മലബാർ ചോദിക്കുന്നു, ഈ വിവേചനം എന്നുതീരും?
എസ്.എസ്.എൽ.സി ഫലം പുറത്തുവന്നതിന് പിന്നാലെ മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുകയാണ്. മലബാറിലെ സീറ്റ് ദൗർലഭ്യത്തിന്റെ ആഴം എത്രത്തോളമാണ്?. എന്താണ് ഇതിന്റെ പരിഹാരം?. ‘‘കേരളത്തിലെ ഉന്നത വിദ്യഭ്യാസം, മലബാർ മേഖലയെ മുൻ നിർത്തിയുള്ള വിശദപഠനം’’ എന്ന വിഷയത്തിൽ അലിഗഢ് യൂനിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാർഥി കൂടിയായ ലേഖകൻ എഴുതുന്നു.
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ അവസരങ്ങളും സാധ്യതകളും അപഗ്രഥനം ചെയ്യുമ്പോൾ മലബാർ നേരിടുന്ന അസമത്വങ്ങളും വിവേചനങ്ങളും വേറിട്ട് ദൃശ്യമാകും. രണ്ട് പതിറ്റാണ്ടിലധികം കാലമായി എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനാനന്തരം ഹയർ സെക്കൻഡറി സീറ്റ് അപര്യാപ്തതയെ ചൊല്ലിയുള്ള തർക്കവിതർക്കങ്ങൾ കൊണ്ടാടുന്നുവെന്നല്ലാതെ ഈ വിഷയത്തിൽ ശാശ്വതപരിഹാരം ഇനിയുമുണ്ടായിട്ടില്ല.
ഹയർസെക്കൻഡറി വിഭാഗം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ 17 -02-2021ന് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ റീജിയണൽ ലെവൽ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് പരിശോധിക്കുകയും അതിലൂടെ രൂപപ്പെട്ട തീരുമാനങ്ങൾ സർക്കാരിലേക്ക് ശിപാർശ ചെയ്യുകയും ചെയ്തു. അതിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയമായി അവതരിപ്പിച്ചത് എല്ലാ ഹയർസെക്കൻഡറി സ്കൂളുകളിലും ഒരു ബാച്ചിലെ പരമാവധി വിദ്യാർത്ഥികളുടെ എണ്ണം 50 ആയിരിക്കണമെന്നാണ്. ഒരു ക്ലാസ്സിൽ അമ്പതിലധികം കുട്ടികളുണ്ടാകുന്നത് അവരുടെ പഠന-ബോധന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കമ്മിറ്റി വിലയിരുത്തി. സർക്കാർ സ്കൂളുകളിലെ ഭൗതികസാഹചര്യം മെച്ചപ്പെടുത്താനും ഈ കമ്മിറ്റി ശിപാർശ ചെയ്യുന്നുണ്ട്. വിവിധ ജില്ലകളിൽ പുതുതായി വിദ്യാലയങ്ങൾ ആരംഭിക്കേണ്ടതിന്റെയും അധിക ബാച്ചുകൾ അനുവദിക്കേണ്ടതിന്റെയും നിലവിലുള്ള സെക്കൻഡറി സ്കൂളുകൾ ഹയർസെക്കൻഡറിയായി ഉയർത്തേണ്ടതിന്റെയും ആവശ്യകതയിലേക്ക് കമ്മിറ്റി സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. കണ്ടിട്ടും കേട്ടിട്ടും ഒന്നുമറിഞ്ഞില്ലെന്ന നാട്യമാണ് സർക്കാർ പുലർത്തിപോരുന്നത്.
2023ൽ കേരളത്തിൽ 35580 വിദ്യാർത്ഥികളാണ് തുടർപഠനത്തിന് ഓപ്പൺ സ്കൂളുകളിൽ പ്രവേശനം നേടിയത്. ഖേദകരമെന്ന് പറയട്ടെ, അതിൽ 29101 വിദ്യാർഥികൾ അഥവാ 81%ന് മുകളിൽ വിദ്യാർഥികൾ മലബാറിലുള്ളതാണ്. മലപ്പുറം ജില്ല മാത്രമെടുക്കുമ്പോൾ 15324 പേർ അഥവാ ആകെയുള്ളതിന്റെ 43% ആണ് ഓപ്പൺ സ്കൂളുകളിൽ പഠിക്കേണ്ടി വരുന്നത്. കാലങ്ങളായി തുടരുന്ന ഈ വിവേചനം മലബാറിലെ ആയിരക്കണക്കിന് വിദ്യാർഥികളുടെ വിദ്യാഭ്യാസ പുരോഗതിയെ സാരമല്ലാത്ത രീതിയിൽ ബാധിക്കുന്നുണ്ട് . തുടരെത്തുടരെ മലബാറിലെ വിദ്യാർഥി സമൂഹത്തിന് നീതി നിഷേധിക്കപ്പെടുകയാണ്.
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വിജയഭേരി പോലെയുള്ള പ്രോജക്ടുകളുടെ ഫലമായി വർഷാവർഷവും ജില്ലയുടെ എസ്. എസ്. എൽ. സി. വിജയശതമാനം കൂടി വരുന്നു. എന്നാൽ, തുടർപഠന യോഗ്യത നേടുന്ന വിദ്യാർഥികൾക്ക് പഠനസൗകര്യം ഒരുക്കുന്നതിൽ മാറിമാറി വരുന്ന സർക്കാരുകൾ ബോധപൂർവ്വമോ അബോധപൂർവ്വമോ പരാജയപ്പെടുന്നതാണ് കാണാനാകുന്നത്. പ്രതിഷേധവും പേമാരിയും കുറച്ചുദിവസങ്ങളിലേക്ക് മാത്രമൊതുങ്ങുന്നു. ഹയർ സെക്കണ്ടറി സ്കൂളുകൾ അനുവദിക്കുമ്പോൾ പ്രാദേശികമായ അസന്തുലിതത്വം പരിഹരിക്കണമെന്ന ഹൈക്കോടതി വിധിയുണ്ടായിട്ടും മലബാറിനെയും മലപ്പുറത്തെയും സംബന്ധിച്ച് വലിയ നേട്ടങ്ങളൊന്നുമുണ്ടാക്കിയില്ല.
പൊതു ജനങ്ങൾക്ക് മുമ്പിൽ പുകമറ സൃഷ്ടിക്കാനായി മാർജിനൽ ഇൻഗ്രിമെന്റിലൂടെ പത്തോ ഇരുപതോ സീറ്റുകൾ വർധിപ്പിക്കുന്നത് ഒരിക്കലും പ്രശ്ന പരിഹാരമാവില്ല. ഏച്ചു കെട്ടിയാൽ എങ്ങനെയായാലും മുഴച്ചു നിൽക്കുമെന്നത് പോലെ ഇത് വിദ്യാഭ്യാസ സംവിധാനങ്ങളെ സങ്കീർണമാക്കുകയാണ് പ്രധാനമായും ചെയ്യുന്നത്.
മലബാർ മേഖലയിലുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകൾ നേരിടുന്ന പ്രധാന വെല്ലുവിളിയായ ക്ലാസ് മുറികളിലെ വിദ്യാർഥികളുടെ ആധിക്യത്തിലേക്കാണ് ഇത് നയിക്കുന്നത്. സർക്കാർ നിയോഗിച്ച കമ്മീഷന്റെ ശിപാർശ പ്രകാരം 45 വിദ്യാർത്ഥികൾക്ക് ഒരു അധ്യാപകൻ എന്ന തോതിന് പകരം ഇപ്പോൾ മലബാറിലെ ഹയർ സെക്കൻഡറി ക്ലാസ്സ് മുറികളിൽ 60 ഉം 70 ഉം വിദ്യാർഥികളാണ് വീർപ്പു മുട്ടി പഠിക്കുന്നത്. ഇത്രയധികം പേർ ഒരുമിച്ചിരുന്ന് പഠിക്കുന്നതിലെ പ്രായോഗികതയെ സംബന്ധിച്ച് നിയമസഭയിൽ ചോദ്യമുയരുകയുണ്ടായി. വിദ്യാർഥികളുടെ പഠന നിലവാരത്തെ ഇത് ബാധിക്കുന്നതായി കാണുന്നില്ല എന്നാണ് ഇതിന് സർക്കാർ നൽകിയ മറുപടി. അതേസമയം, തെക്കൻ ജില്ലകളിൽ കഴിഞ്ഞ വർഷം 105 ബാച്ചുകളിൽ 25 കുട്ടികൾ വീതം പോലുമില്ലെന്നും വാർത്തകൾ കാണുന്നു. ഏതൊരു പാത്രത്തിലും അളവിൽ കവിഞ്ഞ് എന്ത് നിറച്ചാലും എന്തായിരിക്കും സംഭവിക്കുക എന്നത് വിശദമാക്കേണ്ടതില്ലല്ലോ. സർക്കാർ നിയോഗിച്ച കമീഷനുകൾ തന്നെ മാർജിനൽ ഇൻഗ്രിമെന്റിലൂടെ സീറ്റുകൾ വർധിപ്പിക്കുന്നത് പരിഹാര മാർഗമല്ലെന്ന് നിരീക്ഷിക്കുന്നുമുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ പല സ്കൂളുകളും അടിസ്ഥാനസൗകര്യ പ്രശ്നങ്ങൾ മുൻ നിർത്തി അധിക വിദ്യാർഥികളെ എടുക്കുന്നതിൽ വിമുഖത കാണിച്ചിരുന്നു. സാമ്പത്തിക വിദ്യാഭ്യാസ വിദഗ്ധരും നിരീക്ഷകരും വിദ്യാഭ്യാസം, അതിപ്രധാനമായി സ്കൂൾ വിദ്യാഭ്യാസം 'പബ്ലിക് ഗുഡാ'യിരിക്കണമെന്ന് പറയുന്ന അവസരത്തിലാണ് മലബാറിലെ, വിദ്യാർഥികൾക്ക് മാത്രം സ്കൂൾ വിദ്യാഭ്യാസം 'പ്രൈവറ്റ് ഗുഡാ'യി മാറിയിരിക്കുന്നത്. തെക്കൻ ജില്ലകളിലെ വിദ്യാർഥികൾ സൗജന്യമായി പഠിക്കുമ്പോൾ മലപ്പുറത്തെ പകുതിയോളം വിദ്യാർഥികൾ പ്രൈവറ്റ് സ്കൂളുകളെ ആശ്രയിക്കേണ്ടി വരുന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയിലും മലബാർ നേരിടുന്ന അസമത്വങ്ങളും അസന്തുലിതാവസ്ഥകളും പകൽ വെളിച്ചം പോലെ പ്രകടമാണ്. സർക്കാർ നിയോഗിച്ച പ്രൊഫസർ ശ്യാം ബി. മേനോൻ അധ്യക്ഷനായുള്ള ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമീഷൻ റിപ്പോർട്ട് പ്രകാരം മലബാറിൽ 185521 ആളുകൾക്ക് ഒരു കോളേജ് എന്ന തോതിലാണുള്ളത്. തിരുവിതാംകൂർ- കൊച്ചിൻ മേഖലയിൽ ഏകദേശം 135000 ആളുകൾക്ക് ഒരു കോളജ് എന്നുള്ള തോതിലും. ചുരുക്കിപ്പറഞ്ഞാൽ, മലബാറിലെ പ്രത്യേകിച്ച് മലപ്പുറത്തെ വിദ്യാഭ്യാസ രംഗം നേരിടുന്നത് അപകടകരമായ അനീതികളാണ്.
കാർത്തികേയൻ നായർ കമ്മിറ്റി മലബാറിനോടുള്ള വിവേചനം വിശദമാക്കി റിപ്പോർട്ട് സമർപ്പിച്ചിട്ടും സർക്കാർ അതിന്റെ ഉള്ളടക്കം രഹസ്യമാക്കിയിരിക്കുകയാണ്. കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുകയും ശിപാർശകൾ ഉടനടി നടപ്പിലാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. രോഗത്തിന് അനുസൃതമായി ചികിത്സയും മരുന്നും നൽകുക എന്ന നയം ഇനിയെങ്കിലും സർക്കാർ സ്വീകരിച്ചേ മതിയാകൂ. അതല്ലാതെ മറ്റൊരു പോംവഴിയുമില്ല.