ മജിസ്ട്രേറ്റ് അയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സുബ്രഹ്മണ്യന്റെ പിന്മാറ്റം രഘോത്തമന് വൻ തിരിച്ചടിയായി.
എങ്കിലും സുബ്രഹ്മണ്യന്റെ മൊഴികളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിൽ വെസ്റ്റ് ഡി.സി.പി നാരായണനെ ഉടനടി അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്ന് രഘോത്തമൻ കണക്കുകൂട്ടി. അന്നത്തെ സി.ബി.െഎ കുറ്റാന്വേഷണ രീതി പ്രകാരം ഡൽഹിയിലേക്ക് കൊണ്ടുപോയ നാരായണനെ അവിടെ നുണപരിശോധനക്ക് വിധേയനാക്കി. ഇതിനിടെ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെ നാരായണൻ ഹൈകോടതിയെ സമീപിച്ചു. ജസ്റ്റിസ് ശ്യാംസുന്ദറിന് മുന്നിലാണ് ഹരജി എത്തിയത്. കേസ് ഡയറിയും തെളിവുകളും വിശദമായി പരിശോധിച്ച ജസ്റ്റിസ് ശ്യാംസുന്ദർ കേസിൽ നാരായണന്റെ പങ്കിനുള്ള സാധ്യതകൾ എണ്ണിയെണ്ണി പറഞ്ഞ് ജാമ്യാപേക്ഷ തള്ളി. പിന്നാലെ സുപ്രീംകോടതിയിലേക്ക് പോയിട്ടും ജാമ്യം കിട്ടിയില്ല. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുകയെന്ന ദൗത്യമാണ് ഇനി ബാക്കിയുള്ളത്.
നാരായണന്റെ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയതിന് പിന്നാലെ മന്ത്രി ജാലപ്പ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഇൗ അപേക്ഷ കോടതി തള്ളിയതോടെ ജാലപ്പ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെച്ചു. പ്രതിപ്പട്ടികയിൽ പേരില്ലാതിരുന്നിട്ടും മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയും അത് പരാജയപ്പെട്ടതോടെ രാജിക്ക് നിർബന്ധിതനാകുകയുമായിരുന്നു. രാജിവെച്ച ശേഷം ജാലപ്പ ഹൈകോടതിയെ സമീപിച്ചു. സി.ബി.െഎയുടെ വാദം കേൾക്കാതെ ജസ്റ്റിസ് പേട്ടൽ ജാലപ്പക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. അപ്പോഴേക്കും ജാലപ്പയെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് സി.ബി.ഐയുടെ കേന്ദ്ര ഒാഫിസിൽനിന്ന് എത്തിയിരുന്നു. ജാമ്യവ്യവസ്ഥ പ്രകാരം ഒൗദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയക്കണം. രാജിവെച്ചെങ്കിലും ഹൈഗ്രൗണ്ട്സ് മേഖലയിലെ ഒൗദ്യോഗിക വസതിയിൽ തന്നെ തുടരുകയാണ് ജാലപ്പ. അറസ്റ്റ് നടപടി പൂർത്തിയാക്കാൻ രഘോത്തമൻ മന്ത്രിയുടെ വസതിയിലെത്തി. മറ്റുരണ്ട് മന്ത്രിമാർ കൂടിയുണ്ട്, വീട്ടിൽ. വെറും ഫോർമാലിറ്റി മാത്രമാണിതെന്ന് രഘോത്തമൻ ജാലപ്പയോട് പറഞ്ഞു.
കുറ്റപത്രം തയാറാക്കുന്നതിനായി സി.ബി.െഎയുടെ മദ്രാസ് ഒാഫിസിലേക്ക് രഘോത്തമൻ പോയി. റഷീദിന്റെ ശരീരം കണ്ടെത്തിയ ഒാമല്ലൂർ, ഡാനിഷ്പേട്ട് മേഖല ഉൾപ്പെടുന്ന സേലത്തെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. പ്രതികളുടെ കൂട്ടത്തിൽ ജാലപ്പയെ ഉൾപ്പെടുത്തണമോ വേണ്ടയോ എന്ന കാര്യത്തിൽ സി.ബി.െഎയിൽ ചില അഭിപ്രായ ഭിന്നതകളുണ്ട്. കുറ്റപത്രം ടൈപ്പ് ചെയ്ത് തയാറാക്കുന്ന അവസാന ഘട്ടത്തിൽ സി.ബി.െഎ എസ്.പി ബാലാജിയുടെ നിർദേശം വന്നു. തൽക്കാലം ജാലപ്പയുടെ പേര് ഉൾപ്പെടുത്തേണ്ടെന്നും തുടരന്വേഷണത്തിൽ കൂടുതൽ തെളിവെന്തെങ്കിലും കിട്ടിയാൽ അപ്പോൾ നോക്കാമെന്നും ഡി.െഎ.ജി പറഞ്ഞുവത്രെ. വിവരമറിഞ്ഞ് രഘോത്തമൻ തകർന്നുപോയി. കേസിൽ ഇതുവരെ സി.ബി.െഎക്ക് വേണ്ടി കോടതിയിൽ ഹാജരായ കർണാടക ഹൈകോടതിയിലെ കേന്ദ്ര ഗവൺമെന്റിന്റെ സ്റ്റാൻഡിങ് കോൺസലും സി.ബി.െഎ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറുമായ സി. ശിവപ്പയോട് രഘോത്തമൻ ഇക്കാര്യം പറഞ്ഞു. സി.ബി.െഎ ഡയറക്ടറെ ശിവപ്പക്ക് വ്യക്തിപരമായി പരിചയമുണ്ടെന്ന കാര്യം മനസ്സിലാക്കിയാണ് ഇൗ നീക്കം. ഇപ്പോൾ തീരുമാനമൊന്നും എടുക്കേണ്ടെന്നും താമസിയാതെ ബന്ധപ്പെടാമെന്നും പറഞ്ഞ് ശിവപ്പ ഫോൺ വെച്ചു. നിരാശനായി രഘോത്തമൻ ഒാഫിസ് മുറിയിൽ തളർന്നിരുന്നു. കുറച്ചുസമയത്തിനു ശേഷം വിടർന്ന ചിരിയുമായി എസ്.പി ബാലാജി എത്തി. ജാലപ്പയുടെ പേര് ഉൾപ്പെടുത്താൻ ഡി.െഎ.ജി അനുമതി നൽകിയിരിക്കുന്നു. അങ്ങനെ കുറ്റപത്രത്തിൽ 12ാം നമ്പർ പ്രതിയായി ജാലപ്പയുടെ പേര് ടൈപ്പ് ചെയ്യപ്പെട്ടു. മൊത്തം 18 പ്രതികളാണ് കേസിൽ.
കുറ്റപത്രം
പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതിന്റെ 89ാം ദിവസം കോയമ്പത്തൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെ കുറ്റപത്രം സമർപ്പിച്ചു. സേലം കോടതിയിലെ ജഡ്ജി അവധിയായതിനാൽ പകരം ചുമതലയുള്ള കോയമ്പത്തൂർ കോടതിയാണ് ആദ്യം കേസ് കേൾക്കുക. സി.ബി.െഎയും രഘോത്തമനും പ്രതീക്ഷിച്ചതുപോലെയല്ല കോടതി മുറിയിൽ കാര്യങ്ങൾ പുരോഗമിച്ചത്. പ്രോസിക്യൂഷൻ സാക്ഷികളായ ശ്രീനിവാസൻ, സത്യപ്രകാശ് ഹോട്ടലുടമ ഭോജ്രാജ്, അയാളുടെ മകൻ എന്നിവർ വിചാരണക്കിടെ കൂറുമാറി. ജാമ്യത്തിലിറങ്ങിയശേഷം മദ്രാസിലെ സി.ബി.ഐ ഓഫിസായ ഇ.വി.കെ സമ്പത്ത് മാളികൈയിൽ നല്ല സുഖസൗകര്യങ്ങളോടെ, സുരക്ഷിതമായി കഴിയാൻ താൻ സൗകര്യമൊരുക്കിക്കൊടുത്ത ശ്രീനിവാസന്റെ ചതിയിൽ രഘോത്തമൻ തളർന്നുപോയി. സി.ബി.െഎ ഒാഫിസിൽ എല്ലാവർക്കും ചായ ഇട്ടുകൊടുക്കുകയും അവരിലൊരാെളപ്പോലെ കഴിയുകയും ചെയ്ത ആളായിരുന്നു ശ്രീനിവാസൻ. ഒന്നാം സാക്ഷിയും പ്രോസിക്യൂഷന്റെ കോടതിയിലെ തുറുപ്പുചീട്ടുമായിരുന്നു ശ്രീനിവാസൻ. അതുകൊണ്ടുതന്നെ അയാളുടെ വിചാരണയെ വലിയ പ്രതീക്ഷയോടെയാണ് രഘോത്തമൻ കണ്ടിരുന്നത്.
പക്ഷേ, സാക്ഷിക്കൂട്ടിൽ കയറി നടത്തിയ ആദ്യ പ്രസ്താവനയിൽതന്നെ ശ്രീനിവാസൻ എല്ലാം മാറ്റിപ്പറഞ്ഞു. സി.ബി.ഐ മർദിച്ച് വ്യാജമൊഴി നൽകാൻ പ്രേരിപ്പിച്ചുവെന്നായിരുന്നു ശ്രീനിവാസന്റെ പ്രസ്താവന. അനുകൂല സാഹചര്യം തിരിച്ചറിഞ്ഞ വെസ്റ്റ് ഡി.സി.പി നാരായണൻ മദ്രാസ് ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകി. ജസ്റ്റിസ് പദ്മിനി ജേസുദുരൈ ജാമ്യാപേക്ഷ തള്ളി. പക്ഷേ, വീണ്ടും നാരായണൻ ഹൈകോടതിയിൽ ജാമ്യാപേക്ഷ കൊടുത്തു. അടുത്തിടെ വരെ മദ്രാസ് ഹൈകോടതിയിൽ അഭിഭാഷകനായിരുന്ന, ജഡ്ജി അരുണാചലത്തിന് മുന്നിലാണ് ഹരജി എത്തിയത്. മറ്റൊരു ജഡ്ജി നിരസിച്ച അപേക്ഷയായതിനാൽ, പുതിയ തെളിവുകളോ കേസിൽ വലിയ മാറ്റങ്ങളോ ഉണ്ടാകാത്ത സാഹചര്യത്തിൽ പരിഗണിക്കരുതെന്ന് ശിവപ്പ വാദിച്ചു. വിധിക്കായി അടുത്തദിവസത്തേക്ക് ജസ്റ്റിസ് അരുണാചലം കേസ് മാറ്റിവെച്ചു. സി.ബി.െഎയിൽ നിന്നെന്ന് അവകാശപ്പെട്ട ആരോ ജഡ്ജിയെ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന വാർത്തയുമായാണ് ആ ദിവസം മദ്രാസിെല പത്രങ്ങൾ ഇറങ്ങിയത്. തന്റെ ജീവന് ഭീഷണി ഉള്ളതിനാൽ കേസ് കേൾക്കാനാകില്ലെന്ന് പറഞ്ഞ്, ജസ്റ്റിസ് അരുണാചലം തീരുമാനം ആക്ടിങ് ചീഫ് ജസ്റ്റിസ് അരുൺമോഹന് വിട്ടു. ജാമ്യപേക്ഷ പരിഗണിച്ച മറ്റൊരു ജഡ്ജി നാരായണന്റെ ആവശ്യം തള്ളി. ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ബാംഗ്ലൂർ കോറമംഗലയിലെ ശിവപ്പയുടെ വീട് അജ്ഞാതർ ആക്രമിച്ചു. വീട്ടിലുണ്ടായിരുന്ന ഭാര്യയും മൂന്നു മക്കളും ആക്രമണത്തിൽ പകച്ചു. പൊലീസിൽ പരാതി നൽകിയെങ്കിലും ഒന്നും സംഭവിച്ചില്ല. കുടുംബത്തിൽനിന്നുള്ള വലിയ സമ്മർദത്തെ തുടർന്ന് ശിവപ്പ കേസിൽനിന്ന് ഒഴിഞ്ഞു. വർഷങ്ങൾക്കു ശേഷം അദ്ദേഹം കർണാടക ഹൈകോടതിയിലും പിന്നീട് മദ്രാസ് ഹൈകോടതിയിലും ജഡ്ജി ആയി.
വരുന്നു, രാംജത്മലാനി
കരുത്തനും വിശ്വസ്തനുമായ ശിവപ്പയുടെ സ്ഥാനം ഏറ്റെടുക്കാൻ മാത്രം വലുപ്പമുള്ള ഒരാളെ കണ്ടെത്താനാകാതെ രഘോത്തമൻ ബുദ്ധിമുട്ടി. ഒടുവിൽ സേലത്തു നിന്നുള്ള, സി.ബി.ഐയിൽ ഡെപ്യൂേട്ടഷനിലുള്ള നടരാജൻ എന്നൊരു അഭിഭാഷകനാണ് പകരം വന്നത്. കുറ്റപത്രം സഹായിക്കാൻ രഘോത്തമനൊപ്പം ഉണ്ടായിരുന്ന കല്യാണസുന്ദരം എന്ന അഭിഭാഷകനും സംഘത്തിലുണ്ട്. അപ്പോഴേക്കും കേസ് സേലം കോടതിയിലേക്ക് മാറി. അതിനിടെ, തന്റെ ജാമ്യാപേക്ഷയുമായി ഡി.സി.പി നാരായണൻ സുപ്രീംകോടതിയിലെത്തി. അവിടെ അയാൾക്കുവേണ്ടി ഹാജരാകുന്നതാകട്ടെ, സാക്ഷാൽ രാംജത്മലാനി. സേലം കോടതിയിൽ വിചാരണ തുടരുന്നതിനാൽ ഇപ്പോൾ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷ രാംജത്മലാനി പിൻവലിച്ചു. വാദത്തിനിടെ, സേലം സെഷൻസ് കോടതിയിൽ അപേക്ഷ നൽകാമെന്ന് സുപ്രീംകോടതി വാക്കാൽ പരാമർശം നടത്തി. ഇൗ പഴുത് ഉപയോഗിക്കാൻതന്നെ രാംജത്മലാനി തീരുമാനിച്ചു. സുപ്രീംകോടതിയുടെ വാക്കാൽ പരാമർശത്തിന്റെ ബലത്തിൽ സേലം കോടതിയിലേക്ക് രാംജത്മലാനി പറന്നിറങ്ങി. കേവലമൊരു നിരീക്ഷണം മാത്രമാണ് സുപ്രീംകോടതിയുടേത്. സെഷൻസ് കോടതി ജഡ്ജിക്ക് അനായാസം അവഗണിക്കാം. പക്ഷേ, രാംജത് മലാനിയുടെ ഹരജി സ്വീകരിച്ച് ജഡ്ജി സി.ബി.െഎക്ക് നോട്ടീസയച്ചു. ഹൈകോടതി നാരായണന്റെ ജാമ്യാപേക്ഷ നിരസിച്ചിരിക്കുന്നതിനാൽ ജാമ്യം അനുവദിക്കാനാകിെല്ലന്ന് സി.ബി.െഎ വ്യക്തമാക്കി. മൂന്നു പ്രധാന സാക്ഷികൾ കൂറുമാറിയത് കാണാതിരിക്കാനാകില്ലെന്നായിരുന്നു രാംജത് മലാനിയുടെ വാദം. ഇൗ സാഹചര്യത്തിൽ ഡി.സി.പി ‘‘എന്തിന് ജയിലിൽ കിടന്ന് നരകിക്കണം’’ എന്നും അദ്ദേഹം ചോദിച്ചു.
പുതിയ പബ്ലിക് പ്രോസിക്യൂട്ടർ നടരാജന്റെ ഇടപെടൽ പക്ഷേ, സി.ബി.െഎയെ കൂടുതൽ പ്രതിരോധത്തിലാക്കി. രാംജത് മലാനിയുടെ നിലപാടിനെതിരെ വാദിക്കുന്നതിനു പകരം, കുറ്റപത്രം സമർപ്പിക്കപ്പെട്ടതിനാൽ ഡി.സി.പിക്ക് ജാമ്യം നൽകുന്നതിൽ കുഴപ്പമില്ലെന്ന് അയാൾ കോടതിയിൽ പറഞ്ഞു. ഇതോടെ, സെഷൻസ് കോടതി ഡി.സി.പി നാരായണന് ജാമ്യം അനുവദിച്ചു. തങ്ങളുടെ അഭിഭാഷകന്റെ പിഴവായിരുന്നുവെങ്കിലും സി.ബി.െഎക്ക് ഇത് വലിയ തിരിച്ചടിയായി. പിന്നാലെ നടരാജന്റെ വീട്ടിലേക്ക് ആളെ വിട്ട് കേസ് രേഖകൾ മുഴുവൻ തിരിച്ചുവാങ്ങിയ രഘോത്തമൻ കോടതിയിൽ ഇനി അയാളുടെ സേവനം ആവശ്യമില്ലെന്നും അറിയിച്ചു. നാരായണനെ കർണാടക സർക്കാർ സർവിസിൽനിന്ന് പിരിച്ചുവിട്ടു.
വിചാരണ പുരോഗമിക്കുന്നതിനിടെ രഘോത്തമൻ മദ്രാസിലെ വീട്ടിലേക്ക് പോയ ഒരുദിവസം അദ്ദേഹത്തിന്റെ വീട്ടിൽ ഒരു സന്ദർശകനെത്തി. കുളിക്കുകയായിരുന്നു അദ്ദേഹം. ‘‘ആരോ കാണാൻ വന്നിരിക്കുന്നു’’ എന്ന് വാതിലിൽ മുട്ടി ഭാര്യ വിളിച്ചുപറഞ്ഞു. ഷർട്ടിന്റെ ബട്ടണിട്ടുകൊണ്ട് രഘോത്തമൻ സ്വീകരണമുറിയിലെത്തുേമ്പാൾ ഉയരം കുറഞ്ഞ, വെള്ള ഷർട്ടും വെള്ള പാന്റ്സും ധരിച്ച ഒരു മനുഷ്യൻ. കഷണ്ടിയുടെ അധിനിവേശം പൂർണമായ തലയിലെ വിയർപ്പ് വെള്ള തൂവാലകൊണ്ട് തുടച്ചെടുക്കുന്ന ആളെക്കണ്ട് രഘോത്തമൻ ഒരു നിമിഷം ഞെട്ടി: ജാലപ്പ! രഘോത്തമൻ വരുന്നതു കണ്ട് അയാൾ കൂപ്പുകൈകളോടെ എഴുന്നേറ്റു. അയാൾ എന്തെങ്കിലും പറയുന്നതിനു മുേമ്പ രഘോത്തമൻ കടുപ്പിച്ചു: ‘‘സർ, ഇത് മോശമാണ്. അങ്ങേക്കും എനിക്കും മോശമാണ്. എന്തിനാണ് എന്റെ വീട്ടിൽ വന്നത്. ഇത് ശരിയായ രീതിയല്ല.’’
ആകെ ഒരു അഭ്യർഥന മാത്രമാണ് ജാലപ്പക്കുള്ളത്. ‘‘സാക്ഷികളെ അവർക്കിഷ്ടമുള്ളതുപോലെ മൊഴികൊടുക്കാൻ രഘോത്തമൻ അനുവദിക്കണം. അവരെ ഭീഷണിപ്പെടുത്തരുത്. ഇൗ കേസിനെ സ്വകാര്യമായി എടുക്കരുത്. കേസിനെ അതിന്റെവഴിക്ക് വിടണം.’’ തൊഴുൈകകളോടെ ജാലപ്പ തുടർന്നു.
ചൂടുകാപ്പി ഉൗതിക്കുടിക്കുന്നതിനിടെ അയാൾ പറഞ്ഞു: ‘‘ഞാൻതന്നെ ആ ശരീരം ഒഴിവാക്കിയിരുന്നെങ്കിൽ ഇൗ കേസൊന്നും ഉണ്ടാകുമായിരുന്നില്ല. ശരീരങ്ങളെ എങ്ങനെ അപ്രത്യക്ഷമാക്കാമെന്ന് എനിക്കറിയാം. ആ വകക്ക് കൊള്ളാത്ത പൊലീസുകാരാണ് എല്ലാം നശിപ്പിച്ചത്. ഞാൻ നോക്കിക്കോളാമെന്ന് അവരോട് പറഞ്ഞതാണ്. എല്ലാം അവൻമാരുടെ വരുതിയിലാണെന്നാണ് ആ പൊലീസ് റാസ്കൽസ് പറഞ്ഞത്. എല്ലാം എന്റെ പിഴവ്. നോക്കൂ, നമ്മളിപ്പോൾ എവിടെ എത്തിയെന്ന്.’’ ഞെട്ടിക്കുന്ന ഇൗ വാക്കുകൾ കേട്ടിരുന്ന് കാപ്പി കുടിക്കുന്ന രഘോത്തമനോട് ജാലപ്പ സൗമ്യമായി മന്ത്രിച്ചു: ‘‘അങ്ങയുടെ അമ്മക്ക് കാൻസർ ആണെന്ന് കേട്ടതിൽ വിഷമമുണ്ട്. പണത്തെ കുറിച്ച് ആലോചിച്ച് വിഷമിക്കണ്ട. നമുക്ക് അമ്മയെ അമേരിക്കയിൽ അയച്ച് ചികിത്സിക്കാം. അങ്ങേക്കുവേണ്ടി എല്ലാം ഞാൻ ചെയ്യാം. മാനുഷികതയുടെ പേരിലാണ് ഞാനിത് പറയുന്നത്. അങ്ങയെ പാട്ടിലാക്കാൻ പറയുന്നതായി കരുതരുത്. (ഇൗ കേസിൽ) ഞാനെല്ലാം മാനേജ് ചെയ്തിട്ടുണ്ട്. ഇതുവരെ ഞാനെല്ലാം മാനേജ് ചെയ്തു. ഇനി അങ്ങ്...’’
‘‘നോക്കൂ, മി. ജാലപ്പ സർ’’ -രഘോത്തമൻ ഇടക്ക് കയറി. ‘‘അങ്ങിതുവരെ മാനേജ് ചെയ്തതുപോലെ എന്നിൽനിന്ന് ഇൗ കേസ് എടുത്തുമാറ്റാൻ കഴിയുമെങ്കിൽ ദയവായി അങ്ങനെ ചെയ്താലും. സ്പെഷൽ ക്രൈംബ്രാഞ്ചിൽനിന്ന് ട്രാൻസ്ഫർ കിട്ടിയാൽപോലും എനിക്ക് പ്രശ്നമില്ല. എന്റെ അമ്മയെ സംബന്ധിച്ചിടത്തോളം, താങ്കളിൽനിന്ന് ഞാൻ സഹായം സ്വീകരിച്ചെന്ന് അറിഞ്ഞാൽ ആ നിമിഷം അവർ മരിച്ചുപോകും. കാൻസർകൊണ്ടുള്ള മരണത്തെക്കാൾ വേദനാജനകമായിരിക്കും എനിക്കത്. ഇത്തരം ഒാഫറുകൾ ദയവായി എനിക്ക് നൽകാതിരിക്കുക.’’
ചുറ്റും നോക്കിയ ജാലപ്പ പതിയെ എഴുന്നേറ്റു. കൈകൾ കൂപ്പി നമസ്തേ പറഞ്ഞ് പുറത്തേക്ക് നടന്നു.
ജാലപ്പ ഇറങ്ങിയശേഷം സ്വീകരണ മുറിയിലേക്ക് വന്ന രഘോത്തമന്റെ ഭാര്യയാണ് അയാൾ ഇരുന്ന കസേരക്ക് ചുവട്ടിൽ ഒരു സ്യൂട്ട് കെയ്സ് ഇരിക്കുന്നത് കണ്ടത്. രഘോത്തമൻ വാതിൽ തുറന്ന് പുറത്തേക്ക് ഒാടി. പടികളിറങ്ങി വരുേമ്പാൾ ജാലപ്പ റെസിഡൻഷ്യൽ കോളനിയുടെ ഗേറ്റിലേക്ക് എത്തുകയാണ്. പിന്നിൽ നിന്നും രഘോത്തമൻ വിളിച്ചു - ‘‘മി. ജാലപ്പ. മി. ജാലപ്പ.’’
ജാലപ്പ തിരിഞ്ഞുനോക്കി. ‘‘ആ സ്യൂട്ട്കെയ്സ് അവിടെ വെച്ചുപോയത് എന്തിനാണ്. ദയവായി തിരികെ വന്ന് അത് എടുത്താലും. അല്ലെങ്കിൽ താങ്കളെ ഞാനിപ്പോൾ തന്നെ അറസ്റ്റ് ചെയ്യും.’’ വീട്ടിലേക്ക് ഇരുവരും ഒന്നിച്ച് നടന്നു. സ്വീകരണ മുറിയിലെത്തിയ ജാലപ്പ സ്യൂട്ട്കെയ്സുമെടുത്ത് നിശ്ശബ്ദനായി പുറത്തേക്ക് പോയി. (*)
അവസാന സാക്ഷി
സി.ബി.ഐയുടെ രീതി അനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥനാണ് കേസിലെ അവസാന സാക്ഷി. രഘോത്തമന്റെ വിസ്താരത്തിനായി രാംജത്മലാനി ഡൽഹിയിൽ നിന്നെത്തി. രഘോത്തമൻ കാശു വാങ്ങിയെന്നതിന് തെളിവുണ്ടെങ്കിൽ ഹാജരാക്കാൻ ജഡ്ജി രാംജത് മലാനിയോട് ആവശ്യപ്പെട്ടു. ‘‘യുവർ ഓണർ, ആദ്യ അന്വേഷണ ഉദ്യോഗസ്ഥർ സമർഥമായാണ് ഈ കേസ് അന്വേഷിച്ചത്. അയാൾ കേസ് ക്ലോസ് ചെയ്യുന്നതിന് അടുത്തും എത്തിയതാണ്. പക്ഷേ, ഈ അന്വേഷണ ഉദ്യോഗസ്ഥർ ന്യൂഡൽഹിയിൽ നിന്നുള്ള നിർദേശത്തെ തുടർന്ന് കേസിനെ രാഷ്ട്രീയവത്കരിക്കുകയായിരുന്നു. ജനതാ സർക്കാരാണ് കർണാടകയിൽ. കേന്ദ്രത്തിൽ കോൺഗ്രസും. ഈ അന്വേഷണ ഉദ്യോഗസ്ഥൻ ഒരു ഉപകരണമായി മാറുകയായിരുന്നു.’’ രാംജത് മലാനിയുടെ ആരോപണങ്ങളിൽ പെെട്ടന്നിടപെട്ട ജഡ്ജി കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ ഊന്നാൻ ആവശ്യപ്പെട്ടു. 1990 നവംബർ ഏഴിന്, വി.പി. സിങ് മന്ത്രിസഭ നിലംപതിച്ച അതേ ദിവസം കേസിന്റെ വിധി വന്നു.
പിന്നീട് മൊഴിമാറ്റിയതിനാൽ ശ്രീനിവാസന്റെയും സത്യപ്രകാശ് ലോഡ്ജ് ഉടമകളുടെയും ആദ്യത്തെ കുറ്റസമ്മത മൊഴി പരിഗണിക്കാനാകില്ലെന്ന് വിധിയിൽ കോടതി വ്യക്തമാക്കി. സി.ബി.ഐയുടെ പദ്ധതികൾക്കേറ്റ വലിയ തിരിച്ചടിയായി അത്. ബാക്കി തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ രണ്ടാം പ്രതി സബ് ഇൻസ്പെക്ടർ ഉത്തപ്പയെ ക്രിമിനൽ ഗൂഢാലോചനക്ക് അഞ്ചു വർഷവും തട്ടിക്കൊണ്ടുപോകലിന് 18 മാസവും നിയമവിരുദ്ധ തടഞ്ഞുവെക്കലിന് ഒരുവർഷവും തെളിവുനശിപ്പിക്കലിന് മൂന്നുവർഷവും തടവിന് ശിക്ഷിച്ചു. മൂന്നാം പ്രതി ഹെഡ് കോൺസ്റ്റബിൾ കൃഷ്ണൻകുട്ടി നായർക്ക് മൂന്നുവർഷം കഠിനതടവ്. നാലാംപ്രതി ഹെഡ് കോൺസ്റ്റബിൾ എൻ. നാഗരാജിനും അഞ്ചാംപ്രതി ഹെഡ് കോൺസ്റ്റബിൾ നാരായണപ്പക്കും ജീവപര്യന്തം. ആറാം പ്രതി കോൺസ്റ്റബിൾ എ. മോഹന് നാലര വർഷം തടവ്. ഏഴാം പ്രതി കോൺസ്റ്റബിൾ പ്രസന്നക്ക് നാലര വർഷം തടവ്. ഒടുവിൽ, 11ാം പ്രതി ഡി.സി.പി കെ. നാരായണന് നാലുവർഷം കഠിനതടവും കോടതി വിധിച്ചു.
വിവിധ വകുപ്പുകളിലായി നൽകിയ ശിക്ഷയുടെ കാലാവധി ഒന്നിച്ചു അനുഭവിച്ചാൽ മതിയെന്ന വിധിയുടെ ആനുകൂല്യത്തിൽ കൃഷ്ണൻകുട്ടി നായർ, എ. മോഹൻ, പ്രസന്ന എന്നിവരെ വിചാരണത്തടവ് ശിക്ഷയായി കണക്കാക്കി മോചിപ്പിച്ചു. റിമാൻഡ് തടവ് പരിഗണിച്ച് ഡി.സി.പി കെ. നാരായണനെയും വിട്ടയച്ചു. 18 പ്രതികളിൽ ജാലപ്പയും ബോണ്ട ശാന്തയും ഉൾപ്പെടെ 11 പേരെ തെളിവില്ലാത്തതിനാൽ കുറ്റമുക്തരാക്കി. കുറ്റക്കാരെന്ന് കണ്ടെത്തിയ പൊലീസുകാർ ശിക്ഷക്കെതിരെ അപ്പീൽ നൽകി. സബ് ഇൻസ്പെക്ടർ ഉത്തപ്പയും ഡി.സി.പി നാരായണനും പ്രത്യേകവും അപ്പീൽ ഫയൽ ചെയ്തു. ജാലപ്പയെയും മറ്റും വിട്ടയച്ചതിനെതിരെ സി.ബി.ഐയും മദ്രാസ് ഹൈകോടതിയിൽ അപ്പീലിന് പോയി. കുറ്റക്കാരിൽ മിക്കവരും ജാമ്യം കിട്ടി പുറത്തുമിറങ്ങി.
കോടതികളിലെ ഫയൽ വനങ്ങളിൽ ഗതികിട്ടാതെ കേസ് പിന്നീട് അനാഥമായി അലഞ്ഞു. അപ്പീലുകൾ പരിഗണിക്കപ്പെടാൻ തന്നെ 11 വർഷമെടുത്തു. രഘോത്തമനാകട്ടെ തന്റെ അടുത്ത കേസിലേക്ക് നീങ്ങി -ലോകത്തെ ഞെട്ടിച്ച രാജീവ് ഗാന്ധി കൊലക്കേസായിരുന്നു അത്. കേസിന്റെ അന്വേഷണം സി.ബി.ഐ വിശ്വസിച്ച് ഏൽപ്പിച്ചത് രഘോത്തമനെ ആയിരുന്നു.
റഷീദ് കൊലക്കേസ് എല്ലാവരും മറന്നു. പെട്ടെന്നൊരു ദിവസം, 2002 ലെ ജൂലൈയിൽ, പ്രതിഭാഗം അഭിഭാഷകരിലൊരാളായ നാഗരാജിന്റെ ഫോൺകാൾ രഘോത്തമനെ തേടിവന്നു. പരിഹാസത്തോടെയായിരുന്നു തുടക്കം. ‘‘ജാലപ്പ കേസിൽനിന്ന് ഒഴിവായതിനാൽ തന്നെ താങ്കൾക്ക് താൽപര്യമുണ്ടാകില്ലെന്ന് അറിയാം... എങ്കിലും താങ്കളുടെ കേസ് വീണ്ടും കോടതിയിൽ വരികയാണ്.’’ റഷീദ് കേസിലെ എല്ലാവരുടെയും താൽപര്യക്കുറവിന്റെ പ്രതീകമായിരുന്നു ആ പ്രതികരണം. കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആയ രംഗനാഥൻപോലും കേസ് വരുന്നത് രഘോത്തമനെ അറിയിച്ചിട്ടില്ല. ഉടനെതന്നെ രംഗനാഥനെ രഘോത്തമൻ വിളിച്ചു. താൻ സ്ഥലത്തില്ലായിരുന്നുവെന്നും വിളിക്കാനിരിക്കുകയായിരുന്നുവെന്നും അയാൾ കുമ്പസരിച്ചു.
വിധി ദിവസം രാവിലെ തന്നെ രഘോത്തമൻ ഹൈകോടതിയിലെത്തി. മൂടിക്കെട്ടിയ അന്തരീക്ഷമുള്ള പകലാണ്. കോടതിമുറിക്ക് പുറത്ത് ഹൈഗ്രൗണ്ട് സ്റ്റേഷനിലെ മുൻ ഹെഡ് കോൺസ്റ്റബിൾമാരും പ്രതികളുമായ നാരായണപ്പയും നാഗരാജും നിൽപ്പുണ്ട്. രഘോത്തമന് പിന്നാലെ കോടതിമുറിയിലേക്ക് കയറിയ അവർ സന്ദർശക ബെഞ്ചിലിരുന്ന് രഘോത്തമന് നേർക്ക് പരിഹാസ ചിരിയെറിഞ്ഞു. ജസ്റ്റിസ് എൻ. ദിനകർ കോടതിയിലെത്തി ഇരിപ്പുറപ്പിച്ചു. രഘോത്തമന് ഒന്നും പിടികിട്ടുന്നതിനു മുമ്പേ ജഡ്ജി കേസ് തള്ളി. അഞ്ചു മിനിറ്റ് പോലും വേണ്ടിവന്നില്ല, വിധി പ്രസ്താവത്തിന്.
സത്യപ്രകാശ് ലോഡ്ജിൽ ആഗസ്റ്റ് 16നാണ് റഷീദിന്റെ മരണം ഉണ്ടായതെന്ന് ഉറപ്പിച്ച വിചാരണക്കോടതി ജഡ്ജിക്ക് തെറ്റിയെന്ന് ജസ്റ്റിസ് ദിനകർ വിധിച്ചു. ഇതു ശരിവെക്കുന്ന ഒരു തെളിവുമില്ല. ആഗസ്റ്റ് 16 വൈകുന്നേരത്തിനും 18ന് വൈകുന്നേരത്തിനുമിടയിലാകാം മരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് മാത്രമാണുള്ളത്. രാത്രി 11 ഓടെ റഷീദ് സത്യപ്രകാശ് ലോഡ്ജിൽ വെച്ച് കൊല്ലപ്പെട്ടുവെന്ന റിസപ്ഷനിസ്റ്റിന്റെയും റൂം ബോയിയുടെയും മൊഴികളാണ് വിചാരണ കോടതി ജഡ്ജി ആശ്രയിച്ചത്. പക്ഷേ, ഇവർ പിന്നീട് ഈ മൊഴിയിൽനിന്ന് പിൻമാറിയിരുന്നു. സത്യപ്രകാശിൽ വെച്ചാണ് റഷീദ് മരിച്ചതെന്നതിന് ഇതല്ലാതെ വേറെ മൊഴികളില്ല. രണ്ടു പൊലീസുകാർ ആ ലോഡ്ജിലേക്ക് റഷീദിനെ കൊണ്ടുപോയി എന്നതുകൊണ്ടുമാത്രം കൊലപാതകത്തിൽ അവർക്ക് പങ്കുണ്ടെന്ന് പറയാനാകില്ല. എന്നാൽ, കേസിലുൾപ്പെട്ട ക്രിമിനലുകളെയും പിമ്പുകളെയുമെല്ലാം വിചാരണകോടതി വെറുതെ വിടുകയും ചെയ്തിരിക്കുന്നു. ഇതിനൊപ്പം അത്ഭുതകരമായ ഒരു നിരീക്ഷണം കൂടി ജസ്റ്റിസ് ദിനകർ നടത്തി: ‘‘സത്യപ്രകാശ് ലോഡ്ജിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് റഷീദിനൊപ്പം പോയി, ഐലൻഡ് എക്സ്പ്രസിൽ കയറ്റിവിട്ടയാളെ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. അയാളെ ചോദ്യം ചെയ്തിരുന്നെങ്കിൽ സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെട്ടേനെ. ഈ സാഹചര്യത്തിൽ റഷീദിന്റെ മരണത്തിൽ പ്രതികളെ കുറ്റവാളികളായി കാണാൻ കഴിയില്ല.’’ പിന്നാലെ പ്രോസിക്യൂഷന്റെ പിഴവുകളായി കുറേ വസ്തുതകൾ ചൂണ്ടിക്കാട്ടി മുഴുവൻ പ്രതികളെയും വെറുതെ വിടുകയാണെന്ന് ജസ്റ്റിസ് ദിനകർ പ്രസ്താവിച്ചു.
വിധി പ്രസ്താവന പൂർത്തിയായതിന് പിന്നാലെ രഘോത്തമൻ എഴുന്നേറ്റ് കോടതിമുറിക്ക് പുറത്തേക്ക് നടന്നു. റഷീദിനെ സ്റ്റേഷനിലേക്ക് അനുഗമിച്ചുവെന്ന് പറയുന്ന ഒരാൾ യഥാർഥത്തിൽ ഇല്ലെന്ന സുപ്രധാന കാര്യംപോലും ചൂണ്ടിക്കാട്ടാൻ പബ്ലിക് പ്രോസിക്യൂട്ടർ രംഗനാഥന് കഴിഞ്ഞില്ല. അത് പ്രതിഭാഗത്തിന്റെ സൃഷ്ടിമാത്രമാണ്. ഈ പോയന്റ് രഘോത്തമൻ രംഗനാഥനോട് വിശദമായി പറഞ്ഞിരുന്നതാണ്. ഇല്ലാത്ത ഒരാളെ എങ്ങനെയാണ് വിസ്തരിക്കുക? ഇനി അഥവാ, അങ്ങനെയൊരാൾ ഉണ്ടെങ്കിൽതന്നെ അത് പ്രതിഭാഗം സാക്ഷിയല്ലേ. പ്രതിഭാഗമാകട്ടെ ഒരു സാക്ഷിയെ പോലും കൊണ്ടുവന്നിട്ടുമില്ല. എല്ലാം ഇതോടെ അവസാനിക്കുകയാണെന്ന് പുറത്തേക്ക് നടക്കുമ്പോൾ രഘോത്തമൻ തിരിച്ചറിഞ്ഞു. റഷീദ് കൊലക്കേസിന് ഔദ്യോഗിക അന്ത്യമായിരിക്കുന്നു. വിധിക്കെതിരെ സി.ബി.ഐ അപ്പീൽ പോയില്ല. രഘോത്തമൻ കോടതി കെട്ടിടത്തിന് പുറത്തെത്തുമ്പോൾ മഴ ചാറാൻ തുടങ്ങി. വരാന്തയിൽ മഴ മാറാൻ കാത്തുനിൽക്കുമ്പോൾ നാരായണപ്പയും നാഗരാജും വിടർന്ന ചിരിയോടെ അടുത്തെത്തി. ‘‘ഏൻ സാഹിബുറെ, ഛന്നഗിദിറ?’’ ഒരാൾ പരിഹസിച്ചു. ‘‘സർ, അങ്ങ് ഒാകെ അല്ലെ?’’ എന്നായിരുന്നു ചോദ്യം. മറുപടിക്ക് നിൽക്കാതെ തിമിർത്തുപെയ്യുന്ന മഴയിലേക്ക് രഘോത്തമൻ ഇറങ്ങിനടന്നു.
അനന്തരം
കെ. രഘോത്തമൻ: റഷീദ് കൊലക്കേസിനുശേഷം രാജീവ് ഗാന്ധി വധക്കേസിലൂടെ ദേശീയ ശ്രദ്ധയിലേക്കുയർന്നു. 2005ൽ വിരമിച്ചു. 2021 മേയ് 12ന് ചെന്നൈയിൽവെച്ച് കോവിഡ് ബാധിച്ചു മരിച്ചു. 76 വയസ്സായിരുന്നു.
ആർ.എൽ. ജാലപ്പ: കർണാടക ആഭ്യന്തരസ്ഥാനം രാജിവെച്ച ശേഷം പലതവണ പാർലമെന്റിലേക്ക് മത്സരിച്ചു ജയിച്ചു. കേന്ദ്രമന്ത്രിയായി. 96ാം വയസ്സിൽ, 2021 ഡിസംബർ 17ന് അന്തരിച്ചു.
സദാശിവൻ: സർ എം. വിശ്വേശ്വരയ്യ എജുക്കേഷൻ ട്രസ്റ്റ്, ബംഗളൂരുവിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി തുടങ്ങി നിരവധി വിദ്യാഭ്യാസ സംരംഭങ്ങളുടെ സാരഥി. ബംഗളൂരുവിൽ താമസം.
സൗദ: കൊല്ലത്ത് മകൾക്കൊപ്പം താമസം.
(അവസാനിച്ചു)
* Dead End: The Minister, the CBI and the Murder that Wasn’t by V. Sudarshan. page 167-172