ഫുട്ബാൾ രാജാവ് പെലെ തന്നെ
താങ്കൾ അർജൻ്റീനയുടെ അസിസ്റ്റൻ്റ് കോച്ച് ആകുമോയെന്നു ഒരു റിപ്പോർട്ടർ മറഡോണയോട് ചോദിച്ചപ്പോൾ, "ഞാൻ നാട്ടിലെ രാജാവല്ലേ, രാജാവെങ്ങനെയാണ് മറ്റൊരാളുടെ കീഴിൽ പ്രവർത്തിക്കുക" എന്നായിരുന്നു മറഡോണയുടെ മറുചോദ്യം. പക്ഷേ, താൻ രാജാവെന്ന് ഒരിക്കലും പെലെ പറഞ്ഞിട്ടില്ല. അത് ഫുട്ബാൾ ലോകം ഹൃദയപൂർവം സമ്മാനിച്ച കിരീടമാണ്. ഇന്നു പുലർച്ചെ വിടവാങ്ങും വരെ ഫുട്ബാളിലെ രാജകിരീടം പെലെയുടെ ശിരസിൽ തന്നെയായിരുന്നു. 1970 ൽ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബാൾ കളിക്കാരനായി ബെക്കൻ ബോവറെയും അടുത്ത സ്ഥാനങ്ങളിൽ ബോബി ചാൾട്ടനെയും ലൂയിജി റിവയെയും ജോർജ് ബെസ്റ്റിനെയും യോഹൻ ക്രൈഫിനെയും ഉയർത്തിക്കാട്ടിയ പെലെ താൻ ഒരു സാധാരണ കളിക്കാരൻ മാത്രമെന്നും പറഞ്ഞു.
എന്നാൽ പെലെയെക്കാൾ മികച്ച കളിക്കാരനെന്ന് പലയിടങ്ങളിലും ചർച്ച ചെയ്യപ്പെട്ട പോർച്ചുഗൽ താരം യുസേബിയോയെ അദ്ദേഹം ആ ഗണത്തിൽ പെടുത്തിയില്ല എന്നതും ശ്രദ്ധേയമാണ്. താൻ ചോദിച്ചു വാങ്ങിയതല്ലെങ്കിലും ഫുട്ബാൾ ലോകം ശിരസിൽ പ്രതിഷ്ഠിച്ച രാജകിരീടം അവിടെത്തന്നെയിരിക്കട്ടെന്ന് പെലെ ചിന്തിച്ചിരിക്കും. ആഫ്രിക്കയിൽ നിന്നുള്ള എക്കാലത്തെയും മികച്ച ഫുട്ബാൾ താരം യുസേബിയോ 1960കളിൽ പെലെയെക്കാൾ പ്രതിഭ കാട്ടിയെന്ന് വാദിക്കുന്നവരുണ്ട്. മൊസാംബിക്കിൽ നിന്നു പോർച്ചുഗൽ സ്വന്തമാക്കിയ കരിമ്പുലി ഗോൾ നേട്ടത്തിൽ കറുത്ത മുത്തിനെക്കാൾ മുന്നിലായിരുന്നു.1966ലെ ലോകകപ്പിൽ ആറു കളികളിൽ നിന്ന് ഒൻപതു ഗോളുമായി യുസേബിയോ സ്വർണ ബൂട്ട് കരസ്ഥമാക്കിയിരുന്നു. അന്നു പോർച്ചുഗൽ മൂന്നാം സ്ഥാനം നേടി.
1958ൽ പതിനേഴാം വയസിൽ ലോകകപ്പ് കളിച്ച പെലെ 1970ൽ തൻ്റെ നാലാം ലോകകപ്പിൽ ബ്രസീലിന് മൂന്നാം കിരീടവും യൂൾറിമേ കപ്പും സ്വന്തമാക്കിക്കൊടുത്തപ്പോൾ ഫുട്ബാൾ രാജാവായി മാറുകയായിരുന്നു.1958ൽ ഫൈനലിൽ സ്വീഡനെതിരെ നേടിയ ഗോൾ. പിന്നെ,1970 ൽ ലോക കപ്പ് ഫൈനലിൽ ഇറ്റലിക്കെതിരെ ഗോൾ നേടാൻ കാർലോസ് ആൽബർട്ടോയ്ക്ക് പന്ത് എത്തിച്ചു കൊടുത്ത ശൈലി. സ്വീഡിഷ് പ്രതിരോധ താരങ്ങൾ വളഞ്ഞപ്പോൾ തുടകൊണ്ട് പന്തുതട്ടി എതിരാളികളുടെ തലയ്ക്കു മുകളിലൂടെ അപ്പുറത്തെത്തിച്ചു. പിന്നെ, ഞൊടിയിടയിൽ അവരെ ചുറ്റിക്കറങ്ങി വന്ന് പന്ത് വലയിലാക്കിയ പതിനേഴുകാരൻ്റെ പ്രതിഭ നാല്പത്തി രണ്ടാം വയസിൽ പോലും ചോർന്നിരുന്നില്ല. 1980ൽ ന്യൂജഴ്സിയിൽ ന്യൂയാേർക്ക് കോസ്മോസിനു വേണ്ടി പെലെ അതു തെളിയിച്ചു. മധ്യഭാഗത്തു നിന്ന് പന്തുമായി കുതിച്ച പെലെ ഇടതു വിംഗിൽ ജൂലിയോ സീസറിനു പാസ് ചെയ്തു. സീസർ ഗോൾ മുഖത്തേക്കു നൽകിയ ക്രോസ് സ്വീകരിക്കാൻ പെലെ മിന്നൽ പോലെയാണെത്തിയത്. പിന്നെ, രണ്ടു താരങ്ങളെ വെട്ടിച്ചു കയറി .അമ്പരന്നു മുന്നോട്ടു വന്ന ഗോളിയെ കബളിപ്പിച്ച് പന്ത് വലയിലാക്കി. പതിനേഴുകാരൻ്റെ നൃത്തച്ചുവടുകൾ കണ്ടവരൊക്കെ ഒരു കാര്യം തിരിച്ചറിഞ്ഞു. നാല്പത്തി രണ്ടാം വയസിലും നൈസർഗിക പ്രതിഭ ചോർന്നിട്ടില്ല.
എൺപത്തി രണ്ടാം വയസ്സിൽ പെലെ ഒരു ദുഃഖം മാത്രം ബാക്കി വച്ചാണ് വിടചൊല്ലിയത്. ഖത്തറിൽ ബ്രസീൽ കിരീടം വീണ്ടെടുക്കുന്നത് കാണാൻ കഴിഞ്ഞില്ല. നെയ്മറുടെ ടീം വിജയിച്ചിരുന്നെങ്കിൽ ആശുപത്രിക്കിടക്കയിലിരുന്നെങ്കിലും അദ്ദേഹം കപ്പിൽ ചുംബിച്ചേനെ. താൻ ഉൾപ്പെട്ട ടീം മൂന്നു തവണ ജയിച്ച് രാജ്യത്തിനു സ്വന്തമാക്കിയ കപ്പിനു പകരമുള്ള ഫിഫ ലോകകപ്പിൽ, അതിൻ്റെ മാതൃകയാണെങ്കിൽ പോലും, രണ്ടാമതൊരിക്കൽ കൂടി സ്പർശിക്കാൻ ഫുട്ബോൾ രാജാവിനു ഭാഗ്യമില്ലാതെ പോയി. പക്ഷേ, ആശ്വസിക്കാം. തനിക്കൊപ്പം ലോകം വാഴ്ത്തുന്ന മറഡോണയുടെ ആദ്യ ചരമ വാർഷികത്തിനു തൊട്ടുപിന്നാലെയാണ് മെസി കപ്പ് ഉയർത്തിയത്. മറഡോണയുടെ സ്മരണയ്ക്കാണ് അർജൻ്റീന അത് നേടിയത്.
രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ മറഡോണ ആരാധകരെ സ്യഷ്ടിച്ചപ്പോൾ പെലെയുടെ അമേരിക്കൻ അനുകൂല നിലപാട് പരക്കെ വിമർശിക്കപ്പെട്ടു. അതു കീഴടങ്ങലിൻ്റേതായി ചിലപ്പോഴെങ്കിലും വ്യാഖാനിക്കപ്പെട്ടു. അമേരിക്കയുടെ വിദേശ ബന്ധം മെച്ചപ്പെടുത്തുവാൻ പെലെയുടെ കോസ്മോസ് ബന്ധം തുണച്ചെന്ന് ഹെൻറി കിസിഞ്ജർ പറഞ്ഞത് പെലെയുടെ യു.എസ്. ചായ്വിന് അടിവരയിട്ടു .അമേരിക്കൻ മേൽക്കോയ്മയെ പെലെ ഒരിക്കലും ചോദ്യം ചെയ്തില്ല എന്നും ഓർക്കണം. പെലെ മറഡോണയെയോ മുഹമ്മദ് അലിയെയോ പോലെ വിവാദങ്ങളിലൂടെയും വീമ്പുപറച്ചിലിലൂടെയും ആരാധകരെ സൃഷ്ടിക്കാൻ തയാറായില്ല എന്നും പറയാം.
പുതിയ തലമുറയ്ക്ക് പെലെയുടെ മാസ്മരിക ഫുട്ബാൾ കളിയെക്കുറിച്ച് കേട്ടറിവേയുള്ളു. 1959ൽ പെലെ നേടിയ അതിമനോഹരമായൊരു ഗോളിൻ്റെ ഓർമയ്ക്കായി 2006ൽ സാവോ പോളോയിലെ പ്രാദേശിക ക്ലബ് യുവൻ്റസ് പെലെയുടെ പ്രതിമ സ്ഥാപിച്ചു. 59ലെ ഗോൾ കണ്ടവരിൽ നിന്നു വിവരം ശേഖരിച്ച് കംപ്യൂട്ടർ സഹായത്തോടെ അത് പുനരാവിഷ്ക്കരിച്ചു. സാൻ്റോസിനു വേണ്ടി യുവൻറസിനെതിരെ നേടിയ ഗോളിന് എതിരാളികളുടെ അംഗീകാരം. മൂന്നു യുവൻറസ് താരങ്ങളുടെ മുകളിലുടെ പന്ത് ഫ്ലിക്ക് ചെയ്തായിരുന്നു പെലെയുടെ മുന്നേറ്റം.
ഇത്തരം അമാനുഷിക പ്രകടനങ്ങൾ ഇനിയും അനിമേഷനിലൂടെ പുതിയ തലമുറ അറിയണം. എങ്കിലേ ഫുട്ബാൾ രാജാവിനെ തലമുറകൾ ഏറ്റുവാങ്ങൂ. ഒന്നോ രണ്ടോ തലമുറകളിൽ അവസാനിക്കേണ്ടതല്ല പെലെയെന്ന ഇതിഹാസത്തെക്കുറിച്ചുള്ള ഓർമകൾ.