ബോളിവുഡിലേക്ക് പടരുന്ന ചങ്ങാത്ത ഫാഷിസവും ഉപകരണമാക്കപ്പെടുന്ന നടന ജീവിതങ്ങളും
മുസ്‍ലിം വിരുദ്ധമായ പ്രൊപ്പഗണ്ട, രാജ്യസ്നേഹ സിനിമകൾ ബോളിവുഡിൽ നിറയുകയാണ്. ഇന്ത്യയുടെ ബഹുസ്വരതയും മതേതര ബോധവും ഉൾകൊണ്ടിരുന്ന ബോളിവുഡ് എങ്ങനെയാണ് ഹിന്ദുത്വ സിനിമയുടെ ഭൂമികയായത്?.
ലൈംഗികത കഴിഞ്ഞാൽ മനുഷ്യന് ഏറ്റവും ആഹ്ലാദം പകരുന്ന ആനന്ദാനുഭൂതിയാണ് സിനിമ എന്ന് പറഞ്ഞത് ആരാണെന്നറിയില്ല. പാടെ തിരസ്കരിക്കാനാവാത്ത പ്രസ്താവനയാണത്. അങ്ങിനെയെങ്കിൽ നമ്മുടെ തീയറ്ററുകളാവും ഈ പ്രഞ്ചത്തിലെ ഏറ്റവും വലിയ ഡോപ്പമിൻ ഉത്പ്പാദന കേന്ദ്രങ്ങൾ. ഇരുളിലും വെളിച്ചത്തിലും മിന്നിമറയുന്ന സിനിമാ ദൃശ്യങ്ങൾ കണ്ട് മതിമറക്കുന്ന മനുഷ്യ തലച്ചോറിൽ എത്ര ഗാലൻ ഡോപ്പമിൻ എന്ന ആഹ്ളാദ ഹോർമോണുകൾ ഉൽപാദിപ്പിക്കുന്നുണ്ടാകും. ഇതുവരെ ആരും അതിന്റെ കണക്കെടുക്കാൻ മുതിർന്നിട്ടില്ല. എന്തായലും സിനിമ മനുഷ്യ ജീവിതത്തെ സ്വാധീനിച്ചതുപോലെ മറ്റൊരു കലയും സ്വാധീനിച്ചിട്ടുണ്ടാവില്ല എന്ന് നിസംശയം പറയാം. അതുകൊണ്ടുതന്നെ സിനിമയിൽ എപ്പോഴും ഒരു ദുഷ്ടലാക്കോടുകൂടിയ താൽപ്പര്യം ഭരണകൂടങ്ങൾക്ക് ഉണ്ടായിരുന്നു. അത് ഇന്നലേയും ഇന്നും നാളേയും ഉണ്ടാകുകയും ചെയ്യും.
ഭരണകൂടങ്ങളും സിനിമയും
ഭരണകൂടങ്ങൾക്ക് എന്നും സിനിമയോട് വലിയ ഭ്രമമായിരുന്നു. തങ്ങൾ നിയന്ത്രിക്കാനാഗ്രഹിക്കുന്ന മനുഷ്യർ സിനിമ ഇഷ്ടപ്പെടുന്നു എന്നതാണതിന് കാരണം. തങ്ങൾക്ക് പറയാനുള്ള ചിലത് സിനിമയിലൂടെ പറയാം എന്ന ആശയം ഗവൺമെന്റുകൾക്ക് പണ്ടുമുതലേ ഉണ്ടായിരുന്നു. ഇതിനെ ഒരു ‘കലയായി’ വികസിപ്പിച്ചത് നാസി ജർമനിയായിരുന്നു. പ്രൊപ്പഗണ്ട എന്ന് ഇന്ന് നാം അറപ്പോടെ പറയുന്ന വാക്ക് അഭിമാനത്തോടെ സിനിമക്ക് മുന്നിൽ ചേർത്ത് പറഞ്ഞിരുന്ന കാലം നാസി ജർമനിയിൽ ഉണ്ടായിരുന്നു. മനുഷ്യവിരുദ്ധമായ ആശയങ്ങൾ നിർബാധം പ്രചരിപ്പിക്കാൻ നാസികൾ പ്രൊപ്പഗണ്ട സിനിമകളും ഡോക്യുമെന്ററികളും എടുത്തുകൊണ്ടിരുന്നു.
ഗീബൽസ് എന്ന കുപ്രസിദ്ധൻ സ്വയം തന്നെ ‘ജർമൻ സിനിമയുടെ ബോസ്’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഒരു കാലത്ത് നാസികൾക്ക് സ്വന്തം സിനിമ നിർമാണ വിതരണ സംവിധാനങ്ങളും സ്വന്തക്കാരായ നടീ നടന്മാരും എഴുത്തുകാരും എല്ലാം ഉണ്ടായിരുന്നു. ഈ സംഘമാണ് 60 ലക്ഷം മനുഷ്യരെ കൂട്ടക്കൊല നടത്താൻ വേണ്ട മനോനിലവാരത്തിലേക്ക് ജർമൻ പൊതുബോധത്തെ മാറ്റിത്തീർന്നത്.
ഇന്ത്യൻ സിനിമ
സിനിമാ സമ്പന്നമായൊരു സമൂഹമായിരുന്നു എന്നും ഇന്ത്യ. ബഹുഭാഷയിൽ, ബഹുവർണങ്ങളിൽ ഈ രാജ്യത്തിന്റെ ദൃശ്യസംസ്കാരം വ്യാപിച്ചുകിടക്കുന്നു. പാൻ ഇന്ത്യ എന്ന സങ്കൽപ്പമൊക്കെ വരുന്നതിനുമുമ്പ് നമ്മുടെ സിനിമയും നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. എല്ലാ നാട്ടുരാജ്യങ്ങൾക്കും അവരവരുടേതായ താര രാജാക്കന്മാരും രാജ്ഞിമാരും ഉണ്ടായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം നെഹ്റു പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹത്തിന്റെ ആശയങ്ങൾ സിനിമയെ സ്വാധീനിച്ചിട്ടുണ്ട്. പ്രശസ്ത ബോളിവുഡ് സംവിധായകൻ യാഷ് ചോപ്ര തന്റെ കാലത്തെ സിനിമയെപ്പറ്റി പറയുമ്പോൾ ഇത് സമ്മതിക്കുന്നുണ്ട്. ‘നെഹ്റുവിന്റെ ആശയങ്ങൾ എന്നും ഞങ്ങളുടെ ഉപബോധ മനസിൽ ഉണ്ടായിരുന്നു. വലിയ ഡാമുകളും വ്യവസായങ്ങളുമാണ് പുതിയ ഇന്ത്യയുടെ അമ്പലങ്ങൾ എന്ന് അദ്ദേഹം പറഞ്ഞത് ഞങ്ങൾ ഉൾക്കൊണ്ടിരുന്നു’-യാഷ് ചോപ്ര പറയുന്നു.
തന്റെ ജേഷ്ഠൻ ബി.ആർ.ചോപ്ര എടുത്തിരുന്ന സിനിമകളിൽ ഡാമുകളുടേയും വ്യവസായ ശാലകളുടേയും ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നതായും അദ്ദേഹം ഓർത്തെടുക്കുന്നുണ്ട്. 1957ൽ പുറത്തിറങ്ങിയ ‘നയാ ദൗർ’ എന്ന സിനിമ പുരോഗമനപരവും യന്ത്രവത്കൃതവുമായ ഇന്ത്യയെപ്പറ്റിയുള്ള സ്വപ്നം പങ്കുവയ്ക്കുന്നതായിരുന്നു. ഒരു ഗ്രാമത്തിലേക്ക് ബസ് വരുന്നതും അതിന് നേരിടുന്ന തടസങ്ങളും ആ ഗ്രാമീണർ അതിനെ അതിജീവിക്കുന്നതുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. യാഷ് ചോപ്രയുടെ ‘ധൂൽ കാ ഫൂൽ’ എന്ന സിനിമ നെഹ്റുവിയൻ മതേതരത്വ ആശയങ്ങളിൽ നിന്ന് പ്രചോദിതനായി എടുക്കപ്പെട്ട സിനിമയായിരുന്നു. ഒരു മുസ്‍ലിം വയോധികൻ ഹിന്ദു കുട്ടിയെ എടുത്തുവളർത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം. സിനിമയിലെ ‘നീ ഹിന്ദുവായും വളരില്ല, മുസൽമാനായും വളരില്ല, നീയൊരു മനുഷ്യന്റെ മകനാണ്, മനുഷ്യനായ് വളരും’ എന്ന അർഥം വരുന്ന ഗാനം നെഹ്റു എന്ന കറകളഞ്ഞ മതേതരവാദിയുടെ ആശയങ്ങളുടെ ഉദ്ഘോഷണമായിരുന്നു.
അന്നത്തെ സിനിമകളിൽ മുസ്‍ലിംകളെ അവതരിപ്പിച്ചിരുന്നതുതന്നെ തികഞ്ഞ മതേതരവാദികളും ദേശീയവാദികളും നന്മനിറഞ്ഞവരും ആയിട്ടാണെന്ന് നിരീക്ഷിക്കുന്നവരുണ്ട്. യാഷ് ചോപ്രയുടെ തന്നെ സിനിമയായ ‘ധർമപുത്ര’ ഇതിന് ഉദാഹരണമാണ്. നവാബ് ബദറുദ്ദീൻ ഗുൽഷൻ റായ് എന്നീ സുഹൃത്തുക്കളുടെ കഥയാണ് ധർമപുത്ര പറയുന്നത്. പ്രശസ്ത ബ്ലോക് ബസ്റ്റർ ആയ ‘ഷോലേ’യിലൊക്കെ ഇത്തരം നഷ്‍കളങ്കരായ മുസ്‍ലിം കഥാപാത്രങ്ങളെ നമുക്ക് കാണാനാകും. നെഹ്റുവിയൻ ആശയങ്ങൾ ബോളിവുഡിലെ ഫിലിം മേക്കേഴ്സിനെ സ്വാധീനിച്ചതുകൊണ്ടാണിത് സംഭവിക്കുന്നത്. ഇവിടെ ശ്രദ്ധേിക്കേണ്ട കാര്യം സിനിമയും ഭരണകൂടവും ഒരിക്കലും ദുഃസ്വാധീനപരമായി പരസ്പരം ഇടെപട്ടിരുന്നില്ല എന്നും ഇരുകൂട്ടരും അവരവരുടെ വഴികളിൽ സഞ്ചരിക്കുകയായിരുന്നു എന്നും കാണാനാകും.
മാറ്റങ്ങൾ വരുന്നു
കോൺഗ്രസിന്റെ ആറ് സംവത്സങ്ങളിലേറെ നീളുന്ന ദേശീയ ഭരണം ഇന്ത്യയുടെ മതേതര സങ്കൽപ്പങ്ങൾക്ക് പരിക്കേൽപ്പിച്ചിട്ടുണ്ട് എന്നത് സുവിദിതമാണ്. എങ്കിലും അവർ സാമാന്യമായ ചില അതിർവരമ്പുകൾ എല്ലാത്തിലും സൂക്ഷിച്ചിരുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ നിലനിർത്താനും പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കാനും കോൺഗ്രസ് ശ്രമിച്ചിരുന്നു. സിനിമയിലും കാര്യങ്ങൾ അങ്ങിനെതന്നെയായിരുന്നു. തീർച്ചയായും സമൂഹത്തിലെ മാറ്റങ്ങൾ സിനിമയിൽ പ്രതിഫലിച്ചിരുന്നു. ആഗോളീകരണവും ഉദാരവത്കരണവും വന്നതും രാജ്യം മാറിയതും സിനിമയിലും കാര്യമായ സ്വാധീനം ചെലുത്തി. ഇന്ത്യയിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററായ ‘ദിൽവാലേ ദുൽഹനിയാ ലേ ജായേഗേ’ഒക്കെവരുന്നത് ഈ പശ്ചാത്തലത്തിലാണ്.
വിദേശ ഇന്ത്യക്കാരുടെ കഥകൾ ഇന്ത്യൻ സിനിമ പറഞ്ഞുതുടങ്ങുന്നു. വിമോചിതരായ ചെറുപ്പക്കാർ ഉണ്ടാകുന്നു. അവർ സ്വതന്ത്രമായി പ്രണയിക്കാനും കൂട്ടുകൂടാനും തുടങ്ങുന്നു. ‘ദിൽവാലേ’യുടെ സംവിധായകനും യഷ് ചോപ്രയുടെ മകനുമായ ആദിത്യ ചോപ്ര ഈ മാറ്റങ്ങളെ സിനിമ പോസിറ്റീവായി സ്വീകരിച്ചു എന്നുതന്നെയാണ് പറയുന്നത്. മക്ഡൊണാൾസും പെപ്സിയും കൊക്കക്കോളയും രാജ്യത്തിന്റെ മെട്രോ നഗരങ്ങളിലേക്ക് ചേക്കേറുന്നു. ആഗോളവാഹന ഭീമന്മാർ വരുന്നു. ഒപ്പം ഹോളിവുഡിൽ നിന്ന് വമ്പൻ സിനിമാ നിർമാണ സ്റ്റുഡിയോകളും രാജ്യത്ത് എത്തുന്നുണ്ട്. യൂനിവേഴ്സൽ പിക്ചേഴ്സും ഫോക്സ് കമ്പനിയും സോണിയും വലിയ പദ്ധതികളുമായി രാജ്യത്ത് എത്തുന്നു. ഭരണകൂടത്തിന്റെ രാഷ്രടീയമായ തീരുമാനം തന്നെയാണ് ഇതിനെല്ലാം കാരണമാകുന്നത്. ഇടയ്ക്ക് അധികാരവുമായി നേരിട്ടുള്ള ചില കൊടുക്കൽ വാങ്ങലുകളും സിനിമയുമായി ഉണ്ടാകുന്നുണ്ട്. സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചനെപ്പോലുള്ളവരുടെ തിരഞ്ഞെടുപ്പ് രാഷ്രടീയത്തിലേക്കുള്ള വരവ് ഇത്തരത്തിലുള്ളതാണ്. കോൺഗ്രസ് നേതാവ് രാജീവ് ഗാന്ധിയുമായുള്ള സൗഹൃദം അദ്ദേഹത്തിൽ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും അതെല്ലാം ഒറ്റപ്പെട്ട സംഭവമായി അസാനിക്കുകയായിരുന്നു.
ബോളിവുഡിന്റെ മതേതര ഫാബ്രിക്
ഹിന്ദി ഫിലിം ഇൻഡസ്ട്രിയെ ആരാണാദ്യം ബോളിവുഡ് എന്ന് വിളിച്ചതെന്നതിൽ തർക്കങ്ങളുണ്ട്. അത് ഏതെങ്കിലും ഒരു അമേരിക്കൻ സായിപ്പാണ് എന്ന കാര്യത്തിലാണ് ആകെ ഉറപ്പുള്ളത്. ഹോളിവുഡിന്റെ ചുവടുപിടിച്ചാണ് ആ പദപ്രയോഗം ഉണ്ടായത്. ബോംബെ ഫിലിം ഇൻഡസ്‍ട്രി എന്നതിന്റെ വിളിപ്പേരാണ് ബോളിവുഡ്. പേരിന്റെ കഥ എന്തായാലും ഇന്ത്യ എന്ന ബൃഹത്തായ രാജ്യത്തിന്റെ മതേതര സംസ്കാരത്തെ അതിന്റെ ആഴത്തിൽ സ്വീകരിച്ച ആശയമായിരുന്നു ‘ബോളിവുഡ്’. നിങ്ങൾക്ക് ഈ രാജ്യത്തിലെ ഐ.ഐ.ടികളിലും എൻ.ഐ.ടികളിലും സർവ്വകലാശാലകളിലും വ്യവസായശാലകളിലും പാർലമെന്റിലും നിയമസഭകളിലും എല്ലാം ഏതെങ്കിലും തരത്തിലുള്ള വർഗീയതയും ജാതിബോധവും കണ്ടെടുക്കാനാവും. എന്നാൽ അതിലും എത്രയോ കുറവായിരിക്കും ബോളിവുഡ് എന്ന ഹിന്ദിഹൃദയഭൂമിയുടെ സിനിമാ സ്വപ്നങ്ങളുടെ കേന്ദ്രത്തിലേത്. ഒരുപരിധിവരെ അത് സ്വാഭാവികമായി വന്നുചേരുന്നതാണ്. ഒന്നാമത് സിനിമ എന്നത് കലാകാരന്മാരുടെ സങ്കേതമാണ്. ഒരുനാട്ടിൽ ഏറ്റവും അവസാനം ദുഷിക്കാൻ സാധ്യതയുള്ള മനുഷ്യരാണ് കലാകാരന്മാർ. മനുഷ്യത്വമുള്ളവനേ കലാകാരനാകാൻ കഴിയൂ എന്നാണല്ലോ ആപ്തവാക്യം.
ദിലീപ് കുമാറിൽ തുടങ്ങി ഖാൻമാരിൽ എത്തിനിൽക്കുന്ന ബോളിവുഡ് സൂപ്പർതാരങ്ങളും ബഹുസ്വരതയോട് ചേർന്നുനിന്നു. ബോളിവുഡിലെ ഏറ്റവും ആഭിജാതമായ നിർമാണ കമ്പനിയായ യഷ് രാജ് ഫിലിംസിലൂടെയാണ് ഷാരൂഖ് ഖാൻ എന്ന താരരാജാവ് ബോളിവുഡിൽ ഉദയംകൊള്ളുന്നത്. ഡൽഹിയിൽ നിന്നുള്ള ഒരു മുസ്‍ലിം മധ്യവർഗ കുടുംബത്തിൽപ്പെട്ട യുവാവിനെ ബോളിവുഡിന്റെ ‘ബാദ്ഷാ’ ആക്കിമാറ്റാൻ യഷ് ചോപ്രക്കോ, മകൻ ആദിത്യ ചോപ്രക്കോ യാതൊരു മടിയും ഉണ്ടായിരുന്നില്ല. ‘ഛക് ദേ ഇന്ത്യ’യിലെ കബീർ ഖാനേക്കാൾ വലിയ രാജ്യസ്നേഹിയെ ബോളിവുഡ് ഉത്പ്പാദിപ്പിച്ചിട്ടുണ്ടോ എന്നറിയില്ല. കബീർ ഖാനായി ഷാരൂഖ് ജീവിച്ചപ്പോൾ യഷ് രാജ് ഫിലിംസാണ് അതിന്റെ ചാലക ശക്തിയായത്. ദിലീപ് കുമാറിനെ യൂസുഫ് ഖാനായി കണ്ടിരുന്ന ആരെങ്കിലും ബോളിവുഡിൽ ഉണ്ടാകാനും ഇടയില്ല. മുഹമ്മദ് റഫിയുടെ ഗാനം ആസ്വദിക്കാത്ത ഏതെങ്കിലും ഇന്ത്യക്കാരനുണ്ടാകുമോ?
ബോളിവുഡിന്റെ ചങ്ങാത്ത ഫാഷിസം
സംഘപരിവാർ നിയന്ത്രിക്കുന്ന ഇന്ത്യൻ ഫാഷിസത്തിന് ‘ബോളിവുഡ്’ എന്നും ഒരു മരീചികയായിരുന്നു. ടെലിവിഷൻ ആയിരുന്നു അവരുടെ ആദ്യകാല തട്ടകം. ബോളിവുഡിനെ സ്വാധീനിക്കാൻ തക്ക അധികാരശേഷിയോ കലാപരതയുള്ള മനസുകളോ അവർക്ക് ഒരുകാലത്തും ഉണ്ടായിരുന്നില്ല. എന്നാൽ 2014ലെ അധികാരലബ്ദി ഫാഷിസത്തിനുമുന്നിൽ തുറന്നത് വലിയൊരു അവസരമാണ്. സിനിമാ താരങ്ങളേക്കാൾ വലിയ പ്രകടനപരതയിൽ അഭിരമിക്കുന്ന നേതാവുകൂടെയായപ്പോൾ ബോളിവുഡിലേക്ക് സംഘ് ഫാഷിസം പാലം വലിക്കാൻ തുടങ്ങി. വിരുന്നുകളിലുടെ ആരംഭിച്ച സൗഹൃദം പതിയെ പുതിയ ചങ്ങാതിമാരെ കണ്ടെത്തുന്നതിലേക്ക് വികസിച്ചു. ചങ്ങാതിമാർക്കൊപ്പം ശത്രുക്കളും ഉണ്ടായിവന്നു. പതിവുപോലെ മുസ്‍ലിം പേരുള്ളവർ തന്നെയാണ് ശത്രുപക്ഷത്ത് എത്തിയത്, ഒപ്പം മതേതര ‘അസുഖം’ ബാധിച്ചവരും. നിലവിൽ ബോളവുഡിനെ നിയന്ത്രിക്കാൻ കൃത്യമായ പദ്ധതികൾ സംഘ് പാളയങ്ങളിൽ ഒരുങ്ങുന്നുണ്ട്. വാഴ്ത്തേണ്ടവരും വീഴ്ത്തേണ്ടവരും പട്ടികയിലായിക്കഴിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രയുടെ അധികാരം കൈവന്നതും ബോംബെയെ വരുതിയിലാക്കാൻ അവരെ സഹായിക്കും.
പ്രൊപ്പഗണ്ടയിലേക്ക് ബോളിവുഡും
സമൂഹത്തിനെ പ്രതിഫലിപ്പിക്കുക എന്നത് സിനിമയുടെ പൊതുസ്വഭാവമാണ്. അതിനുമപ്പുറം പ്രൊപ്പഗണ്ട രാഷ്ട്രീയത്തിലേക്ക് ബോളിവുഡ് കടക്കുന്നു എന്നുവേണം സമകാലീന സംഭവങ്ങൾ നിരീക്ഷിക്കുമ്പോൾ മനസിലാകുക. ഭയം വലിയ രീതിയിൽ സിനിമാ കലാകാരന്മാരെ ബാധിച്ചിട്ടുണ്ട്. ബഹിഷ്‍കരണാഹ്വാനങ്ങൾ തലങ്ങും വിലങ്ങും പായുന്നുണ്ട്. അതിൽ പലതും വിചിത്രങ്ങളായ പ്രചരണങ്ങളാണ്. വസ്ത്രത്തിന്റെ നിറവും വണങ്ങുന്ന ദൈവങ്ങളുംവരെ ബഹിഷ്‍കരണത്തിന് കാരണമാകുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പിറങ്ങിയ ഒരു പ്രിയദർശൻ ചിത്രത്തിനെതിരേ നടന്ന പ്രചാരണം വിചിത്രമാണ്. സിനിമയിലെ ഒരു സീനിൽ ഓടിവരുന്ന ഓട്ടോറിക്ഷ ചവിട്ടി നിർത്തുന്ന ഒരു രംഗമുണ്ട്. ഓട്ടോയുടെ പേര് ഓം എന്നാണ്. സിനിമയിൽ കഥാപാത്രം ചവിട്ടുന്നത് ഓം എന്ന് എഴുതിയ ഭാഗത്താണ് എന്നായിരുന്നു ‘ബോയ്കോട്ട് ഗ്യാങ്ങിന്റെ’ കണ്ടുപിടിത്തം. അവസാനം ആ രംഗത്തിൽ അഭിനയിച്ച നടൻ മാപ്പുപറയേണ്ടിവന്നു. സംഘപരിവാർ സഹയാത്രികനായിട്ടുകൂടി പ്രിയദർശനുപോലും ഇത്തരം വിതണ്ഡവാദങ്ങളിൽ നിന്ന് മോചനമില്ല എന്നതാണ് വിചിത്രം.
അടുത്തകാലത്ത് ബോളിവുഡ് കണ്ട ബഹിഷ്‍കരണങ്ങളിൽ പലതും മുസ്‍ലിം പേരുള്ള നടന്മാരെ ഉന്നംവച്ചുള്ളതായിരുന്നു. ബോളിവുഡിലെ ഖാൻമാരുടെ ആധിപത്യം സംഘപരിവാറിനെ അസ്വസ്ഥതപ്പെടുത്താൻ തുടങ്ങിയിട്ട് ഏറെക്കാലമായി. അമീർ ഖാന്റെ ‘ലാൽസിങ് ഛദ്ദ’, ഷാരൂഖിന്റെ ‘പത്താൻ’ വിവാദങ്ങൾ ഇതിലേക്കുള്ള ചൂണ്ടുപലകയാണ്. ഭയപ്പെടുത്തുക എന്നതാണ് സംഘ് ഫാഷിസം ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഖാൻമാർക്ക് പകരം ആളെത്തേടുന്ന സംഘപരിവാറിന് കിട്ടിയ ബദൽ പേരുകളിൽ ഒന്നാണ് അക്ഷയ് കുമാറിന്റേത്. മറ്റൊന്ന് അജയ് ദേവഗണിന്റേതാണ്. അക്ഷയ് കുമാർ ഇന്ത്യൻ ഫാഷിസത്തിന് പൂർണമായി വഴങ്ങിക്കൊടുത്ത ആദ്യ ബോളിവുഡ് സൂപ്പർ താരമാണ്. ഇന്ത്യൻ പൗരത്വം പോലും ഉപേക്ഷിച്ച അക്ഷയ് ചങ്ങാത്ത ഫാഷിസത്തിന്റെ ലക്ഷണമൊത്ത മുഖങ്ങളിൽ ഒന്നാണ്. (വിമർശനങ്ങളിൽ നിന്നും മുഖം രക്ഷിക്കാൻ അക്ഷയ്കുമാർ കനേഡിയൻ പൗരത്വം ഉപേക്ഷിക്കാനൊരുങ്ങുന്നുവെന്ന വാർത്തയും പരക്കുന്നുണ്ട്)
പ്രൊപ്പഗണ്ട സിനിമകളുടെ കുത്തൊഴുക്ക്
മുസ്‍ലിം വിരുദ്ധ പ്രൊപ്പഗണ്ട സിനിമകളും ‘രാജ്യസ്നേഹ’ സിനിമകളും പണ്ടൊക്കെ വല്ലപ്പോഴുമായിരുന്നെങ്കിൽ ഇന്ന് ബോളിവുഡിൽ അതിന്റെ കുത്തൊഴുക്കാണ്. ഇതിൽ സമൂഹത്തിൽ ചർച്ചചെയ്യപ്പെടുന്നത് ‘കാശ്മീർ ഫയൽസ്’ പോലുള്ള ചില അതിതീവ്ര മാലിന്യങ്ങൾ മാത്രമാണ്. കശ്മീർ ഫയൽസ്, കേരള സ്റ്റോറി പോലുള്ള സിനിമകൾ പരമത വിദ്വേഷത്തിന്റേയും വംശീയതയുടേയും മാരക വൈറസുകളാണ്. എന്നാൽ അപരസ്വത്വ നിർമിതയിലൂടെ ഇസ്‍ലാമോഫോബിയ പരത്തുന്ന പരശ്ശതം സിനിമകൾ ബോളിവുഡിൽ നിന്ന് പുറത്തിറങ്ങുന്നുണ്ട്. മുഗളന്മാരുടെ പൈശാചിക വത്കരണം, പാകിസ്താനെന്ന ശത്രു, സംവരണ വിരുദ്ധത, ഇസ്‍ലാമിക് തീവ്രവാദം തുടങ്ങി പലതരം വിഷയങ്ങളാണീ സിനിമകൾ കൈാര്യം ചെയ്യുന്നത്. ഇത്തരം സിനിമകൾ നിർമിച്ചിറക്കാൻ പാകത്തിനുളള സൗഭദ്രമായൊരു നെറ്റ്‍വർക്ക് സംഘപരിവാർ പതിയെ നെയ്തെടുക്കുകയാണ്. അതിലേക്ക് രാജ്യത്താകമാനമുള്ള സിനിമാ പ്രവർത്തകരിൽ നിന്നുള്ളവർ അണിചേരുന്നും ഉണ്ട്. അധികാരസ്ഥാനങ്ങൾ മുതൽ അവാർഡുകൾവരെ ഇത്തരക്കാർക്ക് പാരിതോഷികം ലഭിക്കുന്നുണ്ട്. നാസി ജർമ്മനി പോലെ അത്ര തെളിഞ്ഞ രീതിയിലല്ല ഇത്തരം സിനിമകൾ നിർമിക്കപ്പെടുന്നത് എന്നതുമാത്രമാണ് വ്യത്യാസം.
പ്രൊപ്പഗണ്ടയുടെ ഭാവി
ആർദ്രമായ മനസും അപരനെ അറിയാനുളള കഴിവുമാണ് കലാകാരന്റെ ഐഡന്റിറ്റി. ഭയവും ആർത്തിയും കാരണം തൽക്കാലം ഫാഷിസത്തിന് ഒപ്പം കൂടിയാലും ആത്യന്തികമായ നഷ്ടം സംഭവിക്കുക കലാകാരന് മാത്രമാകും. ഒന്നാമതായി കലാകാരന് പക്ഷപാതിത്വങ്ങൾ പാടുള്ളതല്ല. അങ്ങിനെ വന്നാൽ വലിയൊരു വിഭാഗം ജനം അവനെ അസ്വീകാര്യനായി കരുതുമെന്നതാണ്. ഒരിക്കലും കലാകാരന്റെ ഉടമകളാവാൻ രാഷ്ട്രീയക്കാരെ അനുവദിച്ചുകൂടാ. അതിന്റെ ലാഭം രാഷ്ട്രീയക്കാരന് മാത്രമേ ലഭിക്കൂ. അവർക്ക് എപ്പോൾ വേണമെങ്കിലും ഉപകരണമാക്കെപ്പട്ട കലാകാരന്മാരെ ഉപേക്ഷിച്ച് പോകാനാകും. ഒരിക്കലും കലയെ വിജയിപ്പിക്കാനോ പരാജയപ്പെടുത്താനോ രാഷ്ട്രീയക്കാർക്കാവില്ല. അക്ഷയ്കുമാറിനെപ്പോലുള്ള ചങ്ങാത്ത ഫാഷിസ്റ്റുകൾക്ക് നേരിടേണ്ടിവരുന്ന വലിയ പരാജയങ്ങൾ ഇതാണ് കാണിക്കുന്നത്. പണ്ട് നാസി ജർമനിയിലെ പ്രൊപ്പഗണ്ട സിനിമക്കാരുടെ ഭാവി നമുക്കും പാഠമാകേണ്ടതുണ്ട്. ഹിറ്റ്ലറുടെ പരാജയശേഷം ഇവരിൽ അധികംപേരും നാടുവിടുകയോ, ആത്മഹത്യ ചെയ്യുകയോ, അല്ലെങ്കിൽ വിസ്മൃതിയിൽ ജീവിതം ജീവിച്ച് തീർക്കുകയോ ചെയ്യുകയായിരുന്നു. വിധി ഇവിടെയും അതുതന്നെയാകും കാത്തുവെച്ചിരിക്കുന്നത്.