Begin typing your search above and press return to search.
proflie-avatar
Login

ബി.ബി.സി ഡോക്യുമെന്ററി നിർമിച്ചത് ആർക്കുവേണ്ടി?

ബി.ബി.സി ഡോക്യുമെന്ററി നിർമിച്ചത് ആർക്കുവേണ്ടി?
cancel

‘ഇന്ത്യ: ദ മോദി ക്വസ്​റ്റ്യൻ’ എന്ന ബി.ബി.സി ഡോക്യുമെന്ററി ഇവിടെ ഉയർത്തിവിട്ട ഒച്ചപ്പാടും ആവേശവും കണ്ടാണ്​ ഞാൻ ലണ്ടനിലെ വിവരമറിയാൻ അവിടത്തെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടത്​. ഗോധ്രയെ കേന്ദ്രീകരിച്ചുള്ള, അക്കാലത്ത്​ നടന്ന കലാപങ്ങളിൽ അന്നത്തെ ഗുജറാത്ത്​ മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക്​ പങ്കുണ്ടെന്ന് മറയില്ലാതെ ആരോപിക്കുന്ന ഡോക്യുമെന്ററിയുടെ ആദ്യഭാഗം വന്ന ഉടനെയായിരുന്നു അത്​. ബ്രിട്ടനിൽ സംപ്രേഷണം ചെയ്ത ആ എപ്പിസോഡിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ന്യൂഡൽഹിയിലെ ഭരണകൂടത്തെ അസ്വസ്ഥമാക്കുകയും എടുത്തുചാടി വിവരമില്ലാത്ത തീരുമാനങ്ങൾ നടപ്പാക്കുന്ന പതിവുവെച്ച്​ അവർ ഡോക്യുമെന്ററി ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നതിന്​ തടയിടുകയും ചെയ്തു.

ഒരു ടി.വി ഷോ നിരോധിക്കപ്പെടുന്നതോടെ അതിന്​ കണക്കുകൂട്ടിയതിലേറെ പ്രേക്ഷകരുണ്ടാകുമെന്ന്​ ഉറപ്പാകുന്നു. നിരോധിത വസ്തുക്കൾ ഡൗൺലോഡ് ചെയ്യാനുള്ള എല്ലാ കൗശല തന്ത്രങ്ങളും പ്രേക്ഷകർ സ്വായത്തമാക്കിയിട്ടുണ്ട്​. ഇന്ത്യൻ വിദേശകാര്യ വക്താവ് നടത്തിയ പ്രയോഗങ്ങളാണ്​ സത്യത്തിൽ ഡോക്യുമെന്ററിക്ക്​ കാഴ്​ചക്കാരെ വർധിപ്പിച്ചത്. ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ഭീഷണിപ്പെടുത്തുന്ന കൊളോണിയൽ മാനസികാവസ്ഥയാണ് ബി.ബി.സിയുടേതെന്ന് എന്നായിരുന്നു അദ്ദേഹത്തി​ന്റെ ആരോപണം.

ബി.ബി.സിക്ക്​ ശരിക്കും കൊളോണിയൽ ചിന്താഗതിയാണോ ഉള്ളത്​​? ഏറെ ശ്രമകരമായ ഗവേഷണത്തിലൂടെ വിഷയത്തി​ന്റെ ഇരുവശവും പറയുന്ന നിരവധി അഭിമുഖങ്ങളുൾക്കൊള്ളിച്ചാണ്​ അവരീ ഡോക്യുമെന്ററി തയാറാക്കിയിരിക്കുന്നത്​. ഇന്ത്യൻ മാധ്യമ പ്രവർത്തകരാരും ഒരുകൈ നോക്കാൻ പോലും ശ്രമിക്കാഞ്ഞ ഉദ്യമം.

ലണ്ടനിലെ സുഹൃത്തുക്കളോട്​ ഡോക്യുമെന്റെറിയെക്കുറിച്ച്​ പ്രതികരണമാരാഞ്ഞത്​ ഞാൻ പറഞ്ഞുവല്ലോ. തെക്കനേഷ്യൻ വംശജനായ ഒരു ലേബർ പാർട്ടി അംഗത്തോട്​ ഞാൻ അന്വേഷിച്ചപ്പോൾ ഏത്​ ഡോക്യുമെന്ററി, എന്തിനെപ്പറ്റിയുള്ള ഡോക്യുമെന്ററി എന്നായിരുന്നു മറു ചോദ്യം. ബ്രിട്ടീഷ്​ പത്രങ്ങളിൽ അതേക്കുറിച്ച്​ ഒന്നും വന്നില്ലേ എന്ന്​ ചോദിച്ചപ്പോൾ താനൊന്നും കണ്ടില്ലെന്ന്​ മറുപടി.

ബി.ബി.സിയിൽ പ്രവർത്തിക്കുന്ന ഒരാളോട്​ തിരക്കിയപ്പോൾ ചില കാര്യങ്ങൾ തെളിഞ്ഞു. ഉവ്വ്​, ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗം സംപ്രേഷണം ചെയ്​തു. പക്ഷേ, ബി.ബി.സി 2 ചാനലിൽ കാഴ്​ചക്കാർ കുറവുള്ള ഒമ്പതു മണി ഷോ ആയിരുന്നു. ബ്രിട്ടീഷ് ടി.വി പ്രേക്ഷകർ, ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നത്​ കാണണമെന്ന ക്ഷുദ്രതാൽപര്യമുള്ളവരല്ല. ആ എപ്പിസോഡിനെച്ചൊല്ലിയുള്ള പിരിമുറുക്കങ്ങൾ, നിയന്ത്രണം, നിരോധനം തൽഫലമായി വ്യാപകമായ പ്രദർശനവും കാഴ്​ചക്കാരും...ഇതൊക്കെ ഇന്ത്യയിലാണ്​ സംഭവിച്ചത്​.

കലാപത്തെ സഹായിച്ചുവെന്ന്​ മോദിയെ കുറ്റപ്പെടുത്തുന്ന ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗത്തേക്കാൾ ഭരണകൂടത്തിന്​ ദോഷകരമാവേണ്ടതാണ്​ ബീഫി​ന്റെ പേരിലെ ആൾക്കൂട്ടക്കൊല, ലവ് ജിഹാദ്​, ഹിജാബ്​, വിചാരണപോലുമില്ലാതെ വർഷങ്ങളും ദശകങ്ങളും തടവറയിൽ കഴിയേണ്ടിവരുന്ന മുസ്​ലിം ചെറുപ്പക്കാർ തുടങ്ങിയ സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന രണ്ടാം ഭാഗം. പക്ഷേ, അധികൃതരുടെ ഭാഗത്തുനിന്ന്​ ആദ്യ എപ്പിസോഡിനെതിരെ ഉയർന്നതു പോലുള്ള അതിവീര്യത്തിലുള്ള പ്രതികരണങ്ങൾ ഇല്ലാഞ്ഞതിനാൽ പരിമിതമായ അളവിൽ മാത്രമാണ്​ പൊതുജനങ്ങൾ അതു കണ്ടത്​.

ഔദ്യോഗിക പ്രതികരണം മറിച്ചാണെങ്കിലും ബി.ബി.സിയുടെ പ്രവൃത്തി മോദിയുടെ ഗോദി മീഡിയയിൽനിന്ന്​ വ്യത്യസ്​തമല്ല എന്നാണ്​ ആർട്ടിക്​ൾ 19 എന്ന നവകാല പോർട്ടലിലെ നവീൻ കുമാറി​ന്റെ വിലയിരുത്തൽ. നവീൻ അങ്ങനെ പറയുന്നതി​ന്റെ കാരണമിതാണ്​:

ഒമ്പത് സംസ്ഥാന നിയമസഭകളിലേക്ക്​ തെരഞ്ഞെടുപ്പ് അടുത്തുവരുന്നു. തൊഴിലില്ലായ്മ, വിലക്കയറ്റം, അതിർത്തിയിൽ ചൈനയോടുള്ള സംശയാസ്പദമായ ഇടപെടലുകൾ എന്നിവയെല്ലാം മോദിക്ക്​ ബാധ്യതയാവുന്ന മാറാപ്പുകളാണ്​. ആ ഘട്ടത്തിൽ ഹിന്ദു-മുസ്‍ലിം വിഷയങ്ങളിൽ ശ്ര​ദ്ധ​ ​കേന്ദ്രീകരിക്കുന്ന വിഭജന, സ്വത്വ രാഷ്ട്രീയം ഉയർന്നുവരുന്നത്​ മോദിക്കും കൂട്ടർക്കും ഏറെ സൗകര്യമാണ്​. കശ്മീരും പാകിസ്​താനും ചേർത്ത്​ ദേശീയതയുടെ ഒരുവശം കൂടിയാകുമ്പോൾ വിശേഷിച്ചും. ബി.ജെ.പി നടത്തുന്ന പ്രചാരണ വേലകൾ കാണു​മ്പോൾ നവീൻ കുമാറി​ന്റെ ദീർഘദൃഷ്​ടി എത്രമാത്രം ശരിയാണെന്ന്​ തോന്നിപ്പോകും.

മധ്യവർഗ ഇന്ത്യൻ സ്വീകരണമുറി ചർച്ചക്കാർ ഇപ്പോൾ രണ്ട്​ വിഭാഗമായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒരു വിഭാഗം ദ വയർ, ദ പ്രിന്റ്​,ന്യൂസ്​ ലോൺഡ്രി തുടങ്ങിയ മാധ്യമങ്ങളിൽ മുഴുകുന്നവരാണ്​. മറ്റൊരു വിഭാഗമാവ​ട്ടെ തങ്ങളുടെ ബൗദ്ധികസാമഗ്രികൾ സ്വരുക്കൂട്ടുന്നത്​ ചാനലുകളിൽനിന്നും മോദിയുടെയും മുഖ്യമന്ത്രിമാരുടെയും വ്യവസായ നായകരുടെയും കോച്ചിങ്​ സെന്ററിലെ ടോപ്പർമാരുടെയും ചിത്ര പരസ്യങ്ങളുള്ള ഒന്നാം പേജ്​ ഒട്ടിച്ചുചേർത്ത മുഖ്യധാര പത്രങ്ങളിൽ നിന്നുമാണ്​. നവീൻ കുമാറി​ന്റെ ഗൂഢാലോചന സിദ്ധാന്തം ഏറ്റുപിടിക്കുന്ന വളരെ കുറച്ചുപേരുണ്ട്​, മറ്റു പലരുടെയും വിലയിരുത്തൽ പ്രകാരം ഇത്​ യു.കെയിലെ തെക്കനേഷ്യൻ വോട്ടർമാർ നടത്തുന്ന നിരന്തര അധിക്ഷേപത്തിനുള്ള പ്രതികരണമാണ്​.

ഓർക്കുക-യു.കെയിലെ നിയോജക മണ്ഡലങ്ങൾ പാർട്ടി നേതാക്കൾക്കും വോട്ടർമാർക്കും നേരിട്ട്​ ഇടപഴകാൻ കഴിയുന്നത്ര ചെറുതാണ്​. ഈ പറഞ്ഞ കാരണം ശരിയാണെന്ന്​ സമ്മതിച്ചാൽപ്പോലും ഡോക്യുമെന്ററി പുറത്തുവരാൻ ഗോധ്ര സംഭവം നടന്ന്​ 21 വർഷത്തെ ഇടവേളയെടുത്തത്​ എന്തു കൊണ്ടാണ്? കൂട്ടക്കുരുതി നടക്കുമ്പോൾ ​വിദേശകാര്യ സെക്രട്ടറിയായിരുന്ന ജാക്ക് സ്ട്രോ, ഡോക്യുമെന്ററിയുടെ ആദ്യഭാഗം സംപ്രേഷണം ചെയ്തശേഷം കരൺ ഥാപ്പറുമായുള്ള അഭിമുഖത്തിൽ അക്കാര്യം വെളിപ്പെടുത്തിയിരുന്നു. ‘‘ഇന്ത്യയുമായി കാര്യമായ ബന്ധമുള്ള ഒരു രാജ്യമെന്ന നിലയിൽ, ഗുജറാത്ത്​ വംശഹത്യ അരങ്ങേറിയപ്പോൾ അവിടെ എന്താണ്​ സംഭവിച്ചത്​ എന്ന്​ കണ്ടെത്തേണ്ടത്​ ബാധ്യതയായി ഞങ്ങൾ കരുതിയിരുന്നു. ഡൽഹിയിലെ ബ്രിട്ടീഷ്​ ഹൈകമീഷൻ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട്​ നൽകി. പക്ഷേ, ഇന്ത്യയുമായുള്ള മികവുറ്റ ബന്ധം തകിടം മറിയുന്നത്​ ഒഴിവാക്കാനായി അന്തിമ റിപ്പോർട്ട്​ രഹസ്യ രേഖയായി വിദേശകാര്യ മന്ത്രാലയം സൂക്ഷിച്ചു. വിസ റദ്ദാക്കിക്കൊണ്ട്​, അന്ന്​ വെറും മുഖ്യമന്ത്രി മാത്രമായിരുന്ന നരേ​ന്ദ്ര മോദിയുടെമേൽ നടപടിയും സ്വീകരിച്ചു.’’

2002ൽ നൽകപ്പെട്ട ആ റിപ്പോർട്ട്​ ബി.ബി.സിക്ക്​ ചോർത്തിക്കിട്ടിയതു കൊണ്ടാവാം ഗുജറാത്ത്​ എപ്പിസോഡ്​ വീണ്ടും ഉയർത്തിയും സമകാലിക സംഭവങ്ങൾ ഉൾക്കൊള്ളിച്ചും ഇത്തരമൊരു ഡോക്യുമെന്ററി ഇപ്പോൾ പുറത്തുവന്നത്​.

ഊഹം പറച്ചിലുകൾക്ക്​ അവസാനമില്ലല്ലോ. യുക്രെയ്ൻ വിഷയത്തിൽ പടിഞ്ഞാറൻ സഖ്യങ്ങളുടെ നിലപാടിൽനിന്ന്​ മാറിനടന്നതി​ന്റെ പേരിൽ മോദിയോട്​ പകരംവീട്ടാൻ ബി.ബി.സിയെ കരുവാക്കുകയായിരുന്നു എന്നുപോലും പറഞ്ഞുനടക്കുന്നവരുണ്ട്​.

Show More expand_more