‘‘ബി.ജെ.പി കൊടിയുള്ള വണ്ടിയിൽ കൊണ്ടുപോയപ്പോഴാണ് കുഴപ്പത്തിലേക്കാണ് എന്ന് മനസ്സിലാകുന്നത്’’ -സിദ്ദീഖ് കാപ്പൻ സംസാരിക്കുന്നു
text_fields

ഹാഥറസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കണ്ട് വാർത്ത ശേഖരണത്തിന് പോകവെയാണ് മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ അറസ്റ്റിലാവുന്നത്. രണ്ടുവർഷത്തെ ജയിൽജീവിതത്തിന് ശേഷം അടുത്തിടെയായിരുന്നു മോചനം. താൻ അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യവും അതിനുശേഷമുള്ള അനുഭവങ്ങളും മാധ്യമപ്രവർത്തന അവസ്ഥകളും അദ്ദേഹം വിശദമാക്കുന്നു. മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1312 പ്രസിദ്ധീകരിച്ച സിദ്ദീഖ് കാപ്പനുമായുള്ള അഭിമുഖത്തിൽ നിന്നുള്ള ഭാഗം. ഹാഥറസിലേക്കുള്ള യാത്ര...
Your Subscription Supports Independent Journalism
View Plansഹാഥറസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കണ്ട് വാർത്ത ശേഖരണത്തിന് പോകവെയാണ് മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ അറസ്റ്റിലാവുന്നത്. രണ്ടുവർഷത്തെ ജയിൽജീവിതത്തിന് ശേഷം അടുത്തിടെയായിരുന്നു മോചനം. താൻ അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യവും അതിനുശേഷമുള്ള അനുഭവങ്ങളും മാധ്യമപ്രവർത്തന അവസ്ഥകളും അദ്ദേഹം വിശദമാക്കുന്നു. മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1312 പ്രസിദ്ധീകരിച്ച സിദ്ദീഖ് കാപ്പനുമായുള്ള അഭിമുഖത്തിൽ നിന്നുള്ള ഭാഗം.
ഹാഥറസിലേക്കുള്ള യാത്ര എങ്ങനെയായിരുന്നു?
യു.പി അതിർത്തിയിൽവെച്ചാണ് ഓൺലൈൻ കാബ് വഴി യാത്രക്കുള്ള വാഹനം ബുക്ക് ചെയ്തത്. എന്നാൽ അടുത്ത ദിവസം കാൻസൽ മെസേജ് വന്നു. ഹാഥറസിലേക്ക് പോകണോ എന്ന സംശയത്തിലായി കൂടെയുള്ളവർ. പോയേ തീരൂ എന്ന വാശിയിലായിരുന്നു ഞാൻ. ഒടുവിൽ ഒരു ഉൗബറിൽ ഞങ്ങൾ യാത്ര തുടർന്നു. യാദൃച്ഛികമാകാം ആ ഉൗബറിന്റെ ഡ്രൈവറും മുസ്ലിമായിരുന്നു. ഓൺലൈൻ വഴി വാർത്ത നൽകാൻ ലാപ്ടോപ് കൈയിൽ കരുതിയിരുന്നു. ഒരു മണിക്കൂറോളം യാത്ര ചെയ്തു കഴിഞ്ഞിട്ടുണ്ടാകും. ഒക്ടോബർ അഞ്ചിന് രാവിലെ 10.30ഓടെ മാണ്ഡ് എന്നസ്ഥലത്ത് വണ്ടിനിൽക്കുന്നു. ടോൾ കൊടുക്കാനായിരിക്കുമെന്ന് പിൻസീറ്റിലിരുന്ന ഞാൻ കരുതി. ഒരാൾ വന്ന് ചോദ്യംചെയ്യുന്നുണ്ട്. മസൂദും ഡ്രൈവറും അതീഖും മറുപടി പറയുന്നു. പൊലീസ് ഇവരുടെ മാസ്ക് ഒക്കെ നീക്കി പരിശോധിച്ചു. എന്നോടും ഐ.ഡി കാർഡ് ആവശ്യപ്പെട്ടു. അവർ ഉടനെ തിരിച്ചുപോയി. അൽപം കഴിഞ്ഞപ്പോൾ കുറച്ചുകൂടി പൊലീസുകാർ ഞങ്ങളുടെ അടുത്തേക്കു വന്നു. അവരുടെ സമീപനത്തിലും ചോദ്യംചെയ്യുന്ന രീതിയിലുമൊക്കെ മാറ്റമുണ്ടായിരുന്നു. വണ്ടിയിലെ ഡ്രൈവറെ പിടിച്ചുമാറ്റി അവരിലൊരാൾ നിയന്ത്രണം ഏറ്റെടുത്തു. ഡൽഹിയിലേക്ക് പോകേണ്ട വഴിയിലേക്ക് നിർത്തിയിട്ട് വണ്ടി ലോക്ക് ചെയ്തു. അവർ നിരന്തരം ഫോണിൽ സംസാരിക്കുന്നുണ്ട്. ഞങ്ങൾ കാര്യമന്വേഷിച്ചപ്പോൾ മുകളിൽനിന്ന് ഒരു വിളി വരാനുണ്ട്, അതുകഴിഞ്ഞ് നിങ്ങളെ വിട്ടേക്കാമെന്ന് പറഞ്ഞു.
അരമണിക്കൂറിലേറെ അങ്ങനെ റോഡിൽ വണ്ടിയിൽ ഇരുന്നിട്ടുണ്ടാകും. കുറച്ചു കഴിഞ്ഞപ്പോൾ പൊലീസ് എയ്ഡ് പോസ്റ്റിൽ ചോദ്യം ചെയ്യാനായി ഇറങ്ങാൻ പറഞ്ഞു. സാധാരണ നടപടിക്രമത്തിന്റെ ഭാഗമാണെന്നു മാത്രമാണ് ഞങ്ങൾ കരുതിയത്. ഇതുപോലുള്ള സ്ഥലങ്ങളിൽ സ്വാഭാവികമാണിതെല്ലാം. നാട്ടിലൊക്കെയുള്ള ഒരു പൊലീസ് സ്റ്റേഷന്റെ സൗകര്യമുള്ള എയ്ഡ് പോസ്റ്റായിരുന്നു അത്. ഞങ്ങൾ നാലുപേരും അതിനുള്ളിൽ ഇരുന്നു. വൈകീട്ട് ആറുമണി വരെ അവിടെ ഇരുത്തി. അതിനിടക്ക് ഫോണും ലാപ്ടോപ്പും അടക്കം അവർ വാങ്ങിവെച്ചു. ആറരയോടെ കുറച്ചുപേർ സ്റ്റേഷനിലെത്തി സിദ്ദീഖ് കാപ്പൻ ആരാണ് എന്ന് ചോദിച്ചു. അവരെന്നെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. എന്റെ മൊബൈൽ പരിശോധിക്കാൻ തുടങ്ങി.
എങ്ങനെയായിരുന്നു ചോദ്യംചെയ്യൽ? ട്രാപ്ഡ് ആണെന്ന് തോന്നിയില്ലേ?
വളരെ മോശമായിരുന്നു ചോദ്യംചെയ്യൽ. നീ പാകിസ്താനിൽ പോയിരുന്നോ എന്നും സാകിർ നായിക്കിനെ കണ്ടിരുന്നോ എന്നൊക്കെയായിരുന്നു ചോദ്യം. ബീഫ് കഴിക്കുന്നതിനെ കുറിച്ചും ജാമിഅയിൽ പഠിച്ചത് എന്തിനാണെന്നുമൊക്കെ ചോദിച്ചു. ചോദ്യംചെയ്യലിനിടെ മുഖത്തടിക്കാൻ തുടങ്ങി. യൂനിഫോമൊന്നും ധരിച്ചിരുന്നില്ല അവർ. പൊലീസുകാരാണെന്നൊന്നും ഞങ്ങളോട് പറഞ്ഞിരുന്നില്ല.
ഏഴുമണിക്കു ശേഷം അവർ പോയി മറ്റൊരു സംഘം വന്നു. എന്റെ ലാപ്ടോപ് പരിശോധിച്ചായിരുന്നു ചോദ്യംചെയ്യൽ. വെറും നിലത്ത് ചമ്രം പടിഞ്ഞിരിക്കുകയായിരുന്നു ഞാൻ. ചോദ്യംചെയ്യലിനു ശേഷം അവർ പോയി. രാത്രി മുഴുവൻ ഓരോ ഏജൻസികൾ വന്നു. കൂടെയുണ്ടായിരുന്ന മറ്റുള്ളവരോടു ചോദ്യങ്ങളൊന്നുമില്ല. കേരളത്തിൽനിന്നുള്ള പത്രപ്രവർത്തകൻ എവിടെ എന്നായിരുന്നു അവരുടെ പ്രധാന ചോദ്യം. ഞങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. തുടക്കത്തിൽ പോപുലർ ഫ്രണ്ടിനെ കുറിച്ചൊന്നും ആരും ചോദിച്ചിരുന്നില്ല.

യു.പി പൊലീസ് മഥുര കോടതിയിൽ ഹാജരാക്കാനായി കൊണ്ടുവന്നപ്പോൾ താൻ നേരിടുന്ന നീതിനിഷേധത്തെക്കുറിച്ച് സിദ്ദീഖ് കാപ്പൻ സംസാരിക്കുന്നു
ജെ.എൻ.യു, ഡി.എസ്.യു, ഭീമ കൊറേഗാവ് എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു പിന്നീട് ചോദ്യങ്ങൾ. അതിനൊക്കെ ശേഷമാണ് പോപുലർ ഫ്രണ്ട് സെക്രട്ടറി ആണ് എന്നു പറഞ്ഞ് എനിക്കെതിരെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം കൊടുക്കുന്നത്. പത്രങ്ങളിലൂടെയാണ് അക്കഥകളൊക്കെ ഞാനറിയുന്നത്. കേരളത്തിൽനിന്നുള്ള ഏത് എം.പിയാണ് ഹാഥറസിലേക്ക് അയച്ചത് എന്നുവരെ ചോദിച്ചിട്ടുണ്ട്.
അപ്പോഴും അപകടത്തിലാണ് എന്നു തോന്നിയില്ലേ?
ചോദ്യംചെയ്യൽ പിറ്റേന്ന് രാവിലെ ഏഴുമണി വരെ നീണ്ടു. ചിലർ പല രീതിയിലുള്ള ഫോട്ടോകളുമെടുക്കുന്നുണ്ട്. ഉറങ്ങാൻപോലും അനുവദിക്കാതെയായിരുന്നു ചോദ്യംചെയ്യൽ. ബാപ്പയുടെ പേര്, ഉമ്മയുടെ പേര്, ഭാര്യയുടെ പേര്, എത്ര മക്കൾ... എന്നിങ്ങനെ നീണ്ടു അത്. കുടുംബത്തിന്റെ ഫുൾ ബയോഡേറ്റ അവർ ചോദിച്ചറിഞ്ഞു. പിറ്റേന്ന് ബി.ജെ.പിയുടെ കൊടിയുള്ള വണ്ടിയിൽ കൊണ്ടുപോയപ്പോഴാണ് കാര്യങ്ങൾ കുഴപ്പത്തിലേക്കാണ് എന്ന് മനസ്സിലാകുന്നത്. ഡ്രൈവർ സിവിൽ ഡ്രസിലായിരുന്നു. എയ്ഡ് പോസ്റ്റിന്റെ ഇൻചാർജ് ആയിരുന്നു അയാൾ. വണ്ടിയിലുണ്ടായിരുന്ന രണ്ടു പൊലീസുകാരും സിവിൽ ഡ്രസിലായിരുന്നു. വിജനമായ പ്രദേശത്തൂടെയാണ് അമിത വേഗതയിലാണ് വണ്ടി സഞ്ചരിച്ചത്. മനസ്സിൽ ആധി പെരുകി. ഞങ്ങളുടെ കൈകൾ കൂട്ടിക്കെട്ടിയിട്ടുണ്ട്.
വൃത്തിഹീനമായ ഒഴിഞ്ഞ കെട്ടിടത്തിന്റെ മുന്നിലെത്തിയപ്പോൾ വണ്ടി നിർത്തി. സബ് ഡിവിഷൻ മജിസ്ട്രേറ്റിന്റെ വസതിയും ഓഫിസുമുൾപ്പെടെയുള്ള സ്ഥലമായിരുന്നു അത്. ചെറിയ കേസാണെന്നും ആരെങ്കിലും വന്നാൽ വിട്ടയക്കാമെന്നും മജിസ്ട്രേറ്റ് ഞങ്ങളോട് പറഞ്ഞു. ഞങ്ങളുടെ വീടും മറ്റു കാര്യങ്ങളുമൊക്കെ അദ്ദേഹം വിശദമായി ചോദിച്ചു. കോടതിക്കു പുറത്തേക്ക് കൊണ്ടുവന്നപ്പോൾ വണ്ടിയുടെ ബോണറ്റിൽ വെള്ള പേപ്പറിൽ ഒപ്പിടാൻ പറഞ്ഞു. ഒരുപാട് നിർബന്ധിച്ചപ്പോൾ ഞങ്ങളതിൽ വ്യാജ ഒപ്പിട്ടു. വീണ്ടും വണ്ടിയിൽ കയറ്റി എങ്ങോട്ടോ കൊണ്ടുപോയി.
ആരെങ്കിലും ഒറ്റുകൊടുത്തതാണെന്ന് തോന്നുന്നുണ്ടോ?
അറസ്റ്റ് ചെയ്തത് ആരെങ്കിലും ഒറ്റുകൊടുത്തതിന്റെ പേരിലാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഹാഥറസിലേക്ക് പോകുന്നു എന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാകും അറസ്റ്റ്. അറസ്റ്റിലായതിനു ശേഷം അന്വേഷണ ഏജൻസികളെ ചിലർ സഹായിച്ചിട്ടുണ്ട് എന്ന് തോന്നിയിട്ടുണ്ട്. ചില വ്യക്തിവൈരാഗ്യത്തിന്റെ പേരിലായിരിക്കാം അത്. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ‘ഏഷ്യാനെറ്റി’നും ‘മീഡിയവണി’നും വിലക്കേർപ്പെടുത്തിയപ്പോൾ കെ.യു.ഡബ്ല്യു.ജെ ഡൽഹി സെക്രട്ടറി എന്ന നിലയിൽ പ്രതിഷേധം നടത്തിയിരുന്നു. അതുപോലെ കേരള ഹൗസിലെ ബീഫ് വിവാദം, ഗൗരി ലങ്കേഷിന്റെ മരണം എന്നിവയിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. അന്നേ ഡൽഹി പൊലീസ് നോട്ടമിട്ടിട്ടുണ്ടാകാം. കേരളത്തിൽനിന്നുള്ള മുസ്ലിം കൂടിയാവുമ്പോൾ കഥകളുണ്ടാക്കാൻ എളുപ്പമാണ്.
അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാൻ - ‘അവർ രാജ്യം ഭരിക്കുമ്പോൾ തീവ്രവാദിയാകുന്നത് അഭിമാനമാണ്’

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.