‘മരിച്ചാലും കുഴപ്പമില്ല; സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് ’
‘‘ഞങ്ങൾ ബോംബുണ്ടാക്കിയ സ്ഥലം ബ്രിട്ടീഷുകാർ വളഞ്ഞു. അജ്മീരിനടുത്തുള്ള കുന്നിൻ മുകളിലെ കാട്ടിൽവെച്ചായിരുന്നു ബോംബ് നിർമാണം. ഒരു അരുവിയുടെ അടുത്ത്, അവിടെ കടുവകൾ വന്ന് വെള്ളം കുടിക്കുകയും പോവുകയും ചെയ്തുകൊണ്ടിരുന്നു. ഞങ്ങളുടെ കൈവശം പിസ്റ്റളുകൾ ഉണ്ടെന്നും അവയുപയോഗിച്ച് ആകാശത്തിലേക്ക് വെടിവച്ചു ഭയപ്പെടുത്തുമെന്നും അവ മനസ്സിലാക്കിയിരുന്നിരിക്കണം. അതുകൊണ്ടാകാം അവ വെള്ളം കുടിച്ചശേഷം വന്ന വഴിയേ മടങ്ങിക്കൊണ്ടിരുന്നത്.
‘‘ഞങ്ങൾ ബോംബുണ്ടാക്കിയ സ്ഥലം ബ്രിട്ടീഷുകാർ വളഞ്ഞു. അജ്മീരിനടുത്തുള്ള കുന്നിൻ മുകളിലെ കാട്ടിൽവെച്ചായിരുന്നു ബോംബ് നിർമാണം. ഒരു അരുവിയുടെ അടുത്ത്, അവിടെ കടുവകൾ വന്ന് വെള്ളം കുടിക്കുകയും പോവുകയും ചെയ്തുകൊണ്ടിരുന്നു. ഞങ്ങളുടെ കൈവശം പിസ്റ്റളുകൾ ഉണ്ടെന്നും അവയുപയോഗിച്ച് ആകാശത്തിലേക്ക് വെടിവച്ചു ഭയപ്പെടുത്തുമെന്നും അവ മനസ്സിലാക്കിയിരുന്നിരിക്കണം. അതുകൊണ്ടാകാം അവ വെള്ളം കുടിച്ചശേഷം വന്ന വഴിയേ മടങ്ങിക്കൊണ്ടിരുന്നത്.
ഒരു ദിവസം, ബ്രിട്ടീഷുകാർ ഞങ്ങളുടെ ഒളിത്താവളം മനസ്സിലാക്കി. അവർ സന്നാഹങ്ങളുമായി ഞങ്ങൾക്ക് നേരെ അടുത്തുകൊണ്ടിരുന്നു. പ്രതിരോധത്തിന്റെ ഭാഗമായി ഞങ്ങൾ ചില സ്ഫോടകവസ്തുക്കൾ പൊട്ടിച്ചു. ഞങ്ങൾ എന്നു പറഞ്ഞാൽ ഞാനല്ല. ഞാൻ അന്ന് ചെറിയ കുട്ടിയായിരുന്നു. മുതിർന്നവരാണ് സ്ഫോടനം നടത്തിയത്. കടുവ വെള്ളം കുടിക്കാനെത്തിയ സമയത്തായിരുന്നു സ്ഫോടനം.
വിരണ്ട കടുവ വെള്ളം കുടിക്കാതെ ഓടി. അതും ബ്രിട്ടീഷ് പൊലീസുകാരുടെ നേരെ തന്നെ. പേടിച്ച അവർ തിരിഞ്ഞോടാൻ തുടങ്ങി. ഒരു കടുവയും കുറെ ആളുകളും ഓടുന്നു. ചിലർ കുന്നിൻ ചരിവുകളിൽ തടഞ്ഞു വീണു. ചിലർ റോഡിൽ ഉരുണ്ടു വീണു. കൂട്ടത്തിലെ രണ്ടു പൊലീസുകാർ മരിക്കുകയും ചെയ്തു. ഞങ്ങളുടെ ഒളിയിടത്തിലേക്ക് പിന്നീടൊരിക്കലെങ്കിലും വരാൻ പൊലീസുകാർക്ക് ധൈര്യമുണ്ടായില്ല. അവർ ഞങ്ങളെ ഭയപ്പെട്ടു. ഞങ്ങളെ അവർ ഭയപ്പെട്ടു. കൂട്ടത്തിൽ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടത് കടുവ മാത്രമാണ്. അത് വീണ്ടും പലതവണ അവിടെ വെള്ളം കുടിക്കാൻ വന്നു.’’
2022ലെ അംബേദ്കർ ദിനത്തിൽ, തൊണ്ണൂറ്റിയാറാം വയസ്സിൽ അജ്മീരിലെ തന്റെ വീട്ടിലിരുന്ന് ശോഭാറാം ഗേഹേർവാർ എന്ന സ്വാതന്ത്ര്യസമര സേനാനി ആ ഓർമകൾ പങ്കുെവച്ചു. ഒമ്പതര പതിറ്റാണ്ട് മുമ്പ് താൻ ജനിച്ച അതേ ദലിത് ബസ്തിയിലാണ് അദ്ദേഹം ഇപ്പോഴും താമസിക്കുന്നത്, കൂടുതൽ സുഖപ്രദമായ താമസസ്ഥലത്തേക്ക് മാറാൻ അവസരങ്ങൾ ഉണ്ടായിട്ടും ഒരിക്കലും അദ്ദേഹം അതിന് ശ്രമിച്ചില്ല. രണ്ടുതവണ മുനിസിപ്പൽ കൗൺസിലറായിരുന്ന അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കിൽ അത് എളുപ്പത്തിൽ നടക്കുമായിരുന്നു. 1930കളിലും 1940കളിലും ബ്രിട്ടീഷ് രാജിനെതിരെ താനും സുഹൃത്തുക്കളും നടത്തിയ പോരാട്ടങ്ങളുടെ ചിത്രം അദ്ദേഹം വരച്ചു കാണിച്ചു.
നേരത്തേ പറഞ്ഞ സംഭവത്തിലേത് ഭൂഗർഭ ബോംബ് ഫാക്ടറിയായിരുന്നോ?
‘‘അതൊരു കാടായിരുന്നു. ഫാക്ടറിയല്ല... ഒരിക്കൽ ചന്ദ്രശേഖർ ആസാദ് ഞങ്ങളെ സന്ദർശിച്ചിരുന്നു. അത് 1930ന്റെ രണ്ടാം പകുതിയിലോ 1931ന്റെ ആദ്യ ദിവസങ്ങളിലോ ആയിരുന്നിരിക്കണം. ബോംബുകൾ എങ്ങനെ കൂടുതൽ കാര്യക്ഷമമാക്കാമെന്ന് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു. ബ്രിട്ടീഷ് പൊലീസിനെ പേടിപ്പിച്ചോടിച്ച കടുവയെ കാണണമെന്ന് അദ്ദേഹം പറഞ്ഞു. രാത്രിയിൽ ഞങ്ങൾക്കൊപ്പം തങ്ങിയാൽ കടുവയെ ദൂരത്തായി കാണാമെന്ന് ഞങ്ങൾ പറഞ്ഞു.’’
ആസാദ് വരുമ്പോൾ എനിക്ക് അഞ്ചു വയസ്സിൽ കൂടുതൽ ആയിട്ടില്ലായിരുന്നു. വേഷപ്രച്ഛന്നനായി എത്തിയ അദ്ദേഹത്തെ ബോംബുകൾ നിർമിച്ചുകൊണ്ടിരുന്ന കാട്ടിലെ കുന്നിലേക്ക് എത്തിക്കുക മാത്രമായിരുന്നു ഞങ്ങളുടെ ജോലി. അദ്ദേഹം ഞങ്ങൾ കുട്ടികളുടെ ചുമലുകളിൽ തട്ടി അഭിനന്ദിച്ചു.
‘‘ആപ് തോ ഷേർ കെ ബച്ചേ ഹേ (നിങ്ങൾ സിംഹക്കുട്ടികളാണ്). നിങ്ങൾ ധീരനാണ്. ഒരിക്കലും മരണത്തെ ഭയപ്പെടരുത്.’’
ഞങ്ങളുടെ വീട്ടുകാരും അതുതന്നെ പറഞ്ഞു.
‘‘നിങ്ങൾ മരിച്ചാലും കുഴപ്പമില്ല. നിങ്ങൾ ഇതെല്ലാം ചെയ്യുന്നത് സ്വാതന്ത്ര്യത്തിനുവേണ്ടി മാത്രമാണ്.’’
ഓർമയുടെ വെടിയുണ്ടപ്പാടുകൾ
‘‘ഒരു പൊതുയോഗം നടക്കുകയായിരുന്നു. നേതാക്കളിൽ ആരോ ബ്രിട്ടീഷ് രാജിനെതിരെ അൽപം ‘കടന്നു’ സംസാരിച്ചു. പൊലീസെത്തി കുറച്ച് സമര സേനാനികളെ പിടികൂടി. അവർ പൊലീസിനെതിരിച്ചടിച്ചു. പിന്നീട് സ്വാതന്ത്ര്യ സേനാനി ഭവൻ എന്ന് പേരിട്ട കെട്ടിടത്തിൽ െവച്ചായിരുന്നു അടിയും തിരിച്ചടിയും-അത് 1942ൽ ആയിരുന്നു.
കാൽമുട്ടിന് അൽപം താഴെ, വലതുകാലിൽ വെടിയുണ്ട തട്ടിയ സ്ഥലം കാണിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു- ‘‘വെടിയുണ്ട എന്റെ ജീവനെടുക്കുകയോ അംഗഭംഗം വരുത്തുകയോ ചെയ്തില്ല. അത് കാലിൽ തട്ടി മുന്നോട്ടു പോയി. ഞാൻ ബോധരഹിതനായി.
‘‘ബോധം തെളിഞ്ഞപ്പോൾ ആശുപത്രിയിൽ പൊലീസ് എന്നെ കാണാൻ വന്നു. എങ്കിലും എന്നെ അറസ്റ്റ് ചെയ്തില്ല. അവർ പറഞ്ഞു: ‘‘ കൊടുക്കാനുള്ള വെടിയുണ്ട കൊടുത്തു. ആ ശിക്ഷ മതി അവന്’’ അത് അവരുടെ ദയ ആയിരുന്നില്ല. കേസെടുത്തിരുന്നെങ്കിൽ വെടിയുതിർത്തത് തങ്ങളാണെന്ന് പൊലീസിന് സമ്മതിക്കേണ്ടി വരുമായിരുന്നു.
‘‘ഞങ്ങൾ കൊല്ലപ്പെട്ടിരുന്നെങ്കിൽ അവർക്കു പ്രശ്നം ഒന്നുമുണ്ടാകില്ലായിരുന്നു. ദശലക്ഷക്കണക്കിന് ആളുകൾ വർഷങ്ങൾ നീണ്ട പോരാട്ടങ്ങളിൽ കൊല്ലപ്പെട്ടു. അവരിലൂടെയാണ് ഈ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത്. നമ്മുടെ സ്വാതന്ത്ര്യം അനായാസമായി കിട്ടിയതല്ല. അതിനുവേണ്ടി നമ്മൾ രക്തം ചൊരിഞ്ഞിട്ടുണ്ട്. കുരുക്ഷേത്രത്തിൽ വീണതിനെക്കാൾ കൂടുതൽ രക്തം.
ആ വെടിയേറ്റ മുറിവിനു ശേഷമാണ് വിവാഹം വേണ്ടെന്ന് ശോഭാറാം ഗേഹേർവാർ തീരുമാനിച്ചത്.
‘‘ഞാൻ സ്വാതന്ത്ര്യ സമരത്തെ അതിജീവിക്കുമോയെന്ന് ആർക്കറിയാം? സേവയിൽ (സാമൂഹിക സേവനം) സ്വയം സമർപ്പിച്ച എനിക്ക് കുടുംബ ജീവിതം ഒപ്പം കൊണ്ടുപോകാൻ ആകുന്ന അവസ്ഥ ആയിരുന്നില്ല.’’
സഹോദരി ശാന്തിക്കും മക്കൾക്കും പേരക്കുട്ടികൾക്കുമൊപ്പമാണ് ശോഭാറാം ഗേഹേർവാർ താമസിക്കുന്നത്. ശാന്തിക്ക് 75 വയസ്സ്.
ബോംബേയിൽ അഭയം നൽകിയ വലിയ കലാകാരൻ
‘‘എന്റെ പേരിൽ ഒരിക്കൽ ഒരു വാറണ്ട് ഉണ്ടായിരുന്നു. സ്ഫോടകവസ്തുക്കൾ കൊണ്ടുപോകുന്നതിനിടെയാണ് ഞങ്ങൾ പിടിക്കപ്പെട്ടത്. എന്നാൽ ഞങ്ങൾ അവ എറിഞ്ഞു കളഞ്ഞു രക്ഷപ്പെട്ടു. പൊലീസ് ഞങ്ങളെ അന്വേഷിച്ചു തുടങ്ങി. ഞങ്ങൾ അജ്മീർ വിടാൻ തീരുമാനിച്ചു. എന്നെ ബോംബെയിലേക്ക് അയച്ചു.’’
ആരാണ് അവിടെ അഭയം നൽകിയത്?
‘‘പൃഥ്വിരാജ് കപൂർ!-മഹാനായ ആ നടൻ താരപദവിയിലേക്കുള്ള രാജപാതയിൽ ആയിരുന്നു. കപൂറും ബോംബെയുടെ നാടക-ചലച്ചിത്രലോകത്തിലെ മറ്റു ചില പ്രമുഖരും സ്വാതന്ത്ര്യ സമരത്തെ വളരെയധികം പിന്തുണച്ചിരുന്നു. പലരും അതിന്റെ ഭാഗമായിരുന്നു.
‘‘അദ്ദേഹം എന്നെ ഒരു ത്രിലോക് കപൂറിന്റെ അടുത്തേക്ക് അയച്ചു. അദ്ദേഹം പിന്നീട് ഹർഹർ മഹാദേവ് എന്ന സിനിമയിൽ അഭിനയിച്ചു’’
(ശോഭാറാം ഗേഹേർവാറിന് അറിയില്ലായിരുന്നു എങ്കിലും ത്രിലോക് പൃഥ്വിയുടെ ഇളയ സഹോദരനായിരുന്നു.
ആ കാലഘട്ടത്തിലെ ഏറ്റവും വിജയം നേടിയ നടന്മാരിൽ ഒരാൾ കൂടിയായിരുന്നു അദ്ദേഹം. 1950ലെ ഏറ്റവും വലിയ കളക്ഷൻ ചിത്രമായിരുന്നു ഹർഹർ മഹാദേവ്)
‘‘പൃഥ്വിരാജ് ഞങ്ങൾക്ക് ഒരു കാർ താത്കാലികമായി തന്നു, ഞങ്ങൾ ബോംബെയിൽ മൊത്തം കറങ്ങി. ഏകദേശം രണ്ട് മാസത്തോളം ഞാൻ ആ നഗരത്തിലായിരുന്നു. പിന്നെ തിരിച്ചു വന്നു. മറ്റ് പ്രവർത്തനങ്ങൾക്ക് ഞങ്ങളെ ആവശ്യമായിരുന്നു. അന്നത്തെ വാറണ്ട് നിങ്ങളെ കാണിക്കാൻ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ 1975-ൽ ഇവിടെയുണ്ടായ വെള്ളപ്പൊക്കം എല്ലാ രേഖകളും നശിപ്പിച്ചു
‘‘എന്റെ എല്ലാ രേഖകളും പോയി. ജവഹർലാൽ നെഹ്റു തന്ന സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ നിരവധി രേഖകൾ. ആ പേപ്പറുകൾ കണ്ടിരുന്നെങ്കിൽ ഒരുപക്ഷെ നിങ്ങൾ അമ്പരക്കുമായിരുന്നു. പക്ഷേ എല്ലാം ഒലിച്ചുപോയി’’.- അദ്ദേഹം സങ്കടത്തോടെ പറഞ്ഞു.
ഗാന്ധിക്കും അംബേദ്കറിനും ഇടയിൽ ആരെ തിരഞ്ഞെടുക്കണം?
ദലിതനും ഒരു സ്വയം പ്രഖ്യാപിത ഗാന്ധിയനുമാണ് ശോഭാറാം ഗേഹേർവാർ. അജ്മീരിലെ അംബേദ്കർ പ്രതിമയിൽ മാലചാർത്താൻ പോയപ്പോഴാണ് അംബേദ്കറിനും ഗാന്ധിക്കുമിടയിൽ എവിടെയാണ് നിൽക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിച്ചത്:
‘‘നോക്കൂ, അംബേദ്കറും ഗാന്ധിയും. രണ്ടുപേരും വളരെ നല്ല ജോലി ചെയ്തു. ഒരു കാർ നീക്കാൻ രണ്ടറ്റത്തും രണ്ട് ചക്രങ്ങൾ വീതം ആവശ്യമാണ്. എവിടെയാണ് വൈരുധ്യം? മഹാത്മാവിന്റെ ചില തത്ത്വങ്ങളിൽ ഞാൻ മെറിറ്റ് കണ്ടെത്തുന്നുണ്ട്. അതിനാൽ അവയെ പിന്തുടരുന്നു. അംബേദ്കറുടെ പഠിപ്പിക്കലുകളിൽ ഞാൻ മെറിറ്റ് കണ്ടെത്തിയിടത്താണ് ഞാൻ അദ്ദേഹത്തെ പിന്തുടരുന്നത്.’’
‘‘ഗാന്ധിയും അംബേദ്കറും അജ്മീർ സന്ദർശിച്ചിട്ടുണ്ട്. 1934-ൽ, ഞാൻ വളരെ ചെറുതായിരിക്കുമ്പോൾ, മഹാത്മാഗാന്ധി ഇവിടെ വന്നിരുന്നു. ഇവിടെ, നമ്മൾ ഇപ്പോൾ ഇരിക്കുന്ന ഇതേ ജാദുഗർ ബസ്തിയിൽ. അംബേദ്കർ ട്രെയിനിൽ മറ്റെവിടേക്കോ പോവുകയായിരുന്നു. ‘റെയിൽവേ സ്റ്റേഷനിൽ വെച്ച് ഞങ്ങൾ അദ്ദേഹത്തെ കാണുകയും മാലയിടുകയും ചെയ്തു. ട്രെയിൻ നിർത്തിയപ്പോൾ അദ്ദേഹം ഇറങ്ങി വന്നു.’’ ഒരിക്കൽ ഞാൻ അദ്ദേഹത്തിനുവേണ്ടി ഇവിടത്തെ നേതാക്കളിൽനിന്ന് ബറോഡയിലേക്ക് (ഇപ്പോൾ വഡോദര) ചില കത്തുകൾ കൊണ്ടുപോയി. പൊലീസ് കത്തുകൾ പോസ്റ്റ് ഓഫീസിൽ തുറന്നു വായിക്കും എന്നതിനാൽ വ്യക്തിപരമായി പ്രധാനപ്പെട്ട പേപ്പറുകളും കത്തുകളും നേരിൽ കൊണ്ടുപോയി കൊടുക്കുകയായിരുന്നു രീതി. ശോഭാറാം ഗേഹേർവാർ കോലി സമുദായത്തിൽപ്പെട്ടയാളാണെന്ന് അംബേദ്കർക്ക് അറിയാമായിരുന്നു അവിടെ ചെന്നപ്പോൾ അംബേദ്കർ തലയിൽ തഴുകികൊണ്ട് ചോദിച്ചു: ‘‘താങ്കൾ അജ്മീരിലാണോ താമസിക്കുന്നത്?’’
‘‘അതെ’ -ഞാനദ്ദേഹത്തോട് പറഞ്ഞു. എന്ത് ആവശ്യങ്ങളുണ്ടെങ്കിലും അദ്ദേഹത്തിന് എഴുതണമെന്ന് എന്നോട് പറഞ്ഞു.
തനിക്കു മേലുള്ള ‘ദലിത്’, ‘ഹരിജൻ’ എന്നീ രണ്ട് ലേബലുകളിലും ശോഭാറാം ഗേഹേർവാർക്ക് സന്തോഷമേയുള്ളൂ. അതൊന്നും പോരാതെ ഒരാൾ കോലിയാണെന്നു ആളുകൾ പറയുന്നുണ്ടെങ്കിൽ അതും ആകട്ടെ. എന്തിന് ജാതിയെ മറയ്ക്കണം?
‘‘അന്നത്തെ കോൺഗ്രസ് പാർട്ടിയും ആര്യസമാജവും ഇല്ലെങ്കിൽ ഇവിടത്തെ ഭൂരിഭാഗം പട്ടികജാതിക്കാരും ഇസ്ലാം മതം സ്വീകരിച്ചേനെ. ഏകദേശം 11 വയസ്സായതിനുശേഷമാണ് എനിക്ക് ഒന്നാം ക്ലാസിൽ ചേരാൻ സാധിച്ചുള്ളൂ. അന്നത്തെ ആര്യസമാജക്കാർ ക്രൈസ്തവർക്ക് ബദലാകുന്ന സാമൂഹിക മാറ്റങ്ങൾക്ക് ശ്രമിച്ചിരുന്നു. അതിനാൽ, ദയാനന്ദ് ആംഗ്ലോ വേദിക് (DAV) സ്കൂളുകളിൽ ദലിത് പിന്നാക്ക വിഭാഗങ്ങളെ സ്വീകരിക്കാൻ തുടങ്ങി. എന്നാൽ, വിവേചനം അതേപടി നിലനിന്നു. ഒടുവിൽ കോലി സമാജം സ്വന്തമായി സ്കൂൾ ആരംഭിച്ചു.
‘‘അവിടെയാണ് ഗാന്ധി വന്നത്, സരസ്വതി ബാലികാവിദ്യാലയത്തിലേക്ക്. ഞങ്ങളുടെ സമുദായത്തിലെ മുതിർന്ന ആളുകൾ ചേർന്ന് ആരംഭിച്ച ഒരു സ്കൂളായിരുന്നു അത്. അത് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഗാന്ധി ഞങ്ങളുടെ പരിശ്രമത്തെ പ്രശംസിച്ചു. നിങ്ങൾ നല്ലൊരു മാതൃക സൃഷ്ടിച്ചു. ഞാൻ പ്രതീക്ഷിച്ചതിലും വളരെയധികം മുന്നോട്ട് പോകാൻ നിങ്ങൾക്കായി’’-അദ്ദേഹം പറഞ്ഞു.
‘‘ഞങ്ങൾ കോലികൾ ആരംഭിച്ചെങ്കിലും മറ്റു ജാതികളിൽനിന്നുള്ള വിദ്യാർഥികളും ആ സ്കൂളിൽ ചേർന്നു. ആദ്യം കുട്ടികളെല്ലാം പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരായിരുന്നു. പിന്നീട് മറ്റു സമുദായങ്ങളിൽനിന്ന് നിരവധി പേർ സ്കൂളിൽ ചേർന്നു. ഒടുവിൽ, ഉന്നത ജാതിക്കാരായ അഗർവാളുകൾ സ്കൂൾ ഏറ്റെടുത്തു. രജിസ്ട്രേഷൻ ഇപ്പോഴും ഞങ്ങളുടെ പേരിലാണ്. പക്ഷേ, അവർ സ്കൂൾ ഭരണം ഏറ്റെടുത്തു.’’
ഗാന്ധിയെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുമ്പോൾ തന്നെ ശോഭാറാം ഗേഹേർവാർ അദ്ദേഹത്തെ വിമർശനത്തിന് അതീതനാക്കുന്നില്ല. പ്രത്യേകിച്ചും അംബേദ്കറുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ.
‘‘അംബേദ്കർ ഉയർത്തിയ വെല്ലുവിളിയുടെ മുന്നിൽ ഗാന്ധി ഭയന്നു. എല്ലാ പട്ടികജാതിക്കാരും ബാബാസാഹേബിനൊപ്പം പോകുമെന്ന ഭയം നെഹ്റുവിനും ഉണ്ടായിരുന്നു. ഇതു വിശാലമായ പ്രസ്ഥാനത്തെ ദുർബലപ്പെടുത്തുമെന്ന് അവർ ആശങ്കപ്പെട്ടു. എന്നിരിക്കിലും അംബേദ്കറുടെ കഴിവുകളും സാധ്യതകളും സംബന്ധിച്ച് ഇരുവർക്കും നല്ല ബോധ്യമുണ്ടായിരുന്നു. അംബേദ്കറെ കൂടാതെ നിയമങ്ങളും ഭരണഘടനയും എഴുതി തയാറാക്കാൻ കഴിയില്ലെന്ന് ഗാന്ധിക്കും നെഹ്റുവിനും മനസ്സിലാക്കി. ആ ചുമതലകൾ നിർവഹിക്കാൻ കഴിവുള്ള ഒരേയൊരു വ്യക്തി അദ്ദേഹം മാത്രമായിരുന്നു. ആ ചുമതല അദ്ദേഹം ആരോടും യാചിച്ചു വാങ്ങിയതല്ല.
നമ്മുടെ നിയമങ്ങളുടെ ചട്ടക്കൂട് രൂപപ്പെടുത്താൻ മറ്റുള്ളവരെല്ലാം അദ്ദേഹത്തോട് അപേക്ഷിച്ചു. അംബേദ്കർ ഈ ലോകത്തെ സൃഷ്ടിച്ച ബ്രഹ്മത്തെപ്പോലെയായിരുന്നു. മിടുക്കനായ, അഭ്യസ്തവിദ്യനായ മനുഷ്യൻ. എന്നിട്ടും, നമ്മൾ ഹിന്ദുസ്ഥാനി മനുഷ്യർ അദ്ദേഹത്തോട് നീതി കാണിച്ചില്ല. 1947ന് മുമ്പും ശേഷവും നമ്മൾ അദ്ദേഹത്തോട് മോശമായി പെരുമാറി. സ്വാതന്ത്ര്യ സമരത്തിന്റെ ആഖ്യാനങ്ങളിൽനിന്നു പോലും അദ്ദേഹത്തെ ഒഴിവാക്കി.
സ്വാതന്ത്ര്യ സമരത്തിൽ ആർ.എസ്.എസ് ഇല്ലായിരുന്നു
ശോഭാറാം ഗേഹേർവാർ ഞങ്ങളെ സ്വതന്ത്ര സേനാനി ഭവനിലേക്ക് കൊണ്ടുവന്നു. അജ്മീരിലെ പഴയ സ്വാതന്ത്ര്യ സമര സേനാനികളുടെ സംഗമസ്ഥലം. തിരക്കേറിയ ഒരു മാർക്കറ്റിലാണ് ഇത് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. വലിയ പാതയിലെ തിരക്കേറിയ ഗതാഗതം കൂസാതെ ഒരു ഊന്നു വടിയുടെ പോലും സഹായമില്ലാതെ വേഗത്തിൽ കുതിക്കുന്ന ആ മനുഷ്യനൊപ്പം എത്താൻ എനിക്കേറെ പണിപ്പെടേണ്ടി വന്നു.
‘‘1947 ആഗസ്റ്റ് 15 ന് അവർ ചെങ്കോട്ടയിൽ ഇന്ത്യൻ പതാക ഉയർത്തിയപ്പോൾ ഞങ്ങൾ ഇവിടെ ത്രിവർണ പതാക ഉയർത്തി. ഞങ്ങൾ ഈ ഭവനം ഒരു നവവധുവിനെപ്പോലെ അലങ്കരിച്ചു. എല്ലാ സ്വാതന്ത്ര്യ സമര സേനാനികളും ഇവിടെ സംഗമിച്ചിരുന്നു.’’
രാഷ്ട്രീയ സ്വയംസേവക് സംഘത്തിൽ (ആർ.എസ്.എസ്) നിന്ന് ആർക്കും സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലെന്ന് ശോഭാറാം ഊന്നിപ്പറഞ്ഞു.
‘‘സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് അവരുടെ ആരുടെയും ഒരു വിരൽപോലും മുറിഞ്ഞിട്ടില്ല.’’
സ്വതന്ത്ര സേനാനി ഭവന്റെ സ്ഥിതി അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിക്കുന്നു.
‘‘ഞാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കത്തയച്ചു. ആരെങ്കിലും തട്ടിയെടുക്കുന്നതിനു മുൻപ് ഈ ഭവൻ ഏറ്റെടുക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്ഥലമാണിത്. ഇത് നഗരത്തിന്റെ മധ്യഭാഗത്താണ്. പലരും ഇത് കൈവശപ്പെടുത്താൻ ശ്രമിക്കുന്നു.’’
‘‘ഇവിടേയ്ക്ക് നിങ്ങളുടെ ശ്രദ്ധ കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു. ആരും സ്വാതന്ത്ര്യ സമരത്തെയോ അവശേഷിക്കുന്ന സേനാനികളെയോ ശ്രദ്ധിക്കുന്നില്ല. സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ച് ആരും ചോദിക്കുന്നില്ല. പറയുന്നുമില്ല. സ്വാതന്ത്ര്യത്തിനുവേണ്ടി നമ്മൾ എങ്ങനെ പോരാടിയെന്നും എന്ത് ത്യാഗം സഹിച്ചാണ് അത് നമ്മൾ നേടിയെടുത്തത് എന്നും സ്കൂൾ കുട്ടികളോട് പറയുന്ന ഒരു പുസ്തകം പോലും ഇവിടെ ഇല്ല. ആളുകൾക്ക് ഞങ്ങളെ കുറിച്ച് എന്താണറിയുക?