മിലൻ കുന്ദേര: ഭൂപടത്തിൽ ഇല്ലാത്ത ഒരു ദേശത്തിന്റെ പേര്
മാർകേസിനുനേരെ വഴിഞ്ഞൊഴുകിയത്ര വരില്ലെങ്കിലും, മലയാളി വായനക്കാരുടെ പ്രിയം ധാരാളം ഏറ്റുവാങ്ങിയ ഒരാളായിരുന്നു മിലൻ കുന്ദേരയും. അതിശയമെന്നു പറയട്ടെ, മലയാളി മാറോടണച്ച മാർകേസ് പുസ്തകം, ‘ഏകാന്തതയുടെ നൂറു വർഷങ്ങൾ’ക്ക് സുന്ദരമായൊരു നിരൂപണം ചമച്ചത് കുന്ദേരയാണുതാനും. മികച്ച നോവലുകളിലെ നായകർക്കാർക്കും മക്കളില്ല എന്ന സത്യം കുന്ദേര തിരിച്ചറിയുന്നത് ‘ഏകാന്തത .......’ വായിക്കുമ്പോഴാണ്. സ്റ്റെന്താളിന്റെ, ബൽസാക്കിന്റെ, ദസ്തയേവ്സ്കിയുടെ, കാഫ്കയുടെ, മാർസൽ പ്രൂസ്റ്റിന്റെ നായകരെല്ലാം സന്താനരഹിതരാണ് എന്ന സത്യത്തിനെതിരെയാണ് ‘ഏകാന്തതയുടെ നൂറു വർഷങ്ങളി’ലെ മക്കളും പേരമക്കളും അവരുടെ മക്കളുമായി പടർന്നുപന്തലിച്ച കഥാസാരത്തെ കുന്ദേര നിർത്തുന്നത്. അങ്ങനെയാണ് ‘നോവലും പുനരുൽപാദനവും’ (The Novel and Procreation) എന്ന ലേഖനം അദ്ദേഹം രചിക്കുന്നത്.
അക്കാലത്ത് എന്നെപ്പോലെയുള്ളവർ സാധാരണയായി വിദേശ എഴുത്തുകളുമായി പരിചയം സ്ഥാപിക്കുക എം. കൃഷ്ണൻ നായരുടെ ‘സാഹിത്യവാരഫല’ത്തിലൂടെയായിരുന്നു. എന്നാൽ, വിചിത്രമെന്നു പറയട്ടെ, കുന്ദേര എന്ന പേര് ആദ്യം പതിഞ്ഞത് മറ്റൊരു വഴിയിലൂടെയായിരുന്നു. ആ നാളുകളിൽ ടെന്നിസ് കോർട്ടുകൾ അടക്കിവാണിരുന്നത് സ്വീഡനിലെ ബ്യോൺ ബോർഗും ചെക്കോസ്ലോവാക്യയിലെ ഇവാൻ ലെൻഡലും യു.എസിലെ ജോൺ മക്കൻറോയുമായിരുന്നു. മലയാളി ദിനപത്രങ്ങളിലെ സ്പോർട്സ് ലേഖകർ കൊഴുപ്പിച്ചെഴുതിയ വാചകങ്ങളിലൂടെ അവർ ഞങ്ങളുടെ കൗമാരദിനങ്ങളിൽ പാർപ്പുറപ്പിച്ചിരുന്നു. ബോർഗിന്റെ സൗമ്യതയിൽനിന്നും മക്കൻറോയുടെ ക്രൗര്യത്തിൽനിന്നും തന്റെ കല്ലിച്ച മുഖവുമായി ലെൻഡൽ വേറിട്ടുനിന്നു.
പ്രത്യക്ഷത്തിൽ ഞങ്ങളെ അദ്ദേഹം ആകർഷിച്ചിരുന്നില്ല. എങ്കിലും അസ്വസ്ഥപ്പെടുത്തുന്ന സ്ഥിരസാന്നിധ്യമായി അദ്ദേഹം അവിടെയുണ്ടായിരുന്നു. പ്രത്യേകിച്ചും കളിമൺ കോർട്ടുകളിൽ. മലയാളപത്രങ്ങളുടെ പിന്നാമ്പുറം വിട്ട് അവരെ അറിയാൻ ഞങ്ങൾ ആശ്രയിച്ചിരുന്നത് ദ ഹിന്ദു പത്രകുടുംബത്തിൽനിന്ന് ഞങ്ങളുടെ വായനശാലയിൽ എത്തിയിരുന്ന ‘സ്പോർട്സ് സ്റ്റാർ’ ദ്വൈവാരികയിലൂടെയായിരുന്നു. അതിന്റെ ആർട്ട് പേപ്പർ പ്രതലത്തിൽ അച്ചടിച്ചുവന്നിരുന്ന അവരുടെ ചിത്രങ്ങളെ ഞങ്ങൾ കണ്ണിമക്കാതെ നോക്കിനിന്നിരുന്നു. അതായിരുന്നു അന്ന് ഞങ്ങളുടെ ചാനൽ ഫോറും സ്റ്റാർ സ്പോർട്സും.
ലെൻഡൽ കമ്യൂണിസ്റ്റ് ചെക്കോസ്ലോവാക്യ വിട്ട് യു.എസിലേക്കു കുടിയേറാൻ നിൽക്കുന്ന കാലത്ത് അതിനെപ്പറ്റി സ്പോർട്സ് സ്റ്റാർ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഒരു അഭിമുഖ സംഭാഷണവും ഒപ്പമുണ്ടായിരുന്നു. ചെക്കോസ്ലോവാക്യയിലെ രാഷ്ട്രീയാന്തരീക്ഷത്തിൽ ശ്വാസംമുട്ടുന്ന തന്നെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത് ഒരു നോവലിനെ മുറുകെ പിടിച്ചായിരുന്നു. ചെക്കോസ്ലോവാക്യയിൽനിന്ന് ഫ്രാൻസിലേക്ക് കുടിയേറിപ്പാർത്ത ആ നോവലിസ്റ്റിനെയും അയാളുടെ പ്രസിദ്ധമായ നോവലിനെയും ആ അഭിമുഖ സംഭാഷണത്തിൽ ലെൻഡൽ മുട്ടിനു മുട്ടിന് പരാമർശിച്ചിരുന്നു. അങ്ങനെ മിലൻ കുന്ദേര ഞങ്ങളിലെത്തി; ‘ഉണ്മയുടെ അസഹനീയമായ ലഘുത്വ’വും (Unbearable Lightness of Being).
ലെൻഡലിന് പിന്നീട് അമേരിക്കയിൽ എന്തു സംഭവിച്ചു എന്നത് വ്യക്തമായി അറിഞ്ഞില്ല. പക്ഷേ, കുന്ദേരയുടെ ഓരോ യാത്രയും ഞങ്ങൾക്ക് ഹൃദിസ്ഥമായി. ‘ലൈഫ് ഈസ് എൽസ് വേറും’ ‘ദി ജോക്കും’ ‘ഇമ്മോർട്ടാലിറ്റി’യും മറ്റു നോവലുകളും മാറിയും മറിഞ്ഞും ഞങ്ങളിലെത്തി; ഒപ്പം ‘ടെസ്റ്റമെന്റെ ബിട്രേയ്ഡും’ ‘ആർട്ട് ഓഫ് നോവലും’ പോലുള്ള നോവലിതര ഗദ്യവും. പലതിന്റെയും മലയാള പരിഭാഷകൾ അക്കാലത്തെ സമാന്തര പ്രസിദ്ധീകരണശാലകളിലൂടെ പുറത്തിറങ്ങി. മലയാളത്തിലെ സാഹിത്യചർച്ചകളിലും ലേഖനങ്ങളിലും കുന്ദേര നിത്യസാന്നിധ്യമായി. സി.ആർ. പരമേശ്വരന്റെ ‘പ്രകൃതി നിയമത്തി’ന് എഴുതിയ അവതാരികയിൽ ‘അധികാരത്തോടുള്ള മനുഷ്യരുടെ പോരാട്ടം എന്നത് മറവിക്കെതിരെ ഓർമ നടത്തുന്ന പോരാട്ടമാണ്’ എന്ന കുന്ദേരാവാചകം കെ.സി. നാരായണൻ മുഖക്കുറിയായി എടുത്തുചേർത്തതോടെ ഓർമയും മറവിയും സാധാരണ അർഥങ്ങൾ വെടിഞ്ഞ് മലയാളത്തിൽ കനമുള്ള പദങ്ങളായി, പെറ്റുപെരുകുന്ന പരികൽപനകളായി. മലയാളത്തിലെ സിനിമാപ്പേരുകളിൽ ഏറ്റവും മനോഹരം എന്ന് ഞാൻ വിചാരിക്കുന്ന ഒന്ന്, ടി.വി. ചന്ദ്രന്റെ ‘ഓർമ്മകളുണ്ടായിരിക്കണം’പോലും അങ്ങനെ വന്നതാകാൻ വഴിയുണ്ട്.
മലയാളിയുടെ വിദേശ നോവൽ വായനക്ക് പല മാനങ്ങളുണ്ട്. ടോൾസ്റ്റോയിയും ദസ്തയേവ്സ്കിയും കാഫ്കയും കാമുവും സാർത്രും ബൊളാഞ്ഞോയും സെബാൾഡുമൊക്കെ പല കാലങ്ങളിൽ മലയാളത്തിൽ കയറിമറിഞ്ഞിട്ടുണ്ടെങ്കിലും വിക്ടർ ഹ്യൂഗോക്കും മാർകേസിനും കുന്ദേരക്കും ഒക്കെ കിട്ടിയ മലയാളി പൗരത്വം അവർക്ക് അന്യമായിരുന്നു എന്നു വേണം കരുതാൻ. നോവലിന്റെ ബലാബലങ്ങൾക്കപ്പുറം മറ്റു ഘടകങ്ങളെക്കൂടി ആശ്രയിച്ചാണ് വായനക്കാർ നിർവഹിക്കുന്ന ഈ പൗരത്വവിതരണം. കുന്ദേരയുടെ കാര്യത്തിൽ അതിന് സഹായിച്ചത് അദ്ദേഹത്തിന്റെ ‘ചിരി’ ആണ്. ആ നോവലുകളുടെ ‘ചിരി’ കുഞ്ചനും ബഷീറും വി.കെ.എന്നും നമുക്കു തന്ന പാരമ്പര്യംകൊണ്ട് പിടിച്ചെടുക്കാവുന്ന ഒന്നായിരുന്നു. രണ്ടാമത്തെ കാര്യം, കുന്ദേരയുടെ തല പുകച്ചിരുന്ന സ്റ്റാലിനിസം മലയാളി ഭാവുകത്വത്തിന്റെയും തലപുകച്ചിരുന്നു എന്നതാണ്. അങ്ങനെ, നമുക്കും കുന്ദേരക്കുമിടയിൽ രണ്ടു പൊതുഘടകങ്ങൾ വിശാലമായി നിവർന്നു. കുന്ദേര എഴുതിയ ആ നാൾവഴിക്കണക്കുകൾ നമുക്കും പരിചിതമായിരുന്നു. സോവിയറ്റ് യൂനിയന്റെയും കിഴക്കൻ ബ്ലോക്കിന്റെയും തകർച്ചവരെ ചെന്നെത്തിയ ആ ചരിത്രത്തിന്റെ രണ്ടു കോണുകളിൽനിന്നും കുന്ദേരയും നമ്മളും നോക്കിനിന്നു. പ്രത്യാശകൾ നിരാശകളാകുന്നതും വസന്തം ശിശിരമാകുന്നതും ആഴത്തിൽ നാം അറിഞ്ഞു. അത് പറയാൻ നമുക്ക് വാക്കുകളില്ലായിരുന്നു. നമ്മെത്തന്നെ പ്രകാശിപ്പിക്കാൻ നമുക്ക് ഇല്ലാതെപോയ വാക്കുകൾ കുന്ദേരയിൽനിന്ന് സുലഭമായി ലഭിച്ചു. രണ്ടു ഭൂഖണ്ഡങ്ങളിൽ, രണ്ടു ഭാഷകളിൽ, രണ്ടു സംസ്കാരങ്ങളിൽ വ്യാപരിക്കുമ്പോഴും ഒരേ സ്വപ്നത്തിന്റെ അതിരിൽ കുന്ദേരയും നാമും കോർത്തിണക്കപ്പെട്ടിരുന്നു. ആ സ്വപ്നത്തിന്റെ ക്രൗര്യം കുന്ദേരയും അതുപോലുള്ളവരുമാണ് ഭൗതികവും ശാരീരികവുമായി ഏറ്റുവാങ്ങിയതെങ്കിലും ആ വേദന അറിയാനുള്ള മാപിനികൾ നമ്മുടെ മനസ്സിലുണ്ടായിരുന്നു. വിശ്വാസത്തകർച്ചയുടെ അഗ്രബിന്ദുവിൽ നാം കുന്ദേരയുടെ പുസ്തകങ്ങൾ നിവർത്തി. ചരിത്രം കടഞ്ഞെടുത്ത ആ ‘ചിരി’യിൽ നമ്മെത്തന്നെ ഒഴുക്കി.
ഇത് മനസ്സിലാക്കണമെങ്കിൽ, നമ്മുടെ ഒ.വി. വിജയൻ വായനാനുഭവത്തെ ചേർത്തുവെച്ചാൽ മതി. ഡ്യൂബ്ചെക്കും പ്രാഗ് വസന്തവും അതിന്റെ രക്തപങ്കിലമായ പര്യവസാനവും എഴുതുമ്പോൾ വിജയന്റെ ചേതന കടന്നുപോയ കയറ്റിറക്കങ്ങൾ ചെറുതായിരുന്നില്ല. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാതെ വിജയൻ, ആ സ്വപ്നത്തകർച്ചയെക്കുറിച്ച് നിരന്തരം എഴുതിക്കൊണ്ടിരുന്നു. ഒരുപക്ഷേ, ഒരു ഏഷ്യൻ ഭാഷയിലും സോവിയറ്റ് യൂനിയന്റെയും കിഴക്കൻ യൂറോപ്പിന്റെയും തകർച്ചയെക്കുറിച്ച് അതിനു മുമ്പും പിമ്പും മറ്റൊരു സർഗാത്മക എഴുത്തുകാരനും/കാരിയും ആണ്ടുമുങ്ങിയിട്ടുണ്ടാകില്ല. ആ മനസ്സും കുന്ദേരയുടെ മനസ്സും ഒന്നായിരുന്നു എന്നു പറയാൻവയ്യ. പക്ഷേ, ഒരു അയൽപക്കബന്ധം തീർച്ചയായും അവിടെയുണ്ടായിരുന്നു.
സോവിയറ്റാനന്തര ജീവിതത്തിൽ ചെക്കോസ്ലോവാക്യ തന്നെ ഇല്ലാതായി. ഏകധ്രുവ ലോകം സ്റ്റാലിനിസാനന്തര കിഴക്കൻ യൂറോപ്പിനെ കളിപ്പാട്ടംപോലെ തട്ടിക്കളിച്ചു. തിരിച്ചുവരവിനായി കളമൊരുങ്ങിയിട്ടും എഴുത്തുകാരനായ വാക്ലേവ് ഹാവേൽ ചെക്ക് റിപ്പബ്ലിക്കിന്റെ പ്രസിഡന്റായിട്ടു പോലും ആ സാധ്യതക്കുനേരെ കുന്ദേര ശക്തമായ എതിർ നിലപാടെടുത്തു. പക്ഷേ, കുന്ദേരയുടെ നോവലുകൾ ചെക്ക് റിപ്പബ്ലിക്കിന്റെ അതിർത്തിയിൽ തിരിച്ചെത്തി. ചോദിച്ചവരോട് പ്രവാസമാണ് എന്റെ നാട് എന്ന് നിർമമമായി മറുപടി പറഞ്ഞു. കൃത്യമായി പറഞ്ഞാൽ പ്രവാസം എന്നല്ല കുന്ദേര പ്രയോഗിച്ചത്. തന്റെ നോവലിന്റെ പേരിൽനിന്നെടുത്ത ‘എൽസ് വേർ’ എന്ന പദമാണ്. അങ്ങനെ ‘വേറെവിടെയോ’ എന്ന പദം ഭൂപടത്തിൽ ഇല്ലാത്ത ഒരു ദേശത്തിന്റെ പേരായി മാറി.