‘വനജ ടാക്കീസും പെരുന്നാൾ സിനിമകളും’; ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ സിനിമയോർമകൾ
ഒരു ദേശത്തിെൻറ, കാലത്തിെൻറ സിനിമ ആസ്വാദനത്തിെൻറ ഒാർമകളാണ് ഇവിടെ പങ്കുവെക്കുന്നത്. ഏതൊരു ദേശത്തിനും കാണും ഇതുപോെലാരു ചരിത്രം പറയാൻ. അന്നത്തെ സിനിമാകാഴ്ചകൾക്കും ആസ്വാദനത്തിനുമെല്ലാം പിന്നീട് എന്തു സംഭവിച്ചു?
വളപട്ടണത്തുനിന്ന് അഴീക്കോട്ടേക്ക് അന്ന് ഒരേയൊരു ടാറിട്ട റോേഡ ഉണ്ടായിരുന്നുള്ളൂ. അതിൽ യൂനിയൻ, എസ്.എൽ.ടി എന്നീ രണ്ട് ബസുകൾ ദിവസം മൂന്നോ നാലോ തവണ പൊയ്ത്തുംകടവ് ഗ്രാമത്തിലൂടെ കടന്നുപോകും. യൂനിയൻ ബസ് ജന്മനാ രോഗിയായിരുന്നു. ഇടക്ക് ഓഫായാൽ ഡ്രൈവർ എൽ ഷെയ്പിലുള്ള ഒരു ലിവറുമായി സീറ്റിൽനിന്നിറങ്ങി പുറത്തുവരും. എന്നിട്ട് പുകയുന്ന അതിെൻറ ഹൃദയം എന്ന റേഡിയേറ്ററിലേക്ക് വെള്ളം തുള്ളി തുള്ളിയായി ഒഴിച്ചുകൊടുക്കും. ലിവറെടുത്ത് പത്തു പന്ത്രണ്ടു തവണ തിരിക്കും. ബസ് കിടന്നകിടപ്പിൽനിന്ന് ഒരു വയസ്സൻ കാർന്നോരെപ്പോലെ എഴുന്നേറ്റിരിക്കും. എന്നാ പോവ്വല്ലേ എന്ന മട്ടിൽ ഞരങ്ങും.
രണ്ട് ബസുകളല്ല, ഇടക്ക് വന്നെത്തുന്ന കുതിരവണ്ടിയായിരുന്നു വലിയ അത്ഭുതം. അതിൽനിന്ന് വാരിവിതറിയ സിനിമ നോട്ടീസ് കിട്ടാൻ ഞങ്ങൾ കുട്ടികൾ എത്രദൂരം പിറകെ ഓടിയിട്ടുണ്ടെന്നോ. വളരെ താമസിയാതെ ആ കാഴ്ച നിന്നു. പകരം മുകളിൽ മൈക്ക് സെറ്റ് കെട്ടിയ കറുത്ത അംബാസഡർ കാർ വരവായി. ചിറക്കൽ പ്രകാശിൽ ''നാളെ മുതൽ ഇതാ ഇന്നു മുതൽ'' എന്ന മട്ടിലുള്ള ഘനഗാംഭീര്യ ശബ്ദത്തിലുള്ള അനൗൺസ്മെൻറും ഒപ്പം അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിക്കും. സിനിമ നോട്ടീസിനുവേണ്ടി പിറകെയുള്ള ഞങ്ങളുടെ ഓട്ടത്തിന് മാത്രം കുറവില്ല. നോട്ടീസിൽ പ്രേംനസീറും ജയഭാരതിയും സ്ഥിര മുഖങ്ങൾ. കഥ ചുരുക്കത്തിൽ എന്ന തലക്കെട്ടിൽ സിനിമയുടെ സംഭ്രമജനകമായ കഥ, അത് വലിയ സസ്പെൻസിൽ നിൽക്കും. തിയറ്ററിൽ പോയി സിനിമ കാണാനാവില്ലല്ലോ എന്ന ദുഃഖത്തിൽ അത് പര്യവസാനിക്കും. സിനിമ കാണുന്നതിന് തടസ്സം രണ്ട് കാര്യമാണ്.
ഒന്ന്: കൈയിൽ പൈസയില്ല. (അന്നത്തെ തറടിക്കറ്റിന് 75 പൈസ. താമസിയാതെ ഒരു രൂപയാക്കി).
രണ്ട്: സിനിമ ഹറാമാണ്. അമ്മാവന്മാരും മറ്റു മൂരാച്ചി ബന്ധുക്കളും കണ്ടാൽ തലക്ക് കിഴുക്ക് ഉറപ്പാണ്.
എങ്കിലും ഏതെങ്കിലും ഒരു പെരുന്നാളിലാണ് നാട്ടിലെ കുട്ടികളൊക്കെ ഞങ്ങളുടെ നാട്ടിൽ ആദ്യമായി സിനിമ കാണുക. (അന്നത്തെ ദിവസം എന്താണെന്നറിയില്ല, ഞങ്ങളുടെ നാട്ടിൽ സിനിമ ഒരുവിധം 'കറാഹത്താ'ണ്!). ഞാൻ തിയറ്ററിൽ നിന്ന് ആദ്യമായി കണ്ട സിനിമ ആലിബാബയും നാൽപത്തൊന്ന് കള്ളന്മാരും ആണ്. പെരുന്നാൾ കാലത്ത് സമീപസ്ഥലത്തെ കുറെ തിയറ്ററിലെങ്കിലും 'മുസ്ലിം മണമുള്ള' സിനിമ വരും. റമസാനിലെ ചന്ദ്രികയോ എന്ന് പി. ജയചന്ദ്രൻ ആലിബാബയും നാൽപത്തൊന്ന് കള്ളന്മാരും സിനിമയിൽ പാടിയത് ഇന്നലെയെന്നപോലെ ഇപ്പോഴും കേൾക്കുന്നു. എെൻറ ഉപ്പ ഉമ്മയെയും കൂട്ടി ഒളിച്ചുപോയി കണ്ട സിനിമ കുട്ടിക്കുപ്പായമാണ്. അതിലെ ഒരു കൊട്ടാ പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ മേനിനിറയെ എന്ന പാട്ട് യൂട്യൂബിൽ വെച്ചുകൊടുത്താൽ ഉമ്മാെൻറ 'ഫിക്കറൊ'ക്കെ ഉടൻ പോയി ആൾ സന്തോഷത്തിെൻറ മൂഡിലെത്തും.
ഞങ്ങളുടേത് മരുമക്കത്തായ സമ്പ്രദായമായതിനാൽ അമ്മാവന്മാർക്ക് മരുമക്കളെ ശിക്ഷിക്കാൻ ഉപ്പയോളം അധികാരമുണ്ട്. ചിലപ്പോൾ അതിനേക്കാൾ. കുട്ടികളുടെ സദാചാര ഡിപ്പാർട്മെൻറ് മിക്കവാറും അവരുടെ കൈയിലാണ്. അഞ്ചാറു മാസം മുമ്പ് പ്രദർശനം അവസാനിപ്പിച്ച് പൊളിച്ചുകളഞ്ഞ വനജ തിയറ്ററാണ് ഞങ്ങളുടെ ആത്മാവിെൻറ വിനോദ സ്ഥലം. അതൊരു ഓലമേഞ്ഞ ടാക്കീസായിരുന്നു. സിനിമ ഡയലോഗുകൾ പുറത്തുനിന്നാൽ കേൾക്കാം.
'വനജ'ക്ക് പിറകിലൂടെ ഇടക്കിടെ പോകുന്ന തീവണ്ടികളുടെ ഒച്ചയിൽ പ്രേംനസീറിനെ വെല്ലുവിളിച്ച ജയെൻറ സംഘട്ടനാത്മകമായ ശബ്ദം മുങ്ങിപ്പോയി. തീവണ്ടിപ്പാളം ആരും അറിയാതെ രാത്രി വന്ന് കിളച്ചുമാറ്റണം എന്ന് പലതവണ തോന്നിപ്പോയിട്ടുണ്ട്. പ്രേംനസീറിെൻറ വെല്ലുവിളിക്കു മുമ്പിൽ ജയൻ പറഞ്ഞത് കേൾക്കാൻ കൊതിച്ച് അടുത്ത ഷോവരെ കാത്തിരിക്കേണ്ട ഹതഭാഗ്യരിൽ ഞാനുമുണ്ടായിരുന്നു. ഈ ഒളിച്ചുകേൾക്കൽ ക്രമേണ ഇൻറർവെൽ സമയത്തുള്ള കട്ടുകയറലായി സമപ്രായക്കാരനായ അമ്മാവൻ മാറ്റി. എന്നെയും വിളിച്ചെങ്കിലും പേടികൊണ്ട് ഞാൻ പോയില്ല. ഒരു തവണ അമ്മാവൻ പറഞ്ഞു. ഞാൻ എത്രയോ തവണ ഇൻറർവെല്ലിനുശേഷം കട്ട് കയറി. എന്നെ പിടിച്ചോ? ഇല്ല. നീയും വാ.
പിടിക്കപ്പെടാത്ത 'സെക്കൻഡ് ഹാഫ്' സിനിമ എന്നെ വശീകരിച്ചിരുന്നു. ഞാൻ കട്ട് കയറാൻ തീരുമാനിച്ചു. ഒരു അമിതാഭ് ബച്ചൻ സിനിമയായിരുന്നു എന്നാണോർമ. ഇൻറർവെല്ലിന് ഒരു ബെല്ല് ഉണ്ട്. ബ്രേക്ക് കഴിഞ്ഞ് സിനിമ തുടങ്ങുമ്പോഴും അതുണ്ടാവും. ആളുകൾ മൂത്രമൊഴിക്കാനും ചായ കുടിക്കാനും പുറത്തിറങ്ങിയ തക്കത്തിൽ ആദ്യമായി ഞാൻ സമപ്രായക്കാരനായ അമ്മാവെൻറ കൂടെ അകത്ത് കയറാൻ ശ്രമിച്ചതും ഞങ്ങൾ പിടിക്കപ്പെട്ടു. കുറെസമയം ഓഫീസിെൻറ അരവാതിൽ പൂട്ടിയിട്ട് മുറിക്കുള്ളിൽ തടഞ്ഞുവെച്ചു. അമ്മാവൻ ഉച്ചത്തിൽ കരഞ്ഞു. ഇനി ഉണ്ടാവൂലാന്ന് ഏങ്ങലടിച്ചുകൊണ്ട് പറഞ്ഞു. അര മണിക്കൂർ തടവിനു ശേഷം ഞങ്ങളെ പുറത്തുവിട്ടു. അമ്മാവൻ ദേഷ്യത്തോടെ എന്നോട് പറഞ്ഞു. നിന്നെ കൂട്ടിയതാണ് പ്രശ്നമായത്. ഇത്രേംകാലം ഞാൻ കേറിയിട്ടും പിടിച്ചില്ല. നിെൻറ പരുങ്ങിക്കേറ്റംകൊണ്ടാ അവർക്ക് സംശയം തോന്നിയത്. അത് പറയുമ്പോൾ കരഞ്ഞുകലങ്ങിയ കണ്ണിലെ ചുവപ്പ് അപ്പോഴും മാറിയിരുന്നില്ല. സംഗതി ശരിയാണ്. അന്നും ഇന്നും ഈ അമ്മാവനെ കണ്ടാൽ ഒരു നിഷ്കളങ്കനാണെന്നേ തോന്നൂ. എന്നെ കണ്ടാലോ, പെരുങ്കള്ളനെന്നും!
അങ്ങനെയിരിക്കെ മരമില്ലിലെ ചാപ്പപ്പണിയുടെ വകയിൽ കിട്ടിയ ചില്ലറത്തുട്ടുകൾ കൂട്ടിക്കൂട്ടിവെച്ച് ഈ അമ്മാവനും ഞാനെന്ന മരുമകനും ഡീസൻറായി ടിക്കറ്റെടുത്ത് സിനിമക്ക് പോകാൻ തീരുമാനിച്ചു. അയോധ്യ എന്ന സിനിമയാണ്. മൂന്നാം വാരമായി ഓടുന്നു. വളപട്ടണം വനജയിൽ ജനാരവങ്ങളെ തിക്കിനിറച്ചുകൊണ്ട് വമ്പിച്ച പ്രദർശന വിജയം കരസ്ഥമാക്കി അയോധ്യ. മൂന്നാം വാരത്തിലേക്ക്. പ്രേംനസീർ, അടൂർ ഭാസി, ശങ്കരാടി, മാസ്റ്റർ രഘു എന്നിവർ അഭിനയിച്ച അയോധ്യ, സിനിമാ വണ്ടിയുടെ അനൗൺസ്മെൻറ് ഞങ്ങളെ ഹഠാദാകർഷിച്ചു.
അന്ന് സ്റ്റണ്ടിെൻറ എണ്ണം കൂടുതലുള്ളത് നോക്കിയാണ് ഞങ്ങൾ പടം കണ്ടിരുന്നത്. ഏഴെട്ട് സ്റ്റണ്ടുകളെങ്കിലുമുണ്ടെന്ന് ടാക്കീസിെൻറ പുറത്തുനിന്ന് ഡിഷ് ഡിഷ് ശബ്ദം കേട്ടത് എണ്ണിക്കൊണ്ടുവന്ന അനീസ് പറഞ്ഞത് ഞങ്ങളെ ആവേശഭരിതമാക്കി. അങ്ങനെ പൈസയൊക്കെ സ്വരൂപിച്ചു. പക്ഷേ, ഇത് റമദാൻ മാസമാണ്. പൊതുവെ ഹറാമായ സിനിമ നോമ്പുകാലത്ത് കണ്ടാൽ പിന്നെ പറയാനുമില്ല. എഴുപതിനായിരം ഇരട്ടി കുറ്റമാണെന്നാണ് ഉസ്താദ് രാത്രിയിൽ മൈക്കിലൂടെ പ്രസംഗിച്ചത്. നരകത്തിലെ തീയെപ്പറ്റി ഓർക്കുമ്പോൾ സിനിമ കാണാനും തോന്നുന്നില്ല, അഞ്ചെട്ട് സ്റ്റണ്ട് രംഗമുള്ള സിനിമ അങ്ങനെ ഒഴിവാക്കാനും തോന്നുന്നില്ല. അക്കാലത്ത് ചെറുക്കൻ കുടിയും വലിയുമൊന്നുമില്ലെങ്കിലും സിനിമക്ക് പോകുമെന്ന് അറിഞ്ഞ പെൺവീട്ടുകാർ ആ കല്യാണംതന്നെ അവസാനിപ്പിക്കും. അങ്ങനെയൊരു സംഭവം ഞങ്ങളുടെ നാട്ടിലുണ്ടായിട്ടുണ്ട്. ഇത്തരമൊരു 'അടിയന്തരാവസ്ഥ കാലത്താണ്' ഞങ്ങളുടെ അയോധ്യാ സിനിമ കാണാൻ പോകലെന്ന് ഓർക്കണം. ഈ പടച്ചതമ്പുരാന് എന്തിെൻറ കേടാണ്, ഈ സിനിമയെന്ന് പറയുന്ന സാധനം ഒന്ന് ഹലാലാക്കിത്തന്നുകൂടെയെന്ന് പലതവണ പ്രാർഥിക്കാൻ തോന്നിപ്പോയിട്ടുണ്ട്.
എന്തായാലും അയോധ്യ എന്ന സിനിമ കാണുന്ന കാര്യത്തിൽ ഒരു നരകചിന്തയും ഞങ്ങളെ പിന്തിരിപ്പിച്ചില്ല. (ഇബ്ലീസിെൻറ കളിതന്നെ!) മൂന്നു മണിക്ക് വനജ ടാക്കീസിൽ മാറ്റിനി തുടങ്ങും. രണ്ടേമുക്കാലിന് ടിക്കറ്റ് കൊടുക്കാൻ ബെല്ലടിക്കും. ആരെങ്കിലും കാണാതിരിക്കാൻ കൂടുതൽ നല്ലത് കൃത്യം മൂന്നിന് പെട്ടെന്ന് ടിക്കറ്റ് കൗണ്ടറിനടുത്തെത്തി ടിക്കറ്റുമെടുത്ത് ടപ്പേന്ന് അകത്ത് കയറലാണെന്ന് അതീവ ബുദ്ധിമാന്മാരും ആസൂത്രണബുദ്ധിക്കാരുമായ ഞങ്ങൾ തീരുമാനിച്ചു. മൂന്നിനപ്പുറം പോയിക്കൂടാ. സിനിമ തുടങ്ങുംമുമ്പ് ധർമേന്ദ്രയും അമിതാഭ് ബച്ചനും അഭിനയിച്ച ഷോലെയുടെ അൽപഭാഗം കാണിക്കുന്നുണ്ട്.
കൃത്യം മൂന്നു മണിക്ക് ടിക്കറ്റെടുക്കാൻ നിന്നതും എെൻറ തലക്കു പിറകിൽ ഒരടി വന്നുവീണു. തിരിഞ്ഞുനോക്കിയപ്പോൾ അമ്മാവന്മാരിൽ ഒരാളാണ്. സമയപ്രായക്കാരനായ അമ്മാവൻ ഓടിരക്ഷപ്പെട്ടു. ഞാൻ ഓടാൻപോലും പറ്റാതെ മിഴിച്ചുനോക്കി. പൊരക്ക് പോടാ, ഹറാംപെറന്നോനേ!
സത്യത്തിൽ എനിക്ക് അമ്മാവനോടല്ല ദേഷ്യം തോന്നിയത്, പടച്ചവനോടാണ്. പടച്ചോനെ അപേക്ഷിച്ച് എത്ര നല്ലവനാണ് ഈ അമ്മാവൻ! ഞങ്ങൾ സിനിമ കണ്ട് ചീത്തയായിപ്പോകരുത് എന്നേ അമ്മാവനുണ്ടായിരുന്നുള്ളൂ. പ്രത്യേകിച്ച് മരുമക്കൾ ചീത്തയാവാതെ ശ്രദ്ധിക്കേണ്ടത് അക്കാലത്ത് അമ്മാവന്മാരുടെ കടമയായിരുന്നു! എന്നിട്ടും എത്രയോ മരുമക്കൾ ചീത്തയായിപ്പോയതിന് ഒരു അമ്മാവനും കുറ്റം ഏറ്റെടുത്തിട്ടില്ല കേട്ടോ. പക്ഷേ, പടച്ചോെൻറ കാര്യം അതാണോ? ഇബ്ലീസിനെ ഉണ്ടാക്കിയത് പടച്ചവൻ. സിനിമ കണ്ടുപിടിച്ചതും പടച്ചവൻ. അംബാസഡർ കാറ് കണ്ടുപിടിച്ചതും പടച്ചവൻ. അതിനു മുകളിൽ കെട്ടുന്ന മൈക്ക് സെറ്റ് ഉണ്ടാക്കി സിനിമ പോസ്റ്ററുണ്ടാക്കി സിനിമ അനൗൺസ്മെൻറുണ്ടാക്കി. നമ്മൾ സിനിമ കാണാൻ പോയി. അപ്പോൾ ഈ കുറ്റകൃത്യത്തിൽ ചെറിയ മട്ടിലെങ്കിലും പങ്കാളിത്തം പടച്ചോനുമില്ലേ? ഞാൻ പെട്ടെന്ന് ഒരു അവിശ്വാസിയായിത്തുടങ്ങി. നിസ്കാരമില്ല, സ്വലാത്തില്ല, ഓത്തില്ല, ബൈത്തില്ല. ഞാൻ പടച്ചോനോട് മിണ്ടുന്ന പ്രശ്നമേയില്ല!
കോടാനുകോടി നക്ഷത്രസമൂഹവും. മിൽക്കിവേയും ബ്ലാക്ഹോളും സൃഷ്ടിച്ച ദൈവത്തിന് ഇൗ പീക്കിളിച്ചെറുക്കെൻറ സങ്കടം കേൾക്കാൻ എവിടെ സമയം.
പക്ഷേ, സംഭവിച്ചത് മറ്റൊന്നായിരുന്നു. ദൈവം സങ്കടം കേട്ടു. ഒരാഴ്ചത്തെ വെയ്റ്റിങ് വേണ്ടിവന്നു എന്നുമാത്രം!
മുടി മുറിക്കാൻ ബാർബർ അലീക്കാെൻറ പീടികയിൽ പോയപ്പോഴാണ് ആ വാർത്ത അറിയുന്നത്. മിനിഞ്ഞാന്ന് രാത്രിയിലെ മഴയിലും കാറ്റിലും വനജാ ടാക്കീസിെൻറ ഒരു ഭാഗം തകർന്നുവീണു. സെക്കൻഡ് ഷോ നടക്കുമ്പോഴാണ് സംഭവം. സിനിമ കണ്ടിരുന്ന ചിലർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരുടെ ലിസ്റ്റിൽ എെൻറ തലയുടെ പിറകിൽ തല്ലിയ അമ്മാവനും ഉണ്ടായിരുന്നു. ഏഴ് സ്റ്റിച്ച് ഉണ്ട്. എന്നെ തല്ലിയ ഭാഗത്ത് തന്നെ!! എന്നെ തല്ലിയ അമ്മാവനെ ദൈവം നോക്കിവെച്ച് ഒരു പണികൊടുത്തതാണ്. പടച്ചവന് എന്നോട് ഇഷ്ടമാണ്.
ഞാൻ പൂർവാധികം ഭക്തിയോടെ നിസ്കാരവും പ്രാർഥനയും തിരിച്ചുപിടിച്ചു. ദൈവം ഉണ്ട്! എത്ര തിരക്കിനിടയിലും ഒരു ഉറുമ്പിെൻറ ചലനംപോലും അവൻ കാണുന്നുണ്ട്.
സിനിമ കാരണം എെൻറ കൗമാരകാലത്ത് നടന്ന ഒരു അടിയെപ്പറ്റി ഓർത്ത് പോവുകയാണ്. ഹമീദും രമേശനും വലിയ കൂട്ടുകാരായിരുന്നെങ്കിലും രണ്ട് പേരുടെ ഇഷ്ടതാരങ്ങൾ നിർഭാഗ്യവശാൽ ഒന്നല്ല. ഹമീദ് ഒരു ജയൻ ഫാനാണെങ്കിൽ രമേശൻ കടുത്ത ഒരു പ്രേംനസീർ ആരാധകനാണ്. ഇത് പലപ്പോഴും അവരുടെ സംഭാഷണത്തിൽ തർക്കങ്ങളും വീരവാദങ്ങളും കൊണ്ടുവന്നിരുന്നു. അവർ തമ്മിൽ കണ്ടുമുട്ടിയാലുള്ള സംഭാഷണം ഏകദേശം താഴെ പറയുംവിധമാണ്.
രമേശൻ: ഹമീദേ, നീ ഇന്നലെ എവിടെയായിരുന്നു.
ഹമീദ്: ഇന്നലെയല്ലേ നമ്മുടെ ചെക്കൻ ജയെൻറ പടത്തിെൻറ റിലീസ്. ഇരുമ്പഴികൾ.
രമേശെൻറ മുഖം മങ്ങുന്നു.
രമേശൻ: നിനക്ക് എന്നേം വിളിക്കാമായിരുന്നു. മാത്രമല്ല, ഇരുമ്പഴികൾ നസീറിെൻറ പടമല്ലേ?
നായകൻ നസീറല്ലേ?
ഹമീദ്: ങ്ഹാ, നസീറാണ് ഹീറോ എങ്കിലും ജയെൻറ പവറിെൻറാപ്പം വര്വോ?
എന്താ ബോഡിഷെയ്പ്പ്!!
രമേശൻ വിട്ടുകൊടുക്കുമോ?
നസീറിനെന്താ കൊയപ്പം? ഇന്ത്യയിൽ ഏതെങ്കിലും ഒരു സിനിമേല് പ്രേംനസീറിെൻറ സൗന്ദര്യമുള്ള ഒരാളുണ്ടോ? പറ. ജയനൊക്കെ നസീറിെൻറ കൈയിൽനിന്ന് എത്ര അടികൊണ്ടിരിക്കുന്നു!
ഹമീദിെൻറ ഈഗോയിലാണിത് കൊണ്ടത്. നസീറിെൻറ മാതിരി സ്റ്റണ്ട് രംഗത്ത് ഡ്യൂപ്പിനിട്ട് ആളെ പറ്റിക്കലല്ല ജയൻ ചെയ്യുന്നത്. ഒറിജിനലെന്ന് പറഞ്ഞാ ഒറിജിനലാ...
രമേശൻ വിടുമോ?
ചുരുക്കത്തിൽ വാഗ്വാദം പൊരിഞ്ഞ അടിയിൽ കലാശിച്ചു. രണ്ടുപേർക്കും സാമാന്യം നല്ല പരിക്കുമായി.
ഈ സമയം യഥാർഥ ജയൻ പ്രേംനസീറിെൻറ വീട്ടിൽനിന്നാണ് ഊൺ കഴിക്കാറുള്ളതെന്നും അവർ ഒരുമിച്ച് ഒരേ മുറിയിൽ തങ്ങാറുണ്ടെന്നും നമ്മൾ പിന്നെ സിനിമാ വാരികകളിൽ വായിച്ചു. ജയൻ മരിച്ച വാർത്തയറിഞ്ഞ് ഹമീദ് കുറേ കരഞ്ഞു. അവനെ ആശ്വസിപ്പിക്കാൻ ഒരേയൊരാൾക്കേ കഴിഞ്ഞുള്ളൂ, രമേശന്.
അക്കാലത്ത് സിനിമകൾ ഉണർത്തിവിട്ട ബ്ലാക് ആൻഡ് വൈറ്റ് സ്വപ്നങ്ങൾ സത്യത്തിൽ വർണാഭശോഭയുള്ളതായിരുന്നു. അത് ഞങ്ങളുടെ ന്യായാന്യായ വിചാരങ്ങളെ സ്വാധീനിച്ചു. നീതിയുടെ സ്വപ്നങ്ങളും അതിെൻറ പ്രതികാര ബുദ്ധിയെയും വർണാഭമാക്കി. കൂട്ടത്തിൽ പറയട്ടെ: ഞങ്ങളുടെ നാട്ടിലെ വലിയൊരു അന്ധവിശ്വാസത്തെയും അത് മാറ്റിക്കളഞ്ഞു.
സംഭവം ഇങ്ങനെ: ഞങ്ങളുടെ അഴീക്കോട് പഞ്ചായത്ത് ഓഫീസും കഴിഞ്ഞ് നടക്കുമ്പോൾ ഓലാടക്കുന്ന് എന്ന സ്ഥലമുണ്ട്. ഏറക്കുറെ ചെങ്കുത്തായ ഒരു റോഡ്. അതിെൻറ മധ്യത്തിൽ പരന്ന സ്ഥലമുണ്ടായിരുന്നു. അതിൽ വലിയൊരു പനയും ഉണ്ടായിരുന്നു. സന്ധ്യ കഴിഞ്ഞാൽ അതുവഴി പോകാൻ ആളുകൾക്ക് ഭയങ്കര ഭയമായിരുന്നു. കാരണം പനയിൽ സുന്ദരിയായ ഒരു യക്ഷിയുണ്ടായിരുന്നു. അന്ന് മുറുക്കുന്ന പുരുഷന്മാർ സാർവത്രികമായിരുന്നു. ആദ്യം സുന്ദരി നൂറ് (ചുണ്ണാമ്പ്) േചാദിക്കും. പിന്നെ പനയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോകും. പിറ്റേന്ന് എല്ലും തോലുമായി മാറിയിട്ടുണ്ടാവും, യക്ഷിയുടെ പ്രലോഭനത്തിൽ വീണുപോകുന്ന പാവം പുരുഷന്മാർ!
അതുകൊണ്ട് അതുവഴി രാത്രി മടങ്ങേണ്ടിവരുന്നവരാരും പൂതപ്പാറ രൂപ ടാക്കീസിൽ സെക്കൻഡ് ഷോ കാണാനുണ്ടാകില്ല. വളഞ്ഞ വഴിയിലൂടെ വളപട്ടണത്തെത്തി വേണം ആളുകൾക്ക് വീടണയാൻ. പക്ഷേ, ഈ കീഴ്വഴക്കം ഉറച്ച യുക്തിവാദിയും അയഞ്ഞ മദ്യപനും സിനിമാ പ്രാന്തനുമായ സുബൈർക്കയാണ് തെറ്റിക്കുന്നത്. സെക്കൻഡ് ഷോ കണ്ട് പുറത്തിറങ്ങിയ സുബൈർക്ക ഓലാടക്കുന്ന് വഴി പോകാൻ ഒരുങ്ങിയപ്പോൾ നാട്ടുകാർ തടഞ്ഞു. സുബൈറേ, അവിടെ യക്ഷിയുണ്ട്. അപകടമാണ്. അവരുടെ മുന്നിൽപെട്ടവരാരും തിരിച്ചുവന്നിട്ടില്ല. സുബൈർക്ക തെൻറ ലുങ്കിക്കടിയിലെ കാക്കി ട്രൗസറിൽനിന്ന് ഒരു പാക്കറ്റ് ദിനേശ് ബീഡിയെടുത്ത് കത്തിച്ചിട്ട് പറഞ്ഞു. എന്നാൽ, ഓളെ ഒന്ന് കണ്ടിട്ടേ ബാക്കി കാര്യള്ളൂ. സുബൈർക്ക പറഞ്ഞാ പറഞ്ഞതാ.
ആൾ ഭയങ്കര പുകവലിക്കാരനാണ്. രണ്ട് കെട്ട് ദിനേശ് ബീഡിയും രണ്ട് തീപ്പെട്ടിയും ഒരുമിച്ച് ട്രൗസറിെൻറ പോക്കറ്റിൽ സ്ഥിരം സ്റ്റോക്കാണ്. ആ കാലമായപ്പോഴേക്കും പുരുഷന്മാരിൽ മുറുക്കുന്ന ശീലത്തിന് പകരം ബീഡിവലി വന്നുകഴിഞ്ഞിരുന്നു. ഇല്ലെങ്കിൽ ദിനേശ് ബീഡി എന്ന പ്രസ്ഥാനം തന്നെ ഉണ്ടാകുമായിരുന്നില്ല. സുബൈർക്കയുടെ കാര്യത്തിൽ അദ്ദേഹം എപ്പോഴൊക്കെയാണ് പുകവലിക്കുക എന്നല്ല ചോദിക്കേണ്ടത്. പുകവലിക്കാത്ത സമയമെപ്പോഴെന്നാണ്. ടാക്കീസിൽ ഹാളിൽ പുകവലി പാടില്ല എന്ന് സ്ക്രീനിൽ കാണിക്കുമ്പോഴാവും സുബൈർക്കക്ക് ഓർമ വരിക, അയ്യോ ഞാൻ ബീഡി വലിച്ചിട്ട് കുറേയായല്ലോ എന്ന്. ഉപദേശിച്ച് നന്നാക്കാൻ കഴിയാത്ത സുബൈർക്കയെ യക്ഷിക്ക് വിട്ടുകൊടുത്തുകൊണ്ട് സങ്കടവും നിസ്സഹായതയും അടക്കി ജനം പിരിഞ്ഞു, പിറ്റേന്ന് സുബൈർക്കയുടെ ജഡം എല്ലിെൻറയും തോലിെൻറയും രൂപത്തിൽ കാണാം എന്ന മട്ടിൽ.
സംഭവിച്ചത് മറ്റൊന്നായിരുന്നു. സുബൈർക്കയുടെ അസമയത്തെ ആ അപകടയാത്രക്ക് ശേഷം ആളുകൾ അതുവഴി പോകാൻ കുറേശ്ശ ധൈര്യപ്പെട്ടു. പക്ഷേ, ഒരു ദിനേശ് ബീഡി കരുതണം എന്നുമാത്രം!
അതെങ്ങനെ എന്നാണ് വായനക്കാർ ഇപ്പോൾ വിചാരിക്കുന്നത്.
സംഭവം ഇങ്ങനെ: സുബൈർക്ക യക്ഷിയുള്ള ഓലാടക്കുന്നിറങ്ങിവരുന്നു. പനയുടെ അടുത്തെത്തിയപ്പോൾ കാൽച്ചിലങ്കയുടെ കിലുക്കം കേൾക്കുന്നു. പിന്നെ ഒരു വിളി വരുന്നു: ''ചേട്ടാ...''
സുബൈർക്ക ഒന്ന് നിന്നുകൊണ്ട് ചുറ്റും ആളെ പരതുമ്പോൾ സുന്ദരിയായ യക്ഷി വ്രീളാവിവശയായി സുബൈർക്കയെ വീണ്ടും വിളിക്കുന്നു.
ചേട്ടാ...
വാത്സല്യനിധിയായ സുബൈർക്ക ചോദിക്കുന്നു.
എന്താണ് മോളേ?
നൂറുണ്ടോ എടുക്കാൻ? (നൂറ് എന്നാൽ ഞങ്ങളുടെ നാട്ടിൽ ചുണ്ണാമ്പ് എന്നാണ്)
പെട്ടെന്ന് വലിച്ചിരുന്ന ബീഡി ഒരു സൈഡിലേക്ക് നീക്കി കടിച്ചുപിടിച്ച് ലുങ്കി നീക്കി ട്രൗസറിെൻറ പോക്കറ്റിൽ തപ്പിക്കൊണ്ട് ചോദിച്ചു.
അയ്യോ, നൂറ് ഇല്ലല്ലോ. ദിനേശ് ബീഡി മതിയോ?
നീരസത്തോടെയും വെറുപ്പോടെയും യക്ഷി ഒരൊറ്റ പോക്ക്.
പോകും മുമ്പ് ഈർഷ്യയോടെ പറഞ്ഞുപോലും: പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് ഈ ഹറാംപിറന്നവന് ആര് പറഞ്ഞുകൊടുക്കും.
പിറ്റേന്ന് പീടികക്കോലായിലിരുന്ന് സുബൈർക്ക ബീഡി വലിയോട് വലി. നല്ല ഫിറ്റുമായിരുന്നു. എന്തോ ആലോചിച്ചുകൊണ്ടിരുന്നു. ഒടുവിൽ സുബൈർക്ക ആ സങ്കടം പറഞ്ഞു. ഒരു നോട്ടമേ കണ്ടുള്ളൂവെങ്കിലും എനിക്കവളെ മറക്കാനാവുന്നില്ല. ഞാനവളെ പ്രേമിച്ചുപോയെടാ, പ്രേമിച്ച് പോയി. ഖൽബ് പറിഞ്ഞുപോകുന്നതുപോലെയായി എെൻറ മനസ്സ്.
കണ്ടാൽ യക്ഷി എങ്ങനെയിരിക്കും? സുബൈർക്കയോട് കുട്ടികളായ ഞങ്ങളൊരിക്കൽ ചോദിച്ചു.
സുബൈർക്ക പറഞ്ഞു: തംശ്യം എന്ത്. ഞമ്മളെ ജയഭാരതി തന്നെ!
ദേശത്തെ വായിച്ച സിനിമ ഇവിടെ തീരുന്നില്ല.